Wednesday, December 16, 2009
ത്‍ഫൂ, പുല്ല്! ഒലക്കേടെ മൂട്!
തീവ്രവാദം വളര്‍ത്തിയത് കോങ്ക്രസ്സെന്നൊരാള്‍, സീപ്പീയെം വളമിട്ടെന്ന് മറ്റൊരാള്‍, കാശു കൊടുത്തു വാങ്ങിയതായതു കൊണ്ട് മാത്രം ടീവീയെടുത്ത് എറിഞ്ഞു പൊട്ടിക്കാന്‍ തോന്നുന്നില്ല. അക്ഷരം പഠിക്കുന്നതിനും മുമ്പേ പേജു നിവര്‍ത്തി ചിത്രം ’വായിച്ചു’ തുടങ്ങി, കാലാന്തരത്തില്‍ ജീവിതത്തിന്‍റെ ഭാഗമായിപ്പോയ പത്രം വാങ്ങാതിരിക്കാനും കഴിയുന്നില്ല.
നിങ്ങള്‍ക്കിപ്പോ പണ്ടത്തത്ര വോട്ടുണ്ടോ, സീറ്റുണ്ടോ, അതു തീവ്രവാദം കൊണ്ടല്ലേ, നീയൊക്കെ പോലീസിന്‍റെ റിപ്പോര്‍ട്ട് മാറ്റി മറിച്ചില്ലേ, മറ്റവനെ ജയിലില്‍പ്പോയി കണ്ടില്ലേ, മിനിഞ്ഞാന്ന് സിഗരറ്റ് വലിച്ചില്ലേ, നിങ്ങളപ്പോ കക്കൂസില്‍ പോയില്ലേ.... എന്‍റെ ജനങ്ങളേ, എങ്ങനെ നമുക്കൊക്കെ ഇവന്മാരെ വച്ചോണ്ടിരിക്കാന്‍ കഴിയുന്നു. കേരളത്തിനോ ഇന്ത്യക്കോ അല്ല, മനുഷ്യകുലത്തിനു തന്നെ ഭീഷണിയായി മാറിക്കഴിഞ്ഞ തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇതൊക്കെ വിളിച്ചു പറയുന്നവന്‍റെ അണ്ഡകടാഹം ഞെരിച്ചു ചോര വരുത്തി വേണം കൊല്ലാന്‍.
എടോ പത്രക്കാരേ, എല്ലാ കുന്തത്തിനും കേറി അഭിപ്രായം വാങ്ങാന്‍ ഇവന്മാരുടെയൊക്കെ കാലിന്‍ചോട്ടില്‍ ചെന്നു കിടക്കാന്‍ നാണമാവുന്നില്ലേ? ഇനി ഇമ്മാതിരി ചര്‍ച്ചയൊക്കെ നടത്തണമെങ്കില്‍ നല്ല ക്രിമിനോളജിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളെയും വിവരവും ____ന് ഉറപ്പുമുള്ള പോലീസുകാരെയും ചെന്നു വിളിക്കൂ. ഇനി രാഷ്ട്രീയക്കാരെ തന്നെ വേണമെങ്കില്‍ മൂത്രമൊഴിക്കാന്‍ വരെ പാര്‍ട്ടി (പണ്ടാരം, ഈ വാക്കു കേക്കുമ്പോ കലി വരാന്‍ തുടങ്ങീട്ടുണ്ട്) പെര്‍മിഷന്‍ ചോദിക്കാന്‍ നട്ടെല്ലു വളക്കുന്ന എമ്പോക്കികളെയല്ലാതെ ആധികാരികമായി വല്ലതും പറയന്‍ കഴിയുന്ന വേറെ വല്ല ലവന്മാരും ഉണ്ടെങ്കില്‍ വിളിക്കൂ. പാര്‍ട്ടിക്കു പ്രാന്തു പിടിക്കുന്ന പോലെയാവില്ല ജനങ്ങള്‍ക്കു പ്രാന്തു പിടിച്ചാല്‍, ഓര്‍മ്മയിരിക്കട്ടെ.
ഒന്നു കൂടെ, താടി നീട്ടിയും വാക്കു കുറുക്കിയും ടീവീക്കു മുമ്പില്‍ അഭിപ്രായത്തിനെഴുന്നള്ളുന്ന പക്ഷപ്രിയരായ നിഷ്പക്ഷ നിരീക്ഷകരെയും നമുക്കു വേണ്ട. എവന്മാര്‍ക്കൊക്കെ മിനിറ്റിനാണോ ആവോ പേയ്‍മെന്‍റ്! രാഷ്ട്രീയ നിരീക്ഷകരാണു പോലും!
ഇപ്പോ നല്ല ഫിറ്റാ. നാളെ ഒന്നൂടി വായിച്ചിട്ട് മാറ്റാന്‍ വല്ലതും തോന്നിയാല്‍ മാറ്റാം. ഇത് മറ്റൊരു വിദഗ്ദാഭിപ്രായമായി മാത്രം കണക്കാക്കുക.
Thursday, October 8, 2009
എന്തുകൊണ്ട് നിങ്ങള്‍ ഇരുട്ടിനെപ്പറ്റി മാത്രം സംസാരിക്കുന്നു?
നേരില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം കിട്ടിയാല്‍ പലരോടും വിളിച്ചു ചോദിക്കണമെന്ന് തോന്നിയ ഒരു ചോദ്യമാണ് മുകളില്‍ കുറിച്ചിട്ടിരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2009 ഒക്ടോബര്‍ 11-17, ലക്കം 31) ബി എസ് ബിനിമിത് എഴുതിയ ’ഒന്നും സ്വകാര്യമല്ലാത്ത ലോകം’ എന്ന ലേഖനം വായിച്ചപ്പോളും മനസ്സില്‍ തോന്നിയത് ഇതേ ചോദ്യമാണ്.
"വെളിച്ചത്തെക്കുറിച്ച് നിങ്ങള്‍ക്കറിവുള്ളതല്ലേ?" എന്ന മറുചോദ്യത്തോടെ മുകളിലെ ചോദ്യത്തെ നേരിടാം. ഇരുട്ടിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അവതരിപ്പിക്കപ്പെടുന്നത് വെളിച്ചത്തെക്കുറിച്ച് അറിവില്ലാത്ത ഒരു സമൂഹത്തിനു മുന്നിലാവുമ്പോള്‍ മറുചോദ്യം അപ്രസക്തമാവുകയാണ്.
സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളുടെയും മറ്റും മേന്മകള്‍ ഒന്നൊന്നായി അക്കമിട്ടു നിരത്തി പ്രസ്തുതലേഖനത്തിലെ വിലയിരുത്തലുകളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ചില താരതമ്യങ്ങളിലൂടെ ബോദ്ധ്യപ്പെടാവുന്ന കാര്യങ്ങള്‍ക്കപ്പുറം പ്രസ്തുത ലേഖനം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും തോന്നുന്നില്ല. സമകാലികര്‍ക്ക് കാര്യമത്രപ്രസക്തമായ നിരവധി അറിവുകള്‍ ഭൂരിപക്ഷത്തിനും പകര്‍ന്നു നല്കുന്ന ഒരു മികച്ച ലേഖനം തന്നെയാണത്. ഈ സംരംഭത്തിന് ലേഖകനെ മനസ്സറിഞ്ഞ് അഭിനന്ദിക്കുമ്പോള്‍ത്തന്നെ ലേഖനത്തിലുടനീളം സ്വീകരിച്ചിരിക്കുന്ന വിമര്‍ശനാത്മക സമീപനം (Critical Approach) ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു.
മാധ്യമസ്വാതന്ത്ര്യവും ബ്ലോഗും തമ്മിലെന്താണ്?
പ്രാഥമികവിദ്യാഭാസകാലം മുതല്‍ക്കിങ്ങോട്ട് വര്‍ഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നതും അവസരത്തിലും അനവസരത്തിലുമെല്ലാം മാധ്യമങ്ങളും നേതാക്കളുമെല്ലാം പലവുരു എടുത്തു പയറ്റി വിലയിട്ടതുമായ ഒരു വാക്കാണ് മാധ്യമസ്വാതന്ത്ര്യം എന്നത്. എന്താണ് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം എന്നു ചോദിച്ചാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (a) (Right to freedom of speech and expression) യും ഇന്ത്യന്‍ വിവരാവകാശനിയമവും (Right to Information Act, 2005) ഏതൊരു ഇന്ത്യന്‍ പൗരനും പതിച്ചു നല്കിയിട്ടുള്ള അവകാശങ്ങളില്‍ കവിഞ്ഞ് ഒന്നും തന്നെയല്ല എന്നു പറയാം. എന്നു വച്ചാല്‍ എനിക്കും നിങ്ങള്‍ക്കും ഉള്ളതില്‍പ്പരം ഒരു ആവിഷ്കാര-വിവരാവകാശ സ്വാതന്ത്ര്യവും ഒരു മാധ്യമത്തിനും ഒരു മാധ്യമപ്രവര്‍ത്തകനും പ്രത്യേകമായി അവകാശപ്പെടാനില്ല എന്നു തന്നെയാണര്‍ത്ഥം. വിശദീകരണമാഗ്രഹിക്കുന്നവര്‍ക്ക് ഭരണഘടനയെടുത്ത് മറിച്ചു നോക്കുകയോ നിയമവിദഗ്ദരുമായി ബന്ധപ്പെടുകയോ ചെയ്യാം.
ആ അര്‍ത്ഥത്തില്‍ ബ്ലോഗ് ഉപയോഗിക്കുന്നവനും ട്വിറ്റര്‍ ഉപയോഗിക്കുന്നവനും ഓര്‍കുട്ടോ സ്പേസ്‍ബുക്കോ മൈസ്പേസോ ഉപയോഗിക്കുന്നവനുമെല്ലാം ’മാധ്യമപ്രവര്‍ത്തകര്‍’ തന്നെയാണ്. വിവരാവകാശനിയമത്തിലൂടെയും അല്ലാതെയും തനിക്കു കിട്ടിയ വിവരങ്ങള്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ (media) പങ്കുവക്കുന്നവര്‍. (എന്നു വച്ച് പിണറായി മാധ്യമപ്രവര്‍ത്തകരെ കുറ്റം പറയുമ്പോള്‍ നമ്മള്‍ കല്ലെറിയാന്‍ പോവേണ്ട കാര്യമില്ല ;-). ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മേല്‍ ആരോപിക്കാവുന്ന ഒരു പ്രധാന വ്യത്യസ്ത സ്വഭാവം ഒരു പക്ഷേ വ്യക്തമായ geographical boundaries ഇല്ല എന്നതായിരിക്കും.
അപകീര്‍ത്തി കേസുകളെക്കുറിച്ച്...
മൂന്നു പേര്‍ കൂടുന്നിടത്ത് ഒരാള്‍ മറ്റൊരാളോട് പറയുന്ന ഒരു കാര്യം അയാളുടെ സാമൂഹ്യപരിവേഷത്തിന് കോട്ടം തട്ടിക്കുന്നതാണ് എന്ന് മൂന്നാമന് തോന്നുകയാണെങ്കില്‍ അപകീര്‍ത്തിക്കേസിന് വകുപ്പുണ്ട് എന്നു ലളിതമായി പറയാം. ഈ യുക്തി മനുഷ്യര്‍ക്കും മുഖ്യധാരാമാധ്യമങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും മറ്റു സൈറ്റുകള്‍ക്കുമെല്ലാം ഒരു പോലെ ബാധകം തന്നെ. പ്രധാന പ്രതിവാദം പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുകയാണ്. ഉണ്ടെന്ന് കോടതിക്ക് ബോധ്യമായാല്‍ തടി കേടാകാതെ ഇറങ്ങിപ്പോരാം. ഇതും ഇപ്പറഞ്ഞ എല്ലാ ഗ്രൂപ്പുകള്‍ക്കും ഒരുപോലെ ബാധകമാണ്.
മാധ്യമങ്ങളും കലകാരന്മാരും സമുന്നതജനകീയനേതാക്കന്മാരും സാമാന്യജനങ്ങളുമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്കും തന്താങ്ങള്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ പുലിവാലും ശേഷം വക്കീലിന്‍റെ ഗൗണ്‍വാലുമെല്ലാം പിടിക്കേണ്ടി വന്നിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങള്‍ ഇടപെടുന്ന ഓണ്‍ലൈന്‍ സമൂഹത്തില്‍ സ്വഭാവികമായും ഇത്തരം പ്രവണതകള്‍ ഉണ്ടാവേണ്ടതു തന്നെയാണ്. അതിനെ അപവാദമായി പൊക്കിപ്പിടിച്ചു പറയുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ പിശക്. അത് അപവാദമല്ല, മറിച്ച് സാമാന്യമാണ്.
ബ്ലോഗ് എങ്ങനെയാണ് സ്വതന്ത്രമാധ്യമമാവുന്നത്?
സ്വതന്ത്രമാധ്യമമെന്നും സിറ്റിസണ്‍ ജേണലിസമെന്നും ബ്ലോഗിനു കല്പിച്ചു നല്കിയ പദവിക്കെതിരെ ചില കോടതിവിധികള്‍ ചോദ്യം ഉയര്‍ത്തുന്നു എന്നു ലേഖകന്‍ പറയുന്നു. പലതവണ പലരും പറഞ്ഞു പഴകിയ കാര്യമാണെങ്കിലും വീണ്ടും വിളിച്ചു പറയേണ്ടി വരുന്നതില്‍ ഖേദം. ബ്ലോഗ് സ്വതന്ത്രമാധ്യമമാവുന്നത് എന്തും അതിലൂടെ വിളിച്ചു പറയാം എന്നതു കൊണ്ടല്ല. സ്വന്തം യുക്തിക്കു ബോധ്യമാവുന കാര്യങ്ങള്‍ മറ്റുള്ളവരുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാവാതെ പൊതുജനസമക്ഷം ഉയര്‍ത്താം എന്നതുകൊണ്ടാണ്. അതായത്, എന്‍റെ ലേഖനം എത്രതന്നെ മഹത്തരമെങ്കിലും മാതൃഭൂമിയുടെ ലിഖിതവും അലിഖിതവുമായ നയങ്ങളോടു ചേര്‍ന്നു പോകുന്നില്ലെങ്കില്‍ അത് എനിക്ക് മറ്റൊരിടത്ത് പ്രസിദ്ധീകരിക്കേണ്ടി വരും. എല്ലാവരും കയ്യൊഴിഞ്ഞ് സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങാന്‍ തുട്ടില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍, എനിക്കാവശ്യമുള്ള മറ്റൊരിടമായി മാറുകയാണ് ബ്ലോഗ്. ഇങ്ങനെയുള്ള ചില കാര്യങ്ങളാണ് സ്വാതന്ത്ര്യം എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അല്ലാതെ എന്തും എഴുതുവാനുള്ള ലൈസന്‍സ് അല്ല.
മലയാളം ബ്ലോഗുകള്‍ ഇനിയുമൊരുപാട് വളരാനുണ്ടെന്ന ലേഖകന്‍റെ വാദം തീര്‍ത്തും അംഗീകരിക്കുന്നു. സമയം ആവശ്യമുള്ള ഒരു പ്രതിഭാസമാണ് വളര്‍ച്ച, നെറ്റിലും ജീവിതത്തിലുമെല്ലാം. അതേ സമയം നിത്യജീവിതത്തിലെന്ന പോലെ അനൗപചാരികമായ ഒരു ഇടപെടല്‍ ബ്ലോഗില്‍ കാണുമ്പോള്‍ അതിനെ ’ഗൗരവമില്ലായ്മ’ എന്നു വിളിക്കുന്നത് അബദ്ധമാണെന്ന് തോന്നുന്നു. മുഖ്യധാരാമാധ്യമങ്ങളില്‍ നിന്ന് വേര്‍പെട്ട് ഒരു കമ്യൂണിറ്റി സ്പേസ് കൂടിയാണ് ബ്ലോഗ്. അതിന്‍റെ ഒരു സ്വാഭാവിക പ്രതിഫലനം മാത്രമാണ് ഈ അനൗപചാരികത, അല്ലെങ്കില്‍, ലേഖകന്‍ പറയുന്ന ഗൗരവമില്ലായ്മ. അതു തന്നെയാനിതിന്‍റെ പ്രത്യേകതയും.
നൂറു ശതമാനം ഗൗരവമേറിയ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന എത്ര മാധ്യമങ്ങളുണ്ടിവിടെ? ദൃശ്യമാധ്യമങ്ങളില്‍ കൂടിയ പങ്കും എന്‍റര്‍ടെയ്‍ന്‍മെന്‍റ് ചാനലുകളാണ്. വാര്‍ത്താചാനലുകളും മറ്റു ഗൗരവവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചാനലുകളും പലപ്പോഴും സരസമായ ഉല്ലാസപ്പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. കാരണം ഉല്ലാസം മനുഷ്യന്‍റെ അത്യാവശ്യങ്ങളില്‍ ഒന്നാണ്. കച്ചവടങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ഉല്ലാസത്തിനും തമാശക്കും എന്തിന്, ലൈംഗികതക്കും വരെ എക്സ്‍ക്ലൂസിവ് മാസികകളും വാരികകളുമുണ്ട്. ഇതുപോലെ വിവിധമേഖലകളെ പ്രതിപാദിക്കുന്ന സൈറ്റുകളിലൂം ബ്ലോഗുകളിലും ’ഹ്യൂമന്‍ ഇന്‍ററസ്റ്റ്’ വിഷയങ്ങള്‍ അധികമായതിന് മറ്റൊരു ന്യായം തേടേണ്ട കാര്യമില്ല. ചിന്തയുള്‍പ്പെടെയുള്ള അഗ്രിഗേറ്ററുകള്‍ ബ്ലോഗുകളെ കാറ്റഗറൈസ് ചെയ്ത് കാണിക്കുന്നുമുണ്ട്. കൂടാതെ, ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള മുഖ്യധാരാ പത്രങ്ങള്‍ ഒന്നാംപേജില്‍ വിഡ്ഢിത്തങ്ങള്‍ വിളമ്പിയതിന് പല ഉദാഹരണങ്ങളും നമ്മുടെ കയ്യിലുണ്ട്. ബ്ലോഗിലെന്താ, ഇതെല്ലാം സംഭവിച്ചു കൂടേ?
ലേഖനത്തിന്‍റെ ടൈറ്റില്‍ മാറ്ററായ സ്വകാര്യതയുടെ കാര്യത്തിലേക്ക് വരാം. സാമ്പത്തിക ഇടപാടുകള്‍ ഒഴിച്ചുള്ള കാര്യങ്ങളില്‍ നിങ്ങള്‍ പുറത്തു വിടുന്ന സ്വകാര്യവിവരങ്ങള്‍ സത്യസന്ധമായിരിക്കണമെന്ന് ഒരു സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റും ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഒരു പക്ഷേ, എ മെയില്‍ ഐഡി വെരിഫിക്കേഷന്‍ ആവശ്യപ്പെടാം. നെറ്റ് എന്ന ലോകത്ത് നിങ്ങളുടെ പ്രധാന ഐഡെന്‍റിറ്റി ഒരു പക്ഷേ ഇ മെയില്‍ ഐഡി ആയിരിക്കും. മറ്റു വിവരങ്ങള്‍ ശരിയാണോ എന്ന് അന്വേഷിക്കാനോ സ്ഥീരീകരിക്കാനോ നിലവില്‍ സംവിധാനങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല എന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളില്‍ ഇടപെടുന്ന ഭൂരിപക്ഷം പേരും ഈ തിരിച്ചറിവോടു കൂടിത്തന്നെയാണ് ഇവിടങ്ങളില്‍ വിഹരിക്കുന്നത് എന്നു തന്നെയാണ് എന്‍റെ വിശ്വാസം. ’ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന തലക്കെട്ടിലെ ’ഒന്നും’ എന്ന വാക്കിനെ ന്യായീകരിക്കുന്ന ഒന്നും എനിക്കു ലേഖനത്തില്‍ വായിച്ചെടുക്കാനുമായില്ല.
സാമാന്യസാമൂഹ്യജീവിതത്തിലെന്ന പോലെ, കോടിക്കണക്കിന് ആളുകള്‍ ഇടപെടുന്ന സൈബര്‍സ്പേസില്‍ തട്ടിപ്പും വിഡ്ഢിത്തവും കുറ്റകൃത്യങ്ങളും കേസും ഉണ്ടാവുന്നത് സ്വാഭാവികം. പല കമ്യൂണിക്കേഷന്‍ കണ്‍സെപ്‍റ്റുകളെയും നൊടിയിടക്കുള്ളില്‍ വിപ്ലവാത്മകമായി മാറ്റിമറിച്ച ഒരു പ്രതിഭാസത്തിന്‍റെ ചില്ലറ പാര്‍ശ്വഫലങ്ങളെന്നതിലുപരി ഈ കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ പ്രാധാന്യം കല്പിക്കുന്നില്ല. എല്ലാം കുറ്റമറ്റതാവണമെങ്കില്‍ ആദ്യം സമൂഹം കുറ്റമറ്റതാവണം.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ വായനക്കാരില്‍ ഭൂരിഭാഗം പേരും ബ്ലോഗ്-സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് മേഖലകളില്‍ ഇടപെടുന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനുള്‍പ്പെടെയുള്ള അവരുടെ മക്കള്‍ തീര്‍ച്ചയായും അങ്ങനെയുള്ളവരാണെങ്കില്‍പ്പോലും. അതുകൊണ്ടു തന്നെ വളരെ മികച്ച റിസര്‍ച്ചുകള്‍ക്കു ശേഷം പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിച്ച സന്തോഷത്തോടെയും ഉടനീളം സ്വീകരിച്ച വിമര്‍ശനാത്മകസമീപനത്തോട് ഒട്ടൊരു പരിഭവത്തോടു കൂടെയും ഇതിവിടെ കുറിച്ചിടേണ്ടി വരുന്നു.
Monday, September 14, 2009
ഹനാന്‍, എന്താണ് സത്യം? ചില നിരീക്ഷണങ്ങള്‍
ഹനാന്‍ ബിന്‍ത് ഹാഷിം തീര്‍ച്ചയായും ഒരു പ്രതിഭ തന്നെയാണ്. ഭൂമുഖത്ത് പിറന്നു വീഴുന്ന ഓരോ കുരുന്നിലും ഒരു പ്രതിഭ ഒളിച്ചിരിക്കുന്നു എന്നാണെന്‍റെ വിശ്വാസം. പ്രതിഭയുടെ നിര്‍വചനത്തില്‍ നാം ഉള്‍പ്പെടുത്താന്‍ വിട്ടു പോയ മേഖലകളും നിരന്തരം പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കുന്ന അറിവെന്നറിയപ്പെടുന്ന മുന്‍വിധികളുമായിരിക്കണം ഏവര്‍ക്കും പത്രത്താളുകളില്‍ ജീവിക്കാന്‍ കഴിയാതെ പോയതിന്‍റെ കാരണം.
ഹനാന്‍ പ്രതിഭയാണെന്നു പറയുന്നത് ഇന്നത്തെ മാതൃഭൂമി വാര്‍ത്തയിലെ വിവരക്കേടുകള്‍ മുഖവിലക്കെടുത്തിട്ടല്ല, അതിലെ ഒരു വാചകം വിശ്വസിച്ചു കൊണ്ടാണ്. മസാച്ചുസെറ്റ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കിയ 3600 ഓളം അന്താരാഷ്ട്രവിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിച്ചില്വാനം പേരില്‍ ഒരാള്‍ ഹനാന്‍ ആണെങ്കില്‍, അതു കൊണ്ടാണ്.
വാര്‍ത്ത വായിക്കാന്‍ മറക്കില്ലല്ലോ.
അബ്ദുല്‍ കലാം, ബാരാക് ഒബാമ, നീല്‍ ആംസ്ടോങ് തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍ എടുത്തുപയോഗിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളെപ്പറ്റി വാര്‍ത്തയെഴുതിയ സിസി ജേക്കബ് ആലോചിട്ടുണ്ടോ എന്നെനിക്കു നിശ്ചയമില്ല. വിളിച്ചു പറയുന്നത് അര്‍ദ്ധസത്യങ്ങളായിരിക്കരുതെന്ന നിര്‍ബന്ധബുദ്ധി സമീപകാല പത്രമാദ്ധ്യമങ്ങള്‍ക്ക് തീരെയില്ല എന്ന് നല്ല ബോദ്ധ്യമുണ്ടെങ്കില്‍ പോലും.
ഇന്ന് ഓഫീസില്‍ സാമാന്യം ജോലിയുള്ള ദിവസമായിരുന്നു. അല്ലെങ്കിലും ജോലി കൂടുതലുള്ള സമയത്ത് നെറ്റില്‍ തപ്പിക്കൊണ്ടിരിക്കാന്‍ എനിക്ക് വല്ലാത്ത ആവേശമാണ്. ഇന്ന് രാവിലെ ഏഴുമണിക്ക് തന്നെ മാതൃഭൂമി വിഷയവും തന്നതു കൊണ്ട് വിഷമിക്കേണ്ടി വന്നില്ല.
"നാസയുടെ ഹൂസ്റ്റണിലെ സ്പേസ് സ്കൂളില്‍ നിന്ന് കഴിഞ്ഞ മേയിലാണ് സ്പേസ് ആന്‍ഡ് സയന്‍സ് ടെക്നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്." (മാതൃഭൂമി)
ഹൂസ്റ്റണ്‍ സ്പേസ് സെന്‍ററിലെ സ്പേസ് സ്കൂളില്‍ നല്‍കുന്ന ബിരുദമെന്തെന്ന് നോക്കാം.
http://www.spacecenter.org/SpaceSchool.html
ഒരു കൂട്ടം തല്പരവിദ്യാര്‍ത്ഥികളില്‍ ഉത്സാഹം വളര്‍ത്താനായി നല്‍കുന്ന അവസരമാണ് സ്പേസ് സ്കൂളിലെ ഈ പ്രോഗ്രാം. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡീഫാള്‍ട്ട് ആയി ഒരു ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്ന് ഞാന്‍ അനുമാനിക്കുന്നു.
ആസ്ത്രേല്യയിലെ Young Astronauts Australia Engineering School ഇതിനു വേണ്ടി വിദ്യാര്‍ത്ഥികളെ ക്ഷണിച്ചത് ഇവിടെ കാണാം.
Australian Science students who are thinking of following a career in either science, technology
or engineering to apply for this NASA Space Engineering course to be conducted at NASA’s
Johnson Space Center Houston from September 26th to October 6th 2009. On completion of the course students will receive their graduation certificate.
സംഗതി പത്തു ദിവസത്തെ പരിപാടിയാണ്. അവരുടെ വിജ്ഞാപനത്തിലെ ചെലവുവിവരം ഇവിടെ.
"ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍ വച്ച് ഹനാന്‍ സ്വയം രൂപകല്പന ചെയ്തു. പരീക്ഷണാര്‍ത്ഥം നാസ ഇത് സ്വല്പദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്പന നല്കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കാനുള്ള റോവറിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണിപ്പോള്‍." (മാതൃഭൂമി)
ഇന്ത്യ വിക്ഷേപിച്ച ഓരോ റോക്കറ്റും ഇന്ത്യന്‍മഹാസമുദ്രത്തില്‍ അലമാല തീര്‍ത്തു കൊണ്ടിരുന്ന കാലത്ത് കോഴിക്കോട്ട് പിറന്നു വീണ പെണ്‍കുട്ടി പതിനഞ്ചു വര്‍ഷത്തെ ലോകപരിചയം കൊണ്ട് റോക്കറ്റ് രൂപകല്പന ചെയ്തെന്നു വായിച്ചപോളാണ് എനിക്കീ വാര്‍ത്തയെപ്പറ്റി സംശയം തോന്നിത്തുടങ്ങിയത്. വസ്തുതകളെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് എഴുത്തുകാരിയെങ്കില്‍ അവരും പ്രസിദ്ധപ്പെടുത്താന്‍ അനുമതി നല്‍കിയത് പത്രാധിപരെങ്കില്‍ അവരും ഇതിന് വിശദീകരണം നല്കാന്‍ ബാദ്ധ്യസ്ഥരാണ്.
നേരത്തെ കണ്ട ആസ്ത്രേല്യക്കാര്‍ പറയുന്നതു പ്രകാരം സ്പേസ് സ്കൂളില്‍ രൂപകല്പന ചെയ്ത റോക്കറ്റ് ഇങ്ങനെയാണ്.


Image Courtesy: http://www.yassa.com.au/protected/day4.html
മുഴുവന്‍ ചിത്രങ്ങളും ഇവിടെ കാണാം.
ഹനാനെ ഗൂഗിളില്‍ തിരഞ്ഞപ്പോളാണ് ഇങ്ങനെ ഒരു ആര്‍ട്ടിക്കിള്‍ ശ്രദ്ധയില്‍ പെട്ടത്:
ഇതില്‍ "Absolute Theory of Zero is a new mathematical system which explains the established theories in a different light. Through the theory I’m trying to explain that the speed of light is not constant always," she explains.
തന്‍റെ തിയറിയിലൂടെ പ്രകാശത്തിന്‍റെ വേഗം മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഹനാന്‍ പറയാനുദ്ദേശിക്കുന്നത്. ഹനാന് അഞ്ചു വയസ്സു പ്രായമുള്ളപ്പോള്‍ വന്നതെന്നു വിശ്വസിക്കാവുന്ന ഒരു വാര്‍ത്ത ഇവിടെ.
John Moffat എന്നൊരാള്‍ അന്ന്, 1999ല്‍ പറഞ്ഞ ഒരു ഊഹമാണിത്.
ഈ മാതൃഭൂമി വാര്‍ത്ത ഞാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചേനെ, ഇത്രക്കും അവിശ്വസനീയത കലര്‍ത്തിയിരുന്നില്ലെങ്കില്‍. പറഞ്ഞതില്‍ പലതും അര്‍ദ്ധസത്യങ്ങളെന്നു കണ്ടതോടെ, പറഞ്ഞ മറ്റു പലതും അസത്യമായേക്കുമോ എന്നു ഭയപ്പെട്ടു പോവുകയാണ് കുഞ്ഞു ഹനാന്‍ ഞാന്‍. കലാമിന്‍റെ അംഗീകാരവും ഒബാമയുടെ ക്ഷണവും നീല്‍ ആംസ്ടോങ്ങിന്‍റെ നിന്നെ കാണണമെന്ന ആഗ്രഹവുമുള്‍പ്പെടെ.
ഈ വാര്‍ത്ത സാമാന്യപ്രതിഭാമതികളായ വിദ്യാര്‍ത്ഥികളിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഭയപ്പെട്ടു പോവുന്നു. ഹനാനെ മാതൃകയാക്കി മൂന്നു മണിക്ക് ഉറക്കമുണര്‍ന്ന് ബാത്ത് ടബ്ബില്‍ കിടക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളോടാവശ്യപ്പെടാന്‍ മടിയില്ലാത്ത മാതാപിതാക്കളുള്ള നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത് എന്നതു കൊണ്ടു വിശേഷിച്ചും.
എന്തെങ്കിലും കാരണവശാല്‍ ഈ വാര്‍ത്തയില്‍ വസ്തുതാപരമായ പിശകുകള്‍ വന്നു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു തിരുത്തി മാതൃക കാണിക്കാന്‍ മാതൃഭൂമി തയാറാവുമെന്ന് പ്രതീക്ഷിക്കുന്നു.
പത്രമാദ്ധ്യമങ്ങള്‍ വിരിച്ചു തരുന്ന പ്രശസ്തിയുടെ മെത്തയില്‍ കിടന്ന് ഹനാന്‍ തന്‍റെ പ്രതിഭയെ നശിപ്പിക്കാതിരിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു.
Tuesday, April 7, 2009
ചരക്കിന്‍റെ ബ്ലോഗും കള്ളച്ചിരിയും!
1. ചരക്കിന്‍റെ ബ്ലോഗ്
എന്താണ് / ആരാണ് ചരക്ക്?
വിപണികളില്‍ വില്പനക്കു വച്ചിരിക്കുന്ന പലവക സാധനങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് ’ചരക്ക്’ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. പുറമേ, അംഗലാവണ്യം തുളുമ്പുന്ന മദാലസമണികളെ നോക്കി മുഴുവായില്‍ വെള്ളമിറക്കുമ്പോളും ഞങ്ങളൊക്കെ അറിയാതെ പറഞ്ഞു പോവാറുണ്ട്, ’ചരക്കെടാ, ചരക്ക്’ എന്ന്.
മുടിയും താടിയും നരച്ച്, കണ്ണട വച്ച്, മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു വയൊവൃദ്ധനെ ചരക്കെന്നു വിളിക്കാമോ? ചെറുപ്പക്കാരനായിരുന്നെങ്കില്‍ പെണ്ണുങ്ങള്‍ക്കൊരു കൈ ദ്വയാര്‍ത്ഥത്തിലെങ്കിലും പ്രയോഗിക്കാമായിരുന്നു എന്നായിരിക്കും നിങ്ങള്‍ പറഞ്ഞത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പക്ഷേ, വിളിച്ചു പോകും.
ഇലക്ഷന്‍ വിപണിയില്‍ ബി.ജെ.പി വില്പനക്കു വച്ചിരിക്കുന്ന ചരക്കാണ് അദ്വാനിയെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. മലയാളം മീഡിയ സ്ട്രീം ചെയ്തു കാണിക്കുന്ന കുഞ്ഞു വെബ്‍സൈറ്റുകള്‍ മുതല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന മലയാളമനോരമയില്‍ വരെ ഗൂഗിളിന്‍റെ ആഡ്‍സെന്‍സ് എന്ന മണിവാതില്‍ തള്ളിത്തുറന്ന് അദ്വാനി എന്ന പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുടെ പരസ്യം പല വലിപ്പത്തിലും നിറത്തിലും പുഞ്ചിരി തൂകുകയാണ്.
സാമ്പിള്‍സ് ചുവടെ:
ADVആനി (ADVani) എന്നതിന്‍റെ പരം പൊരുള്‍ ഇപ്പോളല്ലേ പിടി കിട്ടുന്നത്!
ഗൂഗിള്‍ ആഡ്‍വേഡ്‍സ്, സൈറ്റ് ഉള്ളടക്കത്തിനൊപ്പം, കൊടുക്കുന്ന തുകയുടെ അളവുതൂക്കം കൂടെ കണക്കു കൂട്ടിയാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ’ഇന്‍ഡ്യ’ എന്ന കീവേഡ് വരുന്ന സൈറ്റുകളിലെല്ലാം ആഡ്‍വേഡ്സ് വാതില്‍ തള്ളിത്തുറന്ന് എല്‍. കെ. അദ്വാനി ചിരിച്ചു നില്‍ക്കണമെങ്കില്‍ ’ഇന്‍ഡ്യ’ എന്ന പദത്തിന് അവരെത്ര മാത്രം വിലയിട്ടു കാണുമെന്ന് നമുക്ക് ചുമ്മാ ഇരുന്നൊന്ന് ഊഹിച്ചു ബോധം കെടാം?
മുംബൈ ആക്രമണത്തിന്‍റെ കുലുക്കത്തില്‍ വിറച്ചു പോയ ഉപരിവര്‍ഗത്തിന്‍റെ വോട്ടുകള്‍ക്കു വേണ്ടിയുള്ള വലയാണ് ബിജെപി ഇന്‍റര്‍നെറ്റിലാകെ വീശിയിരിക്കുന്നത്. ഇന്നു വരെ ഒരു വോട്ടര്‍ ഐഡിയോ റേഷന്‍ കാര്‍ഡോ ഉണ്ടാക്കിയിട്ടില്ലാത്ത, ഇലക്ഷന്‍ ദിവസങ്ങളില്‍ അവധിയെടുത്ത് പബ്ബുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഉല്ലാസം തിരഞ്ഞെടുക്കുന്ന ഒരു വിഭാഗം ജനത ഇത്തവണ പോളിങ് ബൂത്തുകളില്‍ വെയിലു കൊണ്ട് ക്യൂ നില്‍ക്കുമെന്ന് നാമെല്ലാം പ്രതീക്ഷിച്ചേ മതിയാവൂ. വെറുതെയല്ലല്ലോ, വിരണ്ടു പോയതു കൊണ്ടല്ലേ? സര്‍ക്കാറിനെക്കൊണ്ട് എന്തെങ്കിലുമൊക്കെ ആവശ്യം നമുക്കുമുണ്ടെന്ന് ഇപ്പോളല്ലേ തിരിച്ചറിഞ്ഞത്!
കൌതുകം മൂത്ത് ഞാന്‍ ആ പരസ്യത്തിലൊന്ന് അമര്‍ത്തി ഞെക്കി നോക്കി. lkadvani.in എന്ന വെബ് വിലാസത്തിലേക്ക് ബ്രൌസര്‍ പാഞ്ഞു. ലോഡാവാന്‍ ഒരുപാടു സമയമെടുത്തു എന്നത് നേര്. ഇന്ത്യയെ റീലോഡ് ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായി കാത്തിരിക്കുന്ന ഇവര്‍ അതിന് എന്തു സമയമെടുത്തേക്കുമെന്ന് വെറുതെ ഒരു കൌതുകമുണരുന്നു.
അദ്വാനിയുടെ സൈറ്റിന് ഒരു സബ്-ഡൊമൈന്‍ ഉണ്ട്. അത് ബ്ലോഗിന്‍റേതാണ്. ഇന്നു വരെ എട്ട് പോസ്റ്റുകളുണ്ട്. മാര്‍ച്ച് പതിനാറിനാണ് അവസാനത്തെ പോസ്റ്റ്, സ്ത്രീശാക്തീകരണത്തെക്കുറിച്ച്. ബ്ലോഗ് തുടങ്ങിയത് ജനുവരിയില്‍. ഇത്രയും കാലം മിണ്ടാതെയിരുന്ന് പൊടുന്നനെ ഒരു ഡൊമൈന്‍ റെജിസ്റ്റര്‍ ചെയ്ത് ഏപ്രിലാവുമ്പോളേക്ക് പോസ്റ്റുകള്‍ തട്ടിക്കൂട്ടിയ നടപടിയുടെ പൊരുളാലോചിക്കാന്‍ പെരുത്ത ബുദ്ധിയൊന്നും വേണ്ടാ, ഞമ്മന്‍റെ ഇന്ത്യയില് എലക്ഷന്‍! ആദ്യ പോസ്റ്റില്‍ തന്നെ അദ്ദേഹം നയം വ്യക്തമാക്കിയിട്ടുണ്ട് - I am excited by the idea of using the Internet as a platform for political communication and, especially, for election campaign.
അദ്വാനിയുടെ കുട്ടിക്കാലവും ജീവിതവുമൊക്കെ വിവരിച്ചിരിക്കുന്നത് ഫസ്റ്റ് പേഴ്‍സണ്‍ നരേഷനിലാണ്. എഴുതിയത് പുള്ളിയാണോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. തന്‍റെ ബ്ലോഗെഴുതുന്നത് താന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ വേണ്ടി മോഹന്‍ലാലിന് അതൊരു പായ പേപ്പറിലെഴുതി സ്കാന്‍ ചെയ്ത് പബ്ലിഷേണ്ടി വന്നു. അദ്വാനിക്ക് അതിനൊന്നും സമയം കാണില്ല.
2. കള്ളച്ചിരി
അനുഗ്രഹമാണ് ചിരി. ഒരു മനുഷ്യന്‍ ഏറ്റവും മനോഹരനായി കാണപ്പെടുന്നത് മുഖത്ത് നിറഞ്ഞ ചിരി വിടരുമ്പോളാണ്. ചിരി വിപണനത്തിനു വക്കുമ്പോളോ?
ഇലക്ഷന്‍ സമയത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പ്രൊമോഷന്‍ ടൂള്‍ ഒരു പക്ഷേ ചിരിയായിരിക്കും. കോമഡി പരിപാടികളിലും മറ്റുമെല്ലാം രാഷ്ട്രീയക്കാരനെ അളന്നു കാണിക്കുന്ന കോലാണ് ചിരി. നാടു നീളെ പോസ്റ്ററിലും ബാനറിലും നോട്ടീസുകളിലും തിണ്ടുകളിലും പൊതു കക്കൂസിലും മൂത്രപ്പുരകളിലുമെല്ലാം നാറ്റം പടര്‍ത്തുന്ന ചിരി കണ്ടാല്‍, നമുക്ക് കരച്ചിലാണ് വരിക.
മിക്കവരുടെയും ചിരി ഒറ്റനോട്ടത്തില്‍ തന്നെ കള്ളച്ചിരി (ചിരിക്കാന്‍ വേണ്ടിയുള്ള ചിരി)യാണെന്ന് മനസ്സിലാക്കാന്‍ സൈക്കോളജിയില്‍ ബിരുദമൊന്നും ആവശ്യമില്ല. കെട്ടി വച്ച ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന നിഗൂഢതയാണ് കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്നത്. ചിരി പരസ്യമാക്കുന്നതില്‍ ഒരു പക്ഷേ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് മുന്നില്‍.
പഴയ കാലത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ വല്ലാതെ ചിരിക്കാറില്ലായിരുന്നു. ഇ എം എസ്സിന്‍റെ ചിരിക്കുന്ന ഫോട്ടോ, നായനാരുടെ ചിരിക്കുന്ന ജീവിതം തുടങ്ങി അപവാദങ്ങള്‍ പലതുമില്ലെന്നല്ല. ഇന്നും തലമുതിര്‍ന്ന നേതാക്കള്‍ കാമ്പെയ്‍നുകളില്‍ ചിരിക്കുന്നത് കുറവാണ് കണ്ടിട്ടുള്ളത്. വളരുന്ന കുട്ടിനേതാക്കള്‍ എതിരാളികളെ കടത്തി വെട്ടുന്ന സോഷ്യലിസ്റ്റ് ചിരി വരെ പരിശീലിച്ചു കഴിഞ്ഞു.
3. ഞാനും താനുമൊക്കെ?
ഇലക്ഷന്‍ രാഷ്ട്രീയക്കാര്‍ക്ക് പരീക്ഷക്കാലമാണ്. തന്നെ, അല്ലെങ്കില്‍ തന്‍റെ പ്രസ്ഥാനത്തെ എങ്ങനെ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാം എന്നതിന് തന്ത്രങ്ങള്‍ മെനയാനുള്ള കാലം. ഇലക്ഷനു ശേഷം സ്കൂളടച്ചതു പോലെയാണ് സ്ഥിതി. ഫലം കാത്തിരിക്കുന്നതിന്‍റെ മുഷിവും ആസ്വാസ്ഥ്യവും ടെന്‍ഷനും. ഫലം വന്നാല്‍ വീണ്തും കാമ്പസ്സ് തുറന്നതു പോലെ. കണക്കു പറഞ്ഞും കളിച്ചും ചിരിച്ചും കയ്യിട്ടു വാരിയും തല്ലു കൂടിയും കസേര വലിച്ചും കിടത്തിയുമെല്ലാം സമയമങ്ങനെ ’ഗുമഗുമാ’ന്ന് നൂറേ നൂറില്‍ പായും.
നമുക്കിതൊക്കെ കണ്ടും വായിച്ചും രസിക്കാമല്ലോ.
ഇലക്ഷന്‍ പ്രചാരണങ്ങള്‍ മൈക്ക് സെറ്റില്‍ നിന്നും ജീപ്പില്‍ നിന്ന് പാറി വീഴുന്ന നോട്ടീസുകളില്‍ നിന്നുമൊക്കെ ഏറെ മുമ്പോട്ടു പോയിരിക്കുന്നു. മദ്യവും മയക്കുമരുന്നും ഗാന്ധിത്തലയുള്ള കറന്‍സികളും വിജയത്തിന്‍റെ നിര്‍ണ്ണായക പങ്കാളികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ജയിക്കുന്നവന്‍റെ മടിക്കെട്ടുകള്‍ ലക്ഷങ്ങളില്‍ നിന്ന് കോടികളുടെ കളിസ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അന്നും ഇന്നും എന്നും പോളിങ് ബൂത്തുകളില്‍ മണിക്കൂറുകള്‍ വരി നിന്ന് വിയര്‍പ്പിറ്റിച്ചു കളഞ്ഞ് ജനനായകര്‍ക്ക് വോട്ടു ചെയ്യുന്ന കഴുതകള്‍ ഭാണ്ഡക്കെട്ടുകള്‍ ചുമന്നു കൊണ്ടേയിരിക്കുന്നു.
അനുബന്ധം:
ചരക്കുകള്‍ (Commodities) ലോകത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിപണികളിലേക്കെത്തുന്ന ചരക്കുകളിലെല്ലാം ബ്രാന്‍ഡ് മുദ്ര പതിയുകയും അവ ഉത്പന്നകളായി (Products) ഉടുപ്പു മാറ്റിയെത്തുകയും ചെയ്യുന്നതോടെ ’ചരക്ക്’ എന്ന വാക്ക് നമ്മുടെ ചരക്കു പെണ്‍മണികള്‍ക്ക് വേണ്ടി ഉഴിഞ്ഞു വക്കേണ്ടി വരുമോ എന്നതായിരിക്കും പിറക്കാനിരിക്കുന്ന ഉണ്ണിക്കാലങ്ങളെയോര്‍ത്ത് ഞാന്‍ ബാക്കി വക്കുന്ന ആശങ്ക!
Tuesday, February 24, 2009
മനുഷ്യന്‍ എന്ന ലൈംഗികജീവി
ആറാംക്ലാസ്സില്‍ വച്ചായിരുന്നെന്നു തോന്നുന്നു, ആദ്യത്തെ രതിമൂര്‍ച്ഛ (ഇങ്ങനെ തന്നെയല്ലേ എഴുതുക? :-))! ഒരു മൂര്‍ച്ചയേറിയ അനുഭവം തന്നെയായിരുന്നു അത്. ആദ്യത്തെ രതിമൂര്‍ച്ഛയെക്കുറിച്ചുള്ള ഏക വായനാനുഭവം ’ഇലവന്‍ മിനുറ്റ്‍സി’ല്‍ പൌലോ കൊയ്‍ലോ എഴുതിയിട്ടതു മാത്രമാണ്.
-------
She began touching it and found that she couldn't stop; the feelings provoked were so strong and so pleasurable, and her whole body - particularly the part she was touching - became tense. After a while, she began to enter a kind of paradise, the feelings grew in intensity, until she noticed that she could no longer see or hear clearly, everything appeared to be tinged with yellow, and then she moaned with pleasure and had her first orgasm.
Orgasm!
It was like floating up to heaven and then parachuting slowly down to earth again. Her body was drenched with sweat, but she felt complete, fulfilled and full of energy.
Eleven Minutes - Paulo Coelho -----
ഇതൊരു പെണ്ണിന്‍റെ അനുഭവമായതു കൊണ്ടാണോ, കൊയ്‍ലോയുടെ അനുഭവങ്ങളും സാഹചര്യങ്ങളും തികച്ചും വ്യത്യസ്തമായിരുന്നതു കൊണ്ടാണോ എന്നറിയില്ല, ഇതായിരുന്നില്ലല്ലോ അത് എന്നായിരുന്നു തോന്നല്‍. സര്‍വ്വനാഡികളും തളര്‍ന്ന്, കണ്ണുകള്‍ കൂമ്പിയടഞ്ഞു പോയത്... ലിംഗത്തിലനുഭവപ്പെട്ട കഠിനമായ വേദന തിരുമ്മിയകറ്റാന്‍ നോക്കുമ്പോഴാണ് ആ വഴുവഴുപ്പ് കയ്യിലൊട്ടിയത്. ഭയന്നു പോയി. ചെയ്തു പോയത് കനത്ത അപരാധമാണെന്ന് മരിച്ചു വിശ്വസിക്കേണ്ടി വന്നു. ഇനി ഈ സാധനം കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്നു വരെ കരുതി. മൂത്രമൊഴിക്കാന്‍ മുട്ടി. അസാദ്ധ്യമായൊരു പുകച്ചില്‍ ലിംഗത്തിന്‍റെ കടക്കല്‍ നിന്ന് മുകളിലേക്ക് കയറിക്കയറി വരുന്നു. നെഞ്ചിടിച്ച് മരണാസന്നനായി കിടന്നു. പൌലോയുടെ മരിയ അന്നു തന്നെ അത് പലവട്ടം ചെയ്തു, ഞാന്‍ വിറച്ചു കിടന്ന് പതിനൊന്നു മിനുറ്റിനകം തളര്‍ന്നുറങ്ങിപ്പോയി. രാവിലെ വീണ്ടും പഴയ ഞാനായി.
അന്നെന്‍റെ ശരീരം മനസ്സിലാക്കിയിരുന്നിരിക്കണം, ഞാനൊരച്ഛനാവാന്‍ പ്രാപ്തനായെന്ന് പ്രകൃതി കാണിച്ചു തന്നിരിക്കുന്നു എന്ന്. ശരീരം തെളിവ് നല്കി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാനൊരു കുഞ്ഞിന് ജന്മം നല്കാത്തതെന്താണാവോ! പേടി, അല്ലാണ്ടെന്ത്?
എഴുപത്തഞ്ചു കഴിഞ്ഞിട്ടും പിതാവോ മാതാവോ ആവാന്‍ കഴിയാതെ ദത്തുപുത്രന്മാരെയും പുത്രിമാരെയും താലോലിച്ചിരിക്കുന്ന ദൌര്‍ഭാഗ്യവാന്‍മാര്‍ക്കിടയില്‍ അസൂയാപാത്രമായിത്തീര്‍ന്ന ആ പതിമൂന്നു വയസ്സുകാരന്‍ ധീരപിതാവിനെ ഓര്‍ത്തു പോകുകയാണ്. സമൂഹമെന്ന ഈ അടുക്കുചിട്ടകള്‍ക്ക് പ്രകൃതി പുല്ലുവിലയേ കല്പിക്കുന്നുള്ളു എന്ന എന്‍റെ അര്‍ദ്ധബോധത്തെ ഉണര്‍ത്തിക്കൊണ്ടു വരികയാണ് ഈ പതിമൂന്നുകാരന്‍. വളരുമ്പോളോ പതിനെട്ടു വയസ്സാവുമ്പോളോ വളര്‍ച്ചയറിയിക്കുമ്പോളോ പെട്ടെന്ന് കയറു പൊട്ടിക്കുന്നതല്ലല്ലോ വ്യക്തിസ്വഭാവം എന്ന ഘടകം.
ഒരു സാമൂഹ്യജീവി എന്നതുപോലെത്തന്നെ മനുഷ്യനെ അളക്കേണ്ടുന്ന മറ്റൊരു കോലാണ് ലൈംഗികജീവി എന്നത്. തന്നെപ്പോലെയല്ല അവളെന്ന തിരിച്ചറിവ് മൂന്നാംവയസ്സിലോ നാലാംവയസ്സിലോ തന്നെ സ്വായത്തമാക്കുന്ന ഒരു കുഞ്ഞ്, താരതമ്യപഠനങ്ങളുമായി മുന്നോട്ടുള്ള വളര്‍ച്ചയില്‍ തനിക്ക് അവളില്‍ എന്തു വ്യത്യാസമുണ്ടാക്കാന്‍ കഴിയുമെന്ന് പത്തു വയസ്സു തികയുമ്പോളേക്കും മനസ്സിലാക്കുന്നുണ്ടെന്ന് വേണം കരുതാന്‍.
കൌമാരം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രായമാണ്. അച്ഛനമ്മമാരുടെയും ടീച്ചര്‍മാരുടെയും സമൂഹത്തിന്‍റെയും മുന്‍വിധികളുടെ നടുമുറ്റത്തല്ല കൌമാരരഥത്തിന്‍റെ പടയോട്ടം. അത് വളരെ വിശാലമായ ഒരു മൈതാനമാണ്. എന്‍റെ വ്യക്തിപരമായ അനുഭവത്തിന്‍റെ വെളിച്ചത്തില്‍, ലൈംഗികത മനുഷ്യജീവിതത്തില്‍ ഏറ്റവും ആനന്ദത്തോടെ അനുഭവിക്കുന്ന പ്രായം. അറിവില്ലാത്തിടത്താണല്ലോ ആനന്ദം!
കൌമാരത്തിന്‍റെ കൌതുകം ലൈംഗികതയില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല. പലപ്പോഴും അങ്ങനെയായി മാറുന്നത്, ലോകത്തോരോ മനുഷ്യനും മനുഷ്യത്തിയും ഏറ്റവുമധികം ഒളിച്ചു കെട്ടിവച്ചു നടക്കുന്നത് വശ്യമായ ആ ശാരീരികാനന്ദമാണ് എന്ന തിരിച്ചറിവ് അവന്/അവള്‍ക്ക് ഉണ്ടാവുമ്പോളാണ്. ആ കൌതുകം ഒളിഞ്ഞു നോട്ടമായും തലോടലായും ബസ്സിലും തിരക്കിലും അറിയാതെയെന്ന പോലുള്ള തട്ടിമുട്ടലുകളായും ഒടുക്കം പ്രണയമായും പരിണമിക്കുന്നു.
കുമാരന്മാര്‍ക്ക് ലൈംഗികതയുടെ ലൈസന്‍സുള്ള ഒരു പദമാണ് പ്രണയം. ലൈംഗികത എന്ന ഘടകമില്ലാത്ത പ്രണയം സ്നേഹമോ ഇഷ്ടമോ വാത്സല്യമോ അനുഭാവമോ ആയി തരം തിരിഞ്ഞു പോകുന്നു.
സ്വന്തം അനുഭവത്തില്‍ നിന്നും സുഹൃത്തുക്കളുമായുള്ള സംവാദങ്ങളില്‍ നിന്നും മനസ്സിലാക്കാനായത്, ഓരോരുത്തരും കൌമാരം മുതല്‍ തങ്ങളുടെ ചിന്താശേഷിയുടെ എഴുപത് മുതല്‍ എണ്‍പത് ശതമാനം വരെ ഉപയോഗിക്കുന്നത് സെക്സിനെയും ഇണയെയും പ്രണയത്തെയും കുറിച്ച് ചിന്തിക്കാനാണ് എന്നാണ്.
ഒരു ദാഹം, ദാഹിച്ച്, വെള്ളം കിട്ടാതെ പെരുകിപ്പെരുകി, ഉമിനീരിറക്കി ഒട്ടൊരാശ്വാസം കൊടുക്കാന്‍ ശ്രമിച്ചിട്ടും ശമിപ്പിക്കാനാവാതെ ഇരിക്കുമ്പോള്‍ വെള്ളത്തെക്കുറിച്ചുള്ള കേട്ടുകേള്‍വി അതൊരു സ്വര്‍ഗ്ഗീയപദാര്‍ത്ഥമാണ് എന്ന നിരീക്ഷണത്തിലേക്ക് പരീക്ഷിതനെ കൊണ്ടെത്തിക്കുന്നു. വെള്ളം എന്നത് വെള്ളം മാത്രമാണെന്ന് ആവശ്യത്തിന് കിട്ടിക്കഴിയുമ്പോളും മാനസികമായി അയാള്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെ വരുമ്പോളാണ് ലൈംഗികത യൌവനയുക്തരിലും മദ്ധ്യവയസ്കരിലും പ്രശ്നക്കാരനായി തല പൊക്കുന്നത്.
ക്രിയേറ്റീവും പ്രൊഡക്‍റ്റീവും ആയി പലതരം ചിന്തകളും പ്രവൃത്തികളും അദ്‍ഭുതങ്ങള്‍ സൃഷ്ടിക്കേണ്ട കൌമാരം ലൈംഗികതക്കല്ലില്‍ വിരലു വച്ചു കുത്തി പുറംതല്ലി വീഴുന്നതു കാണുമ്പോള്‍, വീഴേണ്ടി വരുമ്പോള്‍, സമൂഹമെന്ന, സാമൂഹ്യവ്യവസ്ഥയെന്ന ഈ പലകാലിപ്പെരുംപിശാചിന്‍റെ നാട്യങ്ങളോട് വല്ലാത്ത വെറുപ്പു തോന്നിപ്പോകുന്നു.
എത്രത്തോളം ധൈര്യം പുറത്തു കാണിച്ചാലും ചുണ്ടിന്‍റെ കോണിലൊളിപ്പിച്ച ചിരിയോടെ, മാദ്ധ്യമങ്ങളായും ഇ മെയിലുകളായും പ്രകോപനപരമായ പ്രസ്താവനകളാലും ചൂണ്ടുവിരലുകളാലും പതിനൊന്നുകാരനായ ആ പിതാവിനെ ലോകം പരിക്ഷീണനാക്കും. താന്‍ ചെയ്തത് അപരാധമെന്ന് അവനെ വിശ്വസിപ്പിക്കും.
പിറന്നു വീഴുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് തിന്നാനും കുടിക്കാനുമൊക്കെ ആരു കൊടുക്കും എന്ന ചോദ്യങ്ങളുയരും. മുത്തച്ഛനെന്ന വടി കുത്തിപ്പിടിച്ച ഉണക്ക സങ്കല്പം കറുത്ത മുടിയും മീശയും കൂളിംഗ് ഗ്ലാസ്സുമൊക്കെയിട്ട് ചാടിക്കയറി വരുന്ന ചെറുപ്പത്തിന്‍റെ ചടുലതക്ക് വഴി മാറും. വിവാഹങ്ങളോടൊപ്പം ഡൈവോഴ്‍സും മെയിന്‍റനന്‍സും കൂടും. മാട്രിമണി പോര്‍ട്ടലുകളില്‍ പിറക്കാനിരിക്കുന്ന പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വേണ്ടി രജിസ്‍ട്രേഷന്‍ കോളങ്ങളൊരുങ്ങും. എന്നെന്നേക്കുമെന്നു കരുതി എന്നു മുതലൊക്കെയോ വരച്ചു വച്ച വ്യവസ്ഥിതികളൊക്കെ തകര്‍ന്നു പാളീസായി കലുഷമായ പ്രതികരണപ്രവാഹക്കുത്തൊഴുക്കിലൊലിച്ചു പോകും.
അതിനാല്‍ കുട്ടികളേ, എനിക്കു നിങ്ങളോടൊന്നേ പറയാനുള്ളു,
Beware of society! കോണ്ടം ഉപയോഗിക്കുക!
ഹൃദയരക്തം കുടിച്ചു തടിച്ചിടും
ഹൃദയശൂന്യപ്രപഞ്ചമേ ലോകമേ,
കുടിലസര്‍പ്പമേ, കാളകാകോളമേ,
കുടലുമാലയണിഞ്ഞ കങ്കാളമേ,
മതി മതി നിന്‍റെ ഗര്‍ജ്ജനമെന്‍മനം
ചിതറിടുന്നു, ദഹിച്ചു വീഴുന്നു ഞാന്‍!
(രമണന്‍ - ചങ്ങമ്പുഴ)
Monday, February 2, 2009
ഗുണ്ടല്‍പേട്ടില്‍ നട്ടപ്പാതിരക്ക്
നട്ടപ്പാതിരക്ക്
ബ്രേക്കിന് നിര്‍ത്തിയിട്ടിരുന്ന
കോഴിക്കോട് ബാംഗ്ലൂര്‍ ബസ്സില്‍ നിന്ന്
പടിയിറങ്ങി വന്ന പര്‍ദ്ദക്കാരി,
ഉറക്കച്ചടവില്‍
വേച്ചു വേച്ചു വീഴാനായുന്നു.
’വീഴല്ലേ’യെന്ന് വലംകൈ പിടിച്ച്
നേരെ നിര്‍ത്തിയപ്പോള്‍
ഇടംകൈ കൊണ്ടവള്‍ മുഖത്തടിച്ചു.
’കള്ളക്കാഫിറേ’യെന്ന്
നടൂമ്പുറത്ത് പല കൈ
മദ്ദളതാളം, ഗമകം, ഉച്ഛസ്ഥായി, ആ....ആ...ആ...ആ...!!!
കോണ്‍ട്രവേഴ്സ്യല്‍ നായികയായ
പര്‍ദ്ദക്കാരിക്ക്
വീഴാതെ നടക്കാനും
മൂത്രപ്പുര കാണിക്കാനും
സഹായമായി
നിരവധി പെണ്‍ഹസ്തങ്ങള്‍,
സഹായവാഗ്ദാനമായി
അനവധി ആണ്‍മുഖങ്ങള്‍!
റോഡരികില്‍ എന്നോടൊപ്പം
സിഗററ്റ് വലിച്ചു കൊണ്ടു നിന്നിരുന്ന
ചേട്ടന്‍മാര്‍
ഒന്നുമറിയാത്തതു പോലെ
വലിച്ചു വലിച്ചു തള്ളി.
ഇനിയെന്നോടു പറഞ്ഞു പോകരുത്,
അബലയെ സഹായിക്കാന്‍!
Wednesday, November 26, 2008
ബ്ലൗഗിക സത്യങ്ങള്
Display Name
എന്നു കണ്ടപ്പോള്‍
കൈ വിറച്ചു,
ചെളിയെറിഞ്ഞു കളിയുടെ ഓടമണം
തികട്ടി വന്നു,
മലയാളം ബ്ലോഗ് തുടങ്ങാന്‍ പക്വത വന്നിട്ടില്ല!
Sunday, March 9, 2008
വുമണ്‍സ് ഡേയും ചില ആശങ്കകളും!
"ഇന്ന് നാം ലോക വനിതാദിനം ആചരിക്കുകയാണല്ലോ. ഈ ഘട്ടത്തില്‍ താങ്കള്‍ക്കെന്താണ് തോന്നുന്നത്?"
"പ്രധാനമായും പുരുഷന്‍മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് തോന്നുന്നത്. സ്ത്രീകള്‍ ലോകത്തെ അനിഷേധ്യ ശക്തിയായി മാറുന്നതിലുള്ള അരക്ഷിതബോധമാണ് ഇതിനു പുറകിലെ ചേതോവികാരമെന്ന് നിങ്ങള്‍ ആരോപിച്ചേക്കാം. സത്യത്തില്‍ എന്‍റെ മനസ്സിനെ അലട്ടുന്നത് മറ്റു പലതുമാണ്."
"വിശദീകരിക്കാമോ?"
"തീര്‍ച്ചയായും. സ്ത്രീയും പുരുഷനും തുല്യരാണെന്നും ലിംഗാധിഷ്ടിതമായ യാതൊരു വിവേചനവും ഒരു വിഷയത്തിലും അനുവദിച്ചു കൂടെന്നും പറയുന്ന നമ്മുടെ നാട്ടില്‍, സംവരണത്തിനും പ്രത്യേക പ്രാതിനിധ്യത്തിനും വേണ്ടി സ്ത്രീ സമൂഹം ഉയര്‍ത്തുന്ന നിലവിളി എന്നെ ആശങ്കാകുലനാക്കുന്നു. അതിലുപരി എന്നെ അലട്ടുന്നത് അടുക്കളയിലും തുണിയലക്കുന്നതിലും വീടു വൃത്തിയാക്കുന്നതിലും നമ്മള്‍ ആണുങ്ങള്‍ പങ്കു ചേരണമെന്ന ആവശ്യമാണ്. അതെത്രത്തോളം ഭയാനകമാണെന്ന് കുട്ടിക്കും ഊഹിച്ചു കൂടേ? അലക്കുകയോ... കഞ്ഞി വക്കുകയോ!!!! ഹൊ ഹൊ! രാവിലെ കുളിക്കാനുള്ള കഷ്ടപ്പാട് എനിക്കേ അറിയൂ."
"അതു ശരിയല്ലേ? വീട്ടുജോലികളില്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തം ഉണ്ടാവുന്നതിനോട് അസഹിഷ്ണുത എന്തിനാണ്? നിങ്ങള്‍ ആണുങ്ങള്‍ക്കും വീട്ടുജോലികള്‍ ചെയ്തു കൂടേ?"
"കുട്ടിയും ഫെമിനിസ്റ്റ് പക്ഷത്തു നിന്നു സംസാരിക്കുന്നു. ഇനിയുള്ള എന്റെ മറുപടികള്‍ അല്പം പരുഷമായാല്‍ ദയവായി സഹിക്കുക. Men who do housework may get more sex എന്ന വാര്‍ത്ത വനിതാദിനത്തോടനുബന്ധിച്ച് പുറത്തു വിട്ടത്, ഒരു ആഗോള ഫെമിനിസ്റ്റ് ഗൂഢാലോചനയായിട്ടാണ് ഞാന്‍ നോക്കിക്കാണുന്നത്."
"ഗൂഢാലോചനയോ?"
"അതെയതെ. സെക്സ് എന്ന പ്രലോഭനത്തില്‍ പെടുത്തി പുരുഷനെക്കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുക എന്നത് പുരുഷന്‍മാരെ വ്യക്തമായി സ്ത്രീകള്‍ക്ക് മനസ്സിലാക്കാനാവാത്തതു കൊണ്ടു തോന്നിയ ഒരു വ്യാമോഹമാണെന്നേ എനിക്കു പറയാനാവൂ. ശാരീരിക ഘടന കൊണ്ടും ജനിതകസവിശേഷതകള്‍ കൊണ്ടും വൃത്തി, അച്ചടക്കം, ഒതുക്കം തുടങ്ങിയ സംഗതികളോട് ഞങ്ങള്‍ക്ക് ആഭിമുഖ്യം കുറവാണെന്നറിഞ്ഞു കൂടേ. അടുക്കളയില്‍ രണ്ടു ദിവസം പാത്രങ്ങള്‍ കഴുകാതെ കിടന്നാലും മേശപ്പുറത്ത് നാലഞ്ചു ദിവസത്തെ പത്രങ്ങള്‍ നിരന്നു കിടന്നാലുമൊന്നും ഞങ്ങളത് വലിയ കാര്യമായി കണക്കാക്കാറില്ല. പ്രകൃത്യാ ഉള്ള ഈ സവിശേഷതകളെ അവകാശത്തിന്‍റെ നൂലാമാലകളില്‍ കുടുക്കുന്നവര്‍ പുരുഷപീഡനത്തിന്‍റെ വ്യത്യസ്ത സാധ്യതകള്‍ ആരായുകയാണ്."
"കുഞ്ഞുങ്ങളെ പരിചരിക്കുന്ന കാര്യത്തിലും നിങ്ങള്‍ ആണുങ്ങള്‍ വളരെ പിന്നിലാണെന്നാണല്ലോ കണക്കുകള്‍ വ്യക്തമാക്കുന്നത്?"
"സത്യമാണത്. ഞാന്‍ കുറച്ചു കാലം മുമ്പ് എഴുതിയ ’ആണിന് മുലയെന്തിന്’ എന്ന പോസ്റ്റ് കുട്ടി വായിച്ചിരിക്കുമെന്ന് കരുതുന്നു."
"ഹ ഹ ഹ!!! അതും ഇതും തമ്മിലുള്ള ബന്ധം?"
"ഇതാണ് നിങ്ങള്‍ ആലോചിക്കാതെ ആരോപണം ഉന്നയിക്കുന്നവരാണെന്ന് ജനം പറയുന്നതിനുള്ള കാരണം. പിറന്നു വീഴുന്ന കുഞ്ഞിന് ആ നിമിഷം മുതല്‍ ഏതു നിമിഷവും ആവശ്യമുള്ള ഒന്നാണ് മുലപ്പാല്‍. അതു ചുരത്താന്‍ ഞങ്ങള്‍ക്ക് കഴിവില്ലാത്തതു കൊണ്ട് കുഞ്ഞ് അമ്മയോടൊപ്പം കഴിയേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ പറഞ്ഞു മനസ്സിലാക്കിത്തരേണ്ടി വരുന്നിടത്താണ് നിങ്ങളുടെ പരാജയം."
(ചോദ്യകര്‍ത്താവ് മുഖം കുനിക്കുന്നു. ഒന്നാലോചിച്ച്, പെട്ടെന്ന് മുഖമുയര്‍ത്തി ചോദിക്കുന്നു.)
"കുഞ്ഞുങ്ങള്‍ വളരെപ്പെട്ടെന്ന് ഖരപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കാന്‍ പ്രാപ്തരാവാറുണ്ടല്ലോ. അപ്പോഴും നിങ്ങള്‍ അവരെ ശ്രദ്ധിക്കാറില്ല എന്നു പറഞ്ഞാല്‍?"
"ശ്രദ്ധിക്കാറില്ല എന്നു പറഞ്ഞാല്‍ നിഷേധിക്കേണ്ടി വരും. ഒരച്ഛനില്‍ നിന്ന് കുഞ്ഞിന് കൊടുക്കാവുന്നതെല്ലാം ഞങ്ങള്‍ നല്കാറുണ്ട്. ഒന്നോര്‍ക്കുക, കാല് നീട്ടിയിരുന്ന് കുഞ്ഞിനെ മുട്ടിനൂ മീതെ കിടത്തിയാണ് അമ്മമാര്‍ ഭക്ഷണം നല്കുന്നത്. പുരുഷന്മാരതിനു തുനിഞ്ഞാല്‍ കടുത്ത രോമം കുത്തിക്കയറി കുഞ്ഞിന്‍റെ മൃദുലശരീരത്തിന് വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതു കാരണം കുഞ്ഞ് കരയാന്‍ തുടങ്ങിയാല്‍ ഭക്ഷണം കൊടുക്കുക എന്ന ജോലി വളരെ ദുര്‍ഘടമായേക്കാം. പുറമേ ഈ പറഞ്ഞ പോസില്‍ ദീര്‍ഘനേരമിരിക്കാനുള്ള ശേഷിയും ഫ്ലെക്സിബിലിറ്റിയും സ്ത്രീശരീരത്തിന് പുരുഷശരീരത്തെ അപേക്ഷിച്ച് കൂടുതലാണ്. ഇതെല്ലാം പ്രകൃതിനിയമങ്ങളാണ്. നിങ്ങളുടെ മുറവിളി കൊണ്ടൊന്നും നാച്വറല്‍ ലോ മാറ്റിപ്പണിയാനാവുകയില്ല."
"ഓക്കേ. കുടുംബകാര്യങ്ങളില്‍ നിന്ന് നമുക്ക് സാമൂഹ്യപ്രശ്നങ്ങളിലേക്ക് വരാം."
"സാമൂഹ്യവിഷയമെന്നു പറയൂ. എന്തിനേയും പ്രശ്നമായിക്കാണുന്ന പ്രവണത പുരുഷവിരുദ്ധ അജണ്ടയുടെ മറ്റൊരു മുഖമാണ്."
"ചുരുക്കി പറഞ്ഞാല്‍ സ്ത്രീ വീട്ടുകാര്യങ്ങള്‍ ചെയ്യുകയും പുരുഷന്‍ സമ്പാദിച്ചു കൊണ്ടു വരുമ്പോള്‍ വച്ചു വിളമ്പുകയും ചെയ്യുന്നതാണ് നല്ലതെന്നാണോ താങ്കള്‍ പറയുന്നത്?"
"സത്യത്തില്‍, അതു തന്നെയാണ് നല്ലത്!"
"ദാറ്റ് ഈസ് റ്റൂ മച്ച്... അതു തിരിച്ചായിക്കൂടേ?"
"കുട്ടീ, തിരിച്ചാവുന്നതു കൊണ്ട് ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. പക്ഷേ അതില്‍ പുരുഷവിരുദ്ധമായ പല നിയമവൈഷമ്യതകളും ഉള്‍പ്പെട്ടിട്ടുണ്ട്."
"നിയമമോ, ഇതിലെന്ത് നിയമപ്രശ്നം?"
"മറ്റൊന്നുമല്ല, കല്യാണം കഴിച്ചു കൊണ്ടു വരുന്ന പെണ്ണിനെയും അവളില്‍ തനിക്കുണ്ടാവുന്ന കുട്ടികളെയും സംരക്ഷിക്കുക എന്നത് നിയമപരമായി പുരുഷനുള്ള ഉത്തരവാദിത്തമാണ്. നിയമപരമായി വിവാഹമോചനം നേടിയാല്‍പ്പോലും പഴയ ഭാര്യക്ക് ചിലവിനു കൊടുക്കണമെന്ന് വകുപ്പുകള്‍ പറയുന്നു. അതു കാരണം ഞങ്ങള്‍ അല്പം കോണ്‍ഷ്യസ് ആണ്. നാളെ മുതല്‍ എന്‍റെ ഭാര്യ ജോലിക്കു പോയി സമ്പാദിക്കുകയും ഞാന്‍ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തെന്ന് വക്കുക. എന്നെങ്കിലും അവള്‍ക്ക് ജോലി രാജി വക്കാനും തുടര്‍ന്ന് വിവാഹമോചനം നേടാനും തോന്നിയാല്‍, വീട്ടുജോലി എക്സ്‍പീരിയന്‍സ് കാണിച്ച് ഏതു ജോലി സമ്പാദിച്ചാണ് ഞാന്‍ എന്റെ ചിലവിനോ അവള്‍ക്കു ചിലവിനു കൊടുക്കാനോ ഉണ്ടാക്കുക? ജോലിയില്ലാത്ത പെണ്ണിന് വിവാഹമോചനമായാലൂം പൂര്‍വ്വ ഭര്‍ത്താവ് ചിലവിനു കൊടുക്കണമെന്ന വ്യവസ്ഥയിരിക്കേ ഞങ്ങള്‍ക്കെന്ത് സംരക്ഷണമാണുള്ളത്?"
"താങ്കള്‍ പറഞ്ഞതിനോട് ഒരു പരിധി വരെ യോജിക്കുന്നു."
"സന്തോഷം, സ്ത്രീകള്‍ ഒരു കാര്യത്തോടും പരിപൂര്‍ണ്ണ യോജിപ്പ് പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല."
"അതിരിക്കട്ടെ, സമൂഹത്തില്‍ സ്ത്രീക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ പ്രധാനമായ ഒന്നാണ് പുരുഷന്‍മാരുടെ കൊത്തിപ്പറിക്കുന്നതു പോലെ ചുഴിഞ്ഞുള്ള നോട്ടം. ഇത്തരം വൃത്തികെട്ട കാര്യങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുന്നുണ്ടോ?"
"ന്യായീകരിക്കുകയല്ല, വിശകലനം ചെയ്യുകയാണ്. മറച്ചു വച്ചിരിക്കുന്ന എന്തിനേയും അനാവരണം ചെയ്തു കാണുവാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. അത്തരമൊരു പ്രവണത മനുഷ്യനില്ലായിരുന്നെങ്കില്‍ നമ്മളിന്ന് ലോകത്തില്‍ ഇത്രയധികം കണ്ടുപിടുത്തങ്ങള്‍ നടത്തുമായിരുന്നില്ല. ഏതൊരു വലിയ നല്ല കാര്യത്തിനും അതിന്‍റേതായ ചെറിയ ദൂഷ്യവശങ്ങളുണ്ടായേക്കാം. അതിലൊന്നു മാത്രമാണിത്. ഈ പ്രവണതയുടെ പോസിറ്റീവ് വശങ്ങളെപ്പറ്റി ചിന്തിച്ചാല്‍ കുട്ടി ഉന്നയിച്ച ചോദ്യം അത്രക്ക് പ്രധാനമാണോ എന്ന് കുട്ടിക്ക് തന്നെ സംശയം തോന്നിയേക്കാം."
(പപ്പൂസ് ചോദ്യകര്‍ത്താവിനെ അടിമുടി ഉഴിയുന്നു. അവളുടെ മുട്ടറ്റം മുട്ടാത്ത പാവാടയും അടിവയറ്‍ മറക്കാത്ത ടോപ്പൂം സൂക്ഷിച്ചു നോക്കിയ ശേഷം തുടരുന്നു.)
"കുട്ടി ഉടുത്തിരിക്കുന്ന ഈ വസ്ത്രം കാരണം സാധാരണയായി കാണാത്ത കണങ്കാലുകള്‍ ഞാന്‍ കണ്ടതു കൊണ്ടുള്ള ഒരു കൌതുകമാണ് എന്നെ അങ്ങനെ നോക്കാന്‍ പ്രേരിപ്പിച്ചത്. അടിവയര്‍ മറക്കാത്ത ഒരു കുപ്പായമാണ് ഞാനിട്ടിരുന്നതെങ്കില്‍ കുട്ടിയും നോക്കിയേനെ. ഭാഗ്യവശാല്‍ മനസ്സില്‍ വരുന്നത് മുഖത്തോ വാക്കുകളിലോ പ്രകടമായി പ്രതിഫലിപ്പിക്കാതിരിക്കാനുള്ള വിദ്യ നിങ്ങള്‍ക്കു വശമുള്ളതിനാല്‍ സ്വാഭാവികമായും പഴി കേള്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നു. ഇതൊന്നും അത്തരം ചോദനകള്‍ നിങ്ങള്‍ക്കില്ല എന്നുറച്ചു പറയാവുന്ന തെളിവുകളല്ലല്ലോ."
"നിങ്ങളിങ്ങനെയൊക്കെ പറയാമോ? സ്ത്രീ അമ്മയാണ്, പെങ്ങളാണ്, മകളാണ്."
"എന്തുകൊണ്ടതിന്‍റെ മറുവശം ആലോചിക്കുന്നില്ല? പുരുഷന്‍ അച്ഛനാണ്, സഹോദരനാണ്, മകനാണ്, മച്ചുനനാണ്, അളിയനാണ്, അമ്മായിയപ്പനുമാണ്."
"താങ്കളുടെ മറുപടികളില്‍ നിന്നും താങ്കള്‍ മെന്‍ ഡോമിനേഷന്‍റെ വക്താവാണെന്ന് മനസ്സിലായതു കൊണ്ടു
ചോദിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതിനെ അനുകൂലിക്കുന്നുണ്ടോ?"
"കുട്ടി പറഞ്ഞ ആദ്യ വാചകത്തെ അംഗീകരിക്കുന്നില്ല. കാര്യങ്ങളെ മുന്‍വിധികള്‍ക്കും വികാരങ്ങള്‍ക്കും വിധേയമാക്കാതെ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി ഞാന്‍ വിശകലനം ചെയ്യുന്നു എന്നേയുള്ളു. പിന്നെ, സ്ത്രീധനം എന്ന വാക്കിനു വന്നു ചേര്‍ന്ന മോശം ഇമേജ് കാരണം മറ്റൊരു വാക്കുപയോഗിച്ച് അല്പം വല്ലതും കൊടുക്കുന്നതിലും വാങ്ങുന്നതിലും തെറ്റില്ല എന്നു ഞാന്‍ കരുതുന്നു. പക്ഷേ നിര്‍ബന്ധിക്കരുത്, ഒരിക്കലും."
(പെണ്‍കുട്ടി ചാടിയെഴുന്നേല്‍ക്കുന്നു.)
"ഹൌ ഡെയര്‍ യൂ???? സ്ത്രീധനം വാങ്ങുന്നതിനെ ന്യായീകരിക്കുകയോ? ഐ വില്‍ റിപ്പോര്‍ട്ട് ഇറ്റ്!!!"
(പപ്പൂസ് കുട്ടിക്ക് മുമ്പിലിരുന്ന ഗ്ലാസ്സ് നീട്ടിക്കൊടുത്ത് അവളോട് ഇരിക്കാന്‍ ആംഗ്യം കാണിക്കുന്നു. കുട്ടി ഇരിക്കുന്നു.)
"അല്പം സംയമനത്തോടെ സമീപിക്കേണ്ട വിഷയമാണിത്. വികാരത്തള്ളിച്ച കൂടാതെ ഞാന്‍ പറയുന്നതു കൂടി കേള്‍ക്കുക. വിവാഹാനന്തരം പെണ്ണിന് തൊഴിലുണ്ടെങ്കിലും ഇല്ലെങ്കിലും അവളെ സംരക്ഷിക്കേണ്ട ചുമതല പുരുഷനാണ്. ആവശ്യമുള്ള സമയത്തെല്ലാം ഭക്ഷണവും വസ്ത്രവും കൊടുക്കുകയും താമസിക്കാനായി തന്‍റെ വീട്, അല്ലെങ്കില്‍ പുതിയൊരു വീടു കണ്ടെത്തുകയും അവിടേക്ക് വിവാഹാനന്തരം അത്യാവശ്യമായ ഹൌസ് ഹോള്‍ഡ്‍സ് വാങ്ങിക്കുകയും ദൈനംദിന ചിലവുകള്‍ നോക്കുകയുമെല്ലാം അവന്‍റെ കര്‍ത്തവ്യങ്ങളാണ്. തൊഴിലുള്ള സ്ത്രീയാണെങ്കില്‍ ഓക്കേ. പക്ഷേ തൊഴിലില്ലാത്ത സ്ത്രീകള്‍ക്ക് ഇത്തരം ആവശ്യങ്ങളിലേക്ക് സംഭാവനകള്‍ നല്കാന്‍ വലിയ ബുദ്ധിമുട്ടാണല്ലോ. പുറമേ, വീട്ടുജോലികളിലും കുഞ്ഞിനെ നോക്കുന്നതിലും പാചകത്തിലുമെല്ലാം തുല്യപങ്കാളിത്തം ആവശ്യപ്പെടുകയും സാമൂഹ്യമെന്ന് കൊട്ടിഘോഷിക്കുകയും ചെയ്താല്‍ സമത്വം അവിടെ ഇല്ലാതെ വരും. ഇപ്പറഞ്ഞ ചിലവുകളിലേക്കായി കുറച്ചു തുക വാങ്ങി വക്കുന്നതില്‍ തെറ്റില്ലെന്നു ഞാന്‍ പറഞ്ഞാല്‍?"
"നിങ്ങള്‍ നൊട്ടുന്യായങ്ങള്‍ നിരത്തുകയാനെന്ന് ഞാന്‍ പറയും."
"അല്ല, തുല്യപങ്കാളിത്തം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ തുല്യ ഉത്തരവാദിത്തം കൂടെ അവര്‍ പങ്കു വക്കണമെന്ന് സൂചിപ്പിച്ചതാണ്. സ്ത്രീധനത്തെ ന്യായീകരിച്ചതല്ല. വീട്ടുജോലികളിലും മറ്റും ഭര്‍ത്തൃപങ്കാളിത്തം ആവശ്യപ്പെടുന്നവര്‍ ഭര്‍ത്താവിന്റേതായ ഉത്തരവാദിത്തങ്ങളെക്കുറിച്ചു കൂടി ബോധവതികളാവേണ്ടതിന്‍റെ ആവശ്യം വിശദീകരിച്ചതാണ്. ഡൈവോഴ്‍സ് കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ ചിലവിലേക്ക് മാസാമാസം നിശ്ചിത തുക സംഭാവന ചെയ്യാന്‍ എത്ര സ്ത്രീകള്‍ സന്നദ്ധത പ്രകടിപ്പിക്കും?"
"ഇന്നത്തെ സ്ത്രീകള്‍ക്ക് അതിനുള്ള കഴിവില്ലെന്നാണോ താങ്കള്‍ ധരിച്ചത്?."
"സന്നദ്ധതയുണ്ടോ എന്നാണ് എന്‍റെ ചോദ്യം."
"ഉള്ളവരുണ്ടാവാം, ഇല്ലാത്തവരുമുണ്ടാവാം, അതു കളയൂ. താങ്കള്‍ സ്ത്രീധനം വാങ്ങിത്തന്നെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചെന്നാണോ പറഞ്ഞു വരുന്നത്?"
"കുട്ടീ, ഞാന്‍ സ്ത്രീധനത്തെ ന്യായീകരിക്കുന്നില്ലെന്ന് വീണ്ടും പറയുന്നു. ഒരു കമ്പാരിസണ്‍ നടത്തിയെന്നേ ഉള്ളു. വീട്ടുജോലികള്‍ യാതൊരു മടിയും കൂടാതെ ചെയ്യാന്‍ മനസ്സുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ, മൂന്നു നേരം ഭക്ഷണം പാകം ചെയ്തും സ്വന്തം തുണിയലക്കിയും ജീവിക്കുന്ന എന്നെക്കുറിച്ചവള്‍ ഉത്കണ്ഠാവതിയാണ്. ഒരു പ്രണയത്തിന്‍റെ ബാക്കിപത്രമാണത്. സ്ത്രീധനം വാങ്ങുന്നുമില്ല."
(പപ്പൂസ് ഗ്ലാസ്സെടുത്ത് ഒരു കവിള്‍ വെള്ളം കുടിക്കുന്നു. കുട്ടി ചുണ്ടിന്‍റെ കോണില്‍ ഒളിച്ചു വച്ച പുഞ്ചിരിയോടെ തുടരുന്നു.)
"വിവാഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തു തോന്നുന്നു?"
"പണ്ട് ബാംഗ്ലൂരില്‍ ജോലിക്കു ചേരാനെത്തിയ എന്നോട് മാനേജര്‍ ചോദിച്ച ഒരു ചോദ്യം വെറുതെ ഓര്‍മ്മ വരുന്നു."
"അതെന്തായിരുന്നു?"
"ആര്‍ യൂ മാരീഡ്? ഓര്‍ ആര്‍ യൂ ഹാപ്പി?"
"എനിക്കതു വലിയ തമാശയായി തോന്നുന്നില്ല."
"ങും...." (തമാശ ചീറ്റിയ മുഖത്തോടെ പപ്പൂസ് ഇരിക്കുന്നു.)
"മദ്യപാനത്തെ ഒരു വീരകൃത്യമായി ചിത്രീകരിക്കുന്ന പ്രവണത താങ്കളുടെ സംസാരത്തില്‍ പലപ്പോഴും കണ്ടുവരുന്നു. മദ്യപാനത്തെ സ്ത്രീസംഘടനകള്‍ നഖശിഖാന്തം എതിര്‍ക്കുന്ന ഈ സമയത്ത് ഇതിനെക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?"
"ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളിലൂടെ അപകടകരമായ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്നതിനെപ്പറ്റി നമ്മളിലെത്ര പേര്‍ ബോധവാന്മാരാണ്? അതിനു നാം പറയുന്ന ന്യായീകരണം ഈ പാനീയങ്ങള്‍ ഉത്തേജനവും ഉന്മേഷവും നല്കുന്നു എന്നതാണ്. മദ്യവും ഒരു ഉത്തേജനം പ്രദാനം ചെയ്യുന്നു. ദിവസവും ഓരോ പെഗ്ഗ് കഴിക്കുന്നവരുടെ ശരീരത്തില്‍ ബാഡ് കൊളസ്ട്രോള്‍ കുറയുന്നതു കാരണം ഹൃദ്രോഗങ്ങള്‍ കുറയുന്നതിനെക്കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടോ? ഞാനിതൊരു മരുന്നായാണ് ഉപയോഗിക്കുന്നത്. ചുമയും ജലദോഷവും ഒരളവു വരെ പനിയും മാറ്റാന്‍ ഓസീയാറില്‍ ചൂടുവെള്ളവും കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ മുഖം ചുവപ്പിക്കും. അതിന്‍റെ സത്യാവസ്തയെക്കുറിച്ച് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? അധികമായാല്‍ മറ്റെന്തും പോലെ മദ്യവും വിഷമാണ് എന്നത് ഞാന്‍ അംഗീകരിക്കുന്നു. എന്നു വച്ച് ഇത്ര തള്ളിപ്പറയേണ്ട ഒന്നല്ല മദ്യമെന്നും ഞാന്‍ കരുതുന്നു. വിശകലനശേഷി കുറഞ്ഞ സ്ത്രീപക്ഷസമൂഹമാണ് മദ്യത്തെ ഏറ്റവും വലിയ വിപത്തായി ചിത്രീകരിക്കുന്നത്."
"അപ്പോള്‍പ്പിന്നെ ഞങ്ങള്‍ സ്ത്രീകള്‍ക്കെന്താ മദ്യപിച്ചു കൂടേ?"
"ചെയ്യാം, ഒരളവു വരെ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പരിമിതികളുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളെന്നെ ബോംബു വച്ചു കൊല്ലാനുള്ള പദ്ധതി വരെ ആവിഷ്കരിച്ചേക്കും. എങ്കിലും ഞാന്‍ പറയട്ടെ. കുഞ്ഞിനെ പെറ്റു വളര്‍ത്തുക എന്ന ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവാം. ഇനി ’എന്നാപ്പിന്നെ ആണുങ്ങള്‍ക്കും കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തിക്കൂടേ’ എന്നും കുട്ടി ചോദിച്ചേക്കാം. അതിനുത്തരം പറയാനും ഞാന്‍ തയ്യാര്‍!"
"അതു പോട്ടെ, അവസാനമായി, വനിതാദിനത്തോടനുബന്ധിച്ച് താങ്കള്‍ക്ക് ജനങ്ങളോടെന്തെങ്കിലും പറയാനുണ്ടോ?"
"സര്‍വ്വരാജ്യ പുരുഷന്‍മാരേ സംഘടിക്കുവിന്‍...!!!!!!!!"
"ഇപ്പോ ഇതൊക്കെ ചോദിച്ചതു നന്നായി. നിങ്ങളെ വിവാഹം കഴിക്കുന്ന കാര്യം എനിക്കൊന്നു പുനരാലോചിക്കേണ്ടിയിരിക്കുന്നു. ഇത്രത്തോളം വലിയ സ്ത്രീവിരോധിയാണ് നിങ്ങളെന്ന് ഞാനറിഞ്ഞിരുന്നില്ല."
"അയ്യോ മോളൂ, ചിലതൊക്കെ ചുമ്മാ തമാശക്കങ്ങു വിളിച്ചു പറഞ്ഞെന്നേയുള്ളു. ഞാനങ്ങനത്തെ ഒരാളേ അല്ല. സ്ത്രീകളില്ലാത്ത ഒരു ലോകത്തിന്‍റെ വിരസതയെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠ കൊണ്ടുനടക്കുന്ന ഒരു സന്മാര്‍ഗ-സദാചാരവാദിയാണ് ഞാന്‍."
"ഒന്നും പറയണ്ടാ...... എനിക്കെല്ലാം മനസ്സിലായി...."
(കുട്ടി ടീപ്പോയിലിരുന്ന ഗ്ലാസ്സെടുത്ത് പപ്പൂസിനു നേരെ എറിഞ്ഞു. പപ്പൂസ് ഒഴിഞ്ഞു മാറി. ഗ്ലാസ്സ് നേരെ ചെന്ന് നിലക്കണ്ണാടിയില്‍ തട്ടി. പപ്പൂസിന്‍റെ പ്രതിബിംബം വഹിച്ചിരുന്ന കണ്ണാടി ഉടഞ്ഞ് ചെറുകഷണങ്ങളായി താഴെ വീണു. ചിതറിവീണ ചീളുകളിലേക്കു നോക്കി പപ്പൂസ് മന്ദഹസിച്ചു. ഓരോ കണ്ണാടിച്ചീളും ആ ചിരിയെ വിവിധ ഭാവങ്ങളില്‍ പ്രതിഫലിപ്പിച്ചു.)




