Showing posts with label പ്രാന്ത്. Show all posts
Showing posts with label പ്രാന്ത്. Show all posts

Sunday, November 15, 2009

എടീ...

എട്ടാം ക്ലാസ്സില്‍ വച്ചേ
മൂന്നാം ഡെസ്കിനു (ങും... നൊസ്റ്റാള്‍ജിയ!)
മുകളില്‍ കേറിയിരുന്ന്
പാവാട വലിച്ചൂരിക്കളഞ്ഞ് (ദാ, സെക്സും!)
പോളില്ലാത്ത പോള്‍ ഡാന്‍സ് നടത്തി
എന്‍റെ ഹൃദയം ജയിച്ചോളേ,

’ഈ വണ്ടി കൊറേ ഓടും’ന്ന്
ചട്ടമ്പി സുപ്രന്‍ വരെ
പ്രവചിച്ചിട്ടും
തോളെല്ലിനു പിന്നില്‍
ചിറകുകള്‍ വലിച്ചു കെട്ടി
ആരാണ് നിന്നെ
കണ്ണും മനസ്സുമെത്താത്ത ആകാശത്തേക്ക്
പറത്തി വിട്ടത്?

ഒരവസരം താടീ,
ചിറകുകള്‍ ഇളക്കിയെടുത്ത്
ഈ മണ്ണിലിട്ടുരുട്ടി
വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി
നിന്‍റെ നഗ്നമേനി
തടവിത്തടവിത്തടവിത്തടവിത്തടവിത്തടവി (വഷളന്‍!)
എനിക്കൊന്നാസ്വദിക്കാന്‍.

Thursday, January 29, 2009

മരണക്കാഴ്ച

മരണം
---------
ഏതോ അറിയപ്പെടാത്ത നാട്ടില്‍ വച്ച്
പോക്കറ്റില്‍ പേഴ്സോ
തിരിച്ചറിയല്‍ കാര്‍ഡുകളോ
അടയാളമോതിരങ്ങളോ ഇല്ലാതെ,
അല്ലെങ്കില്‍,
ഒരു വസ്ത്രം പോലുമില്ലാതെ
ഒരു വണ്ടിയിടിച്ച്
മുഖം അത്യന്തം വികൃതമാക്കപ്പെട്ട്,
പറ്റുമെങ്കില്‍,
ഒരു മുടിനാരു പോലും ശേഷിപ്പിക്കാതെ
കത്തിക്കരിഞ്ഞ് മരണപ്പെട്ടു പോകട്ടെ,
ഞാന്‍!

അപ്പനും മക്കളും ബന്ധുക്കളും അറിയാത്ത
അനാഥശവങ്ങള്‍ക്ക്
ജാതിയില്ലാതെ
സംസ്കരിക്കപ്പെടാനെങ്കിലും
ഭാഗ്യമുണ്ട്!


കാഴ്ച
---------

ഉരുണ്ടും ഇരുണ്ടുമിരിക്കുന്ന
കോണുകളിലേക്ക്
നീണ്ടു നീണ്ടു ചെന്ന്
കണ്‍മുനയൊപ്പിയെടുക്കുന്ന
പ്രതിഫലനങ്ങളെ
കണ്ണില്‍ തടഞ്ഞ്
കരളിലേക്ക് കടത്തി വിടാതെ
എന്‍റെ തലച്ചോര്‍!

കണ്ണു ചൊറിഞ്ഞ് ചൊറിഞ്ഞ്...
കാഴ്ച ചുകന്ന് ചുകന്ന്...

എനിക്കൊരുസാമൂഹ്യപരിഷ്കര്‍ത്താവാകണം!

Wednesday, November 19, 2008

ഇന്‍റര്‍നാഷണല്‍ മെന്‍സ് ഡേ

"പരാക്രമികളും പരാന്നഭോജികളും സ്ത്രീപീഡകരും നികൃഷ്ടരും കാട്ടാളരും മദ്യപന്മാരും ബലാത്സംഗവീരന്മാരുമായ പുരുഷസമൂഹത്തെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാന്‍..."

ഫെമിനിസ്റ്റ് നേതാവിന്‍റെ പ്രസംഗം കത്തിക്കയറുന്നു.

"എങ്ങോട്ടാ അളിയാ?"

"നീയിതൊന്നും കേള്‍ക്കുന്നില്ലേഡേയ്?"

"അതു കുറേക്കാലമായിട്ട് കേള്‍ക്കുന്നതല്ലേ? ഇരിക്കട്ട്, എന്തോന്നാ ഇത്ര തെരക്കിട്ട് പായാന്‍?"

"അളിയാ, അറിഞ്ഞില്ലേ, ഇന്ന് ഇന്‍റര്‍നാഷണല്‍ മെന്‍സ് ഡേയാണ്."

"മെന്‍സസ് ഡേയാ? അത് മാസാമാസം വരൂല്ലേഡേ?"

"തെറ്റിദ്ധരിക്കല്ലളിയാ, ഇത് അന്താരാഷ്ട്ര പുരുഷദിനം."

"ങാഹാ, അപ്പൊ നമ്മള് ആമ്പിള്ളാര്‍ക്കും മാസാമാസം ഡേയാവുമോഡേ?"

"അതു വേണ്ടേ, പിന്നില്ലാണ്ട്. കൊല്ലം കൊല്ലം വനിത, കുട്ടി, അമ്മ, അപ്പന്‍, ചേട്ടന്‍, അളിയന്‍, സുഹൃത്ത്, അമ്മായിയപ്പന്‍, പട്ടി, പൂച്ച്, പൂച്ചട്ടി, വലി, കുടി തുടങ്ങി എല്ലാര്‍ക്കുമെല്ലാത്തിനും ഡേ പ്രഖ്യാപിക്കാന്‍ തുടങ്ങിയാ, കുറച്ച് കഴിഞ്ഞ് പ്രഖ്യാപിക്കാന്‍ നമ്മക്ക് കലണ്ടറില്‍ ഡേയൊന്നും കാണത്തില്ലെഡേ!"

"ശരിയാണല്ലോ അളിയാ. അതിരിക്കട്ടെ, എന്തൊക്കെയാണ് ഡേ സ്പെഷ്യല്‍ പരിപാടികള്?"

"വെള്ളമടി മത്സരം, ആഷ്ട്രേ പ്രദര്‍ശനം, വീടു വൃത്തികേടാക്കല്‍, കണ്‍ ഫ്യൂഷന്‍ ഷോ, സമൂഹ ഡൈവോഴ്സ് പെറ്റീഷന്‍ ഒപ്പിടീല്‍, ഒടുക്കം ടൈമൊത്താല്‍ രണ്ടൂന്ന് ലൈവ് ബലാത്സംഗപ്രദര്‍ശനം."

"അജണ്ട കൊള്ളാമല്ലോ അളിയാ, അപ്പൊ എന്താ എന്‍‌ട്രി ക്രൈറ്റീരിയ?"

"പെണ്ണുങ്ങളു പറയുന്നത് കേക്കാത്ത ആര്‍ക്കും കേറാം."

"അപ്പ ആളില്ലാത്ത പരിപാടിയാ?"

"അങ്ങനങ്ങു കൊച്ചാക്കാതെ. അല്ലെഡേ, നീയീ പെണ്‍ശിങ്കത്തിന്‍റെ ഗര്‍ജ്ജനോം കേട്ടോണ്ടിരിക്കുവാണോ? വന്ന് നമ്മടെ സംഘടനേല്‍ ചേരെഡേയ്."

"ചേരും മുമ്പ് വിവരങ്ങലൊക്കെ ഒന്നറിഞ്ഞിരിക്കണമല്ല്. എങ്ങനെയൊക്കെ പെണ്ണുങ്ങളെ അപമാനിക്കാനാണ് നിങ്ങള് പരിപാടിയിട്ടേക്കണത്? പെണ്‍ സംഘങ്ങളുടെ അതേ രീതി തന്നാ, ഇല്ല മറ്റെന്തെങ്കിലുമോ?"

"അപമാനിക്കലൊന്നുമില്ലളിയാ, ആസ്വാദനം മാത്രം."

"എന്നാലൊമൊന്ന് വിശദമാക്കെന്ന്."

"കണ്ടോ, ഇദ്ദാണ് നമ്മള് ആണുങ്ങടെ ഒരു കൊഴപ്പം. പെണ്ണുങ്ങളോടൊക്കെ ചുമ്മാ സംഘടന എന്നു പറഞ്ഞാ മതി. ചോദ്യോം ഉത്തരോം ഒന്നുമില്ലാതെ അവളുമ്മാര് വന്നു ചേര്‍ന്നോളും. വെറുതെയാ നമ്മ ഗൊണം പിഠിക്കാത്തത്? കണ്ടു പഠിക്കെഡേയ്.

ഇനീം തംശയമാണേല്, ഇദ്ദാ, താഴെക്കെടക്കണ ആണ്‍ലിങ്കങ്ങളിലൊക്കെ ഒന്നു തൊട്ടുനോക്കിയേച്ചും പോ. എനിക്ക് പോയേച്ചും ബലാത്സംഗം റിഹേഴ്സലൊണ്ട്."

. ടൈംസ് ഓഫ് ഇന്‍ഡ്യ

. Indian Perspective on International Men's Day

. വിക്കിമാമന്‍

Friday, November 7, 2008

നീ പോഡേയ്...

ചിലപ്പോഴൊക്കെ മനസ്സ് എന്നെ വെറുതെ നോക്കി ചിരിക്കും.

നോക്ക്, നിന്നെ ഞാനെത്ര വട്ടു കളിപ്പിക്കുന്നുവെന്ന്.

മനസ്സിനോടു മറുപടി പറയാന്‍ പലപ്പോഴും ഭയമാണ്. ഇരുട്ടത്തിരുന്ന് കണ്ണു പൊത്തിക്കളിക്കുന്നതു പോലെ അസ്വസ്ഥാജനകമായ ഒരു അവസ്ഥ. ഒറ്റക്ക് ജീവിക്ക്, ഒറ്റക്ക് മരിക്ക് എന്നൊക്കെ പലപ്പോഴും പറയാന്‍ ഞാനാഞ്ഞതാണ്. ക്രൂരമായ പരിഹാസത്തോടെ മനസ്സ് എന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ തടഞ്ഞു കിടക്കുന്നു.

ഇടക്ക് മനസ്സെന്നോട് കളിതമാശകള്‍ പറയാറുണ്ട്. ലോകത്തേറ്റവും മിനുസ്സമുള്ള പ്രതലമേതാണെന്നു ചോദിച്ചപ്പോള്‍, പച്ചപ്പയറു പൊളിച്ചെടുത്ത പയറുമണിയോളം എന്തുണ്ടെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. സുതാര്യമായ മാര്‍ബിള്‍ കഷണവും ലാവണ്യത്തിന്‍റെ നിര്‍‌വചനമായ സ്ത്രീശരീരവും ചിത്രങ്ങളായി കാണിച്ച് മനസ്സെന്നെ വിരട്ടിയോടിച്ചു.

തക്കാളിക്ക് വില മുപ്പത്തഞ്ച്, പച്ചമുളകിന് നാല്പത്തഞ്ച്, പിടിച്ചുപറിക്കാര്‍ എനിക്ക് എന്‍റെ തന്നെ ലോകം വില്‍ക്കുമ്പോള്‍, കണ്ടുമറിഞ്ഞും ഞാനെന്തിനിവിടെ നില്‍ക്കണമെന്ന് ചോദിച്ചു പോയി. മനസ്സൊന്നും മിണ്ടിയില്ല. വീടിനു പിന്നാമ്പുറത്തെ മണ്ണില്‍ ഇതൊക്കെ ഞാന്‍ വിതച്ചാലും വിളയുമല്ലോ.

പത്രം, കേബിള്‍, വൈദ്യുതി, ടെലഫോണ്‍, ഇന്‍റര്‍നെറ്റ്, ബ്ലോഗ് ഇത്യാദി ലോഗോകള്‍ കാണിച്ച് മനസ്സെന്നെ വിരട്ടി നോക്കി. സമ്പത്തെന്ന സങ്കല്പത്തിനു മുകളില്‍ ലോകം കെട്ടിപ്പൊക്കിയ കൊട്ടാരത്തിന്‍റെ അടിക്കല്ലിളകിയെന്ന് ഞാന്‍ കളിയാക്കി. ഇന്‍സ്റ്റന്‍റ് മെസ്സേജും ഇമ്മീഡിയറ്റ് കമ്യൂണിക്കേഷനും ഫില്‍റ്റര്‍ കാപ്പിയും കട്‌ലറ്റ് ബര്‍ഗറും ഇല്ലാത്ത ലോകമാണ് സമാധാനപരമെന്ന് ഞന്‍ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. നിന്‍റെ വീടിനു പിന്നാമ്പുറത്ത് അരി വിളയുമോ, വസ്ത്രം വിളയുമോ, തുകല്‍ വിളയുമോ, ചായ വിളയുമോ, മദ്യം വിളയുമോ എന്നിങ്ങനെ പേമാരി കണക്കിന് മനസ്സ് ചോദ്യങ്ങളെറിഞ്ഞു. ഞാന്‍ തളര്‍ന്നു.

പണവും സമ്പത്തുമെല്ലാം എന്‍റേതും അവന്‍റേതുമല്ലെന്ന് ആരുടേതുമല്ലെന്ന് എനിക്കറിയാം. എല്ലാമെറിഞ്ഞു കളഞ്ഞ്, ഞാന്‍ കാട്ടില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തി. കാട്ടിലെന്തുണ്ട് നിനക്കു തിന്നാന്‍ ബാക്കിയെന്ന് മനസ്സ്. രേഖകളും കാര്‍ഡുകളും കടലാസുകളും നഷ്ടപ്പെട്ടാല്‍ നീ ഈ ഭൂമുഖത്ത് ജീവിക്കുന്ന, മരണം ഏതു നിമിഷവും തേടിയെത്താവുന്ന ഒരു സങ്കല്പം മാത്രമായി ഒടുങ്ങുമെന്ന് മനസ്സെനിക്ക് താക്കീത് നല്‍കി. അടവുകളുടെയും കുടിശ്ശികകളുടെയും തടങ്കലില്‍ നീ നിന്‍റെ കുടുംബത്തെ ഒറ്റപ്പെടുത്തുമെന്ന് അവനെന്നെ സെന്‍റിയാക്കി.

നമുക്കു വാക്കുകളിലെ അര്‍ത്ഥവും ശബ്ദവുമെന്ന പോലെ ഒന്നായി ജീവിച്ചു കൂടെ? കഴിയില്ലെന്ന് മനസ്സു തറപ്പിച്ച് പറഞ്ഞു. എങ്കില്‍ നമുക്കൊറ്റക്കൊറ്റക്കു ജീവിക്കാമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. മനസ്സു ചിരിച്ചു. ഞാനൊറ്റക്കു ജീവിച്ചേക്കാം, നിനക്കതിനും കഴിയില്ലല്ലോ.

നീ പോഡേയ്, ഞാനെന്നെത്തന്നെ കൊന്നു കളഞ്ഞു. മനസ്സ് മാത്രമായി ജീവിക്കുന്നു.

Friday, June 20, 2008

ജീവിതമേ...

ഹേ... ജീവിതമേ... :-)
ഹാ! ജീവിതമേ... :-
ഹൌ... ജീവിതമേ... :-(

Thursday, January 24, 2008

കുരങ്ങേഷും മംഗീഷയും



"ഹെലോ, ആരാ?"

"താനാരാ?"

"പപ്പൂസല്ലേ?"

"അതേല്ലോ!"

"എങ്കില്‍ താനാരാന്ന് ആദ്യം പറ!"

"ങേ...!!!???"

"തുംകൂര്‍ റോഡ്, നീലിമലക്കാട്... ഓര്‍ക്കുന്നോ!"

"ഓഹ്... കുരങ്ങേഷ്....?"

"ഹ ഹ, മറന്നില്ല അല്ലേ?

"മറക്കാനോ, ഹൌ കാന്‍ ഐ ഡിയര്‍ കുര...?"

"ചുരുക്കി വിളിക്കണ്ട, മുഴുപ്പേരു വിളി."

"ങ്ങേഷ്..."

"ഓകേ, ഒന്നു കാണണം"

"ദാ എത്തി..."

പപ്പൂസ് ഫോണ്‍ കീശയിലിട്ട് താഴേക്കിറങ്ങി. ബൈക്ക് എടുത്തു. വഴി നീളെ പോലീസുകാരുണ്ടാവാം. ഹെല്‍മെറ്റെടുത്തു വച്ചു. പാതി ദൂരം ചെന്നപ്പോളാണ് ഓര്‍ത്തത്. ഗ്ലാസ്സെടുത്തില്ല. പോട്ടെ, കുമ്പിളിലഡ്ജസ്റ്റു ചെയ്യാം. പപ്പൂസ് വണ്ടി വിട്ടു.

നീലിമലക്കാട്ടിലേക്കു കയറുന്ന വഴിയിലുള്ള അരുവി. തെളിഞ്ഞ വെള്ളം കണ്ട് പപ്പൂസിനു സന്തോഷമായി. അക്കരേക്കു നോക്കി പപ്പൂസ് ഉറക്കെ കൂവി.

"പൂയ്..യ്.....യ്........."

അപ്പുറത്തു നിന്നും പ്രതിധ്വനി കേട്ടു. പുറകേത്തന്നെ മരക്കൊമ്പുകള്‍ ചാടിച്ചാടി ട്രപ്പീസു കളിക്കുന്ന സര്‍ക്കസ്സുകാരെക്കാള്‍ വിദഗ്ദമായി കുരങ്ങേഷ് പറന്നു ലാന്‍ഡ് ചെയ്തു.

"ഹേയ് മാന്‍, ഹൌ ആര്‍ യൂ?"

കുരങ്ങേഷ് അഭിസംബോധന ചെയ്തു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു.

"ബാ, മരത്തിലേക്കു പോകാം!"

കുരങ്ങേഷ് വിളിച്ചു. ചെരിപ്പെല്ലാം ഊരിക്കളഞ്ഞ് പപ്പൂസ് ആഹ്ലാദത്തോടെ അരുവിയിലേക്ക് എടുത്തു ചാടി. മേലെല്ലാം നനച്ച് അരുവി കടന്ന് മരമുകളിലെത്തിയപ്പോഴേക്കും കുരങ്ങേഷ് പറന്നവിടെയെത്തിയിരുന്നു. പൊത്തിലൊളിപ്പിച്ചു വച്ച കുപ്പിയെടുത്ത് കുരങ്ങേഷ് അപ്പിടി വായിലേക്കു കമിഴ്‍ത്തി. പപ്പൂസിനതു കണ്ട് ആശ്ചര്യമായി. പപ്പൂസ് കുപ്പി പിടിച്ചു വാങ്ങി.

"നിനക്കെന്തു പറ്റി കുരങ്ങൂ? നീയിങ്ങനെയായിരുന്നില്ലല്ലോ!"

"ഒന്നും പറയേണ്ട പപ്പൂ... മംഗീഷയാണു കാരണം!"

"ശ്ശോ, അവള്‍ നിന്റെ ഭാര്യയല്ലേടാ? ദാമ്പത്യജീവിതത്തില്‍ ഇതൊക്കെ സാധാരണം. എന്തു പറ്റി?"

"വഴിയേല്‍ പോകുന്നവരെയെല്ലാം അവള്‍ കമന്റടിക്കുന്നു."

"അതെന്തിന്?"

"കമന്റു തിരിച്ചു കിട്ടാനാണത്രേ!"

"ഓഹ് മൈ ബാഡ്‍നെസ്സ്!"

"രാവിലെ പുട്ടും കടലേം വച്ച് എന്നോടു കമന്റു ചോദിക്കുന്നു."

"താനെന്തു പറഞ്ഞൂ?"

"മിണ്ടിയില്ല"

"എന്നിട്ട്?"

"അവളൊരു കുഴി കുത്തി ആ പുട്ടും കടലേമെടുത്ത് അതിലിട്ടു മൂടി."

"അതെന്തിന്?"

"കമന്റു കിട്ടാത്തതു കൊണ്ട് പുട്ട് ഡിലീറ്റിയതാത്രേ!"

"യൂ മീന്‍, യൂ മീന്‍..... അവളൊരു... ക്ലോഗ്ഗിണി??!"

പപ്പൂസ് ഞെട്ടി. കുരങ്ങേഷ് വിഷാദത്തോടെ നെറ്റിയില്‍ കൈ വച്ചു.

"യേ...സ്...!!!"

പപ്പൂസ് കുരങ്ങേഷിനെ തലോടി. കുരങ്ങേഷിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. കുരങ്ങേഷ് പപ്പൂസിന്റെ മടിയിലേക്കു തല ചായ്‍ച്ചു. പപ്പൂസ് അവന്റെ കണ്ണുകള്‍ തുടച്ചു. ഇറ്റു വീണ കണ്ണീരിന്റെ ചൂടില്‍ പപ്പൂസിന്റെ കാലു പൊള്ളി.

"അവളെ ഞാനൊന്നു കാണുന്നുണ്ട്!"

പപ്പൂസ് ഇറങ്ങിയോടി. അരുവിക്കരയില്‍ നിന്ന് ആലോചനയിലാണ് മംഗീഷ. പപ്പൂസ് അടുത്തു ചെന്നു.

"മംഗീഷേ..."

മംഗീഷ തിരിഞ്ഞു നോക്കി.

"ഓഹ്, പപ്പൂസോ. അന്നു ഞങ്ങളുടെ ഫോട്ടോ അടിച്ചു മാറ്റിക്കൊണ്ടു പോയി പണയം വച്ച് പത്തിരുപതു കമന്റ് മേടിച്ചല്ലേ?"

പപ്പൂസിനു മനസ്സിലായി. മംഗീഷ തീര്‍ത്തും ക്ലോഗ് ലോകത്താണ്. മനസ്സില്‍ തോന്നിയ ഐഡിയ പറഞ്ഞു.

"നേരിട്ടു ചോദിച്ചതാണ് മംഗീഷേ പ്രശ്നമായത്. മാപ്പു പറഞ്ഞാല്‍ മതി. വെറുമൊരു മാപ്പിന് പപ്പൂസിനെ നാല്‍പ്പതു കമന്റു കിട്ടി."

"ഉവ്വോ, ഞാന്‍ പറയട്ടേ, കുരങ്ങേഷിനോട് ഒരു മാപ്പ്?"

മംഗീഷ സന്തോഷവതിയായി. പപ്പൂസിനും സന്തോഷമായി. കുരങ്ങേഷിനും മംഗീഷക്കും കേടില്ലാതെ കാര്യം സാധിച്ചു. മംഗീഷ ഓടി കുരങ്ങേഷിനടുത്തു ചെന്നു. അവള്‍ ഉറക്കെ പാടി.

"പ്രിയനേ കുരങ്ങേഷേ തെറ്റുകള്‍ പറ്റിപ്പോയീ
ഹൃദയം സ്പര്‍ശിച്ചു ഞാന്‍ പറയുന്നിതാ സോറി..."

കുരങ്ങേഷിനതു വിശ്വസിക്കാനായില്ല. ആഹ്ലാദക്കണ്ണീരോടെ കുരങ്ങേഷ് മംഗീഷയുടെ അടുത്തു ചെന്ന് അവളെ മാറോടണച്ചു. ഗദ്ഗദത്തില്‍ വാക്കുകളൊന്നും പുറത്തു വന്നില്ല. മംഗീഷ അഞ്ചു മിനിറ്റ് കാത്തു. നോ റെസ്പോണ്‍സ്... നോ കമന്‍റ്‍സ്...

"ഛേ, ഒന്നിനും കൊള്ളില്ല ഇവനെ..."

ഇതും പറഞ്ഞ് കുരങ്ങേഷിനെ തട്ടിമാറ്റി മംഗീഷ നടന്നകന്നു. കുരങ്ങേഷ് സ്തബ്ധനായി നോക്കി. ഐഡിയ ചീറ്റിപ്പോയതില്‍ പപ്പൂസ് വളിഞ്ഞു. കുരങ്ങേഷിനോടൊരു വാക്കു പറയാമായിരുന്നു. പപ്പൂസ് ഓടിച്ചെന്നു മംഗീഷയെ വിളിച്ചു.

"തീര്‍ന്നില്ല. മറ്റൊരു ഐഡിയ കൂടി ഉണ്ട്."

"എന്താ?" മംഗീഷക്കാകാംക്ഷയായി.

"വിമര്‍ശനം"

പണ്ടൊരു വിമര്‍ശനം പോലെ തോന്നിച്ച സാധനത്തില്‍ ഉളുക്കിപ്പോയ നടു നിവര്‍ത്തി പപ്പൂസ് പറഞ്ഞു.

"അതിനെനിക്കു വിമര്‍ശിക്കാനറിയില്ലല്ലോ!"

"ആരു പറഞ്ഞു അറിയണമെന്ന്? ഞാന്‍ വിമര്‍ശിക്കാന്‍ വന്നതാണെന്നും പറഞ്ഞ് നാലു തെറി വിളിക്കണം. അതു തന്നെ ക്ലോഗിലെ വിമര്‍ശനം!"

"തെറിയെന്നു പറഞ്ഞാല്‍?" മംഗീഷക്കു സംശയമായി. പപ്പൂസ് സംശയം ദൂരീകരിച്ചു.

"കള്ള ---- മോനേ... ഈ രണ്ടു വാക്കുകള്‍ക്കിടയില്‍ ഏത് അന്യജീവിയുടെ പേരു ചേര്‍ത്തു വിളിച്ചാലും വിമര്‍ശനമായി. അത്രേ ഉള്ളു."

"ഓഹോ"

മംഗീഷ ഉശിരോടെ കുരങ്ങേഷിനടുത്തേക്കു നടന്നടുത്തു. ഉറുമ്പു മുതല്‍ ആന വരെയുള്ള എല്ലാ ജീവികളുടെ പേരും ആ വാക്കുകള്‍ക്കിടയില്‍ തിരുകിക്കയറ്റി മംഗീഷ നാടു കയറി. കുരങ്ങേഷിന്റെ മുഖം ചുവന്നു തുടുത്തു. ദേഷ്യം കൊണ്ട് വിറച്ച കുരങ്ങേഷ് അതിലും നല്ല മുട്ടന്‍ തെറികള്‍ തിരിച്ചുപയോഗിച്ചു.
കുരങ്ങേഷിന്റെ കമന്റുവര്‍ഷം കേട്ട് മംഗീഷക്കു സന്തോഷം മൂത്ത് കണ്ണില്‍ നിന്നും വെള്ളം വന്നു. അവള്‍ ആഹ്ലാദത്തോടെ കുരങ്ങേഷിനെ നോക്കി പറഞ്ഞു.

"ഇതു നേരത്തേ ചെയ്താല്‍ പോരായിരുന്നോ?"

കുരങ്ങേഷിനതു കേട്ടു കലി കൂടുകയാണുണ്ടായത്. കള്ള ബടുക്കൂസേ എന്നും വിളിച്ച് കുരങ്ങേഷ് കൈ നിവര്‍ത്തി മംഗീഷയുടെ മുഖം നോക്കിയൊന്നു കൊടുത്തു!!!!

അരുവി ചാടിയോടുന്ന പപ്പൂസിനെയാണ് കുരങ്ങേഷും മംഗീഷയും പിന്നെ കണ്ടത്. എന്തായാലും മംഗീഷ അതിനു ശേഷം പുട്ടു തിന്നണേല്‍ തിന്നോ എന്നു പറഞ്ഞു കുരങ്ങേഷിനു മുമ്പില്‍ വക്കുകയല്ലാതെ കമന്റു ചോദിച്ചിട്ടേയില്ലത്രേ.