ഹനാന് ബിന്‍ത് ഹാഷിം തീര്‍ച്ചയായും ഒരു പ്രതിഭ തന്നെയാണ്. ഭൂമുഖത്ത് പിറന്നു വീഴുന്ന ഓരോ കുരുന്നിലും ഒരു പ്രതിഭ ഒളിച്ചിരിക്കുന്നു എന്നാണെന്‍റെ വിശ്വാസം. പ്രതിഭയുടെ നിര്‍വചനത്തില്‍ നാം ഉള്‍പ്പെടുത്താന്‍ വിട്ടു പോയ മേഖലകളും നിരന്തരം പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കുന്ന അറിവെന്നറിയപ്പെടുന്ന മുന്‍വിധികളുമായിരിക്കണം ഏവര്‍ക്കും പത്രത്താളുകളില്‍ ജീവിക്കാന്‍ കഴിയാതെ പോയതിന്‍റെ കാരണം.
ഹനാന്‍ പ്രതിഭയാണെന്നു പറയുന്നത് ഇന്നത്തെ മാതൃഭൂമി വാര്‍ത്തയിലെ വിവരക്കേടുകള്‍ മുഖവിലക്കെടുത്തിട്ടല്ല, അതിലെ ഒരു വാചകം വിശ്വസിച്ചു കൊണ്ടാണ്. മസാച്ചുസെറ്റ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കിയ 3600 ഓളം അന്താരാഷ്ട്രവിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിച്ചില്വാനം പേരില്‍ ഒരാള്‍ ഹനാന്‍ ആണെങ്കില്‍, അതു കൊണ്ടാണ്.
വാര്‍ത്ത വായിക്കാന്‍ മറക്കില്ലല്ലോ.
അബ്ദുല്‍ കലാം, ബാരാക് ഒബാമ, നീല്‍ ആംസ്ടോങ് തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍ എടുത്തുപയോഗിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളെപ്പറ്റി വാര്‍ത്തയെഴുതിയ സിസി ജേക്കബ് ആലോചിട്ടുണ്ടോ എന്നെനിക്കു നിശ്ചയമില്ല. വിളിച്ചു പറയുന്നത് അര്‍ദ്ധസത്യങ്ങളായിരിക്കരുതെന്ന നിര്‍ബന്ധബുദ്ധി സമീപകാല പത്രമാദ്ധ്യമങ്ങള്‍ക്ക് തീരെയില്ല എന്ന് നല്ല ബോദ്ധ്യമുണ്ടെങ്കില്‍ പോലും.
ഇന്ന് ഓഫീസില്‍ സാമാന്യം ജോലിയുള്ള ദിവസമായിരുന്നു. അല്ലെങ്കിലും ജോലി കൂടുതലുള്ള സമയത്ത് നെറ്റില്‍ തപ്പിക്കൊണ്ടിരിക്കാന്‍ എനിക്ക് വല്ലാത്ത ആവേശമാണ്. ഇന്ന് രാവിലെ ഏഴുമണിക്ക് തന്നെ മാതൃഭൂമി വിഷയവും തന്നതു കൊണ്ട് വിഷമിക്കേണ്ടി വന്നില്ല.
"നാസയുടെ ഹൂസ്റ്റണിലെ സ്പേസ് സ്കൂളില്‍ നിന്ന് കഴിഞ്ഞ മേയിലാണ് സ്പേസ് ആന്‍ഡ് സയന്‍സ് ടെക്നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്." (മാതൃഭൂമി)
ഹൂസ്റ്റണ്‍ സ്പേസ് സെന്‍ററിലെ സ്പേസ് സ്കൂളില്‍ നല്‍കുന്ന ബിരുദമെന്തെന്ന് നോക്കാം.
http://www.spacecenter.org/SpaceSchool.html
ഒരു കൂട്ടം തല്പരവിദ്യാര്‍ത്ഥികളില്‍ ഉത്സാഹം വളര്‍ത്താനായി നല്‍കുന്ന അവസരമാണ് സ്പേസ് സ്കൂളിലെ ഈ പ്രോഗ്രാം. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡീഫാള്‍ട്ട് ആയി ഒരു ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്ന് ഞാന്‍ അനുമാനിക്കുന്നു.
ആസ്ത്രേല്യയിലെ Young Astronauts Australia Engineering School ഇതിനു വേണ്ടി വിദ്യാര്‍ത്ഥികളെ ക്ഷണിച്ചത് ഇവിടെ കാണാം.
Australian Science students who are thinking of following a career in either science, technology
or engineering to apply for this NASA Space Engineering course to be conducted at NASA’s
Johnson Space Center Houston from September 26th to October 6th 2009. On completion of the course students will receive their graduation certificate.
സംഗതി പത്തു ദിവസത്തെ പരിപാടിയാണ്. അവരുടെ വിജ്ഞാപനത്തിലെ ചെലവുവിവരം ഇവിടെ.
"ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍ വച്ച് ഹനാന്‍ സ്വയം രൂപകല്പന ചെയ്തു. പരീക്ഷണാര്‍ത്ഥം നാസ ഇത് സ്വല്പദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്പന നല്കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കാനുള്ള റോവറിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണിപ്പോള്‍." (മാതൃഭൂമി)
ഇന്ത്യ വിക്ഷേപിച്ച ഓരോ റോക്കറ്റും ഇന്ത്യന്‍മഹാസമുദ്രത്തില്‍ അലമാല തീര്‍ത്തു കൊണ്ടിരുന്ന കാലത്ത് കോഴിക്കോട്ട് പിറന്നു വീണ പെണ്‍കുട്ടി പതിനഞ്ചു വര്‍ഷത്തെ ലോകപരിചയം കൊണ്ട് റോക്കറ്റ് രൂപകല്പന ചെയ്തെന്നു വായിച്ചപോളാണ് എനിക്കീ വാര്‍ത്തയെപ്പറ്റി സംശയം തോന്നിത്തുടങ്ങിയത്. വസ്തുതകളെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് എഴുത്തുകാരിയെങ്കില്‍ അവരും പ്രസിദ്ധപ്പെടുത്താന്‍ അനുമതി നല്‍കിയത് പത്രാധിപരെങ്കില്‍ അവരും ഇതിന് വിശദീകരണം നല്കാന്‍ ബാദ്ധ്യസ്ഥരാണ്.
നേരത്തെ കണ്ട ആസ്ത്രേല്യക്കാര്‍ പറയുന്നതു പ്രകാരം സ്പേസ് സ്കൂളില്‍ രൂപകല്പന ചെയ്ത റോക്കറ്റ് ഇങ്ങനെയാണ്.
Image Courtesy: http://www.yassa.com.au/protected/day4.html
മുഴുവന്‍ ചിത്രങ്ങളും ഇവിടെ കാണാം.
ഹനാനെ ഗൂഗിളില്‍ തിരഞ്ഞപ്പോളാണ് ഇങ്ങനെ ഒരു ആര്‍ട്ടിക്കിള്‍ ശ്രദ്ധയില്‍ പെട്ടത്:
ഇതില്‍ "Absolute Theory of Zero is a new mathematical system which explains the established theories in a different light. Through the theory I’m trying to explain that the speed of light is not constant always," she explains.
തന്‍റെ തിയറിയിലൂടെ പ്രകാശത്തിന്‍റെ വേഗം മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഹനാന്‍ പറയാനുദ്ദേശിക്കുന്നത്. ഹനാന് അഞ്ചു വയസ്സു പ്രായമുള്ളപ്പോള്‍ വന്നതെന്നു വിശ്വസിക്കാവുന്ന ഒരു വാര്‍ത്ത ഇവിടെ.
John Moffat എന്നൊരാള്‍ അന്ന്, 1999ല്‍ പറഞ്ഞ ഒരു ഊഹമാണിത്.
ഈ മാതൃഭൂമി വാര്‍ത്ത ഞാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചേനെ, ഇത്രക്കും അവിശ്വസനീയത കലര്‍ത്തിയിരുന്നില്ലെങ്കില്‍. പറഞ്ഞതില്‍ പലതും അര്‍ദ്ധസത്യങ്ങളെന്നു കണ്ടതോടെ, പറഞ്ഞ മറ്റു പലതും അസത്യമായേക്കുമോ എന്നു ഭയപ്പെട്ടു പോവുകയാണ് കുഞ്ഞു ഹനാന്‍ ഞാന്‍. കലാമിന്‍റെ അംഗീകാരവും ഒബാമയുടെ ക്ഷണവും നീല്‍ ആംസ്ടോങ്ങിന്‍റെ നിന്നെ കാണണമെന്ന ആഗ്രഹവുമുള്‍പ്പെടെ.
ഈ വാര്‍ത്ത സാമാന്യപ്രതിഭാമതികളായ വിദ്യാര്‍ത്ഥികളിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഭയപ്പെട്ടു പോവുന്നു. ഹനാനെ മാതൃകയാക്കി മൂന്നു മണിക്ക് ഉറക്കമുണര്‍ന്ന് ബാത്ത് ടബ്ബില്‍ കിടക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളോടാവശ്യപ്പെടാന്‍ മടിയില്ലാത്ത മാതാപിതാക്കളുള്ള നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത് എന്നതു കൊണ്ടു വിശേഷിച്ചും.
എന്തെങ്കിലും കാരണവശാല്‍ ഈ വാര്‍ത്തയില്‍ വസ്തുതാപരമായ പിശകുകള്‍ വന്നു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു തിരുത്തി മാതൃക കാണിക്കാന്‍ മാതൃഭൂമി തയാറാവുമെന്ന് പ്രതീക്ഷിക്കുന്നു.
പത്രമാദ്ധ്യമങ്ങള്‍ വിരിച്ചു തരുന്ന പ്രശസ്തിയുടെ മെത്തയില്‍ കിടന്ന് ഹനാന്‍ തന്‍റെ പ്രതിഭയെ നശിപ്പിക്കാതിരിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു.