Showing posts with label കല്ലുകള്‍ കഥ പറയുമ്പോള്‍. Show all posts
Showing posts with label കല്ലുകള്‍ കഥ പറയുമ്പോള്‍. Show all posts

Wednesday, November 18, 2009

കല്ലുകള്‍ കഥ പറയുമ്പോള്‍! - 3

ഇതാണ് ഹമ്പിയിലെ പഴയ കൃഷ്ണദേവാലയം. കയറിപ്പോകേണ്ട കവാടം വരെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. 




സുല്‍ത്താന്മാര്‍ സാമാന്യം നന്നായി ഇടിച്ചു നിരപ്പാക്കിപ്പോയ വിജയനഗരം നൂറ്റാണ്ടുകളോളം അവഗണിക്കപ്പെട്ടു കിടന്നു. പിന്നീടുള്ള പുനരുദ്ധാരണങ്ങള്‍ക്കൊന്നും അതിനു പഴയ ജീവന്‍ നല്കാന്‍ കഴിഞ്ഞില്ല. യുനെസ്കോയുടെ  World Heritage Sites List ല്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയ ഇരുപത്തേഴെണ്ണത്തില്‍ ഒന്ന് ഹമ്പിയാണ്. 

1513ആം ആണ്ടില്‍ ഇന്നത്തെ ഒറീസ്സയിലെ അന്നത്തെ സാമ്രാജ്യമായിരുന്ന ഉദയഗിരി പിടിച്ചടക്കി, അവിടെ നിന്നും താങ്ങിക്കൊണ്ടു വന്ന ഒരു കൃഷ്ണവിഗ്രഹം കുത്തിനിര്‍ത്തി കൃഷ്ണദേവരായര്‍ മുന്‍കയ്യെടുത്ത് കെട്ടിപ്പൊക്കിയതാണ് ഈ ദേവാലയം. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ മാര്‍ക്കറ്റ് ഇതിനു നേരെ എതിര്‍വശത്താണുള്ളത്. 

കവാടം കടന്ന് മുന്നോട്ടു നടക്കുമ്പോള്‍ കാണുന്നത് ഒരു വലിയ മണ്ഡപമാണ്. അതിനകത്തു തന്നെയാണ് പ്രധാന ശ്രീകോവില്‍. ഇടത്തും വലത്തുമൊക്കെ കൊച്ചുകൊച്ചു പ്രതിഷ്ഠകള്‍ വേറെയുമുണ്ട്. കുഞ്ഞ്ച്ചന്‍റെ പരമഭക്തയയ ഭാര്യ പൂജ നടക്കാത്ത അമ്പലമാണെന്നതൊക്കെ മറന്ന് ഭക്തസാന്ദ്രമായി കണ്ണടച്ചാണ് നില്പും നടപ്പും.




"ഇനി വീട്ടീച്ചെന്ന് പടത്തില്‍ കാണുമ്പോ ഇതൊന്നും ഞാന്‍ കണ്ടില്ലേന്ന് ഒച്ച വച്ചേക്കരുത്."

കുഞ്ഞച്ചന്‍റെ കമന്‍റ് കേട്ടിരുന്നെങ്കില്‍ ഭക്തരമണി ഭദ്രകാളിയായി മാറിയേനെ. ഭാഗ്യം, കേട്ടില്ല!

ഇടത്തുഭാഗത്ത് കാഴ്ചക്കാരാരും അങ്ങനെ എത്തി നോക്കാത്ത ഒരു മുറി കാണുന്നു. കൗതുകം മൂത്ത് ഞാനും കുഞ്ഞച്ചനും അതിനകത്തു കേറി. 

"മോനേ, ഇതാണ് അമ്പലത്തിന്‍റെ അടുക്കള."

ഞാന്‍ കുഞ്ഞച്ചനെ നോക്കി.

"എനിക്കും തോന്നി, ഒരു വളിച്ച സാമ്പാറിന്‍റെ മണം. ഇനി പതിനാറാംനൂറ്റാണ്ടിലുണ്ടാക്കിയ സാമ്പാറെങ്ങാന്‍ വല്ല വട്ടീലോ ചെമ്പിലോ കിടപ്പുണ്ടോ അളിയാ?"

കുഞ്ഞച്ചന്‍ സീരിയസ്സായി മുപ്പതു മില്ലിയടിച്ച ഒന്നരക്കാലന്‍ പാപ്പച്ചനെപ്പോലെ കുനിഞ്ഞ് മൂക്കു വിടര്‍ത്തി നടന്നു നടന്ന് സാമ്പാറിന്‍റെ ഉദ്‍ഭവസ്ഥാനം കണ്ടെത്തി. ആട്ടുകല്ലു പോലൊരു പഴയ കല്‍ക്കുമ്പിളിനകത്ത് കെട്ടിക്കിടക്കുന്ന വെള്ളം. 

"അവസാനം കഴുകീത് പതിനാറാം നൂറ്റാണ്ടിലാണെന്നു തോന്നുന്നു."

ഒരു കമന്‍റു കൂടി പാസാക്കി കുഞ്ഞച്ചന്‍ വേഗം തിരിച്ചു നടന്നു. പഴയ ഭക്തപ്രജകള്‍ക്ക് പച്ചരിച്ചോറും സാമ്പാറും ചോളവുമൊക്കെ വച്ചു വിളമ്പി വിശ്രമിക്കുന്ന ദേഹണ്ണക്കാരന്‍ തലേക്കെട്ടഴിച്ച് വിയര്‍പ്പാറ്റുന്നതു മനസ്സില്‍ക്കണ്ട് ഞാന്‍ ഒരു മിനിറ്റു കൂടെ നിന്നു, നടന്നു. 

ദേവാലയത്തിന്‍റെ വലതു ഭാഗത്ത് മറ്റൊരു മഹാമണ്ഡപമുണ്ട്. ഇതിനകത്തുള്ള പല തൂണുകളിലായി കൊത്തിവച്ചിരികുന്നത് ദശാവതാരം ആണെന്ന് ഞാന്‍ കുഞ്ഞച്ചനോടു പറഞ്ഞു. എന്തോ കണ്ടുപിടിച്ച പോലെ അവന്‍റെ മുഖത്തൊരു ബള്‍ബ് തെളിഞ്ഞു.

"അപ്പം ഇതു കണ്ടിട്ടാവും അല്ലേ അളിയാ കമലഹാസന്‍ പടം പിടിച്ചത്!"

എന്‍റമ്മേ!! ഈ പൂതത്തോട് മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലാക്കി ഞാന്‍ തോറ്റു കൊടുത്തു.

"അതേടാ, ഇതു കണ്ടിട്ടു തന്നെ."




ഞങ്ങള്‍ ദേവാലയത്തെ വലം വച്ച് നടന്നു. ഈ പാറക്കല്ലുകളില്‍ കവിതകള്‍ കൊത്തിയെടുത്ത ശില്പികള്‍ (അവരെയും കവികളെന്നു വിളിക്കാമോ, ചുമ്മാ ;-) വാ പൊളിച്ചു നടക്കുന്ന എന്നെ നോക്കി നാലുപാടും നിന്ന് മന്ദഹസിക്കുന്നു. വിചിത്രമായ വിഭ്രമിപ്പിക്കുന്ന വിഷ്വലുകള്‍ യാത്രകളില്‍ എന്നെ പിടികൂടുന്നത് ആദ്യമല്ല. 




ദേവലയത്തിന്‍റെ പിറകില്‍ മതിലിനു വെളിയിലേക്കു നീളുന്ന ഒരാള്‍ക്കു കഷ്ടി നുഴഞ്ഞു കടക്കാവുന്ന ഒരു വഴിയുണ്ട്. അതിലൂടെ പുറത്തേക്കു നോക്കിയാല്‍ ഇടിച്ചുനിരത്തിയ അവശിഷ്ടങ്ങള്‍ പലയിടത്തായി കൂമ്പാരമിട്ടിരിക്കുന്നതു കാണാം. 




പുറത്തേക്കിറങ്ങിയതും ഷൗക്കത്ത് ഞങ്ങളെ വണ്ടിക്കകത്തേക്ക് ആട്ടിപ്പായിച്ചു. അടുത്ത സ്ഥലത്ത് ചിലവാക്കുന്ന നേരത്തിനനുസരിച്ച് ട്രിപ്പിലെ ഐറ്റംസ് ഒന്നൊന്നായി കട്ടു ചെയ്യേണ്ടി വരുമെന്ന് ഒരു വാണിംഗും തന്നു. ഹും! ആവശ്യം നമ്മുടേതായിപ്പോയി, ഇല്ലേല്‍ കാണിച്ചു തരാമായിരുന്നു! :-(

മരണസ്പീഡില്‍ പാഞ്ഞു പോയ പുള്ളി പിന്നെ നിര്‍ത്തിയത് ഒരു ബോര്‍ഡിനു മുമ്പിലാണ്. എന്നിട്ട് വലത്തോട്ടു ചൂണ്ടിക്കാണിച്ച് ’വേണേ നടന്നോ’ എന്നൊരാംഗ്യവും. ഇയാള്‍ എന്തേയിങ്ങനെ ഇറിറ്റേറ്റഡാവുന്നു എന്ന് അദ്‍ഭുതം തോന്നി. ഇനി പഴേ ജന്മത്തിലെങ്ങാന്‍ ഞാന്‍ കൃഷ്ണദേവരായറും ഇയാള്‍ സുല്‍ത്താനുമൊക്കെ ആയിരുന്നോ എന്തോ!

ഷൗക്കത്ത് ചൂണ്ടിക്കാണിച്ച വഴിയിലൂടെ, ഒരു ഓവുചാല്‍ എടുത്തു ചാടി ഞങ്ങള്‍ നടന്നു. നിങ്ങളില്‍ മിക്കവരും ഈ സംഗതി ചിത്രങ്ങളിലെങ്കിലും കണ്ടു കാണും. 1528ആം ആണ്ടില്‍ പണികഴിച്ച ഉഗ്രനരസിംഹമൂര്‍ത്തിയാണിത്. 




ഏതാണ്ട് ഇരുപത്തിരണ്ട് അടി (ആറേമുക്കാല്‍ മീറ്റര്‍) ഉയരത്തില്‍ ഒറ്റക്കല്ലില്‍ പണിത ഈ അതികായപ്രതിമ സൂക്ഷ്മമായ കൊത്തുപണികള്‍ നിറഞ്ഞതാണ്. വായ്‍ക്കകത്തെ ദംഷ്ട്രകള്‍ വരെ കൃത്യമായ പ്രൊപ്പോഷനില്‍ കൊത്തിയിരിക്കുന്നു. നല്ല ഉണ്ടക്കണ്ണും വിടര്‍ന്ന വായും ദംഷ്ട്രയുമൊക്കെയായി ആദിശേഷന്‍ വിരിച്ച വിരിപ്പില്‍ ചമ്രം പടിഞ്ഞിരിക്കുകയാണ് ചുള്ളന്‍. വിജയനഗരത്തില്‍ ലഭ്യമായിരുന്ന തരം കല്ലുകള്‍ സൂക്ഷ്മമായ കൊത്തുപണി നടത്താന്‍ കഴിയുന്നതിലും ഹാര്‍ഡ് ആയിരുന്നു. കല്ലുകളുടെ ഈ ദൗര്‍ബല്യത്തെ ശില്പികള്‍ മറി കടന്നത് ശില്പങ്ങളുടെ വലിപ്പത്തില്‍ പ്രകടമായ വര്‍ദ്ധനവു വരുത്തിയിട്ടാണ്. 

നരസിംഹന്‍ ചേട്ടന്‍റെ കൈകളും കാല്പാദവും നെഞ്ചും മാത്രമല്ല തുടയിലിരുന്ന ലക്ഷ്മിയെ വരെ വന്നവര്‍ അടിച്ചുമാറ്റിക്കളഞ്ഞിരുന്നു. (ലക്ഷ്മിയെ ഇപ്പോള്‍ കമലാപുരത്തെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ കേടുപാടുകളോടെ സൂക്ഷിച്ചിട്ടുണ്ട്.)

മനുഷ്യരുമായി റിലേറ്റ് ചെയ്ത് ഈ പ്രതിമയുടെ വലിപ്പം കാണണമെങ്കില്‍ ഇതാ. 



(കുഞ്ഞച്ചന്‍ എടുത്ത ഫോട്ടോ)

കര്‍ത്താവിന്‍റെ കുരിശുരൂപം എടുത്തുമാറ്റി പൂജാമുറിയില്‍ നരസിംഹന്‍റെ ഈ പടം സ്ഥാപിച്ച് നടുവില്‍ രണ്ടു കുരിശുകളുടെ തോളത്തു കയ്യിട്ടു നില്‍ക്കുന്ന ഈ വീരശൂരനെ പൂജിക്കാന്‍ വേണ്ടിയാണ് ഇതെടുത്തതെന്ന് കുഞ്ഞച്ചന്‍റെ പക്ഷം. :-)

തൊട്ടപ്പുറത്തു തന്നെ ഒരു ശിവലിംഗത്തെ ജയിലിലിട്ടു വച്ചിട്ടുണ്ട്. 




മൂന്നു മീറ്റര്‍ ഉയരമുള്ള ശിവലിംഗത്തിന്‍റെ കടക്കല്‍ നിറയെ വെള്ളമാണ്. ഇതു കടഞ്ഞെടുത്തത് കൃഷ്ണദേവരായരുടെ കാലത്ത് ജീവിച്ചിരുന്ന ഒരു നിര്‍ദ്ധനയായ സ്ത്രീയാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. 

നല്ല തെളിഞ്ഞ വെള്ളമൊഴുകുന്ന ഒരു തോടുണ്ട്, ഈ രണ്ടു പ്രതിമകള്‍ക്കും ഇടയില്‍. അവിടെ നിന്നും കാലൊക്കെ ഒന്നു നന്നായി നനച്ചു തണുപ്പിച്ച് ഞങ്ങള്‍ ഇറങ്ങി. ഷൗക്കത്ത് വണ്ടി മൂളിപ്പറപ്പിച്ചു ചെന്നു നിര്‍ത്തിയത് ഒരു ബോര്‍ഡിന്‍റെ മുന്നില്‍.




ഞാനും കുഞ്ഞച്ചനും മുഖത്തോടു മുഖം നോക്കി. പതിനാറാം നൂറ്റാണ്ടിലെ ടോയ്‍ലറ്റ് എങ്ങനെയിരിക്കുമെന്നറിയാനുള്ള ആകാംക്ഷയോടെ കുഞ്ഞച്ചന്‍ പറഞ്ഞു.

"നടക്കാം?"

(തുടരും)

Monday, October 26, 2009

കല്ലുകള്‍ കഥ പറയുമ്പോള്‍! - 2

"ഓഹോ, അപ്പോ നമ്മുടെ ബാലിയണ്ണനും രാക്ഷസന്‍ മായാവിയണ്ണനും കൂടി ഒരു കൊല്ലം മുഴുവന്‍ മല്ലു പിടിച്ച സ്ഥലം ഇവിടാണല്ലേ? ചുമ്മാതല്ല ഒരു പുല്ലു പോലും മുളക്കാതെ വെറും പാറ കൂടിക്കിടക്കണത്!"

പുരാണം കേട്ടപ്പോള്‍ വണ്ടിയില്‍ വച്ചു തന്നെ കുഞ്ഞച്ചന്‍റെ സംശയങ്ങളുണര്‍ന്നു. ജിജ്ഞാസ സട കുടഞ്ഞു.

"എന്നിട്ട്. ബാക്കി ചരിത്രം പറ."

"ചരിത്രമല്ലെടാ, ഇതു വരെ പറഞ്ഞതൊക്കെ പുരാണം. ചരിത്രം വേറൊരു വഴിക്കാണ്."

"നീ അധികം പുരാണം വിളമ്പണ്ട, സംഗതി പറ."

"ഓക്കേ, ക്രിസ്തുവിനു ശേഷം ഏതാണ്ട് ആയിരത്തൊന്നാമാണ്ടിലാണ് ഇപ്പഴത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും മിസ്റ്റര്‍ സുല്‍ത്താന്‍ മഹ്‍മൂദ് ഗസ്‍നിയും കുറേ പയ്യന്മാരും കൂടെ നിയന്ത്രണമില്ലാതിരുന്ന രേഖകളൊക്കെ വെട്ടി വെട്ടി നിരത്തി ഇന്ത്യയിലെത്തിയത്. പിന്നീടങ്ങോട്ട് വാരാണസിയും ഉജ്ജയിനിയും മഥുരയും ദ്വാരകയുമൊക്കെ പുള്ളി പത്തിരുപതു വര്‍ഷം കൊണ്ട് തൂത്തുവാരിയെടുത്തു. അങ്ങേരുടെ പുറകെ വന്ന കൊച്ചുസുല്‍ത്താന്മാരെല്ലാം പുള്ളി കൊള്ളയടിച്ചു മടുത്ത ഓരോ സ്ഥലത്ത് സ്ഥിരതാമസമാക്കി."

"ഗഡി കൊള്ളാമല്ലോ! നല്ല ആംപിയറു തന്നെ!"

"ങാ, 1030ല്‍ മഹ്‍മൂദ് വടിയായി. പക്ഷേ, പുറകേ വന്നവരൊക്കെ യുദ്ധം തുടര്‍ന്നു. മുന്നൂറാണ്ട് യുദ്ധത്തോടു യുദ്ധം. വടക്കേ ഇന്ത്യയിലെ സ്ഥിതി ഏതാണ്ട് ഇന്നത്തെ പാക്കിസ്ഥാനിലും കഷ്ടമായി. ടെന്‍ഷനൊഴിഞ്ഞ നേരമില്ല. തലങ്ങും വിലങ്ങും വാളുവെപ്പ്!"

"ങേ!!!!"

കുഞ്ഞച്ചന്‍ ഞെട്ടി.

"ഓസീയാറൊക്കെ പന്ത്രണ്ടാം നൂറ്റാണ്ടിലേ ഉണ്ടായിരുന്നോ അളിയാ?"

"ആ വാളുവെപ്പല്ലെടാ സാമ്രാജ്യദ്രോഹീ. ഉടവാളെടുത്ത് കഴുത്തിനു വെപ്പ്! തുടര്‍ന്ന് അലാവുദ്ദിന്‍ ഖില്‍ജി, മാലിക് ഖഫുര്‍, മുബാറക് തുടങ്ങിയവര്‍ നമ്മുടെ തെക്കന്‍ പ്രദേശത്തേക്ക് മാര്‍ച്ചു തുടങ്ങി. തുരുതുരാ യുദ്ധം. തെക്കിലെ ചിന്ന സാമ്രാജ്യമായിരുന്ന ദേവഗിരിയിലെ കുമാരന്‍ ഹരിപാലദേവനെ മുബാറക് ജീവനോടെ തൊലിയുരിച്ചതോടെ എന്‍ട്രി ഏതാണ്ട് തീരുമാനമായി. വാറംഗല്‍ തകര്‍ന്നു. മുഹമ്മദ് തുഗ്ലക്ക് ഡെല്‍ഹിയിലിരുന്നു വീശിയ വാളൊച്ച കേട്ട് തെക്കേ ഇന്ത്യയിലെ കിലോമീറ്ററുകളോളം വേരുപരന്ന പേരാലുകള്‍ വരെ കിലുകിലാ വിറച്ചു."

"ഹൊ! ഭയങ്കരന്മാര്‍! എന്നിട്ട്?"

"പൊടുന്നനെ, 1334ആം ആണ്ടില്‍ ഒറ്റയടിക്ക് എല്ലാം നിലച്ചു. പിന്നീടങ്ങോട്ട് ഒരു ഇരുന്നൂറ്റമ്പത് കൊല്ലത്തേക്ക് സുല്‍ത്താന്മാര്‍ക്ക് അവരുടെ വെന്നിക്കൊടി ഒരടി മുമ്പോട്ടു കടത്തി നാട്ടാന്‍ കഴിഞ്ഞില്ല!"

"സത്യം?!?! അതെങ്ങനെ? വാളൊച്ച കേട്ട് പേരാലു വരെ നിലം പൊത്തിയെന്നു പറഞ്ഞിട്ട്?"

"ആനേഗുണ്ടി!"

"കുടുംബം കൂടെയുള്ളപ്പോ വൃത്തികേടു പറയുന്നോടാ കഴുവേറീ?"

കുഞ്ഞച്ചന്‍ വയലന്‍റായി.

"അല്ലെഡേ. അതാ സാമ്രാജ്യത്തിന്‍റെ പേരാ. ആനെഗുണ്ടി. ദോ ഈ പുഴക്കപ്പുറം, ആ മലക്കിപ്പുറം കിടക്കുന്ന അന്നത്തെ ഗ്രേറ്റ് വാള് ഓഫ് സൗത്ത് ഇന്‍ഡ്യ."




"ഹൊ! ഈ രാജാക്കന്മാരെ സമ്മതിക്കണം. ഇമ്മാതിരി വൃത്തികെട്ട പേരൊക്കെയുള്ള സമ്രാജ്യത്ത് പ്രധാനമന്ത്രിസ്ഥാനം കിട്ടിയാലും ഞാനൊക്കെ വേണ്ടെന്നു വക്കത്തേയുള്ളൂ!"

ഞങ്ങള്‍ പുറത്തിറങ്ങി. ’വെള്ളത്തിലൊക്കെ ഇറങ്ങിക്കളിച്ച് എനിക്ക് മെനക്കേടുണ്ടാക്കരുത്, കേട്ടോടാ’ എന്ന ഭാവത്തിലൊരു നോട്ടമെറിഞ്ഞ് ഷൗക്കത്ത് അടുത്തു കണ്ട ചായക്കടയിലേക്കു നടന്നു.

"അങ്ങനെ കുഞ്ഞച്ചാ, ആ ആനെഗുണ്ടിയാണ് പിന്നീട് തെക്കേ ഇന്ത്യ മുഴുവന്‍ ഒരിക്കല്‍ കരം കൊടുത്തിരുന്ന വിജയനഗരമായി മാറിയത്."

ഞങ്ങള്‍ ഇറങ്ങി നടന്നു. തുംഗഭദ്ര പുഴയാണിത്. പൊരിവെയിലാണ്. നല്ല ചൂടും. ഒട്ടും വിയര്‍ക്കുന്നുമില്ല. നല്ല തണുത്ത വെള്ളം കണ്ടപ്പോള്‍ എനിക്ക് ആവേശമായി. ഓടിച്ചെന്ന് കയ്യും കാലും മുഖവുമൊക്കെ വെള്ളത്തിലിട്ടെടുത്തപ്പോളാണ് സമാധാനമായത്.

പണ്ട്, ആനെഗുണ്ടിയെയും ഇപ്പുറത്തുള്ള കൊച്ചുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഗ്റേറ്റ് ഗതാഗതേഷ് കൊട്ടത്തോണി (coracle) ഇപ്പഴും ഇവിടെയുണ്ട്. ചിലരൊക്കെ കൊട്ടത്തോണിയില്‍ ജലസഞ്ചാരം നടത്തുന്നു, മറ്റു ചിലര്‍ പാറപ്പുറത്തിരുന്ന് ഉച്ചവെയിലു കൊള്ളുന്നു. ഞാന്‍ കാമറയെടുത്ത് ഒന്നുന്നം പിടിച്ചു.

ക്ലിക്ക്!!!!




രണ്ടാമതൊന്നു കൂടി എടുക്കാന്‍ ഫുള്‍ സൂം ചെയ്തു.

"ക്‍ടക്... ക്‍ടക്... ക്‍ടക്... ക്‍ടക്..."

ചിത്രം പതിയും മുമ്പേ Canon S2IS കാമറ ബ്ലാങ്ക്, ബ്ലാക്ക് സ്ക്രീന്‍!! അതിനടിയിലൊരു ചെറിയ കുറിപ്പും. E18! (പിന്നങ്ങോട്ട് ഫുള്‍ സൂം ചെയ്യാന്‍ നോക്കുമ്പോളൊക്കെ ഇതേ പ്രശ്നം. പാതി സൂം ചെയ്താല്‍ ചില ഭാഗത്ത് ഫോക്കസ് കിട്ടുന്നുമില്ല! അതു കൊണ്ട് ചിത്രങ്ങള്‍ മോശമായതിനൊക്കെ കാമറയെ പറഞ്ഞാല്‍ മതിയല്ലോ! തിരിച്ച് നാട്ടിലെത്തി ഗൂഗിള്‍ ചെയ്തു നോക്കിയപ്പോളാണ് സംഗതി ലെന്‍സിന് ഇരിപ്പുറക്കാത്തതിന്‍റെ കുഴപ്പമാണെന്ന് മനസ്സിലായത്. ലെന്‍സിന്‍റെ ചെവിക്ക് ഒന്നമര്‍ത്തിപ്പിടിച്ച് ഇരുത്തിയപ്പോ സംഗതി ശരിയായി! ഈ എററിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിത്ത് ഫിക്സ് ഇവിടെ.

 മനസ്സും ശരീരവുമൊക്കെ കുളിര്‍പ്പിച്ച് ഞങ്ങള്‍ തിരിച്ചു നടന്നു.

"അല്ല കുള്ളാ, ഈ ആനെഗുണ്ടി എങ്ങനെയാ പിന്നെ വിജയനഗരമായത്?"

കുഞ്ഞച്ചന് വീണ്ടും സംശയമുണര്‍ന്നു.

"നീ മിസ്റ്റര്‍ ഹക്കരായനെയും അദ്ദേഹത്തിന്‍റെ ബ്രദര്‍ ബുക്കരായനെയും പറ്റി കേട്ടിട്ടുണ്ടോ?"

"ജമ്പനും തുമ്പനും പോലെ ഹക്കനും ബുക്കനും എന്നോ മറ്റോ ചിത്രകഥയില്‍ വായിച്ച ഓര്‍മ്മ!"

"യെസ്, അന്ത ഹക്കരായരാണ് ഈ വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്."

"ഓഹോ, അവര് കേരളത്തീന്നു വന്ന നായന്മാരായിരുന്നോ?"

"നായരല്ലെടാ കൂപമണ്ഡൂകമേ, രായര്‍! ഹക്കരായര്‍ ആനെഗുണ്ടിയുമായി ചേര്‍ന്ന് സ്ഥാപിച്ച വിജയനഗരം എന്ന കൊച്ചു പട്ടണം ബുക്കരായരും കൂടെ ചേര്‍ന്ന് വലിയ ഒരു സാമ്രാജ്യമാക്കി മാറ്റി. സുല്‍ത്താന്മാരോടുള്ള ഇവരുടെ ചെറുത്തുനില്പു കണ്ട് തമ്മിലടിച്ചു കഴിഞ്ഞിരുന്ന സൗത്തിലെ മിക്ക കുഞ്ഞുരാജാക്കന്മാരും രക്ഷക്കു വേണ്ടി ഇവരുടെ കാല്‍ക്കല്‍ കൊടുവാളു വച്ചു കീഴടങ്ങിയെന്നാണ് കേള്‍വി!"

"വാള് അവന്മാര്‍ക്കും ഒരു വീക്ക് നെസ്സായിരുന്നല്ലേ? ചുമ്മാതല്ല നമ്മളു സൗത്തന്മാര്‍ സ്ഥിരം വാളു വപ്പുകാരായി മാറിയത്!"

കുഞ്ഞച്ചന്‍റെ ആത്മഗതം കേട്ട് എനിക്കു ചിരി വന്നു. ഷൗക്കത്ത് വണ്ടി ചവിട്ടി. ഞാന്‍ ഇടത്തോട്ടു തിരിഞ്ഞു നോക്കി. ശ്രീമതിയും കുഞ്ഞച്ചനും വലത്തോട്ടും.

"വോവ്!!! വിജയനഗരം ബസാര്‍!"

ഞാന്‍ ഉത്സാഹവാനായി.

"ബസാറല്ലെടാ, ഇതേതോ അമ്പലമാ?" കുഞ്ഞച്ചന്‍റെ പ്രതികരണം.

"കരണം നോക്കിയൊന്നു തരും, ഇടിഞ്ഞു പൊളിഞ്ഞ ഈ സ്ഥലമാണോടാ അമ്പലം?"

ഇടിഞ്ഞു പൊളിഞ്ഞോ! കുഞ്ഞച്ചന്‍ എന്‍റെ നേരെ തിരിഞ്ഞു. അപ്പോളാണ് ഇടത്തേ ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പഴയ ചന്ത അവന്‍റെ കണ്ണില്‍പ്പെട്ടത്. വായില്‍ വന്ന തെറി അടക്കിപ്പിടിച്ച് തിരിഞ്ഞപ്പോളാണ് എതിര്‍വശത്ത് ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം എന്‍റെ കണ്ണില്‍പ്പെട്ടത്. ശ്രീമതിമാര്‍ രംഗം പിടി കിട്ടാതെ അന്തം വിട്ടു നോക്കുകയാണ്. ചെറുചിരിയോടെ ഞങ്ങള്‍ പുറത്തിറങ്ങി. ആദ്യം ബസാറിലേക്കു തന്നെ വച്ചു പിടിച്ചു.




റോഡ് ബസാറിനും കുറേയടി മുകളിലാണ്. പടികളിറങ്ങി ഞങ്ങള്‍ നടന്നു. കല്‍ത്തൂണുകളും കല്‍ച്ചീളുകളും വച്ച് നീളത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഒന്നാന്തരം ചന്ത. മേല്‍ക്കൂരയായി പരത്തിയ കല്‍ച്ചീളുകളിലൊക്കെ മണ്ണുനിറഞ്ഞ് പുല്ലും ചെടിയുമൊക്കെ വളരുന്നുണ്ട്. ചിത്രത്തില്‍ കാണുന്നതു പോലെ, കുറച്ചപ്പുറത്ത് കുറേക്കൂടെ വിശാലമായി കെട്ടിപ്പൊക്കിയത് ഇറങ്ങുമ്പോള്‍ത്തന്നെ കാണാം. ഞങ്ങള്‍ ആ കല്ലുകള്‍ക്കുള്ളിലേക്ക് നടന്നു കയറി.

രണ്ടു പേര്‍ക്ക് കൈ കോര്‍ത്ത് പിടിച്ച് നടന്നു പോകാന്‍ മാത്രം വീതിയുള്ള ഒരു ഇടനാഴിക പോലെയാണ് പഴയ ബസാര്‍. നടക്കുന്ന വഴിയേ ഇടതുവശത്ത് കല്ലുകൊണ്ട് ചതുരത്തില്‍ കെട്ടിത്തിരിച്ചിരിക്കുന്നു. ഞങ്ങള്‍ ആ ഇടനാഴിയിലൂടെ നടന്നു.




മരതകവും മാണിക്യവും പവിഴവും മറ്റമൂല്യരത്നങ്ങളും കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് തലപ്പാവു കെട്ടിയ പുരുഷന്മാര്‍ എന്നെ മാടിവിളിക്കുന്നു. ഇടതുവശത്തെ കല്ലുപാകിയ നിലത്ത്, വില്‍ക്കാന്‍ വച്ച കുതിരക്കും പശുവിനും പുല്ലു വാരിയിട്ടു കൊടുക്കുന്ന കൊമ്പന്‍ മീശക്കാരന്‍ എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിക്കുന്നു. മുന്തിരിയും പേരക്കയും പഴുത്ത വാഴക്കുലകളും ഒരു വശത്ത് കുന്നു കൂട്ടിയിരുന്ന് മറ്റൊരാള്‍ ’വരൂ വരൂ’ എന്ന് കൈ കാണിച്ചു വിളിക്കുന്നു. ചിത്രപ്പണി നെയ്ത വസ്ത്രങ്ങള്‍ വിടര്‍ത്തി മാറോടു ചേര്‍ത്തു പിടിച്ച് രണ്ടു സുന്ദരികള്‍ എന്നെ നോക്കി നാണം പുരണ്ട ചിരിയോടെ തല കുമ്പിടുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഈ സ്ഥലം സന്ദര്‍ശിച്ച ഡോമിന്‍ഗോ പയസ് എന്ന പോര്‍ച്ചുഗീസ് സഞ്ചാരി വിവരിച്ചു തന്ന വിജയനഗരം ബസാര്‍ എന്‍റെ മുന്നില്‍ പുനര്‍ജ്ജനി കൊള്ളുന്നതു പോലെ... വാഹ്....! മനോഹരം. എന്‍റെ ജീവിതത്തെ ഒരു അഞ്ഞൂറു വര്‍ഷം പുറകോട്ടു നടത്താനായിരുന്നെങ്കില്‍ ഞാനീ കല്ലിന്‍ചുവട്ടിലൊരു മദ്യക്കുപ്പിയുമായി ഇരുന്ന് കഥകളെഴുതിയേനെ!

മൊത്തത്തിലെടുത്താല്‍ ഏതാണ്ട്  Z  എന്നെഴുതിയതു പോലെയാണ് ബസാറിന്‍റെ കിടപ്പ്. നടുക്ക് ഒരു കുളമുണ്ട്, ദാ ഇത്.




വെയിലു വീണ്ടും വീണ്ടും മുത്തിക്കറുപ്പിച്ച് വാടിയ ശരീരത്തിന് ഞങ്ങള്‍ അല്പം വെള്ളം മുക്കിത്തളിച്ച് ജീവന്‍ പകര്‍ന്നു. തണുപ്പ് ഇടക്ക് ആശ്വാസമാവാറുണ്ട്, ഇടക്ക് അനുഭൂതിയും. ആശ്വാസം പകരുന്ന അനുഭൂതിയായി തണുപ്പിനെ അനുഭവിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമാണ്.

ഡോമിന്‍ഗോ പയസ് വിജയനഗരത്തെക്കുറിച്ചെഴുതിയ ചില അതിശയോക്തികള്‍ താഴെക്കുറിക്കുന്നു:

"നടന്നെത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന മലമ്പ്രദേശത്തു ഞാന്‍ കയറി നിന്നു നോക്കി. പല മലനിരകള്‍ക്കുമിടയിലായതിനാല്‍ നഗരം പൂര്‍ണ്ണമായി ഒരിടത്തു നിന്നും കാണാന്‍ കഴിയില്ല. എങ്കിലും റോമിനോളം വലുതും അത്ര തന്നെ മനോഹരവുമായ നഗരം എനിക്കു കാണാം. വീടുകളോടു ചേര്‍ന്ന ഉദ്യാനങ്ങളില്‍ നിറയെ വലിയ വൃക്ഷങ്ങള്‍. എല്ലായിടത്തേക്കും വെള്ളമെത്തിക്കുവാന്‍ വലിയ കനാലുകളുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട തടാകങ്ങള്‍. രാജാവിന്‍റെ കൊട്ടാരവളപ്പില്‍ നിറയെ പന പോലുള്ള ഒറ്റത്തടി വൃക്ഷങ്ങളും ഫലസസ്യങ്ങളുമാണ്. ലോകത്തിലെ ഏറ്റവും സംഭരണശേഷിയുള്ള നഗരമാണിത്. അരിയും ഗോതമ്പും ചോളവും പയറും മുതിരയും മറ്റു ധാന്യങ്ങളുമെല്ലാം ഇവര്‍ വിളയിച്ച് വലിയ സംഭരണികളില്‍ ഭക്ഷണത്തിനായി ശേഖരിച്ചു വക്കുന്നു."

ഈ ഉദ്ധരണികള്‍ മനസ്സിലോര്‍ത്തു കൊണ്ട് ഞാന്‍ എതിര്‍വശത്തു കണ്ട പൊട്ടിപ്പൊളിഞ്ഞ ദേവാലയച്ചുമരുകളിലേക്കു നോക്കി.

"നടക്കാം?"

(തുടരും)

Tuesday, October 20, 2009

കല്ലുകള്‍ കഥ പറയുമ്പോള്‍! - 1

വിജയനഗര സാമ്രാജ്യം...

1512ആമാണ്ടിലെ ഒരു പുലരി. മാതംഗപര്‍വ്വതനിരകളില്‍ ഉദയസൂര്യന്‍ തലകാണിച്ചു തുടങ്ങിയതേയുള്ളു. വിഷണ്ണനായി കൊട്ടാരമുറ്റത്ത് ഉലാത്തുന്ന കൃഷ്ണദേവരായര്‍. യുദ്ധഭീതിയില്‍ കരിങ്കല്ലില്‍ പണിത കൊട്ടാരഭിത്തികള്‍ വരെ വിറകൊള്ളുന്നു. മുഖ്യകവാടം കടന്ന് പടത്തലവന്‍ പപ്പൂസ് കടന്നു വരുന്നു.

"പ്രഭോ!"

കൃഷ്ണദേവരായര്‍ തലയുയര്‍ത്തി.

"പടത്തലവന്‍ പപ്പൂസ്!! താങ്കള്‍ ജീവനോടെ തിരിച്ചെത്തിയിരിക്കുന്നോ? പരാജയത്തിന്‍റെ കയ്പു പുരണ്ട കഥകളാനല്ലോ വടക്കു നിന്നു വരുന്ന കാറ്റിനു പോലും പറയാനുള്ളത്!"

"ഹ! ഹ! ഹ! പടത്തലവന്‍ പപ്പൂസ് ജീവനോടെയിരിക്കുമ്പോള്‍ കൃഷ്ണദേവരായര്‍ക്ക് പരാജയമോ? കാവേരീതീരങ്ങളില്‍ വച്ചു തന്നെ നാം ഗംഗാരാജനെ കീഴടക്കിയിരിക്കുന്നു രാജന്‍."

"സത്യമോ?"

അദ്ഭുതപരതന്ത്രനായ കൃഷ്ണദേവരായര്‍ പപ്പൂസിനെ കെട്ടിപ്പുണര്‍ന്നു.

"ആരവിടെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തെക്കുകിഴക്കന്‍ മേഖലയിലെ നൂറ്റിമുപ്പത്തിനാലു ഗ്രാമങ്ങളും ഇരുന്നൂറ്റിപ്പന്ത്രണ്ട് കന്യകമാരെയും പടത്തലവന്‍ പപ്പൂസിനു നല്കാന്‍ നാം ഉത്തരവിടുന്നു!"

"വേണ്ട പ്രഭോ! പടത്തലവന്‍ പപ്പൂസിന് ആഡംബരങ്ങള്‍ ആവശ്യമില്ല!"

കൃഷ്ണദേവരായര്‍ വീണ്ടും അദ്ഭുതപ്പെട്ടു. പപ്പൂസിനെ തനിക്കഭിമുഖമായി നിര്‍ത്തില്‍ തോളില്‍ കൈ വച്ച് അദ്ദേഹം ഗദ്ഗദത്തോടെ ചോദിച്ചു.

"പടത്തലവന്‍, മറ്റെന്താണ്.... മറ്റെന്താണ് ഈ ദരിദ്രരാജന്‍ താങ്കള്‍ക്കു ചെയ്തു തരേണ്ടത്? ഈ സാമ്രാജ്യം മുഴുവന്‍ അവിടുത്തെ ധീരതയുടെയും പ്രയത്നത്തിന്‍റെയും മുന്നില്‍ തലകുനിക്കുകയാണ്. പറയൂ, താങ്കള്‍ക്ക് ഈ സാമ്രാജ്യം തന്നെ വേണമോ?"

"വേണ്ട രാജന്‍.... അടിയനൊരു....."

പപ്പൂസ് വിനയാന്വിതനായി.

"ഒരു....? പറയൂ പപ്പൂസ്...."

"അടിയനൊരു കുപ്പി ഓസീയാര്‍ മാത്രം മതി...!!!"

"ഹ! ഹ! ഹ!"

രാജന്‍ പൊട്ടിച്ചിരിച്ചു.

"ആരവിടെ, പടത്തലവന്‍ പപ്പൂസിനു വേണ്ടി കൊട്ടാരത്തിലെ കല്പടവുകളിറങ്ങിച്ചെല്ലുന്ന കുളം വറ്റിച്ച് അതില്‍ മദ്യം നിറക്കുവിന്‍..."

"അവിടുത്തേക്ക് തൃപ്തിയായില്ലേ, പ്രിയ പടത്തലവാ?"

പപ്പൂസ് സന്തോഷത്തോടെ തലകുലുക്കി. പെട്ടെന്ന് പുറകില്‍ നിന്നും ഒരു കൈ പപ്പൂസിന്‍റെ മുതുകില്‍ വന്നു പതിച്ചു. ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് പപ്പൂസ് ഗര്‍ജ്ജിച്ചു....

"ആരവിടേ????"

"ഞാനാണെടേ. ഡേയ്.... ഡേയ്.... എണീരെടേ, സ്ഥലമെത്തി."

ഞാന്‍ കണ്ണു മിഴിച്ചു. സ്ഥലം വിജയനഗരമല്ല, ട്രെയിനാണ്, മുമ്പില്‍ കൃഷ്ണദേവരായരല്ല, കുഞ്ഞച്ചനാണ്, ഉടവാളെന്നു കരുതി വലിച്ചൂരിയത് ഉടുതുണിയാണ്...

"ശ്ശെ, നല്ല സ്വപ്നമായിരുന്നു, നശിപ്പിച്ചു."

"അതേ, ഇനീം കിടന്ന് സ്വപ്നം കണ്ടാല്‍ ട്രെയിനങ്ങ് ഹൊസ്‍പേട്ട വിട്ടു പോവും. പിന്നെ ഹമ്പി പോയിട്ടൊരു തുമ്പിയെപ്പോലും കാണാന്‍ കിട്ടത്തില്ല."

നാലു വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് വിജയനഗരസാമ്രാജ്യത്തിന്‍റെ കീര്‍ത്തി വിളിച്ചോതുന്ന ഹമ്പി പട്ടണം കാണണമെന്നത്. ഞാന്‍ എഴുന്നേറ്റു. ശ്രീമതി ബാഗും മടിയില്‍ വച്ച് സീറ്റില്‍ കുത്തിയിരിക്കുന്നുണ്ട്.

"ഇന്നത്തെ യുദ്ധം കഴിഞ്ഞോ?"

"നീയെഴുന്നേറ്റു വാടീ, മാനം കെടുത്താതെ."

"പിന്നേ, കുഞ്ഞച്ചനല്ലേ നിങ്ങടെ ഉറക്കത്തിലെ യുദ്ധം കാണാത്തത്!"

വണ്ടി ഞരക്കത്തോടെ സ്റ്റേഷനില്‍ നിന്നു. ഞങ്ങള്‍ പുറത്തിറങ്ങി. നേരം ഏഴര കഴിഞ്ഞതേയുള്ളു, പക്ഷേ, വെയിലിനു നല്ല ചൂടുണ്ട്. ഹോട്ടല്‍ സായിനക്ഷത്രയില്‍ രാജു മുറി ബുക്കു ചെയ്തിട്ടുണ്ട്. അവനവിടെക്കാണും.

റെയില്‍വേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകള്‍ നിരന്നു കിടക്കുന്നു. പോകേണ്ട സ്ഥലം പറഞ്ഞു.

"ഹൊബ്ബര്ഗെ ഹത്തു റുപ്പായ് കൊടു ബേക്കു."

ഒരാള്‍ക്ക് പത്തു രൂപയോ!!!

കുഞ്ഞച്ചന്‍റെ രക്തം തിളച്ചു മറിയുന്ന ഒച്ച പുറത്തു കേള്‍ക്കാം. പല്ലിറുമ്മിക്കൊണ്ട് ഒന്നുമുരിയാടാതെ കുഞ്ഞച്ചന്‍ ഭാര്യയുടെ കൈ പിടിച്ച് അകത്തു കയറിയിരുന്നു. പണ്ട് ശ്രീരംഗപട്ടണത്തു വച്ച് പാര്‍ക്കിംഗ് ഫീ കൊടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു തടിമാടന്‍ ഷര്‍ട്ട് പൊക്കിക്കാണിച്ചതിനു ശേഷമാണ് കുഞ്ഞച്ചന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിശ്ശബ്ദനായി കാണപ്പെട്ടു തുടങ്ങിയത്. കുശുമ്പന്മാര്‍ പറയുന്നത് പൊക്കിപ്പിടിച്ച ഷര്‍ട്ടിനടിയില്‍ തടിമാടന്‍ എളിയില്‍ത്തിരുകി വച്ചിരുന്ന കത്തിയുടെ പിടി കാണാമായിരുന്നു എന്നാണ്.

ഹോട്ടല്‍ മുറിയിലേക്ക് ബ്രേക്ക്‍ഫാസ്റ്റ് വരുത്തിക്കഴിച്ച ശേഷം പുറത്തിറങ്ങി. രാജു പുറത്തു കാത്തു നില്‍ക്കുന്നുണ്ട്. കൂടെയൊരു ടാറ്റ ഇന്‍ഡിക്കയും. അതെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായിരുന്ന ഹമ്പിയിലേക്ക് വെറും പന്ത്രണ്ട് കിലോമീറ്റര്‍ കൂടി മാത്രം.



പശ്ചിമഘട്ടം പൂര്‍വ്വഘട്ടം എന്നി നീണ്ട കരങ്ങള്‍ക്കിടയില്‍ ഒരു വലിയ ഹൃദയം പോലെ നിറഞ്ഞു മിടിക്കുന്ന ഡെക്കാന്‍ പീഢഭൂമി. വണ്ടി റോഡിലൂടെ നീങ്ങുമ്പോള്‍ ഇരു വശത്തും പാറക്കെട്ടുകളും പാറക്കുന്നുകളും മാത്രം കാണാം. മരങ്ങള്‍ അപൂര്‍വ്വം. കത്തിത്തിളക്കുന്ന വെയിലില്‍ വലിയ കരിങ്കല്‍പ്പാറകള്‍ തിളങ്ങുന്നു.
പെട്ടെന്നാണ് ഇടതുഭാഗത്ത് ഒരു കല്ലുമാളിക എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അറുനൂറു വര്‍ഷം പഴക്കമുള്ള സാമ്രാജ്യത്തിലെ കരിങ്കല്‍പ്പാളയം കണ്ടെത്തിയ ആഹ്ളാദത്തില്‍ ഞാനലറി.

"സ്റ്റോ....പ്പ്...!!!"

ഡ്രൈവര്‍ ഷൗക്കത്ത് ഞെട്ടലോടെ ആഞ്ഞു ചവിട്ടി. ശ്രീമതിയുടെ കയ്യിലിരുന്ന പോപ്‍കോണ്‍ പാക്കറ്റ് തെറിച്ച് ഗിയര്‍ബോക്സിനു മുകളില്‍. എനിക്കെന്തെങ്കിലും സംഭവിച്ചോ എന്ന വേവലാതിയോടെ കുഞ്ഞച്ചന്‍ തിരിഞ്ഞു നോക്കി.

"നോക്കെടാ, അവിടെ...."

ഞാന്‍ ആ കെട്ടിടം ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പുച്ഛഭാവത്തില്‍ ചിറി കോട്ടി.

"ഇനു ദൊഡ്ഡദു മുന്ദേ ഇദ്ദെ ഗുരോ!"

"ദൊഡ്ഡദു കാണണോ ചിക്കുദു വേണോ എന്ന് ഞങ്ങളു തീരുമാനിച്ചോളാം. താന്‍ മിണ്ടാതെ ഇവിടെയിരി."




ഇതൊരു മുഹമ്മദന്‍ ശവക്കല്ലറയാണ്. ഹൊസ്‍പേട്ട പട്ടണത്തില്‍ നിന്നും നാലോ അഞ്ചോ കിലോമീറ്റര്‍ മാത്രമേ ഞങ്ങള്‍ കടന്നു വന്നിട്ടുള്ളു. കല്ലറ ആരുടേതെന്നോ ആര്‍ക്കു വേണ്ടി പണിതുവെന്നോ ഒന്നും വ്യക്തമാക്കുന്ന അടയാളങ്ങളൊന്നും കണ്ടില്ല. പുരാവസ്തു സംരക്ഷണനിയമപ്രകാരം നിലനിര്‍ത്തിയവയാണെന്നും തൊട്ടുകളിക്കുന്നവന് മൂന്നു മാസം ജയിലില്‍ കിടക്കാമെന്നുമുള്ള ഒരു മുന്നറിയിപ്പ് കയറിച്ചെല്ലുന്നിടത്തു തന്നെ തൂക്കിയിട്ടുണ്ട്.

നല്ല വലിപ്പത്തില്‍ കെട്ടിപ്പൊക്കിയ ശവക്കല്ലറക്ക് പ്രധാനകവാടത്തിനു പുറമെ നാലു വശത്തും കവാടങ്ങളുണ്ട്. വാതിലുകളെല്ലാം വലിയ കമാനങ്ങളോടു കൂടിയതാണ്. പുറമെ എല്ലാ വശത്തും അടഞ്ഞ കമാനങ്ങള്‍ വേറെയും കാണാം. 1300ആം ആണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും വന്ന് ഡെക്കാന്‍ പ്രദേശത്ത് സ്ഥിരമാക്കിയ ’ബാഹമനി’ സുല്‍ത്താന്മാരുടെ നിര്‍മ്മാണശൈലിയുമായി കല്ലറക്ക് വളരെ സാമ്യമുള്ളതായി പറയുന്നു. ബാഹമനി കല്ലറയുടെ ഒരു സാമ്പിള്‍ ഇവിടെ കാണാം.

സാമാന്യം വെയിലു കൊണ്ടു മതിയായപ്പോള്‍ ഞങ്ങള്‍ വണ്ടിയിലേക്കു തിരിച്ചു. ഷൗക്കത്ത് വണ്ടിയുടെ മൂലക്ക് ചാരി നില്‍ക്കുന്നുണ്ട്, ’ഇവനൊക്കെ എവിടുന്നു വന്നെടാ’ എന്ന ഭാവത്തില്‍.

വണ്ടി പിന്നെ നേരെ ചെന്നു നിന്നത് ഹമ്പിയില്‍ വിരുപാക്ഷ ദേവസ്ഥാനത്തിനു മുമ്പിലാണ്. കല്ലില്‍ കൊത്തിമിനുക്കിയെടുത്ത ഒരു കവിത തന്നെയാണ് വിരുപാക്ഷ ദേവാലയം. ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കൊച്ചുവിഗ്രഹം ഈ നിലയിലായതിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. വിജയനഗരസാമ്രാജ്യത്തിന്‍റെയും ഹൊയ്‍സാല സാമ്രാജ്യത്തിന്‍റെയും ഉള്‍പ്പെടെ ഒരു സഹസ്രാബ്ദത്തിന്‍റെ ആരാധനാപുഷ്പങ്ങളേറ്റുവാങ്ങിയ, വാങ്ങിക്കൊണ്ടിരിക്കുന്ന ദേവാലയമാണിത്.



ചുറ്റും കൊത്തിയെടുത്ത കരിങ്കല്ലു മാത്രം. നടവഴിയില്‍ ഇടതുവശത്തു കാണുന്ന മണ്ഡപത്തില്‍ നിറയെ കൊത്തുപണികളുള്ള സ്തൂപങ്ങളാണ്. സ്തൂപങ്ങള്‍ നിര്‍ത്തിയ തറ പോലും വൃത്തിയില്‍ ചീന്തിയെടുത്ത കരിങ്കല്‍പ്പാളികളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുതിരയുടെ ശരീരവും സിംഹത്തിന്‍റെ തലയും ആനയുടെ തുമ്പിക്കയ്യുമുള്ള വിചിത്രരൂപങ്ങളിലാണ് അന്നത്തെ ശില്പികളുടെ ഭാവനകള്‍ പ്രധാനമായും വിഹരിച്ചിരുന്നതെന്നു തോന്നുന്നു. മയിലിനെ കയ്യിലേന്തി അലറി വിളിക്കുന്ന വ്യാളീരൂപത്തിലുള്ള ജീവികള്‍, നര്‍ത്തകിമാര്‍, ശാന്തഭാവത്തിലിരിക്കുന്ന സിംഹക്കുട്ടികള്‍ തുടങ്ങി ശില്പവിഭവങ്ങള്‍ പലതാണ്.



മണ്ഡപത്തിന്‍റെ വലതുവശത്ത് കയ്യെത്തും ദൂരത്തില്‍ വലിയ രണ്ടു മണികള്‍ സ്ഥാപിച്ചിരിക്കുന്നു.
ദേവാലയത്തിനുള്ളില്‍ വലതുവശത്ത് താഴേക്കിറങ്ങിപ്പോകാവുന്ന ഒരു ഭൂഗര്‍ഭ അറയുണ്ട്. കരിങ്കല്‍പ്പടവുകളിറങ്ങുന്ന വഴിയിലൂടെ ഒരാള്‍ക്കു കഷ്ടി നടക്കാം. അകത്തേക്കു കയറുന്തോറും കുറ്റാക്കൂരിരുട്ട്. തട്ടിത്തടഞ്ഞ് വീണേക്കുമോ എന്നു തോന്നി. തണുപ്പ് ശരീരത്തെ വന്നു പൊതിയുന്നു. പുറത്തെ പൊള്ളുന്ന വെയിലിലും ഈ കല്‍ഗുഹകള്‍ സമ്മാനിക്കുന്ന തണുപ്പോര്‍ത്ത് ശരീരത്തോടൊപ്പം എന്‍റെ മനസ്സും കുളിര്‍ത്തു തുടങ്ങി.

ഞങ്ങള്‍ പുറത്തേക്കു നടന്നു. വഴിയില്‍, അമ്പലത്തിന്‍റെ കവാടത്തിനുള്ളില്‍ത്തന്നെ ഒരു ആനച്ചാര്‍ ഭക്തര്‍ക്ക് ആശീര്‍വാദം കൊടുക്കുന്നുണ്ട്. പെണ്ണുങ്ങള്‍ വരുന്ന മുറക്ക് തുമ്പിക്കൈ നീട്ടി തലയില്‍ ഒരു തലോടലാണ്, പകരം ദക്ഷിണയും.



അന്വേഷിച്ചപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമുള്ള ആശീര്‍വാദമാണെന്നു മനസ്സിലായി.

വണ്ടി വീണ്ടും മുരണ്ടു. മറ്റു കല്ലുകൊട്ടാരങ്ങളിലേക്ക് യാത്ര തുടരുകയാണ്. പോകുന്ന വഴിക്കിരുവശവും നേരത്തെ കണ്ടതിലും കൂടുതല്‍ പാറക്കുന്നുകള്‍. ഒരു ചെറിയ പുരാതന കെട്ടിടത്തിനു മുമ്പില്‍ വണ്ടി ചെന്നു നിന്നു. ചെറിയ തോതില്‍ കൊത്തുപണികളുള്ള തൂണുകള്‍. ഭീകരജീവികളില്ലെങ്കിലും മനുഷ്യരുടേതിനൊപ്പം തന്നെ വാലും പൊക്കി നില്‍ക്കുന്ന കുരങ്ങന്മാരുണ്ട് ഇത്തവണ തൂണുകളില്‍ ചെറുശില്പങ്ങളുടെ രൂപത്തില്‍.


കുരങ്ങന്മാരെ കണ്ടപ്പോളാണ് ഹമ്പി യാത്രയെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്ന നാളുകളില്‍ വായിച്ച ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. നമ്മുടെ ബാലിയും സുഗ്രീവനും കളിച്ചു നടന്നിരുന്ന കിഷ്കിന്ധാ രാജ്യം ഇവിടെയടുത്തെങ്ങാണ്ടായിരുന്നെന്നാണ് വര്‍ത്തമാനം. നേരത്തെ പറഞ്ഞ സ്വപ്നത്തില്‍ ഞാന്‍ കണ്ട മാതംഗ പര്‍വതമായിരുന്നത്രേ ബാലിയെപ്പേടിച്ച് സുഗ്രീവന്‍ കേറിയൊളിച്ചെന്ന് ചെറുപ്പം തൊട്ടേ കേട്ടുകൊണ്ടിരിക്കുന്ന ബാലികേറാമല. തുംഗഭദ്ര നദിക്കരയില്‍ നിന്നും കിഴക്കുഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഒരു പര്‍വ്വതമാണ് മാതംഗ. സുഗ്രീവനെ സഹായിക്കാന്‍ രാമന്‍ ബാലിയെ ഷൂട്ടു ചെയ്തു വീഴ്‍ത്തിയതുമൊക്കെ ഇവിടടുത്താണെന്നാണ് കേള്‍വി. ലങ്ക കത്തിക്കാന്‍ പോയ ഹനുമാന്‍ ശുഭവാര്‍ത്തയും കൊണ്ടു വരുന്നതും കാത്ത് രാമന്‍ കാത്തു കിടന്നത് ഹമ്പിക്കടുത്ത് മാല്യവന്ത മലയിലായിരുന്നെന്നും ആളുകള്‍ വിശ്വസിക്കുന്നു. ബാംഗ്ലൂരില്‍ വച്ചുള്ള ചില ട്രെക്കിംഗുകളില്‍ കണ്ടതു പോലെ കുരങ്ങന്മാരുടെ അതിപ്രസരമൊന്നും പക്ഷേ ഇവിടെ അനുഭവപ്പെട്ടില്ല, ശില്പങ്ങളിലല്ലാതെ.



ബാലികേറാമല എന്നു പറയപ്പെടുന്ന മാതംഗമല.

കൈ കഴച്ചു, അതുകൊണ്ട് ബാക്കി അടുത്ത പോസ്റ്റില്‍.

(തുടരും)