ദേവാംഗനങ്ങള്‍ തോല്‍ക്കുന്ന മെയ്യഴകോ, ആലില തോല്‍ക്കുന്ന മിഴിയഴകോ, പനങ്കുല തോല്‍ക്കുന്ന മുടിയഴകോ അവള്‍ക്കില്ല. കറുമ്പിയാണെങ്കിലും കരിവീട്ടിയില്‍ തീര്‍ത്ത ഒരു സുന്ദരശില്പമെന്ന് ആര്‍ക്കും അവളെ വിളിക്കാന്‍ കഴിയില്ല. ഉര്‍വശി, രംഭ, മൃണാളിനി എന്നിങ്ങനെ കേള്‍വിയില്‍ത്തന്നെ ആഢ്യത്തം വിളമ്പുന്ന ഒരു പേരും അവള്‍ക്കില്ല. അവളുടെ പേര് അലമേലു. സിദ്ധാപുരത്തെ ഒരു വേശ്യ.
പത്തു മണിക്കു മുമ്പേ ഗാഢമായ ഉറക്കത്തിലാഴുന്ന ആ നാട്ടില്‍ അര്‍ദ്ധരാത്രികളില്‍ വിളക്കു തെളിയുന്ന അലമേലുവിന്‍റെ കുടില്‍ എന്നെ അദ്ഭുതപ്പെടുത്തി. രാത്രികളില്‍ ഉറക്കമൊഴിച്ച് ആ വീട്ടില്‍ വിളക്കു തെളിയുന്നതു കാണാന്‍ ഞാന്‍ കാത്തിരുന്നു. അരണ്ട വെളിച്ചത്തില്‍ പറ്റിച്ചേരുന്ന നിഴലുകള്‍ ഏതെങ്കിലും ജനാലയിലൂടെ കാണാനാവുമോ എന്നും ഞാന്‍ തിരഞ്ഞു കൊണ്ടേയിരുന്നു.
പകലുകളില്‍ സ്വാഭാവിക സ്ത്രീ ശരീരത്തില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ അലമേലുവില്‍ കാണാനാവുന്നുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു. മുഷിഞ്ഞ സാരിയും വിയര്‍പ്പു പുരണ്ട ബ്ലൌസും ധരിച്ച് അലമേലു എന്നും മനോഹരമായി കോലം വരച്ചു കൊണ്ടിരുന്നു. അവള്‍ വരച്ച കോലങ്ങള്‍ മറ്റുള്ളവര്‍ വരക്കുന്നതില്‍ നിന്നും വ്യത്യസ്തമല്ലെന്നും അവളുടെ ശരീരം ഞാന്‍ കണ്ട മറ്റു സ്ത്രീകളെക്കാള്‍ മികച്ചതോ മോശമോ അല്ലെന്നും എനിക്കു മനസ്സിലായി.
പലപ്പോഴും ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. നോട്ടത്തിലൂടെയോ ചേഷ്ടകളിലൂടെയോ അവളില്‍ നിന്ന് ഒരു ക്ഷണം ഞാന്‍ പ്രതീക്ഷിച്ചു. അസ്വാഭാവികമായി അവള്‍ എന്നെ ഒന്നു നോക്കിയതു പോലുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അലമേലുവിനോട് ആരും സംസാരിക്കാത്തതെന്തെന്ന് ഞാന്‍ അദ്ഭുതം കൂറി.
ഞങ്ങള്‍ക്കിടയിലെ മഞ്ഞുകട്ട ഉരുക്കിയെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു ദിവസം ഉച്ചക്ക് ഒരു കുഞ്ഞു അലുമിനിയം ചെമ്പുമായി ഞാന്‍ അലമേലുവിന്‍റെ വീട്ടുപടിക്കല്‍ ചെന്നു കയറി.
"കുറച്ചു വെള്ളം തരാമോ? എടുത്തു വച്ചിരുന്ന കുടിവെള്ളം തീര്‍ന്നു പോയി."
അലമേലു അദ്ഭുതത്തോടെ എന്നെ നോക്കി. ഉള്‍ഭയം വായിലിറ്റിച്ച ഉമിനീരിറക്കുന്നതിനിടയില്‍ ഞാന്‍ വീണ്ടും ചോദിച്ചു.
"ഇത്തിരി വെള്ളം..."
"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ, ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ, ഭീതി വേണ്ടാ, തരികതെനിക്കു നീ" എന്നു പാടിയ ഭിക്ഷുവിനെ നോക്കിയ ചണ്ഡാലബാലികയെപ്പോലെ അവള്‍ എന്‍റെ മുഖത്തേക്കു നോക്കി നിന്നു. ഞാന്‍ നീട്ടിയ അലുമിനിയം പാത്രത്തിലേക്ക് അവള്‍ തെളിഞ്ഞ വെള്ളം പാര്‍ന്നു. ഞാന്‍ പുഞ്ചിരിച്ചു. അവളും.
പതിയെ അലമേലു എന്നെ കാണുമ്പോഴൊക്കെ പുഞ്ചിരിക്കാന്‍ തുടങ്ങി. അവളുടെ വീട്ടുപടിക്കലോ, വഴിയരികിലോ നിന്ന് അവളോട് കൊച്ചുവര്‍ത്തമാനം പറയുന്നത് ഞാന്‍ ശീലമാക്കി. പരിസരവാസികള്‍ എന്നെ അവജ്ഞയോ പരിഹാസമോ കലര്‍ന്ന നോട്ടം കൊണ്ടളക്കാന്‍ തുടങ്ങി.
"എടാ, നമുക്കതു ശരിയാവൂല്ല"
അത്താഴം കഴിഞ്ഞ് മുറിയിലിരിക്കുമ്പോള്‍ കുഞ്ഞച്ചന്‍ എന്നോടു പറഞ്ഞു.
"ഏത്?"
"അത്... ആ... ആ അലമേലുവിനോടുള്ള കൂട്ട്..."
"നീ കൂടണ്ട." ഞാനത് ഗൌരവമായെടുത്തില്ല. പറയുന്നത് കുഞ്ഞച്ചനല്ലേ!
"ഞാന്‍ നിന്‍റെ കാര്യമാ പറഞ്ഞത്. നാട്ടുകാര് എന്നേക്കൂടി ചേര്‍ത്ത് പറയാന്‍ തുടങ്ങിയിരിക്കുന്നു."
"ഉവ്വുവ്വ്. നാട്ടിലുണ്ടായിരുന്നപ്പോ തെക്കുമ്പാട്ടെ സാവിത്രീടെ പിന്‍മതിലു ചാടിയ അനോണിയാരെന്ന് വേറാരറിഞ്ഞു?"
കുഞ്ഞച്ചനൊന്നു മുഖം താഴ്‍ത്തി. പിന്നെ തുടര്‍ന്നു.
"തര്‍ക്കിക്കുന്നില്ല. എന്നാലും... ഞാനിവിടെ സ്ഥിരമായി താമസിക്കുന്ന ആളല്ലേടാ!"
ആ സംഭാഷണത്തിന് അവിടെ അടിവര വീണു.
ഒരു ദിവസം പതിവു കുശലങ്ങള്‍ക്കിടയില്‍ ഞാന്‍ അലമേലുവിനോടു ചോദിച്ചു.
"നീയെന്തേ, ഈ വഴി തിരഞ്ഞെടുത്തത്?"
ഒരു നിമിഷം അവളെന്‍റെ മുഖത്തേക്കു നോക്കി.
"തിരഞ്ഞെടുപ്പ്...!"
അവള്‍ പുച്ഛത്തോടെ ചിരിച്ചു.
"പപ്പൂസിന്‍റെ കുലത്തൊഴിലെന്താ?"
"അതിപ്പോ..."
ഞാനൊന്നു പരുങ്ങി.
"താവഴിക്കോ അതോ...."
"ഏതു വഴിക്കായാലും." അവള്‍ വിടാനുള്ള ഭാവമില്ല.
"രണ്ടു വഴിക്കും അപ്പൂപ്പന്മാര് വെപ്പുകാരായിരുന്നു. സദ്യക്കും മറ്റുമൊക്കെ പാചകം..."
"പപ്പൂസിപ്പോ വിദേശകമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു, ല്ലേ?"
"ങും..."
അലമേലു ഒന്നു നിശ്വസിച്ചു.
"വീട്ടുജോലി ചെയ്തിരുന്ന പുട്ടമ്മയുടെ മോളാ കൌസല്യ. അവള്‍ക്ക് കമ്പ്യൂട്ടറ് പഠിക്കാം, താല്പര്യമില്ലെങ്കില് ചന്തയില് പച്ചക്കറി കച്ചോടത്തിനു പോവാം.
പൂക്കാരി പൂവമ്മയുടെ മോള്‍ക്ക് തുണിക്കടേല് പൊതിഞ്ഞു കൊടുക്കാന്‍ പോവാം, അല്ലെങ്കില് കാപ്പിത്തോട്ടത്തില് കുരു നുള്ളാന്‍ പോവാം... ആരും... ആരും തടയില്ല."
അലമേലുവിന്‍റെ തൊണ്ടയിടറി.
"സിദ്ധാപുരത്തെ വേശ്യയായിരുന്നു എന്‍റെ... എന്‍റെ അമ്മ... തലമുറകളായി ഞങ്ങള്‍ക്കാര്‍ക്കും അച്ഛനില്ല..."
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"എനിക്കൊരു മകളുണ്ടാവരുതേ നന്‍ ദേവരേ.... ഈ ജന്മത്തോടെ ഒടുങ്ങട്ടെ... എല്ലാം."
കഴുത്തില്‍ പിടി മുറുകിയ ഒരു പിടക്കോഴിയുടെ കൊക്കല്‍ എന്‍റെ ഉള്ളില്‍ മുഴങ്ങി.
അവളുടെ കവിളില്‍ തെളിഞ്ഞൊഴുകിയ ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ വിരലുകള്‍ കൊണ്ട് ഒപ്പിയെടുത്തു. കൈ പൊള്ളുന്നതു പോലെ എനിക്കു തോന്നി. നിറമിഴികളോടെ എന്നെ ഒന്നു നോക്കിയ ശേഷം അലമേലു തിരിഞ്ഞ് അകത്തേക്കു നടന്നു.
പതിവു പോലെ അന്നു രാത്രിയിലും അലമേലുവിന്‍റെ വീട്ടില്‍ വിളക്ക് തെളിയുകയും അണയുകയും ചെയ്തു. വിളക്കണഞ്ഞപ്പോള്‍ ഞാന്‍ വെറുതെ പാടി.
"രാത്രിയാണാരെക്കാണാന്‍ പോകുന്നൂ, നിറകണ്ണില്‍
നീറുമിച്ചുടുകണ്ണീര്‍ തുവര്‍ത്തി, പ്രിയങ്കരീ?
മുല്ലപ്പൂ ചൂടി, നീലപ്പുടവ വാരിച്ചുറ്റി
മെല്ലെ നീ നടക്കുന്നതാരുടെ ദാഹം തീര്‍ക്കാന്‍?"
വിളക്ക് ഒരു സംശയത്തോടെ വീണ്ടും അരണ്ടു തെളിഞ്ഞു. ജനല്‍പ്പാളി ഞരങ്ങി, കൊളുത്തു വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. വിളക്ക് വീണ്ടും അണഞ്ഞു.
ഭയന്ന് കുതറി ചിറകുകള്‍ വിടര്‍ത്തിയോടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വേട്ടക്കാരന്‍റെ കയ്യിലകപ്പെട്ട പിടക്കോഴിയുടെ കണ്ണുകളിലെ പിടച്ചില്‍... ജനല്‍പ്പാളിയുടെ ഞരക്കത്തോടൊപ്പം എന്‍റെ നെഞ്ചിന്‍കൂടിനകത്തേക്ക് ചിറകടിച്ചു കേറിയത് ആ ദൃശ്യമായിരുന്നു.
ഒരു വൈകുന്നേരം സിദ്ധാപുരത്തെ പാറക്കുന്നിനു മുകളില്‍ അലമേലുവിനോടൊന്നിച്ചിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
"നിന്‍റെ കഥ എന്നോടു പറഞ്ഞൂടെ? ജനനം, നിന്‍റെ ജീവിതം, വേദനകള്‍... എല്ലാം."
"നിനക്കെന്തു ചെയ്യാന്‍ കഴിയും?"
ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ ചൂട് അവളില്‍ നിന്നും എന്നിലേക്ക് പടര്‍ന്നു. അതില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നു.
"നീ ബാംഗ്ലൂരല്ലേ പപ്പൂസ്, വല്ല സീരിയലിലും ഒരു കുഞ്ഞു വേഷം എനിക്കു വാങ്ങിത്തരാമോ?"
"ഹ ഹ ഹ! അഭിനയമോഹമാണോ?" ഞാന്‍ പൊട്ടിച്ചിരിച്ചു.
"അല്ല..."
അവളെന്‍റെ കണ്ണുകളിലേക്കു നോക്കി.
"സീരിയല്‍ നടിയെന്ന പേരു വന്നാല്‍ ഒരിരുന്നൂറു രൂപയെങ്കിലും ആളുമായി വരുന്ന ഏജന്‍റിന് അധികം കിട്ടും. അതില്‍... അതിലൊരു അമ്പതെങ്കിലും എനിക്കും. അതു കിട്ടിയാല്‍...."
ഒന്നു നിര്‍ത്തിയ ശേഷം അവള്‍ തുടര്‍ന്നു.
"ആഴ്ചയിലൊരു ദിവസമെങ്കിലും ഈ ഉടുപ്പോടു കൂടി എനിക്കു കിടന്നുറങ്ങാമല്ലോ!"
ഞാന്‍ അവളുടെ കവിളില്‍ തലോടി. അലമേലുവിന്‍റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പു പൊടിഞ്ഞു. ആദ്യമായി പുരുഷസ്പര്‍ശമേല്‍ക്കുന്ന അനുഭൂതിയിലെന്ന പോലെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അവളുടെ ചെവിക്കടുത്തേക്ക് ചുണ്ടുകളടുപ്പിച്ച്, കാതില്‍ ഉച്ഛ്വാസത്തിന്‍റെ ഇക്കിളിച്ചൂടു പടര്‍ത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.
"നിന്‍റെ കഥ പറഞ്ഞൂടേ, എന്നോട്?"
"എന്തിനാ?" കണ്ണുകള്‍ തുറക്കാതെ അവള്‍ ചോദിച്ചു.
"എഴുതാന്‍"
ഞാന്‍ മന്ത്രിച്ചു. അലമേലു കണ്ണുകള്‍ തുറന്നു. ഞാന്‍ തുടര്‍ന്നു.
"നിന്‍റെ ജീവിതം ഞാന്‍ എഴുതും. നിന്‍റെ അനുഭവങ്ങളുടെ ചൂടിന് നിന്‍റെ ശരീരത്തേക്കാള്‍ തീക്ഷ്ണതയുണ്ടെന്ന് ഞാന്‍ ജനങ്ങളെ അറിയിക്കും."
അലമേലു എന്‍റെ കൈകള്‍ കവിളില്‍ നിന്നും പറിച്ചു മാറ്റി. ഞാന്‍ എഴുന്നേറ്റു നിന്ന് ആവേശത്തോടെ തുടര്‍ന്നു.
"പത്രങ്ങളിലും മാസികകളിലും തുടര്‍ക്കഥകളിലൂടെ ആളുകള്‍ സിദ്ധാപുരത്തെ വേശ്യയെ അറിയും. ഓരോ ലക്കത്തിനും ആയിരങ്ങള്‍ ഞാന്‍ പ്രതിഫലം വാങ്ങും."
എന്‍റെ ശബ്ദം ഉയര്‍ന്നു. കൈകള്‍ വായുവിലേക്കുയര്‍ത്തി ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു.
"ആ കഥകള്‍ ഞാന്‍ പുസ്തകമാക്കും. ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോലെ ജനം ഒരു കോപ്പിക്കു വേണ്ടി ആര്‍ത്തലക്കും....
നിനക്കും തരാം ഞാന്‍... കിട്ടുന്നതില്‍ പാതി..."
ഓരോ വാക്കുകള്‍ക്കൊപ്പവും അലമേലുവിന്‍റെ മുഖം ചുവന്നു ചുവന്നു വന്നു. അവളുടെ കണ്ണുകളില്‍ വേദന ഉഴറിപ്പുളഞ്ഞു. അവ എന്തിനോ വേണ്ടി ചുറ്റുപാടും പരതാന്‍ തുടങ്ങി...
ഒരു നിമിഷം...
പാറക്കെട്ടിനു മുകളില്‍ നിന്നും അലമേലു താഴേക്കെടുത്തു ചാടി.
ഹാഡുവക്കിഗെ ബേക്കു ഏനു സമ്മാനാ...
യതി തുമ്പി ഹാഡിദനു..... ഹന്ത നാനു....
കഴുത്തറ്റു വീണ ഒരു പിടക്കോഴിയുടെ പിടച്ചിലിന്‍റെ സ്വരം ആ വരികള്‍ക്കിടയിലൂടെ കടന്നു വന്ന് എന്‍റെ തൊണ്ടയില്‍ തടഞ്ഞു...
(അവസാനിച്ചു)