നേര്‍ത്ത നിന് മുടിനാരിളകുമ്പോള്
സ്വാര്‍ത്ഥമെന്‍ മനക്ഷേത്രാങ്കണത്തില്
തീര്‍ത്ഥമായ് നിന് മിഴി പടരുമ്പോള്‍,
ആര്‍ത്തി, ആര്‍ത്തി വിശപ്പിനാലുള്ളില്
ആര്‍ത്തിരമ്പും തിരയുലയുമ്പോള്,
നേര്‍ത്ത പ്രേമപ്പുടവകള് നീക്കി, നിന്
കാത്തുവെപ്പിന് മുഖംമൂടി കീറി,
കൂര്‍ത്ത കാമത്തിന് പന്നഗം നേരും
ആത്മദാഹശമിപ്പിന് വിഷങ്ങള്‍
ഏറ്റെടുത്ത് നീ നിന്നുദരത്തില്‍
പോറ്റി മെല്ലെയുണര്ത്തുന്ന പ്രാണന്
ആദ്യമായ് മിഴിപ്പൂ തുറക്കുമ്പോള്‍,
ആദ്യമായിളം കാലിളക്കുമ്പോള്‍,
തെല്ലുമേ ശങ്കയില്ലാതെ നിന്റെ
പാല്‍മുലകളില്‍ ചുണ്ടമര്‍ത്തുമ്പോള്‍,
വിസ്മയം പ്രിയേ, നീ പെയ്തു പൂവിട്ട
നിസ്തുലപ്രേമവാടിക കാണ്മു ഞാന്‍!..