Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, June 2, 2009

കഥ: ഹാര്‍മ്മോണിയം

കുറ്റിക്കാടും പാടവും ഇടവഴിയും തൂക്കുപാലവും നൂറടി വീതിയുള്ള ടാര്‍ റോഡും കടന്ന് ഗോപീകൃഷ്ണന്‍ നടന്നു നീങ്ങി. പിന്നിട്ട വഴികളിലെവിടെയൊക്കെയോ വിയര്‍പ്പ് ഇറ്റു വീണിരുന്നു. വേലിച്ചെടികള്‍ വിങ്ങിപ്പൊഴിച്ച നീലപ്പൂക്കള്‍ കാല്പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. തൊട്ടാവാടി മുള്ളുകള്‍ ഉടുമുണ്ടിന്‍റെ തുമ്പിലുടക്കി പുറകോട്ട് വേദന പകുത്ത് വലിച്ചിരുന്നു.

തോളില്‍ ഭാരമുള്ള ചുമടാണ്. ജീവിതത്തോളം വരുന്ന ഭാരം. വെള്ളത്തുണിയില്‍ കെട്ടിപ്പൊതിഞ്ഞ്, ചൂടിക്കയറിട്ട് വലിച്ചു കെട്ടിയ ഭാരം. എത്ര ഒതുക്കി ചുമലില്‍ താങ്ങി നിര്‍ത്തിയിട്ടും പിറകോട്ടായുന്നു, ചുമട്.

ആഹ്... അസഹ്യമായ ദാഹം! ഭാണ്ഡക്കെട്ട് നിലത്ത് വച്ച് ഗോപീകൃഷ്ണന്‍ കുനിഞ്ഞിരുന്നു.

ചെവിക്കൂടിലേക്ക് ഇഴഞ്ഞു കയറുന്ന സംഗീതം. അയാള്‍ ചെവി വട്ടം പിടിച്ചു. ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പയ്യന്‍റെ ചെവിയിലെ ഇയര്‍ഫോണില്‍ നിന്ന് കാറ്റ് കവര്‍ന്നെടുത്ത് ഗോപീകൃഷ്ണന് നല്‍കിയ താളം.

ധമുക്ക് ധം... ധം.... ധമുക്ക് ധം... ധം....

ഭാണ്ഡക്കെട്ടില്‍ മുറുകിയിരുന്ന വിരലുകള്‍ പതിയെ അയയുന്നു. സംഗീതത്തിനൊത്ത താളത്തില്‍ ഉണരുന്നു. ചില വിസ്മയക്കാഴ്ചകളിലേക്ക് മനസ്സ് പറന്നു തുടങ്ങുന്നു. നിത്യപ്രണയത്തിന്‍റെ നേര്‍ത്ത മൂടുപടം മനസ്സിനെ അശാന്തിയുടെ പടുകുഴിയിലേക്ക് പിച്ചിച്ചീന്തിയെറിയുന്നു. താളത്തില്‍ മുറുകിയ ഗോപീകൃഷ്ണന്‍റെ വിരലുകള്‍ നിശ്ചലമായി, ഭാണ്ഡത്തില്‍ വേദനയോടെ ഞെരിഞ്ഞമരുന്നു.

നശിക്കട്ടെ, സംഗീതം!

നേര്‍ത്ത ഇരമ്പലോടെ, സംഗീതത്തെ മൂടിക്കൊണ്ട് ബസ്സ് വന്നു നിന്നു. ഇടതുവശത്ത് സൈഡ് സീറ്റിലിരുന്ന് ഗോപീകൃഷ്ണന്‍ പുറത്തേക്ക് നോക്കി. കാഴ്ചകള്‍ കണ്ണില്‍ നിന്നിറങ്ങിയോടുന്നു. പാട്ട് കേട്ടുകൊണ്ട് ബസ്റ്റോപ്പിലുണ്ടായിരുന്ന പയ്യന്‍ അയളുടെ അരികില്‍ വന്നിരുന്നു. ഗോപീകൃഷ്ണന്‍ ഭാണ്ഡത്തില്‍ പിടി മുറുക്കി.

ധമുക്ക് ധം.... ധം... ധമുക്ക് ധം.... ധം...

ഹൊ! അസഹ്യം. പുറംകാഴ്ചകളുടെ ലോകത്ത് ചിന്തകളെ മറിച്ചിതേയുള്ളു. അപ്പോളേക്കും വരുന്നു, ഓരോന്നോര്‍മ്മപ്പെടുത്താന്‍. എങ്കിലും സ്വയമറിയാതെ അയാളുടെ വിരലുകള്‍ ആ സംഗീതത്തിനൊത്ത് താളമിടാന്‍ തുടങ്ങി.

"ധധമ്മാ....."

പെട്ടെന്നൊരു വിളി. എവിടെ നിന്നാണ്? താനല്ലാതെ മറ്റാരും അങ്ങനെ വിളിക്കാറില്ലല്ലോ, സീതമ്മയെ.

സീതമ്മ....

കറുപ്പിന് ഏഴും എട്ടുമല്ല അഴക്. മുന്നൂറ്ററുപത്തഞ്ചാണ്, തൊള്ളായിരത്തിപ്പതിനാറാണ്. ഒറ്റമുറിവീടിന്‍റെ വരാന്തയിലിരുന്ന് തന്‍റെ ഹാര്‍മ്മോണിയം നനഞ്ഞു പാടിയ എത്രയെത്ര രാഗങ്ങള്‍! കുഴല്‍ക്കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ നടന്നു വരുന്ന സീതമ്മ. കോളനി...

കോളനിയെന്നു പറഞ്ഞാല്‍? ലക്ഷംവീടെന്ന് പറയണം. ആസ്ബറ്റോസും മരത്തടിയും വച്ചുകെട്ടിപ്പണിത അറുപതോളം വീടുകളുണ്ടവിടെ. താമസിക്കുന്നവരെല്ലാം തമിഴന്മാരും തമിഴത്തികളും.

പ്രണയത്തിന് ഭാഷാഭേദമില്ലത്രെ. പ്രണയത്തിനു മാത്രമല്ല, സംഗീതത്തിനും. പണ്ടൊരിക്കല്‍ ഏതോ തമിഴന്‍ ചെക്കന്മാര്‍ എവിടുന്നോ പഠിച്ചു വന്ന ഒരു പാട്ട് കൂട്ടം ചേര്‍ന്ന് പാടിയത് കേട്ടിട്ടുണ്ട്. ഒരക്ഷരം മനസ്സിലായില്ല, ഗോപീകൃഷ്ണന്.

"സോന്‍ സോന്‍ സോനരക്കനീയരക്കരീയരോം... സോന്‍ സോന്‍..."

ഗോവന്‍ പാട്ടാണെന്നോ മറ്റോ ആരൊക്കെയോ അഭിപ്രായം പറയുന്നതു കേട്ടു. ഏതു ഭാഷയായാലെന്ത്. ഗോപീകൃഷ്ണന്‍ മറ്റൊരു പാട്ടും ഇത്രയേറെ ആസ്വദിച്ചു കേട്ടിട്ടില്ല, ജീവിതത്തില്‍.

അയാള്‍ ആ പാട്ട് ഹാര്‍മ്മോണിയമെടുത്ത് വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

"സാ... സാ... സാനീധനീ... സാനീധനീ ധധമാ..."

ധധമ്മ... ഛെ! വീണ്ടും ഇതെവിടെ നിന്നാണ് കേള്‍ക്കുന്നത്. ഗോപീകൃഷ്ണന്‍ ഇടതുചെവി തന്‍റെ പക്കമിരുന്ന യുവാവിനു നേരെ വട്ടം പിടിച്ചു. ഗോപീകൃഷ്ണന് വലതുചെവിക്ക് കേള്‍വിക്കുറവുണ്ട്. കുറവല്ല, കേള്‍ക്കില്ല തന്നെ. ഇടതുചെവി പൊത്തിപ്പിടിച്ചാല്‍ നിശ്ശബ്ദസുന്ദരസമൂഹമാണ് അയാള്‍ക്കു ചുറ്റും. സമാധാനം തേടാനുള്ള വഴികള്‍. പണ്ടാരമടങ്ങാന്‍, ചിന്ത ഏതെല്ലാം വഴിക്കാണ് പായുന്നത്!

ശൈത്യകാലത്ത് അല്പം വൈകിയാണ് സീതമ്മ വെള്ളമെടുക്കാന്‍ വരാറുള്ളത്. തന്‍റെ ഹാര്‍മ്മോണിയത്തില്‍ നിന്ന് പ്രഭാതഭേരി പരന്നൊഴുകിയാലും വീണ്ടുമൊരു അഞ്ചു മിനിറ്റു കൂടെ കഴിഞ്ഞേ സീതമ്മ വരാറുള്ളു. പിന്നിയ പോളിസ്റ്റര്‍ മുണ്ട് കഴുത്തിനു താഴോട്ട് ചുറ്റിയിട്ട്, പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്ക് കുടവും പിടിച്ച്, ചൂളിച്ചൂളി...

കുഴല്‍ക്കിണറിനടുത്ത് തന്‍റെ അവസരവും കാത്ത് അവള്‍ നില്‍ക്കും. ഇടക്കിടെ ഹാര്‍മ്മോണിയം സരിഗമ പാടുന്ന എന്‍റെ വരാന്തയിലേക്ക് കണ്ണെറിഞ്ഞു കൊണ്ട്. താന്‍ കണ്ണിറുക്കിക്കാണിക്കുമ്പോള്‍ അവള്‍ മുഖം കോട്ടും. എത്ര തവണ വൃത്തികെട്ട വായില്‍നോക്കികളെപ്പോലെ താനവളെ കണ്ണിറുക്കികാണിച്ചിരിക്കുന്നു.

ഓര്‍ത്തപ്പോള്‍ ഗോപീകൃഷ്ണന് ചിരി പൊട്ടി. ചെവിയില്‍ ഇയര്‍ഫോണും തിരുകിയിരിക്കുന്ന യുവാവ് അയാളെ തിരിഞ്ഞു നോക്കി. ഇവന്മാരുടെയൊക്കെ ചെവിക്കരുത്ത്. ചെവിക്കകത്ത് പാട്ട് പാടിത്തിമിര്‍ക്കുമ്പോളും ഇവനൊക്കെ എങ്ങനെ എന്‍റെ ചിരി കേള്‍ക്കുന്നു. ഗോപീകൃഷ്ണന്‍ അദ്ഭുതപ്പെട്ടു.

പുറത്തു നിന്ന് നല്ല മഞ്ഞുകാറ്റടിക്കുന്നുണ്ട്. ബസ്സിന്‍റെ ഷട്ടര്‍ വലിച്ചു താഴ്‍ത്തിയിട്ടു കഴിഞ്ഞു, പലരും. ഗോപീകൃഷ്ണന് അങ്ങനെ ചെയ്യണമെന്നുണ്ട്. പക്ഷേ, അതോടെ പുറംകാഴ്ചകളുടെ മാസ്മരികലോകം കണ്ണിനെ വിട്ടകലും.  പിന്നെ വീണ്ടും ചിന്തകളുടെ ലോകത്ത് താനൊറ്റക്കാവും, കരയേണ്ടി വരും. അതൊന്നും വയ്യ! തുറന്നു തന്നെ കിടക്കട്ടെ.

തണുത്ത കാറ്റ് ബസ്സിന്‍റെ ജനല്‍പ്പാളിയിലൂടെ കടന്ന്, ഷര്‍ട്ടിന്‍റെ ഓരോ വിടവും നികത്തി നെഞ്ചിടിപ്പിനോട് പറ്റിച്ചേര്‍ന്നിരുന്നു. ’ഗുഡു ഗുഡു ഗുഡു.....’ ഗോപീകൃഷ്ണന്‍ വിറക്കാന്‍ തുടങ്ങി.

ഗുഡു ഗുഡു ഗുഡു.....

മഞ്ഞു നനയുന്ന പ്രഭാതങ്ങളില്‍ കുഴല്‍ക്കിണറിനടുത്ത് ഊഴം കാത്തു നില്‍ക്കുന്ന സീതമ്മയെ തണുത്ത കാറ്റ് ഇതുപോലെ ഉമ്മ വച്ചിരുന്നത്... പല്ലുകള്‍ കൂട്ടിയിടിക്കുമ്പോള്‍ ഒരു സമാധാനത്തിനെന്ന പോലെ സീതമ്മ, പതിഞ്ഞ, അമര്‍ന്ന ശബ്ദത്തില്‍ ഒച്ചയിട്ടുകൊണ്ടേയിരിക്കും.

"ധ...ധധ...ധധ...ധ...ധധ...ധ...."

ഗോപീകൃഷ്ണന് അതു കേള്‍ക്കുമ്പോള്‍ ചിരി പൊട്ടാറാണ് പതിവ്. അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ഹാര്‍മ്മോണിയത്തിലെ ’ധ’ സ്വരം വായിക്കും.

ധധധ... ധധധ...ധധപാപാ.... ധാപസാസാ....

"പെണ്ണേ... സീതമ്മോ..."

കയ്യിലൊരു കുടവും പിടിച്ച് ഉമ്മറത്ത് കൂനിയിരുന്ന് മൂത്തപെരുങ്കൊല്ലത്തി നീട്ടി വിളിക്കും.

"വരേന്‍ മൂത്തങ്കത്ത്യേ..."

സീതമ്മക്ക് മൂത്തപെരുങ്കൊല്ലത്തി മൂത്തേങ്കത്തിയാണ്. കൂനിപ്പോലും ഇരുപതടി തികച്ചു നടക്കാന്‍ മൂത്തപെരുങ്കൊല്ലത്തിക്ക് ആവില്ല. നേരം വെളുത്ത് വെളിച്ചപ്പെടാന്‍ തുടങ്ങിയാലും അവരുടെ മകന്, പ്രകാശന്, കണ്ണു വെളുത്തിട്ടുണ്ടാവില്ല.

"പെണ്ണേ... സീതമ്മോ..." എന്ന വിളി കേട്ടാല്‍ കൂടെത്തന്നെ ഗോപീകൃഷ്ണന്‍ ഹാര്‍മ്മോണിയമെടുത്ത് വായിക്കും, മൂത്തപെരുങ്കൊല്ലത്തിയുടെ അതേ ഈണത്തില്‍.

"പാ.. പാ... ധധമാ...."

സീതമ്മക്കറിയാം, ആ വിളി തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന്. പാവാടത്തുമ്പെടുത്ത് എളിയില്‍ അമര്‍ത്തിക്കുത്തി, മുഖം കോട്ടി അവള്‍ തിരിഞ്ഞു നടക്കും...

ഗോപീകൃഷ്ണന്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് മുന്നോട്ടാഞ്ഞു. ഡ്രൈവര്‍ ഏതോ പെണ്‍കുട്ടിയെ ചീത്ത പറയുന്നു. റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിച്ചു കാണില്ല, ആഞ്ഞു ചവിട്ടിയതാവണം. അടുത്തിരിക്കുന്ന പയ്യന്‍ ഡ്രൈവറെപ്പറ്റിയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഓരോരുത്തരും കുറ്റങ്ങള്‍ മറ്റൊരാളുടെ മുതുകത്തിട്ട് തന്നത്താന്‍ രക്ഷപ്പെടുത്തുന്നു....

താനോ...

ഗോപീകൃഷ്ണന് ഒരു നിമിഷം വല്ലാത്തൊരു വിമ്മിട്ടം അനുഭവപ്പെട്ടു. ഭാണ്ഡക്കെട്ടില്‍ പിടി മുറുകി. നനവു വരുന്നുണ്ടോ, ചോരയുടെ? മണം വരുന്നുണ്ടോ, ചോരയുടെ? കഴുത്തില്‍ തൂക്കിയിട്ടിരുന്ന തോര്‍ത്തെടുത്ത് ഗോപീകൃഷ്ണന്‍ ഭാണ്ഡക്കെട്ട് ഒന്നുകൂടി മൂടിയിട്ടു.

പുറകില്‍ നിന്നും കിലുങ്ങുന്ന ചിരിയൊച്ച കേള്‍ക്കുന്നുണ്ടോ? ഇന്നലെ രാത്രി സീതമ്മ കിലുങ്ങിക്കിലുങ്ങി തന്‍റെ മുറ്റത്ത് ഓടിക്കളിച്ചപ്പോളെന്ന പോലെ. മുറ്റമെന്നു പറയാമോ? അതു പൊതുവഴി തന്നെ. മുറ്റമുള്ള ഒരു വീടിനു വേണ്ടി ഗോപീകൃഷ്ണന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരു തെങ്ങും തെങ്ങിന്‍ചുവട്ടിലൊരു പടിയും. വൈകിട്ട് അതിനു മുകളിലിരുന്ന് ’ശ്രീഗണനാഥാ... സിന്ദൂ...രവര്‍ണ്ണാ...’ വായിക്കണം. ആഗ്രഹങ്ങള്‍!

ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലല്ലോ. ഉണ്ടെങ്കില്‍ ആ ചിരി മാത്രം മോഹിച്ച തനിക്ക് വേറെ ചില ആഗ്രഹങ്ങളുണര്‍ന്നതെന്തേ!

വെളിച്ചമില്ലായിരുന്നു അപ്പോള്‍. ഓടിക്കളിച്ച് തളര്‍ന്ന സീതമ്മ മൂത്തപെരുങ്കൊല്ലത്തിയുടെ ഇറയത്തിരുന്നു. എനിക്കവളെ വീണ്ടും കാണണമെന്നും ചിരിപ്പിക്കണമെന്നും തോന്നിയത്... ഹാര്‍മ്മോണിയവും കൊണ്ട് ഞാനാ ഇറയത്തേക്ക് നടന്നു ചെന്നപ്പോള്‍ അവള്‍ പകച്ചു പോയത്... അകത്തു നിന്നു ശബ്ദമൊന്നുമില്ല. മൂത്തപെരുങ്കൊല്ലത്തി കിടന്നു കാണണം.

കൈകള്‍ വിറക്കുന്നു. ചെവിക്കിരുവശവും ചൂടു പടരുന്നു. ആ പതിനാറു വയസ്സിന്‍റെ അരികു പൊട്ടിയ കാല്പാദം മുതല്‍ കണ്ണിലേക്ക് വീണുമറഞ്ഞു കിടക്കുന്ന മുടിനാരോളം ആണിന്‍റെ കരളു പൊള്ളിക്കുന്ന തീക്കനലാണ്. ഗോപീകൃഷ്ണന്‍റെ നെഞ്ചില്‍ ചൂടു നിറയാന്‍ തുടങ്ങി.

അയാള്‍ സീതമ്മയുടെ കൈകള്‍ കവര്‍ന്നു. അവള്‍ എഴുന്നേറ്റോടാന്‍ ഭാവിച്ചു. ഗോപീകൃഷ്ണന്‍ മുറുക്കെപ്പിടിച്ച്, അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. വിരലുകള്‍ അവളുടെ കവിളിലൂടെയുഴിഞ്ഞു. ചെവിയും പിന്‍കഴുത്തും തലോടി. അയഞ്ഞു കിടന്ന ജാക്കറ്റിന്‍റെ ഹുക്കുകള്‍ രണ്ടെണ്ണം വിടര്‍ത്തി. സീതമ്മ പകച്ചു. പക്ഷേ, അനങ്ങാനാവുന്നില്ല. ഒരു കാളിച്ച, കാലുകള്‍ കെട്ടിയിട്ടതു പോലെ. പ്രായം തികയാത്ത ആ മുലഞെട്ടുകളില്‍ അയാള്‍ കടിച്ചു. സീതമ്മ വിയര്‍ത്തു. ഒരു ഞരക്കം വരാന്തയില്‍ തങ്ങി. പാവാടയുടെ കെട്ടില്‍ വിരലുകള്‍ മുറുക്കിക്കൊണ്ട് ഗോപീകൃഷ്ണന്‍ അവളെ തന്നിലേക്ക് ചേര്‍ത്തമര്‍ത്തി.

രഹസ്യരാഗങ്ങള്‍ നിറഞ്ഞ ഒരു ഹാര്‍മ്മോണിയമാണ് സ്ത്രീശരീരം. സ്വരങ്ങളോരോന്നായി അടര്‍ത്തിയെടുത്ത് വായിക്കണം. മനസ്സും ശരീരവും സംഗമിക്കുന്ന അമൂല്യരാഗം തേടി ഗോപീകൃഷ്ണന്‍റെ വിരലുകള്‍ ഓടിനടന്നു. ഭയവും പരിഭ്രമവും ഇടകലര്‍ന്ന് ഏകാഗ്രതയെ പിടിച്ചു വക്കുന്നു. രാഗങ്ങള്‍ രചിക്കുന്നത് അവളാണ്, കൂമ്പിയ മിഴികളോടെ. ഗോപീകൃഷ്ണന്‍ അസ്വസ്ഥനായി.

"സീതമ്മേ..."

ആരാണ് വിളിച്ചത്! ഗോപീകൃഷ്ണന്‍ കിടന്ന കിടപ്പില്‍ നിശ്ചലനായി. സീതമ്മ ഞെട്ടിയെഴുന്നേറ്റ് വസ്ത്രങ്ങള്‍ വലിച്ചു നേരെയാക്കി. കറുകറാ ശബ്ദത്തില്‍ ഇറയത്തേക്കുള്ള വാതില്‍ തുറന്നു. മൂത്തപെരുങ്കൊല്ലത്തി നടന്നു വന്നു. ഇരുവരെയും മിഴിച്ചു നോക്കി.

"സീതമ്മേ..."

വിവശമായ ഒരു വിളി. പാതിയില്‍ മുറിഞ്ഞു പോയ രാഗം. ഗോപീകൃഷ്ണന്‍റെ നെഞ്ചിടിപ്പ് ഉയര്‍ന്നു. മൂത്തപെരുങ്കൊല്ലത്തി തിരിഞ്ഞ് അകത്തേക്ക് നടന്നു.

"മൂത്തെരുങ്കൊല്ലത്ത്യേ..."

ഗോപീകൃഷ്ണന്‍റെ ശബ്ദം വിറച്ചു. മറുപടിയില്ല. ഹാര്‍മ്മോണിയം കയ്യിലെടുത്ത് അയാള്‍ മെല്ലെ മുറിക്കകത്തേക്ക് കയറി. ഭയപ്പാടില്‍ വിളറി സീതമ്മ ഇറയത്തെ ചുമരില്‍ ചാരിനിന്നു. രണ്ടു നിമിഷം. മുറിക്കകത്തു നിന്നും വികൃതമായ ഒരു ശബ്ദം.

"ങ്... ഊം... മ്....!!!!"

ആ വരികളില്‍ ഒളിച്ചിരുന്ന രാഗമെന്തെന്ന് സീതമ്മ ഊഹിച്ചെടുത്തപ്പോളേക്കും ചോരയിറ്റുന്ന ഹാര്‍മ്മോണിയവുമായി ഗോപീകൃഷ്ണന്‍ മിന്നായം പോലെ ഇരുളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു.

ബസ്സ് ഒരു പാലത്തിനു മുകളിലൂടെ ഒഴുകി നീങ്ങുകയാണ്. അടുത്തിരിക്കുന്ന യുവാവിന്‍റെ കൈ ഗോപീകൃഷ്ണന്‍റെ മടിയിലെ ഭാണ്ഡക്കെട്ടിനോട് ചേര്‍ന്നിരിക്കുന്നു. അയാള്‍ ആ കൈ തട്ടിമാറ്റി.

"നിര്‍ത്തീ, ആളെറങ്ങാന്‍ണ്ട്... നിര്‍..."

പാലത്തിനു മുകളിലൂടെ ഗോപീകൃഷ്ണന്‍ നടന്നു. തിണ്ടിനു മുകളില്‍ ആ ഭാണ്ഡക്കെട്ട് കയറ്റി വച്ച് അയാള്‍ ചുറ്റും നോക്കി. പതിയെ താഴേക്ക് തള്ളിയിട്ടു.

നിമിഷങ്ങള്‍....

അപശബ്ദങ്ങളുടെ ഒരു വലിയ രാഗം തന്നെ സൃഷ്ടിച്ച് ആ കെട്ട് മെല്ലെ വെള്ളത്തിനടിയിലേക്ക് താഴ്‍ന്നു മറഞ്ഞു. പ്രായം ചെന്ന ഒരു പത അവിടവിടെ ഓളം തീര്‍ത്ത്, മെല്ലെ ശാന്തമായി.

ഗോപീകൃഷ്ണന്‍ നീട്ടി നിശ്വസിച്ചു. മെല്ലെ അടുത്ത ബസ്റ്റോപ്പ് ലക്ഷ്യം വച്ച് നടന്നു.

മഞ്ഞക്കണ്ണുകള്‍ തുറന്നുപിടിച്ച് പാലം കടന്നു വന്ന ബസ്സിന് അയാള്‍ കൈ കാണിച്ചു.

"എങ്ങോട്ടാ?"

"മൈസൂര്..."

ദൂരെ, കോളനിയില്‍ എഴുതപ്പെടാത്ത ഒരുപിടി രാഗങ്ങളുടെ അവസാനസാക്ഷിയായി സീതമ്മ കണ്ണുമിഴിച്ച് മൂത്തപെരുങ്കൊല്ലത്തിയുടെ ചതഞ്ഞ ശിരസ്സിന് കാവലിരുന്നു. 

Tuesday, December 23, 2008

വാഴക്കുല

"ഹലോ... കഥാകാരനല്ലേ?"

"ഹെല്ലോ... അതെയതെ, പറയൂ."

"പുതിയ കഥ വാരികയില്‍ കണ്ടു."

"ഓഹോ, എന്നിട്ട്, ഇഷ്ടമായോ കഥ?"

"ഒരുപാടു നീളമുണ്ടല്ലോ, നീണ്ടകഥയാണോ?"

അല്ല, ചെറുകഥ തന്നെ. കഥ എങ്ങനെയുണ്ട്?"

"സംഭാഷണങ്ങള്‍ നിരത്തിപ്പരത്തിയിട്ടുണ്ടല്ലോ."

"അതെയതെ. അതെന്‍റെ ഒരു കഥന രീതിയാണ്. നിങ്ങള്‍ കഥയെങ്ങനെയുണ്ടെന്ന് പറയൂ."

"നീളക്കൂടുതല്‍ കാരണം വായിച്ചില്ല. എന്താണീ കഥയുടെ ത്രെഡ്?"

"ഹേ മനുഷ്യാ. ഇത് കഥാകൃത്തിനെ അവഹേളിക്കുന്നതിന് തുല്യമാണ്. കഥ മുന്നില്‍ വച്ചു കൊണ്ടാണോ ഹേ, കഥാകൃത്തിനെ വിളിച്ച് ത്രെഡ് ചോദിക്കുന്നത്?"

"തന്‍റെ ചില കഥകള്‍ വായിച്ചിട്ടുണ്ട്. ഒരു കാമ്പും ഉള്ളതായി തോന്നിയിട്ടില്ല. ചോദിച്ചിട്ടു വായിക്കാമെന്നു കരുതി. സമയം വിലപ്പെട്ടതാണല്ലോ."

"എനിക്കും സമയം വിലപ്പെട്ടതു തന്നെ. മാത്രമല്ല താനീ ഫോണ്‍ വിളിച്ച് ടെക്നോളജി അബ്യൂസ് ചെയ്യുക കൂടിയാണ്. വേറെ വിശേഷമൊന്നുമില്ലെങ്കില്‍ ഫോണ്‍ വെക്കാമല്ലോ."

"നില്‍ക്കൂ, താന്‍ നേരമ്പോക്കിനു വേണ്ടിയാണോ കഥയെഴുതുന്നത്? വിമര്‍ശകരെ അധിക്ഷേപിക്കുന്നത് തനിക്കും ദോഷമേ ചെയ്യൂ."

"ഹേ വിഡ്ഢീ. താനൊരു അനോണിമസ്സായ കോളറാണ്. അനോണികള്‍ക്ക് ആധികാരികമായി കഥയെക്കുറിച്ച് അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്നറിഞ്ഞു കൂടേ? സമയം മിനക്കെടുത്താതെ ഫോണ്‍ താഴെ വക്കൂ. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ കഥകള്‍ വായിക്കുകയുമാവാം എനിക്കെന്‍റെ ബാക്കിയുള്ള പെഗ്ഗുകള്‍ തീര്‍ക്കുകയുമാവാം."

"പേരു പറയാന്‍ തത്ക്കാലം ഉദ്ദേശ്യമില്ല. തനിക്കു വേണമെങ്കില്‍ ഞാനൊരു കഥ പറഞ്ഞു തരാം."

"കേള്‍ക്കാന്‍ താല്പര്യമില്ല. താനായതു കൊണ്ട്, വിശേഷിച്ചും അശേഷമില്ല."

"നില്‍ക്കൂ. ഇത് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥയാണ്. തനിക്കു വേണമെങ്കില്‍ ഇതൊരു കഥയാക്കി മാറിയെഴുതി പ്രതിഫലം പറ്റുകയുമാവാം. ഇതൊരു പക്ഷേ, തന്‍റെ ആദ്യത്തെ നല്ല കഥയാവും."

"എനിക്കു തന്‍റെ കഥയൊന്നും വേണമെന്നില്ല. മനസ്സില്‍ ഉള്ള കഥകള്‍ തന്നെ എഴുതാന്‍ സമയമില്ലാതിരിക്കുകയാണ്. എങ്കിലും ഫോണ്‍ താന്‍ ഇങ്ങോട്ടു വിളിച്ചതായതു കൊണ്ടും എനിക്കു സാമ്പത്തികനഷ്ടമൊന്നും ഇല്ലാത്തതു കൊണ്ടും കേള്‍ക്കാം. തനിക്കു വേണമെങ്കില്‍ പറഞ്ഞിട്ടു പോകാം."

"ഇതൊരു വാഴക്കുല മോഷണത്തിന്‍റെ കഥയാണ്. കഥയെന്നു പറഞ്ഞാല്‍, ഞാന്‍ ഒരു വാഴക്കുല മോഷ്ടിച്ച സംഭവത്തിന്‍റെ വിവരണമാണ്. വളരെ പണ്ടൊന്നുമല്ല, ഈയിടെ."

"താന്‍ മറ്റുള്ളവരെ ഫോണ്‍ ചെയ്തു ശല്യപ്പെടുത്തുന്ന ഒരു എമ്പോക്കി മാത്രമല്ല, മോഷ്ടാവു കൂടിയാണല്ലേ?"

"മുഴുവന്‍ പറയട്ടെ. ഞാന്‍ മോഷ്ടിച്ചത് നിവൃത്തി കേടു മൂലമാണ്. പണമില്ല, പട്ടിണിക്കാലം. ഇന്നു തന്നെ ഫോണ്‍ ചെയ്യുന്നതു പോലും കടം വാങ്ങിയ പണം കൊണ്ടാണ്. കടുത്ത ദാരിദ്ര്യത്തിലും നിവൃത്തികേടിലും കഴിയുമ്പോള്‍ ചില അത്യാവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ആ വാഴക്കുല മോഷ്ടിച്ചത്."

"അതെ. നിവൃത്തിയല്ല, നീ വൃത്തികേടു കൊണ്ട് ചെയ്തത്. ഇതെല്ലാ മോഷ്ടാക്കളും പറയുന്ന ന്യായമല്ളേ. മോഷണം വൃത്തികേടു മാത്രമല്ല, തന്നെപ്പോലെ ഒരു എമ്പോക്കി ചെയ്യുമ്പോള്‍ അത് പരമമായ ചെറ്റത്തരം കൂടിയാവുന്നു.

"താന്‍ കഥ കേള്‍ക്കൂ."

"ഞാന്‍ താല്പര്യത്തോടെ കേള്‍ക്കുകയാണെന്ന് ധരിച്ചു വക്കരുത്. ഫോണ്‍ വച്ചില്ലെങ്കിലും ഞാന്‍ ഒരു പക്ഷേ ഉറക്കമായിരിക്കാം."

"അരവിന്ദന്‍റെ പറമ്പിലെ വാഴയായിരുന്നു അത്. എന്‍റെ വീട്ടില്‍ നിന്നും സ്വല്പം ദൂരെത്തന്നെ. വിശാലമായ ആ പറമ്പില്‍, വിശാലമെന്നു വച്ചാല്‍, ഏക്കറുകളോളം പരന്നു കിടക്കുന്ന ആ പറമ്പില്‍ പാതിയും തെങ്ങുകൃഷിയാണ്. അരവിന്ദന് കൃഷിയില്‍ താല്പര്യമില്ല. സ്വന്തമായി മറ്റു പലവിധം കച്ചവടങ്ങളുണ്ട്. അത്യാവശ്യം കള്ളക്കണക്കും വെട്ടിപ്പും കൊള്ളപ്പലിശയിടപാടുമുണ്ട്. എങ്കിലും നാട്ടുകാര്‍ക്കൊക്കെ അയാളോട് വലിയ ബഹുമാനമാണ്. ഒളിഞ്ഞു പോലും അയാളെ കുറ്റം പറയാന്‍ ആളുകള്‍ ഭയക്കുന്നു."

"ഭയക്കുന്നു എന്നോ? ഇതെന്താ, വെള്ളരിക്കാസിറ്റിയോ? അതു പോട്ടെ, താന്‍ പറയുന്നത് തന്‍റെ കഥയോ അതോ അരവിന്ദനെന്ന ഈ ജന്മിയുടെ കഥയോ?"

"യഥാര്‍ത്ഥ ജീവിതം തന്‍റെ കഥകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കഥാകാരാ. എന്‍റെ കഥ തന്നെ. അരവിന്ദന്‍റെ ആ വിശാലമായ പറമ്പില്‍ കുറേ ഭാഗം തെങ്ങുകളാണ്. പിന്നെ കുറേ ഭാഗം വെറുതെ കാടു പിടിച്ചു കിടക്കുന്നു. കമ്യൂണിസ്റ്റപ്പ, തൊട്ടാവാടി, കുറുന്തോട്ടി, അരിപ്പൂച്ചെടി, പുല്ല് പിന്നെ മറ്റെന്തൊക്കെയോ ചെടികള്‍.

നെല്പാടങ്ങളോട് ചേര്‍ന്നു കിടക്കുന്ന പറമ്പ്. പുഴയില്‍ നിന്ന് പാടത്തേക്ക് വെള്ളം കൊണ്ടു വരാനുള്ള കനാല്‍, അഥവാ, തന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, കളകളം തെളിവെള്ളം കുത്തിയൊഴുകുന്ന അരുമയായ തോട്, ആ പറമ്പിന്‍റെ അതിരു ചേര്‍ന്ന്, കെട്ടുമതിലിന്‍റെ വശത്തു കൂടെ ഒഴുകുന്നു. അതിന്‍റെ മൂലയില്‍, ആ പറമ്പിന്‍റെ കെട്ടിനടുത്തുള്ള മൂലയില്‍ ആ വാഴയുണ്ട്. നല്ലൊരു മൈസൂര്‍ വാഴ."

"നില്‍ക്ക്. രണ്ടു കാര്യങ്ങള്‍ പറയട്ടെ. ഒന്ന്, തന്‍റെ കഥ പറയുമ്പോള്‍ തന്‍റെ ഭാഷ ഉപയോഗിച്ചാല്‍ മതി, എന്‍റെ ഭാഷ കടമെടുക്കേണ്ട. രണ്ട്, മൈസൂര്‍ വാഴയോ? എന്തു തരം വാഴയാണത്? മൈസൂരെന്നത് ബാംഗ്ലൂരെങ്ങാണ്ടുള്ള ഒരു പട്ടണമല്ലേ?"

"കഥാകാരാ. ഇതാണ് തനിക്ക് മണ്ണിനെക്കുറിച്ചെഴുതുമ്പോള്‍ കൈത്തെറ്റു പിണയുന്നത്. അറിവില്ലായ്മ. മൈസൂര്‍ പഴം എന്നത് മൈസൂരിലോ ബാംഗ്ലൂരിലോ കിട്ടാത്ത ഒരിനം വാഴപ്പഴമാണ്. അന്യനാടുകളില്‍ നമുക്ക് പൊതുവേ ആണിപ്പൂവന്‍ അല്ലെങ്കില്‍ ഞാലിപ്പൂവന്‍ എന്നറിയപ്പെടുന്ന ഒരിനം ചെറുപഴമേ കിട്ടൂ. അതിനേക്കാള്‍ മധുരമേറിയ, സുഗന്ധമുള്ള ഒരിനം ചെറുപഴമാണ് മൈസൂര്‍ പഴം. "

"താന്‍ കഥ തുടരൂ."

"ആ വാഴ ആരും കുഴി കുത്തി നട്ടതല്ല. പണ്ടെങ്ങാണ്ട് അവിടെ മറിഞ്ഞു വീണ ഒരു വാഴയുടെ കന്ന്, വാഴക്കന്ന്, തനിയെ മുളപൊട്ടി പൊന്തിയതാണ്. ആകാശത്തേക്ക് തല നീട്ടാനുള്ള ആര്‍ത്തിയോടെ വേരുകള്‍ മണ്ണിലേക്ക് ചെറുപ്രായത്തില്‍ തന്നെ കുത്തിയിറക്കി, അതിരു കെട്ടിയ ചെങ്കല്ലിനിടയിലെ ചെറിയ തുളകളിലൂടെ കനാലിലേക്ക് വേരു നീട്ടി, വെള്ളം നക്കിനക്കിയെടുത്ത് സ്വയം വളര്‍ന്ന വാഴയാണത്. അരവിന്ദന്‍ ആ വാഴ എന്നെങ്കിലും കണ്ടിട്ടുണ്ടോ എന്നു തന്നെ എനിക്കു സംശയമാണ്.

ആരും നോക്കാനും കാണാനുമില്ലാത്ത ആ വാഴ അതിന്‍റെ ചെറുപ്പം മുതലേ ഞാന്‍ കാണാറുണ്ടായിരുന്നു. കനാലിലെ തെളിനീര് കുത്തിക്കുത്തിയെടുത്ത് മറ്റു കാട്ടുചെടികളോടൊപ്പം ആ വാഴയങ്ങനെ വളര്‍ന്നു. വിടരുന്ന ഓരോ തളിരിലയും കൂമ്പു വിടര്‍ത്തി, തെളിഞ്ഞ, മിനുമിനുത്ത പ്രതലങ്ങളിലേക്ക് വെയിലിനെ ശേഖരിച്ച്, കനാലിലെ വെള്ളവും മണ്ണിന്‍റെ ഫലഭൂയിഷ്ടതയും അരിച്ചൂറ്റിയെടുത്ത് പച്ച രക്തമാക്കി മാറ്റി അത് സ്വയം ജീവന്‍ പകര്‍ന്നു കൊണ്ടേയിരുന്നു.

വിടരുന്ന അതിന്‍റെ ഇലകള്‍ കൂമ്പു വിടര്‍ത്തും മുമ്പേ ഇലവെട്ടുകാരന്‍ പാക്കരന്‍ നിര്‍ദ്ദാക്ഷിണ്യം മുറിച്ചു കൊണ്ടു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരില ചീയുമ്പോളേക്ക് മറ്റൊന്നു വിടര്‍ത്തി വെയിലത്തു കാട്ടി സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ആ വാഴ കഷ്ടപ്പെടുന്നത്, കഥാകാരാ, ഈ കണ്ണുകള്‍ കൊണ്ട് നോക്കി നിന്ന് ഞാന്‍ അദ്ഭുതം കൂറിയിട്ടുണ്ട്.

ഒരിക്കല്‍ ഇലവെട്ടു കഴിഞ്ഞ് പാക്കരന് ഒരു ബീഡി കൊളുത്തണമെന്ന് തോന്നി. കയ്യിലിരുന്ന കൊടുവാള്‍ താഴെ വക്കണമെങ്കില്‍ കുനിയണമല്ലോ എന്നായിരുന്നിരിക്കണം പാക്കരന്‍റെ ചിന്ത. ഞാന്‍ നോക്കി നില്‍ക്കേ, പാക്കരന്‍ നിര്‍ദ്ദാക്ഷിണ്യം കൊടുവാള്‍ ആ വാഴയുടെ പള്ളക്ക് വെട്ടിയിറക്കി അങ്ങനെ കുത്തി നിര്‍ത്തി. കഥാകാരാ, ഞാനതു കണ്ടു കൊണ്ടു നില്‍ക്കുകയാണ്. വെട്ടില്‍ നിന്നും കുടുകുടാ പച്ചച്ചോര ചിന്തിയൊഴുകിക്കൊണ്ടിരുന്നു. എന്നിട്ടും രണ്ടു ദിവസത്തെ തളര്‍ച്ചക്കു ശേഷം എന്നെ അതിശയിപ്പിച്ചു കൊണ്ട് ആ വാഴ നിവര്‍ന്നു നിന്നു."

"താന്‍ തന്‍റെ കഥയാണോ വാഴയുടെ കഥയാണോ പറയുന്നത്? ഇത്ര വിഷമമായിരുന്നെങ്കില്‍ തനിക്കാ വാഴ തന്‍റെ പറമ്പിലേക്കു മാറ്റിക്കുഴിച്ചിട്ട് തടം കോരി വെള്ളം നനക്കാമായിരുന്നില്ലേ? താന്‍ മോഷ്ടാവു മാത്രമല്ല, ശുദ്ധനുണയനും കൂടിയാണ്."

"കേള്‍ക്കൂ. ആ വാഴ അങ്ങനെ ഒരുപാട് അവഗണനകളും ഉപദ്രവങ്ങളും സഹിച്ച് പുല്ലുപോലെ വളര്‍ന്നു വലുതായി. പൂവിട്ടു, കായ്‍ച്ചു. ഞാനാണാ തളിര്‍ക്കുല ആദ്യം കണ്ടത്. ഞാന്‍ തന്നെയായിരിക്കണം. മറ്റാര്‍ക്കും അതു കാണാനുള്ള സാവകാശമോ മനസ്സോ ഉണ്ടായിരുന്നില്ല...... അല്ല കഥാകാരാ, താന്‍ സിഗരറ്റ് വലിക്കുകയാണോ? ബുഹൂ ബുഹൂ എന്ന ശബ്ദം കേള്‍ക്കുന്നു?"

"തന്‍റെ യമണ്ടന്‍ കഥ കേട്ട് എവറസ്റ്റ് മുടിയോളം ബോറടിച്ചിരിക്കുകയാണ്. വലിക്കാതെന്തു ചെയ്യും?"

"താനല്ലേ വലിക്കുന്നതിന്‍റെ ദോഷങ്ങളെപ്പറ്റി പണ്ടൊരു കഥയെഴുതിയത്? അല്ലെങ്കിലും ഈ സാഹിത്യകാരന്മാര്‍ ഇങ്ങനെയാണ്. പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായി യാതോരു ബന്ധവും കാണുകയില്ല."

"തന്‍റെ ഫോണ്‍ എടുത്തപ്പോളേ ഉറപ്പിച്ചതാണ്, ഇതൊക്കെ കേള്‍ക്കേണ്ടി വരുമെന്ന്. മോഷ്ടാവ് എന്നെ ഉപദേശിക്കുന്നോ. താന്‍ കഥ പറയൂ."

"ശരി. കഥയല്ല, സംഭവം തന്നെയാണ്. അങ്ങനെ ആ വാഴപ്പൂവ് പതിയെ കുലച്ചു വന്നു. കൂമ്പ് ഇടക്കിടെ പടം പൊഴിച്ച് പുതിയ പൂവുകള്‍ പുറത്തേക്കിട്ടു. വണ്ടുകളും ശലഭങ്ങളും മാറി മാറി ആ പൂക്കളില്‍ നിന്ന് മധുരമുള്ള തേന്‍ നുകര്‍ന്നു. പച്ച നിറത്തില്‍, പ്രകൃതിയുടെ ഏറ്റവും പ്രിയപ്പെട്ട നിറത്തില്‍ അതു കായ്‍ച്ചു. ഓരോ കായയുടെയും തുമ്പത്ത് പൊക്കിള്‍ക്കൊടി അറ്റുണങ്ങിയതു പോലെ കരിഞ്ഞ പൂത്തുമ്പുകള്‍ തൂങ്ങിയിരുന്നാടി. ഞാനെന്നും അതു കാണാറുണ്ടായിരുന്നു.

പതിവുപോലെ കനാല്‍ വെള്ളം ഊറ്റിയെടുത്ത് ആ വാഴ തന്‍റെ കുരുന്നിനെയൂട്ടി. കായ്കള്‍ വളര്‍ന്നു വലുതായി. നല്ല മുഴുത്തു വിരിഞ്ഞ കായ്കള്‍. പറമ്പുടമ അരവിന്ദന്‍ എന്നിട്ടും അതിനെയൊന്നു തിരിഞ്ഞു നോക്കിയതു പോലുമില്ല. ഞാനിതെല്ലാം കണ്ടുകൊണ്ടിരുന്നു. കായകള്‍ മൂത്തു വലുതായി."

"ഓ. അങ്ങനെ പറമ്പുടമ തിരിഞ്ഞു നോക്കാത്തതു കാരണം താനതു മോഷ്ടിക്കാന്‍ തിരുമാനിച്ചു അല്ലേ?"

"മുന്‍വിധികളിലേക്ക് ചെന്നു ചാടാതിരിക്കൂ കഥാകാരാ. മുന്‍വിധികളാണ് നിങ്ങള്‍ സാഹിത്യകാരന്മാരുടെ രണ്ടാമത്തെ വലിയ ദോഷം."

"അപ്പോള്‍ ആദ്യത്തെ ദോഷമോ?"

"കാമ്പില്ലാത്ത കഥകള്‍ പടച്ചു വിടുന്നതു തന്നെ. അതിരിക്കട്ടെ. അങ്ങനെ ഒരു ദിവസം അത്യാവശ്യമായി വീട്ടിലേക്ക് അരി വാങ്ങാന്‍ വേണ്ടി ഞാന്‍ കടയിലേക്ക് ചെന്നു. കയ്യില്‍ ഒരു മണ്‍തരി വാങ്ങാനുള്ള കാശില്ലെന്നോര്‍ക്കണം, ഇനി എനിക്ക് കടം തരില്ലെന്ന് പീടികക്കാരന്‍ തറപ്പിച്ചു പറഞ്ഞു. ഹതാശനായി, നിരാശനായി ഞാന്‍ തിരിച്ചു നടന്നു.

വഴിയേ ആ പറമ്പില്‍ ആരും കാണാതെ, അതോ ആരാലും ശ്രദ്ധിക്കപ്പെടാതെയോ, നില്‍ക്കുന്ന ആ വാഴക്കുല അന്നും ഞാന്‍ കണ്ടു. കണ്ണെടുക്കാതെ ഞാന്‍ അതിനെത്തന്നെ നോക്കി നിന്നു. ഒരുപാടു നേരം അങ്ങനെ.

ചില മഹാന്മാര്‍ക്ക് മരച്ചുവട്ടില്‍ വച്ച് ബോധോദയം ഉണ്ടായതിനെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ കഥാകരാ? എനിക്ക് ആ നിമിഷം ബോധോദയമുണ്ടായി. വീട്ടില്‍ ചെന്ന് ഞാന്‍ ഒരുപാട് ആലോചിച്ചു. ആ വാഴക്കുല എനിക്ക് ഒരു നേരത്തെ കഞ്ഞിവെള്ളം വാങ്ങിച്ചു തന്നാല്‍? പിന്നെ ഞാന്‍ ഒരുപാടു ചിന്തിച്ചില്ല, കൊടുവാളെടുത്ത് ഇറങ്ങി നടന്നു.

രാത്രിയാണ്, ചെറിയ നിലാവുണ്ട്. പമ്മിപ്പമ്മി ഞാന്‍ വയല്‍വരമ്പു വഴി നടന്നു. കനാല്‍ മെല്ലെ, ശബ്ദമുണ്ടാക്കാതെ എടുത്തു ചാടി. കെട്ടുമതില്‍ ചേര്‍ന്നു നില്‍ക്കുന്ന ആ വാഴയുടെ കഴുത്തില്‍ ഞാന്‍ പിടിച്ചു.

എനിക്കെന്തു സന്തോഷമായെന്നോ കഥാകാരാ. അത്ര നാളും ദൂരെ നിന്ന് നോക്കിക്കണ്ട് ആരാധിച്ചിരുന്ന ആ വാഴയെ ഒന്നു തൊട്ടപ്പോള്‍! ഒരുപാടു നാളത്തെ ആരാധനയൊക്കെ മൂത്തു പഴുപ്പെത്തി നില്‍ക്കുമ്പോള്‍ നമ്മളാരാധിക്കുന്ന കലാകാരനെ, സിനിമാനടിയെ അടുത്തു നിന്നു തൊടുന്നതു പോലെ.

എനിക്കാ വാഴയോട് ഒരുപാടു സ്നേഹമുണ്ടായിരുന്നു. പക്ഷേ, വിശപ്പെന്‍റെ ഉള്ളില്‍ കിടന്ന് തിളച്ചു മറിഞ്ഞു. ഞാന്‍ കൈ നീട്ടിപ്പിടിച്ച്, ഏന്തി വലിഞ്ഞ് ആ വാഴക്കുലയുടെ കടക്കല്‍ കൊടുവാളു കൊണ്ട് ആഞ്ഞു വെട്ടി. വാഴക്കൂമ്പിലിരുന്ന് ഞാന്‍ അറിയാതെ തേന്‍ കുടിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞിക്കിളി പൊടുന്നനെ കീയോ കീയോ എന്നു ചിലച്ചു കൊണ്ട് പറന്നകന്നു പോയി. കുല അറ്റു വീണു. വാഴയുടെ ചോര ഇറ്റിറ്റു വീണു.

ഹൊ! എന്തൊരു ഭാരമായിരുന്നു ആ കുലക്ക്. അതു മുതുകില്‍ താങ്ങി വീട്ടിലെത്തിയപ്പോളേക്കും ഞാന്‍ തളര്‍ന്നവശനായിരുന്നു. മലര്‍ന്നു വീണ്, പായില്‍ ആ വാഴക്കുലയെ കെട്ടിപ്പിടിച്ച് കിടന്ന്, വിശക്കുന്ന വയറുമായി ആ രാത്രി ഞാന്‍ ഉറങ്ങാതിരുന്നു. എന്‍റെ ശ്വാസോച്ഛ്വാസത്തിന്‍റെ ചൂടു തട്ടി കുല പഴുക്കുമെന്നു വരെ തോന്നി. അത്ര കിതപ്പായിരുന്നു എനിക്ക്. തനിക്കറിയാമോ കഥാകാരാ, നാട്ടില്‍ ഞാന്‍ വളരെ മാന്യനാണ്. ഞാനാ കുല മോഷ്ടിക്കുമെന്ന് അരവിന്ദനല്ല, ആരും തന്നെ കരുതുകയില്ല....... കഥാകാരാ, താന്‍ കേള്‍ക്കുന്നുണ്ടോ?"

"പറയൂ പ്രിയ മോഷ്ടാവേ പറയൂ. കാശു തീര്‍ന്നെങ്കില്‍ ഞാന്‍ തിരിച്ചു വിളിക്കണോ?"

"വേണ്ട, കേള്‍ക്കുക. പഴുക്കാത്ത കുലക്ക് വില കുറവായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ചൂളക്കു വച്ചു പഴുപ്പിക്കണം. ചിമ്മിനിയാണ് പറ്റിയ സ്ഥലം. പക്ഷേ, എന്‍റെ പുര ചിമ്മിനിയില്ലാത്ത വെറും ഓലപ്പുരയാണല്ലോ.

എന്‍റെ തൊട്ടടുത്ത വീട് ടെറസിട്ടതാണ്. വലിയ പണക്കാരാണ് താമസക്കാര്‍. അവര്‍ക്ക് വലിയ വിശാലമായ ചിമ്മിനിയുണ്ട്. ചൂടടിപ്പിക്കാനായി ഞാനാ വാഴക്കുല അന്നു പുലര്‍ച്ചെത്തന്നെ ആരുമറിയാതെ ആ വീടിനു മുകളില്‍ കയറി ചിമ്മിനിയുടെ ദ്വാരത്തോടു ചേര്‍ത്തു വച്ചു. തിരിച്ചു വന്ന്, വൈകുന്നേരത്തിനുള്ളില്൬ കാശു തരാമെന്നു പറഞ്ഞ് മറ്റൊരു കടയില്‍ പോയി അരിയും മറ്റും വാങ്ങിക്കൊണ്ടു വന്ന് കഞ്ഞി വച്ചു കുടിച്ചു."

"തനിക്ക് വീട്ടിലരുമില്ലേ മോഷ്ടാവേ?"

"ജനിച്ചപ്പോള്‍ അമ്മയുണ്ടായിരുന്നു. വളരുമ്പോള്‍ മരിച്ചു പോയി. അന്നെന്‍റെ സ്കൂള്‍ പഠനം കഷ്ടി കഴിഞ്ഞു കാണണം. അതു പോട്ടെ."

"ശരി തുടരൂ."

"ഞാന്‍ വൈകുന്നേരം വരെ സമയം എങ്ങനെയോ നീക്കി. ആരുമറിയാതെ എന്‍റെ കുലയെടുക്കാന്‍ അവരുടെ ടെറസില്‍ വീണ്ടും ശബ്ദമുണ്ടാക്കാതെ കയറി. ഞാന്‍ കണ്ട കാഴ്ച, എന്‍റെ കഥാകാരാ..."

"എന്തു പറ്റി? എല്ലാം വാവലു തിന്നു തീര്‍ത്തോ? അതോ ചിമ്മിനിയുടെ കരിമ്പുകയടിച്ച് കറുത്തു പോയോ? അതോ കുല തന്നെയവിടെ ഇല്ലായിരുന്നോ? പറയൂ."

"അല്ല, അല്ല, അതൊന്നുമല്ല. ആ വീട്ടിലെ അഞ്ചാറു വയസ്സു പ്രായമുള്ള ഒരു ബാലന്‍... പച്ച പ്രകൃതിയുടെ ഉടുപ്പാണെന്നു പറയുന്നതില്‍ ന്യായമില്ലേ കഥാകാരാ. പച്ചയുടുപ്പിട്ട പ്രകൃതിയെ പൊതുവേ അങ്ങനെ ആരും പിച്ചിച്ചീന്തുകയില്ല. പച്ച മാറി കായ മഞ്ഞച്ചപ്പോള്‍ ഉടുതുണിയഴിഞ്ഞു പോയതു പോലെ കണ്ടിട്ടാവണം ആ ബാലനു കടിച്ചു തിന്നാന്‍ തോന്നിയത്. അവന്‍ അതിലെ പഴുത്തു തുടങ്ങിയ പഴങ്ങളിരിഞ്ഞു തിന്നുന്നു. എന്‍റെ വാഴക്കുല, ഞാന്‍ ചിമ്മിനിക്കു വച്ചു പഴുപ്പിച്ചത് അവന്‍ ഇരിഞ്ഞു തിന്നുന്നു."

"തനിക്ക് അവനിട്ടൊരെണ്ണം കൊടുക്കാന്‍ മേലായിരുന്നോ?"

"ഞാനോടിച്ചെന്ന് അവന്‍റെ തലയില്‍ ഞൊട്ടി. ’എടാ പീക്കിരിച്ചെക്കാ, ഇതെന്‍റെ വാഴക്കുലയാണ്.’ ചെറുക്കന്‍ അമറിക്കരയാന്‍ തുടങ്ങി. ബഹളം കേട്ട് അവന്‍റെ അച്ഛനുമമ്മയുമെല്ലാം ടെറസിനു മുകളിലേക്ക് ഓടിവന്നു. അവര്‍ കാര്യം തിരക്കി. അടുത്ത വീട്ടിലെ ഞാന്‍ ആ ടെറസിലെത്തിയതിനെ ചോദ്യം ചെയ്തു. ആളെ വിളിച്ചു കൂട്ടി എന്നെ മര്‍ദ്ദിച്ചു പുറത്താക്കി. ഞാന്‍ നോക്കി നില്‍ക്കേ തങ്ങള്‍ പഴുപ്പിക്കാന്‍ വച്ചതാണെന്നും പറഞ്ഞ് എന്‍റെ വാഴക്കുല അവര്‍ അവരുടെ വീട്ടിലേക്ക് ചുമന്നു കൊണ്ടു പോയി. കഥാകാരാ, ഞാനതിലെ ഒരു പഴം പോലും തിന്നിരുന്നില്ല. ആ പഴുപ്പിന്‍റെ മണം പോലും ഞാന്‍ നുകര്‍ന്നിരുന്നില്ല."

"കഷ്ടം!"

"അതെ, ഈ സംഭവം എന്‍റെ മനസ്സിനെ വല്ലാതെ നീറ്റുകയാണ്."

"ശരി, എന്താണി കഥയി... ക്ഷമിക്കുക, സംഭവത്തിലെ ഗുണപാഠം? അന്യന്‍റെ മുതല്‍ മോഹിക്കരുത്?"

"ഈ സാഹിത്യകാരന്മാര്‍ ഒട്ടും ബുദ്ധിയില്ലാത്ത വെറും മണുങ്ങന്മാര്‍ തന്നെ. ഇതിലേത് അന്യന്‍ കഥാകാരാ? അന്യന്‍റെ മുതലേത്? സത്യത്തില്‍ അതാരുടെ മുതലാണ്? ആരുടെയെങ്കിലുമാണോ? ചിന്തിക്കൂ കഥാകാരാ."

"താനെന്നെ കണ്‍ഫ്യൂഷനാക്കുകയാണോ. പോട്ടെ, താന്‍ പിന്നീട് ആ വാഴ കണ്ടോ? അതവിടെത്തന്നെ ഉണ്ടോ? അതോ ഉണങ്ങിയോ വാടിയോ വീണു പോയോ? അതുമല്ലെങ്കില്‍ ആരെങ്കിലും അതിന്‍റെ പള്ളക്കു കീറി ഉണ്ണിക്കാമ്പു വെട്ടിയെടുത്ത് ഉപ്പേരിയുണ്ടാക്കി തിന്നു പോയോ?

"എനിക്കറിയില്ല, അന്വേഷിച്ചില്ല. തനിക്കു കഥ കിട്ടിയല്ലോ. ഇനി ഇതെഴുതിയാല്‍ കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചും ഓര്‍ക്കാമല്ലോ. എനിക്കുടനെ ഞാന്‍ കടം വാങ്ങിത്തിന്ന അരിയുടെ കാശ് കൊടുക്കേണ്ടതുണ്ട്. പുറമേ, തന്നെ വിളിച്ച ഈ ഫോണ്‍ ബില്ലും. പങ്കോ അവകാശമോ ചോദിക്കുകയല്ല, എന്നാലും ഈ കഥ ആരുടേതാണ്? തനിക്കെന്നെ ഒന്നു സഹായിച്ചു കൂടേ?"

"ആദ്യം, ഈ കഥ ആരുടേതെന്ന് ചോദിച്ചല്ലോ. നിന്‍റെ അനുഭവം, നിന്‍റെ ജീവിതം, നിന്‍റെ മോഷണം. വാക്കുകളും നിന്‍റേതു തന്നെ. പക്ഷേ, എഴുതിക്കഴിഞ്ഞാല്‍ കഥ എന്‍റേതാവും, നിയമപിന്തുണയടക്കം. അതുകൊണ്ട് ആ പങ്ക് ചോദിക്കേണ്ട.

പക്ഷേ, ഞാനൊരു കണ്ണില്‍ ചോരയില്ലാത്തവനല്ല. താന്‍ ഇന്നു തന്നെ എന്‍റെയടുത്തു വരിക. പണവും തരാം, ഭക്ഷണവും തരാം. എങ്കിലും നീ മോഷ്ടാവാണ്. എനിക്കല്പം ഭയമുണ്ട്. മോഷണവാസന ഇന്നത്തേത് തീര്‍ക്കാന്‍ ഞാനൊരു ഉപായം പറഞ്ഞു തരാം. അതുപോലൊരു കുല എന്‍റെ അടുത്ത വീട്ടിലെ പറമ്പിലും വിളഞ്ഞിട്ടുണ്ട്. എന്‍റെ പറമ്പിലല്ല, അവിടുള്ളത് ഞാന്‍ തടം കീറി നനച്ചു വലുതാക്കിയതാണ്. അപ്പുറത്തേത് താനേ വിളഞ്ഞ കുലയാ. അതും കൂടെ മോഷ്ടിച്ചു കൊണ്ടു വരൂ. പ്രിയ മോഷ്ടാവേ, നമുക്കൊരുമിച്ച് അതു പഴുപ്പിച്ചു തിന്നാം. ബാക്കിയുണ്ടെങ്കില്‍ അയല്‍പക്കക്കാര്‍ക്ക് വീതിക്കുകയുമാവാം."

Thursday, July 24, 2008

സെക്സ്‍കാപെയ്ഡ് - Sexcapade

ചുവന്ന ലോറി ഇഴഞ്ഞിഴഞ്ഞ് കുന്നു കയറിപ്പോവുന്നതു ജനലിലൂടെ കാണാം. പുതുപ്പെണ്ണിന്‍റെ മാറത്തേക്ക് കിതച്ചു കയറുന്ന ചെക്കന്‍റേതു പോലുണ്ട് അതിന്‍റെ മുരള്‍ച്ച. സോമന്‍ കണ്ണെടുക്കാതെ അതിനെ നോക്കി നിന്നു. റബ്ബര്‍ക്കാട്ടിലൂടെ ലോറി ഞരങ്ങി ഞരങ്ങിക്കടന്നു പോയി.

കമ്പ്യൂട്ടര്‍ ടേബിളിനു മുകളില്‍ എലിക്കുഞ്ഞിനെയിട്ട് വട്ടു കളിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. നേരം പോകെപ്പോകെ സോമനു മടുത്തു തുടങ്ങി. വിരലൊന്നനങ്ങുമ്പോളേക്കും ചോരനിറം പടരുന്ന സ്ക്രീനിലേക്കു നോക്കി ഇനിയെത്ര നേരം ഇരിക്കണം! ശനിയാഴ്ചകളില്ലാതിരുന്നെങ്കില്‍... പ്രമീളയുടെ ഹുക്കു പൊട്ടിയ ജാക്കറ്റിനുള്ളിലേക്ക് കണ്ണെറിഞ്ഞുന്നം പിടിച്ച് മനസ്സിനെ പറത്തി വിടാം. തയ്യല്‍ ടീച്ചറുടെ വീര്‍ത്ത അടിവയര്‍ സാരിക്കിടയിലൂടെ വെളിവാവുമ്പോള്‍ തുറിച്ചു നോക്കി കാക്കാപ്പുള്ളികളെണ്ണാം. പിന്നെ...

ഒമ്പതാംക്ലാസ്സില്‍ ഇത്രയൊക്കെയേ പറ്റൂ. രണ്ടു കൊല്ലം കൂടെ കഴിയട്ടെ. ഇളംനീല ജീന്‍സും ചുകന്ന കുപ്പായവുമിട്ട് സ്കൂളിലെ പെണ്‍കുട്ടികളുടെ മുന്നിലൂടെ നടന്നു ചെന്ന് കോളേജിലേക്ക് ബസ്സു കയറണം. എന്നിട്ട്...

"ഷാപ്പ് ഉടന്‍ പൊളിക്കുമെടാ... അവടെ നമ്മുടെ കോംപ്ലക്സ് വരും. പപ്പാ ഇന്നലേം കൂടെ പറയുന്നുണ്ടായിരുന്നു..."

വിനോദ് തലേദിവസം തന്‍റെ ചെവിയില്‍ മന്ത്രിച്ചത് സോമനോര്‍ത്തു. സോമന്‍റെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നു പോയി. പാപ്പച്ചന്‍ പണിയാന്‍ പോകുന്ന കോംപ്ലക്സില്‍ ആദ്യം വരുന്നത് ബ്യൂട്ടിപാര്‍ലറാണെന്നാണ് വിനോദ് പറഞ്ഞിട്ടുള്ളത്. ചെറുപ്രായത്തിലുള്ള പെണ്ണുങ്ങളാവും ജോലിക്കെന്നാണ് അവന്‍ അടക്കം പറഞ്ഞത്. വന്നാല്‍ മതിയായിരുന്നു. ബ്യൂട്ടി പാര്‍ലറിലെ പെണ്ണുങ്ങളെങ്ങനെയാണാവോ? പുറംനാടുകളിലൊക്കെ വൈകുന്നേരം വേറെ ഏര്‍പ്പാടുകളൊക്കെയുണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഇവിടേം ഉണ്ടാവുമോ?

കടുംചുകപ്പു നിറം പടര്‍ന്ന സ്ക്രീനില്‍ സോമന്‍ അവിടവിടെ രണ്ടുമൂന്നു കറുത്ത പുള്ളികളിട്ടു. ബ്രഷ് ടൂളെടുത്ത് പതിയെ ആ കുത്തുകള്‍ യോജിപ്പിച്ചു. എലിക്കുഞ്ഞിന്‍റെ വയറ്റില്‍ ചുറ്റിപ്പിടിച്ച് കഴുത്തില്‍ ഞെക്കിക്കൊണ്ട് ഒന്നാകെ കുത്തിവരഞ്ഞു. ആഹാ! എന്തൊരു സുഖം!

വാടകവീട്ടില്‍ ഒറ്റക്കു തള്ളി നീക്കേണ്ടി വരുന്ന പകലുകള്‍. ദുസ്സഹം തന്നെ. അമ്പതടിയോളം അകലെ, വിളിച്ചാല്‍ കേള്‍ക്കുന്നിടത്താണ് അമ്മയുടെ ഓഫീസ്. എന്തെങ്കിലും കുസൃതിയൊപ്പിക്കണമെന്നുണ്ടെങ്കിലും പേടിയാണ്. അമ്മ എപ്പോള്‍ വേണമെങ്കിലും കയറി വരാം.

വീട്ടില്‍ ആകെ വാങ്ങിക്കുന്ന വാരിക മാതൃഭൂമിയാണ്. പിന്നാമ്പുറത്തെ ചട്ടയിലെ സോപ്പിന്‍റെ പരസ്യത്തില്‍ മാത്രമാണ് ഒരു പെണ്ണിന്‍റെ പടമുള്ളത്. സോമനത് പല തവണ കണ്ടു കഴിഞ്ഞിരിക്കുന്നു.
ജനാലയിലൂടെ പുറത്തേക്കു നോക്കിയാല്‍ കവല കാണാം. ആദ്യം കാണുന്നത് ഉമ്മറിന്‍റെ ബാര്‍ബര്‍ ഷാപ്പ്. ഉമ്മറിക്കായുടെ അടുത്തു പോയാലോ എന്നു തോന്നി സോമന്. പാന്‍റിന്‍റെ കുടുക്കു വലിച്ചിട്ട് സോമന്‍ പുറത്തേക്കു നടന്നു.

ബാര്‍ബര്‍ ഷോപ്പിലെ ബെഞ്ചിലിരുന്ന പുസ്തകങ്ങളോരോന്നായി സോമന്‍ മറിച്ചു നോക്കി. കളര്‍പേജുകളുള്ള ഒന്നു രണ്ടു മാസികകളുണ്ട്. മെലിഞ്ഞ കൈവിരലുകളുള്ള, നഖത്തില്‍ ചുവന്ന നെയില്‍ പോളിഷ് പുരട്ടിയ ഒരു പെണ്ണിന്‍റെ പടം സോമന് വളരെ ഇഷ്ടമായി. തൊട്ടടുത്ത പേജില്‍ മദര്‍ തെരേസ്സയുടെ പടമാണ്. ഈ വയസ്സികളുടെയൊക്കെ പടങ്ങള്‍ വാരികയില്‍ കൊടുക്കുന്നതെന്തിനാണാവോ എന്നോര്‍ത്ത് സോമന്‍ കണ്ണു മിഴിച്ചു.

മദര്‍ തെരേസ്സാ ചെറുപ്പത്തില്‍ എങ്ങ്നിരുന്നിരുന്നോ ആവോ! സുന്ദരിയായിരുന്നിരിക്കണം. അതായിരിക്കും ഇത്ര പേരും പ്രശസ്തിയും കിട്ടിയത്. ഇന്നളൊരു കന്യാസ്ത്രീ എന്തോ ഒപ്പിച്ചെന്നു പറഞ്ഞത് വിനോദാണ്. ആ... ആര്‍ക്കറിയാം!

സോമന്‍ മുഖമുയര്‍ത്തി ഉമ്മറിനെ നോക്കി. ഉമ്മറിക്കാക്ക് മുടിവെട്ടിനു പുറമേ ചില്ലറ സാമൂഹ്യപ്രവര്‍ത്തനമൊക്കെയുണ്ട്. മേധാ പടേക്കറുടെ ആളാണത്രേ. ഇടക്കിടെ ചില കന്യാസ്ത്രീകളും മറ്റും വന്ന് ജീപ്പില്‍ കയറ്റിക്കൊണ്ടു പോകുന്നതു കാണാം. ഇനി ഉമ്മറിക്കായും...

ഇപ്പോ കുറച്ചു നാളായി ഉമ്മറിക്ക പ്രശ്നത്തിലാണെന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടിട്ടുണ്ട്. വിനോദിന്‍റെ പപ്പാ തുടങ്ങാന്‍ പോകുന്ന കോംപ്ലക്സിനെക്കുറിച്ചോര്‍ത്താണത്രേ. കേസൊക്കെ കൊടുക്കുമെന്നും പറയുന്നു. ബ്യൂട്ടിപാര്‍ലര്‍ വരുന്നതിന് ഇയാള്‍ക്കെന്താണ് കുഴപ്പം? ഇനി അവിടെ പണിക്കു വരുമെന്നു പറഞ്ഞ പെണ്ണുങ്ങളെയാരെയെങ്കിലും ഉമ്മറിക്ക വല്ലതും ചെയ്തു കാണുമോ?

വിനോദിന്‍റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിടര്‍ന്നു.

"എന്താ മോനേ വെറുതെ ചിറിക്ക്യാ?"

ഉമ്മറിന്‍റെ ചോദ്യം കേട്ട് സോമന്‍ വാരികയില്‍ നിന്ന് മുഖമുയര്‍ത്തി.

"ഈ വീക്കിലി ഞാനെടുത്തോട്ടേ?"

"എടുത്തോ, വായിച്ചു കയിഞ്ഞ് നിയ്‍ക്കെന്നെ കൊണ്ടെത്തന്നാ മതി."

അയാള്‍ ചിരിയോടെ പറഞ്ഞു. വാരികയുമായി സോമന്‍ വീട്ടിലേക്കോടി. ചുവന്ന മിഡിയിട്ട സുന്ദരിയുടെ കവിളിലൂടെ താഴോട്ട് അവന്‍റെ കൈവിരലുകള്‍ അരിച്ചിറങ്ങി. ശ്വാസം മുട്ടിക്കുന്ന നിശ്വാസങ്ങള്‍ക്കൊപ്പം നെഞ്ചിടിപ്പ് പതിയെപ്പതിയെ ഉയരുന്നു... ശരീരമാകെ വിറക്കുന്നു...

"ഹ്‍മ്....."

ഇറുകിയ ഉടുപ്പൂരി വലിച്ചെറിഞ്ഞ് സ്വതന്ത്രനായതു പോലെ ഒരു സുഖം. ജനാലപ്പാളി തള്ളിത്തുറന്ന് സോമന്‍ മലര്‍ന്നു കിടന്നു. ഞരക്കം മൂളിയെത്തിയ കാറ്റ് അയാളുടെ മിഴികളെ തഴുകിയടച്ചു.

വാതില്‍ തള്ളിത്തുറക്കുന്ന ശബ്ദം കേട്ടാണ് സോമനുണര്‍ന്നത്. അമ്മയാണെന്നു തോന്നുന്നു. ഇത്ര വേഗം അഞ്ചുമണിയായോ? അമ്മ ആരോടോ സംസാരിക്കുന്നുണ്ടല്ലോ. ഗൌരിച്ചേച്ചിയായിരിക്കും. മുഖം കഴുകാം. ഗൌരിച്ചേച്ചി കാണുമ്പോ ഒരു വൃത്തിയൊക്കെ വേണ്ടേ.

എണീക്കുന്നതിനിടെ സോമന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. കവലയില്‍ പതിവില്ലാതെ ഒരാള്‍ക്കൂട്ടം. എന്താണോ ആവോ. വാതിലിനടുത്തു നിന്ന് സോമന്‍ അമ്മയുടെ സംസാരം ശ്രദ്ധിച്ചു.

"ചുകന്ന ഒരു ലോറിയാണെന്നാ കണ്ടോരു പറയണത്. നെഞ്ഞത്തുക്കൂടി കേറിയെറങ്ങി നിര്‍ത്താണ്ടെ പോയീത്രേ."

അമ്മ തലയില്‍ കൈ വക്കുന്നു. ഏങ്ങുന്നുണ്ടോ? ഗൌരിച്ചേച്ചി കണ്ണു തള്ളി നില്‍ക്കുകയാണ്.

"ഇതും പാപ്പച്ചന്‍റെ വാടകവീടല്ലേന്‍റെ ഗൌര്യേ... നിയ്‍ക്ക് പേട്യാവണുണ്ട്. ഏട്ടനിങ്ങട്ട് വേം വന്നാ മത്യായിരുന്നു. നിയ്‍ക്ക് ന്‍റെ നാട്ടീ പോയാ മതി."

സോമന്‍ പതിയെ അവരുടെയടുത്തേക്കു ചെന്നു. ഗൌരി അമ്മയുടെ തുടയില്‍ സൂചനാരൂപത്തില്‍ തോണ്ടുന്നത് സോമന്‍ കണ്ടു.

"വാ മോനേ, ഉടുപ്പു മാറ്റ്."

സോമന്‍ ചോദ്യഭാവത്തില്‍ അമ്മയെ നോക്കി.

"ഉമ്മറിക്ക.... മരിച്ചു..."

അമ്മയുടെ സ്വരത്തില്‍ വിറയലുണ്ടോ? ഉമ്മറിക്ക മരിച്ചോ? ഇത്ര പെട്ടെന്ന്. സോമന്‍ കട്ടിലില്‍ കിടന്ന മാസികയിലേക്കു നോക്കി. ഓ... ഇനിയിതു തിരിച്ചു കൊടുക്കേണ്ടല്ലോ.

സോമന്‍ ഉമ്മറിന്‍റെ വീട്ടുമുറ്റത്തു തന്നെ നിന്നു. അമ്മ അകത്തേക്കു കയറിപ്പോയി. സ്ത്രീകളുടെ അലര്‍ച്ച കേട്ട് സോമന് ശ്വാസം മുട്ടുന്നതു പോലെ തോന്നി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൌതുകത്തോടെ അയാള്‍ ജനാല വഴി അകത്തേക്ക് ഏന്തി നോക്കി.

കൈകാലുകളിട്ടടിച്ച് അലറിക്കരയുകയാണ് വെളുത്തു തടിച്ചൊരു സ്ത്രീ. ഉമ്മറിന്‍റെ ഭാര്യയായിരിക്കണം. നാലഞ്ചു പെണ്ണുങ്ങള്‍ ചേര്‍ന്ന് അവരെ പിടിച്ചടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

"ആ... ആരാണ്ടാ.... ആരാണ്ടാ ന്‍റെ ഇക്കാക്കാനെ കൊന്നത്... ആആ...."

ഉമ്മറിക്കായെ ആരോ കൊന്നതാണോ? വണ്ടിയിടിച്ചാണെന്നല്ലേ അമ്മ പറയുന്നതു കേട്ടത്! കൊന്നതാണെങ്കില്‍ ആരാവും.

അകത്ത് അലര്‍ച്ചക്ക് ശക്തി കൂടിയപ്പോള്‍ സോമന് ഈര്‍ഷ്യ തോന്നി. കയറിച്ചെന്ന് മറ്റു പെണ്ണുങ്ങളോടൊപ്പം നിന്ന് അവരുടെ വായ് പൊത്തിപ്പിടിച്ചാലോ എന്നു തോന്നി സോമന്. എത്ര പെണ്ണുങ്ങളാ.

പ്രമീളയുടെ വീട് ഈ ഭാഗത്തെവിടെയോ ആണല്ലോ. അവളും വന്നു കാണുമോ? സോമന്‍ തലയെത്തിപ്പിടിച്ച് എല്ലാ മുഖങ്ങളിലേക്കും ഉറ്റു നോക്കി. ഇല്ല, പ്രമീളയില്ല.

രാത്രി സോമന് കിടന്നിട്ടുറക്കം വന്നില്ല. ഉഅമ്മറിക്കായുടെ അടുത്തു നിന്നു കൊണ്ടു വന്ന വാരിക കട്ടിലില്‍ തന്നെ കിടപ്പുണ്ട്. മറിച്ചു നോക്കാന്‍ ചെറിയ ഭയം. അതെടുത്ത് സ്വീകരണമുറിയിലെ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം സോമന്‍ തിരിച്ചു വന്നു കിടന്നു.

ശ്ശോ, എന്തൊരു തണുപ്പ്.

തുറന്നു കിടന്നിരുന്ന ജനാലപ്പാളി അവന്‍ വലിച്ചടച്ചു കൊളുത്തിട്ടു. പാന്‍റിന്‍റെ കുടുക്കഴിച്ച്, കൈകള്‍ തുടകള്‍ക്കിടയില്‍ തിരുകി വച്ച് കണ്ണുകളടച്ചു. പ്രമീളയും മരിക്കുമോ? പത്താംക്ലാസ്സ് കഴിയുന്നതു വരെ മരിക്കാതിരുന്നാല്‍ മതിയായിരുന്നു...

രാവിലെ കണ്ണു തിരുമ്മിയെഴുന്നേറ്റു വരുമ്പോള്‍ അച്ഛനുമമ്മയും കൂടെ പത്രം നോക്കുകയാണ്. കൈ പിറകില്‍ കെട്ടി, അവര്‍ക്കു പിന്നില്‍ ചെന്നു നിന്ന് സോമന്‍ പത്രത്താളിലേക്ക് കണ്ണയച്ചു.

ചരമം...

നെല്ലിക്കോട് കുന്നത്ത് വീട്ടില്‍ ഉമ്മര്‍ (43) അന്തരിച്ചു....

വിരസത കൊണ്ട് കൂമ്പിത്തുടങ്ങിയ സോമന്‍റെ കണ്ണുകള്‍ പതിയെ വലതുവശത്തെ താളിലേക്ക് അരിച്ചു നീങ്ങി. താഴേ മൂലയില്‍ കാല്‍പ്പേജ് നിറഞ്ഞു തുളുമ്പുന്ന പുതിയ എഫ് എം റേഡിയോയുടെ പരസ്യത്തില്‍ പച്ചയുടുപ്പിട്ട് നൃത്തച്ചുവടു വക്കുന്ന സുന്ദരി. സോമന്‍ അവളുടെ ശരീരത്തിലേക്ക് കണ്ണും നട്ടിരുന്നാലോചിച്ചു...

കോംപ്ലക്സ് ഉടനെ പണിതുടങ്ങും. ചന്തമുള്ള പെണ്ണുങ്ങള്‍ ജോലിക്കു വരും. രണ്ട് കൊല്ലം കഴിയട്ടെ, നീല ജീന്‍സും ചുകന്ന കുപ്പായവുമിട്ട് അവരുടെ മുമ്പിലൂടെ...

കവലയില്‍ ഉമ്മറിക്കായുടെ ബാര്‍ബര്‍ ഷോപ്പിനെ ലക്ഷ്യം വച്ച് മഞ്ഞ ജേ സി ബി മുരണ്ടു മുരണ്ടു വരുന്നതെന്തിനാണെന്ന് സോമനു മനസ്സിലായില്ല. ഇവിടടുത്തെങ്ങാന്‍ കണ്‍സ്ട്രക്ഷന്‍ നടക്കുന്നുണ്ടോ? കോംപ്ലക്സ് പണി ഇത്ര പെട്ടെന്ന് തുടങ്ങിയോ?

Monday, May 26, 2008

കൊതുകിനെ തല്ലിക്കൊല്ലരുത്!

ഗുല്‍ബര്‍ട്ട് ബുള്ളറ്റില്‍ കയറി ഇരുന്നു. ഇടതുകാല്‍ നിലത്തു കുത്തി ബാലന്‍സ് ചെയ്ത ശേഷം നെഞ്ചില്‍ കെട്ടി വച്ച തുണിസഞ്ചി പോലെ ഞാന്നു കിടക്കുന്ന കുടവയര്‍ അയാള്‍ ടാങ്കിനു മുകളില്‍ കയറ്റി വച്ചു. ’ടാങ്കറിനു മുകളിലെ ടാങ്ക്’ എന്ന് ബുള്ളറ്റിലിരിക്കുന്ന ഗുല്‍ബര്‍ട്ടിനെ പരാമര്‍ശിച്ച് കാര്‍ത്തിക് പറഞ്ഞതോര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു.

"തനിക്ക് ഞാന്‍ പറഞ്ഞതൊന്നും വിശ്വാസം വരുന്നില്ല അല്ലേ?"

ഗുല്‍ബര്‍ട്ടിന്‍റെ മുഴക്കമുള്ള ശബ്ദം ചെവിയില്‍ പതിച്ചപ്പോള്‍ ഞാന്‍ ഉണര്‍ന്നു.

"കയറ്..."

പിന്‍സീറ്റിലേക്ക് തലചെരിച്ചാട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. അനുസരണയോടെ ഞാന്‍ കയറിയിരുന്നു. വണ്ടി മുന്നോട്ടു കുതിക്കും തോറും മേഘപടലം പോലെ പിന്നില്‍ കുമിഞ്ഞു കൂടിയ പുക എന്‍റെ കാഴ്ചാസ്വാതന്ത്ര്യത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ബുള്ളറ്റ് നാടു വിട്ടു കാടു കയറിയതും, ഉള്‍ക്കാട്ടിലെങ്ങോ വിജനമായ ഒരു ബംഗ്ലാവിന്‍റെ മുന്‍ഭാഗത്തു ചെന്നു നിന്നതുമൊക്കെ പുകപടലങ്ങള്‍ക്കിടയിലൂടെ ഒരു സ്വപ്നത്തിലെന്നവണ്ണം ഞാന്‍ അറിഞ്ഞു.

ഗുല്‍ബര്‍ട്ട് സഞ്ചിയില്‍ വച്ചിരുന്ന വലിയ താക്കോലെടുത്ത് വാതില്‍ തുറന്നു. കൊടിയ ശബ്ദത്തോടെ വാവലുകള്‍ പുറത്തേക്കിരമ്പിപ്പാഞ്ഞു. ഞാന്‍ പേടിയോടെ ചെവികള്‍ പൊത്തി.

"കടന്നു വരൂ."

ഗുല്‍ബര്‍ട്ട് ആവശ്യപ്പെട്ടു. വളരെ യാന്ത്രികമായി ഞാന്‍ അയാളെ പിന്തുടര്‍ന്നു.

"ഇതാണ്, എന്‍റെ ലോകം."

അയാള്‍ കുപ്പായം അഴിച്ച് അയയില്‍ തൂക്കി.

"ചീവീടുകളും വാവലുകളും പുഴുക്കളും എലികളും കൊതുകും ഈച്ചയും എല്ലാമടങ്ങിയ ഒരിടം തേടി നടക്കുകയായിരുന്നു ഞാന്‍, കഴിഞ്ഞ ആണ്ടു വരെ."

ഞാന്‍ അദ്ഭുതത്തോടെ അയാളെ നോക്കി. ഗുല്‍ബര്‍ട്ടിന്‍റെ ബംഗ്ലാവില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് മൈക്രോസ്കോപ്പും ടെസ്റ്റ്യൂബുകളും കെമിക്കല്‍സും ആധുനിക ഉപകരണങ്ങളുമടങ്ങിയ ഒരു ലബോറട്ടറിയായിരുന്നു. ഇത്...

എന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം ഗുല്‍ബര്‍ട്ടിനു മനസ്സിലായെന്നു തോന്നുന്നു. ഒരു ചിരിയോടെ അയാള്‍ ഒരു ബീഡിക്കു തീ കൊടുത്തു.

"മനുഷ്യന് ഭീഷണിയായ എല്ലാ ക്ഷുദ്രജീവികളും ഇവിടെയുണ്ട്. ഇവരെക്കൊല്ലാനുള്ള പുതിയ വിദ്യകളല്ലേ ഞാന്‍ പരീക്ഷിക്കുന്നത്? ആയിരക്കണക്കിനു ജീവികളെ ഞാന്‍ കൊന്നും കൊല്ലാതെയും പരീക്ഷണം നടത്തി. പക്ഷേ, എന്നെത്തോല്‍പ്പിച്ചു കൊണ്ട് അവര്‍ വീണ്ടും വീണ്ടും പെറ്റു പെരുകി...

വിട്ടു കൊടുത്തില്ലാ ഞാന്‍...."

ഉന്മാദനായി അയാള്‍ അലറി. പേടി കൊണ്ട് എന്‍റെ നെഞ്ച് ക്ഷുദ്രജീവികള്‍ വന്ന് കാര്‍ന്നു തിന്നുന്നതു പോലെ എനിക്കു തോന്നി.

"യെസ്... ഒടുക്കം.... ഒടുക്കം ഞാനതു കണ്ടെത്തിയിരിക്കുന്നു പപ്പൂസ്..."

മേശപ്പുറത്ത് ചെത്തിയുണ്ടാക്കിയ ചെറിയ ഓട്ടയില്‍ ഇറക്കി വച്ചിരുന്ന ഒരു മുളങ്കുറ്റി അയാള്‍ കയ്യിലെടുത്തു.
"ഇതാണ് ഗുല്‍ബര്‍ട്ട്സ് ലിക്വിഡ്. പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയോ തീയോ വേണ്ട. ഇത്തിരി സോഡിയം ബയോ കാര്‍ബണേറ്റ് മാത്രം മതി."

"ഹ! അതെവിടെക്കിട്ടും മാഷേ? കെമിക്കല്‍സിനൊക്കെ ഒടുക്കത്തെ വിലയല്ലേ?"

ബംഗ്ലാവിലെയും ചുറ്റുവട്ടത്തെയും സെറ്റപ്പ് ഒക്കെക്കണ്ട് ബ്ലഡ് പ്രെഷര്‍ ഇരുന്നൂറ്റമ്പതില്‍ എത്തി നില്‍ക്കുമ്പോള്‍പ്പോലും കൌതുകം മറച്ചു വക്കാന്‍ എനിക്കായില്ല.

ഗുല്‍ബര്‍ട്ട് നിര്‍ന്നിമേഷനായി എന്നെ നോക്കി. ആ മുഖത്തെ ഉത്സാഹം ഒട്ടൊന്നു ചോര്‍ന്നു പോയെന്ന് എനിക്കു തോന്നി.

"അപ്പക്കാരമാണെടോ"

അല്പം ഒന്നിളിഭ്യനായെങ്കിലും ഗുല്‍ബര്‍ട്ട് മനുഷ്യന്മാരെപ്പോലെ നല്ല മലയാളം സംസാരിച്ചതില്‍ എനിക്കു സന്തോഷം തോന്നി.

ഗുല്‍ബര്‍ട്ട് തുടര്‍ന്നു.

"ഒരു ചെറിയ കുപ്പിയില്‍ ഈ ലായനിയെടുത്ത് ഒരു നുള്ള് അപ്പക്കാരം, ഐ മീന്‍ ബേക്കിംഗ് സോഡ, ഇടുക. ദാ ഇതു പോലെ."

അടുത്ത് ഒരു കുപ്പിയിലിരുന്ന വെളുത്ത പൊടിയെടുത്ത് അയാള്‍ മുളങ്കുറ്റിയിലിട്ടു. നനുനനുത്ത ആവി പോലെ ഒരു പുക മുകളിലേക്കുയര്‍ന്നു പൊങ്ങി. ഗുല്‍ബര്‍ട്ട് അതിലേക്കു നോക്കിക്കൊണ്ടു തുടര്‍ന്നു.

"ഒരു സവിശേഷ ഇന്ധനമാണ് ഈ ലായനിയിലെ മുഖ്യ ഘടകം. ഈ രാസപ്പുക ശ്വസിക്കുന്ന ആണ്‍കൊതുകിന്‍റെ പ്രത്യുല്പാദനശേഷി ക്രമേണ നഷ്ടപ്പെടും. പെണ്‍കൊതുകിന് മുട്ടയിടാന്‍ കഴിയാതെയാവും. ഇതിന്‍റെ ഉപയോഗം ലോകത്തങ്ങോളമിങ്ങോളമെത്തുന്നതോടെ കൊതുകെന്ന വര്‍ഗ്ഗം തന്നെ ഇല്ലാതാവും!"

"ഹമ്പമ്പോ, എന്തൊരു കണ്ടുപിടുത്തം!" ഞാന്‍ കണ്ണൂ മിഴിച്ചു.

"ഒന്നു മണത്തു നോക്കൂ" ഗുല്‍ബര്‍ട്ട് എന്നെ ക്ഷണിച്ചു.

"വേണ്ട, കല്യാണം തീരുമാനിച്ച സമയമാണ്..." ഞാന്‍ ഒഴിഞ്ഞു മാറി.

"മനുഷ്യര്‍ക്ക് ഒരു കുഴപ്പവുമുണ്ടാവില്ല... ധൈര്യമായി വരൂ"

ഞാന്‍ ധൈര്യം സംഭരിച്ച് അടുത്തു ചെന്നു. മുഖം കുനിച്ച് മുളങ്കുറ്റിയിലേക്ക് അടുപ്പിച്ചു വച്ചു ഞാന്‍ ശ്വസിച്ചു. രാസപ്പുക നാസാരന്ധ്രങ്ങളിലേക്കടിച്ചു കേറുമ്പോള്‍ അറിയാതെ എന്‍റെ അടിവയറ്റില്‍ ഒരു കാളല്‍ അനുഭവപ്പെട്ടു. ഞാന്‍ ഞെട്ടി പുറകോട്ടു മാറി. എന്‍റെ മോളേ! എന്നെങ്കിലും പിറന്നേക്കാവുന്ന ആ ആത്മാവിനു വേണ്ടി ഒരു നിമിഷം നെഞ്ചില്‍ കൈ വച്ചു കൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കി.

ആ കാഴ്ച എനിക്കു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.... ഹൃദയമിടിപ്പു നിന്നു പോകുന്നതു പോലെ!

ഗുല്‍ബര്‍ട്ടിനു മുമ്പില്‍ നിന്ന ഒരു കൊതുക് പതിയെപ്പതിയെ വലുതായി വരുന്നു....

മുട്ടുകാലും കസേരയും മേശയും കടന്ന് അതു വലുതായിക്കൊണ്ടിരുന്നു. കുഞ്ഞുകണ്ണുകള്‍ ഒരു കടലോളം വെള്ളം പേറുന്ന ജലാശയമായി. നേര്‍ത്ത കാലുകള്‍ വളഞ്ഞുകുത്തിയ മുളങ്കോലുകളായി. ഒറ്റക്കൊമ്പ് ഇരുമ്പുലക്കയായി...

വിമാനച്ചിറകുകളെ തോല്പിച്ച് വളര്‍ന്ന ആ ചിറകുകളിലൊന്നിന്‍റെ ചെറുസ്പര്‍ശനമേറ്റ് നാലടിപ്പൊക്കമുള്ള മേശ മറിഞ്ഞു വീണു. ഗുല്‍ബര്‍ട്ടിന്‍റെ ലായനി നിലത്തു കിടന്ന് പുകഞ്ഞൊഴുകി...

ഗുല്‍ബര്‍ട്ടിന്‍റെ മുഖത്ത് പേടി നിറഞ്ഞു ചിന്തി. ഇടറുന്ന കാലുകളോടെ അയാള്‍ പുറകോട്ട് നടന്നു. ഞാന്‍ കതകിനു പുറകില്‍ മറഞ്ഞിരുന്നു.

"നിനക്കു ഞങ്ങടെ കുലം മുടിക്കണം അല്ലേടാ?"

കൊതുകിന്‍റെ ശബ്ദം കാട്ടിലാകെ അലയടിച്ച് തിരിച്ചു വന്നു! ഗുല്‍ബര്‍ട്ട് ഭയന്നു നിലവിളിച്ചു. കൊതുക് തന്‍റെ കൂര്‍ത്ത കൊമ്പ് ഗുല്‍ബര്‍ട്ടിന്‍റെ നെഞ്ചില്‍ കുത്തിയിറക്കി!!!

ഹാ! ശ്വാസമടക്കിപ്പിടിച്ച് അതു കണ്ടുകൊണ്ടു നിന്ന എന്‍റെ കണ്ണുകള്‍ അറിയാതെ കൂമ്പിപ്പോയി.

ബോധം വന്നപ്പോള്‍ ഞാന്‍ നിലത്തു വെറും പുല്ലില്‍ കിടക്കുകയാണ്. കണ്ടതൊക്കെ ഒരു സ്വപ്നമായിരിക്കണേ എന്ന ആഗ്രഹത്തോടെ ഞാന്‍ ചുറ്റുപാടും നോക്കി. എന്‍റെ ഭയം ഇരട്ടിയായി. ആയിരക്കണക്കിന് കൊതുകുകള്‍ ചുറ്റുപാടും ഇരമ്പിപ്പറക്കുന്നു. ചിലര്‍ എന്‍റെ കാലിലും വയറ്റിലുമൊക്കെയിരുന്ന് ആഞ്ഞു വലിച്ചു കുടിക്കുന്നു.

കൂട്ടത്തില്‍ അല്പം വലിപ്പം കൂടുതല്‍ തോന്നിച്ച ഒരു കൊതുക് എന്‍റെ മൂക്കിന്മേല്‍ കയറിയിരുന്നു. ഭയം കാരണം ഞാന്‍ അനങ്ങിയില്ല. കൊതുകു സംസാരിച്ചു തുടങ്ങി.

"ഞാനാണ് നേരത്തേ ഗുല്‍ബര്‍ട്ടിനെ തട്ടിയത്!"

ഞാന്‍ ഞെട്ടിത്തരിച്ചു. എന്‍റെ ഹൃദയമിടിപ്പ് പരിധി വിട്ടപ്പോള്‍ നെഞ്ഞിനു മുകളിലിരുന്ന് അര്‍മ്മാദിച്ച് ചോര കുടിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞു കൊതുക് ഭയന്നെണീറ്റു പറന്നു.

"ചോര കുടിച്ച് ജീവിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ് പപ്പൂസേ. അതിലിടപെടാന്‍ താനടക്കം ഒരുത്തനും വരരുത്. കുറേയൊക്കെ സഹിച്ചു, പക്ഷേ ഞങ്ങളെ വന്ധ്യരാക്കുമെന്ന് വരെ കേട്ടപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല."

ഭയം എന്‍റെ തൊണ്ടയില്‍ക്കിടന്ന് മുറവിളി കൂട്ടുന്നുണ്ടായിരുന്നു. പക്ഷേ ശബ്ദമൊന്നും പുറത്തു വന്നില്ല.
കൊതുകിന്‍റെ ഒച്ചയുയര്‍ന്നു.

"തിരി, ലിക്വിഡേറ്ററ്, ബാറ്റ്, ബാറ്ററി, നിര്‍മാര്‍ജനം.... കലിച്ചു വരുന്നുണ്ടെനിക്ക്...."

കൊതുക് അല്പാല്പം വലുതാവാന്‍ തുടങ്ങി. ആ കണ്ണുകളും കൊമ്പും ഞാന്‍ വീണ്ടും കണ്ടു. ഗുല്‍ബര്‍ട്ടിന്‍റെ നെഞ്ച്! ഒരു കൊതുക് വന്ന് വലിയ കൊതുകിന്‍റെ പുറത്തു തലോടി, എന്നെ നോക്കി പറഞ്ഞു.

"പുള്ളിക്കാരന് ദേഷ്യം വന്നാലിങ്ങനെയാ. വലുതാവും. പേടിക്കേണ്ട, ഒന്നും ചെയ്യില്ല."

എനിക്കാശ്വാസമായി.

"ഒന്നുമില്ലേലും ഞങ്ങള് കാരണം നിങ്ങളെത്ര പേര് ജീവിക്കുന്നുണ്ടെടോ?"

അങ്ങേര്‍ വിടുന്നില്ല.

"തിരിയുണ്ടാക്കുന്ന കമ്പനി മുതലാളി, അവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്, അതിന് കാര്‍ഡ്ബോര്‍ഡ് പാക്കറ്റുണ്ടാക്കുന്നവര്....

ലിക്വിഡുണ്ടാക്കുന്നവര്, മാറ്റുണ്ടാക്കുന്നവര്, അതു കത്തിക്കാന്‍ കറന്‍റുണ്ടാക്കുന്നവര്, അവിടത്തെയൊക്കെ തൊഴിലാളികള്...

ബാറ്റ് ഉണ്ടാക്കുന്ന കമ്പനി, അതിലെ കമ്പിയുണ്ടാക്കുന്ന മറ്റൊരു കമ്പനി, പ്ലാസ്റ്റിക്ക് ബോഡിയുണ്ടാക്കുന്ന വേറൊരു കമ്പനി, ബാറ്ററിയുണ്ടാക്കുന്നവര്, ഇവിടത്തെയൊക്കെ ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികള്, ഇതൊക്കെ വിറ്റു ജീവിക്കുന്ന കച്ചവടക്കാര്, അവരുടെ ഏജന്‍റുമാര്....

ഇതിന്‍റെയൊക്കെ പരസ്യം കാണിക്കുന്ന ചാനലുകള്, പത്രങ്ങള്, ഇന്‍റര്‍നെറ്റ് മാധ്യമങ്ങള്, അവിടത്തെ തൊഴിലാളികള്....

മലേറിയേം ചിക്കന്‍ഗുണിയേമൊക്കെ കൊണ്ട് ഞങ്ങള് വരുമ്പോള്‍ അതു ചികിത്സിക്കുന്ന ഡോക്ടര്‍മാര്, ആശുപത്രികള്, അവിടത്തെ മറ്റു സ്റ്റാഫ്....

അങ്ങ് മസാചുസിറ്റ്‍സില് കൊതുകുനിയന്ത്രണ ബോര്‍ഡെന്നൊരു ബോര്‍ഡു തന്നെയുണ്ട്....

എന്തിന്, നിങ്ങള് ഐടിക്കാരു വരെ മൊസ്ക്വിറ്റോ റിപ്പല്‍ എന്നൊരു സോഫ്‍റ്റ്വെയറുണ്ടാക്കി കഞ്ഞി കുടിക്കുന്നില്ലേടോ...

നാട്ടിലും കാട്ടിലുമൊക്കെ ഉണ്ടായിരുന്ന കുറ്റിക്കാടും പുല്ലും മൊത്തം വെട്ടി നിരത്തി, ഞങ്ങള് താമസിച്ചു കൊണ്ടിരുന്നിടമൊക്കെ തീകൂട്ടി കത്തിച്ചും മരുന്നു തളിച്ചും നശിപ്പിച്ച്....

ജന്മം കൊണ്ട് പഴവും പച്ചക്കറിയും കഴിച്ചു ജീവിക്കേണ്ട നീയൊക്കെ കണ്ട ആടിനേം മാടിനേം കോഴിയേമൊക്കെ കൊന്നു കറി വച്ച് തിന്നുന്നു....

ചോര മാത്രം കുടിച്ച് ജീവിക്കേണ്ട ഞങ്ങള്‍ക്കൊന്നും അതിനൊട്ടു സ്വാതന്ത്ര്യവുമില്ലാതായോ?

എന്നിട്ടും ഞങ്ങളൊരക്ഷരം മിണ്ടിയോ?

പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ ഞങ്ങള്‍ക്കുമുണ്ടാവുമെടോ എവിടെയെങ്കിലുമൊക്കെ ഒരു പങ്ക്. അന്വേഷിച്ചു കണ്ടു പിടിച്ച് ഞങ്ങളില്ലാതാവുമ്പോ നിനക്കൊക്കെ കുത്തിയിരുന്ന് സ്മരിച്ച് കവിതയെഴുതാം.... ഒരു കൊതുകുണ്ടായിരുന്നെങ്കില്‍...ന്ന്!

ഫുല്ലന്‍മാര്‍..... എന്നിട്ടിപ്പോ വന്ധ്യംകരണവുമായി വന്നിരിക്കുന്നു..."

കൊതുകു വീണ്ടും വലുതായിക്കൊണ്ടിരുന്നു. അതിന്‍റെ കണ്ണിലെ നീലപ്പരപ്പ് ചുകന്നു തുടങ്ങി. മെല്ലെ മെല്ലെ അതെന്‍റെയടുത്തേക്ക് വന്നു. ഞാന്‍ വിറച്ചു...

എന്‍റെ തൊട്ടു മുന്നിലെത്തിയ കൊതുക് ഉഗ്രാവേശത്തോടെ അതിന്‍റെ കൊമ്പ് മുകളിലേക്കുയര്‍ത്തി. ഗുല്‍ബര്‍ട്ടിന്‍റെ ചോര ഇനിയും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നു...

"ഹെന്‍റമ്മോ......"

കരച്ചിലോടെ, വെപ്രാളത്തോടെ ഞാന്‍ പിടഞ്ഞെണീറ്റു. കുഞ്ഞച്ചന്‍ എന്‍റെ കയ്യില്‍ കയറി പിടിച്ചു. കട്ടിലില്‍ നിന്നും താഴെ വീഴാതിരിക്കാന്‍ ഞാന്‍ വിഷമിച്ചു.

കിടക്കപ്പായിലാണെന്ന ബോധം വന്നപ്പോളും ഭീതി എന്നെ എന്നിട്ടും വിട്ടുമാറിയില്ല. യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വരാന്‍ ഞാന്‍ വീണ്ടും സമയമെടുത്തു...

എന്‍റെ കൈത്തണ്ടയില്‍ ഒരു കൊതുകു വന്നിരുന്നു. ഞാന്‍ ഭയത്തോടെ അതിനെ നോക്കി. കുഞ്ഞച്ചന്‍ എന്‍റെ മുഖത്തേക്ക് നോക്കി. ആദ്യമായി എന്‍റെ മനസ്സിലുള്ളതെല്ലാം അവനു മനസ്സിലായതു പോലെ. മുഖം കുനിച്ച്, എന്‍റെ കൈത്തണ്ട കടിച്ചു വേദനിപ്പിച്ച ആ കൊതുകിനെ അവന്‍ ഊതിയകറ്റി.

ഞങ്ങള്‍ വീണ്ടും കിടക്കയിലേക്കു മറിഞ്ഞു.

കണ്ണടച്ച് പലതും ഓര്‍ത്തെടുക്കുന്നതിനിടെ പതിഞ്ഞ ശബ്ദത്തില്‍ കുഞ്ഞച്ചനെന്നോട് പറഞ്ഞു.

"ബ്രാന്‍ഡ് മാറിയടിക്കണ്ടാന്ന് ഞാന്‍ പലവട്ടം പറഞ്ഞതല്ലേടാ, രാത്രി?"

Thursday, April 17, 2008

സിദ്ധാപുരത്തെ വേശ്യ - 2

ദേവാംഗനങ്ങള്‍ തോല്‍ക്കുന്ന മെയ്യഴകോ, ആലില തോല്‍ക്കുന്ന മിഴിയഴകോ, പനങ്കുല തോല്‍ക്കുന്ന മുടിയഴകോ അവള്‍ക്കില്ല. കറുമ്പിയാണെങ്കിലും കരിവീട്ടിയില്‍ തീര്‍ത്ത ഒരു സുന്ദരശില്പമെന്ന് ആര്‍ക്കും അവളെ വിളിക്കാന്‍ കഴിയില്ല. ഉര്‍വശി, രംഭ, മൃണാളിനി എന്നിങ്ങനെ കേള്‍വിയില്‍ത്തന്നെ ആഢ്യത്തം വിളമ്പുന്ന ഒരു പേരും അവള്‍ക്കില്ല. അവളുടെ പേര് അലമേലു. സിദ്ധാപുരത്തെ ഒരു വേശ്യ.

പത്തു മണിക്കു മുമ്പേ ഗാഢമായ ഉറക്കത്തിലാഴുന്ന ആ നാട്ടില്‍ അര്‍ദ്ധരാത്രികളില്‍ വിളക്കു തെളിയുന്ന അലമേലുവിന്‍റെ കുടില്‍ എന്നെ അദ്ഭുതപ്പെടുത്തി. രാത്രികളില്‍ ഉറക്കമൊഴിച്ച് ആ വീട്ടില്‍ വിളക്കു തെളിയുന്നതു കാണാന്‍ ഞാന്‍ കാത്തിരുന്നു. അരണ്ട വെളിച്ചത്തില്‍ പറ്റിച്ചേരുന്ന നിഴലുകള്‍ ഏതെങ്കിലും ജനാലയിലൂടെ കാണാനാവുമോ എന്നും ഞാന്‍ തിരഞ്ഞു കൊണ്ടേയിരുന്നു.

പകലുകളില്‍ സ്വാഭാവിക സ്ത്രീ ശരീരത്തില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ അലമേലുവില്‍ കാണാനാവുന്നുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു. മുഷിഞ്ഞ സാരിയും വിയര്‍പ്പു പുരണ്ട ബ്ലൌസും ധരിച്ച് അലമേലു എന്നും മനോഹരമായി കോലം വരച്ചു കൊണ്ടിരുന്നു. അവള്‍ വരച്ച കോലങ്ങള്‍ മറ്റുള്ളവര്‍ വരക്കുന്നതില്‍ നിന്നും വ്യത്യസ്തമല്ലെന്നും അവളുടെ ശരീരം ഞാന്‍ കണ്ട മറ്റു സ്ത്രീകളെക്കാള്‍ മികച്ചതോ മോശമോ അല്ലെന്നും എനിക്കു മനസ്സിലായി.

പലപ്പോഴും ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. നോട്ടത്തിലൂടെയോ ചേഷ്ടകളിലൂടെയോ അവളില്‍ നിന്ന് ഒരു ക്ഷണം ഞാന്‍ പ്രതീക്ഷിച്ചു. അസ്വാഭാവികമായി അവള്‍ എന്നെ ഒന്നു നോക്കിയതു പോലുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അലമേലുവിനോട് ആരും സംസാരിക്കാത്തതെന്തെന്ന് ഞാന്‍ അദ്ഭുതം കൂറി.

ഞങ്ങള്‍ക്കിടയിലെ മഞ്ഞുകട്ട ഉരുക്കിയെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു ദിവസം ഉച്ചക്ക് ഒരു കുഞ്ഞു അലുമിനിയം ചെമ്പുമായി ഞാന്‍ അലമേലുവിന്‍റെ വീട്ടുപടിക്കല്‍ ചെന്നു കയറി.

"കുറച്ചു വെള്ളം തരാമോ? എടുത്തു വച്ചിരുന്ന കുടിവെള്ളം തീര്‍ന്നു പോയി."

അലമേലു അദ്ഭുതത്തോടെ എന്നെ നോക്കി. ഉള്‍ഭയം വായിലിറ്റിച്ച ഉമിനീരിറക്കുന്നതിനിടയില്‍ ഞാന്‍ വീണ്ടും ചോദിച്ചു.

"ഇത്തിരി വെള്ളം..."

"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ, ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ, ഭീതി വേണ്ടാ, തരികതെനിക്കു നീ" എന്നു പാടിയ ഭിക്ഷുവിനെ നോക്കിയ ചണ്ഡാലബാലികയെപ്പോലെ അവള്‍ എന്‍റെ മുഖത്തേക്കു നോക്കി നിന്നു. ഞാന്‍ നീട്ടിയ അലുമിനിയം പാത്രത്തിലേക്ക് അവള്‍ തെളിഞ്ഞ വെള്ളം പാര്‍ന്നു. ഞാന്‍ പുഞ്ചിരിച്ചു. അവളും.

പതിയെ അലമേലു എന്നെ കാണുമ്പോഴൊക്കെ പുഞ്ചിരിക്കാന്‍ തുടങ്ങി. അവളുടെ വീട്ടുപടിക്കലോ, വഴിയരികിലോ നിന്ന് അവളോട് കൊച്ചുവര്‍ത്തമാനം പറയുന്നത് ഞാന്‍ ശീലമാക്കി. പരിസരവാസികള്‍ എന്നെ അവജ്ഞയോ പരിഹാസമോ കലര്‍ന്ന നോട്ടം കൊണ്ടളക്കാന്‍ തുടങ്ങി.

"എടാ, നമുക്കതു ശരിയാവൂല്ല"

അത്താഴം കഴിഞ്ഞ് മുറിയിലിരിക്കുമ്പോള്‍ കുഞ്ഞച്ചന്‍ എന്നോടു പറഞ്ഞു.

"ഏത്?"

"അത്... ആ... ആ അലമേലുവിനോടുള്ള കൂട്ട്..."

"നീ കൂടണ്ട." ഞാനത് ഗൌരവമായെടുത്തില്ല. പറയുന്നത് കുഞ്ഞച്ചനല്ലേ!

"ഞാന്‍ നിന്‍റെ കാര്യമാ പറഞ്ഞത്. നാട്ടുകാര് എന്നേക്കൂടി ചേര്‍ത്ത് പറയാന്‍ തുടങ്ങിയിരിക്കുന്നു."

"ഉവ്വുവ്വ്. നാട്ടിലുണ്ടായിരുന്നപ്പോ തെക്കുമ്പാട്ടെ സാവിത്രീടെ പിന്‍മതിലു ചാടിയ അനോണിയാരെന്ന് വേറാരറിഞ്ഞു?"

കുഞ്ഞച്ചനൊന്നു മുഖം താഴ്‍ത്തി. പിന്നെ തുടര്‍ന്നു.

"തര്‍ക്കിക്കുന്നില്ല. എന്നാലും... ഞാനിവിടെ സ്ഥിരമായി താമസിക്കുന്ന ആളല്ലേടാ!"

ആ സംഭാഷണത്തിന് അവിടെ അടിവര വീണു.

ഒരു ദിവസം പതിവു കുശലങ്ങള്‍ക്കിടയില്‍ ഞാന്‍ അലമേലുവിനോടു ചോദിച്ചു.

"നീയെന്തേ, ഈ വഴി തിരഞ്ഞെടുത്തത്?"

ഒരു നിമിഷം അവളെന്‍റെ മുഖത്തേക്കു നോക്കി.

"തിരഞ്ഞെടുപ്പ്...!"

അവള്‍ പുച്ഛത്തോടെ ചിരിച്ചു.

"പപ്പൂസിന്‍റെ കുലത്തൊഴിലെന്താ?"

"അതിപ്പോ..."

ഞാനൊന്നു പരുങ്ങി.

"താവഴിക്കോ അതോ...."

"ഏതു വഴിക്കായാലും." അവള്‍ വിടാനുള്ള ഭാവമില്ല.

"രണ്ടു വഴിക്കും അപ്പൂപ്പന്മാര് വെപ്പുകാരായിരുന്നു. സദ്യക്കും മറ്റുമൊക്കെ പാചകം..."

"പപ്പൂസിപ്പോ വിദേശകമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു, ല്ലേ?"

"ങും..."

അലമേലു ഒന്നു നിശ്വസിച്ചു.

"വീട്ടുജോലി ചെയ്തിരുന്ന പുട്ടമ്മയുടെ മോളാ കൌസല്യ. അവള്‍ക്ക് കമ്പ്യൂട്ടറ് പഠിക്കാം, താല്പര്യമില്ലെങ്കില് ചന്തയില് പച്ചക്കറി കച്ചോടത്തിനു പോവാം.

പൂക്കാരി പൂവമ്മയുടെ മോള്‍ക്ക് തുണിക്കടേല് പൊതിഞ്ഞു കൊടുക്കാന്‍ പോവാം, അല്ലെങ്കില് കാപ്പിത്തോട്ടത്തില് കുരു നുള്ളാന്‍ പോവാം... ആരും... ആരും തടയില്ല."

അലമേലുവിന്‍റെ തൊണ്ടയിടറി.

"സിദ്ധാപുരത്തെ വേശ്യയായിരുന്നു എന്‍റെ... എന്‍റെ അമ്മ... തലമുറകളായി ഞങ്ങള്‍ക്കാര്‍ക്കും അച്ഛനില്ല..."

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

"എനിക്കൊരു മകളുണ്ടാവരുതേ നന്‍ ദേവരേ.... ഈ ജന്മത്തോടെ ഒടുങ്ങട്ടെ... എല്ലാം."

കഴുത്തില്‍ പിടി മുറുകിയ ഒരു പിടക്കോഴിയുടെ കൊക്കല്‍ എന്‍റെ ഉള്ളില്‍ മുഴങ്ങി.

അവളുടെ കവിളില്‍ തെളിഞ്ഞൊഴുകിയ ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ വിരലുകള്‍ കൊണ്ട് ഒപ്പിയെടുത്തു. കൈ പൊള്ളുന്നതു പോലെ എനിക്കു തോന്നി. നിറമിഴികളോടെ എന്നെ ഒന്നു നോക്കിയ ശേഷം അലമേലു തിരിഞ്ഞ് അകത്തേക്കു നടന്നു.

പതിവു പോലെ അന്നു രാത്രിയിലും അലമേലുവിന്‍റെ വീട്ടില്‍ വിളക്ക് തെളിയുകയും അണയുകയും ചെയ്തു. വിളക്കണഞ്ഞപ്പോള്‍ ഞാന്‍ വെറുതെ പാടി.

"രാത്രിയാണാരെക്കാണാന്‍ പോകുന്നൂ, നിറകണ്ണില്‍
നീറുമിച്ചുടുകണ്ണീര്‍ തുവര്‍ത്തി, പ്രിയങ്കരീ?
മുല്ലപ്പൂ ചൂടി, നീലപ്പുടവ വാരിച്ചുറ്റി
മെല്ലെ നീ നടക്കുന്നതാരുടെ ദാഹം തീര്‍ക്കാന്‍?"

വിളക്ക് ഒരു സംശയത്തോടെ വീണ്ടും അരണ്ടു തെളിഞ്ഞു. ജനല്‍പ്പാളി ഞരങ്ങി, കൊളുത്തു വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. വിളക്ക് വീണ്ടും അണഞ്ഞു.

ഭയന്ന് കുതറി ചിറകുകള്‍ വിടര്‍ത്തിയോടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വേട്ടക്കാരന്‍റെ കയ്യിലകപ്പെട്ട പിടക്കോഴിയുടെ കണ്ണുകളിലെ പിടച്ചില്‍... ജനല്‍പ്പാളിയുടെ ഞരക്കത്തോടൊപ്പം എന്‍റെ നെഞ്ചിന്‍കൂടിനകത്തേക്ക് ചിറകടിച്ചു കേറിയത് ആ ദൃശ്യമായിരുന്നു.

ഒരു വൈകുന്നേരം സിദ്ധാപുരത്തെ പാറക്കുന്നിനു മുകളില്‍ അലമേലുവിനോടൊന്നിച്ചിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

"നിന്‍റെ കഥ എന്നോടു പറഞ്ഞൂടെ? ജനനം, നിന്‍റെ ജീവിതം, വേദനകള്‍... എല്ലാം."

"നിനക്കെന്തു ചെയ്യാന്‍ കഴിയും?"

ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ ചൂട് അവളില്‍ നിന്നും എന്നിലേക്ക് പടര്‍ന്നു. അതില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നു.

"നീ ബാംഗ്ലൂരല്ലേ പപ്പൂസ്, വല്ല സീരിയലിലും ഒരു കുഞ്ഞു വേഷം എനിക്കു വാങ്ങിത്തരാമോ?"

"ഹ ഹ ഹ! അഭിനയമോഹമാണോ?" ഞാന്‍ പൊട്ടിച്ചിരിച്ചു.

"അല്ല..."

അവളെന്‍റെ കണ്ണുകളിലേക്കു നോക്കി.

"സീരിയല്‍ നടിയെന്ന പേരു വന്നാല്‍ ഒരിരുന്നൂറു രൂപയെങ്കിലും ആളുമായി വരുന്ന ഏജന്‍റിന് അധികം കിട്ടും. അതില്‍... അതിലൊരു അമ്പതെങ്കിലും എനിക്കും. അതു കിട്ടിയാല്‍...."

ഒന്നു നിര്‍ത്തിയ ശേഷം അവള്‍ തുടര്‍ന്നു.

"ആഴ്ചയിലൊരു ദിവസമെങ്കിലും ഈ ഉടുപ്പോടു കൂടി എനിക്കു കിടന്നുറങ്ങാമല്ലോ!"

ഞാന്‍ അവളുടെ കവിളില്‍ തലോടി. അലമേലുവിന്‍റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പു പൊടിഞ്ഞു. ആദ്യമായി പുരുഷസ്പര്‍ശമേല്‍ക്കുന്ന അനുഭൂതിയിലെന്ന പോലെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അവളുടെ ചെവിക്കടുത്തേക്ക് ചുണ്ടുകളടുപ്പിച്ച്, കാതില്‍ ഉച്ഛ്വാസത്തിന്‍റെ ഇക്കിളിച്ചൂടു പടര്‍ത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.

"നിന്‍റെ കഥ പറഞ്ഞൂടേ, എന്നോട്?"

"എന്തിനാ?" കണ്ണുകള്‍ തുറക്കാതെ അവള്‍ ചോദിച്ചു.

"എഴുതാന്‍"

ഞാന്‍ മന്ത്രിച്ചു. അലമേലു കണ്ണുകള്‍ തുറന്നു. ഞാന്‍ തുടര്‍ന്നു.

"നിന്‍റെ ജീവിതം ഞാന്‍ എഴുതും. നിന്‍റെ അനുഭവങ്ങളുടെ ചൂടിന് നിന്‍റെ ശരീരത്തേക്കാള്‍ തീക്ഷ്ണതയുണ്ടെന്ന് ഞാന്‍ ജനങ്ങളെ അറിയിക്കും."

അലമേലു എന്‍റെ കൈകള്‍ കവിളില്‍ നിന്നും പറിച്ചു മാറ്റി. ഞാന്‍ എഴുന്നേറ്റു നിന്ന് ആവേശത്തോടെ തുടര്‍ന്നു.

"പത്രങ്ങളിലും മാസികകളിലും തുടര്‍ക്കഥകളിലൂടെ ആളുകള്‍ സിദ്ധാപുരത്തെ വേശ്യയെ അറിയും. ഓരോ ലക്കത്തിനും ആയിരങ്ങള്‍ ഞാന്‍ പ്രതിഫലം വാങ്ങും."

എന്‍റെ ശബ്ദം ഉയര്‍ന്നു. കൈകള്‍ വായുവിലേക്കുയര്‍ത്തി ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു.

"ആ കഥകള്‍ ഞാന്‍ പുസ്തകമാക്കും. ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോലെ ജനം ഒരു കോപ്പിക്കു വേണ്ടി ആര്‍ത്തലക്കും....

നിനക്കും തരാം ഞാന്‍... കിട്ടുന്നതില്‍ പാതി..."

ഓരോ വാക്കുകള്‍ക്കൊപ്പവും അലമേലുവിന്‍റെ മുഖം ചുവന്നു ചുവന്നു വന്നു. അവളുടെ കണ്ണുകളില്‍ വേദന ഉഴറിപ്പുളഞ്ഞു. അവ എന്തിനോ വേണ്ടി ചുറ്റുപാടും പരതാന്‍ തുടങ്ങി...

ഒരു നിമിഷം...

പാറക്കെട്ടിനു മുകളില്‍ നിന്നും അലമേലു താഴേക്കെടുത്തു ചാടി.

ഹാഡുവക്കിഗെ ബേക്കു ഏനു സമ്മാനാ...
യതി തുമ്പി ഹാഡിദനു..... ഹന്ത നാനു....

കഴുത്തറ്റു വീണ ഒരു പിടക്കോഴിയുടെ പിടച്ചിലിന്‍റെ സ്വരം ആ വരികള്‍ക്കിടയിലൂടെ കടന്നു വന്ന് എന്‍റെ തൊണ്ടയില്‍ തടഞ്ഞു...

(അവസാനിച്ചു)

Tuesday, April 8, 2008

സിദ്ധാപുരത്തെ വേശ്യ - 1

വീണു കിട്ടിയ കുറച്ച് അവധിദിവസങ്ങള്‍ ചെലവിടാന്‍ ഞാന്‍ സിദ്ധാപുരം തിരഞ്ഞെടുത്തത് യാദൃശ്ചികമാണ്. സിദ്ധാപുരം ഒരു ഉള്‍നാടന്‍ പ്രദേശമാണ്. ഉപചാരങ്ങളില്‍ നാട്യം കലര്‍ത്താത്ത ഗ്രാമവാസികളും മാറിനു മീതെ തമ്പുരാട്ടിമാരുടെ തറ്റുടുപ്പു പോലെ സാരി ചുറ്റി സവിശേഷ രീതിയില്‍ മുണ്ടാണി മുന്‍വശത്തേക്കിട്ട് നടക്കുന്ന സിദ്ധാപുരത്തെ പെണ്ണുങ്ങളും എന്നെ ആകര്‍ഷിച്ചു. പച്ചപ്പും ഒറ്റയടിപ്പാതകളും കാട്ടുതേനും മധുരമുള്ള തെങ്ങിന്‍കള്ളും എന്നെ സിദ്ധാപുരവുമായി കൂടുതല്‍ അടുപ്പിച്ചു.

സിദ്ധാപുരത്ത് കുഞ്ഞച്ചന്‍ നാലേക്കര്‍ കാപ്പിത്തോട്ടം വാങ്ങിയിട്ടിട്ടുണ്ട്. തോട്ടത്തില്‍ നിന്നും ഏറെയകലെയല്ലാതെ ഒരു കൊച്ചു വാടക വീട്ടില്‍ കുഞ്ഞച്ചന്‍ ഒറ്റക്കു താമസിക്കുന്നു.

"നമുക്കു കുറച്ചു കാലം അടിച്ചു പൊളിക്കണം" കുഞ്ഞച്ചന്‍ എന്നോട്‍ പറഞ്ഞു.

"ഉവ്വുവ്വ്... ഓസീയാറു കിട്ടാത്ത നാട്ടിലല്ലേ? അടിയും നടക്കൂല പൊളിയും നടക്കൂല."

"ചെന്തെങ്ങിന്‍റെ കള്ളു കുടിച്ചിട്ടുണ്ടോ നീ?"

എന്‍റെ വായില്‍ ഊറിയ ജലസ്രോതസ്സ് തൊണ്ടയിലേക്കിറങ്ങും വഴി പുറപ്പെടുവിച്ച ചെറിയ ഊര്‍ജ്ജം നാവിലൊരു വൈദ്യുതോദ്പാദനം നടത്തി. നാവൊന്നു തരിച്ചു, ഞാന്‍ പ്രതികരിച്ചു.

"വെറുതേ മോഹിക്കാം..."

"ഞാനെത്തിക്കും..." കുഞ്ഞച്ചന്‍ സ്വയം വിശ്വസിപ്പിക്കുന്ന കൂട്ടത്തില്‍ എന്നെക്കൂടെ വിശ്വസിപ്പിക്കാന്‍ ഒരു ശ്രമം.

"നാട്ടിലെ ചെത്തുകാരന്‍ വാസ്വേട്ടനെ നിനക്കറിയൂലേ?"

എന്‍റെ ചോദ്യം കേട്ട് കുഞ്ഞച്ചന്‍ അമ്പരന്നു.

"എന്തു പറ്റി? പിന്നേം വീണോ തെങ്ങിന്‍റെ മണ്ടേന്ന്?"

"കരിനാക്കു വളക്കാതെടാ മാക്രീ."

"നാട്ടുകാര് പിന്നേം മേഞ്ഞോ?"

"അതല്ല സംഗതി. കുമാരേട്ടന്‍റെ ഷാപ്പില് മൂപ്പര് മാത്രേ കള്ളു കൊടുക്കുന്നുള്ളൂ."

"അതിന്?"

"മൂപ്പര് ദിവസം ചെത്തുന്നത് പന്ത്രണ്ട് കൊടം കള്ള്. കുമാരേട്ടന്‍ ദിവസം വിക്കണത് അറുപത്-എഴുപത് കൊടം."

"അതെന്തു കണക്ക്?"

"തീര്‍ന്നില്ല, വാസ്വേട്ടനും കുമാരേട്ടനും ഷാപ്പിലെ പിള്ളാരും ചേര്‍ന്ന് ദിവസവും പത്തുപന്ത്രണ്ട് കൊടം കുടിക്കും."

"മറിമായം. പാഞ്ചാലീടെ അക്ഷയപാത്രം അടിച്ചു മാറ്റിയോ? മുല്ലപ്പെണ്ണിന്‍റെ വീട്ടീന്ന് വിക്കാന്‍ വച്ച കൊടം അടിച്ചു മാറ്റിയതിന് നാട്ടുകാര് ചീനച്ചട്ടിത്തലയില് കൊടം പോലെ മൊഴയുണ്ടാക്കീത് ഓര്‍മ്മ വരുന്നു."

"മറിയല്ല, വെറും മായം."

കുഞ്ഞച്ചന്‍റെ സംശയം ദൂരീകരിച്ച ശേഷം ഞാന്‍ എന്‍റെ സംശയം പുറത്തിട്ടു.

"അത്തരം മറി’മായം’ കള്ളാണോഡേ, ഇവിടത്തെ ചെന്തെങ്ങ് ചുരത്തുന്നത്?"

"ഹേയ്, ഇത് പക്കാ ഒറിജിനല്‍. പൊന്നപ്പ തെങ്ങീന്ന് നേരെ ചെത്തിയിറക്കിത്തരും. രണ്ട് നിയമം, കാശ് അഡ്വാന്‍സ് കൊടുക്കണം, പിന്നെ തോട്ടത്തീ വച്ചു തന്നെ സംഗതി ഫിനിഷ് ചെയ്യണം."

"എന്നാ ബാ, ഇറങ്ങാം"

"ഈ നട്ടുച്ചക്കോ?"

"കള്ളുണ്ടോ അറിയുന്നു, ഇതുച്ചയാണെന്ന്?"

"കുടിച്ചു ചെല്ലുമ്പോ പള്ളക്കറിയാം കേറീത് കള്ളാണെന്ന്..." കുഞ്ഞച്ചന്‍ ഷര്‍ട്ടെടുത്തിട്ടു.

ഞങ്ങള്‍ പുറത്തേക്കിറങ്ങി. പുറകിലെ വീട്ടുമുറ്റത്ത് കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ ഓല തെറുക്കുന്നു.

"ഇവിടെ കൊള്ളാവുന്ന പെണ്‍പിള്ളാരില്ലേഡേയ്?" എന്‍റെ സംശയം കേട്ട് കുഞ്ഞച്ചന്‍ ചിരിച്ചു.

"ഉണ്ട്, കുറച്ചു ദൂരെയാ"

"നീ വന്നപ്പം താമസം മാറ്റീതായിരിക്കും..."

"നിനക്ക് കള്ളു വേണ്ടാന്നുണ്ടോ?"

"തെങ്ങിന്‍കള്ളു ചെത്താന്‍ പാര വേണ്ട, കൊടുവാളു മതി." ഞാനടങ്ങി.

ചെന്തെങ്ങിന്‍റെ കള്ളു കുടിച്ച് നേരം വൈകുന്നേരമായത് അറിഞ്ഞില്ല. പറമ്പിലെവിടെയോ ഒരു കോഴി കൊക്കി.

"കൊ....കൊക്കൊ....ക്കോയ്...."

ബോധാവസ്ഥക്കും അബോധാവസ്ഥക്കുമിടയിലെ നൂല്‍പ്പാലത്തില്‍ ആടിയാടി മയങ്ങിപ്പോയ കുഞ്ഞച്ചന്‍ കണ്ണു തിരുമ്മി.

"നേരം വെളുത്തോ?"

"ഡിന്നറിന് കോഴിക്കറിയായാലോടാ?"

കുഞ്ഞച്ചന്‍ ഉത്സാഹവാനായി. നാവില്‍ നിന്നും തെങ്ങിന്‍കള്ളു കലര്‍ന്ന ഉമിനീര് ചുണ്ടിന്‍റെ വശം വഴി ഒലിച്ചിറങ്ങി.

"ബാ, പിടിക്കാം..."

കുഞ്ഞച്ചന്‍ ഇടതു വശത്തു കൂടെ നീങ്ങി. ഞാന്‍ വലതു വശത്തു കൂടെയും. കോഴിയെത്തിരഞ്ഞ് കുറച്ചു ദൂരം നടന്നപ്പോഴേക്കും എന്‍റെ കാലു വേദനിക്കുന്നതായി തോന്നി. ഞാനിരുന്നു. പൊടുന്നനെ കോഴിയുടെ കൊക്കല്‍ വീണ്ടും കേട്ടു.

"കൊക്കോ....യ്..... കൊക്കോ......യ്....."

ആദ്യം കേട്ടതു പോലല്ല, പിടിക്കപ്പെട്ട സ്വരം. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് കിതപ്പൂതിയാറ്റുന്നു. കോഴി കയ്യിലില്ല. പിന്നതെവിടെപ്പോയി?

"അണ്ണാ, നല്ല കോളി. നാന്‍ എടുക്കട്ടെ?"

കന്നഡ കലര്‍ന്ന മലയാളം. ഞാന്‍ നോക്കിയപ്പോള്‍ പൊന്നപ്പ കോഴിയെ കൈ കൊണ്ട് തൂക്കി നോക്കുകയാണ്. പിടഞ്ഞെണീറ്റ് വന്ന കുഞ്ഞച്ചന്‍ കോഴിയെക്കിട്ടാത്ത നിരാശയും പിടിച്ച പൊന്നപ്പയോടുള്ള ദേഷ്യവും ഒരുമിച്ച് കൂടി അലറി.

"ഇവിടെത്താടാ!"

പൊന്നപ്പ വേഗം കോഴിയെ കുഞ്ഞച്ചനു കൈമാറി.

"നീ കോഴിയെ കൊന്നിട്ടുണ്ടോ?"

കുഞ്ഞച്ചന്‍ എന്നോട്. ഞാന്‍ ഉവ്വെന്നു തലയാട്ടി. ഇല്ലെന്ന സത്യം പറഞ്ഞാല്‍ മാനം പോവും. സത്യത്തില്‍ ജീവിതത്തിലിന്നു വരെ കൊന്നിട്ടുള്ള ഏറ്റവും വലിയ ജീവി എലിയാണ്. അതും കെണിയില്‍ക്കുരുങ്ങി പുറത്തു ചാടാനാകാതെ ശ്വാസം മുട്ടുന്ന എലിയെ കെണിയടക്കം വെള്ളത്തില്‍ മുക്കി വീണ്ടും ശ്വാസം മുട്ടിച്ച്...

"തീര്‍ക്ക്"

കുഞ്ഞച്ചന്‍ ഇരയെ എന്‍റെ നേരെ നീട്ടി. എന്‍റെ കൈ വിറച്ചു, കണ്ണു പുളഞ്ഞു. കോഴിയെ കാലില്‍ തൂക്കിയെടുത്ത് കൈ വീശി കഴുത്തിനടിച്ച് വക വരുത്തുന്ന ഇളയച്ഛനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ കോഴിയുടെ കാലില്‍ പിടിച്ചു.

"നീയെന്നതാ, കൊല്ലുന്നതിനു മുമ്പ് ക്ഷമാപണം നടത്തുന്നോ?"

കൊല്ലാനേല്പിച്ചിട്ടും ദ്രോഹി വിടുന്നില്ല.

"ട്രിക്കാണെടാ" എന്ന് ഞാന്‍.

ഒരു സെക്കന്‍റ് നിശ്ചലനായി നിന്ന കോഴി ചിറകു വീശി പിടഞ്ഞു. എന്‍റെ കണ്‍ട്രോളു പോയി. വഴുതിയ എന്‍റെ കയ്യില്‍ നിന്നും ഒരു കാല്‍ സ്വതന്ത്രമാക്കിയ കോഴി വീണ്ടും പിടഞ്ഞു. വാശിയോടെ ഞാന്‍ കാലുകളും ചിറകും കൂട്ടിപ്പിടിച്ചു. കോഴി ഒന്നമറി. "ക്വായ്...." പിന്നെ നിശബ്ദനായി.

ഞാന്‍ ഇടതു കൈ കൊണ്ട് കോഴിയെ കാലില്‍ തൂക്കി മലര്‍ത്തി പിടിച്ചു. മുടിഞ്ഞ ഭാരം. റിസ്റ്റ് ട്വിസ്റ്റായ വേദന പുറത്തു കാണിക്കാതെ ഞാന്‍ വലതു കൈ കൊണ്ട് കോഴിയുടെ കഴുത്തിനു നേരെ ഉന്നം പിടിച്ചു. ഒരു കണ്ണു ചിമ്മി നോക്കി. കോഴിയുടെ കണ്ണില്‍ മരണഭയം. അതു പുറകോട്ടു മറിഞ്ഞും ഇടം വലം തിരിഞ്ഞും നോക്കി. ഇടക്കെന്‍റെ കണ്ണുമായി കൊരുത്തു. ആ കണ്ണുകളിലെ ദയനീയഭാവം ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
കൈ വീശി, കണ്ണും ചിമ്മി ഒറ്റ കണങ്കൈ കൊണ്ട് ഒറ്റ വെട്ട്!

കോഴി ഒന്നു പിടഞ്ഞു. അതിന്‍റെ കഴുത്ത് കുഴഞ്ഞു. കൊക്കിത്തുടങ്ങിയ ശബ്ദം തൊണ്ടയിലെവിടെയോ അടഞ്ഞു കിടന്നു. മരണം സ്ഥീരീകരിക്കാന്‍ വേണ്ടി വേദനയോടെ (ഒറ്റയടിക്കു തന്നെ കൈ തരുത്തിരുന്നു) ഞാന്‍ വീണ്ടും വെട്ടി. കോഴി നിശ്ചലനായി. എന്‍റെ നെറ്റിയില്‍ നിന്നും വിയര്‍പ്പു പൊടിഞ്ഞു.

"ഇത്രേയുള്ളു..."

ഞാനതിനെ നിലത്തേക്കിട്ടു. കോഴി പൊടുന്നനെ കണ്ണു തുറന്നു. ഇടംകണ്ണിട്ട് കുഞ്ഞച്ചനേയും വലംകണ്ണിട്ട് എന്നേയും നോക്കി കോഴി ഒന്നു പിടഞ്ഞു.

"ചത്തിട്ടില്ലെടാ..."

കുഞ്ഞച്ചന്‍ ചാടി വീണു. എഴുന്നേറ്റോടാനൊരുങ്ങിയ കോഴിയുടെ വാലില്‍ അവനു പിടി കിട്ടി. കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് ഒന്നൂടി വിയര്‍പ്പൂതിയാറ്റി. കോഴി അസ്വാഭാവികമായ ഒരു രാഗം പാടി.

"ഒരു കോഴിയെ കൊല്ലാന്‍ പോലും അറീല്ല, മണുങ്ങന്‍."

കിട്ടിയ ചാന്‍സിന് എനിക്കിട്ടൊന്നു കൂടി കൊട്ടിയ ശേഷം കുഞ്ഞച്ചന്‍ കോഴിയെ കയ്യിലെടുത്തു. പതിയെ അതിന്‍റെ കഴുത്തില്‍ തടവി. തല പിടിച്ച് നൂറ്റെണ്‍പതു ഡിഗ്രിയില്‍ കറക്കി. മതി വരാഞ്ഞ് ഒരു നൂറ്റെണ്‍പതു കൂടി കറക്കി. കോഴിയുടെ കണ്ണുകള്‍ വീണ്ടും തുറിച്ചു. വലത്തേ കൈ കൊണ്ട് കണ്ണടക്കം മറച്ചു പിടിച്ച് കുഞ്ഞച്ചന്‍ ആഞ്ഞു വലിച്ചു.

"ക്‍ടാക്ക്"

എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. കവിളിലെ വിയര്‍പ്പ് തോളു പൊക്കി തുടച്ച് കുഞ്ഞച്ചന്‍ നിസ്സാരഭാവത്തില്‍ ചിരിച്ചു.

"ഇത്രേയുള്ളു"

ഒരു നിമിഷം. കുഞ്ഞച്ചന്‍റെ കയ്യില്‍ നിന്നും സര്‍വ്വശക്തിയും സംഭരിച്ച് കോഴി പറന്നു. ആറു മീറ്റര്‍ അപ്പുറം പോയി വീണ കോഴി പിടഞ്ഞെണീറ്റ് ഓടി. കുഞ്ഞച്ചന്‍ ഷോക്കടിച്ച പോലെ നില്‍ക്കുകയാണ്. എന്‍റെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നത് ഞാന്‍ വിരലുകള്‍ കൊണ്ട് തുടച്ചെടുത്തു.

കുഞ്ഞച്ചന്‍ മുമ്പോട്ടു കുതിച്ചു. അണച്ചു കൊണ്ട് പിറകേ ഞാനും. ഇടക്കെവിടെയോ ഇല്ലാതായ കോഴിയുടെ കരച്ചില്‍ വീണ്ടും മുഴങ്ങിക്കേട്ടു. അതേ പിടിക്കപ്പെട്ട സ്വരം. മരണം കാത്തിരിക്കുന്നവന്‍റെ പിടച്ചില്‍ തൊണ്ടയിലൂടെ...

ഓടിയെത്തിയ ഞങ്ങള്‍ക്കു മുമ്പില്‍ മുഷിഞ്ഞ തോര്‍ത്തുമുണ്ടുടുത്ത്, ഒരു കയ്യില്‍ കോഴിയും മറുകയ്യില്‍ കള്ളു ചെത്താനുള്ള വലിയ കത്തിയുമായി പൊന്നപ്പ. മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ വെളിയില്‍ കാട്ടി അയാള്‍ ചിരിച്ചു. അണപ്പോടെ ഞങ്ങള്‍ നിന്നു.

"കോളീനെ കൊല്ലാന്‍ ഇത്തറ തൊന്തര വേണോ?"

അവന്‍റെ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചു പോയി. ചെത്തുകത്തി കയ്യിലിരിക്കുന്നതിന്‍റെ അഹങ്കാരം. അല്ലെങ്കില്‍ ഞങ്ങള്‍ രണ്ട് ആരോഗ്യശ്രീമാന്‍മാര്‍ ശ്രമിച്ചിട്ട് തീരാത്ത കോഴിയെ എലുമ്പിച്ചിരിക്കുന്ന പൊന്നപ്പക്കെന്തു ചെയ്യാന്‍ കഴിയും.

"അതിനെ ഒന്നു തീര്‍ത്തേടാ."

അണപ്പോടെ കുഞ്ഞച്ചന്‍ പൊന്നപ്പയോടായി പറഞ്ഞു. പൊന്നപ്പ കത്തി അരയിലിരുന്ന മരത്തിന്‍റെ ഉറയിലിട്ടു. എനിക്കു ചിരി പൊട്ടി. കുഞ്ഞച്ചന്‍ അദ്ഭുതത്തോടെ നോക്കി. കോഴിയെ കാലില്‍ തൂക്കിയെടുത്ത് പൊന്നപ്പ കൈ വീശി ഒരൊറ്റ അടി. ചോര ചീറ്റി. കോഴിയുടെ കഴുത്തറ്റു നിലത്തു കിടന്നു!

കഴുത്തിലൂടെ ചോര പുറത്തേക്കൊഴുകിക്കൊണ്ടേയിരുന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. പത്തു മിനിറ്റു മുമ്പേ പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് മണ്ണിരകളെ കൊത്തിത്തിന്ന് നടന്നിരുന്ന കോഴിപ്പൂവന്‍. മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെ നേരം നോക്കാതെ വേദിയിലേക്കു കയറ്റി വിടുന്ന സംവിധായകനാണ് മനുഷ്യന്‍.

പൊന്നപ്പ കഴുത്തറ്റ ഉടല്‍ നിലത്തേക്കിട്ടു. ഒരു നാലു പിടച്ചിലില്‍ എല്ലാം അവസാനിച്ചു.

ഉണങ്ങലരിപ്പുട്ട് കോഴിക്കറിയും കൂട്ടി കഴിക്കുമ്പോഴും എന്‍റെ മനസ്സില്‍ കഴുത്തറ്റു വീണ ഒരു ഉടലിന്‍റെ പിടച്ചിലായിരുന്നു. ഓരോ പിടി വായിലേക്കു പോകുമ്പോഴും കറി ചുവന്നു ചുവന്നു വരുന്നതായി എനിക്കു തോന്നി. നാലു കഷ്ണത്തിലധികം തിന്നാനാവാതെ ഞാന്‍ കൈ കഴുകി. കുടത്തില്‍ ശേഷിച്ചിരുന്ന കള്ളില്‍ ഒരല്പമെടുത്ത് മനസ്സും കഴുകി.

രാത്രി. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു. ഞാന്‍ കുഞ്ഞച്ചനെ വിളിച്ചു.

"ഡാ.... വേണ്ടായിരുന്നു.... ല്ലേ?"

"ങും..." അവന്‍ മൂളി. അവനും വിഷമത്തിലായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"ഇച്ചിരി ബാക്കി വച്ചിരുന്നേല്‍ രാവിലെ പഴഞ്ചോറിനു കൂട്ടാനായേനെ. കുക്കറ് വടിച്ചു വച്ചില്ലേ? ഉണ്ടായിരുന്ന പച്ചമുളകും തീര്‍ന്നു."

"ശനിയന്‍" ഞാന്‍ പിറുപിറുത്തു.

പുറത്തു നിന്നും സ്ത്രീശബ്ദത്തില്‍ ഒരു പാട്ട് കാറ്റിന്‍റെ നെഞ്ചിലേറി ഒഴുകി വന്നു.

"ഹാഡുവക്കിഗെ ബേക്കു, ഏനു സമ്മാനാ....
യതി തുമ്പി ഹാഡിദനു... ഹന്ത നാനു....
യാരു കിവി മുച്ചിദരൂ നനഗില്ല ചിന്തെ...
യതി തുമ്പി ഹാഡിദനു... ഹന്ത നാനു..."

(പാടുന്ന പക്ഷിക്ക് എന്തിനൊരംഗീകാരം...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...
ആരു ചെവി പൊത്തിയാലും എനിക്കു വിഷമമില്ല...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...)

കാറ്റ് ആ വരികള്‍ എന്‍റെ നെഞ്ചിലേക്ക് വലിച്ചെറിഞ്ഞു. ചെറിയൊരു പിടപ്പോടെ ഞാന്‍ എഴുന്നേറ്റു. ജനാലയിലൂടെ നോക്കിയാല്‍ അപ്പുറത്ത് പാട്ട് വരുന്ന വീട് കാണാം. അരണ്ട വിളക്കു വെട്ടത്തില്‍ ഒരു നിഴലു പോലും കാണുന്നില്ല. ഞാന്‍ കുഞ്ഞച്ചനെ ചോദ്യഭാവത്തില്‍ നോക്കി. ഉറക്കച്ചടവോടെ കുഞ്ഞച്ചന്‍ പറഞ്ഞു.

"അത് അലമേലുവാണ്.... സിദ്ധാപുരത്തെ വേശ്യ!"

(തുടരും...)

Thursday, January 24, 2008

കുരങ്ങേഷും മംഗീഷയും



"ഹെലോ, ആരാ?"

"താനാരാ?"

"പപ്പൂസല്ലേ?"

"അതേല്ലോ!"

"എങ്കില്‍ താനാരാന്ന് ആദ്യം പറ!"

"ങേ...!!!???"

"തുംകൂര്‍ റോഡ്, നീലിമലക്കാട്... ഓര്‍ക്കുന്നോ!"

"ഓഹ്... കുരങ്ങേഷ്....?"

"ഹ ഹ, മറന്നില്ല അല്ലേ?

"മറക്കാനോ, ഹൌ കാന്‍ ഐ ഡിയര്‍ കുര...?"

"ചുരുക്കി വിളിക്കണ്ട, മുഴുപ്പേരു വിളി."

"ങ്ങേഷ്..."

"ഓകേ, ഒന്നു കാണണം"

"ദാ എത്തി..."

പപ്പൂസ് ഫോണ്‍ കീശയിലിട്ട് താഴേക്കിറങ്ങി. ബൈക്ക് എടുത്തു. വഴി നീളെ പോലീസുകാരുണ്ടാവാം. ഹെല്‍മെറ്റെടുത്തു വച്ചു. പാതി ദൂരം ചെന്നപ്പോളാണ് ഓര്‍ത്തത്. ഗ്ലാസ്സെടുത്തില്ല. പോട്ടെ, കുമ്പിളിലഡ്ജസ്റ്റു ചെയ്യാം. പപ്പൂസ് വണ്ടി വിട്ടു.

നീലിമലക്കാട്ടിലേക്കു കയറുന്ന വഴിയിലുള്ള അരുവി. തെളിഞ്ഞ വെള്ളം കണ്ട് പപ്പൂസിനു സന്തോഷമായി. അക്കരേക്കു നോക്കി പപ്പൂസ് ഉറക്കെ കൂവി.

"പൂയ്..യ്.....യ്........."

അപ്പുറത്തു നിന്നും പ്രതിധ്വനി കേട്ടു. പുറകേത്തന്നെ മരക്കൊമ്പുകള്‍ ചാടിച്ചാടി ട്രപ്പീസു കളിക്കുന്ന സര്‍ക്കസ്സുകാരെക്കാള്‍ വിദഗ്ദമായി കുരങ്ങേഷ് പറന്നു ലാന്‍ഡ് ചെയ്തു.

"ഹേയ് മാന്‍, ഹൌ ആര്‍ യൂ?"

കുരങ്ങേഷ് അഭിസംബോധന ചെയ്തു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു.

"ബാ, മരത്തിലേക്കു പോകാം!"

കുരങ്ങേഷ് വിളിച്ചു. ചെരിപ്പെല്ലാം ഊരിക്കളഞ്ഞ് പപ്പൂസ് ആഹ്ലാദത്തോടെ അരുവിയിലേക്ക് എടുത്തു ചാടി. മേലെല്ലാം നനച്ച് അരുവി കടന്ന് മരമുകളിലെത്തിയപ്പോഴേക്കും കുരങ്ങേഷ് പറന്നവിടെയെത്തിയിരുന്നു. പൊത്തിലൊളിപ്പിച്ചു വച്ച കുപ്പിയെടുത്ത് കുരങ്ങേഷ് അപ്പിടി വായിലേക്കു കമിഴ്‍ത്തി. പപ്പൂസിനതു കണ്ട് ആശ്ചര്യമായി. പപ്പൂസ് കുപ്പി പിടിച്ചു വാങ്ങി.

"നിനക്കെന്തു പറ്റി കുരങ്ങൂ? നീയിങ്ങനെയായിരുന്നില്ലല്ലോ!"

"ഒന്നും പറയേണ്ട പപ്പൂ... മംഗീഷയാണു കാരണം!"

"ശ്ശോ, അവള്‍ നിന്റെ ഭാര്യയല്ലേടാ? ദാമ്പത്യജീവിതത്തില്‍ ഇതൊക്കെ സാധാരണം. എന്തു പറ്റി?"

"വഴിയേല്‍ പോകുന്നവരെയെല്ലാം അവള്‍ കമന്റടിക്കുന്നു."

"അതെന്തിന്?"

"കമന്റു തിരിച്ചു കിട്ടാനാണത്രേ!"

"ഓഹ് മൈ ബാഡ്‍നെസ്സ്!"

"രാവിലെ പുട്ടും കടലേം വച്ച് എന്നോടു കമന്റു ചോദിക്കുന്നു."

"താനെന്തു പറഞ്ഞൂ?"

"മിണ്ടിയില്ല"

"എന്നിട്ട്?"

"അവളൊരു കുഴി കുത്തി ആ പുട്ടും കടലേമെടുത്ത് അതിലിട്ടു മൂടി."

"അതെന്തിന്?"

"കമന്റു കിട്ടാത്തതു കൊണ്ട് പുട്ട് ഡിലീറ്റിയതാത്രേ!"

"യൂ മീന്‍, യൂ മീന്‍..... അവളൊരു... ക്ലോഗ്ഗിണി??!"

പപ്പൂസ് ഞെട്ടി. കുരങ്ങേഷ് വിഷാദത്തോടെ നെറ്റിയില്‍ കൈ വച്ചു.

"യേ...സ്...!!!"

പപ്പൂസ് കുരങ്ങേഷിനെ തലോടി. കുരങ്ങേഷിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. കുരങ്ങേഷ് പപ്പൂസിന്റെ മടിയിലേക്കു തല ചായ്‍ച്ചു. പപ്പൂസ് അവന്റെ കണ്ണുകള്‍ തുടച്ചു. ഇറ്റു വീണ കണ്ണീരിന്റെ ചൂടില്‍ പപ്പൂസിന്റെ കാലു പൊള്ളി.

"അവളെ ഞാനൊന്നു കാണുന്നുണ്ട്!"

പപ്പൂസ് ഇറങ്ങിയോടി. അരുവിക്കരയില്‍ നിന്ന് ആലോചനയിലാണ് മംഗീഷ. പപ്പൂസ് അടുത്തു ചെന്നു.

"മംഗീഷേ..."

മംഗീഷ തിരിഞ്ഞു നോക്കി.

"ഓഹ്, പപ്പൂസോ. അന്നു ഞങ്ങളുടെ ഫോട്ടോ അടിച്ചു മാറ്റിക്കൊണ്ടു പോയി പണയം വച്ച് പത്തിരുപതു കമന്റ് മേടിച്ചല്ലേ?"

പപ്പൂസിനു മനസ്സിലായി. മംഗീഷ തീര്‍ത്തും ക്ലോഗ് ലോകത്താണ്. മനസ്സില്‍ തോന്നിയ ഐഡിയ പറഞ്ഞു.

"നേരിട്ടു ചോദിച്ചതാണ് മംഗീഷേ പ്രശ്നമായത്. മാപ്പു പറഞ്ഞാല്‍ മതി. വെറുമൊരു മാപ്പിന് പപ്പൂസിനെ നാല്‍പ്പതു കമന്റു കിട്ടി."

"ഉവ്വോ, ഞാന്‍ പറയട്ടേ, കുരങ്ങേഷിനോട് ഒരു മാപ്പ്?"

മംഗീഷ സന്തോഷവതിയായി. പപ്പൂസിനും സന്തോഷമായി. കുരങ്ങേഷിനും മംഗീഷക്കും കേടില്ലാതെ കാര്യം സാധിച്ചു. മംഗീഷ ഓടി കുരങ്ങേഷിനടുത്തു ചെന്നു. അവള്‍ ഉറക്കെ പാടി.

"പ്രിയനേ കുരങ്ങേഷേ തെറ്റുകള്‍ പറ്റിപ്പോയീ
ഹൃദയം സ്പര്‍ശിച്ചു ഞാന്‍ പറയുന്നിതാ സോറി..."

കുരങ്ങേഷിനതു വിശ്വസിക്കാനായില്ല. ആഹ്ലാദക്കണ്ണീരോടെ കുരങ്ങേഷ് മംഗീഷയുടെ അടുത്തു ചെന്ന് അവളെ മാറോടണച്ചു. ഗദ്ഗദത്തില്‍ വാക്കുകളൊന്നും പുറത്തു വന്നില്ല. മംഗീഷ അഞ്ചു മിനിറ്റ് കാത്തു. നോ റെസ്പോണ്‍സ്... നോ കമന്‍റ്‍സ്...

"ഛേ, ഒന്നിനും കൊള്ളില്ല ഇവനെ..."

ഇതും പറഞ്ഞ് കുരങ്ങേഷിനെ തട്ടിമാറ്റി മംഗീഷ നടന്നകന്നു. കുരങ്ങേഷ് സ്തബ്ധനായി നോക്കി. ഐഡിയ ചീറ്റിപ്പോയതില്‍ പപ്പൂസ് വളിഞ്ഞു. കുരങ്ങേഷിനോടൊരു വാക്കു പറയാമായിരുന്നു. പപ്പൂസ് ഓടിച്ചെന്നു മംഗീഷയെ വിളിച്ചു.

"തീര്‍ന്നില്ല. മറ്റൊരു ഐഡിയ കൂടി ഉണ്ട്."

"എന്താ?" മംഗീഷക്കാകാംക്ഷയായി.

"വിമര്‍ശനം"

പണ്ടൊരു വിമര്‍ശനം പോലെ തോന്നിച്ച സാധനത്തില്‍ ഉളുക്കിപ്പോയ നടു നിവര്‍ത്തി പപ്പൂസ് പറഞ്ഞു.

"അതിനെനിക്കു വിമര്‍ശിക്കാനറിയില്ലല്ലോ!"

"ആരു പറഞ്ഞു അറിയണമെന്ന്? ഞാന്‍ വിമര്‍ശിക്കാന്‍ വന്നതാണെന്നും പറഞ്ഞ് നാലു തെറി വിളിക്കണം. അതു തന്നെ ക്ലോഗിലെ വിമര്‍ശനം!"

"തെറിയെന്നു പറഞ്ഞാല്‍?" മംഗീഷക്കു സംശയമായി. പപ്പൂസ് സംശയം ദൂരീകരിച്ചു.

"കള്ള ---- മോനേ... ഈ രണ്ടു വാക്കുകള്‍ക്കിടയില്‍ ഏത് അന്യജീവിയുടെ പേരു ചേര്‍ത്തു വിളിച്ചാലും വിമര്‍ശനമായി. അത്രേ ഉള്ളു."

"ഓഹോ"

മംഗീഷ ഉശിരോടെ കുരങ്ങേഷിനടുത്തേക്കു നടന്നടുത്തു. ഉറുമ്പു മുതല്‍ ആന വരെയുള്ള എല്ലാ ജീവികളുടെ പേരും ആ വാക്കുകള്‍ക്കിടയില്‍ തിരുകിക്കയറ്റി മംഗീഷ നാടു കയറി. കുരങ്ങേഷിന്റെ മുഖം ചുവന്നു തുടുത്തു. ദേഷ്യം കൊണ്ട് വിറച്ച കുരങ്ങേഷ് അതിലും നല്ല മുട്ടന്‍ തെറികള്‍ തിരിച്ചുപയോഗിച്ചു.
കുരങ്ങേഷിന്റെ കമന്റുവര്‍ഷം കേട്ട് മംഗീഷക്കു സന്തോഷം മൂത്ത് കണ്ണില്‍ നിന്നും വെള്ളം വന്നു. അവള്‍ ആഹ്ലാദത്തോടെ കുരങ്ങേഷിനെ നോക്കി പറഞ്ഞു.

"ഇതു നേരത്തേ ചെയ്താല്‍ പോരായിരുന്നോ?"

കുരങ്ങേഷിനതു കേട്ടു കലി കൂടുകയാണുണ്ടായത്. കള്ള ബടുക്കൂസേ എന്നും വിളിച്ച് കുരങ്ങേഷ് കൈ നിവര്‍ത്തി മംഗീഷയുടെ മുഖം നോക്കിയൊന്നു കൊടുത്തു!!!!

അരുവി ചാടിയോടുന്ന പപ്പൂസിനെയാണ് കുരങ്ങേഷും മംഗീഷയും പിന്നെ കണ്ടത്. എന്തായാലും മംഗീഷ അതിനു ശേഷം പുട്ടു തിന്നണേല്‍ തിന്നോ എന്നു പറഞ്ഞു കുരങ്ങേഷിനു മുമ്പില്‍ വക്കുകയല്ലാതെ കമന്റു ചോദിച്ചിട്ടേയില്ലത്രേ.