പഴശ്ശിരാജ എന്ന സിനിമ നിരാശ തോന്നിക്കാത്ത ഒരു സാധാരണ മലയാള ചിത്രം മാത്രമാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളെ വിളിച്ചു കൊണ്ടു പോയി കയ്യില്‍ രണ്ടു പോപ്‍കോണ്‍ പാക്കറ്റും പത്തുമുപ്പത് നിരാശ തോന്നിക്കാത്ത സാധാരണ മലയാള ചിത്രങ്ങളുടെ സിഡികളും കൊടുത്ത് ’ഒന്നൊന്നായി കണ്ടു തീര്‍ക്കൂ ചേട്ടാ’ എന്നു പറയാന്‍ ഒരു സാധാരണ സിനിമാസ്വാദകനെന്ന നിലയിലുള്ള എന്‍റെ അവകാശം ഞാനിന്ന്, ഇവിടെ വിനിയോഗിക്കുന്നു. ഒരു നിരൂപകന്‍റെ റോളില്‍ മസിലു പിടിച്ചിരുന്ന് സിനിമ കാണാന്‍ ഞാനിതു വരെ ശ്രമിച്ചിട്ടില്ല. ഒരു ആസ്വാദകനെന്ന നിലയില്‍ ചിലവഴിച്ച മൂന്നു മണിക്കൂറിനും ഇരുന്നൂറു രൂപക്കും ഇരട്ടി പ്രതിഫലം കിട്ടിയ സംതൃപ്തിയോടെ തിയേറ്റര്‍ വിട്ടിറങ്ങി വന്ന്, ദാ ഇവിടെ ഇരിക്കുമ്പോള്‍ ഇത്രയെങ്കിലും എഴുതിയിട്ടില്ലെങ്കില്‍ എനിക്ക് ഒരു മനസ്സമാധാനവും കിട്ടില്ല.
പഴശ്ശിരാജ മലയാള സിനിമാചരിത്രത്തിലേക്ക് ചേര്‍ക്കപ്പെടേണ്ട ഒരു ഏട് തന്നെയാണ്. സിനിമാസ്വാദകര്‍ക്ക് വ്യത്യസ്ത അഭിരുചികളുണ്ടാവും. പക്ഷേ, പഴശ്ശിരാജ ഒരു ആവറേജ് സിനിമ മാത്രമാണ് എന്ന് ഏതെങ്കിലും ആസ്വാദകന്‍ വിലയിരുത്തുകയാണെങ്കില്‍ അത് അഭിരുചിയുടെ മാത്രം പ്രശ്നമല്ല, വൈകല്യം ബാധിച്ച വീക്ഷണത്തിന്‍റെ കൂടി പ്രശ്നമാണ്. ഇത്ര മികച്ച ദൃശ്യവിരുന്നൊരുക്കിയ പടത്തിന്‍റെ പിന്നണിപ്പടയാളികള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഐ എന്‍ജോയ്‍ഡ് എവരി മൊമെന്‍റ്.
ചരിത്രത്തിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇത്ര മികച്ച ഒരു തിരക്കഥ തയ്യാറാക്കിയതിന് എം ടി വാസുദേവന്‍ നായര്‍ക്ക് ഒരു പ്രത്യേക അഭിനന്ദനം. നാടകീയമായ വികാരപ്രകടനങ്ങള്‍ വിപുലീകരിക്കാന്‍ പല സാധ്യതകള്‍ കഥാതന്തുവിലുണ്ടെങ്കില്‍പ്പോലും മികച്ച നിയന്ത്രണത്തോടെ ആറ്റിക്കുറുക്കിയെടുത്ത സംഭാഷണങ്ങളാണ് സിനിമയിലുടനീളം.
ആദ്യത്തെ പത്തുപതിനഞ്ചു മിനിറ്റ് അല്പം വലിയുന്നതായി തോന്നി. പ്രധാനകാരണം മോണോട്ടോണസ് ഡയലോഗ് ഡെലിവറി. അല്പം ശബ്ദ-ഭാവ വ്യതിയാനങ്ങള്‍ വരുത്തി കുറച്ചു കൂടി ഭംഗിയാക്കാമായിരുന്നു എന്നു തോന്നി. പക്ഷേ, പിന്നീടങ്ങോട്ട് പ്രതീക്ഷിക്കാത്ത തരത്തിലുള്ള രംഗങ്ങളുടെ പ്രളയമായിരുന്നു.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇടക്കിടെ മെല്‍ ഗിബ്സന്‍റെ അപ്പോക്കാലിപ്‍റ്റോ ഇടക്കിടെ ഓര്‍മ്മ വന്നു. പച്ചപ്പും കുതിരയും ഓട്ടവുമൊക്കെ ഒരുമിച്ചു വന്നതുകൊണ്ടാവാം. കാട്ടില്‍ വച്ചുള്ള ചില സീന്‍സ് ഞാനിന്നു വരെ ഒരു ഇന്ത്യന്‍ സിനിമയിലും കണ്ടിട്ടില്ലാത്തത്ര മനോഹരമാണ്. ഫൈറ്റ് സീനുകളിലെ പറക്കല്‍ കുറച്ചൂടെ മികച്ചതാക്കാമായിരുന്നു. അതിനു കഴിയാഞ്ഞ സ്ഥിതിക്ക് ഒഴിവാക്കുകയെങ്കിലും ചെയ്യാമായിരുന്നു.
മമ്മൂട്ടി എന്ന നടന്‍റെ കാലം കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍. കഴിഞ്ഞ കുറേ കൊല്ലമായി ആകെക്കൂടെ ഒരു ഒരേ കടലില്‍ മാത്രമാണ് അങ്ങേര്‍ ഒരു കഥാപാത്രമായി മാറിയത്. സീരിയസ് റോളുകളില്‍ ഏതാണ്ട് കോച്ചുവാതം വന്ന മനുഷ്യനെപ്പോലെ ചുണ്ടു പകുതി മാത്രം പൊക്കി സംസാരിച്ചും പട്ടണത്തില്‍ ഭൂതം പോലുള്ള ഭീകര കോമഡികളില്‍ സുരാജ് വെഞ്ഞാറയെപ്പോലെ കോമാളി കളിച്ചും നടന്ന മമ്മൂട്ടിയെ കണ്ട് മൂക്കത്ത് വിരലു വക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ഇങ്ങോര്‍ ഇതെല്ലാം പോക്കറ്റിലിട്ടോണ്ടു നടന്നത് ഈ ഫിലിമിനു വേണ്ടിയാണെന്നു തന്നെ തോന്നുന്നു. വളരെ നിയന്ത്രിതമായ അഭിനയം. പഴശ്ശിയെ ആദ്യമായി കയറ്റി വിടുന്നിടത്തു തൊട്ട് അവസാനം വരെ വളരെ നാച്വറലായ അഭിനയത്തിലൂടെ മമ്മൂട്ടി തന്‍റെ താരശോഭയുടെ പകിട്ടു തിരിച്ചു പിടിക്കുകയാണ്. ഒറ്റക്കുള്ള ആ ഫൈറ്റ് കിടിലനായിരുന്നു, ഇടക്കുള്ള ഹൈജമ്പ് ഒഴിച്ചാല്‍.
എടച്ചേന കുങ്കനായി വന്ന ശരത് കുമാറും വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പ്രേക്ഷകരുടെ കയ്യടി നോക്കി അഭിനയത്തിനു മാര്‍ക്കിട്ട ചിലര്‍ മമ്മൂട്ടിയെക്കാള്‍ ശരത് കുമാര്‍ നന്നായി എന്നു പറയും, ഞാന്‍ സമ്മതിച്ചു തരില്ല. പക്ഷേ, ശരത് കുമാറിനു വേണ്ടി ശബ്ദം കൊടുത്തതാരായാലും (അങ്ങേര്‍ തന്നെയാണോ?) കിടിലന്‍. കഥാപാത്രത്തിന്‍റെ ആത്മാവറിഞ്ഞ ഡബ്ബിംഗ്. മനോജ് കെ ജയന്‍ നന്നായി, പക്ഷേ, തന്‍റെ തന്നെ സ്ഥിരം ഭാവങ്ങളിലൊതുങ്ങിപ്പോയി.
പത്മപ്രിയ ഇനി മുതല്‍ എന്‍റെ ഫേവറിറ്റ് മലയാള നടിയായിരിക്കും. ആദ്യമായാണ് ഒരു സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അതിലെ ഒരു നടിയോട് പ്രേമം തോന്നുന്നത്. തോന്നി, സത്യം. ഈ സിനിമയില്‍ നിന്ന് എന്തെങ്കിലും ഒഴിവാക്കാന്‍ എനിക്കൊരവസരം തന്നിരുന്നെങ്കില്‍ കനിഹയെയും ആ ബ്രിട്ടീഷുകാരി പെണ്ണിനെയും ഞാന്‍ നിര്‍ദ്ദാക്ഷിണ്യം തട്ടിയേനെ. ആ റോളുകള്‍ തന്നെ അനാവശ്യമാണെന്ന തോന്നലുകള്‍ അടിവരയിട്ടുറപ്പിച്ച കരയിക്കുന്ന പ്രകടനം. ആ ചുണ്ടൊക്കെ വിതുമ്പുന്നതു കണ്ടാല്‍, എന്റമ്മോ.
യുദ്ധരംഗങ്ങളും മല്ലയുദ്ധങ്ങളുമൊക്കെ കിടിലന്‍ സ്റ്റൈലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍റെ കയ്യടക്കം ഗംഭീരം. സുരേഷ് കൃഷ്ണയുടെ അഭിനയം പോലും ഇത്രക്ക് കണ്‍ട്രോളില്‍ വരാന്‍ കാരണം ഹരിഹരന്‍റെ മിടുക്കാണെന്നേ ഞാന്‍ പറയൂ. അനാവശ്യരംഗങ്ങള്‍ ചേര്‍ത്ത് ഒരുപാടു കൊഴുപ്പിക്കാമായിരുന്ന ഒരു കഥ വേണ്ടിടത്തു വേണ്ട രംഗങ്ങള്‍ മാത്രം നിലനിര്‍ത്തി കര്‍ശന നിയന്ത്രണത്തോടെ ചിത്രീകരിച്ചതിന്‍റെ ക്രെഡിറ്റ് സംവിധായകന് സ്വന്തം.
ഞാന്‍ ഇംഗ്ലീഷ് സിനിമകള്‍ ധാരാളം കാണാറുണ്ട്. ബെന്‍ഹര്‍ എന്ന പടത്തെപ്പറ്റി ആദ്യമായി കേള്‍ക്കുന്നത് പിജിക്കു പഠിക്കുമ്പോ ഫിലിം ജേര്‍ണലിസം പേപ്പറിലാണ്. ഉടനെ സീഡിയെടുത്തു കണ്ടു. ഇടക്കൊക്കെ അല്പം ബോറടിച്ചെങ്കിലും കണ്ടു തീര്‍ത്തു. രഥയോട്ടങ്ങളൊക്കെ ഗംഭീരമായിരുന്നു. ആ പടമിറങ്ങിയ വര്‍ഷം 1959. ഞാന്‍ കാണുന്ന വര്‍ഷം 2004. അതിനിടെ അതിലും മികച്ച കുറേ കിടിലന്‍ വേള്‍ഡ് സിനിമകള്‍ കണ്ടു കഴിഞ്ഞിരുന്നതു കൊണ്ട് എനിക്ക് വലിയ സംഭവമായി തോന്നിയില്ല. ഇറങ്ങിയ കാലത്ത് പക്ഷേ അതൊരു സംഭവം തന്നെയായിരുന്നു. എനിക്ക് പഴശ്ശിരാജ ബെന്‍ഹറിനെക്കാളും ഇഷ്ടപ്പെട്ടു.
വില്യം വാലസിന്‍റെ വാള്‍ ഭൂമിയില്‍ കുത്തിനിര്‍ത്തി വാലസ് വാലസ് വിളികളോടെ യുദ്ധം തുടര്‍ന്ന ഗിബ്സന്റെ തന്നെ ബ്രേവ് ഹാര്‍ട്ട് തരിച്ചിരുന്നു കൊണ്ടാണ് കണ്ടത്. അഞ്ചടിപ്പൊക്കമുള്ള റസ്സല്‍ക്രോ മാക്സിമസ് ആയി വന്ന് മാക്സിമം പെര്‍ഫോമന്‍സ് നടത്തിയ ഗ്ലാഡിയേറ്ററിലെ ഡയലോഗുകള്‍ വരെ ഇന്നും മനസ്സിലുണ്ട്. അതുപോലെ ഗിബ്സണ്‍ ലീഡ് റോള്‍ ചെയ്ത പേട്രിയറ്റ്. അങ്ങനെ ഒരുപാടു പടങ്ങള്‍. അത്രക്കൊന്നും പറയാനില്ലെങ്കിലും ഏതാണ്ട് അതിനോടു ചേരുന്ന ഒരേയൊരു മലയാള അനുഭവമാണ് എനിക്ക് കേരളവര്‍മ്മ പഴശ്ശിരാജ.
പറയാന്‍ വിട്ടു പോയ ഒരു കാര്യം കൂടെ. ഞാന്‍ ചരിത്രം അറിയാന്‍ പുസ്തകം വായിക്കാറാണ് പതിവ്. സിനിമ കാണാറില്ല. സിനിമ കണ്ട് താല്പര്യം തോന്നി ചില ചരിത്രങ്ങള്‍ വായിച്ചറിഞ്ഞിട്ടുണ്ടെന്നതും സത്യം.
മലയാളത്തില്‍ ഇനിയും ഇതുപോലെ വലിയ തുക മുടക്കിയുള്ള നല്ല സിനിമകളുണ്ടാവാന്‍, അതിനു വേണ്ടിയെങ്കിലും, എല്ലാ മലയാളികളും കേരളവര്‍മ്മ പഴശ്ശിരാജ തിയേറ്ററുകളില്‍ പോയിത്തന്നെ കാണണം. പ്ലീസ്!
Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts
Saturday, October 24, 2009
Subscribe to:
Posts (Atom)
