Showing posts with label ബ്ലോഗ്. Show all posts
Showing posts with label ബ്ലോഗ്. Show all posts

Thursday, October 8, 2009

എന്തുകൊണ്ട് നിങ്ങള്‍ ഇരുട്ടിനെപ്പറ്റി മാത്രം സംസാരിക്കുന്നു?

"എന്തുകൊണ്ട് നിങ്ങള്‍ ഇരുട്ടിനെപ്പറ്റി മാത്രം സംസാരിക്കുന്നു?"

നേരില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം കിട്ടിയാല്‍ പലരോടും വിളിച്ചു ചോദിക്കണമെന്ന് തോന്നിയ ഒരു ചോദ്യമാണ് മുകളില്‍ കുറിച്ചിട്ടിരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2009 ഒക്ടോബര്‍ 11-17, ലക്കം 31) ബി എസ് ബിനിമിത് എഴുതിയ ’ഒന്നും സ്വകാര്യമല്ലാത്ത ലോകം’ എന്ന ലേഖനം വായിച്ചപ്പോളും മനസ്സില്‍ തോന്നിയത് ഇതേ ചോദ്യമാണ്.

"വെളിച്ചത്തെക്കുറിച്ച് നിങ്ങള്‍ക്കറിവുള്ളതല്ലേ?" എന്ന മറുചോദ്യത്തോടെ മുകളിലെ ചോദ്യത്തെ നേരിടാം. ഇരുട്ടിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അവതരിപ്പിക്കപ്പെടുന്നത് വെളിച്ചത്തെക്കുറിച്ച് അറിവില്ലാത്ത ഒരു സമൂഹത്തിനു മുന്നിലാവുമ്പോള്‍ മറുചോദ്യം അപ്രസക്തമാവുകയാണ്.

സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളുടെയും മറ്റും മേന്മകള്‍ ഒന്നൊന്നായി അക്കമിട്ടു നിരത്തി പ്രസ്തുതലേഖനത്തിലെ വിലയിരുത്തലുകളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ചില താരതമ്യങ്ങളിലൂടെ ബോദ്ധ്യപ്പെടാവുന്ന കാര്യങ്ങള്‍ക്കപ്പുറം പ്രസ്തുത ലേഖനം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും തോന്നുന്നില്ല. സമകാലികര്‍ക്ക് കാര്യമത്രപ്രസക്തമായ നിരവധി അറിവുകള്‍ ഭൂരിപക്ഷത്തിനും പകര്‍ന്നു നല്കുന്ന ഒരു മികച്ച ലേഖനം തന്നെയാണത്. ഈ സംരംഭത്തിന് ലേഖകനെ മനസ്സറിഞ്ഞ് അഭിനന്ദിക്കുമ്പോള്‍ത്തന്നെ ലേഖനത്തിലുടനീളം സ്വീകരിച്ചിരിക്കുന്ന വിമര്‍ശനാത്മക സമീപനം (Critical Approach) ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു.

മാധ്യമസ്വാതന്ത്ര്യവും ബ്ലോഗും തമ്മിലെന്താണ്?

പ്രാഥമികവിദ്യാഭാസകാലം മുതല്‍ക്കിങ്ങോട്ട് വര്‍ഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നതും അവസരത്തിലും അനവസരത്തിലുമെല്ലാം മാധ്യമങ്ങളും നേതാക്കളുമെല്ലാം പലവുരു എടുത്തു പയറ്റി വിലയിട്ടതുമായ ഒരു വാക്കാണ് മാധ്യമസ്വാതന്ത്ര്യം എന്നത്. എന്താണ് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം എന്നു ചോദിച്ചാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (a) (Right to freedom of speech and expression) യും ഇന്ത്യന്‍ വിവരാവകാശനിയമവും (Right to Information Act, 2005) ഏതൊരു ഇന്ത്യന്‍ പൗരനും പതിച്ചു നല്കിയിട്ടുള്ള അവകാശങ്ങളില്‍ കവിഞ്ഞ് ഒന്നും തന്നെയല്ല എന്നു പറയാം. എന്നു വച്ചാല്‍ എനിക്കും നിങ്ങള്‍ക്കും ഉള്ളതില്‍പ്പരം ഒരു ആവിഷ്കാര-വിവരാവകാശ സ്വാതന്ത്ര്യവും ഒരു മാധ്യമത്തിനും ഒരു മാധ്യമപ്രവര്‍ത്തകനും പ്രത്യേകമായി അവകാശപ്പെടാനില്ല എന്നു തന്നെയാണര്‍ത്ഥം. വിശദീകരണമാഗ്രഹിക്കുന്നവര്‍ക്ക് ഭരണഘടനയെടുത്ത് മറിച്ചു നോക്കുകയോ നിയമവിദഗ്ദരുമായി ബന്ധപ്പെടുകയോ ചെയ്യാം.

ആ അര്‍ത്ഥത്തില്‍ ബ്ലോഗ് ഉപയോഗിക്കുന്നവനും ട്വിറ്റര്‍ ഉപയോഗിക്കുന്നവനും ഓര്‍കുട്ടോ സ്പേസ്‍ബുക്കോ മൈസ്പേസോ ഉപയോഗിക്കുന്നവനുമെല്ലാം ’മാധ്യമപ്രവര്‍ത്തകര്‍’ തന്നെയാണ്. വിവരാവകാശനിയമത്തിലൂടെയും അല്ലാതെയും തനിക്കു കിട്ടിയ വിവരങ്ങള്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ (media) പങ്കുവക്കുന്നവര്‍. (എന്നു വച്ച് പിണറായി മാധ്യമപ്രവര്‍ത്തകരെ കുറ്റം പറയുമ്പോള്‍ നമ്മള്‍ കല്ലെറിയാന്‍ പോവേണ്ട കാര്യമില്ല ;-). ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മേല്‍ ആരോപിക്കാവുന്ന ഒരു പ്രധാന വ്യത്യസ്ത സ്വഭാവം ഒരു പക്ഷേ വ്യക്തമായ geographical boundaries ഇല്ല എന്നതായിരിക്കും.

അപകീര്‍ത്തി കേസുകളെക്കുറിച്ച്...

മൂന്നു പേര്‍ കൂടുന്നിടത്ത് ഒരാള്‍ മറ്റൊരാളോട് പറയുന്ന ഒരു കാര്യം അയാളുടെ സാമൂഹ്യപരിവേഷത്തിന് കോട്ടം തട്ടിക്കുന്നതാണ് എന്ന് മൂന്നാമന് തോന്നുകയാണെങ്കില്‍ അപകീര്‍ത്തിക്കേസിന് വകുപ്പുണ്ട് എന്നു ലളിതമായി പറയാം. ഈ യുക്തി മനുഷ്യര്‍ക്കും മുഖ്യധാരാമാധ്യമങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും മറ്റു സൈറ്റുകള്‍ക്കുമെല്ലാം ഒരു പോലെ ബാധകം തന്നെ. പ്രധാന പ്രതിവാദം പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുകയാണ്. ഉണ്ടെന്ന് കോടതിക്ക് ബോധ്യമായാല്‍ തടി കേടാകാതെ ഇറങ്ങിപ്പോരാം. ഇതും ഇപ്പറഞ്ഞ എല്ലാ ഗ്രൂപ്പുകള്‍ക്കും ഒരുപോലെ ബാധകമാണ്.

മാധ്യമങ്ങളും കലകാരന്മാരും സമുന്നതജനകീയനേതാക്കന്മാരും സാമാന്യജനങ്ങളുമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്കും തന്താങ്ങള്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ പുലിവാലും ശേഷം വക്കീലിന്‍റെ ഗൗണ്‍വാലുമെല്ലാം പിടിക്കേണ്ടി വന്നിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങള്‍ ഇടപെടുന്ന ഓണ്‍ലൈന്‍ സമൂഹത്തില്‍ സ്വഭാവികമായും ഇത്തരം പ്രവണതകള്‍ ഉണ്ടാവേണ്ടതു തന്നെയാണ്. അതിനെ അപവാദമായി പൊക്കിപ്പിടിച്ചു പറയുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ പിശക്. അത് അപവാദമല്ല, മറിച്ച് സാമാന്യമാണ്.

ബ്ലോഗ് എങ്ങനെയാണ് സ്വതന്ത്രമാധ്യമമാവുന്നത്?

സ്വതന്ത്രമാധ്യമമെന്നും സിറ്റിസണ്‍ ജേണലിസമെന്നും ബ്ലോഗിനു കല്പിച്ചു നല്കിയ പദവിക്കെതിരെ ചില കോടതിവിധികള്‍ ചോദ്യം ഉയര്‍ത്തുന്നു എന്നു ലേഖകന്‍ പറയുന്നു. പലതവണ പലരും പറഞ്ഞു പഴകിയ കാര്യമാണെങ്കിലും വീണ്ടും വിളിച്ചു പറയേണ്ടി വരുന്നതില്‍ ഖേദം. ബ്ലോഗ് സ്വതന്ത്രമാധ്യമമാവുന്നത് എന്തും അതിലൂടെ വിളിച്ചു പറയാം എന്നതു കൊണ്ടല്ല. സ്വന്തം യുക്തിക്കു ബോധ്യമാവുന കാര്യങ്ങള്‍ മറ്റുള്ളവരുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാവാതെ പൊതുജനസമക്ഷം ഉയര്‍ത്താം എന്നതുകൊണ്ടാണ്. അതായത്, എന്‍റെ ലേഖനം എത്രതന്നെ മഹത്തരമെങ്കിലും മാതൃഭൂമിയുടെ ലിഖിതവും അലിഖിതവുമായ നയങ്ങളോടു ചേര്‍ന്നു പോകുന്നില്ലെങ്കില്‍ അത് എനിക്ക് മറ്റൊരിടത്ത് പ്രസിദ്ധീകരിക്കേണ്ടി വരും. എല്ലാവരും കയ്യൊഴിഞ്ഞ് സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങാന്‍ തുട്ടില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍, എനിക്കാവശ്യമുള്ള മറ്റൊരിടമായി മാറുകയാണ് ബ്ലോഗ്. ഇങ്ങനെയുള്ള ചില കാര്യങ്ങളാണ് സ്വാതന്ത്ര്യം എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അല്ലാതെ എന്തും എഴുതുവാനുള്ള ലൈസന്‍സ് അല്ല.

മലയാളം ബ്ലോഗുകള്‍ ഇനിയുമൊരുപാട് വളരാനുണ്ടെന്ന ലേഖകന്‍റെ വാദം തീര്‍ത്തും അംഗീകരിക്കുന്നു. സമയം ആവശ്യമുള്ള ഒരു പ്രതിഭാസമാണ് വളര്‍ച്ച, നെറ്റിലും ജീവിതത്തിലുമെല്ലാം. അതേ സമയം നിത്യജീവിതത്തിലെന്ന പോലെ അനൗപചാരികമായ ഒരു ഇടപെടല്‍ ബ്ലോഗില്‍ കാണുമ്പോള്‍ അതിനെ ’ഗൗരവമില്ലായ്മ’ എന്നു വിളിക്കുന്നത് അബദ്ധമാണെന്ന് തോന്നുന്നു. മുഖ്യധാരാമാധ്യമങ്ങളില്‍ നിന്ന് വേര്‍പെട്ട് ഒരു കമ്യൂണിറ്റി സ്പേസ് കൂടിയാണ് ബ്ലോഗ്. അതിന്‍റെ ഒരു സ്വാഭാവിക പ്രതിഫലനം മാത്രമാണ് ഈ അനൗപചാരികത, അല്ലെങ്കില്‍, ലേഖകന്‍ പറയുന്ന ഗൗരവമില്ലായ്മ. അതു തന്നെയാനിതിന്‍റെ പ്രത്യേകതയും.

നൂറു ശതമാനം ഗൗരവമേറിയ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന എത്ര മാധ്യമങ്ങളുണ്ടിവിടെ? ദൃശ്യമാധ്യമങ്ങളില്‍ കൂടിയ പങ്കും എന്‍റര്‍ടെയ്‍ന്‍മെന്‍റ് ചാനലുകളാണ്. വാര്‍ത്താചാനലുകളും മറ്റു ഗൗരവവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചാനലുകളും പലപ്പോഴും സരസമായ ഉല്ലാസപ്പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. കാരണം ഉല്ലാസം മനുഷ്യന്‍റെ അത്യാവശ്യങ്ങളില്‍ ഒന്നാണ്. കച്ചവടങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ഉല്ലാസത്തിനും തമാശക്കും എന്തിന്, ലൈംഗികതക്കും വരെ എക്സ്‍ക്ലൂസിവ് മാസികകളും വാരികകളുമുണ്ട്. ഇതുപോലെ വിവിധമേഖലകളെ പ്രതിപാദിക്കുന്ന സൈറ്റുകളിലൂം ബ്ലോഗുകളിലും ’ഹ്യൂമന്‍ ഇന്‍ററസ്റ്റ്’ വിഷയങ്ങള്‍ അധികമായതിന് മറ്റൊരു ന്യായം തേടേണ്ട കാര്യമില്ല. ചിന്തയുള്‍പ്പെടെയുള്ള അഗ്രിഗേറ്ററുകള്‍ ബ്ലോഗുകളെ കാറ്റഗറൈസ് ചെയ്ത് കാണിക്കുന്നുമുണ്ട്. കൂടാതെ, ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള മുഖ്യധാരാ പത്രങ്ങള്‍ ഒന്നാംപേജില്‍ വിഡ്ഢിത്തങ്ങള്‍ വിളമ്പിയതിന് പല ഉദാഹരണങ്ങളും നമ്മുടെ കയ്യിലുണ്ട്. ബ്ലോഗിലെന്താ, ഇതെല്ലാം സംഭവിച്ചു കൂടേ?

ലേഖനത്തിന്‍റെ ടൈറ്റില്‍ മാറ്ററായ സ്വകാര്യതയുടെ കാര്യത്തിലേക്ക് വരാം. സാമ്പത്തിക ഇടപാടുകള്‍ ഒഴിച്ചുള്ള കാര്യങ്ങളില്‍ നിങ്ങള്‍ പുറത്തു വിടുന്ന സ്വകാര്യവിവരങ്ങള്‍ സത്യസന്ധമായിരിക്കണമെന്ന് ഒരു സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റും ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഒരു പക്ഷേ, എ മെയില്‍ ഐഡി വെരിഫിക്കേഷന്‍ ആവശ്യപ്പെടാം. നെറ്റ് എന്ന ലോകത്ത് നിങ്ങളുടെ പ്രധാന ഐഡെന്‍റിറ്റി ഒരു പക്ഷേ ഇ മെയില്‍ ഐഡി ആയിരിക്കും. മറ്റു വിവരങ്ങള്‍ ശരിയാണോ എന്ന് അന്വേഷിക്കാനോ സ്ഥീരീകരിക്കാനോ നിലവില്‍ സംവിധാനങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല എന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളില്‍ ഇടപെടുന്ന ഭൂരിപക്ഷം പേരും ഈ തിരിച്ചറിവോടു കൂടിത്തന്നെയാണ് ഇവിടങ്ങളില്‍ വിഹരിക്കുന്നത് എന്നു തന്നെയാണ് എന്‍റെ വിശ്വാസം. ’ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന തലക്കെട്ടിലെ ’ഒന്നും’ എന്ന വാക്കിനെ ന്യായീകരിക്കുന്ന ഒന്നും എനിക്കു ലേഖനത്തില്‍ വായിച്ചെടുക്കാനുമായില്ല.

സാമാന്യസാമൂഹ്യജീവിതത്തിലെന്ന പോലെ, കോടിക്കണക്കിന് ആളുകള്‍ ഇടപെടുന്ന സൈബര്‍സ്പേസില്‍ തട്ടിപ്പും വിഡ്ഢിത്തവും കുറ്റകൃത്യങ്ങളും കേസും ഉണ്ടാവുന്നത് സ്വാഭാവികം. പല കമ്യൂണിക്കേഷന്‍ കണ്‍സെപ്‍റ്റുകളെയും നൊടിയിടക്കുള്ളില്‍ വിപ്ലവാത്മകമായി മാറ്റിമറിച്ച ഒരു പ്രതിഭാസത്തിന്‍റെ ചില്ലറ പാര്‍ശ്വഫലങ്ങളെന്നതിലുപരി ഈ കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ പ്രാധാന്യം കല്പിക്കുന്നില്ല. എല്ലാം കുറ്റമറ്റതാവണമെങ്കില്‍ ആദ്യം സമൂഹം കുറ്റമറ്റതാവണം.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ വായനക്കാരില്‍ ഭൂരിഭാഗം പേരും ബ്ലോഗ്-സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് മേഖലകളില്‍ ഇടപെടുന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനുള്‍പ്പെടെയുള്ള അവരുടെ മക്കള്‍ തീര്‍ച്ചയായും അങ്ങനെയുള്ളവരാണെങ്കില്‍പ്പോലും. അതുകൊണ്ടു തന്നെ വളരെ മികച്ച റിസര്‍ച്ചുകള്‍ക്കു ശേഷം പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിച്ച സന്തോഷത്തോടെയും ഉടനീളം സ്വീകരിച്ച വിമര്‍ശനാത്മകസമീപനത്തോട് ഒട്ടൊരു പരിഭവത്തോടു കൂടെയും ഇതിവിടെ കുറിച്ചിടേണ്ടി വരുന്നു.

Wednesday, November 26, 2008

ബ്ലൗഗിക സത്യങ്ങള്

സ്ക്രീനില്‍ കാണുന്ന ഫോം പൂരിപ്പിക്കുകയാണ്.

Display Name
എന്നു കണ്ടപ്പോള്‍
കൈ വിറച്ചു,
ചെളിയെറിഞ്ഞു കളിയുടെ ഓടമണം
തികട്ടി വന്നു,

മലയാളം ബ്ലോഗ് തുടങ്ങാന്‍ പക്വത വന്നിട്ടില്ല!

Thursday, January 24, 2008

കുരങ്ങേഷും മംഗീഷയും



"ഹെലോ, ആരാ?"

"താനാരാ?"

"പപ്പൂസല്ലേ?"

"അതേല്ലോ!"

"എങ്കില്‍ താനാരാന്ന് ആദ്യം പറ!"

"ങേ...!!!???"

"തുംകൂര്‍ റോഡ്, നീലിമലക്കാട്... ഓര്‍ക്കുന്നോ!"

"ഓഹ്... കുരങ്ങേഷ്....?"

"ഹ ഹ, മറന്നില്ല അല്ലേ?

"മറക്കാനോ, ഹൌ കാന്‍ ഐ ഡിയര്‍ കുര...?"

"ചുരുക്കി വിളിക്കണ്ട, മുഴുപ്പേരു വിളി."

"ങ്ങേഷ്..."

"ഓകേ, ഒന്നു കാണണം"

"ദാ എത്തി..."

പപ്പൂസ് ഫോണ്‍ കീശയിലിട്ട് താഴേക്കിറങ്ങി. ബൈക്ക് എടുത്തു. വഴി നീളെ പോലീസുകാരുണ്ടാവാം. ഹെല്‍മെറ്റെടുത്തു വച്ചു. പാതി ദൂരം ചെന്നപ്പോളാണ് ഓര്‍ത്തത്. ഗ്ലാസ്സെടുത്തില്ല. പോട്ടെ, കുമ്പിളിലഡ്ജസ്റ്റു ചെയ്യാം. പപ്പൂസ് വണ്ടി വിട്ടു.

നീലിമലക്കാട്ടിലേക്കു കയറുന്ന വഴിയിലുള്ള അരുവി. തെളിഞ്ഞ വെള്ളം കണ്ട് പപ്പൂസിനു സന്തോഷമായി. അക്കരേക്കു നോക്കി പപ്പൂസ് ഉറക്കെ കൂവി.

"പൂയ്..യ്.....യ്........."

അപ്പുറത്തു നിന്നും പ്രതിധ്വനി കേട്ടു. പുറകേത്തന്നെ മരക്കൊമ്പുകള്‍ ചാടിച്ചാടി ട്രപ്പീസു കളിക്കുന്ന സര്‍ക്കസ്സുകാരെക്കാള്‍ വിദഗ്ദമായി കുരങ്ങേഷ് പറന്നു ലാന്‍ഡ് ചെയ്തു.

"ഹേയ് മാന്‍, ഹൌ ആര്‍ യൂ?"

കുരങ്ങേഷ് അഭിസംബോധന ചെയ്തു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു.

"ബാ, മരത്തിലേക്കു പോകാം!"

കുരങ്ങേഷ് വിളിച്ചു. ചെരിപ്പെല്ലാം ഊരിക്കളഞ്ഞ് പപ്പൂസ് ആഹ്ലാദത്തോടെ അരുവിയിലേക്ക് എടുത്തു ചാടി. മേലെല്ലാം നനച്ച് അരുവി കടന്ന് മരമുകളിലെത്തിയപ്പോഴേക്കും കുരങ്ങേഷ് പറന്നവിടെയെത്തിയിരുന്നു. പൊത്തിലൊളിപ്പിച്ചു വച്ച കുപ്പിയെടുത്ത് കുരങ്ങേഷ് അപ്പിടി വായിലേക്കു കമിഴ്‍ത്തി. പപ്പൂസിനതു കണ്ട് ആശ്ചര്യമായി. പപ്പൂസ് കുപ്പി പിടിച്ചു വാങ്ങി.

"നിനക്കെന്തു പറ്റി കുരങ്ങൂ? നീയിങ്ങനെയായിരുന്നില്ലല്ലോ!"

"ഒന്നും പറയേണ്ട പപ്പൂ... മംഗീഷയാണു കാരണം!"

"ശ്ശോ, അവള്‍ നിന്റെ ഭാര്യയല്ലേടാ? ദാമ്പത്യജീവിതത്തില്‍ ഇതൊക്കെ സാധാരണം. എന്തു പറ്റി?"

"വഴിയേല്‍ പോകുന്നവരെയെല്ലാം അവള്‍ കമന്റടിക്കുന്നു."

"അതെന്തിന്?"

"കമന്റു തിരിച്ചു കിട്ടാനാണത്രേ!"

"ഓഹ് മൈ ബാഡ്‍നെസ്സ്!"

"രാവിലെ പുട്ടും കടലേം വച്ച് എന്നോടു കമന്റു ചോദിക്കുന്നു."

"താനെന്തു പറഞ്ഞൂ?"

"മിണ്ടിയില്ല"

"എന്നിട്ട്?"

"അവളൊരു കുഴി കുത്തി ആ പുട്ടും കടലേമെടുത്ത് അതിലിട്ടു മൂടി."

"അതെന്തിന്?"

"കമന്റു കിട്ടാത്തതു കൊണ്ട് പുട്ട് ഡിലീറ്റിയതാത്രേ!"

"യൂ മീന്‍, യൂ മീന്‍..... അവളൊരു... ക്ലോഗ്ഗിണി??!"

പപ്പൂസ് ഞെട്ടി. കുരങ്ങേഷ് വിഷാദത്തോടെ നെറ്റിയില്‍ കൈ വച്ചു.

"യേ...സ്...!!!"

പപ്പൂസ് കുരങ്ങേഷിനെ തലോടി. കുരങ്ങേഷിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. കുരങ്ങേഷ് പപ്പൂസിന്റെ മടിയിലേക്കു തല ചായ്‍ച്ചു. പപ്പൂസ് അവന്റെ കണ്ണുകള്‍ തുടച്ചു. ഇറ്റു വീണ കണ്ണീരിന്റെ ചൂടില്‍ പപ്പൂസിന്റെ കാലു പൊള്ളി.

"അവളെ ഞാനൊന്നു കാണുന്നുണ്ട്!"

പപ്പൂസ് ഇറങ്ങിയോടി. അരുവിക്കരയില്‍ നിന്ന് ആലോചനയിലാണ് മംഗീഷ. പപ്പൂസ് അടുത്തു ചെന്നു.

"മംഗീഷേ..."

മംഗീഷ തിരിഞ്ഞു നോക്കി.

"ഓഹ്, പപ്പൂസോ. അന്നു ഞങ്ങളുടെ ഫോട്ടോ അടിച്ചു മാറ്റിക്കൊണ്ടു പോയി പണയം വച്ച് പത്തിരുപതു കമന്റ് മേടിച്ചല്ലേ?"

പപ്പൂസിനു മനസ്സിലായി. മംഗീഷ തീര്‍ത്തും ക്ലോഗ് ലോകത്താണ്. മനസ്സില്‍ തോന്നിയ ഐഡിയ പറഞ്ഞു.

"നേരിട്ടു ചോദിച്ചതാണ് മംഗീഷേ പ്രശ്നമായത്. മാപ്പു പറഞ്ഞാല്‍ മതി. വെറുമൊരു മാപ്പിന് പപ്പൂസിനെ നാല്‍പ്പതു കമന്റു കിട്ടി."

"ഉവ്വോ, ഞാന്‍ പറയട്ടേ, കുരങ്ങേഷിനോട് ഒരു മാപ്പ്?"

മംഗീഷ സന്തോഷവതിയായി. പപ്പൂസിനും സന്തോഷമായി. കുരങ്ങേഷിനും മംഗീഷക്കും കേടില്ലാതെ കാര്യം സാധിച്ചു. മംഗീഷ ഓടി കുരങ്ങേഷിനടുത്തു ചെന്നു. അവള്‍ ഉറക്കെ പാടി.

"പ്രിയനേ കുരങ്ങേഷേ തെറ്റുകള്‍ പറ്റിപ്പോയീ
ഹൃദയം സ്പര്‍ശിച്ചു ഞാന്‍ പറയുന്നിതാ സോറി..."

കുരങ്ങേഷിനതു വിശ്വസിക്കാനായില്ല. ആഹ്ലാദക്കണ്ണീരോടെ കുരങ്ങേഷ് മംഗീഷയുടെ അടുത്തു ചെന്ന് അവളെ മാറോടണച്ചു. ഗദ്ഗദത്തില്‍ വാക്കുകളൊന്നും പുറത്തു വന്നില്ല. മംഗീഷ അഞ്ചു മിനിറ്റ് കാത്തു. നോ റെസ്പോണ്‍സ്... നോ കമന്‍റ്‍സ്...

"ഛേ, ഒന്നിനും കൊള്ളില്ല ഇവനെ..."

ഇതും പറഞ്ഞ് കുരങ്ങേഷിനെ തട്ടിമാറ്റി മംഗീഷ നടന്നകന്നു. കുരങ്ങേഷ് സ്തബ്ധനായി നോക്കി. ഐഡിയ ചീറ്റിപ്പോയതില്‍ പപ്പൂസ് വളിഞ്ഞു. കുരങ്ങേഷിനോടൊരു വാക്കു പറയാമായിരുന്നു. പപ്പൂസ് ഓടിച്ചെന്നു മംഗീഷയെ വിളിച്ചു.

"തീര്‍ന്നില്ല. മറ്റൊരു ഐഡിയ കൂടി ഉണ്ട്."

"എന്താ?" മംഗീഷക്കാകാംക്ഷയായി.

"വിമര്‍ശനം"

പണ്ടൊരു വിമര്‍ശനം പോലെ തോന്നിച്ച സാധനത്തില്‍ ഉളുക്കിപ്പോയ നടു നിവര്‍ത്തി പപ്പൂസ് പറഞ്ഞു.

"അതിനെനിക്കു വിമര്‍ശിക്കാനറിയില്ലല്ലോ!"

"ആരു പറഞ്ഞു അറിയണമെന്ന്? ഞാന്‍ വിമര്‍ശിക്കാന്‍ വന്നതാണെന്നും പറഞ്ഞ് നാലു തെറി വിളിക്കണം. അതു തന്നെ ക്ലോഗിലെ വിമര്‍ശനം!"

"തെറിയെന്നു പറഞ്ഞാല്‍?" മംഗീഷക്കു സംശയമായി. പപ്പൂസ് സംശയം ദൂരീകരിച്ചു.

"കള്ള ---- മോനേ... ഈ രണ്ടു വാക്കുകള്‍ക്കിടയില്‍ ഏത് അന്യജീവിയുടെ പേരു ചേര്‍ത്തു വിളിച്ചാലും വിമര്‍ശനമായി. അത്രേ ഉള്ളു."

"ഓഹോ"

മംഗീഷ ഉശിരോടെ കുരങ്ങേഷിനടുത്തേക്കു നടന്നടുത്തു. ഉറുമ്പു മുതല്‍ ആന വരെയുള്ള എല്ലാ ജീവികളുടെ പേരും ആ വാക്കുകള്‍ക്കിടയില്‍ തിരുകിക്കയറ്റി മംഗീഷ നാടു കയറി. കുരങ്ങേഷിന്റെ മുഖം ചുവന്നു തുടുത്തു. ദേഷ്യം കൊണ്ട് വിറച്ച കുരങ്ങേഷ് അതിലും നല്ല മുട്ടന്‍ തെറികള്‍ തിരിച്ചുപയോഗിച്ചു.
കുരങ്ങേഷിന്റെ കമന്റുവര്‍ഷം കേട്ട് മംഗീഷക്കു സന്തോഷം മൂത്ത് കണ്ണില്‍ നിന്നും വെള്ളം വന്നു. അവള്‍ ആഹ്ലാദത്തോടെ കുരങ്ങേഷിനെ നോക്കി പറഞ്ഞു.

"ഇതു നേരത്തേ ചെയ്താല്‍ പോരായിരുന്നോ?"

കുരങ്ങേഷിനതു കേട്ടു കലി കൂടുകയാണുണ്ടായത്. കള്ള ബടുക്കൂസേ എന്നും വിളിച്ച് കുരങ്ങേഷ് കൈ നിവര്‍ത്തി മംഗീഷയുടെ മുഖം നോക്കിയൊന്നു കൊടുത്തു!!!!

അരുവി ചാടിയോടുന്ന പപ്പൂസിനെയാണ് കുരങ്ങേഷും മംഗീഷയും പിന്നെ കണ്ടത്. എന്തായാലും മംഗീഷ അതിനു ശേഷം പുട്ടു തിന്നണേല്‍ തിന്നോ എന്നു പറഞ്ഞു കുരങ്ങേഷിനു മുമ്പില്‍ വക്കുകയല്ലാതെ കമന്റു ചോദിച്ചിട്ടേയില്ലത്രേ.

Tuesday, January 22, 2008

ഒരു ക്ഷമാപണം!

ഖേദമുണ്ടെനിക്കേറെ, മാനസമറിയാതെ
വേദന പടര്‍ത്തിയ വാക്കുകള്‍ കുറിച്ചതില്‍!
കേവലം നിര്‍ദ്ദോഷമെന്നോര്‍ത്തു ഞാന്‍ കുറിച്ചിട്ട
ഭാവനയറിയാതെ കാനനം കേറിപ്പോയി! :(

വാക്കുകളെളുതല്ലാ, തിരുത്തിപ്പറയുവാന്‍,
വായില്‍ നിന്നറിയാതെ തൊഴിഞ്ഞു വീണു പക്ഷേ,
മാപ്പു ഞാന്‍ ചോദിക്കുന്നൂ, തോഴരേ, നിങ്ങള്‍ക്കിനി
ദേഷ്യമുണ്ടെന്നാലെന്നെ കിഴുക്കിത്തീര്‍ക്കാമിപ്പോള്‍...! :(

ഇന്നലെ എഴുതിയതൊന്നും ആരെയും വേദനിപ്പിക്കാനായിരുന്നില്ല. എം കെ ഹരികുമാറിന്റെ ശൈലി അനുകരിച്ച്, ആ രീതിയില്‍ ഒരു തമാശക്കു വേണ്ടി ചെയ്തതാണ്! പതിവു കുസൃതികളില്‍ക്കവിഞ്ഞ് ഒന്നും അതു കൊണ്ട് ഉദ്ദേശിച്ചുമില്ല. ആരെയെങ്കിലും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം മാപ്പ്...!

Sunday, January 13, 2008

ഒരു ബ്ലോഗന്‍ വീരഗാഥ


ഓരോ പോസ്റ്റിന്റെയും കൂടെ ഓരോ പടം എന്നതാണ് ഇപ്പോഴത്തെ ബൂലോഗ ട്രെന്‍ഡ് എന്നാരോ പറഞ്ഞതു കൊണ്ടൊന്നുമല്ല, സന്ദര്‍ഭം കാണികള്‍ക്ക് വ്യക്തമാവാന്‍ ഈ ചിത്രം ആവശ്യമാണെന്ന് പപ്പൂസിനു തോന്നിയതു കൊണ്ടാണ് ഇതും കൂടിയിടുന്നത്. ;)



പുത്തൂരം ബ്ലോഗില്‍ തിരക്കിട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. പെണ്‍കുട്ടികള്‍ മാല കോര്‍ക്കുന്നു, കമ്മലുകളിടുന്നു, പൌഡര്‍ പൂശുന്നു. ചേകവന്മാര്‍ ചുരികയെടുത്ത് നഖം ചുരണ്ടുന്നു. ഓസീയാര്‍കാവില്‍ ഉത്സവമാണ്.

സദ്യവട്ടങ്ങള്‍ പൊടിപൊടിച്ചുണ്ടാക്കുന്ന തിരക്കിലാണ് കൊച്ചുകുറുപ്പന്മാര്‍. ഇടക്കിടെ കയ്യിലും കറിക്കത്തിയുമുപയോഗിച്ച് അവര്‍ കളരിപ്പരിശീലനം നടത്തുന്നുമുണ്ട്. ഒന്നുമറിയാതെ, തലയില്‍ മുണ്ടിട്ട് മൂലക്കല്‍ കിടന്നുറങ്ങുകയാണ് വിശാലന്‍ഗുരുക്കള്‍.

ഉമ്മറക്കോലായില്‍, ആരേയും ശ്രദ്ധിക്കാതെ ഇരിക്കുന്നു ഒരു കൊച്ചു ചേകവര്‍. കയ്യിലിരുന്ന അങ്കച്ചുരിക വലംകയ്യിലെ മസിലില്‍ ഉരച്ച് മൂര്‍ച്ച കൂട്ടുകയാണദ്ദേഹം. അതെ, പപ്പൂസ് ചേകവരാണത്. കുളി കഴിഞ്ഞ് മുടിയില്‍ മുല്ലപ്പൂ ചൂടി പതിയെ ത്രേസിയാര്‍ച്ച അങ്ങോട്ടു നടന്നു വന്നു.

"പപ്പുവാങ്ങളേ..."

ത്രേസിയാര്‍ച്ച വിളിച്ചു. ഇടിമുഴക്കം പോലുള്ള സ്വരം കേട്ട് പപ്പൂസ് ചേകവര്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. അടുത്തു വന്ന് ത്രേസിയാര്‍ച്ച മുട്ടുകുത്തിയിരുന്നു.

"ആചാരങ്ങള്‍ മാനിച്ച് ഓസീയാര്‍കാവില്‍ ഒരു കുടം കള്ളു നേദിച്ചിട്ടുണ്ട്, പപ്പുവാങ്ങളക്കു വേണ്ടി."

പപ്പൂസ് ചേകവരുടെ ചുണ്ടില്‍ പുച്ഛം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു. അദ്ദേഹം പറഞ്ഞു.

"പലരും പപ്പൂസിനെ പറ്റിച്ചിട്ടുണ്ട്, പലവട്ടം. കൊല്ലത്തു വന്നാല്‍ ഓസീയാറിന്റെ ആറു തീര്‍ത്തു തരാമെന്നു പറഞ്ഞ് നിന്റാങ്ങള വാല്‍മീകര്‍ ചേകവര്‍ എന്നെ ആദ്യം പറ്റിച്ചു. അഡ്രസ്സ് തന്നാല്‍ ഒരു പെഗ്ഗല്ല, ഒരു കുപ്പി തന്നെ തരാമെന്ന് പറഞ്ഞ പ്രയാസിരാമന്‍ പിന്നെ പറ്റിച്ചു. പാരവച്ചാല്‍ ഓസീയാറില്‍ മുക്കിക്കൊല്ലുമെന്നു പറഞ്ഞ കൃഷമ്മാവനും പപ്പൂസിനെ പറ്റിച്ചു. ഇടക്കിടെ വരാമെന്നു പറഞ്ഞു പോയ ശേഷം തിരികെ വന്നപ്പോള്‍ ’നീ നന്നാവില്ലെന്നു പറഞ്ഞ് പ്രിയപ്പെണ്ണും എന്നെ പറ്റിച്ചു."

പപ്പൂസ് ചേകവരുടെ കണ്ണു നിറഞ്ഞു. ഗദ്‍ഗദകണ്ഠനായി അദ്ദേഹം തുടര്‍ന്നു.

"പറ്റീര് കമന്റുകളേറ്റു വാങ്ങാന്‍ പപ്പൂസിന്റെ ബ്ലോഗ് പിന്നെയും ബാക്കി.... ആര്‍ച്ചേ... ഇപ്പോ നീയും..."

"ഇല്ല പപ്പുവാങ്ങളേ..."

ത്രേസിയാര്‍ച്ച പപ്പൂസിന്റെ വായ് പൊത്തിപ്പിടിച്ചു.

"ആങ്ങള ഇങ്ങനെ വിലപിച്ചാല്‍ ഈ ആര്‍ച്ച ഇടുക്കി ഡാമില്‍ തലതല്ലിച്ചാവും"

"വേണ്ടാ....!!!!! ഡാം പൊളിക്കണ്ട... കൊടകരയിലേക്കു കുടിവെള്ളമെത്താതെയായാല്‍ വിശാലന്‍ഗുരുക്കളുടെ ത്രിസന്ധ്യക്കുള്ള ഓസീയാറടി മുടങ്ങിപ്പോയേക്കും... എനിക്കതിഷ്ടമല്ല!"

ഒന്നു നിര്‍ത്തിയ ശേഷം പപ്പൂസ് ത്രേസിയാര്‍ച്ചയെ നോക്കി. അവളെന്തോ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം ചോദിച്ചു.

"എന്താ ആര്‍ച്ചയുടെ കയ്യില്‍, കേമന്‍മാരെ കണ്ടെത്തി തീയതിയുറപ്പിച്ചടിച്ച ആ പഴയ ബ്ലിവാഹക്കുറിയോ, അതോ ഫോണ്ടു വലിപ്പം തിരുത്തിയെഴുതിയ പുത്തൂരം ബ്ലോഗിന്റെ പുതിയ ടെംപ്ലേറ്റോ?"

"അല്ല, എന്റെ പുതിയ പോസ്റ്റാണ്... ഇടുക്കി ഡാമിന് വലിപ്പം പോരെന്ന് മലബാറിലാകെ പാടിനടക്കുന്നൂ, പാണച്ചെറുക്കന്‍മാര്‍! പുത്തൂരം ബ്ലോഗിലെ ആണുങ്ങളിതൊന്നും കേള്‍ക്കുന്നില്ലല്ലോ?"

കണ്ണുകള്‍ തുടച്ചു കൊണ്ട് ത്രേസിയാര്‍ച്ച അകത്തേക്കു നടന്നു. പിറകെ പരിചാരികമാരും. പരിചാരികമാരിലൊരാള്‍ പപ്പൂസ് ചേകവരെ നോക്കി ചിരിച്ചു. അദ്ദേഹം മൊട്ടത്തലയൊന്നു തടവിയെന്നല്ലാതെ കമന്റുപെട്ടി തുറന്നില്ല. അകത്തു കീബോര്‍ഡുമായി ആര്‍ച്ചയുടെ വിരലുകള്‍ അങ്കം തുടങ്ങി. പപ്പൂസ്ചേകവര്‍ വീണ്ടും ചുരിക മസിലിലുരക്കാന്‍ തുടങ്ങി. പെട്ടെന്നൊരു ശബ്ദം.

"കമന്റടി പെണ്ണുങ്ങളോടേയുള്ളോ, പപ്പൂസ് ചേകവര്‍ക്ക്?"

പപ്പൂസ് ചേകവര്‍ മുഖമുയര്‍ത്തി നോക്കി, മുന്നില്‍ വാല്‍മീകര്‍ ചേകവര്‍.

"പപ്പൂസിനു കമന്റാന്‍ മാത്രമല്ല, പോസ്റ്റാനുമറിയാം. അതും മറന്നു പോയോ വാല്‍മീകര്‍ ചേകവന്‍?"

വാല്‍മീകര്‍ ചേകവരുടെ മുഖം ചുവന്നു. അടുത്തു വന്നു നിന്ന കാളവണ്ടിയിലേക്കു വിരല്‍ ചൂണ്ടി വാല്‍മീകര്‍ പറഞ്ഞു.

"ഇതാ, ഇരുപത്തൊന്നു പൊന്‍കുടം ഓസീയാര്‍, മച്ചൂനന്റെ അവകാശപ്പെഗ്ഗ്. ഇതില്‍ കൂടുതലൊന്നും ശാസ്ത്രം പറയുന്നില്ലല്ലോ."

പപ്പൂസ് ചേകവരുടെ മുഖം കോപം കൊണ്ട് തുടുത്തു. ഉമ്മറത്തു വച്ചിരുന്ന ഓസീയാര്‍ ഒറ്റ വലിക്കടിച്ച്, അടുത്തതൊഴിച്ച് പപ്പൂസ് ചേകവര്‍ ഗ്ലാസ്സും ചുരികയും ഒന്നിച്ചു കയ്യിലെടുത്തു കൊണ്ട് വെല്ലു വിളിച്ചു.

"പുത്തൂരം ബ്ലോഗില്‍ ചേകവന്മാര്‍ കണക്കു തീര്‍ക്കുന്നത് ഒസീയാര്‍ക്കുടം കൊണ്ടല്ല... പോസ്റ്റെടുക്ക്"

വാല്‍മീകര്‍ക്കും കോപം വന്നു. അങ്കം തുടങ്ങി. ഘോരമായ അങ്കത്തിനിടയില്‍ പപ്പൂസ് ചേകവരുടെ കയ്യിലിരുന്ന ഗ്ലാസ്സിലെ ഒരു തുള്ളി ഓസീയാര്‍ പോലും തെറിപ്പിക്കാനായില്ല വാല്‍മീകര്‍ചേകവര്‍ക്ക്. ശൌര്യമേറിയ യുദ്ധം കണ്ട് ബൂലോഗര്‍ കമന്റു വൃഷ്ടി നടത്തി. വാല്‍മീകര്‍ ചേകവര്‍ തളര്‍ന്നു.

ഇതു കണ്ട കൃഷമ്മാവന്‍ ഓടി വന്ന് അവരെ തടഞ്ഞു. "നിര്‍ത്തൂ....!!! കമന്റ് ബ്രേക്ക്..."

വെട്ടു നിര്‍ത്തി, ഒരു ദീര്‍ഘനിശ്വാസമെടുത്ത ശേഷം കോപത്തോടെ അദ്ദേഹം തുടര്‍ന്നു.

"ഡ്രാഫ്‍റ്റ് പോസ്റ്റാണിത്, പബ്ലിഷ് പോസ്റ്റല്ല. ആരാണിക്കാര്യം ആദ്യം മറന്നത്, വാല്‍മീകരോ, അതോ പപ്പൂസ് തന്നെയോ?"

ക്ഷുഭിതനായി അദ്ദേഹം പപ്പൂസിനെ തിരിഞ്ഞു നോക്കി.

"പൈങ്ങോടര്‍ പഠിപ്പിച്ചു തന്ന മദ്യമായം ഒരുപാടുണ്ടല്ലോ, പപ്പൂസിന്റെ കയ്യില്‍."

പപ്പൂസിനതിഷ്ടമായില്ല. അനിഷ്ടം ഒരു വെല്ലുവിളിയായി പുറത്തു വന്നു.

"ഓസീയാറില്‍ മാമോദീസ മുക്കി, അങ്കച്ചുവടുകള്‍ കാണിച്ച്, പോസ്റ്റു വെട്ടാനും കമന്റു തടുക്കാനും പൈങ്ങോടര്‍ പഠിപ്പിച്ചതെല്ലാം ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. പത്താം നാളിലെ അങ്കത്തില്‍ വാല്‍മീകരെ വെല്ലുന്നത് പൈങ്ങോടരായിരിക്കില്ല, പപ്പൂസ് ചേകവരായിരിക്കും!!!!!"

ചുരികയടിച്ച് ശബ്ദമുണ്ടാക്കി പപ്പൂസ് ചേകവര്‍ നടന്നകന്നു. അകത്തു നിന്ന് ത്രേസിയാര്‍ച്ച ഹൃദയമുരുകി പ്രാര്‍ത്ഥിച്ചു. കാവില്‍മാതാവേ, കാത്തോളണേ....

പത്താംനാള്‍. അന്നത്തെ സൂര്യോദയത്തിന് എന്നത്തേതിലും പ്രകാശമുണ്ടെന്നു തോന്നി എല്ലാവര്‍ക്കും. ഓസീയാറിനു മുമ്പില്‍ മുട്ടു കുത്തി പ്രാര്‍ത്ഥിച്ച്, കുപ്പി മുത്തിയ ശേഷം പപ്പൂസ് ചേകവര്‍ ഗ്ലാസ്സും ചുരികയുമെടുത്തു. ബൂലോഗരെല്ലാം എത്തിയിട്ടുണ്ട് അങ്കം കാണാന്‍. അങ്കത്തട്ടില്‍ വാല്‍മീകര്‍ കാത്തിരിക്കുന്നു. നന്നായി മിനുങ്ങിയിട്ടുണ്ടെന്നു കണ്ടാലറിയാം. ടെന്‍ഷന്‍ കാരണമായിരിക്കും, എതിരിടാന്‍ പോകുന്നത് പപ്പൂസ് ചേകവരെയാണല്ലോ.

അങ്കം തുടങ്ങി. വാല്‍മീകരുടെ മുമ്പില്‍ പൈങ്ങോടര്‍ പഠിപ്പിച്ച പപ്പൂസ് ചേകവന്റെ അടവുകളൊന്നും വിലപ്പോകുന്നില്ല. പപ്പൂസ് തളര്‍ന്നവശനായി. ബ്രേക്കിനിടയില്‍ ഓസീയാര്‍ കുപ്പിയോടെ വായിലേക്കു കമിഴ്‍ത്തിയ ശേഷം പപ്പൂസ് വാല്‍മീകരുടെ വാളിലേക്കൊന്നി സൂക്ഷിച്ചു നോക്കി.

"ബ്ലോഗുപരമ്പര ദൈവങ്ങളേ... അത് ഇടിവാളാണല്ലോ....!!!!"

തല കറങ്ങുന്നതു പോലെ തോന്നി പപ്പൂസ് ചേകവര്‍ക്ക്. ബ്രേക്ക് കഴിഞ്ഞ് അങ്കം തുടങ്ങാനിനി നിമിഷങ്ങള്‍ പോലും ബാക്കിയില്ല. ഇടിവാളിനെ എങ്ങനെ നേരിടും? നെഞ്ച് പടപടാന്ന് ഇടിക്കാന്‍ തുടങ്ങി. അങ്കത്തിനിടെ ത്രേസിയാര്‍ച്ച ഇടുക്കിപ്രശ്നം പരിഹരിക്കാന്‍ പോയിരിക്കുകയാണ്. ഇല്ലെങ്കില്‍ ഒന്നുരണ്ടടവുകള്‍ ചോദിച്ച് മനസ്സിലാക്കാമായിരുന്നു. മനസ്സില്ലാമനസ്സോടെ പപ്പൂസ് ചേകവര്‍ മൊബൈല്‍ ഫോണെടുത്ത് വിശാലന്‍ ഗുരുക്കളെ വിളിച്ചു.

"ഗുരുക്കളേ, ഇടിവാളാണ് വാല്‍മീകരുടെ കയ്യില്‍. പപ്പൂസിന്റെ പോസ്റ്റുകളെല്ലാം ഡ്രാഫ്‍റ്റായി ഒതുങ്ങിപ്പോകുന്നു. വിദ്യ പകര്‍ന്നു തന്ന് അനുഗ്രഹിക്കണം..."

വിശാലന്‍ ഗുരുക്കള്‍ ആദ്യമായി തലയിലിരുന്ന മുണ്ടു പറിച്ചു മാറ്റി. ഒരു നിമിഷം നിശ്ശബ്ദനായി നിന്ന ശേഷം അദ്ദേഹം പറഞ്ഞൂ.

"ഇല്ല പപ്പൂസ് ചേകോരേ, ഇടിവാള്‍ കൊടകര മൊത്തമായി ചാമ്പലാക്കിയ വാളാണ്. നിന്നെ സഹായിക്കാന്‍ ഒരു പുലിച്ചേകവനേ കഴിയൂ..."

"ആര്, ആ പുലിപിടുത്തക്കാരനോ....?" പപ്പൂസ് ചേകോര്‍ക്കാകെ ആധിയായി

"ഹ ഹ ഹ" വിശാലന്‍ ഗുരുക്കള്‍ പൊട്ടിച്ചിരിച്ചു.

"പപ്പൂസിന്റെ നെഞ്ചകം എരിയുന്നു, ഗുരുക്കള്‍ ചിരിക്കുന്നോ?"

"ചിരിച്ചതല്ല, നാം ആ പുലിയുടെ പേരു പറഞ്ഞതാണ്. പണ്ടിടിവാള്‍ എന്നോടെതിര്‍ത്തപ്പോള്‍, തുണ പോന്ന ചേകോന്‍... ഇടിവെട്ടുകള്‍ തടുത്ത് കൊടകരയുടെ മാനം കാത്ത ചേകോര്‍, അദ്ദേഹം പറഞ്ഞത് നീല കൂളിംഗ് ഗ്ലാസ്സ് ഇടിവാളിന്റെ വീക്ക്‍നെസ്സ് ആണെന്നാണ്"

"വിളിച്ചാല്‍ കിട്ടുമായിരിക്കും അല്ലേ, വിശാലന്‍ ഗുരുക്കളേ..." വിശാലന്‍ ഗുരുക്കളുടെ അനുവാദം വാങ്ങിയ ശേഷം പപ്പൂസ് പുലിച്ചേകോരെ വിളിച്ചു.

"സഹായിക്കണം..."

അപ്പുറത്തു നിന്നും ഘോരമായ ഒരു ശബ്ദം മുഴങ്ങിക്കേട്ടു.

"അറിയാം ചേകോരേ.... അങ്കം തുടങ്ങി അല്ലേ? വിശാലന്‍ ഗുരുക്കള്‍ക്ക് നാം പണ്ട് ജപിച്ചു കൊടുത്ത കൊടകരക്കടക്കനുണ്ട്... പറഞ്ഞു തരാം, പ്രയോഗിച്ചോളൂ..."

ഒരു നിമിഷം ധ്യാനനിരതനായിരുന്ന ശേഷം അദ്ദേഹം തുടര്‍ന്നു.

"കട നോക്കി വെട്ട് ഗഡ്യേയ്... ഇടിവാളിന് ഇന്നെങ്കിലും ഒരു പണി കിട്ടണം... ഞാന്‍ പറഞ്ഞു തന്ന കൊടകരകടക്കന്‍ അങ്ങ്‍ട്ട്‍ വീശിക്കോ.... കൂളിംഗ് ഗ്ലാസ്സ് വെക്കാന്‍ മറക്കണ്ട!"

പപ്പൂസ് ചേകവര്‍ കൂളിംഗ് ഗ്ലാസ്സ് ധരിച്ച് തട്ടില്‍ കയറി. ഇടത്തു പോസ്റ്റി, വലത്തു കമന്റി.... ഓസീരം, കടകം..... പാഞ്ഞടുത്ത വാല്‍മീകരെ ചുരിക കാട്ടി പേടിപ്പിച്ച് പപ്പൂസ് കൊടകരക്കടക്കന്‍ പ്രയോഗിച്ചു. ഇടിവാളിന്റെ ആണിയിളകി. വിജയശ്രീലാളിതനെപ്പോലെ പപ്പൂസ്. ആണിയിളകിയ ഇടിവാളുമായി വാല്‍മീകര്‍... എന്തും സംഭവിക്കാം! പപ്പൂസ് നിസ്സാരമായി ചിരിച്ചു.

"അങ്കത്തട്ടില്‍ പോസ്റ്റിത്തോറ്റവനെ വെറുതെ വിടുന്നത് ബൂലോഗമര്യാദയല്ലെന്നറിയാം. പക്ഷേ, നീ ത്രേസിയാര്‍ച്ചയുടെ നേരാങ്ങളയായിപ്പോയില്ലേ, പപ്പൂസ് ചേകവര്‍ ക്ഷമിക്കുന്നു."

പപ്പൂസ് ചേകവര്‍ ഇറങ്ങി നടന്നു. അദ്ദേഹം കണ്ടത് എതിരേ നടന്നു വരുന്ന ത്രേസിയാര്‍ച്ചയെ. ആവശ്യമായ സമയത്ത് ഇടുക്കിയില്‍ അണക്കെട്ടു തകര്‍ക്കാന്‍ പോയ ത്രേസിയാര്‍ച്ച മടങ്ങി വന്നതിപ്പോഴാണ്. അവള്‍ പപ്പൂസിന്റെ അടുത്തേക്കു വന്ന് ചുമലില്‍ കൈവച്ചു.

"മാറി നില്‍ക്ക്....!!!!!!!!!!!!!!!"

കൈ തട്ടിമാറ്റിക്കൊണ്ട് പപ്പൂസ് ചേകവര്‍ ഗര്‍ജ്ജിച്ചു.

"നീയുള്‍പ്പെടുന്ന ബ്ലോഗിണി വര്‍ഗ്ഗം ചിരിച്ചു കൊണ്ടു കമന്റും... വെറുത്തു കൊണ്ടു ഡിലീറ്റും... ബ്ലഡ് ടെസ്റ്റുകളുടെ ഫലവും കനവും തൂക്കി നോക്കിയപ്പോള്‍ മികവില്‍ മികച്ചേരി പപ്പൂസിനെക്കാളും കേമമെന്നു തോന്നിക്കാണും, ഇടുക്കി ഡാം ... ഇനി പ്രയാസിരാമനുണ്ടല്ലോ തുണക്ക്, എന്നെ വിട്ടേക്ക്..."

പപ്പൂസ് ചുരിക വലിച്ചെറിഞ്ഞ് നടന്നകന്നു. (ഫ്ലാഷ് ബാക്ക് ഇതോടെ തീര്‍ന്നു)

പൈങ്ങോടരുടെ കളരിയില്‍ ചാരുകസേരയില്‍ ധ്യാനനിരതനായിരിക്കുന്ന പപ്പൂസ് ചേകവര്‍. പ്രിയപ്പെണ്ണ് കടന്നു വന്നു.

"അങ്ങുന്നേ..."

പ്രിയപ്പെണ്ണിന്റെ വിളി കേട്ട് ഓര്‍മ്മകളില്‍ മുഴുകിയിരിക്കുകയായിരുന്ന പപ്പൂസ് ചേകവര്‍ ഉണര്‍ന്നു.

"പുറത്താരോ വന്നിരിക്കുന്നു... പുത്തൂരം ബ്ലോഗില്‍ നിന്നാണെന്നു തോന്നുന്നു."

പുറത്ത് ഏതോ രണ്ട് നവാഗത ബ്ലോഗ്ഗര്‍മാരുടെ ശബ്ദം കേട്ടു.

"പപ്പുവമ്മാവാ.... വാതിലു തുറക്ക്..."

പപ്പൂസ് ചേകവര്‍ പ്രിയപ്പെണ്ണിനെ നോക്കി.

"കളരിയില്‍ വിളക്കു തെളിക്കൂ പ്രിയപ്പെണ്ണേ..."

രണ്ടു ചെറുപ്പക്കാര്‍ കളരിയിലേക്കു നടന്നു കയറി. ഉറക്കാത്ത ചുവടു വച്ചുകൊണ്ട് അവരില്‍ ഒരാള്‍ പറഞ്ഞു.

"പുത്തൂരം ബ്ലോഗ്ഗില്‍ പഠിപ്പു തികഞ്ഞ ചേകവന്മാര്‍ ഇനിയുമുണ്ട് പപ്പൂസ് ചേകോരേ... അങ്കം തുടങ്ങ്..."

"ഇതോ അങ്കം... ??!!"

പപ്പൂസ് ചേകവര്‍ അവരെ നോക്കി പൊട്ടിച്ചിരിച്ചു.

"ചെറുപോസ്റ്റുകള്‍ തട്ടിക്കൂട്ടുന്ന നിങ്ങള്‍ക്ക് ഒന്നുരണ്ടു കമന്റുകള്‍ ഇട്ടു തന്നതോ അങ്കം? ബൂലോഗത്ത് പേരുമാറി കമന്റുന്ന വെട്ടുകിളികളില്‍ പലരും ഒന്നു തന്നെയാണെന്നു തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞോ മക്കളേ നിങ്ങള്‍ക്ക്?"

തിരിഞ്ഞ്, ബ്ലോഗറുണ്ണിയെ നോക്കിക്കൊണ്ട് ഗദ്‍ഗദത്തോടേ പപ്പൂസ് ചേകവര്‍ തുടര്‍ന്നു.

"എനിക്കു പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ ഉണ്ണീ നീ..."

കോപത്തോടെ, എങ്കിലും വാത്സല്യത്തോടെ അവരെ നോക്കി പപ്പൂസ് ചേകവര്‍ ഗര്‍ജ്ജിച്ചു.

"പോസ്റ്റ്നിലവാരം കൊണ്ടും കമന്റു ബലം കൊണ്ടും കുടിയന്‍ പപ്പൂസിനെ തോല്‍പ്പിക്കാന്‍ ആണായിപ്പിറന്നവരാരുമില്ല.... ആരുമില്ലാ.... ത്രേസിയാര്‍ച്ചയല്ലാതെ... മടങ്ങിപ്പോ!"

അടുത്ത പെഗ്ഗ് ഓസീയാര്‍ വലിച്ചകത്താക്കി പപ്പൂസ് അകത്തേക്കു നടന്നു പോകുന്നതു നോക്കി പുതുബ്ലോഗന്മാര്‍ ലജ്ജയോടെ അവിടെത്തന്നെ നിന്നു.

Monday, January 7, 2008

കൊച്ചുത്രേസ്യക്കൊരു സത്യവാങ്മൂലം

ഈ പോസ്റ്റെഴുതാനുണ്ടായ സാഹചര്യം ഞാന്‍ വിശദീകരിക്കുന്നു. ചമ്മുവാന്‍ വേണ്ടി ജനിച്ച്, ചമ്മിത്തന്നെ ജീവിച്ച്, ചമ്മല്‍ക്കഥകളിലൂടെ ബൂലോഗത്തിന്റെ ചമ്മല്‍റാണിയായി മാറിയ കൊച്ചേ, നമ്മള്‍ തമ്മിലെത്ര തവണ കണ്ടിരിക്കുന്നു! എന്റെ മുമ്പില്‍ത്തന്നെ തവണ നീ ചമ്മിയിരിക്കുന്നു! ഒരു സഹതാപത്തിന്റെ പേരില്‍, അതിന്റെ പേരില്‍ മാത്രം നിന്നെ ഈ ചമ്മലുകളില്‍ നിന്ന് കര കേറ്റാനുള്ള എന്റെ എളിയ യജ്ഞത്തില്‍ നീ എന്നോടു സഹകരിക്കുമല്ലോ.

എനിക്കു കൊച്ചിന്റെ ബ്ലോഗിനോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും കൂടിയ ഒരു വേളയില് ഞാന്‍ നമ്മുടെ ബൂലോഗതരംഗമായ ’ബാറിലിച്ചായ’ന്റെ മേല്‍നോട്ടത്തില്‍ ബാംഗ്ലൂരിന്റെ മൂലയില്‍ നിന്നും ഏറെ ദൂരെ കണ്ണൂരിനടുത്ത് അദ്ദേഹം നടത്തുന്ന ബ്ലാറില്‍ എത്ര തവണ കേറിയിരിക്കുന്നു. അതു പോലെ കേറിയ ഒരു ദിവസം ചെമന്ന കണ്ണുകളോടെ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്തു.

"ഇച്ചായാ... ടു പെഗ്ഗ് ഓസീയാര്‍ ബ്ലീസ്... ഞാന്‍ അവശവിവശനാണ്."

ഇച്ചായന്‍ എന്നെ കേറിപ്പിടിച്ചു. (ച്ചീ... നോ മിസ്സെസ്റ്റി നോ മേറ്റിംഗ്... വീഴാതിരിക്കാന്‍ പിടിച്ചതാണ്). എന്റെ തലയില്‍ തലോടിക്കൊണ്ട് അങ്ങോര്‍ പറഞ്ഞു.

"ഡിയര്‍ പപ്പൂസ്, വാട്ട് ഹാപ്പന്‍ഡ് ടു യൂ (ബിയറടിച്ച് വട്ടായിപ്പോയോ പപ്പൂസേ)? കമ്മോണ്‍ സിറ്റ് ഹിയര്‍ (നിപ്പനടിച്ചതു മതി. ഇനി ഇരുന്നടിക്കാം)

അതിനകം തന്നെ ഞാന്‍ പെര്‍ഫക്ട് ഫിറ്റായിരുന്നതു കൊണ്ട് ഇച്ചായന്റെ ഇംഗ്ലീഷെല്ലാം എനിക്കു പെട്ടെന്നു തന്നെ മനസ്സിലായി. അയാളെന്നെ പിടിച്ച് മേശമേലിരുത്തി. കസേരയിലിരിക്കാനുള്ളതില്‍ കൂടുതല്‍ വണ്ണം എനിക്കുണ്ടായിരുന്നു. കൊച്ചേ, വണ്ണത്തിന്റെ കാര്യത്തില്‍ ഇനി ഒത്തുതീര്‍പ്പു വേണ്ടെന്ന് മനസ്സിലായല്ലോ.

"എന്തു പറ്റിയെടാ?"

തല ജയന്റ് വ്യൂ പോലെ കറങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലും എന്റെ വായില്‍ നിന്നു വരുന്നതു വിഷയമാക്കി അടുത്ത ബ്ലോഗിടാനുള്ള സദുദ്ദേശത്തോടെയാണ് അങ്ങോര്‍ ഇരിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ഞാന്‍ പിടിച്ചു നിന്നു. അങ്ങോര്‍ വാങ്ങിത്തന്ന രണ്ടൂം മൂന്നൂം ഓസീയാര്‍ ഞാന്‍ നിലംതൊടാതെ അടിച്ചുള്ളീലാക്കി. എന്റെ തല ലോക്കല്‍ അനസ്തീഷ്യ കഴിഞ്ഞതു പോലെ പ്രവര്‍ത്തനരഹിതമായി.

"ടെല്‍ മീ യുവര്‍ പ്രോബ്ലെം പപ്പൂസ് (ഡാ, നീയെന്നോടു പ്രശ്നമുണ്ടാക്കല്ലേ പപ്പൂസേ)"

"ഇച്ചായാ" ഒരെണ്ണം കൂടെ വീശിയാല്‍ ബോധം മറഞ്ഞെങ്കിലും ഞാന്‍ മിണ്ടാതിരിക്കുമല്ലോ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ഓര്‍ഡര്‍ ചെയ്തു.

"ടു മോര്‍ പെഗ് കൊച്ചുത്രേസ്യ... ഒ.. ഒ.. ഓ... സോറി, ഓസീയാര്‍"

അങ്ങോര്‍ എന്നെ ഒരു നോട്ടം നോക്കി. ഒന്നല്ല രണ്ടു നോട്ടം (കടപ്പാട് - കൊച്ച്). വായില്‍ നിന്ന് വീണത് ശനിയെങ്കില്‍ വഷളന്റെ ചെവിയില്‍ വീണത് കണ്ടകനാണെന്ന് എനിക്കു മനസ്സിലായി. ഞാനങ്ങോരുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.

"ഇതു പോസ്റ്റരുത്" ഞാനപേക്ഷിച്ചു.

"ഡാ മോനേ" അങ്ങോരുടെ വായില്‍ നിന്നാദ്യമായി പച്ച മലയാളത്തില്‍ രണ്ടു തെറി കേള്‍ക്കാമെന്ന സന്തോഷത്തില്‍ ഞാനിരുന്നു.

"ഇതു ഞാന്‍ പോസ്റ്റിയില്ലെങ്കില്‍ ഞാനും ആ ബ്രോഡ് ഹാര്‍ട്ടനും (വലിയ മനസ്സുള്ളവന്‍) തമ്മിലെന്താടാ വ്യത്യാസം?"

ഓ, തെറിവിളി ദിശ മാറിപ്പോയൊ? എനിക്ക് ഇരട്ടി സന്തോഷമായി. വീണതു വിദ്യയാക്കാമെന്നു കരുതി ഞാനാ ആ എരിതീയില്‍ അല്പം ഓസീയാര്‍ റമ്മൊഴിച്ചു. അതങ്ങോര്‍ ഒറ്റ വലിക്കു കമിഴ്‍ത്തി.

"അല്ലേലും അങ്ങോര്‍ക്കിത്തിരി ഗമ കൂടുതലാ. അണ്ണനെ തോല്പിക്കാമെന്നാ മനസ്സില്, നടക്കില്ല ഗഡ്യേയ്..."
ഗ്ലാസ്സ് താഴത്തു വച്ച് ഇച്ചായന്‍ തുടര്‍ന്നു.

"വിശാല്‍... മന...സ്‍ഗന്‍... ഹീ ഈസ് നോട്ടി.. (വിശാല്‍... മന...സ്‍ഗന്‍... അവന്‍ നൊട്ടും). ഹീ പുള്‍സ് എവെരിവണ്‍സ് ലെഗ്, ഫണ്ണി ബോയ് (കാല് ആരുടെയായാലും അവനെനിക്കു പുല്ലാ, കൊച്ചു പയ്യന്‍). ഹീ ഈസ് എ ഫിലോസഫര്‍ (ലൂസിഫറാണവന്‍)."

തെറിയൊക്കെ കഴിഞ്ഞ് ഒരു ചൂട്ടെടുത്ത് ചുണ്ടത്തു വച്ച് അങ്ങോര്‍ എന്റെ നേര്‍ക്കു തന്നെ തിരിഞ്ഞു.
"എന്തൊക്കെയായാലും നിന്റെ കഥ ഞാന്‍ പോസ്റ്റുമെടാ മോനേ."

ഇതെന്താ എന്നോടു പറയുന്നതു മാത്രം ഇങ്ങോര്‍ മലയാളത്തില്‍ പറയുന്നത് എന്നായി എന്റെ സംശയം. അതു തീര്‍ക്കാനെന്നോണം അങ്ങോര്‍ പറഞ്ഞു.

"എടാ മോനേ, ഞാന്‍ മലയാളത്തില്‍ പറഞ്ഞാ അച്ചട്ടാ.."

"എന്റെ കര്‍ത്താവേ, ഇയാള്‍ക്ക് വല്ല അല്‍സേഷ്യനും (മോഹന്‍ലാലിന് തന്മാത്രയില്‍ പിടിച്ച ആ മറവി രോഗം) പിടിച്ച് എല്ലാം മറന്നു പോട്ടെ എന്നൊരു മന്ത്രം ചൊല്ലി, മൂന്നു തുള്ളി ഓസീയാര്‍ എടുത്ത് ഞാന്‍ അങ്ങോരുടെ തലയില്‍ തളിച്ചു.

"ങേ, ഞാനെവിടെയാ?"

പെട്ടെന്നു കണ്ണു തള്ളിച്ചു കൊണ്ട് ഇച്ചായന്‍ ചാടിയെഴുന്നേറ്റു. മന്ത്രം ഫലിച്ച സന്തോഷത്തില്‍ ഞാന്‍ പൊട്ടിച്ചിരിച്ചു. എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അങ്ങോര്‍ പിറുപിറുത്തു.

"ബ്ലോഗാന്‍ സമയമായി. പുതിയ പോസ്റ്റ്, കൊച്ചിനെ പ്രേമിച്ച ബ്ലോഗര്‍ പപ്പൂസ്"

ഞാന്‍ ഞെട്ടി. എന്തൊക്കെ അര്‍ത്ഥങ്ങളാണീശോയേ ഇയാള്‍ എന്റെ സംസാരത്തില്‍ നിന്നും മാന്തിയെടുത്തത്. ഇഞ്ചി കടിച്ച പെണ്ണിനെപ്പോലെ, ബ്ലഡ് ടെസ്റ്റു പൊളിഞ്ഞ കൊച്ചുത്രേസ്യയെപ്പോലെ, കമന്റു കിട്ടാത്ത വിശാലമനസ്കനെപ്പോലെ, താടി വടിച്ച കുറുമാനെപ്പോലെ ഞാന്‍ അന്തം വിട്ടു നിന്നു.

അതിനിടെ എന്റെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്തു നിന്നു ചിലച്ചു. ഒരിടിവെട്ടു നമ്പര്‍ 9895198951!!!!!
ഞാന്‍ ഫോണെടുത്തു. മറുതലക്കല്‍ ഇടിവെട്ടുന്ന പോലെ ഒരു ശബ്ദം

"ഞാന്‍ ഇടിവാള്‍"

ചെവിക്കല്ലു തകര്‍ത്തു കൊണ്ട് ഒരു ഇടിവാളു കടന്നു പോയതു പോലെ എനിക്കു തോന്നി. പേടി മൊത്തമായങ്ങനെ പുറത്തു കാണിക്കാതെ ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു.

"ഹും... ഞാന്‍ കണ്ണൂര്‍ വടിവാള്‍"

"എന്താ നിനക്കാ കൊച്ചുമായി?"

ഈശോയേ, ഇതിത്ര പെട്ടെന്ന് ഇവിടെയും എത്തിയോ. എനിക്കതിശയമായി. ഇതെന്തൊരു നെറ്റ്‍വര്‍ക്ക്!

"ആ വള്ളിനിക്കറും കുപ്പായോമിട്ട് അടങ്ങിയൊതുങ്ങി അവിടെങ്ങാനും ചുരുണ്ടോണം. ഷൈന്‍ ചയ്യാന്‍ വന്നാ മോനേ, പൂമ്പാറ്റേടെ പൊറമാണെന്നൊന്നും ഞാന്‍ നോക്കില്ല, ചീന്തി വലിച്ചു കളയും."

ക്ടാക്. ഫോണ്‍ കട്ടായി. ഞാനാകെ വിറക്കാന്‍ തുടങ്ങി. ഇവരെയൊക്കെ പുലികള്‍ എന്നു വിളിക്കുന്നവന്മാര്‍ക്കെല്ലാം ഇതുപോലെ വയറു നിറച്ചു കിട്ടിയിട്ടുണ്ടാവുമെന്ന് ഞാനോര്‍ത്തു. ടെന്‍ഷന്‍ കൂടി കുടിച്ച ഓസീയാറു മൊത്തം ബാത്ത്‍റൂമിലേക്കോടി ഒഴിച്ചിറക്കി, അടുത്ത പെഗ്ഗിനു ഓര്‍ഡര്‍ ചെയ്തു.
അതു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല, അതാ അടുത്ത പുലിയുടെ കാള്‍.

"മോനേ പപ്പൂസേ, വിശാലേട്ടനാ."

"ഹാവൂ വിശാലേട്ടാ, ആദ്യമായാണ് സൌമ്യമായി ഒരു ബ്ലോഗര്‍ എന്നോടു സംസാരിക്കുന്നത്. കൊടകരയില്‍ എല്ലാര്‍ക്കും സുഖങ്ങളൊക്കെത്തന്നേ?"

"കൊശലൊക്കെ നിക്കട്ടേ ഗഡീ. നീയും കൊച്ചും തമ്മില്‍ എന്തേലും പ്രശ്നമുണ്ടാഡേ? നിനക്കു ഞാന്‍ ഫുള്‍ സപ്പോര്‍ട്ടും തന്നു. നീ ധൈര്യമായിട്ടു പോസ്റ്റു ഗഡീ"

"ഒരു പ്രശ്നോം ഇല്ല വിശാലേട്ടാ, അവന്മാരു ചുമ്മാ..."

"പൊന്നു മോനേ, പ്രശ്നം ഉണ്ടേലും ഇല്ലേലും ഇന്നു രാത്രി തന്നെ നിന്റെ പോസ്റ്റ് കാണണം. അവന്മാര്‍ക്കെങ്ങാന്‍ ബ്ലോഗാന്‍ ഒരു ചാന്‍സ് നീയായിട്ടു കൊടുത്താല്‍, രോമം ക്ടാവേ, തേങ്ങാക്കൊല... കൊടകരപുരാണാ ന്റെ കയ്യില്‍......"

ക്ടാക്... കട്ട്. ഞാനാകെ വിയര്‍ത്തു കുളിച്ചു. ഏറ്റവും വലിയ പുലിയാണ് ഇപ്പോ വച്ചത്. എന്തു ചെയ്യും. പോസ്റ്റണോ, വേണ്ടേ.... ആദ്യമായി എട്ടാമത്തെ പെഗ്ഗ് ഓസീയാര്‍ ഞാന്‍ വലിച്ചടിച്ചു. അതോടെ ബോധം കെടുന്നെങ്കില്‍ കെടട്ടെ. എവടെ... കൊടകരപുരാണം നെഞ്ചിന്‍കൂടിനകത്തു കിടന്ന് കത്തിവേഷമാടാന്‍ തൊടങ്ങി. പോസ്റ്റിയേ പറ്റൂ. ഞാന്‍ പോസ്റ്റീ... ബൂലോഗരേ, നിങ്ങള്‍ വിധി പറയൂ...

ഓ.ടോ (എന്നു വച്ചാല്‍ എനിക്കറിയാമ്പാടില്ലാത്ത കാര്യം): കൊച്ചേ, കൊച്ചിന്റെ ബ്ലോഗ് ഇഷ്ടപ്പെട്ടു എന്നല്ലാതെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അന്ന് ബ്ലഡ് ടെസ്റ്റിന്റെ സമയത്ത് അടുത്ത ബെഡ്ഡില്‍ കിടന്ന് കമന്റ് പറഞ്ഞത് ഞാനല്ല. പിന്നൊരിക്കല്‍ ഭ്രാന്തനെന്നു വിചാരിച്ച് കൊച്ചോടിയത് എന്റെ പൊറകെയല്ല. എനിക്കു സത്യമായും സ്റ്റാമിന കൊറവാ (താങ്ക്സ് ടു ഓസീയാര്‍). അന്ന് റബ്ബര്‍ഷീറ്റിനകത്ത് പ്രേമലേഖനം വച്ചത് (കൊച്ച് പുറത്തു പറഞ്ഞില്ലെങ്കിലും) ഞാനല്ല. കൊച്ചും മമ്മീം കൂടെ ബാംഗ്ലൂരു മൊത്തം കറങ്ങിയപ്പോ പുറകേ വന്നത് സത്യമായും ഞാനല്ല. ഈ ബ്ലോഗെഴുതുന്നതും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഒന്നുമൊന്നും ഞാനല്ല. എന്തിന്, ഞാന്‍ ഞാനേയല്ല..... ഞാനീ ലോകത്ത് പുറകേയോടുന്ന ഒരേയൊരു സാധനം ഓസീയാര്‍, ഓസീയാര്‍ ആന്റ് ഓണ്‍ലി ഓസീയാര്‍.............................

Friday, January 4, 2008

വടകരപുരാണം

ഒരഞ്ചാറു കുട്ടിക്കഥയും കെട്ടിച്ചമച്ച്, കോമഡിയുടെ രണ്ട് ഗുണ്ടും പൊട്ടിച്ച്, ഈ ബൂലോഗം വഴി ഭൂമിമലയാളത്തെയാകപ്പാടെ കോരിത്തരിപ്പിക്കും വിധം സാഹിത്യനവോത്ഥാനത്തിന്റെ പുത്തന്‍ മാറ്റൊലികള്‍ സൃഷ്ടിക്കാനുള്ള അത്യാഗ്രഹമായൊന്നുമല്ല സുഹൃത്തുക്കളേ ഞാന്‍ ബ്ലോഗര്‍ തുറന്നൊരു അക്കൌണ്ട് എടുത്തത്. ഇവിടുത്തെ ഈ സ്നേഹവും സന്തോഷവും മര്യാദയും ചിരിയും പുഞ്ചിരിയും കുതികാല്‍വെട്ടും അടിയും പിടിയും വെട്ടുകിളിപ്പിടുത്തവും അല്പത്തരങ്ങളും ആസ്വദിക്കാനും, സമയം കിട്ടുമ്പോ ആര്‍ക്കെങ്കിലും രണ്ടു കൊട്ടൊക്കെ കൊടുക്കാനും വേണ്ടി, ആര്‍ക്കും വന്ന് ഗോളടിക്കാന്‍ പാകത്തില്‍ ഒരു കമന്റുപെട്ടിയും തുറന്ന് വന്നതാണു ഞാന്‍!

"അപ്പോ പരിചയപ്പെടുത്തലായി, കുഴപ്പമില്ലല്ലോ കുഞ്ഞച്ചാ?"

മുകളിലെ പാരഗ്രാഫ് എഴുതിത്തീര്‍ത്ത്, ഒരു ദീര്‍ഘനിശ്വാസവും വിട്ട് ഞാന്‍ കുഞ്ഞച്ചനോടു ചോദിച്ചു. സിഗരറ്റ് ആഞ്ഞൊന്നു വലിച്ച്, അല്പാല്പമായി പുകവളയങ്ങള്‍ പുറത്തേക്കു വിട്ടു കൊണ്ട് കുഞ്ഞച്ചന്‍ ഒന്നു മൂളി.

"ങും..."

നാട്ടില്‍ എനിക്കു പരിചയമുള്ള ഏക ബുദ്ധിജീവിയാണ് കുഞ്ഞച്ചന്‍. ബുദ്ധിയുള്ള മറ്റു ജീവികളെപ്പോലെ കുഞ്ഞച്ചനും വളരെക്കുറച്ചേ സംസാരിക്കൂ. എങ്കിലും പ്രവൃത്തികള്‍ ഏതൊരു ബുദ്ധിജീവിയെക്കാളും ഉഗ്രമായിത്തന്നെ അങ്ങോര്‍ ചെയ്തു പോന്നു.

അയല്‍ക്കാരി വിലാസിനിച്ചേച്ചിയെ കണ്ണിറുക്കിക്കാണിച്ചതിനാണ് ആദ്യമായി കുഞ്ഞച്ചനെ നാട്ടാര്‍ പിടിക്കുന്നത്. പിടിച്ച നാട്ടാരോടു മുഴുവന്‍ കണ്ണിറുക്കിക്കാണിച്ച്, തനിക്ക് ഞരമ്പിന്റെ അസുഖമാണെന്നും, കണ്ണിലേക്കു പോകുന്ന ’മെഡുല കണ്ണോംഗ്ലേറ്റ’ എന്ന ഞരമ്പ് അല്പം ഇറുകിയാണിരിക്കുന്നതെന്നും, അതു വലിയുമ്പോഴെല്ലാം തന്റെ കണ്ണിങ്ങനെ ഇറുകി-തുറന്ന്, ഇറുകി-തുറന്ന് കളിക്കുമെന്നുമെല്ലാം അതിവിനയത്തോടെ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ തല്ലാന്‍ പിടിച്ച നാട്ടാര്‍ വിളിച്ചോണ്ടു പോയി പൊറോട്ടയും പഞ്ചസാരയും വാങ്ങിക്കൊടുത്തു എന്നത് കുഞ്ഞച്ചന്റെ ബുദ്ധിജീവിതത്തിലെ എളിയ ഒരു ഏടു മാത്രം.

എങ്കിലും ആ സംഭവത്തോടെ കുഞ്ഞച്ചന്‍ എന്റെ ആരാധനാപാത്രമായി മാറി. ഇത്രയും വലിയ ബുദ്ധി ഉപയോഗിച്ച് നാട്ടാരുടെ തല്ലു കൊള്ളാതെ രക്ഷപ്പെട്ട കുഞ്ഞച്ചനെ ബുദ്ധിജീവി എന്നു വിളിച്ചില്ലെങ്കില്‍ മറ്റാരെയും അങ്ങനെ വിളിക്കാന്‍ പറ്റില്ലെന്ന് എനിക്കു മനസ്സിലായി. അങ്ങനെയുള്ള കുഞ്ഞച്ചനെ കണ്‍സള്‍ട്ട് ചെയ്യാതെ ബ്ലോഗ് തുടങ്ങുകയോ, അപരാധം.... ഞാന്‍ കുഞ്ഞച്ചനെ വിളിച്ചു.

"കുഞ്ഞച്ചാ, ഞാനും ബ്ലോഗ് തുടങ്ങാന്‍ പോണു."

അല്പം ലഹരിയിലായിരുന്ന കുഞ്ഞച്ചന്‍ കൊച്ചുചിരിയോടെ എന്നെ നോക്കി, ഒന്നു കണ്ണിറുക്കി.

"കള്ളാ... ങും... ശരി, തുടങ്ങുമ്പോ വടക്കേലെ ശകുന്തളേടെ അടുത്തൂന്നെന്നെ തൊടങ്ങണം..."

"ശകുന്തളേടട്ത്തോ?"

എന്റെ അല്‍ഭുതം കണ്ടപ്പോള്‍ കുഞ്ഞച്ചന് സംശയമായി.

"അല്ല, എന്തൂട്ട് തൊടങ്ങണംന്നാ നീ പറഞ്ഞത്?"

കുഞ്ഞച്ചന്‍ സംശയത്തോടെ എന്നോടു ചോദിച്ചു. ബ്ലോഗെന്ന് ഞാന്‍ വീണ്ടും പറഞ്ഞപ്പോള്‍ അങ്ങോരൊന്നു ചിരിച്ചു.

"ഞാന്‍ വിശാരിച്ച് നിനക്കു മലയാളത്തില്‍ ചിലതൊക്കെ ചോദിക്കാന്‍ മടിയായതോണ്ട് ഇംഗ്ലീഷീ പറഞ്ഞതായിരിക്കും എന്ന്"

ഞാന്‍ കുഞ്ഞച്ചനെ വിളിച്ചിരുത്തി എന്റെ ബ്ലോഗിനെപ്പറ്റിയുള്ള സ്വപ്നങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. ആദ്യത്തെ പോസ്റ്റ് ഗംഭീരമാക്കാന്‍ പറ്റിയ ഒരു ടോപിക് തരാന്‍ അങ്ങേരുടെ ബുദ്ധി ഒന്നുപയോഗിക്കാന്‍ ഒരപേക്ഷയും നല്കി. ചിലവിലേക്കായി ഒരു പാക്കറ്റ് സിഗരറ്റും (പൊതുവേ ബീഡി മാത്രം വലിക്കുന്ന ആ ദരിദ്രവാസി എന്റെ ദയനീയാവസ്ഥ ചൂഷണം ചെയ്തു) വാങ്ങിച്ചു കൊടുത്തപ്പോള്‍ അയ്യാളുടെ മുഖം തെളിഞ്ഞു.

അഞ്ചു സിഗരറ്റു പുകച്ചു തീര്‍ക്കുന്നതിനിടെ അങ്ങേരൊരു ലിസ്റ്റു തയ്യാറാക്കി എനിക്കു കൈമാറി.

"ഇതിലേതെങ്കിലുമൊരു ടോപ്പിക്കെടുത്തു കാച്ചിക്കോ"

ഞാനതെടുത്തൊന്നു വായിച്ചു നോക്കി. മെര്‍ക്കിന്‍സ്‍സ്‍സ്...ശ്‍സ്‍..റ്റ് (സോറി, ഇംഗ്ലീഷു മീഡിയം പഠിച്ചതു കാരണമാ, ഏതായാലും അത്) മുതല്‍ പാക്കിസ്താന്‍ വരെയുള്ള ഒരാഗോള ലിസ്റ്റ്. പാതി വെന്ത പനങ്കഞ്ഞി തിന്നതു പോലെ ഓരോ വാക്കിലും കിടന്ന് എന്റെ നാക്കങ്ങനെ ഒട്ടിയൊട്ടി കളിച്ചു. ഹരിമുരളീരവം പാടുന്ന മോഹന്‍ലാലിന്റെ മുന്നിലെ മഞ്ജു വാര്യരെന്ന പോലെ ഞാന്‍ കുഞ്ഞച്ചന്റെ മുന്നില്‍ ചൂളി നിന്നു, ദയനീയമായി അങ്ങോരെ നോക്കി.

"പറ്റില്ലല്ലേ?"

അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കിക്കൊണ്ട് കുഞ്ഞച്ചന്‍ ചോദിച്ചു. ഞാന്‍ തല ഇടത്തോട്ടൂം വലത്തോട്ടും കുലുക്കി.

"എന്തെഴുതിയാലും കാമ്പ് വേണമെന്ന് പണ്ട് മയക്കോവ്‍സ്‍ക്കി പറഞ്ഞിട്ടുണ്ട്" ഞാന്‍ പറഞ്ഞു.

"അതേതു വിസ്കി? മയക്കുന്ന വിസ്കി ഒരുപാടു ഞാനും കഴിച്ചിട്ടുണ്ട് മാഷേ"

കുഞ്ഞച്ചന്റെ മറുപടി കേട്ട് എനിക്കു ദേഷ്യം വന്നു. എന്റെ രൂക്ഷമായ നോട്ടം കണ്ട് കാര്യം പിടി കിട്ടിയില്ലെങ്കിലും കുഞ്ഞച്ചന്‍ ഒന്നടങ്ങി. കൃഷ്ണന്‍നായരെ പണ്ട് നാട്ടാര്‍ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് ഞാന്‍ മനസ്സിലോര്‍ത്തു.

"അതു പോട്ടെ," കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നീ ഏതൊക്കെ ബ്ലോഗ് വായിക്കാറുണ്ട്? അതിനനുസരിച്ചു നമുക്കു തീരുമാനിക്കാം"

ഗൌരവത്തോടെ കുഞ്ഞച്ചന്‍ എന്നോടു ചോദിച്ചു.

"ഏതാണ്ടെല്ലാം. ഒരൊന്നൊന്നര മാസമായി ഞാനിതെല്ലാം വായിക്കാന്‍ തുടങ്ങിയിട്ട്."

"ശരി, ഞാന്‍ കുറച്ചു ബ്ലോഗ്ഗേര്‍സിന്റെ പേരു പറയാം. നിന്റെ അഭിപ്രായം പറ."

"ഓ. കെ." ഞാന്‍ സമ്മതിച്ചു.

"കുറുമാന്‍?"

"നീട്ടം കൂടുതലാ..."

"അങ്ങോരുടെ താടീടെ കാര്യമല്ല ഞാന്‍ ചോദിച്ചത്."

"താടിയുമതേ, പോസ്റ്റുമതേ..."

കുഞ്ഞച്ചന്‍ താടിക്കു കൈ കൊടുത്തു.

"ബെര്‍ളി തോമസ്?"

"ബാറില് ഫേമസ്"

"ഇടിവാള്‍?"

"എട് വാള്‍....!!!"

"ബ്രിജ് വിഹാരം?"

"നോ വികാരം"

"കേരള ഹ ഹ ഹ?"

"വെറും ബ ബ്ബ ബ്ബ"

"ഇ എ ജബ്ബാര്‍?"

"അതേതു ബാര്‍?"

"ഇഞ്ചിപ്പെണ്ണ്?"

"ഞാന്‍ പെണ്ണൂങ്ങളെക്കുറിച്ച് കമന്റ് പറയാറില്ല, കമന്റടിക്കാറേയുള്ളു"

"കൊച്ചുത്രേസ്യ?"

"ഒരു ബ്ലഡ് ടെസ്റ്റു കഴിഞ്ഞ കുട്ടിയാ. അതിവണ്ണം ബഹുനാക്ക്. ബാംഗ്ലൂരാണത്രേ താമസം. കണ്ണൂരാ വീട്, അവിടടുത്ത് ഞാന്‍ കുറച്ച് സ്ഥലം വാങ്ങി വച്ചിട്ടുണ്ട്. ആലപ്പുഴക്കടുത്ത് ഒരു കായലിനും ഹൌസ് ബോട്ടിനും വിലപറഞ്ഞിട്ടു...."

"മതി മതി," കുഞ്ഞച്ചന്‍ എന്റെ വായ പൊത്തിപ്പിടിച്ചു.

"വാല്‍മീകി?"

"രവിശാസ്ത്രി - എന്നു വച്ചാല്‍, കളി കുറവാണെങ്കിലും കമന്ററിയില്‍ കേമന്‍"

"പേര് പേരക്ക?"

"തിന്നാന്‍ കൊള്ളത്തില്ല?"

"ങും... അറ്റ്‍ലീസ്റ്റ് എം കെ ഹരികുമാര്‍?"

"അയ്യോ, എന്റെ പേര് പപ്പൂസ്, നാട് മുംബൈ, ഭാര്യയും രണ്ട് കുട്ടികളുമായി ദില്ലിയില്‍ താമസം, അഡ്രസ്സ് കേരള ഹൌസ്, ഫിഫ്‍റ്റി സ്റ്റൈല്‍ കോളനി, അ.ജാ സ്ട്രീറ്റ്. ഫോട്ടോ നാളെത്തന്നെയിടാം. ആഴ്ചയിലൊരിക്കല്‍ സിനിമക്കു പോകും, എന്നും കലാകൌമുദി വായിക്കും..... പിന്നെ...."

ഞാന്‍ ഭയഭക്തിബഹുമാനങ്ങളോടെ തുടര്‍ന്നു.

"ആ കോളം പിന്നേം പിന്നേം പിന്നേം പിന്നേം വായിക്കും"

"ശരി... വിശാലമനസ്കന്‍?"

"അങ്ങനൊരാളുണ്ടോ?"

എനിക്കദ്‍ഭുതമായി. കുഞ്ഞച്ചന്റെ ചുണ്ടില്‍ ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നു.

"ങാ... ഒരാളുണ്ടായിരുന്നു. നമ്മുടെ പയ്യനാ. ഇപ്പോ ഫുള്‍ ടൈം തണ്ണിയടിച്ച്, അരേലെ മുണ്ട് തലേലിട്ട് നടക്ക്ണ കാരണം ആളെക്കണ്ടാല്‍ മനസ്സിലാവില്ല."

ഒന്നാലോചിച്ച ശേഷം കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നീ ഒരു കാര്യം ചെയ്യ്, നിന്റെ ബ്ലോഗിനും ആദ്യത്തെ പോസ്റ്റിനും വടകരപുരാണം എന്നു പേരിട്"

"അതിനു വടകരയെപ്പറ്റി എനിക്കൊരു ചുക്കുമറിയില്ലല്ലോ"

"അതു സാരമില്ലെടേയ്, പേപ്പറില്‍ കാണുന്നതൊക്കെയങ്ങു പകര്‍ത്തിയാല്‍ മതി. പേരു കണ്ടാല്‍ത്തന്നെ ആളു വരും. പിന്നെ, ഒരു കാര്യം, ശുദ്ധമായ ഭാഷ ഉപയോഗിക്കരുത്. അതിനൊന്നും ബ്ലോഗിലൊരു വെയ്‍റ്റില്ല. വല്ല കൊണ്ടോട്ടി സ്റ്റൈലിലോ മറ്റോ വച്ചങ്ങു കാച്ചണം."

എന്നു വച്ചാല്‍?" എനിക്കു മനസ്സിലായില്ല.

"ഉദാഹരണത്തിന്, വടകരയില്‍ ഒരാന നാലു കുട്ടികളെ കുത്തി വീഴ്‍ത്തി എന്നു പേപ്പറില്‍ കണ്ടാല്‍ ഉടനെ ഇങ്ങനെ വച്ചു കാച്ചിക്കോണം - മീനാക്ഷി ഓടി വന്നു പറഞ്ഞു. ’വടാരേല് ഇത്തറ വല്യോരാന നാല് കുട്ട്യാളെ കുത്ത്യങ്ങാട്ട് വീഴ്‍ത്തി’. അതു കണ്ട അന്തപ്പേട്ടന്‍ കള്ളു ഷാപ്പിന്റെ ഉള്ളിലിരുന്ന് കുടിച്ചതെല്ലാം വാളായിപ്പോരും വിധത്തില്‍ നെഞ്ചത്തൊരഞ്ചാറിടിയിടിച്ച് വെല്ലു വിളിച്ചു, ’ആ പിഞ്ചങ്ങളെ കുത്താണ്ട് ധൈര്യണ്ടേല്‍ ഇങ്ങട്ട് വാടാ ആനേന്റെ മോനേ. മന്‍ഷ്യന്‍ കള്ളു കുടിക്കായ്‍പ്പോയ്, ഇല്ലാച്ചാല് കാണിച്ചു തരാമായിര്‍ന്ന്...’ -
ഇത്രേം എഴുതിയാ, കുറഞ്ഞ പക്ഷം ഒരു 43 കമന്റെങ്കിലും കിട്ടുംഡാ..."

"ഹോ... ഈ കുഞ്ഞച്ചനെന്തൊരു ബുദ്ധിയാ"

അങ്ങനെ കുഞ്ഞച്ചന്റെ നിര്‍ദ്ദേശപ്രകാരം ഞാനിതാ സുഹൃത്തുക്കളേ തുടങ്ങുകയായി, എന്റെ വടകരപുരാണം. ആശീര്‍വദിക്കുക. ബൂലോഗത്തെ എല്ലാവര്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍!