Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, January 25, 2013

അദ്ദായിരുന്നു ലത്...

ആര്‍ദ്രമീ മഴക്കാറ്റിന്‍ ലയത്തില്‍
നേര്‍ത്ത നിന്‍ മുടിനാരിളകുമ്പോള്‍
സ്വാര്‍ത്ഥമെന്‍ മനക്ഷേത്രാങ്കണത്തില്‍
തീര്‍ത്ഥമായ് നിന്‍ മിഴി പടരുമ്പോള്‍,
ആര്‍ത്തി, ആര്‍ത്തി വിശപ്പിനാലുള്ളില്‍
ആര്‍ത്തിരമ്പും തിരയുലയുമ്പോള്‍,

നേര്‍ത്ത പ്രേമപ്പുടവകള്‍ നീക്കി, നിന്‍
കാത്തുവെപ്പിന്‍ മുഖംമൂടി കീറി,
കൂര്‍ത്ത കാമത്തിന്‍ പന്നഗം നേരും
ആത്മദാഹശമിപ്പിന്‍ വിഷങ്ങള്‍
ഏറ്റെടുത്ത് നീ നിന്നുദരത്തില്‍
പോറ്റി മെല്ലെയുണര്‍ത്തുന്ന പ്രാണന്‍
ആദ്യമായ് മിഴിപ്പൂ തുറക്കുമ്പോള്‍,
ആദ്യമായിളം കാലിളക്കുമ്പോള്‍,
തെല്ലുമേ ശങ്കയില്ലാതെ നിന്‍റെ
പാല്‍മുലകളില്‍ ചുണ്ടമര്‍ത്തുമ്പോള്‍,
വിസ്മയം പ്രിയേ, നീ പെയ്തു പൂവിട്ട
നിസ്തുലപ്രേമവാടിക കാണ്മു ഞാന്‍!..

Tuesday, February 16, 2010

തവിക: ഗിരീഷ് പുത്തഞ്ചേരിക്ക്...

നിറമിഴിച്ചിമിഴില്‍ തുളുമ്പുന്ന മുത്തിനു
മൊഴിയുവാനുണ്ടൊരു മോഹം,
പകല്‍ മീട്ടി മായും മുമ്പറിയാതെ വീണൂട-
ഞ്ഞിരുള്‍ തൊട്ട സൂര്യകിരീടം,
നറു'നിലാഭസ്മക്കുറി' ചാര്‍ത്തിയന്നു നീ-
യിഴ നെയ്ത നിര്‍മ്മലരാഗം,
തരളമാം പ്രേമപദാഞ്ജലി പൂത്ത നിന്‍
നിരുപമ കാവ്യഹേമന്തം.

പതിനേഴു വര്‍ഷം തികഞ്ഞ നിശ്വാസങ്ങള്‍-
ക്കനുരാഗ ഗന്ധമുണ്ടെങ്കില്‍,
പകലാറുവോളം വിയര്‍പ്പുയിരാക്കുമീ
പണിയാള്‍ക്കു നൊമ്പരമെങ്കില്‍,
പനയോല പാകിയ നാടന്‍ വടക്കിനി-
പ്പുരകള്‍ക്കു ഹൃദയമുണ്ടെങ്കില്‍,
'ഇടനെഞ്ചി'ല്‍ 'പിന്നെയും പിന്നെയും' 'കുറുകു'മീ
'പ്രണയാര്‍ദ്ര' 'മൃദുമന്ത്രണങ്ങള്‍!'

Sunday, November 15, 2009

എടീ...

എട്ടാം ക്ലാസ്സില്‍ വച്ചേ
മൂന്നാം ഡെസ്കിനു (ങും... നൊസ്റ്റാള്‍ജിയ!)
മുകളില്‍ കേറിയിരുന്ന്
പാവാട വലിച്ചൂരിക്കളഞ്ഞ് (ദാ, സെക്സും!)
പോളില്ലാത്ത പോള്‍ ഡാന്‍സ് നടത്തി
എന്‍റെ ഹൃദയം ജയിച്ചോളേ,

’ഈ വണ്ടി കൊറേ ഓടും’ന്ന്
ചട്ടമ്പി സുപ്രന്‍ വരെ
പ്രവചിച്ചിട്ടും
തോളെല്ലിനു പിന്നില്‍
ചിറകുകള്‍ വലിച്ചു കെട്ടി
ആരാണ് നിന്നെ
കണ്ണും മനസ്സുമെത്താത്ത ആകാശത്തേക്ക്
പറത്തി വിട്ടത്?

ഒരവസരം താടീ,
ചിറകുകള്‍ ഇളക്കിയെടുത്ത്
ഈ മണ്ണിലിട്ടുരുട്ടി
വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി
നിന്‍റെ നഗ്നമേനി
തടവിത്തടവിത്തടവിത്തടവിത്തടവിത്തടവി (വഷളന്‍!)
എനിക്കൊന്നാസ്വദിക്കാന്‍.

Sunday, April 5, 2009

തവിക 2: മാമ്പഴമാ മാമ്പഴം...

അങ്കണത്തൈമാവിന്നീയംബരത്തോളം പൊങ്ങീ

പൊന്മലരൊടിക്കുവാനുണ്ണിക്കയ്യെത്താതായി,

അമ്മതന്‍ കണ്ണുപ്പോലും പിഞ്ചുമണ്‍തരി തൊട്ടു

പൊന്മകനെഴുന്നേറ്റു കണ്‍മിഴിച്ചെങ്ങും നോക്കി.

 

പാതിയും തുറന്നിട്ട വാതിലിന്‍ പൊളി കാറ്റില്‍

വേദന വിങ്ങിത്തെല്ലു കരഞ്ഞു വിളിക്കവേ,

കാതരമിഴിയോടെ കയറും കുഞ്ഞോമലിന്‍

പാദപങ്കജം പതിച്ചാ ഗൃഹം വിലക്ഷമായ്.

 

അമ്മയെക്കാണാന്‍ കൊതിച്ചുന്മദം പിടഞ്ഞെത്തീ,

തന്‍മിഴിക്കോണില്‍ സ്നേഹം കടലായ് പതഞ്ഞാര്‍ത്തു,

പിഞ്ചുകൈക്കുമ്പിള്‍ പിണച്ചുള്ളിലായൊളിപ്പിച്ച

ചെമ്പനീര്‍ മാവിന്‍പഴം നീട്ടി ഞാന്‍ കയറുമ്പോള്‍,

 

പൂവാലനണ്ണാര്‍ക്കണ്ണനോടിവന്നിരിക്കുന്നൂ,

പൂമുഖപ്പടി നിറഞ്ഞോര്‍മ്മകള്‍ വിതുമ്പുന്നൂ,

നിശ്ചലമുറഞ്ഞു പോം കാല്‍വിരല്‍ത്തുമ്പില്‍ നിന്നും

വിസ്മയം പടര്‍ന്നുടലില പോല്‍ വിറക്കുന്നൂ,

 

അമ്മയെക്കാണാന്‍ വന്നതാണു ഞാന്‍, നാടന്‍ മാവില്‍

കല്ലെറിഞ്ഞൊടിച്ചിട്ട നാട്ടുമാമ്പഴം നല്‍കാന്‍,

സങ്കടം വേണ്ടെന്നുര ചെയ്യുവാ,നുണ്ണിക്കുറു-

മ്പിമ്മിണിയുള്ളോര്‍ക്കു നീ അമ്മയെന്നറിയിക്കാന്‍!

നിശ്ചയം മലയാളം നെഞ്ചിലേറ്റുന്നൂ നിന്‍റെ

നിത്യനിര്‍മ്മലസ്നേഹം, ഇറ്റു കണ്‍നിറവോടെ!

 

നിസ്തുലമാതൃസ്നേഹമുള്‍പ്പൂവില്‍ പ്രതിഷ്ഠിച്ചോ-

രുത്തമ കവേ നിന്‍റെ കാല്‍ക്കലെന്‍ നമോവാകം.

*********************

ഏറ്റവും ഇഷ്ടപ്പെട്ട മാമ്പഴമേതാണ്?

നാട്ടുമാങ്ങ, ഗോമാങ്ങ, കിളിച്ചുണ്ടന്‍ മാമ്പഴം, സേലം, മല്‍ഗോവന്‍ തുടങ്ങി പലതര്ം മാമ്പഴങ്ങളും വാങ്ങിയും ഒടിച്ചും എറിഞ്ഞിട്ടും ആസ്വദിച്ചു കഴിച്ചിട്ടുണ്ട്. പക്ഷേ, വൈലോപ്പിള്ളിയുടെ മാമ്പഴത്തെ മലയാളി ചുമന്നത് പൊതിക്കെട്ടുകളിലും പ്ലാസ്റ്റിക്ക്  കവറുകളിലും കൂടകളിലുമല്ല, ഹൃദയത്തിലാണ്. കണ്ണൊന്നു തുടക്കാതെ ഇന്നു വരെ വായിച്ചു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല, ആ കവിത.

"ഉണ്ണിക്കയ്‍ക്കെടുക്കുവാനുണ്ണിവായ്‍ക്കുണ്ണാന്‍ വേണ്ടി..." എന്ന വരിയില്‍ തുടങ്ങുന്ന ഗദ്ഗദം "വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ, തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ..." എന്നിടത്തെത്തുമ്പോഴേക്ക്, ഓരോ വായനയിലും കാഴ്ചയെ മറച്ച് കണ്ണീര് ഇരുവശങ്ങളിലേക്കുമൊഴുകിത്തുടങ്ങിയിട്ടുണ്ടാവും.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അത്.

കണ്ടവന്‍ അച്ചിയെ മറക്കുന്ന കൊച്ചി പട്ടണത്തിലേക്കുള്ള ആദ്യത്തെ യാത്രയാണ്. മനസ്സിനെ ത്രസിപ്പിച്ചത് പക്ഷേ അതല്ല, വൈലോപ്പിള്ളി തറവാട് കാണാന്‍ പോകുന്നു എന്ന അവിശ്വസനീയമായ സത്യമാണ്.

മേലേ പറമ്പിലെ നാട്ടുമാവിന് കല്ലെറിഞ്ഞ് ഒരു ഇളംപഴുപ്പുള്ള മാമ്പഴം വീഴ്‍ത്തി പൊതിഞ്ഞെടുത്തു. ആ അമ്മക്കു വേണ്ടി, ഉണ്ണിക്കിടാവിനു വേണ്ടി, കവിക്കു വേണ്ടി സമര്‍പ്പിക്കണം എന്നായിരുന്നു കുഞ്ഞുമനസ്സിലെ ആഗ്രഹം.

വൈലോപ്പിള്ളിത്തറവാടിന്‍റെ പടി കടന്നപ്പോള്‍ കാല്‍ വിറച്ചു. മുറ്റം നടന്നു കയറുമ്പോള്‍, വലതു വശത്ത് ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മാവ്.

"കണ്ടില്ലേ, അതാണ് ആ അങ്കണത്തൈമാവ്."

വേഷ്ടിയുടുത്ത് നരച്ച മുടിയുള്ള ഒരു സ്ത്രീ (കവിയുടെ അടുത്ത ബന്ധുവാണെന്ന് ആരോ പരിചയപ്പെടുത്തി). എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ പാകത്തിന് ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ച ഏതാനും മണിക്കൂറുകള്‍... കവികള്‍... കവിതകള്‍...

ഇറങ്ങാന്‍ നേരത്ത് ആ സ്ത്രീ ഉമ്മറപ്പടിയിറങ്ങി വന്ന് എന്‍റെ തോളില്‍ തട്ടി.

"കുട്ടി കണ്ടിട്ടുണ്ടോ, ശ്രീധരന്‍ മേന്‍നെ?"

"ഇല്ല."

അറിഞ്ഞിട്ടുണ്ട്, ആ അമ്മയെ, പിഞ്ചുമകനെ, ഈ തൈമാവിനെ, പൂങ്കുലയെ, കനിഞ്ഞിട്ട മാമ്പഴത്തെ.... എല്ലാം...

കയ്യിലുള്ള മാമ്പഴം സമ്മാനിക്കാമെന്നു കരുതി പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പരതി. ഒരുപാടു പേര്‍, പുറത്തെടുക്കാന്‍ ജാള്യം. എടുത്തില്ല.

വൈലോപ്പിള്ളിത്തറവാടു സന്ദര്‍ശിച്ച ആ മാങ്ങ പഴുപ്പിച്ചു. കടിച്ചൂമ്പി നുണഞ്ഞു, ആര്‍ക്കും പങ്കു വക്കാതെ. അണ്ടി മുറ്റത്ത് മൂലയില്‍ കുഴിച്ചിട്ടു. ഇരിക്കട്ടെ, ഒരു തൈമാവ് ഈയങ്കണത്തിലും.

അതു മുളച്ചില്ല.

Tuesday, March 10, 2009

സൂചിയും നൂലും

കൂര്‍ത്തു മൂര്‍ത്ത 
ഒരു സൂചിയായിരുന്നു,
കണ്ടാല്‍ കണ്ണു മരിക്കുന്ന
വെളിച്ചമായിരുന്നു,
മുട്ടിയാല്‍ ചോര വീഴ്‍ത്തുന്ന
മുനമ്പായിരുന്നു.

കഷ്ടപ്പെട്ട്,
ഞെരിഞ്ഞു പിരിഞ്ഞ്
അറ്റം മുറിഞ്ഞ്
തുപ്പലില്‍ നനഞ്ഞാണ്
നൂല്
കുഴലു കടന്നെത്തിയത്.

എന്നിട്ടെന്തായി...

നൂലു വലിക്കുന്ന വട്ടത്തില്‍
സൂചിയുടെ ആത്മാവ് ഞെരിപിളിയുന്നു,
തുളക്കുന്ന തുളകളിലെല്ലാം
നൂല് ഒളിഞ്ഞു കയറുന്നു,
തളര്‍ന്ന് തല ചായ്‍ക്കുമ്പോള്‍
നൂലതിനെ ചുറ്റിവരിയുന്നു

അത്ര വേഗം പൊട്ടുന്നതല്ലല്ലോ
ഇന്ത്യയില്‍ കെട്ടിയ നൂല്,
ജീവിതം നെയ്യാം. 

Monday, February 2, 2009

ഗുണ്ടല്‍പേട്ടില്‍ നട്ടപ്പാതിരക്ക്

ഗുണ്ടല്‍പേട്ടില്‍
നട്ടപ്പാതിരക്ക്
ബ്രേക്കിന് നിര്‍ത്തിയിട്ടിരുന്ന
കോഴിക്കോട് ബാംഗ്ലൂര്‍ ബസ്സില്‍ നിന്ന്
പടിയിറങ്ങി വന്ന പര്‍ദ്ദക്കാരി,
ഉറക്കച്ചടവില്‍
വേച്ചു വേച്ചു വീഴാനായുന്നു.

’വീഴല്ലേ’യെന്ന് വലംകൈ പിടിച്ച്
നേരെ നിര്‍ത്തിയപ്പോള്‍
ഇടംകൈ കൊണ്ടവള്‍ മുഖത്തടിച്ചു.

’കള്ളക്കാഫിറേ’യെന്ന്
നടൂമ്പുറത്ത് പല കൈ
മദ്ദളതാളം, ഗമകം, ഉച്ഛസ്ഥായി, ആ....ആ...ആ...ആ...!!!

കോണ്‍ട്രവേഴ്സ്യല്‍ നായികയായ
പര്‍ദ്ദക്കാരിക്ക്
വീഴാതെ നടക്കാനും
മൂത്രപ്പുര കാണിക്കാനും
സഹായമായി
നിരവധി പെണ്‍ഹസ്തങ്ങള്‍,
സഹായവാഗ്ദാനമായി
അനവധി ആണ്‍മുഖങ്ങള്‍!

റോഡരികില്‍ എന്നോടൊപ്പം
സിഗററ്റ് വലിച്ചു കൊണ്ടു നിന്നിരുന്ന
ചേട്ടന്‍മാര്‍
ഒന്നുമറിയാത്തതു പോലെ
വലിച്ചു വലിച്ചു തള്ളി.

ഇനിയെന്നോടു പറഞ്ഞു പോകരുത്,
അബലയെ സഹായിക്കാന്‍!

Thursday, January 29, 2009

മരണക്കാഴ്ച

മരണം
---------
ഏതോ അറിയപ്പെടാത്ത നാട്ടില്‍ വച്ച്
പോക്കറ്റില്‍ പേഴ്സോ
തിരിച്ചറിയല്‍ കാര്‍ഡുകളോ
അടയാളമോതിരങ്ങളോ ഇല്ലാതെ,
അല്ലെങ്കില്‍,
ഒരു വസ്ത്രം പോലുമില്ലാതെ
ഒരു വണ്ടിയിടിച്ച്
മുഖം അത്യന്തം വികൃതമാക്കപ്പെട്ട്,
പറ്റുമെങ്കില്‍,
ഒരു മുടിനാരു പോലും ശേഷിപ്പിക്കാതെ
കത്തിക്കരിഞ്ഞ് മരണപ്പെട്ടു പോകട്ടെ,
ഞാന്‍!

അപ്പനും മക്കളും ബന്ധുക്കളും അറിയാത്ത
അനാഥശവങ്ങള്‍ക്ക്
ജാതിയില്ലാതെ
സംസ്കരിക്കപ്പെടാനെങ്കിലും
ഭാഗ്യമുണ്ട്!


കാഴ്ച
---------

ഉരുണ്ടും ഇരുണ്ടുമിരിക്കുന്ന
കോണുകളിലേക്ക്
നീണ്ടു നീണ്ടു ചെന്ന്
കണ്‍മുനയൊപ്പിയെടുക്കുന്ന
പ്രതിഫലനങ്ങളെ
കണ്ണില്‍ തടഞ്ഞ്
കരളിലേക്ക് കടത്തി വിടാതെ
എന്‍റെ തലച്ചോര്‍!

കണ്ണു ചൊറിഞ്ഞ് ചൊറിഞ്ഞ്...
കാഴ്ച ചുകന്ന് ചുകന്ന്...

എനിക്കൊരുസാമൂഹ്യപരിഷ്കര്‍ത്താവാകണം!

Wednesday, November 26, 2008

ബ്ലൗഗിക സത്യങ്ങള്

സ്ക്രീനില്‍ കാണുന്ന ഫോം പൂരിപ്പിക്കുകയാണ്.

Display Name
എന്നു കണ്ടപ്പോള്‍
കൈ വിറച്ചു,
ചെളിയെറിഞ്ഞു കളിയുടെ ഓടമണം
തികട്ടി വന്നു,

മലയാളം ബ്ലോഗ് തുടങ്ങാന്‍ പക്വത വന്നിട്ടില്ല!

Tuesday, October 28, 2008

അക്കരെയിക്കരെ...

അക്കരെ, ചെന്തീയിട്ട് ചമ്മല വെണ്ണീറാക്കി
ചിത്തറം വരച്ചെന്നും കതിരോന്‍ മേയുന്നിടം,
നേര്‍ത്ത കല്ലോലങ്ങളില്‍ മാദചുംബനം തൊട്ടെന്‍
ഓട്ടുകല്‍ തെന്നിത്തെന്നി മരണം തേടുന്നിടം.

പുഞ്ചിരിപ്പൂക്കള്‍ പറിച്ചിക്കരേക്കെറിഞ്ഞെന്‍റെ
നെഞ്ചകക്കോലായയില്‍ ചമ്മറം പടിഞ്ഞവള്‍
ഏഴരസ്സന്ധ്യാനേരം ഏറുകണ്‍ കളിച്ചെന്‍റെ
കേവലം (?) കൈലിക്കുത്തില്‍ പിടിച്ചു വലിച്ചപ്പോള്‍

നീന്തിയും മുങ്ങാംകുഴി മാന്തിയും പുഴവെള്ളം
മോന്തിയു,മിരുട്ടിലെ ചുഴിയില്‍ നെലോളിച്ചും,
മുറിവില്‍ കൊത്തിപ്പൂളും പരലും, കിതപ്പിന്‍റെ-
യിടയില്‍ മൂക്കില്‍ തള്ളിക്കയറുമോളങ്ങളും,
പാറക്കല്ലിടുമ്പിന്‍റെ മൂലയു,മില്ലിക്കാടും
തഴഞ്ഞാ മണല്‍ക്കൂന കയറി മലര്‍ന്നപ്പോള്‍,

മലര്‍ന്നപ്പോള്‍...?!?!

മലര്‍ന്നപ്പോള്‍...????

.....................

ഷാപ്പിലെ ഗോപാലേട്ടന്‍ പാട്ടയില്‍ വെള്ളം കോരി
പാരുന്നൂ, നാലാള്‍ ചേര്‍ന്നെന്‍ കാലുകള്‍ തിരുമ്മുന്നൂ,
"ഓസീയാറടിച്ചടിച്ചോടിയാ ചാണക്കുഴീല്‍
വീണതാണിവന്‍, ഭാഗ്യം, ശ്വസിക്കുന്നുണ്ടിപ്പോഴും!"

Friday, June 20, 2008

ജീവിതമേ...

ഹേ... ജീവിതമേ... :-)
ഹാ! ജീവിതമേ... :-
ഹൌ... ജീവിതമേ... :-(

Tuesday, June 17, 2008

തവിക: പിറന്നു പോയല്ലോ അച്ഛാ!

കവിതകള്‍ വായിക്കാറുണ്ട്. ഓരോ കവിതയും ഓരോ സമയത്ത് ഓരോ വ്യത്യസ്ത അനുഭവമാവുന്നത് വിസ്മയത്തോടെയാണ് ശ്രദ്ധിച്ചിട്ടുള്ളത്. വായിച്ച്, വീണ്ടും വായിച്ച്, കേട്ട്, വീണ്ടും കേട്ട് മനസ്സില്‍ പതിഞ്ഞ കവിതകളില്‍ നിന്നുള്ള അനുഭവം, ബന്ധപ്പെട്ട ചിന്ത, പ്രതികരണം etc. etc. ഇവയൊക്കെ വരികളായി മനസ്സില്‍ തേട്ടുന്നത് പതിവാണ്. അത്തരം വരികള്‍ എഴുതി വച്ച് ’തവിക’ എന്നു പേരിട്ടു വിളിക്കാന്‍ തീരുമാനിച്ചു.

ഇതെനിക്കൊരു ഹരമായാല്‍ പ്രിയവായനക്കാരാ/രീ, നിങ്ങളൊക്കെ ബോറടിച്ച് ബോറടിച്ച്.... പറയണ്ട!

ഇഷ്ടകവിയാരെന്ന് ചോദിച്ചാല്‍ വയലാറെന്നും, വീണ്ടും ചോദിച്ചാല്‍ ചുള്ളിക്കാടെന്നും പറയുന്ന ഒരാളാണ് ഞാന്‍. ആദ്യമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കാണുന്നത് എറണാകുളത്ത് ഒരു ചെറിയ വേദിയില്‍ വച്ചാണ്. അദ്ദേഹത്തിന്‍റെ പത്നിയും കവയിത്രിയുമായ വിജയലക്ഷ്മിയും അതേ വേദിയിലിരിപ്പുണ്ടായിരുന്നു. ആളുകള്‍ക്കിടയിലുള്ള ചെറിയ മുറുമുറുപ്പ് കേട്ട് ശ്രദ്ധ വാതിലിലേക്കു തിരിഞ്ഞു. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച് ഒരു ചെറുപ്പക്കാരന്‍. നല്ല നാടന്‍ പട്ടച്ചാരായത്തിന്‍റെ മണം ആകെ വന്നു നിറഞ്ഞു. മനസ്സു മന്ത്രിച്ചു, ചുള്ളിക്കാട്.

അദ്ദേഹം കടന്നു വന്ന്, (വെറും) രണ്ടു വാക്കു സംസാരിച്ചു. വൈലോപ്പിള്ളിയുടെ ഒരു കവിത ചൊല്ലി. വേദിയിലിരുന്ന പ്രമുഖരേയോ തന്‍റെ ഭാര്യയേയോ തിരിഞ്ഞു നോക്കാതെ പുള്ളി ഇറങ്ങി നടന്നു... എനിക്ക് ഒരു കൊല്ലത്തേക്ക് സന്തോഷിക്കാനുള്ള വക അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ടായിരുന്നു!

ചുള്ളിക്കാടിന്‍റെ ’പിറക്കാത്ത മകന്’ ബഹുവ്രീഹി ഭാവസാന്ദ്രമായി ചൊല്ലിയത് എന്നും കിടക്കുന്നതിനു മുമ്പും എഴുന്നേറ്റതിനു ശേഷവും കേള്‍ക്കുന്നത് ദിനചര്യയായി മാറി! ആദ്യത്തെ തവിക അതിന്‍റെ ചുവടു പിടിച്ചാവട്ടെ.

ലോകാവസാനം വരേക്കും പിറക്കാതെ
കാത്തിരിക്കാനെനിക്കാവി,ല്ലിരുട്ടിലെന്‍
ചിത്തം കടിച്ചു തൊലി പൊളിച്ചെത്ര നാള്‍
മുട്ടു നീര്‍ത്താതെ മടുത്തിരിക്കേണ്ടു ഞാന്‍?

നേരില്‍ പറയുവാനാവി,ല്ലെനിക്കു നിന്‍
നോവിറ്റു വീണ മിഴിമുത്തു ജീവിതം,
ലോകവേദാന്തമിരുളിലൊളിക്കവേ
കാതില്‍ നീ ചൊന്ന വാക്കാണെന്‍റെ ചോദന.

ശ്രാദ്ധമിരന്നു തിന്നാന്‍ വിധി കേട്ടവര്‍
ശാസിച്ചെറിഞ്ഞ പകരക്കുറിപ്പുകള്‍,
മുഗ്‍ദ്ധപാപത്തിന്‍ പുറന്തോടടര്‍ത്തി നീ
തൊട്ടു കാണിച്ചൊരാ ജന്മത്തുടിപ്പുകള്‍,
പത്തു കാശിന്നു പകുക്കാതെ നീ വച്ച
സ്വത്വമിയന്ന നിന്‍ ജീവപ്പകര്‍പ്പുകള്‍,
സത്യമാണച്ഛാ, മുഖപടം ചീന്തിയ
ചിത്തമാണെന്‍റെയും നിന്‍റേയുമൊന്നു പോല്‍!
നഷ്ടബോധത്തിന്‍ കരിമ്പടം കൊണ്ടെന്‍റെ
സൃഷ്ടിയോഗത്തെ നീ മൂടാതിരിക്കുക.

ഇത്തിരിച്ചോര ചെലുത്തിയാത്മാവിന്‍റെ
വൃദ്ധധമനിയെ, കാലം വെളുപ്പിച്ച
വൃദ്ധിചൈതന്യത്തെ തൊട്ടു കറുപ്പിക്കും
പുത്രധര്‍മ്മത്താ,ലുണര്‍ത്തട്ടെയിന്നു ഞാന്‍.

Wednesday, April 30, 2008

പൂച്ചക്കുഞ്ഞു വരുന്നേ...

നാവും നീട്ടി നുണഞ്ഞും കൊണ്ടൊരു
പൂച്ചക്കുഞ്ഞു വരുന്നേ,
പാലു കുടിക്കാന്‍, കരിമീന്‍ തിന്നാന്‍
പൂച്ചക്കുഞ്ഞു വരുന്നേ,

ഇടതും വലതും നോക്കിപ്പമ്മി
പൂച്ചക്കുഞ്ഞു വരുന്നേ,
പാലുംപാത്രം തട്ടി മറിക്കാന്‍
പൂച്ചക്കുഞ്ഞു വരുന്നേ,

വഴിയില്‍ കണ്ടതു തട്ടീം മുട്ടീം
പൂച്ചക്കുഞ്ഞു വരുന്നേ,
ശബ്ദം കേട്ട് മുതലാളിച്ചന്‍
അച്ചന്‍കുഞ്ഞു വരുന്നേ,

"ഹമ്പടി പൂച്ചേ, കള്ളിപ്പൂച്ചേ
പാലു കുടിച്ചല്ലേ നീ?"
മുട്ടന്‍ വടിയും വായുവില്‍ വീശി
അച്ചന്‍കുഞ്ഞു വരുന്നേ,

നടുവില്‍ നോക്കീട്ടൊന്നു കൊടുത്തു
പൂച്ചക്കുഞ്ഞോ "മ്യാവൂ"
അയ്യോ പാവം പൂച്ചക്കുഞ്ഞ്
മുതുകു തിരുമ്മിപ്പോണേ!

Tuesday, January 22, 2008

ഒരു ക്ഷമാപണം!

ഖേദമുണ്ടെനിക്കേറെ, മാനസമറിയാതെ
വേദന പടര്‍ത്തിയ വാക്കുകള്‍ കുറിച്ചതില്‍!
കേവലം നിര്‍ദ്ദോഷമെന്നോര്‍ത്തു ഞാന്‍ കുറിച്ചിട്ട
ഭാവനയറിയാതെ കാനനം കേറിപ്പോയി! :(

വാക്കുകളെളുതല്ലാ, തിരുത്തിപ്പറയുവാന്‍,
വായില്‍ നിന്നറിയാതെ തൊഴിഞ്ഞു വീണു പക്ഷേ,
മാപ്പു ഞാന്‍ ചോദിക്കുന്നൂ, തോഴരേ, നിങ്ങള്‍ക്കിനി
ദേഷ്യമുണ്ടെന്നാലെന്നെ കിഴുക്കിത്തീര്‍ക്കാമിപ്പോള്‍...! :(

ഇന്നലെ എഴുതിയതൊന്നും ആരെയും വേദനിപ്പിക്കാനായിരുന്നില്ല. എം കെ ഹരികുമാറിന്റെ ശൈലി അനുകരിച്ച്, ആ രീതിയില്‍ ഒരു തമാശക്കു വേണ്ടി ചെയ്തതാണ്! പതിവു കുസൃതികളില്‍ക്കവിഞ്ഞ് ഒന്നും അതു കൊണ്ട് ഉദ്ദേശിച്ചുമില്ല. ആരെയെങ്കിലും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം മാപ്പ്...!