Showing posts with label മൈസൂര്‍. Show all posts
Showing posts with label മൈസൂര്‍. Show all posts

Thursday, February 12, 2009

അ...ടി...ദാ....സ്....


"ബൂ...ഹാ...."

കിടിലനൊരു കോട്ടുവായും വിട്ട് കണ്ണും തിരുമ്മി ഞാനെഴുന്നേറ്റു. പുതപ്പൊക്കെ വലത്തോട്ടും ഇടത്തോട്ടും പറിച്ചെറിഞ്ഞ് ചുറ്റും നോക്കി. ലുങ്കി കാണുന്നില്ല.

"പണ്ടാരം ലുങ്കിയിതെവിടെപ്പോയി...?"

"എട്ടാംക്ലാസ്സു മുതല്‍ ഇന്നു വരെ ഉടുത്തുകൊണ്ടേയിരിക്കുന്ന ഈ ലുങ്കി എന്നെങ്കിലും നേരം വെളുക്കുമ്പം നിന്‍റെ അരയിലുണ്ടായിട്ടുണ്ടോടാ? അപരിഷ്‍കൃതന്‍."

പാട്ടയില്‍ മുക്കാലും വെള്ളം നിറച്ച് ഷേവിങ് ബ്രഷുമായി കണ്ണാടിക്കു മുമ്പിലേക്കു നടക്കുന്നതിനിടെ കുഞ്ഞച്ചന്‍ പറഞ്ഞു.

"ഓ... നീയൊക്കെ സൂട്ടും ഷൂസുമിട്ടോണ്ടാണല്ലോ കെടന്നൊറങ്ങുന്നത്, രാവിലേ എന്നെക്കൊണ്ട് പറയിപ്പിക്കരുത്."

എനിക്കു ചൊറിഞ്ഞു വന്നു തുടങ്ങി.

"ആയിരുന്നില്ല. പക്ഷേ, ഇനി മുതല്‍ ആണ്."

കുഞ്ഞച്ചന്‍ഗമയില്‍ തിരിഞ്ഞു.

"ദാ, ഇങ്ങോട്ടു നോക്കൂ."

അപ്പോഴാണ് ഞാന്‍ അവനെ ശരിക്കും ശ്രദ്ധിച്ചത്. ചുമപ്പൊരു ബനിയനും ചുമന്ന അണ്ടര്‍വെയറും. ഇവനിത് ലുങ്കിയുടുപ്പു നിര്‍ത്തിക്കളഞ്ഞോ?

കുഞ്ഞച്ചന്‍ കുനിഞ്ഞു നിന്ന് കട്ടിലിനടിയില്‍ നിന്ന് ബാഗെടുത്ത് തപ്പാന്‍ തുടങ്ങി. ആ കാഴ്ച കണ്ട് എനിക്ക് ചിരിവന്നു.

"അലമാരിക്കകത്തെ പാറ്റയൊക്കെ ഏതു വഴിക്കാ പോവുന്നതെന്ന് കുറേക്കാലമായി ആലോചിക്കുവാരുന്നു. ഇപ്പഴല്ലേ പിടികിട്ടിയത്."

"ഏതു വഴിക്കാടാ?"

കുഞ്ഞച്ചന്‍ തപ്പുന്നതിനിടെ ജിജ്ഞാസയോടെ തിരക്കി.

"കൈ ആ ബാഗീന്നെടുത്ത് സ്വന്തം മൂട്ടിലോട്ടു പിടി."

അവന്‍ സംശയത്തോടെ തിരിഞ്ഞ് എന്നെ നോക്കിക്കൊണ്ട് മെല്ലെ പുറകില്‍ തപ്പി. ഒന്ന്... രണ്ട്... മൂന്ന്... നാല്... അഞ്ച്... ആറ്... ആറു തുളകള്‍, ജട്ടിയുടെ മൂട്ടില്‍!

"ഫ!, വൃത്തികെട്ടവനേ, നിനക്കൊന്നും അമ്മേം പെങ്ങമ്മരുമില്ലേടാ?"

കുഞ്ഞച്ചനു ദേഷ്യമടക്കാനായില്ല. എനിക്കു ചിരി വന്നു.

"ഒവ്വ, ഒരു ചേട്ടച്ചാരുമുണ്ട്. എങ്കിലും ഇത്രേം വൃത്തികെട്ടതു കണ്ടിട്ടില്ല."

"കിട്ടിപ്പോയി!"

കുഞ്ഞച്ചന്‍ പെട്ടെന്നു വെട്ടിത്തിരിഞ്ഞു.

പാറ്റയായിരിക്കും."

അവന്‍ ഗമനിച്ചില്ല. പറഞ്ഞിട്ടു കാര്യവും ഇല്ല. ഓട്ട വീണ ജട്ടി എല്ലാവര്‍ക്കുമുണ്ടെങ്കിലും അങ്ങനെ ഇല്ലായ്മ ആരും പുറത്ത് കാണിക്കാറില്ല.

"അല്ല,... ഇതു നോക്ക്."

അവന്‍ മെല്ലെ കൈകള്‍ വിടര്‍ത്തി. നീല നിറത്തില്‍ ഒരു നീളന്‍ ട്രൌസര്‍. രണ്ടു വശത്തും തുന്നിനു പാരലലായി വെള്ള നിറത്തില്‍ മൂന്നു വരകളുള്ള ഒരു കിടിലന്‍ ഷോര്‍ട്ട് ട്രൌസര്‍.

"അ...ഡി...ഡാ...സ്..."

ഞാന്‍ അറിയാതെ മന്ത്രിച്ചു കൊണ്ട് വാ പൊളിച്ചു.

"യേസ്. ദിസ് ഈസ് അഡിഡാസ്."

എന്‍റെ മരവിപ്പു മാറിയിരുന്നില്ല. പത്തെഴുന്നൂറ് രൂപാ വില വരുന്ന ഷോര്‍ട്ട്‍സ്. ഇവനിതൊറ്റക്ക് വാങ്ങിയെന്നോ. വിശ്വസിക്കാന്‍ വയ്യ.

അപ്പോഴേക്കും കണ്ണും തിരുമ്മിക്കൊണ്ട് അബുവും രംഗത്തെത്തി. നീല അഡിഡാസ് കണ്ട് അവനും ഞെട്ടി. അതിശയം പെട്ടെന്ന് വാപൊളിയായി, വാക്കായി.

"ബര്‍...മുഡ...!"

"ങും... നിന്നെപ്പോലുള്ള എച്ചികള്‍ക്ക് അങ്ങനെയും പറയാം. ദിസ് ഈസ് അഡിഡാസ്, യൂ നോ."

"പക്ഷേ, ഇതെന്തിന്...?"

"ഹ ഹ! പറയാം. നാളെ, വാലന്‍റൈന്‍സ് ഡേയാണ്. യൂ നോ, കമിതാക്കളുടെ ദിനം. ങാ, അബൂ, നാളെ എനിക്കും അവള്‍ക്കും ഈ വീടൊന്നു വേണം. പ്രൈവസിക്ക് പ്രശ്നമുണ്ടാവാന്‍ പാടില്ല. ഷീ ഈസ് വെരി പര്‍ട്ടിക്കുലര്‍ എബൌട് ഇറ്റ്. സോ, നിങ്ങള്‍ രാവിലെ സ്ഥലം കാലിയാക്കണം. ഓകേയ്?"

"അവളെന്നു വച്ചാല്?"

എന്‍റെ അമ്പരപ്പു മാക്സിമമായി. ഈ തടിമാടനും വാലന്‍റൈനോ!

"അവളെന്നു വച്ചാല്‍ രേഖ. എന്‍റെ പ്രിയതമ."

"രേഖയോ, ഏ... ഏതു രേഖ?"

അബുവിന്‍റെ മുഖം ചുളിഞ്ഞു. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"രേഖാ നായര്‍ ഫ്രം അന്‍ഡമാന്‍. അവള്‍ വരുമ്പോള്‍ ഞാന്‍ ഇതുടുത്തു നില്‍ക്കും. ലുങ്കിയിക്കെ നിങ്ങള്‍ കണ്ട്രികള്‍ ഉടുത്താല്‍ മതി. ഓകേയ്."

ഞാന്‍ ഞെട്ടി.

"രേഖച്ചേ...ച്ചി!"

"ഛേ, ചേച്ചിയോ?"

കുഞ്ഞച്ചന്‍ വെട്ടിത്തിരിഞ്ഞ് നാടോടിക്കാറ്റിലെ ദാസന്‍ സ്റ്റൈലില്‍ ഒന്നു ചിരിച്ചു.

"ചേച്ചിയെന്നും വിളിക്കാം, പക്ഷേ, യഥാര്‍ത്ഥത്തില്‍ അവള്‍ ഇനി മുതല്‍ നിന്‍റെ ചേട്ടത്തിയമ്മയാണ്. ഓകേയ്?"

എന്‍റെ അന്ധാളിപ്പു മാറിയിരുന്നില്ല. രേഖയെ കണ്ടു മുട്ടിയിട്ട് കഷ്ടിച്ച് രണ്ടാഴ്ചയായിക്കാണും. അതും ഞങ്ങളെല്ലാവരും കൂടെ ഒരുമിച്ച്. ഞാനതോര്‍ത്തു...

*****************

രണ്ടാഴ്ച മുമ്പ് പാര്‍ക്കില്‍ വച്ച് ഞങ്ങള്‍ മൂന്നു പേരും...

"എടാ, നിനക്ക് അക്കുത്തിക്കുത്തു കളിക്കാനറിയാമോ?"

കുഞ്ഞച്ചന്‍റെ പുതിയ സംശയം. എനിക്കു ദേഷ്യം വന്നു.

"കുത്ത് ഞാന്‍ വച്ചു തരും. രാത്രി കള്ളു കുടിക്കാന്‍ കാശില്ല. അപ്പഴാ അവന്‍റെയൊരു അക്കുത്ത്."

"എന്തു പറ്റി, ഒരല്‍ക്കുല്‍ത്ത് മൂഡ്?"

അബു കുഞ്ഞച്ചനെ തോണ്ടി.

"ഏയ്, ഇന്ന് സരിത ലൈബ്രറീല്‍ വച്ച് ചോദിച്ചു, അക്കുത്തിക്കുത്ത് കളിക്കുവല്ലേന്ന്. അറിയില്ലെന്നു പറഞ്ഞാല്‍ മോശമല്ലേ, മൂഡില്ല, നാളെയാക്കാം എന്നു പറഞ്ഞു."

"ദ്രോഹീ... ലൈബ്രറീ വച്ച് അക്കുത്തിക്കുത്തും തൊടങ്ങിയോ?"

"ഇക്കണക്കിനു പോയാല്‍ പമ്മന്‍ പുത്തകം വരെ ലൈബ്രറീല്‍ സ്റ്റോക്കിടേണ്ടി വരും."

"എടാ, ആ പെണ്‍പിള്ളാര് കുറേ നേരമായി നമ്മളെത്തന്നെ നോക്കിയിരിക്കുന്നു."

അബു ചൂണ്ടിക്കാണിച്ചു. ഞാന്‍ മുഖമുയര്‍ത്തി നോക്കി. രണ്ടു തളിരിളം കൂമ്പുകള്‍! കുഞ്ഞച്ചന്‍ പെട്ടെന്ന് ചീപ്പെടുത്ത് മുടി ചീകി നേരെയാക്കി, കര്‍ച്ചീഫെടുത്ത് മുഖം അമര്‍ത്തി തുടച്ച് ശൃംഗാരച്ചിരി ചിരിക്കാന്‍ തുടങ്ങി.

ഞങ്ങള്‍ ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോള്‍ പെണ്‍കുട്ടികള്‍ എഴുന്നേറ്റ് ഒരു ഹായ് പറഞ്ഞ് മെല്ലെ ഞങ്ങള്‍ക്കടുത്തു വന്നിരുന്നു.

"ഹെല്ലോ" അവള്‍.

"ഹെല്ലോ" അബു.

"ഹെല്ലോ" കുഞ്ഞച്ചന്‍.

"ഹെല്ലോ" മറ്റവള്‍.

ഇക്കണക്കിനു പോയാല്‍ അനിയത്തിപ്രാവു റിപ്പീറ്റാവുമെന്ന് എനിക്കു തോന്നി. ആ സീന്‍ കഴിഞ്ഞ് ചേട്ടന്മാരുടെ കൂടെയുള്ള അടിസീന്‍ ഒഴിവാക്കാമെന്നോര്‍ത്ത് ഞാന്‍ മിണ്ടാതെയിരുന്നു. അപ്പൊഴേക്കും അതില്‍ ഒരു കുട്ടി മൊബൈല്‍ ഫോണെടുത്ത് വിളി തുടങ്ങി.

"ആപ് ലോഗ് ലോ കോളേജ് മേ പഠ്തേ ഹെ?"

മറ്റവള്‍ ഞങ്ങളോട്. ഹിന്ദിയോ! കുഞ്ഞച്ചനും അബുവും ഞെട്ടി, ഞങ്ങളീ നാടിലേയുള്ളതല്ല എന്ന ഭാവത്തില്‍ താഴോട്ടു നോക്കിയിരുന്നു. രാഷ്ട്രഭാഷ അല്പസ്വല്പം പഠിച്ചതിന്‍റെ പ്രയോജനമോര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു.

"ഹാം... ബോലിയേ."

"നഹി, ഐസേ ഹി, ഹം ഇധര്‍ ബൈഠേ ഥേ, തോ കുഛ് ലോഗ് ഡിസ്റ്റര്‍ബ് കര്‍നേ ആയേ."

"കര്‍ത്താവേ. ഞാന്‍ നെഞ്ചത്ത് കൈ വച്ചു. ഇത് അനിയത്തിപ്രാവ് കേസ് തന്നെ.

"ക്യാ ഹുവാ?"

അപ്പോഴേക്കും മറ്റേ കുട്ടി ഫോണ്‍ സംഭാഷണം നിര്‍ത്തി.

"തും നേ ബതായി ഉന്‍സേ?"

"ഹാം..." അവള്‍ തല കുലുക്കി.

ഫോണ്‍ വിളി കഴിഞ്ഞു വന്നവള്‍ ഞങ്ങളെ ഒന്നു സൂക്ഷിച്ചു നോക്കി.

"മലയാളിയാണോ?"

കൊഞ്ചുന്ന മലയാളം, ഞങ്ങളുടെ പ്രിയപ്പെട്ട ഭാഷ. അത്രയും നേരം താഴോട്ടു നോക്കിയിരുന്ന കുഞ്ഞച്ചനും അബുവും പെട്ടെന്ന് മുഖമുയര്‍ത്തി. ജീവിതത്തിലാദ്യമായി മലയാളം പറയുന്ന മറ്റൊരാളെ കണ്ടതു പോലെ അതിശയത്തോടെ അവര്‍ മുഖമുയര്‍ത്തി.

"അതേ........"

ഇത്രക്ക് ഒത്തൊരുമയോടെ ഒരു വാക്ക് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു പറയുന്നത് അന്നാദ്യമായിട്ടായിരിക്കും. അത്രയും നേരം സാഹോദര്യത്തോടെ കഴിഞ്ഞ ഞങ്ങള്‍ ജന്മശത്രുക്കളെ പോലെ പരസ്പരം തുറിച്ചു നോക്കാന്‍ തുടങ്ങി.

"ഞാന്‍ രേഖ. ലോ കോളേജില്‍ ഫൈനല്‍ ഇയറിനു പഠിക്കുന്നു. ഇതെന്‍റെ റൂം മേറ്റ് മീനല്‍."

ഞങ്ങള്‍ ചിരിച്ചു.

പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ഇരമ്പിക്കൊണ്ട് പാര്‍ക്കിന്‍റെ ഒരു വശത്തു വന്നു നിന്നു. ഇതു കണ്ടതും രേഖ എഴുന്നേറ്റ് ഒറ്റ ഓട്ടം. ഞങ്ങള്‍ ശരിക്കും വിരണ്ടു. ഇവള്‍ വല്ല നക്സലൈറ്റോ തീവ്രവാദിയോ ആണോ എന്നു വരെ സംശയം ഉണര്‍ന്നു. കൈകള്‍ നിലത്തു കുത്തി, ഏതു നിമിഷവും എഴുന്നേറ്റോടാന്‍ പാകത്തില്‍ മുള്ളിന്മേല്‍ ചന്തി മുട്ടിച്ചെന്ന പോലെ ഇരിക്കുകയാണ് ഞങ്ങള്‍. അഞ്ചു മിനിറ്റുനുള്ളില്‍ പാര്‍ക്കില്‍ നിന്ന് ഏഴു ചെക്കന്മാരെയും പൊക്കി ജീപ്പു പറന്നു.

രേഖ ചിരിച്ചു കൊണ്ട് കൈകള്‍ താളത്തില്‍ വീശിക്കൊട്ടിക്കൊണ്ട് നടന്നു വന്നു.

"ഡണ്‍...!"

മറ്റവളും ചിരിച്ചു. പതിയെ ഞങ്ങളോട് കുശലപ്രശ്നങ്ങള്‍ തുടങ്ങി.

"എവിടെയാ നാട്?"

"കോ... കോ... കോഴിക്കോട്..."

"വാ... വാ... വയനാട്..."

"മ... മ... മലപ്പുറം..."

എല്ലാവരുടെയും സ്വരം വിറക്കുന്നു. ആര്‍ക്കും വലിയ ധൈര്യമൊന്നുമില്ലെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലായി. കഷ്ടിച്ച് ചിരി വരുത്തി ഇരിക്കുമ്പോളും നെഞ്ചിന്‍കൂടിനകത്ത് ഉലക്കയിട്ടിടിക്കുന്നതു പോലൊരു മേളമാണ്.

അല്പനേരത്തെ സല്ലാപത്തിനു ശേഷം അവര്‍ പിരിഞ്ഞു പോയി.

"ഹൊ! അവളുടെയൊരു ഗട്‍സ്...!"

കുഞ്ഞച്ചന്‍ പിടിച്ചു വച്ചിരുന്ന ദീര്‍ഘനിശ്വാസം അഴിച്ചുവിട്ടു.

***************

ആ രേഖയെയാണ്, വാലന്‍റൈന്‍സ് ഡേയില്‍, അതും ഈ തടിമാടന്‍!

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്ങനെ വിശ്വസിക്കും!

അന്ന് നേരം ഇഴഞ്ഞിഴഞ്ഞാണ് പോയത്. കന്നഡക്കാരന്‍ കുക്ക് ശ്രീനിവാസിനോട് ചായ പിന്നെയും പിന്നെയും വാങ്ങിക്കുടിച്ച് ഒരു വിധം വൈകുന്നേരമാക്കി, പെഗ്ഗിലേക്കു കടന്നു.

എത്ര പെഗ്ഗടിച്ചിട്ടും ഓഫാവുന്നില്ല. കിടന്നിട്ട് ഉറക്കം പോലും വരുന്നില്ല. നാളെ, വാലന്‍റൈന്‍സ് ഡേയാണ്. മറ്റൊരാളും വാലന്‍റൈന്‍സ് ഡേയുടെ തലേന്ന് മറ്റൊരുത്തന്‍റെ പ്രണയത്തെക്കുറിച്ചോര്‍ത്ത് ഇത്ര വേവലാതിപ്പെട്ടിട്ടുണ്ടാവില്ല.

കുഞ്ഞച്ചന്‍ ഒരു തുള്ളി കഴിച്ചിട്ടില്ല. രാവിലെ കണ്ണ് തടിച്ചിരിക്കും, അടിച്ചാല്‍. രേഖക്ക് മനസ്സിലായാല്‍ മോശമല്ലേ, ദ്രോഹി! അവന്‍ കട്ടിലില്‍ കിടന്ന് കാലാട്ടി സ്വപ്നം കാണുകയാണ്.

ഏതാണ്ട് പന്ത്രണ്ട് ദുസ്വപ്നങ്ങളെങ്കിലും കണ്ടു കാണണം, അന്നു രാത്രി.

"എവിടെടാ എന്‍റെ ട്രൌസര്‍ര്‍ര്‍??????"

രാവിലെ കുഞ്ഞച്ചന്‍റെ ആക്രോശം കേട്ടാണ് ഞാനുണര്‍ന്നത്. നേരം ആറരയായതേയുള്ളു. ബാഗും അലമാരിയും തുണിയും ബെഡ്‍ഷീറ്റുമെല്ലാം അവിടവിടെ കിടക്കുന്നു. എന്‍റെ ലുങ്കി വരെ വാതിലിന്‍റെ മൂലക്കല്‍ കിടക്കുന്നു. ഞാന്‍ ഓടിച്ചെന്ന് അതെടുത്ത് വാരിച്ചുറ്റി. അബു വാതില്‍ക്കല്‍ അന്തം വിട്ട് നില്‍ക്കുന്നു.

"എന്താടാ?"

ചോദ്യം കേട്ട് കുഞ്ഞച്ചന്‍ കലിപ്പോടെ എന്‍റടുത്തു വന്നു.

"സത്യം പറയെടാ, നീയല്ലേ എന്‍റെ ട്രൌസറെടുത്തത്?"

"എനിക്കതല്ലേ പണി, അവിടെവിടെങ്കിലും കാണും. തപ്പിയെടുക്ക്."

ഞാന്‍ ശ്രീനിവാസ് കൊണ്ടുത്തന്ന ചായ ഒരു കവിള്‍ മൊത്തി. കുഞ്ഞച്ചന്‍ അരിശത്തോടെ വീണ്ടും വലിച്ചു വാരിയിടാന്‍ തുടങ്ങി. അബു നിസ്സഹായതയോടെ കുഞ്ഞച്ചനെ ഒന്നു നോക്കിയ ശേഷം പത്രമെടുത്തു നിവര്‍ത്തി.

"ട്രൌസര്‍ കളഞ്ഞു പോയി. യുവാവ് ജട്ടിയിട്ടു തിരയുന്നു."

അബു പത്രത്തിലെന്ന പോലെ. കുഞ്ഞച്ചന്‍ കൃദ്ധനായി അബുവിനെ ഒന്നു നോക്കിയ ശേഷം തിരച്ചില്‍ തുടര്‍ന്നു.

"എടാ പപ്പൂസേ, ഈ ബര്‍മുഡ ട്രയാംഗിള്‍ എന്നു പറയുന്നത് ഏതാണ്ടെല്ലാം കാണാതെ പോകുന്ന സ്ഥലമല്ലേ?"

ഇതോടെ കുഞ്ഞച്ചന്‍റെ നിയന്ത്രണം വിട്ടു. അവന്‍ പാഞ്ഞു വന്ന് പത്രം തട്ടിപ്പറിച്ച് പന്ത്രണ്ടു കഷണമാക്കി കീറിയെറിഞ്ഞു. ശബ്ദം കേട്ട് അടുക്കളയില്‍ നിന്ന് ശ്രീനിവാസ് ഓടിക്കിതച്ചു വന്നു.

"ഏനില്ല, നീവു ഹോഗി."

ഞാന്‍ ശ്രീനിവാസിനെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു. തിരിഞ്ഞു നടക്കുന്ന ശ്രീനിവാസിന്‍റെ മടക്കിക്കുത്തിയ ലുങ്കിക്കടിയിലെ നീല്ലക്കളര്‍ ഞാനപ്പോളാണ് ശ്രദ്ധിച്ചത്. ഞാന്‍ മെല്ലെ അടുക്കളവാതില്‍ക്കല്‍ ചെന്ന് എത്തി നോക്കി.

ഉപ്പുമാവിന് കുനിഞ്ഞ് നിന്ന് എണ്ണ ചൂടാക്കുന്ന ശ്രീനിവാസിന്‍റെ ലുങ്കിക്കടിയിലെ അണ്ടര്‍വെയറിന്‍റെ, ഡ്രോയറിന്‍റെ തുമ്പ്, നീല നിറമുള്ള, വശങ്ങളില്‍ വെള്ള വരയുള്ള അഡിഡാസ്...!!

എനിക്കു ചിരിയടക്കാനായില്ല. ഞാന്‍ അബുവിനെ വിളിച്ചു. കാഴ്ച കണ്ട് അബുവിനും ചിരിയടക്കാനായില്ല. ഞങ്ങളുടെ ചിരി കണ്ട് സംശയം തോന്നിയ കുഞ്ഞച്ചന്‍ അങ്ങോട്ട് പാഞ്ഞു വന്നു. സ്തബ്ധനായി! വ്രണിതഹൃദയനായി!! പരവേശനായി!!!

ശ്രീനിവാസ് ചൂടായ എണ്ണയിലേക്ക് അരിഞ്ഞു വച്ച സവാള ചൊരിഞ്ഞു.

ശ്..ശ്...ശ്ശ്...ശ്ശ്....ശ്...ശ്ശ്...

ചീനച്ചട്ടിയില്‍ നിന്നും പുകഞ്ഞു പൊങ്ങുന്ന ശബ്ദത്തിനും മീതെ ഒരു ആര്‍ത്തനാദം കേട്ട് ശ്രീനിവാസ് ഞെട്ടിത്തിരിഞ്ഞു.

"ശ്രീനിവാ.....സ്...സ്....സ്സ്....സ്..സ്സ്...!!!! നീവു യാക്കെ നമ്മ ട്രൌസര്‍ ഹാക്കിദ്ദൂ....??!!"

കുഞ്ഞച്ചന്‍റെ അലര്‍ച്ച കേട്ട് ശ്രീനിവാസ് നിന്നു വിറച്ചു.

"അദു... നാനു... നനഗെ... കിച്ചണല്ലി.... സീക്... സീക്‍തു...."

"ബിച്ചൂ..." (ഊര്...)

ശ്രീനിവാസ് നൊടിയിടക്കുള്ളില്‍ ട്രൌസര്‍ ഊരി കുഞ്ഞച്ചന്‍റെ കയ്യില്‍ കൊടുത്തു.

കുഞ്ഞച്ചന്‍ തിരിഞ്ഞു നടന്നു. സംശയത്തോടെ ഒരു നിമിഷം നിന്നു. ട്രൌസറിലേക്കും ശ്രീനിവാസിന്‍റെ ലുങ്കിയിലേക്കും മാറിമാറി നോക്കി.

പെട്ടെന്ന് ഓടിച്ചെന്ന് ശ്രീനിവാസിന്‍റെ ലുങ്കി പിടിച്ച് പൊക്കി നോക്കി.

"ഇയ്യാള് വേറൊന്നും ഇട്ടിട്ടില്ലെടാ..."

കരച്ചിലിന്‍റെ വക്കത്തെത്തിയ കുഞ്ഞച്ചന്‍ ട്രൌസര്‍ ശ്രീനിവാസിന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് നേരെ റൂമില്‍ ചെന്ന് കട്ടിലില്‍ കമിഴ്‍ന്നു വീണ് ഏങ്ങാന്‍ തുടങ്ങി.

അടുക്കളയില്‍ നിന്നും ശ്രീനിവാസിനെ സമാധാനിപ്പിച്ചു വന്ന ഞങ്ങള്‍ കണ്ടത് റൂമിന്‍റെ വാതില്‍ക്കല്‍ കണ്ണു തള്ളി നില്‍ക്കുന്ന രേഖയെയാണ്.

"കുഞ്ഞച്ചന്‍?"

അവള്‍ സംശയത്തോടെ ചോദിച്ചു. ഞങ്ങള്‍ കട്ടിലിലേക്ക് വിരല്‍ ചൂണ്ടി. അവളുടെ കണ്ണ് വീണ്ടും തള്ളി. ഞങ്ങള്‍ അകത്തേക്ക് ഏന്തി നോക്കി.

കട്ടിലിനു മുകളില്‍ വെറും ജട്ടിയില്‍ കമിഴ്‍ന്നു കിടക്കുന്ന കുഞ്ഞച്ചന്‍റെ ജട്ടിയുടെ പിറകില്‍ ആറു തുളകള്‍!

രേഖ പുറത്തേക്കു നടന്നു. ഞാന്‍ പിന്നാലെ ചെന്നു. ഒരു കെട്ടു പുസ്തകങ്ങള്‍ എന്‍റെ കയ്യില്‍ തന്നിട്ട് അവള്‍ പറഞ്ഞു.

"തേഡ് ഇയറിന് ഇപ്പഴേ പ്രിപ്പയര്‍ ചെയ്യാന്‍ പുസ്തകങ്ങള്‍ വേണംന്ന് കുഞ്ഞച്ചന്‍ പറഞ്ഞിരുന്നു. അമ്പലത്തില്‍ വരുന്ന വഴി ഇവിടെ കാണാമെന്നു പറഞ്ഞു. ഇതു കൊടുത്താല്‍ മതി."

നടക്കുന്നതിനിടയില്‍ അവള്‍ ഒന്നു തിരിഞ്ഞു നിന്നു ചിരിച്ചു.

"ഹാപ്പി വാലന്‍റൈന്‍സ് ഡേ റ്റു യൂ ഓള്‍. അവനോടും പറഞ്ഞേക്ക്, എണീക്കുമ്പോ."

സംഗതിയുടെ കിടപ്പുവശം അപ്പോളാണ് ഞങ്ങള്‍ക്കു പിടി കിട്ടിയത്.

ഞാന്‍ അകത്തു ചെന്നു. അബുവും. പുസ്തകങ്ങള്‍ ഞാന്‍ അവന്‍റെ ദേഹത്തേക്ക് കുടഞ്ഞിട്ടു. ചാടിയെണീറ്റ കുഞ്ഞച്ചന്‍ തുളകള്‍ മറച്ചു പിടിച്ച് ഞങ്ങളെ നോക്കി.

"അവളെവിടെ? വന്നോ?"

ഞാന്‍ അബുവിനെ കണ്ണിറുക്കി കാണിച്ചു.

രണ്ടു കൈകളും മുകളിലേക്കു ചേര്‍ത്തു പിടിച്ച്, കുഞ്ഞച്ചന്‍റെ നടുമ്പുറത്തിട്ടു പെരുക്കി ഉറക്കെ ചിരിച്ചുകൊണ്ട് ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു.

"അ....ടി....ദാ....സ്....!!!!!!"

ജാള്യത്തില്‍ നിന്നും മെല്ലെ പടി കയറി വന്ന കുഞ്ഞച്ചനും ഞങ്ങളുടെ പൊട്ടിച്ചിരിയില്‍ പങ്കു ചേര്‍ന്നു.

***************

ദിവസങ്ങള്‍ക്കു ശേഷം അബു എന്നോടു പറഞ്ഞത്:
കുഞ്ഞച്ചന്‍റെ പുതിയ അഡിഡാസ് ഷോര്‍ട്‍സ് കണ്ട് അസൂയ മൂത്ത അബു പാതിരാക്ക് ബാഗില്‍ നിന്നും തപ്പിയെടുത്ത് രാത്രി മുഴുവന്‍ അതു പന്താക്കി ഫുട്‍ബോള്‍ കളിച്ച്, അടുക്കള വാതിലിലൂടെ ഒരു ഗോളും അടിച്ചാണത്രേ കിടന്നത്. ആ മൂലയില്‍ നിന്നും കിട്ടിയ ശ്രീനിവാസ് പഴയതാണെന്നു കരുതിയിട്ടാവും എടുത്തിട്ട് നോക്കിയത്! ഈ വിവരം ഇതു വായിക്കും വരെ കുഞ്ഞച്ചനറിയില്ല. അബു ഭാഗ്യവശാല്‍ ദുബായിലാണ് എന്നതു കൊണ്ടും ഇനി രണ്ടു വര്‍ഷമെങ്കിലും കഴിയാതെ മടങ്ങി വരില്ല എന്നതു കൊണ്ടും ഈ രഹസ്യം ഞാന്‍ ഇപ്പോള്‍ വെളിച്ചത്താക്കുന്നു.

Monday, December 15, 2008

ഇദ്ദാണ് ചേട്ടായീ സാമ്പാറ്...!

മൈസൂര്‍...

എന്‍റെ വേണ്ടാത്തീനങ്ങളുടെ വിരല്‍പ്പാടുകള്‍ ഇപ്പോഴും പേറുന്നുണ്ട്, ഇവിടത്തെ ഓരോ ബാറിലെയും മൂത്രപ്പുരകള്‍. വിശാലമായ സ്വാതന്ത്ര്യത്തിന്‍റെ പടിവാതില്‍ തള്ളിത്തുറന്ന് ഞാന്‍ വച്ച ഓരോ ചുവടും തിരിച്ചറിവുകളുടെ അടയാളങ്ങളായിരുന്നു. പുതിയ പുതിയ ബ്രാന്‍ഡുകള്‍, അളവുകള്‍, ആദ്യത്തെ ഓണ്‍ ദ റോക്സ്, കടിച്ചു തുറക്കുമ്പോള്‍ കവിളു കീറിത്തന്ന ബിയര്‍ ബോട്ടില്‍, മുലപ്പാലു വരെ പുറത്തെത്തിച്ച് ആമാശയം വൃത്തിയാക്കിത്തന്ന ഓസീയാറിന്‍റെ പരിശുദ്ധമായ എട്ടാം പെഗ്ഗ്....

ഓര്‍മ്മകള്‍ക്ക് നാടന്‍ വാറ്റിന്‍റെ നറുമണം...

ഒരു ദിവസം...

"ഹരിശ്രീ ഗണപതായേ നമ: അവിഘ്നമസ്തു..."

വെള്ളക്കടലാസില്‍ ഇത്രയും കുറിച്ച് വച്ച ശേഷം കുഞ്ഞച്ചന്‍ പേനയെടുത്ത് പോക്കറ്റില്‍ കുത്തി.

"ഇന്നത്തെ അജണ്ട, ശാസ്ത്രീയമായി ജൂനിയേഴ്സിനെ എങ്ങനെ റാഗ് ചെയ്യാം. എല്ലാരും അതിന്‍റെ പേരിലൊരു ചീയേഴ്സ് അടിച്ചേ."

"ചീയേഴ്സ്..."

ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി. കുഞ്ഞച്ചന്‍ ഒരു സിപ്പടിച്ച ശേഷം ഒരു സിഗരറ്റ് കൊളുത്തി.

"ഫസ്റ്റ് ഇയര്‍ പിള്ളേരൊക്കെ സാമാന്യം സംഘടിതശക്തികളായി വലര്‍ന്നു കഴിഞ്ഞു. ഭിന്നിപ്പിച്ചു കാര്യം കാണുക എന്ന ഭരണതന്ത്രം പ്രയോഗിക്കേണ്ട സമയമായിരിക്കുന്നു."

"ഇനി റാഗിങ്ങൊന്നും നടപ്പില്ലളിയാ!"

ബേസിക്ക് എന്ന ബേസിക്കലി ഒറ്റ വലിക്കു ഗ്ലാസ്സു കാലിയാക്കി.

"കുട്ട്യാളൊക്കെ ഇപ്പോ ഞമ്മളെ തട്ടുമ്പൊറത്തു കേറീങ്ങാണ്ടല്ലേ കളി. പ്രിന്‍സി പോലീസുമൊറ എടുത്തും തുടങ്ങി."

വര്‍ക്കിച്ചന്‍ ക്രുദ്ധനായി ബേസിക്കിനെ നോക്കി. അബ്ദുല്‍ അലി എന്ന അലിയെ ബേസിക്കാക്കി മാറ്റിയത് വര്‍ക്കിച്ചന്‍റെ കുശാഗ്രബുദ്ധിയാണ്. ഒരനുബന്ധമായി ആ കഥയിലേക്കൊന്നു കണ്ണോടിക്കാം. പേരുമായി യാതോരു സംബന്ധവുമില്ലാത്ത വട്ടപ്പേരു വീണ കഥ.

സെക്കന്‍റ് ഇയറില്‍ ലീഗല്‍ ഹിസ്റ്ററി പഠിപ്പിക്കുന്ന മഹാദേവസ്വാമി സാറിന്‍റെ ഒരു വീക്ക്‍നെസ്സില്‍ തൂങ്ങിയാണ് സംഭവത്തിന്‍റെ തുടക്കം. ഇംഗ്ലീഷിലെ തന്‍റെ അഗാധപാണ്ഡിത്യം പ്രകടിപ്പിക്കാനായി മഹാദേവസ്വാമിസാര്‍ കാണിക്കുന്ന ഒരു നമ്പറുണ്ട്. ഉപയോഗിക്കുന്ന വാചകങ്ങളുടെയെല്ലാം ഇടയില്‍ പുള്ളി ചുമ്മാ, ’ആക്‍ച്വലി, പര്‍ട്ടിക്കുലര്‍ലി, അള്‍ട്ടിമേറ്റ്‍ലി, ബേസിക്കലി, കണ്‍സെപ്‍ച്വലി’ എന്നീ വാക്കുകള്‍ തിരുകിക്കയറ്റും.

ഫോര്‍ എക്സാംപിള്‍,

"ദ ബ്രിട്ടീഷ് ഗവണ്മന്‍റ് ഇനാക്‍റ്റഡ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ് ഇന്‍ 1863" എന്ന വാചകം മഹാദേവസ്വാമിസാര്‍ പറയുമ്പോള്‍

"ആക്‍ച്വലി സ്പീക്കിങ്, ദ ബ്രിട്ടീഷ് ഗവണ്മന്‍റ് കണ്‍സെപ്‍ച്വലി ഇനാക്‍റ്റഡ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ് അള്‍ട്ടിമേറ്റ്‍ലി ഇന്‍ 1863" എന്നായിരിക്കും.

ഈ ആക്‍ച്വലി-പര്‍ട്ടിക്കുലര്‍ലികളെ വര്‍ഗ്ഗം തിരിച്ച് എണ്ണം പിടിക്കലാണ് ക്ലാസ്സില്‍ ഞങ്ങളുടെ പ്രധാന ഹോബി. ഇന്നു വരെയുള്ള ഏറ്റവും വലിയ റെക്കോഡ് എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍, മുപ്പത്തിയേഴ് ആക്‍ച്വലികളാണ്. മിക്കവാറും എല്ലാ പിള്ളേരുടെയും ടൈംപാസ്സ് നോട്ടുബുക്കില്‍ കൂടുതലും കാണുന്നത് ഈ ’ലി’ വാക്കുകളും അവയുടെ എണ്ണവുമാണ്.

അലി ക്ലാസ്സില്‍ കയറാന്‍ പൊതുവേ മടിയനാണ്. കയറിയാല്‍, പക്ഷേ, അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാതോരു ഉപദ്രവവുമുണ്ടാക്കില്ല. സ്വസ്ഥമായി ഒരു മൂലക്കിരുന്ന്, കയ്യും മടക്കി ഡെസ്കില്‍ തല ചായ്‍ച്ച് ഉറങ്ങിക്കോളൂം.

ഒരു ദിവസം അലി മഹാദേവസ്വാമി സാറിന്‍റെ ക്ലാസ്സില്‍ കയറി.

സാറ് തകര്‍ത്തു പഠിപ്പിക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അലി തകര്‍ന്നു വീണുറങ്ങാനും തുടങ്ങി. ഉറക്കം ഏതാണ്ട് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോളാണ് അതു സംഭവിച്ചത്.

വര്‍ക്കിച്ചന്‍ അലിയെ തട്ടിയുണര്‍ത്തി.

"എടാ, സാറ് നിന്നെ വിളിക്കുന്നു."

അലി ഞെട്ടിയെണീറ്റു സാറിനെ നോക്കി. സാര്‍ ബേസിക്കലി, കണ്‍സെപ്‍ച്വലി, പര്‍ട്ടിക്കുലര്‍ലി എന്നൊക്കെ തകര്‍ത്തു പറയുന്നുണ്ട്. പക്ഷേ, നല്ല ഉറക്കച്ചടവില്‍ ആ പറയുന്നതിലെയെല്ലാം ’ലി’ എന്ന ശബ്ദം മാത്രമേ നമ്മുടെ അലി കേള്‍ക്കുന്നുള്ളു. അതോടെ വിളിച്ചത് തന്നെത്തന്നെയെന്നുറപ്പിച്ച് അലി എഴുന്നേറ്റു നിന്നു.

ബോര്‍ഡില്‍ എന്തോ എഴുതിക്കൊണ്ട് ’ബേസിക്കലി’ എന്നും പറഞ്ഞ് സാറ് തിരിഞ്ഞു നോക്കുമ്പോള്‍ അലി എഴുന്നേറ്റു നില്‍ക്കുന്നു.

"വാട്ടലി?"

സാര്‍ അദ്ഭുതത്തോടെ ചോദിച്ചു. തന്നോട് ബോര്‍ഡില്‍ എഴുതിയ എന്തോ എക്സ്‍പ്ലെയിന്‍ ചെയ്യാനാണ് സാറ് പറഞ്ഞതെന്നു കരുതി അലി വിറച്ചു തുടങ്ങി. തൊണ്ടയിലൂടെ ഉമിനീരൊലിക്കുന്ന ശബ്ദം താന്‍ കേട്ടെന്ന് വര്‍ക്കിച്ചന്‍റെ അവകാശവാദം.

അലി ദയനീയമായി വരാ‍ക്കിച്ചനെ നോക്കി. വര്‍ക്കിച്ചന്‍ പതിയെ തന്‍റെ നോട്ടൂബുക്കെടുത്ത് ഒരു പേജിലേക്ക് വിരല്‍ ചൂണ്ടി.

"വാട്ടലി?"

സാറ് വീണ്ടും ചോദിച്ചു. ഉറക്കം ഇനിയും പൂര്‍ണ്ണമായി തെളിഞ്ഞിട്ടില്ലാത്ത അലി ഉത്തരമാണെന്നു കരുതി വര്‍ക്കിച്ചന്‍ ചൂണ്ടിക്കാണിച്ച സംഗതി കൂട്ടി വായിച്ചു.

"ആക്ऽച്വലി - സെവന്‍റീന്‍, ബേസിക്കലി - ട്വന്‍റി വണ്‍, അള്‍ട്ടിമേറ്റ്‍ലി - ത്രീ, പര്‍ട്ടിക്കുലര്‍ലി - ഇലവണ്‍...."

അതു വര്‍ക്കിച്ചന്‍റെ അന്നത്തെ കണക്കെടുപ്പായിരുന്നെന്ന് അലിക്കപ്പോഴാണ് ബോദ്ധ്യം വന്നത്. വിറച്ചു കൊണ്ട് അലി മുഖമുയര്‍ത്തി നോക്കി.

സ്വതവേ കറുത്തിരുണ്ട മഹാദേവസ്വാമി സാറിന്‍റെ മുഖത്തൊരു രക്തക്കടലിരമ്പുന്നു. മീശത്തുമ്പു വിറക്കുന്നു. ഇടതു കൈ ഡസ്റ്ററിന്‍റെ മാനം പിച്ചിച്ചീന്തുന്നു. ചോക്കുകഷണം ഇപ്പോള്‍ പറന്നു കളയും എന്ന ഭാവത്തില്‍ വിരലുകള്‍ക്കിടയിലിരുന്നു പുളയുന്നു....

"ഗെറ്റൌട്ടലി...!!!!!!"

ഇത്രയും ഉച്ചത്തിലുള്ള ഗെറ്റൌട്ട് ആദ്യമായാണ് ആ ക്ലാസ്സിലെ ചുമരുകള്‍ കേള്‍ക്കുന്നത്. അതു കൊണ്ടു തന്നെ അവ നല്ല പ്രതിധ്വനി മുഴക്കി. തമാശ കണ്ട് ഇത്രയും നേരം ആസ്വദിച്ചു ചിരിച്ചുകൊണ്ടിരുന്ന വര്‍ക്കിച്ചന്‍ വരെ നടുങ്ങി തല താഴ്‍ത്തി. അലി മുന്‍പിന്‍ നോക്കാതെ പുറത്തേക്കോടി.

അന്നു മുതല്‍ അലി ബേസിക്കലിയായി. അതിലെ അലി വീണ്ടും ലോപിച്ച് ബേസിക്കായി.

അപ്പോള്‍ പറഞ്ഞു കൊണ്ടിരുന്നത്, നമ്മുടെ ചര്‍ച്ചയുടെ കാര്യം. റാഗിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ച. ഗ്ലാസ്സുകളും കുപ്പികളും നിരന്തരം കാലിയായിക്കൊണ്ടിരുന്നു എന്നല്ലാതെ ചര്‍ച്ച എവിടെയും എത്തി നില്‍ക്കുന്നില്ല.

"ദേഹോപദ്രവം പൂര്‍ണ്ണമായും നിര്‍ത്തണം. പോലീസുകേസ് ആയാല്‍ വലിയ പുലിവാലാ."

കുഞ്ഞച്ചന്‍ ഇതും പറഞ്ഞ് വര്‍ക്കിച്ചനെ നോക്കി. കുഞ്ഞച്ചന്‍ മാത്രമല്ല, എല്ലാവരും വര്‍ക്കിച്ചനെ നോക്കി. വെറുതെ നോക്കിയതല്ല, നോട്ടത്തില്‍ കാര്യമുണ്ട്. പണ്ടോരു കേസില്‍ പുലിവാലല്ല, ശിമ്മന്‍ സിംഹവാലു തന്നെ പിടിച്ചവനാണ് വര്‍ക്കിച്ചന്‍. ആ കഥ കൂടെ പറഞ്ഞെങ്കിലേ ഈ കഥ പൂര്‍ണ്ണമാവുകയുള്ളൂ.

കഴിഞ്ഞ വര്‍ഷത്തെ പുതുക്കപ്പിള്ളേര്‍ കോളേജില്‍ ചേര്‍ന്ന സമയം. ഇന്നത്തെപ്പോലെയല്ല. റാഗിങ്ങിനു മുമ്പ് വലിയ പ്രിക്കോഷനൊന്നും ആരും എടുക്കാറുണ്ടായിരുന്നില്ല. ഫ്രെഷേര്‍സിനിടയിലെ ജഗജില്ലികള്‍ പോലും ഞങ്ങളെക്കണ്ട് മുട്ടിടിച്ചു നടന്നിരുന്ന കാലം.

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആകപ്പാടെ മീശയുള്ള ഒറ്റയൊരുത്തനാണ് കിണ്ണന്‍ എന്നു വിളിക്കപ്പെടുന്ന കൃഷ്ണകുമാര്‍. സീനിയേഴ്സായ ഞങ്ങള്‍ക്കു പോലും മീശയില്ല. ഫസ്റ്റ് ഇയറിലെ പൊടിച്ചെക്കന് മീശയോ. വര്‍ക്കിച്ചന് അതു വലിയ അപമാനമായിത്തോന്നി. വര്‍ക്കിച്ചനു മാത്രമല്ല, ഞങ്ങള്‍ക്കെലാവര്‍ക്കും. പോരാത്തതിന് ഞങ്ങള്‍ സ്വന്തമെന്നു കരുതി അഹങ്കരിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ വരെ കിണ്ണനെന്ന മലയാളിയുടെ മീശയെക്കുറിച്ച് കണ്ട കന്നഡക്കാരികളോടും ബംഗാളിപ്പെണ്ണുങ്ങളോടും എന്തിന്, കെനിയാക്കാരിയായ ജാക്വിലിനോടൂം (ഈ ജാക്വിലിനെ ഞാനൊന്നു ട്യൂണ്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്, കഥ പിന്നെ പറയാം) വരെ അഭിമാനപുരസ്സരം സംസാരിക്കുന്നു. ഞങ്ങള്‍ക്കും അഭിമാനമില്ലേ!

വര്‍ക്കിച്ചന് ഞങ്ങളുടെ ക്ലാസ്സിലെ പ്രിയങ്കയോട് ഒരു പ്രത്യേക സ്നേഹമാണ്. പുറത്തു കാണിക്കാന്‍ പേടിയാണെങ്കിലും അവന്‍റെ നോട്ടുബുക്കില്‍ ഒന്നു രണ്ടു കവിതകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്.

"പ്രിയേ പ്രിയമങ്കേ...
കൃസ്തുമസ്സ് രാവില്‍
പുല്‍ക്കൂട്ടില്‍ വിരിയുന്ന
മന്ദാരപുഷ്പമേ, പ്രിയമങ്കേ..."

എന്ന മാന്യമഹാകവി വര്‍ക്കിച്ചന്‍റെ കവിതയിലെ പ്രിയമങ്ക ആരാണെന്ന് ഞങ്ങള്‍ക്കറിയാം. ആ പ്രിയങ്കക്കു വരെ കിണ്ണന്‍റെ മീശയോട് ആരാധന. സഹിക്കാന്‍ കഴിയുമോ?

"അല്ല, ഒരു മീശയുണ്ടെന്നു കരുതി, അതൊക്കെ വലിയ കാര്യമാണോ?"

രോമമില്ലാത്ത മീശ ചൊറിഞ്ഞു കൊണ്ട് വര്‍ക്കിച്ചന്‍ പ്രിയങ്കയോടു ചോദിച്ചു.

"നിങ്ങള്‍ക്കൊക്കെ നല്ല മുടിയുള്ള പെണ്‍പിള്ളാരോട് പ്രത്യേക ആരാധന തോന്നാറില്ലേ? അതൊക്കെത്തന്നെ."

ഹെന്ത്! തങ്ങള്‍ക്ക് മുടിയുള്ള പെണ്‍കുട്ടികളോട് തോന്നുന്ന അതേ തോന്നലാണോ പ്രിയങ്കക്ക് മീശയുള്ള കിണ്ണനോട് തോന്നുന്നത്! വര്‍ക്കിച്ചന്‍ ആകെ അപമാനിതനായി എന്നു പറയേണ്ടതില്ലല്ലോ. സ്വന്തമായി ഒരു മീശ വെക്കണമെന്നു മാത്രമല്ല, കിണ്ണന്‍റേതു വടിപ്പിക്കണമെന്നു കൂടെ അന്നു രാത്രി മൂന്നാമത്തെ പെഗ്ഗില്‍ വര്‍ക്കിച്ചന്‍ ദൃഢപ്രതിജ്ഞ ചെയ്തു.

പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ നേരം. ഞങ്ങളെല്ലാവരും വര്‍ക്കിച്ചന്‍റെ നേതൃത്വത്തില്‍ പുറത്ത് ബൈക്കും ചാരി കാത്തു നിന്നു. കോറിഡോറു കടന്ന്, ഡോണ, വൃന്ദ, സബീന, ലതിക എന്നീ നാലു സുന്ദരിമാരുടെ അകമ്പടിയോടെ കിണ്ണന്‍ നടന്നു വരുന്നു. വര്‍ക്കിച്ചന്‍ ഇല്ലാത്ത മീശ പിരിച്ചു. പെണ്‍കുട്ടികള്‍ നാലും തിരിഞ്ഞു നടന്ന് ഹോസ്റ്റലില്‍ കയറി. കിണ്ണന്‍ പുറത്തേക്കിറങ്ങി വന്നു, ഞങ്ങളെ വക വക്കാതെ നടന്നു നീങ്ങി.

"ഡാ..."

വര്‍ക്കിച്ചന്‍ വിളിച്ചു. കിണ്ണന്‍ തിരിഞ്ഞു നോക്കി.

"ചേട്ടന്മാരെയൊക്കെ കണ്ടാല്‍ ഒരു ഗുഡ്മോണിംഗ് പറഞ്ഞൂടേടാ?"

"ഗുഡ്മോണിംഗ് ചേട്ടായിമാരേ."

അവന്‍ വിനീതവിധേയനായി.

"ഈ മീശ നിനക്ക് ജനിച്ചപ്പോളേ ഉള്ളതാണോടാ?"

കുഞ്ഞച്ചന്‍ കിണ്ണന്‍റെ മീശയൊന്നു തൊട്ടു തലോടി.

"അ... അല്ല..."

"എന്നാല്‍ നാളെ വടിച്ചോണ്ടു വന്നോണം. പിന്നെ കോളേജു വിടും വരെ വക്കാമ്പാടില്ല." വര്‍ക്കിച്ചന്‍.

കിണ്ണന്‍ ഒന്നും മിണ്ടിയില്ല. "പറഞ്ഞതു കേട്ടില്ലേടാ?"

കുഞ്ഞച്ചന്‍റെ ഒച്ച പൊങ്ങി.

"ങും... ങും..."

"ഉം... എന്നാ പൊക്കോ..."

കിണ്ണന്‍ നടന്നകന്നു.

പിറ്റേന്നു രാവിലെ കിണ്ണന്‍റെ മീശയില്ലാത്ത മുഖം പ്രിയങ്കയടക്കമുള്ള പെണ്‍കുട്ടികള്‍ കണ്ടു മൂക്കത്തു വിരല്‍ വച്ചേക്കാവുന്ന സീന്‍ മനസ്സിലോര്‍ത്ത് സന്തോഷിച്ച വര്‍ക്കിച്ചന്‍റെ വക ഫ്രീയായിരുന്നു എല്ലാവര്‍ക്കും അന്നു രാത്രിയിലെ പെഗ്ഗുകള്‍.

രാവിലെ. കത്തി വച്ചു നില്‍ക്കുന്ന വര്‍ക്കിച്ചനെ കുഞ്ഞച്ചന്‍ തോണ്ടി വിളിച്ചു.

"ദോണ്ടെ വര്‍ക്കിച്ചാ, അവന്‍ വരുന്നു. വടിച്ചിട്ടില്ല!"

"ങേ!!!!!"

വര്‍ക്കിച്ചന്‍ എട്ടു ദിക്കും പൊട്ടുമാറ് ഞെട്ടി. കണ്ണു തുറിച്ചു നോക്കി. ഇല്ല, വടിച്ചിട്ടില്ല.

"ഡാ.........യ്.......!!!!!!"

തമിഴ് സിനിമയിലെ വില്ലന്മാരെ വെല്ലുന്ന വിധത്തില്‍ അലറിക്കൊണ്ട് വര്‍ക്കിച്ചന്‍ കിണ്ണന്‍റെയടുത്തേക്കു ചെന്നു. കിണ്ണന്‍ നിന്നു വിറച്ചു.

"ചേട്ടായീ.... ഞാ... ഞാന്‍..."

വര്‍ക്കിച്ചന്‍ നിന്നു ചുകന്നു വിറച്ചു.

"കള്ള മൈ.....#%*!&@.... മുട്ടുകാലു ഞാന്‍ കേറ്റും, വടിച്ചോണ്ടു വാടാ...." അലറല്‍.

കിണ്ണനു പക്ഷേ, മീശ അഭിമാനപ്രശ്നമായിരുന്നു. എങ്കിലും അവന്‍ തിരിച്ചു നടന്നു.

"തിരിച്ചു വരുമ്പോ മീശയെങ്ങാനും കണ്ടാല്‍.... മൈ.....മോനേ, കണ്ടിച്ച് കുക്കരള്ളി കായലിലിടും ഞാന്‍, മീശയല്ല, നിന്നെ. കേട്ടോടാ..."

വര്‍ക്കിച്ചന്‍ ഉണ്ടക്കണ്ണുരുട്ടി.

സമയം മെല്ലെ നീങ്ങി. ഉച്ചയാകാറായി കിണ്ണനെ കാണാനില്ല. അപ്പോഴേക്കും അബു ഓടി വന്നു.

"എടാ വര്‍ക്കിച്ചാ, നീയാ കിണ്ണനെ റാഗുയ് ചെയ്തോ?"

"ങാ... ഞാനൊന്നു വിരട്ടി. എന്തേ? പാടില്ലേ?"

"അവന്‍ നേരെ അവന്‍റൊരു ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍റടുത്തോട്ടാ പോയത്. അയാളു പ്രിന്‍സിയെ വിളിച്ചു. സംഗതി പ്രശ്നമായിട്ടൊണ്ട്. പ്രിന്‍സി പോലീസില്‍ കംപ്ലയിന്‍റ് ചെയ്തോളാന്‍ പറഞ്ഞു."

അതോടെ വര്‍ക്കിച്ചന്‍റെ മസിലുകള്‍ മൊത്തം ലൂസായി.

"എടാ, ഞാന്‍ റാഗൊന്നും ചെയ്തിട്ടില്ല, തൊട്ടു പോലുമില്ല. ഞാനങ്ങനൊക്കെ ചെയ്യുവോ? അവന്‍ ചുമ്മാ.... ശ്ശെ...!"

"സംഗതി സീരിയസ്സായല്ലോ." കുഞ്ഞച്ചന്‍ ഇടപെട്ടു.

"വരാ‍ക്കിച്ചാ, നീ ഒരു കാര്യം ചെയ്യ്. വേഗം ചെന്ന് ക്ലാസ്സില്‍ കയറ്. ഇറങ്ങണ്ട. ക്ലാസ്സിനകത്തു നിന്ന് പോലീസിന് നിന്നെ പിടിക്കാമ്പാടില്ല."

കേട്ട പാതി വര്‍ക്കിച്ചന്‍ അകത്തേക്കോടി. പക്ഷേ, പ്രിന്‍സിപ്പാളിന് പിള്ളാരെക്കാള്‍ ബുദ്ധി കൂടുതലായിരിക്കണമല്ലോ. അല്ലെങ്കിലെന്തു പ്രിന്‍സി? വര്‍ക്കിച്ചനെത്തും മുമ്പേ ’വര്‍ഗ്ഗീസ് തോമസ് എന്നയാളെ ക്ലാസ്സില്‍ കയറ്റിപ്പോകരുത്’ എന്ന ഓര്‍ഡര്‍ ക്ലാസ്സ് റൂമിലെത്തിയിരുന്നു. പോയ അതേ സ്പീഡില്‍ വര്‍ക്കിച്ചന്‍ തിരിച്ചെത്തി.

"ഇനീപ്പോ..."

പറഞ്ഞു തീര്‍ന്നതും ഒരു പോലീസ് ജീപ്പ് അമറിക്കൊണ്ട് ഞങ്ങള്‍ക്കു മുമ്പില്‍ വന്നു നിന്നു.

"യാരു വറുഗീസ് താമസ്?"

"ദോ, ഇവന്‍..."

കുഞ്ഞച്ചന്‍റെ കൈ അറിയാതെ വര്‍ക്കിച്ചനെ ചൂണ്ടി.

നിമിഷങ്ങള്‍ക്കുള്ളില്‍ ചില അമിട്ടു പൊട്ടലുകളുടെയും നിലവിളികളുടെയും അകമ്പടിയോടെ വര്‍ക്കിച്ചനെയും കൊണ്ട് ജീപ്പ് പറക്കുന്നതാണ് കണ്ണു തുറന്ന ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്.

പ്രജ്ഞയറ്റു നിന്ന ഞങ്ങള്‍ക്ക് പെട്ടെന്ന് ബോധം തെളിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ രാമണ്ണയുടെ കോയിന്‍ ബൂത്തിലെ ചില്ലറപ്പെട്ടി നിറഞ്ഞു, ഒഴിഞ്ഞു, വീണ്ടും നിറഞ്ഞു. അഡ്വക്കറ്റ് രാമകൃഷ്ണന്‍, ലോക്കല്‍ ഗുണ്ട മഞ്ജുനാഥ്, പോലീസ് സ്റ്റേഷനടുത്തുള്ള പെട്ടിക്കടക്കാരന്‍ രാജു തുടങ്ങി ദേവഗൌഡയുടെ പൊന്നോമനയായ സിദ്ധഗുണ്ടപ്പ വരെ വിളികള്‍ നീണ്ടു. ഞങ്ങളുടെ നെറ്റ്‍വര്‍ക്ക് ബലത്തില്‍ പോലീസ് സ്റ്റേഷന്‍ നിന്നു കുലുങ്ങി.

ഉടനടി കോംപ്രമൈസ് മീറ്റിംഗിന് സി ഐക്ക് ഓര്‍ഡര്‍. സി ഐ വിളിപ്പിക്കുന്നു. വൈകിട്ടത്തോടെ വാദി, വാദിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍, പ്രതി, സാക്ഷികള്‍, ഇടനിലക്കാര്‍, വക്കീല്‍ തുടങ്ങി ഞാനടക്കം പതിനേഴു പേര്‍ പോലീസ് സ്റ്റേഷനില്‍.

ഞാന്‍ മെല്ലെ പാളി നോക്കി. സി ഐയുടെ റൂമില്‍ രാമകൃഷ്ണന്‍ വക്കീലും സിദ്ധഗുണ്ടപ്പയും ഇരിക്കുന്ന. വര്‍ക്കിച്ചന്‍ രണ്ടു കയ്യും കെട്ടി, മുപ്പത്തേഴു ഡിഗ്രി വളഞ്ഞ് വിനീതവിധേയനായി നില്‍ക്കുന്നു. എന്തൊരു പാവം. ഇവനോ റാഗ് ചെയ്ത ക്രൂരന്‍ എന്നൊക്കെ സി ഐക്കു വരെ തോന്നിപ്പോവും.

സി ഐ ഞങ്ങളെയൊക്കെ വിളിപ്പിച്ചു. ഞങ്ങള്‍ മസിലു വിരിച്ചു കൊണ്ടകത്തേക്കു കയറി. സി ഐയുടെ സീറ്റിലേക്കു നോക്കി. ഞെട്ടി!

പഴയ എസ് ഐ പുട്ടബസവപ്പ! പുതിയ സി ഐ പുട്ടബസവപ്പ!!

ഞാന്‍ ഞെട്ടി ഞെട്ടറ്റു. പണ്ട് മര്യാദരാമന്മാരായി ജീവിക്കാന്‍ വാണിംഗ് മേടിച്ചതാണ്. പിന്നീട് ആ തിരുമുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ധൈര്യമുണ്ടായിട്ടില്ല. ഞാന്‍ തിരക്കിനിടയിലൂടെ നട്ടെല്ലു നന്നായി വളച്ച്, വികൃതരൂപിയായി കുനിഞ്ഞു വലിഞ്ഞു. ഇടത്തോട്ടു ചരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ഞച്ചനും മൂന്നരയടിയായി വലിയുന്നു, അപ്പുറത്ത് അബുവും. സ്റ്റേഷന്‍റെ പുറത്തെത്തിയപ്പോളാണ് ഞങ്ങള്‍ക്ക് സമാധാനമായത്. ഞങ്ങളെക്കണ്ടാല്‍ സമാധാനചര്‍ച്ച ഒട്ടും സമാധാനപരമാകില്ലെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.

അകത്തു നടന്ന കോംപ്രമൈസ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വാമൊഴിയായി പകര്‍ന്നു കിട്ടിയ അറിവേ എനിക്കുള്ളൂ. അതേതാണ്ടിങ്ങനെ.

സി ഐ: ഇവന്‍ നിന്നെ റാഗ് ചെയ്തോടാ?
കിണ്ണന്‍: യെസ് സാര്‍.
സി ഐ: ഹൌ ഡിഡ് ഹീ റാഗ് യൂ?
കിണ്ണന്‍: അവന്‍ കണ്ണുരുട്ടി പേടിപ്പിച്ചു.
സി ഐ: മീന്‍സ്?
കിണ്ണന്‍: റോ... റോ... റോള്‍ഡ് ഹിസ് ഐസ്...
സി ഐ: മിസ്റ്റര്‍ വറുഗീസ് തോമസ്, വൈ ഡിഡ് യൂ ഡൂ ദാറ്റ്?
വര്‍ക്കി: ചു... ചുമ്മാ.
സി ഐ: ഹൌ?

(വര്‍ക്കി കണ്ണൂരുട്ടിക്കാണിച്ചു കൊടുത്തു. അതു കണ്ടു സി ഐ വരെ വിരണ്ടു പോയെന്നാണ് വര്‍ക്കി പറയുന്നത്.)

സി ഐ: ദിസ് ഈസ് നോട്ട് ആന്‍ ഒഫന്‍സ് അണ്ടര്‍ ഐ പി സി. എനിതിങ് എല്‍സ് ജെന്‍റില്‍മാന്‍?
കിണ്ണന്‍: ഹീ കോള്‍ഡ് മീ മൈ....
അമ്മാവന്‍: അതിന് ഡീഫാമേഷനു കേസെടുക്കണം സര്‍.
സി ഐ: മൈ...? വാട്ട് ഈസ് ദാറ്റ്? മീനിങ്ങ്?

(കിണ്ണന്‍ പകച്ച് ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവനെ നോക്കി.)

അമ്മാവന്‍: (അലറിക്കൊണ്ട്) അങ്ങോട്ടു പറഞ്ഞു കൊടുക്കെടാ...
കിണ്ണന്‍: (മടിച്ചു മടിച്ച്, വിറച്ച്) പ്യു.... പ്യുബിക് ഹെയര്‍.
സി ഐ: (ചിരിക്കുന്നു) പ്യുബിക് ഹെയര്‍. ഡൂ യൂ ഹാവ് പ്യുബിക് ഹെയര്‍ മിസ്റ്റര്‍ കൃഷ്ണകുമാര്‍?
കിണ്ണന്‍: (മിണ്ടുന്നില്ല)
സി ഐ: മിസ്റ്റര്‍ വറുഗീസ് തോമസ്, ഡൂ യൂ ഹാവ് പ്യുബിക് ഹെയര്‍?
വര്‍ക്കി: (താഴ്മയോടെ) യെസ് സാര്‍.
സി ഐ: (കോണ്‍സ്റ്റബിളിനെ നോക്കി) ലോ രമേശാ, നിനഗിദ്ദിയേനോ പ്യുബിക് ഹെയറു?
കോണ്‍സ്റ്റ: (നാണത്തോടെ) ഹവുദു സാര്‍, നനഗിദ്ദെ.
സി ഐ: സീ മിസ്റ്റര്‍ കൃഷ്ണകുമാര്‍, എവരിബഡി ഹാസ് പ്യുബിക് ഹെയര്‍. വാട്ടീസ് റോങ് ഇന്‍ ദാറ്റ്? ദിസ് ഈസ് എ കോമണ്‍ ഫാക്ട് യൂ നോ?

അതോടെ വാശിപ്പുറത്തു നിന്നിരുന്ന കിണ്ണന്‍റെ ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍ വരെ പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പിറ്റേന്നു കിണ്ണന്‍ മീശ വടിച്ചെത്തിയതിനു കാരണം, കടുത്ത മോഹന്‍ലാല്‍ ഫാനായ അവന്‍ ലാലേട്ടന്‍ പുതിയ സിനിമയില്‍ വടിച്ചതിനെ അനുകരിച്ചതു കൊണ്ടു മാത്രമാണെന്നും സ്ഥീരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നമുക്കിനി തിരിച്ചു ചര്‍ച്ചയിലേക്കു വരാം.

ഏതാണ്ട് മുകളില്‍ പറഞ്ഞ അനുഭവങ്ങളുടെ പിന്‍ബലമുള്ളതു കൊണ്ടും മനസ്സില്‍ ഇളമുറക്കാരോട് അകൈതവമായ സ്നേഹം ഒളിപ്പിച്ചു വച്ചിരിക്കുന്നതു കൊണ്ടും റാഗിങ്ങിനെ ആരും പിന്തുണക്കുന്നില്ല. ഒടുക്കം കുഞ്ഞച്ചന്‍ ഒരു സമവായ നിര്‍ദ്ദേശം മുന്നോട്ടു വച്ചു.

"നമുക്കു ജൂനിയേഴ്സിനോടു സ്നേഹത്തോടെ പെരുമാറാം."

വര്‍ക്കിച്ചന്‍ കണ്ണുരുട്ടി. ഞാന്‍ സന്ദേഹത്തോടെ മൊട്ടത്തല തടവി. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നമുക്കവരെ നമ്മുടെ കൂടെ താമസിപ്പിക്കാം. സ്നേഹത്തോടെ വച്ചു വിളമ്പാം, പാട്ടു പാടി കേള്‍പ്പിക്കാം, ഇക്കിളിയിട്ടു ചിരിപ്പിക്കാം, ഒരുമിച്ചിരുന്നു വെള്ളമടിക്കാം..."

"തന്നത്താന്‍ ചെയ്തോണ്ടാ മതി."

വര്‍ക്കിച്ചന്‍ ഇടക്കു കേറി.

"മുഴുവനാക്കട്ടെടാ."

കുഞ്ഞച്ചന്‍ തുടര്‍ന്നു.

"എന്നിട്ട് മാസാവസാനം പറ്റുകടയിലേയും വാടകയുടെയും കള്ളുഷാപ്പിലെയുമൊക്കെ കണക്കു തീര്‍ക്കുമ്ഫോള്‍ അന്തസ്സായി കള്ളക്കണക്കുണ്ടാക്കി നല്ലൊരു തുക അവരുടെ പിടലിക്കിടാം. മനസ്സമാധാനം, കേസുകെട്ടില്ല."

കൊള്ളാം! ആ രാത്രിയിലെ പെഗ്ഗുകള്‍ കുഞ്ഞച്ചന്‍റെ ബുദ്ധിയെ പ്രശംസിച്ചു മരിച്ചു. ആദ്യമായി റൂമില്‍ കയറ്റാന്‍ കിണ്ണനു തന്നെ നറുക്കു വീണു. സൌകര്യപ്രദമായ ഒരു താമസസ്ഥലം അവന്‍ അന്വേഷിച്ചു നടക്കുന്ന സമയമായതു കൊണ്ടു മാത്രം അവന്‍ സമ്മതിച്ചു.

"ചേട്ടായിമാരേ, നിങ്ങളുടെ റാഗിങ്ങ് തമാശയാണെന്ന് മനസ്സിലാക്കാതെ ഞാന്‍ വിഡ്ഢിത്തം കാണിച്ചു. എന്നോടു ക്ഷമിക്കണേ..."

ആദ്യ ദിവസം തന്നെ കിണ്ണന്‍ എല്ലാവരുടെയും കാലു പിടിച്ചു. വര്‍ക്കിച്ചന്‍ അവനെ കെട്ടിപ്പിടിച്ചു.

"സാരമില്ലെടാ" എന്നുറക്കെ പറഞ്ഞു.

"മാസം അവസാനമായിക്കോട്ടെടാ" എന്ന് മനസ്സിലും പറഞ്ഞു.

പക്ഷേ, സംഘര്‍ഷമില്ലാത്ത അവസ്ഥ എത്ര നാള്‍ നിലനില്‍ക്കും?

കിണ്ണന്‍ വന്നു കേറി നാലാം ദിവസം കുക്കിംഗ് ഡ്യൂട്ടി വര്‍ക്കിച്ചനായിരുന്നു. സ്വന്തം ക്ലാസ്സ്‍മേറ്റ്‍സിന്‍റെ കൂടെ തരക്കേടില്ലാതെ മിനുങ്ങിയ ശേഷമാണ് അന്ന് വൈകിട്ട് കിണ്ണന്‍ റൂമിലേക്കു വന്നത്. വന്ന പാടെ വര്‍ക്കിച്ചന്‍ സ്നേഹാദരങ്ങളോടെ അവനെ എതിരേറ്റു.

"വാടാ, ചോറും നല്ല സാമ്പാറുമുണ്ട്. എടുത്തടിച്ച് മലര്‍ന്ന് സൈഡായിക്കോ."

"താങ്ക്സ് ചേട്ടായീ."

കിണ്ണന്‍ സന്തോഷത്തോടെ പ്ലേറ്റെടുത്ത് ഒരു പിടി ചോറു വാരിയിട്ടു. രണ്ടു കരണ്ടി സാമ്പാറു കോരിയൊഴിച്ചു. കുഴച്ച് ആദ്യത്തെ പിടി വായിലേക്കിട്ടു.

വര്‍ക്കിച്ചന്‍ കിണ്ണന്‍റെ വായിലേക്കു നോക്കിയിരിക്കുകയാണ്. ’കിടിലന്‍, സൂപ്പര്‍, അടിപൊളി, കിണ്ണംകാച്ചി’ എന്നിങ്ങനെയുള്ള കമന്‍റുകള്‍ പ്രതീക്ഷിച്ചിരുന്ന വര്‍ക്കിച്ചന്‍റെ മുഖത്തേക്കു അവജ്ഞയോടെ നോക്കി, മുഖം വളിപ്പിച്ചു കൊണ്ട് കിണ്ണന്‍ മൊഴിഞ്ഞു.

"ഈ കോപ്പിനും സാമ്പാറെന്നു പറയുമോ?"

വര്‍ക്കിച്ചന് വിശ്വസിക്കാനായില്ല. തന്‍റെ പാചകജീവിതത്തിലെ എന്നേക്കും വച്ച് അത്യുത്തമമായ സാമ്പാറാണ് കിണ്ണന്‍റെ വായില്‍. വര്‍ക്കിച്ചന്‍റെ കണ്ണുകളുരുണ്ടു. പുരികം വിറച്ചു, കവിളു ചുവന്നു. ചാതിയെഴുന്നേറ്റ് ആരോടും ഒന്നും മിണ്ടാതെ വര്‍ക്കിച്ചന്‍ പുറത്തേക്കു നടന്നു.

കിണ്ണന്‍ ആകെ വിരണ്ടു. പകച്ച കണ്ണുകളോടെ എന്നെ നോക്കി.

"ചേട്ടായീ, പ്രശ്നമാവുമോ? ഞാനറിയാതെ, ഒരു കിക്കിന്‍റെ പുറത്ത്...."

ഞാനവനെ ആശ്വസിപ്പിച്ചു.

"നീ പോയിക്കിടന്നോ, ഞങ്ങളു നോക്കിക്കൊള്ളാം."

എന്തു നോക്കാന്‍? കിണ്ണന്‍ കിടന്ന് അല്പനേരം കഴിഞ്ഞ് ഞങ്ങളും കിടന്നു. അടിച്ച പെഗ്ഗുകളുടെ ഉന്മാദത്തില്‍ സ്വയമറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.

പാത്രങ്ങള്‍ ’കടുമുടാ’ തെറിച്ചു വീഴുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. ഭയങ്കര ബഹളം, തെറിവിളി, പൂരം. നോക്കുമ്ഫോള്‍ സമയം നട്ടപ്പാതിര മൂന്നു മണി. അടുക്കളയില്‍ നിന്നാണ് ശബ്ദം. ഞാനോടിച്ചെന്നു.

ഉറക്കം തിളക്കുന്ന കണ്ണുകളോടെ, ഒരു കയ്യില്‍ കത്തിയും മറുകയ്യില്‍ വെണ്ടക്കായും പിടിച്ച് കിണ്ണന്‍. തൊട്ടപ്പുറത്ത് കത്തുന്ന കണ്ണുകളും നീട്ടിപ്പിടിച്ച പാത്രവുമായി വര്‍ക്കിച്ചന്‍. കിണ്ണനെന്താ, വര്‍ക്കിച്ചനെ കുത്താന്‍ പോകുകയാണോ. ഞാന്‍ ഓടിച്ചെന്നു.

"കുത്തല്ലേടാ, നമുക്കു സമാധാനമുണ്ടാക്കാം, നീ കത്തി വിട് കിണ്ണാ."

വര്‍ക്കിച്ചന്‍ പക്ഷേ, ഇരട്ടി ധൈര്യത്തിലാണ്.

"വിടടാ അവനെ..." വര്‍ക്കി എന്നോട്. തിരിഞ്ഞ് കിണ്ണനെ നോക്കി വര്‍ക്കി തുടര്‍ന്നു.

"അരിയെടാ... വെട്ടിയരിയെടാ മൈ... മോനേ വെണ്ടക്കാ...."

വര്‍ക്കിച്ചന്‍ നിന്നലറുകയാണ്.

"നിനക്കെന്‍റെ സാമ്പാറു പിടിക്കത്തില്ലല്ലേടാ. കഴുവേര്‍ട മോനേ. മുട്ടുകാലു ഞാന്‍ കേറ്റും. വെക്കടാ വെള്ളവും പരിപ്പും."

"ചേട്ടായീ... ഞാന്‍..."

കിണ്ണന്‍ നിന്നു വിറക്കുന്നു. പാത്രമെടുത്ത് സ്റ്റൌവിനു മുകളില്‍ വക്കുന്നു, മണ്ണെണ്ണ പമ്പു ചെയ്യുന്നു.

"ഇടെടാ. ഇടെടാ മൈ... മോനേ പരിപ്പ്. കലക്കെടാ വാളമ്പുളി...." നിന്‍റെ സാമ്പാറു തിന്നിട്ടേ ഞാനൊറങ്ങത്തുള്ളു.

"പപ്പൂസ് ചേട്ടായീ. ഏറ്റെന്നു പറഞ്ഞിട്ട്, ഇതു കണ്ടോ?"

കിണ്ണന്‍ ദയനീയമായി എന്നെ നോക്കി. സംഗതി മനസ്സിലായ ഞാന്‍ അസ്സലൊരു കോട്ടുവായിട്ട് ഉറക്കം തൂങ്ങുന്നതായി ഭാവിച്ചു. കിണ്ണന്‍റെ കണ്ണില്‍ നിന്നും വെള്ളം വന്നു തുടങ്ങി.

"ഇടടാ സാമ്പാറു പൊടി."

വര്‍ക്കിച്ചന്‍ അലറുകയാണ്. പിന്നീടൊരു വാക്കും മിണ്ടാതെ ഒലിക്കുന്ന മൂക്കും നിറയുന്ന കണ്ണുകളും ഷോള്‍ഡറു കൊണ്ട് തുടച്ച് കിണ്ണന്‍ ജോലി തുടര്‍ന്നു. മെല്ലെ... മെല്ലെ... ആഹാ... സാമ്പാറിന്‍റെ മണം.

"ഇടടാ കായപ്പൊടി..."

"ചായപ്പൊടിയോ???"

കിണ്ണന്‍ ഞെട്ടി.

"മൈ... മോനേ, കളിയാക്കുന്നോടാ? എല്‍ ജീ കായമിടെടാ..."

"ഇപ്പോ മനസ്സിലായോടാ സാമ്പാറുണ്ടാക്കുന്നതെങ്ങനെയെന്ന്? നാളെത്തൊട്ട് ഇവിടെ നീ സാമ്പാറുണ്ടാക്കിയാല്‍ മതി.... ആര്...?"

"ഞാ... ഞാന്‍..."

ങാ... എന്നു പറഞ്ഞ് വര്‍ക്കിച്ചന്‍ നടന്നു പോകുന്നതും ’ബ്‍ട്‍ധത്തോം’ എന്ന ശബ്ദത്തില്‍ മറിഞ്ഞു വീഴുന്നതും മാത്രമേ പോയിക്കിടന്ന ഞാന്‍ കേട്ടുള്ളു.

"അവന്‍റമ്മായീട സാമ്പാറ്. നാളെ നിനക്ക് ഞാന്‍ മോരു കറി വക്കാന്‍ പഠിപ്പിച്ചു തരാമെടാ കള്ളക്കഴുവെറീ. പിന്നെ മത്തിക്കറി.... പിന്നെ ചേനക്കറി... എന്നിട്ട് ചേമ്പുകറി...."

എന്നിങ്ങനെയുള്ള ജല്പനങ്ങള്‍ പിറ്റേന്നു പുലര്‍ച്ച വരെ കേട്ടുവെന്ന് അയല്‍പക്കക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്തായാലും അന്നാദ്യമായി രാവിലെ ഞാന്‍ സാമ്പാറും കൂട്ടി പച്ചരിച്ചോറ് കുഴച്ചുണ്ടു. സത്യം പറഞ്ഞാല്‍, ഒരുപാടു നാളുകള്‍ക്കു ശേഷം ബ്രേക്ക് ഫാസ്റ്റ് എന്ന സാധനം എന്താണെന്ന് ഞങ്ങളുടെയൊക്കെ പാവം വയറുകള്‍ ഓര്‍ത്തെടുത്തു. പിന്നീടൊരിക്കലും വര്‍ക്കിച്ചനെന്നല്ല, ആരുണ്ടാക്കുന്ന എന്തു തന്നെയായാലും അതീവതൃപ്തിയോടെ കഴിച്ചിറക്കി അഭിപ്രായപ്രകടനങ്ങള്‍ നടത്താതെ പോകുന്ന കിണ്ണനെയാണെല്ലാവരും കണ്ടിട്ടുള്ളത്.

പിന്നീടും ഇടക്കിടെ സാമ്പാറു വക്കുമ്പോള്‍ വര്‍ക്കിച്ചന്‍ കിണ്ണനോടു ചോദിക്കും,

"എങ്ങനുണ്ടെടാ ഇന്നത്തെ സാമ്പാര്‍?

കിണ്ണന്‍ നിസ്സംശയം പറയും,

"ഹൊ! സാമ്പാറെന്നു വച്ചാ, ഇദ്ദാണ് ചേട്ടായീ സാമ്പാറ്!!!"

Sunday, January 20, 2008

മൈസൂര്‍ റൌണ്ട്: ഒരു സല്ലാപകാവ്യം



സ്ഥലം മൈസൂര്‍ സരസ്വതീപുരത്തു നിന്നും തൊഞ്ചിക്കൊപ്പലിലേക്കുള്ള വഴി.

ലോബോസ് ബാറില്‍ നിന്നിറങ്ങി അവര്‍ നാലു പേരും നടന്നു. പപ്പൂസും കുഞ്ഞച്ചനും ശങ്കരനും മദ്യപാനം, പുകവലി തുടങ്ങിയ സദ്‍ഗുണങ്ങളൊന്നുമില്ലാത്ത അബുവും. പെട്ടെന്ന്...

"അതാ, അങ്ങോട്ടു നോക്കൂ..."

കുഞ്ഞച്ചന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി, അവിടൊരു ചുക്കും കാണുന്നില്ല. അല്പം സന്ദേഹത്തോടെ അവന്‍ പപ്പൂസിനെ നോക്കി. അതു ശരി, ഇപ്പോ ചൂണ്ടുവിരല്‍ മുകളിലോട്ടാണ്, നേരത്തേ ഇടത്തോട്ടായിരുന്നല്ലോ. വലിയ തെറിയൊന്നും പറയാതെ കുഞ്ഞച്ചന്‍ മുകളിലേക്കു നോക്കി. അവിടേം ഒരു കുന്തവും കാണുന്നില്ല, ഒരു സ്ട്രീറ്റ് ലൈറ്റല്ലാതെ.

"എന്തുവാണ്ടാ നീ ചൂണ്ടുന്നത്?"

കുഞ്ഞച്ചന്‍ മൂത്തു വന്ന അരിശം പുകവളയത്തിലേക്കൂതിക്കളഞ്ഞു കൊണ്ടു ചോദിച്ചു. ലൈറ്റില്‍ നിന്നും കണ്ണു പറിക്കാതെ പപ്പൂസ് ചോദിച്ചു.

"അവിടെ എത്ര ബള്‍ബുണ്ട്?"

"ഒന്ന്" കുഞ്ഞച്ചന്‍ നിശ്ശംശയം പറഞ്ഞു.

"ഒന്നൂടി നോക്ക്യേ"

കുഞ്ഞച്ചന്‍ വീണ്ടും മദ്യഭാരത്തില്‍ താഴ്‍ന്ന തല കഷ്ടപ്പെട്ട് പൊന്തിച്ചെടുത്തു. കണ്ണുകള്‍ ചിമ്മിത്തുറന്നു. വീണ്ടും ചിമ്മിത്തുറന്നു. എണ്ണം തെറ്റുന്നോ...

"ഒന്ന്... മൂന്ന്... ഛായ്, രണ്ട്... അല്ല... മൂന്ന്"

"ഏതെങ്കിലുമൊന്നുറപ്പിക്ക്"

"മൂന്ന്, മൂന്നു തരം" കുഞ്ഞച്ചനുറപ്പിച്ചു. പപ്പൂസിനു സന്തോഷമായി. കണ്ണിനു വല്ലതും പറ്റിപ്പോയോ എന്ന ദൌര്‍ഭാഗ്യകരമായ വിഷമാവസ്ഥയില്‍ ഒന്നിനു പകരം മൂന്നു പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുകയായിരുന്നു പപ്പൂസിതു വരെ.

"ഹ ഹ ഹ!!! നമ്മളൊരു പോലെ ചിന്തിക്കുന്നവരാടാ കുഞ്ഞച്ചാ, ഒരേ കാഴ്ച കാണുന്നവര്‍! ഇതാണ് കാഴ്ചപ്പൊരുത്തം... പപ്പൂസും കണ്ടു മൂന്നെണ്ണം..."

രണ്ടു പേരും കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ചു. പിടിത്തത്തിനിടെ വേച്ചുവേച്ച് റോഡിലേക്കു വീഴാന്‍ പോയ കുഞ്ഞച്ചനെ വീഴാനൊരുങ്ങുന്ന കുലവാഴക്കു കുത്തെന്ന പോലെ പപ്പൂസ് താങ്ങി നിര്‍ത്തി. അതിനിടെയാണ് അവരാ കാഴ്ച കണ്ടത്. അപ്പുറത്തു ചുറ്റുപാടും നടന്ന്, മധുവിധുരാവു വെളുത്തപ്പോള്‍ കാണാതെ പോയ താലിമാലക്കു വേണ്ടി നവവധു തിരയുന്ന പോലെ എന്തോ പരതുന്നു, ശങ്കരന്‍! നിലത്തു കമിഴ്‍ന്നു കിടന്നു കഷ്ടപ്പെട്ടു തപ്പുന്ന ശങ്കരനെ അവര്‍ അദ്‍ഭുതത്തോടെ നോക്കി.

"നീയെന്താണ്ടാ തപ്പുന്നത്?"

കുഞ്ഞച്ചന്‍ അവനു നേരെ ചാടിവീണു. നാക്കു കുഴയുന്നതിനിടെ ശങ്കരന്‍ പറഞ്ഞൊപ്പിച്ചു.

"ചന്ദ്രനെയാ..."

"ആര്, നമ്മുടെ ബാബൂസ് ടീ ഷോപ്പ് ചന്ദ്രേട്ടനോ? ങാഹാ... മൂപ്പരെന്നേ പൂസായി പെരുവഴീ കെടക്കാന്‍ തുടങ്ങീത്?"

"ഹേയ്, പുള്ളി ഡീസന്റ്... ഇതു നമ്മടെ അമ്പിളിമാമന്‍... എവടെപ്പോയി... ദേ, ഇപ്പൊ വിടെണ്ടാര്‍ന്ന്...?"

"അതു ശരി, അമ്പിളിമാമനും തൊടങ്ങ്യാ ഓസീയാറടി... എവടെ ഗഡി... ഡാ... ഡാ... അമ്പിളീ..."

കുഞ്ഞച്ചനും തപ്പാന്‍ കൂടി. പപ്പൂസ് ഒന്നും മനസ്സിലാവാതെ അവരെ നോക്കി, ഇവരെന്തിനായിരിക്കും അമ്പിളിമാമനെ തപ്പുന്നത്? ഇന്നിനിയൊരു കമ്പനി കൂടാനുള്ള കെല്പില്ലാത്തതു കൊണ്ട് അതിനായിരിക്കില്ല. ങാ, എന്തായാലും ഞാനും കൂടെ കൂടിക്കളയാം. ഇനി തനിക്കെങ്ങാന്‍ കിട്ടിയാ നാളത്തെ കുപ്പിക്കു വേണ്ടി വക്കാനുള്ള പണയപ്പണ്ടമായാലോ. ഒരമ്പിളിമാമന് ഒരു കുപ്പിയെങ്കിലും കിട്ടാതിരിക്കില്ല. രണ്ടുമൂന്നെണ്ണം കിട്ടിയാല്‍ ഈയാഴ്ചത്തെ കാര്യം കുശാല്‍! മധുരസങ്കല്‍പ്പങ്ങള്‍ സോഡയൊഴിച്ചല്പം ലൈറ്റാക്കി പപ്പൂസും തപ്പാന്‍ തുടങ്ങി.

"ചന്ദ്രനവിടെയല്ലെടാ, ഇവിടെ ഇങ്ങോട്ടു നോക്ക്"

കുഞ്ഞച്ചനും ശങ്കരനും പപ്പൂസും ഞെട്ടി.

"നീയൊരശരീരി കേട്ടാ?"

കുഞ്ഞച്ചന്‍ പരിഭ്രാന്തിയോടെ പപ്പൂസിനോടു ചോദിച്ചു.

"അശരീരിയല്ലെടാ, ഞാന്‍, ഇവടെ"

പോസ്റ്റില്‍ തല ചായ്‍ച്ച് ഉറക്കത്തിലെന്ന പോലെ കണ്ണുമടച്ചു ചാരി നില്‍ക്കുകയാണ് അബു. അവന്‍ മുകളിലേക്കു കൈ ചൂണ്ടി.

"ദോ, അവിടെ, ചന്ദ്രന്‍"

മൂന്നു പേരും ഒന്നിച്ചു മുകളിലേക്കു നോക്കി. ശങ്കരന്റെ മുഖത്ത് പൂത്തിരി കത്തിയ പോലെ ഒരു തിളക്കം. ദാ ചിരിച്ചു നില്‍ക്കുന്നു, നമ്മുടെ ചന്ദ്രേട്ടന്‍!

"അല്ല, നീയെന്തിനാ ചന്ദ്രനെ നോക്കീത്?"

കുഞ്ഞച്ചന്റെ ചോദ്യം കേട്ട് ശങ്കരന്‍ എല്ലാവരെയും മാറിമാറി നോക്കി. അല്പം വൈക്ലബ്യത്തോടെ അവന്‍ പറഞ്ഞു.

"നിയ്‍ക്ക്... നിയ്‍ക്ക് ചന്ദ്രനെ നോക്കി... നോ....ക്കി.... മൂത്രൊഴിക്കണം!!!"

"ഹ ഹ ഹ.... ഹഹഹ....!!!! അതു കൊള്ളാല്ലോ, ഹ ഹ ഹ!!! "

നാലു പേരും പൊട്ടിച്ചിരിച്ചു കൊണ്ട്, റോഡിലേക്ക് തിരിഞ്ഞു നിന്ന് ചന്ദ്രനെ നോക്കി മൂത്രമൊഴിക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്തോ ദേഷ്യത്തില്‍ കുഞ്ഞച്ചന്‍ ശങ്കരനെ പിടിച്ചു തള്ളി. ചന്ദ്രനെ നോക്കിക്കൊണ്ട് ആസ്വദിച്ചു മൂത്രമൊഴിക്കുകയായിരുന്ന ശങ്കരന്‍ വേച്ചു വേച്ചു നിന്നാടി.

"നീയെന്തിനാണ്ടാ എന്നെപ്പിടിച്ചു തള്ളീത്?"

"നോക്കി ഒഴിക്കെടാ... നീ എന്റെ, ഈ കൊച്ചുമലയില്‍ കൊച്ചവറാന്റെ ഏകമകന്‍ കുഞ്ഞച്ചന്റെ നിഴലിലേക്കാണ്ടാ മൂത്രൊഴിക്കുന്നത്!"

കുഞ്ഞച്ചന് വല്ലാണ്ടെ ദേഷ്യം വന്നിരുന്നു. കാര്യസാധ്യമൊക്കെ പിന്നത്തേക്കു മാറ്റിവച്ച് അയാള്‍ ശങ്കരന്റെ നേരെ ചാടിക്കയറി.

"നിനക്ക് നിന്റെ നിഴലിലേക്കു മൂത്രൊഴിച്ചൂടേ?"

"അതിന്... പ്പോ, ന്റെ നിഴലെവിടെ?"

പപ്പൂസിനും തോന്നി സംശയം. എല്ലാരും ഒരേ പോസില്‍. കോപ്പി-പേസ്റ്റ്, ഫോട്ടോസ്റ്റാറ്റ് മായാജാലം പോലെ, പോസ്റ്റു മൊത്തമെടുത്ത് കമന്റായി ക്വോട്ടിയ പോലെ, എല്ലാ നിഴലുകളും ഒരേ പോസില്‍. കണ്ണു തുറിച്ചൊന്നു നോക്കുമ്പോള്‍ നാലിനു പകരം ഏഴും എട്ടും നിഴലൊക്കെ കാണുന്നുണ്ട്. ഇതിലിപ്പോ അവനോന്റെ നിഴലു നോക്കി കണ്ടു പിടിക്കുന്നതെങ്ങനെ?

"ഐഡിയാ..." ശങ്കരന്‍ കൈ പൊക്കി.

"കണ്ടോ, കൈ പൊക്കീത് എന്റെ നിഴല്‍. ഇനി ഓരോരുത്തരായിട്ട് കൈ പൊക്കി മൂത്രൊഴിച്ചോ.. ഒഴിച്ചോ, ഒഴിച്ചോ..."

ശങ്കരന്റെ ഐഡിയ എല്ലാര്‍ക്കും സമ്മതമായി. വണ്‍ ബൈ വണ്ണായി എല്ലാവരും കൈ പൊക്കി നിന്ന് കാര്യം സാധിച്ചു തുടങ്ങി. ഓസീയാറടിച്ച് ബുദ്ധി ഒരുപാടു വികാസം പ്രാപിച്ച് കേരള സാങ്കേതികരംഗത്തെ വികസനപദ്ധതികളോടു വരെ കിട പിടിക്കുന്നുണ്ടല്ലോ, കൊള്ളാം! വിശകലനപ്രകാരം ഒന്നിച്ചു കാര്യം സാധിച്ചാല്‍ എല്ലാവരുടെയും കൈ പൊങ്ങിയിരിക്കും. അപ്പോള്‍ ഏത് ആരുടെ കയ്യെന്ന സംശയം വീണ്ടും വരും. ആ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാനാണ് ഓരോരുത്തരായി കാര്യം സാധിക്കുന്നത്. അവസാനത്തെ ഊഴമാണ് പപ്പൂസിന്റേത്. എല്ലാവരും കഴിഞ്ഞ സ്ഥിതിക്ക് ഇനി സംശയത്തിന്റെ വിഷയമില്ലല്ലോ. ഇതു തന്റെ നിഴലു തന്നെ, നോ ഡൌട്ട്! തനിക്കെന്നല്ല, ആര്‍ക്കും അക്കാര്യത്തിലൊരു സംശയമുണ്ടാവാന്‍ തരമില്ല. പപ്പൂസ് കൈ താഴ്‍ത്തിയിട്ട് സ്വസ്ഥമായിത്തന്നെ നിന്നു. കുഞ്ഞച്ചന്‍ വിട്ടില്ല.

"നിയ്യ് മാത്രം അങ്ങനെ വല്യാളാവണ്ട മൊട്ടേ..."

കുഞ്ഞച്ചന്‍ തന്നെ പപ്പൂസിന്റെ ഇടത്തേ കൈ പൊക്കിപ്പിടിച്ചു തന്നു. പപ്പൂസിനല്പം അരിശം വന്നു. പപ്പൂസിന്റെ മൊട്ടത്തല ബുദ്ധിയുടെ ഖജനാവാണല്ലോ.

"വേഗം മാറിക്കോ, ഇല്ലേല്‍ നിന്റെ നിഴലിലാ ഞാന്‍ ഒഴിക്ക്വാ..."

കുഞ്ഞച്ചനു മറുപടിയുണ്ടായില്ല. ആസ്ത്രേല്യയെ വരെ ഇന്ത്യ തകര്‍ത്തു ചുരുട്ടി കയ്യില്‍ക്കൊടുത്തു. പിന്നെയാണൊ ഒരു കൊച്ചു കുഞ്ഞച്ചനെ ഈ പപ്പൂസിന് മാറ്റാന്‍ പറ്റാത്തത്. ആസ്വദിച്ചൊഴിച്ചു കൊണ്ടിരിക്കേ, മിന്നല്‍ പോലെ ഒരു വെളിച്ചം വളവു തിരിഞ്ഞു വന്നു. പപ്പൂസ് ആ തീക്ഷ്‍ണപ്രകാശത്തെ നേരിടാനാവാതെ കണ്ണുകള്‍ ചിമ്മി...

"ഏതവനാ ഇത്!"

ഇരമ്പിപ്പാഞ്ഞു വന്ന ഒരു ജീപ്പ് അവരെ തൊട്ടുതൊട്ടില്ല എന്ന നിലയില്‍ കടന്നു പോയി. ശങ്കരന് ദേഷ്യം കൊണ്ട് കണ്ണു കാണാതെയായി.

"ഏത് കഴുവേറിയണ്ടാ നട്ടപ്പാതിരക്ക്?"

അവന്‍ ഉറക്കെ വിളിച്ചു ചോദിച്ചു. പോയ സ്പീഡില്‍ ജീപ്പ് റിവേഴ്‍സെടുത്തു വന്നു. ഏതിരുട്ടത്തും ആ കൂട്ടരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡെയ്‍ഞ്ചര്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച കുഞ്ഞച്ചന്റെ തല ഉടന്‍ സിഗ്നല്‍ മുഴക്കി.

"ഗരുഡാ....... ഗരുഡാ..... മൈസൂര്‍ രാത്രിപ്പോലീസ്...!!!!"

ഒറ്റയോട്ടമായിരുന്നു എല്ലാരും. പ്രത്യേകിച്ചൊരു ദിശാബോധവും അന്നേരം അവരെ നയിച്ചില്ല. ജീപ്പു വരാത്ത വഴി എന്ന ഒറ്റ ചിന്ത മാത്രം. കൂട്ടുകാരന്‍ കൂടെയുണ്ടോ എന്ന വേവലാതി പോലും ആര്‍ക്കും ഉണ്ടായിരുന്നില്ല. ഓടിയോടി, മാരുതി ടെമ്പിള്‍ കടന്ന് പഞ്ചാബി സോനുവിന്റെ അമൃത്‍സര്‍ ധാബയുടെ ഒരു മൂലയിലേക്കവര്‍ പാഞ്ഞു കേറി. ഭാഗ്യവശാല്‍ നാലു പേരും പലവഴി ഓടി അവിടെത്തന്നെ ലാന്‍ഡു ചെയ്തു. കുടിയനല്ലാത്ത തടിയന്‍ അബു വരെ മരണപ്പാച്ചിലില്‍ ലക്ഷ്യം കണ്ടെത്തി.

പതിയെ വളവു കടന്ന് ആ ജീപ്പ് ഞങ്ങള്‍ക്കരികിലേക്കു വന്നു. കുടിയന്മാര്‍ ഓടുന്ന വഴി നല്ല നിശ്ചയമുള്ള ആരോ ആണതിനകത്തെന്നു ഞങ്ങള്‍ക്കു മനസ്സിലായി. എല്ലാവരും അല്പാല്പമായി വിറക്കാന്‍ തുടങ്ങി. അകത്തു നിന്നും രണ്ടുമൂന്നു പേര്‍ ചാടിയിറങ്ങി.

’മോനേ മോനേ’ എന്ന സ്നേഹപുരസ്സരമായ വിളികളല്ലാതെ അതിനു മുമ്പും പിമ്പും അവര്‍ ചേര്‍ത്ത ബ്ലോഗ് സാഹിത്യത്തിലെ മൂന്നാംകിട തെറിവിളിശാഖയെ വെല്ലുന്ന കന്നഡവാക്കുകളൊന്നും തന്നെ ഞങ്ങള്‍ക്കു മനസ്സിലായില്ല. അല്പമെങ്കിലും കന്നഡയറിയാവുന്നതു പപ്പൂസിനാണ്. ലഹരിയും ഭയവും തൊണ്ടയില്‍ത്തടഞ്ഞ് മാതൃഭാഷ വരെ മറന്നു പോയ ഘട്ടം, എന്തു മനസ്സിലാവാന്‍! ഞങ്ങള്‍ കൈകള്‍ പൊക്കി പുറത്തേക്കു വന്നു.

"അത്തോ ഗാഡീനല്ലി, _____ മക്കളെ, കുടിത്ബിട്ടു ഗലാട്ടി മാഡ്‍ത്തായിദ്ദിരാ, റോഡല്ലി....?"

ഒരേമ്മാന്‍ ചൂരല്‍ വീശിക്കാണിച്ചു കൊണ്ടു പറഞ്ഞു. ഞങ്ങള്‍ നാലു പേരും വരിവരിയായി ചെന്ന് പോലീസ് വണ്ടിയില്‍ കയറി. അബു ആദ്യമായാണിത്, അവന്‍ ചെറുതായി വിറക്കാന്‍ തുടങ്ങി. പപ്പൂസ് അവന്റെ കയ്യില്‍ പിടിച്ചു ധൈര്യം പകര്‍ന്നു.

"സാരമില്ലെടാ, പതിയെ ശീലമായിക്കൊള്ളും."

വണ്ടി നീങ്ങി. പോലീസേമ്മാന്‍മാര്‍ ഇടക്കിടെ കന്നഡയില്‍ പലതും പറയുന്നു, ചിരിക്കുന്നു, മീശ പിരിക്കുന്നു. അബുവിന്റെ വിറ കൂടിക്കൂടി വയറുവേദനയായി മാറി. അവന്‍ പപ്പൂസിന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചു.

"നിയ്‍ക്ക് ഒന്നൂടി മൂത്രൊഴിക്കണം..."

"മൈ ലോര്‍ഡ്!!!!!!!!" (ലോ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ വായില്‍ വരുന്ന വാക്ക് അതാണ്.) ഞാനും ഒന്നു ഞെട്ടി!

എന്തൊക്കെയായാലും അബു കടിച്ചു പിടിച്ചിരുന്നു. വണ്ടി സരസ്വതീപുരം പോലീസ് സ്റ്റേഷനു മുമ്പില്‍ ഇരമ്പി നിന്നു. ഏമ്മാന്മാര്‍ ഞങ്ങളെ പിടിച്ചു താഴെയിറക്കി. ഞങ്ങള്‍ സ്റ്റേഷനകത്തു കയറി. അവിടെയതാ ഇരിക്കുന്നു, ഒരു ഉത്തമപുരുഷന്‍. പുരുഷലക്ഷണങ്ങളായ കഷണ്ടിത്തല, കൊമ്പന്‍മീശ, കുടവയര്‍ എന്നീ മൂന്നു ഗുണങ്ങളുമൊത്തു ചേര്‍ന്ന ഒരു പുംഗവന്‍.

ഒരു പോലീസേമ്മാന്‍ അദ്ദേഹത്തെ ചൂണ്ടി ഞങ്ങളോടു പറഞ്ഞു.

"ഇവരു യാരെന്ത ഗൊത്താ (ഇങ്ങേര്‍ ആരെന്നു മനസ്സിലായോ?) എസ് ഐ പുട്ടബസവപ്പ!!!"

എസ് ഐ മല്ലിക്കെട്ട്, എസ് ഐ പുലിക്കോടന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കുണ്ടാവുന്ന ഒരു ഞെട്ടല്‍ ഈ പേരു കേട്ടാല്‍ കന്നഡക്കാര്‍ക്കുണ്ടാവും, അതെ, അതു തന്നെ, എസ് ഐ പുട്ടബസവപ്പ!!!!! പപ്പൂസ് ഞെട്ടി, കുഞ്ഞച്ചന്‍ ഞെട്ടി, അബു ഞെട്ടി!!!! കര്‍ണ്ണാടകയില്‍ മുന്‍പരിചയം കുറവായ ശങ്കരന്‍ മാത്രം അക്ഷോഭ്യനായി നോക്കി. എസ് ഐയുടെ രൂപത്തോടൊപ്പം ആ പേര് കൂടി കേട്ടപ്പോള്‍ ശങ്കരനു ചിരിയടക്കാനായില്ല. അവനാ പേര് മനസ്സിലിട്ടൊന്നു പിരിച്ചെഴുതി. പുട്ട്+ബസ്സ്+അവന്‍+അപ്പന്‍ = പുട്ടബസവപ്പന്‍. യാതൊരു ബന്ധവുമില്ലാത്ത നാലു വാക്കുകള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. ഇനി കഷ്ടപ്പെട്ടു ബന്ധിപ്പിച്ചാല്‍ പുട്ടു തിന്ന് ബസ്സില്‍ക്കേറിയ അവന്റെ അപ്പന്‍!! എന്തൊരു പേര്... ഹ ഹ ഹ!!! അവന്‍ പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ച് വയറു പൊത്തിക്കൊണ്ട് ശങ്കരന്‍ എസ് ഐയുടെ മേശപ്പുറത്ത് തലയിടിച്ചു വീണ്ടും ചിരിച്ചു.

എസ് ഐയുടെ കണ്ണുകള്‍ ചുവന്നു, മീശ വിറച്ചു. ലാത്തിയെടുത്ത് അദ്ദേഹം മേശപ്പുറത്ത് ആഞ്ഞടിച്ചു കൊണ്ടലറി.

"സ്റ്റോപ്പ്!!!"

പെട്ടെന്ന് ശങ്കരന്റെ ചിരി നിന്നു. അബുവിന്റെ മൂത്രശങ്കയും നിന്നു. കാരണം അവ്യക്തം! എസ് ഐ എല്ലാവരെയും സൂക്ഷിച്ചു നോക്കി.

"ഹൂ നോസ് കന്നഡ?"

പപ്പൂസ് അറിയാതെ കൈ പൊക്കിപ്പോയി. എല്ലാ ഭീകരരംഗങ്ങളും ചേര്‍ന്ന് പപ്പൂസിന്റെ കെട്ട് അതോടെ കെട്ടു പൊട്ടിച്ചു കടന്നു കളഞ്ഞിരുന്നു.

ട്രാന്‍സ്‍ലേറ്റ് മാഡു..."

എസ് ഐ ആജ്ഞാപിച്ചു. പപ്പൂസ് തലകുലുക്കി.

"എണ്ണെ ഒടത്‍ബിട്ടു റോഡല്ലി ഗലാട്ടി മാഡു ബാരദു"

"വെള്ളമടിച്ച് വഴീക്കിടന്നു വഴക്കുണ്ടാക്കാന്‍ പാടില്ലാ"

പപ്പൂസ് ഏറ്റു പാടി. എല്ലാവരും ഒരേ താളത്തില്‍ വാ പൊത്തി തല കുലുക്കി. എസ് ഐ തുടര്‍ന്നു.

"ബാറിന്ത സീധേ ആട്ടോ കര്‍ദി മനേഗെ ഹോഗു ബേക്കു."

"ബാറില്‍ നിന്നും നേരെ ഓട്ടോ വിളിച്ച് വീട്ടീ പോണം."

"ഇല്ലാദ്‍രേ, നന്‍ തര ഓഫീസല്ലി കുത്ത്‍കൊണ്ടൂ ആരാമാഗി കുടി ബേക്കു. യാരാദ്‍രോ മനേഗെ ബിടുത്താരേ."

"ഇല്ലെങ്കില്‍ എന്നെപ്പോലെ ഓഫീസിലിരുന്ന് സ്വസ്ഥമായി കുടിക്കണം. കോണു തെറ്റിയാ ആരെങ്കിലും പിടിച്ചു വീട്ടീ കൊണ്ടാക്കിത്തരും."

ഇതു ട്രാന്‍സ്‍ലേറ്റ് ചെയ്തു കഴിഞ്ഞപ്പോളാണ് അങ്ങോര്‍ പറഞ്ഞതെന്തെന്ന് പപ്പൂസ് ആലോചിച്ചത്. പപ്പൂസ് ആരാധനയോടെ മുഖമുയര്‍ത്തി എസ് ഐ പുട്ടബസവപ്പയെ നോക്കി. കുനിഞ്ഞ്, നിലത്തു മറച്ചു വച്ചിരുന്ന ഒരു അരക്കുപ്പി അദ്ദേഹം പുറത്തെടുത്തു. ആരാധനയോടെ, ആത്മാര്‍ത്ഥതയോടെ പപ്പൂസും കൂട്ടുകാരും ഒരുമിച്ച് ആ കുപ്പിയുടെ ലേബല്‍ വായിച്ചു.

"ഓസീയാര്‍"

ദേശീയഗാനം ചൊല്ലുന്ന ഒരുമയോടെ അവരതു വായിച്ചു നിര്‍ത്തിയപ്പോള്‍ എസ് ഐക്കും ചിരിയടക്കാനായില്ല. ’ഏമ്മാന്‍ നമ്മടാളാടാ’യെന്നും പറഞ്ഞ് കുഞ്ഞച്ചനും പപ്പൂസും അബുവും ശങ്കരനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ഞങ്ങളുടെ കയ്യില്‍ നിന്നും അഡ്രസ്സ് എഴുതിവാങ്ങി കോണ്‍സ്റ്റബിളിനെ വിളിച്ച് എസ് ഐ ആവശ്യപ്പെട്ടു.

"ഇവരെ വീട്ടില്‍ കൊണ്ടു വിട്", തിരിഞ്ഞ് ഞങ്ങളോടായി അദ്ദേഹം പറഞ്ഞു.

"ഡോണ്ട് ഫോര്‍ഗറ്റ്, ഡ്രിങ്ക്, ആന്‍ഡ് റീച്ച് ഹോം അറ്റ് ദ ഏര്‍ലിയസ്റ്റ്! ഗോ..."

ഞങ്ങള്‍ ആരാധനയോടെ, സ്നേഹത്തോടെ അദ്ദേഹത്തെ വീണ്ടും വീണ്ടും നോക്കി. സമയം 11:58 pm. കുഞ്ഞച്ചന്‍ എസ് ഐയെ നോക്കി.

"സാര്‍, ഞങ്ങളൊരു രണ്ടു മിനിറ്റ് കൂടി ഇവിടെ നിന്നോട്ടെ?"

എസ് ഐക്കൊന്നും മനസ്സിലായില്ല. എന്തിനെന്ന മുഖഭാവത്തോടെ അദ്ദേഹം ഞങ്ങളെ നോക്കി. പപ്പൂസും അബുവും ശങ്കരനും വിരണ്ടു, ഇവനെന്തിനുള്ള പുറപ്പാടാ... എന്തായാലും എസ് ഐ അംഗീകരിച്ചു. കൃത്യം രണ്ടൂ മിനിറ്റ് കഴിഞ്ഞു. കുഞ്ഞച്ചന്‍ സ്ലോ മോഷനില്‍ എസ് ഐക്കടുത്തേക്കു നടന്നു ചെന്നു. എസ് ഐയെ കസേരയില്‍ നിന്നും വലിച്ചെഴുന്നേല്പിച്ച് കുഞ്ഞച്ചന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എല്ലാവരും അന്തം വിട്ട് ആ രംഗം നോക്കി നിന്നു. കുഞ്ഞച്ചന്‍ ഉറക്കെയുറക്കെ ആശംസിച്ചു.

"ഹാപ്പി ന്യൂ മന്ത് സാര്‍.... ഹാപ്പി ന്യൂ മന്ത്....!!!!"

അതൊരു ഒക്ടോബര്‍ മുപ്പത്തൊന്നാം തീയതിയായിരുന്നു. എസ് ഐ പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ ഞങ്ങളും പങ്കു ചേര്‍ന്നു. എസ് ഐ പുട്ടബസവപ്പയെ വരെ കയ്യിലെടുത്ത ഞങ്ങളെ കണ്ട് അതിശയോക്തരായി നിന്നിരുന്ന കോണ്‍സ്റ്റബിള്‍മാര്‍ ചിരിയില്‍ പങ്കു ചേര്‍ന്നു. അര്‍ദ്ധരാത്രി സരസ്വതീപുരം പോലീസ് സ്റ്റേഷനില്‍ പൊട്ടിവിടര്‍ന്ന ആ ചിരിയുടെ പൊരുള്‍ അറിയാതെ മൈസൂര്‍ നഗരം മറ്റൊരു പുതുമാസപ്പുലരിയിലേക്ക് ചുവടു വച്ചു.