Tuesday, October 20, 2009

കല്ലുകള്‍ കഥ പറയുമ്പോള്‍! - 1

വിജയനഗര സാമ്രാജ്യം...

1512ആമാണ്ടിലെ ഒരു പുലരി. മാതംഗപര്‍വ്വതനിരകളില്‍ ഉദയസൂര്യന്‍ തലകാണിച്ചു തുടങ്ങിയതേയുള്ളു. വിഷണ്ണനായി കൊട്ടാരമുറ്റത്ത് ഉലാത്തുന്ന കൃഷ്ണദേവരായര്‍. യുദ്ധഭീതിയില്‍ കരിങ്കല്ലില്‍ പണിത കൊട്ടാരഭിത്തികള്‍ വരെ വിറകൊള്ളുന്നു. മുഖ്യകവാടം കടന്ന് പടത്തലവന്‍ പപ്പൂസ് കടന്നു വരുന്നു.

"പ്രഭോ!"

കൃഷ്ണദേവരായര്‍ തലയുയര്‍ത്തി.

"പടത്തലവന്‍ പപ്പൂസ്!! താങ്കള്‍ ജീവനോടെ തിരിച്ചെത്തിയിരിക്കുന്നോ? പരാജയത്തിന്‍റെ കയ്പു പുരണ്ട കഥകളാനല്ലോ വടക്കു നിന്നു വരുന്ന കാറ്റിനു പോലും പറയാനുള്ളത്!"

"ഹ! ഹ! ഹ! പടത്തലവന്‍ പപ്പൂസ് ജീവനോടെയിരിക്കുമ്പോള്‍ കൃഷ്ണദേവരായര്‍ക്ക് പരാജയമോ? കാവേരീതീരങ്ങളില്‍ വച്ചു തന്നെ നാം ഗംഗാരാജനെ കീഴടക്കിയിരിക്കുന്നു രാജന്‍."

"സത്യമോ?"

അദ്ഭുതപരതന്ത്രനായ കൃഷ്ണദേവരായര്‍ പപ്പൂസിനെ കെട്ടിപ്പുണര്‍ന്നു.

"ആരവിടെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തെക്കുകിഴക്കന്‍ മേഖലയിലെ നൂറ്റിമുപ്പത്തിനാലു ഗ്രാമങ്ങളും ഇരുന്നൂറ്റിപ്പന്ത്രണ്ട് കന്യകമാരെയും പടത്തലവന്‍ പപ്പൂസിനു നല്കാന്‍ നാം ഉത്തരവിടുന്നു!"

"വേണ്ട പ്രഭോ! പടത്തലവന്‍ പപ്പൂസിന് ആഡംബരങ്ങള്‍ ആവശ്യമില്ല!"

കൃഷ്ണദേവരായര്‍ വീണ്ടും അദ്ഭുതപ്പെട്ടു. പപ്പൂസിനെ തനിക്കഭിമുഖമായി നിര്‍ത്തില്‍ തോളില്‍ കൈ വച്ച് അദ്ദേഹം ഗദ്ഗദത്തോടെ ചോദിച്ചു.

"പടത്തലവന്‍, മറ്റെന്താണ്.... മറ്റെന്താണ് ഈ ദരിദ്രരാജന്‍ താങ്കള്‍ക്കു ചെയ്തു തരേണ്ടത്? ഈ സാമ്രാജ്യം മുഴുവന്‍ അവിടുത്തെ ധീരതയുടെയും പ്രയത്നത്തിന്‍റെയും മുന്നില്‍ തലകുനിക്കുകയാണ്. പറയൂ, താങ്കള്‍ക്ക് ഈ സാമ്രാജ്യം തന്നെ വേണമോ?"

"വേണ്ട രാജന്‍.... അടിയനൊരു....."

പപ്പൂസ് വിനയാന്വിതനായി.

"ഒരു....? പറയൂ പപ്പൂസ്...."

"അടിയനൊരു കുപ്പി ഓസീയാര്‍ മാത്രം മതി...!!!"

"ഹ! ഹ! ഹ!"

രാജന്‍ പൊട്ടിച്ചിരിച്ചു.

"ആരവിടെ, പടത്തലവന്‍ പപ്പൂസിനു വേണ്ടി കൊട്ടാരത്തിലെ കല്പടവുകളിറങ്ങിച്ചെല്ലുന്ന കുളം വറ്റിച്ച് അതില്‍ മദ്യം നിറക്കുവിന്‍..."

"അവിടുത്തേക്ക് തൃപ്തിയായില്ലേ, പ്രിയ പടത്തലവാ?"

പപ്പൂസ് സന്തോഷത്തോടെ തലകുലുക്കി. പെട്ടെന്ന് പുറകില്‍ നിന്നും ഒരു കൈ പപ്പൂസിന്‍റെ മുതുകില്‍ വന്നു പതിച്ചു. ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് പപ്പൂസ് ഗര്‍ജ്ജിച്ചു....

"ആരവിടേ????"

"ഞാനാണെടേ. ഡേയ്.... ഡേയ്.... എണീരെടേ, സ്ഥലമെത്തി."

ഞാന്‍ കണ്ണു മിഴിച്ചു. സ്ഥലം വിജയനഗരമല്ല, ട്രെയിനാണ്, മുമ്പില്‍ കൃഷ്ണദേവരായരല്ല, കുഞ്ഞച്ചനാണ്, ഉടവാളെന്നു കരുതി വലിച്ചൂരിയത് ഉടുതുണിയാണ്...

"ശ്ശെ, നല്ല സ്വപ്നമായിരുന്നു, നശിപ്പിച്ചു."

"അതേ, ഇനീം കിടന്ന് സ്വപ്നം കണ്ടാല്‍ ട്രെയിനങ്ങ് ഹൊസ്‍പേട്ട വിട്ടു പോവും. പിന്നെ ഹമ്പി പോയിട്ടൊരു തുമ്പിയെപ്പോലും കാണാന്‍ കിട്ടത്തില്ല."

നാലു വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് വിജയനഗരസാമ്രാജ്യത്തിന്‍റെ കീര്‍ത്തി വിളിച്ചോതുന്ന ഹമ്പി പട്ടണം കാണണമെന്നത്. ഞാന്‍ എഴുന്നേറ്റു. ശ്രീമതി ബാഗും മടിയില്‍ വച്ച് സീറ്റില്‍ കുത്തിയിരിക്കുന്നുണ്ട്.

"ഇന്നത്തെ യുദ്ധം കഴിഞ്ഞോ?"

"നീയെഴുന്നേറ്റു വാടീ, മാനം കെടുത്താതെ."

"പിന്നേ, കുഞ്ഞച്ചനല്ലേ നിങ്ങടെ ഉറക്കത്തിലെ യുദ്ധം കാണാത്തത്!"

വണ്ടി ഞരക്കത്തോടെ സ്റ്റേഷനില്‍ നിന്നു. ഞങ്ങള്‍ പുറത്തിറങ്ങി. നേരം ഏഴര കഴിഞ്ഞതേയുള്ളു, പക്ഷേ, വെയിലിനു നല്ല ചൂടുണ്ട്. ഹോട്ടല്‍ സായിനക്ഷത്രയില്‍ രാജു മുറി ബുക്കു ചെയ്തിട്ടുണ്ട്. അവനവിടെക്കാണും.

റെയില്‍വേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകള്‍ നിരന്നു കിടക്കുന്നു. പോകേണ്ട സ്ഥലം പറഞ്ഞു.

"ഹൊബ്ബര്ഗെ ഹത്തു റുപ്പായ് കൊടു ബേക്കു."

ഒരാള്‍ക്ക് പത്തു രൂപയോ!!!

കുഞ്ഞച്ചന്‍റെ രക്തം തിളച്ചു മറിയുന്ന ഒച്ച പുറത്തു കേള്‍ക്കാം. പല്ലിറുമ്മിക്കൊണ്ട് ഒന്നുമുരിയാടാതെ കുഞ്ഞച്ചന്‍ ഭാര്യയുടെ കൈ പിടിച്ച് അകത്തു കയറിയിരുന്നു. പണ്ട് ശ്രീരംഗപട്ടണത്തു വച്ച് പാര്‍ക്കിംഗ് ഫീ കൊടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു തടിമാടന്‍ ഷര്‍ട്ട് പൊക്കിക്കാണിച്ചതിനു ശേഷമാണ് കുഞ്ഞച്ചന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിശ്ശബ്ദനായി കാണപ്പെട്ടു തുടങ്ങിയത്. കുശുമ്പന്മാര്‍ പറയുന്നത് പൊക്കിപ്പിടിച്ച ഷര്‍ട്ടിനടിയില്‍ തടിമാടന്‍ എളിയില്‍ത്തിരുകി വച്ചിരുന്ന കത്തിയുടെ പിടി കാണാമായിരുന്നു എന്നാണ്.

ഹോട്ടല്‍ മുറിയിലേക്ക് ബ്രേക്ക്‍ഫാസ്റ്റ് വരുത്തിക്കഴിച്ച ശേഷം പുറത്തിറങ്ങി. രാജു പുറത്തു കാത്തു നില്‍ക്കുന്നുണ്ട്. കൂടെയൊരു ടാറ്റ ഇന്‍ഡിക്കയും. അതെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായിരുന്ന ഹമ്പിയിലേക്ക് വെറും പന്ത്രണ്ട് കിലോമീറ്റര്‍ കൂടി മാത്രം.പശ്ചിമഘട്ടം പൂര്‍വ്വഘട്ടം എന്നി നീണ്ട കരങ്ങള്‍ക്കിടയില്‍ ഒരു വലിയ ഹൃദയം പോലെ നിറഞ്ഞു മിടിക്കുന്ന ഡെക്കാന്‍ പീഢഭൂമി. വണ്ടി റോഡിലൂടെ നീങ്ങുമ്പോള്‍ ഇരു വശത്തും പാറക്കെട്ടുകളും പാറക്കുന്നുകളും മാത്രം കാണാം. മരങ്ങള്‍ അപൂര്‍വ്വം. കത്തിത്തിളക്കുന്ന വെയിലില്‍ വലിയ കരിങ്കല്‍പ്പാറകള്‍ തിളങ്ങുന്നു.
പെട്ടെന്നാണ് ഇടതുഭാഗത്ത് ഒരു കല്ലുമാളിക എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അറുനൂറു വര്‍ഷം പഴക്കമുള്ള സാമ്രാജ്യത്തിലെ കരിങ്കല്‍പ്പാളയം കണ്ടെത്തിയ ആഹ്ളാദത്തില്‍ ഞാനലറി.

"സ്റ്റോ....പ്പ്...!!!"

ഡ്രൈവര്‍ ഷൗക്കത്ത് ഞെട്ടലോടെ ആഞ്ഞു ചവിട്ടി. ശ്രീമതിയുടെ കയ്യിലിരുന്ന പോപ്‍കോണ്‍ പാക്കറ്റ് തെറിച്ച് ഗിയര്‍ബോക്സിനു മുകളില്‍. എനിക്കെന്തെങ്കിലും സംഭവിച്ചോ എന്ന വേവലാതിയോടെ കുഞ്ഞച്ചന്‍ തിരിഞ്ഞു നോക്കി.

"നോക്കെടാ, അവിടെ...."

ഞാന്‍ ആ കെട്ടിടം ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പുച്ഛഭാവത്തില്‍ ചിറി കോട്ടി.

"ഇനു ദൊഡ്ഡദു മുന്ദേ ഇദ്ദെ ഗുരോ!"

"ദൊഡ്ഡദു കാണണോ ചിക്കുദു വേണോ എന്ന് ഞങ്ങളു തീരുമാനിച്ചോളാം. താന്‍ മിണ്ടാതെ ഇവിടെയിരി."
ഇതൊരു മുഹമ്മദന്‍ ശവക്കല്ലറയാണ്. ഹൊസ്‍പേട്ട പട്ടണത്തില്‍ നിന്നും നാലോ അഞ്ചോ കിലോമീറ്റര്‍ മാത്രമേ ഞങ്ങള്‍ കടന്നു വന്നിട്ടുള്ളു. കല്ലറ ആരുടേതെന്നോ ആര്‍ക്കു വേണ്ടി പണിതുവെന്നോ ഒന്നും വ്യക്തമാക്കുന്ന അടയാളങ്ങളൊന്നും കണ്ടില്ല. പുരാവസ്തു സംരക്ഷണനിയമപ്രകാരം നിലനിര്‍ത്തിയവയാണെന്നും തൊട്ടുകളിക്കുന്നവന് മൂന്നു മാസം ജയിലില്‍ കിടക്കാമെന്നുമുള്ള ഒരു മുന്നറിയിപ്പ് കയറിച്ചെല്ലുന്നിടത്തു തന്നെ തൂക്കിയിട്ടുണ്ട്.

നല്ല വലിപ്പത്തില്‍ കെട്ടിപ്പൊക്കിയ ശവക്കല്ലറക്ക് പ്രധാനകവാടത്തിനു പുറമെ നാലു വശത്തും കവാടങ്ങളുണ്ട്. വാതിലുകളെല്ലാം വലിയ കമാനങ്ങളോടു കൂടിയതാണ്. പുറമെ എല്ലാ വശത്തും അടഞ്ഞ കമാനങ്ങള്‍ വേറെയും കാണാം. 1300ആം ആണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും വന്ന് ഡെക്കാന്‍ പ്രദേശത്ത് സ്ഥിരമാക്കിയ ’ബാഹമനി’ സുല്‍ത്താന്മാരുടെ നിര്‍മ്മാണശൈലിയുമായി കല്ലറക്ക് വളരെ സാമ്യമുള്ളതായി പറയുന്നു. ബാഹമനി കല്ലറയുടെ ഒരു സാമ്പിള്‍ ഇവിടെ കാണാം.

സാമാന്യം വെയിലു കൊണ്ടു മതിയായപ്പോള്‍ ഞങ്ങള്‍ വണ്ടിയിലേക്കു തിരിച്ചു. ഷൗക്കത്ത് വണ്ടിയുടെ മൂലക്ക് ചാരി നില്‍ക്കുന്നുണ്ട്, ’ഇവനൊക്കെ എവിടുന്നു വന്നെടാ’ എന്ന ഭാവത്തില്‍.

വണ്ടി പിന്നെ നേരെ ചെന്നു നിന്നത് ഹമ്പിയില്‍ വിരുപാക്ഷ ദേവസ്ഥാനത്തിനു മുമ്പിലാണ്. കല്ലില്‍ കൊത്തിമിനുക്കിയെടുത്ത ഒരു കവിത തന്നെയാണ് വിരുപാക്ഷ ദേവാലയം. ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കൊച്ചുവിഗ്രഹം ഈ നിലയിലായതിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. വിജയനഗരസാമ്രാജ്യത്തിന്‍റെയും ഹൊയ്‍സാല സാമ്രാജ്യത്തിന്‍റെയും ഉള്‍പ്പെടെ ഒരു സഹസ്രാബ്ദത്തിന്‍റെ ആരാധനാപുഷ്പങ്ങളേറ്റുവാങ്ങിയ, വാങ്ങിക്കൊണ്ടിരിക്കുന്ന ദേവാലയമാണിത്.ചുറ്റും കൊത്തിയെടുത്ത കരിങ്കല്ലു മാത്രം. നടവഴിയില്‍ ഇടതുവശത്തു കാണുന്ന മണ്ഡപത്തില്‍ നിറയെ കൊത്തുപണികളുള്ള സ്തൂപങ്ങളാണ്. സ്തൂപങ്ങള്‍ നിര്‍ത്തിയ തറ പോലും വൃത്തിയില്‍ ചീന്തിയെടുത്ത കരിങ്കല്‍പ്പാളികളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുതിരയുടെ ശരീരവും സിംഹത്തിന്‍റെ തലയും ആനയുടെ തുമ്പിക്കയ്യുമുള്ള വിചിത്രരൂപങ്ങളിലാണ് അന്നത്തെ ശില്പികളുടെ ഭാവനകള്‍ പ്രധാനമായും വിഹരിച്ചിരുന്നതെന്നു തോന്നുന്നു. മയിലിനെ കയ്യിലേന്തി അലറി വിളിക്കുന്ന വ്യാളീരൂപത്തിലുള്ള ജീവികള്‍, നര്‍ത്തകിമാര്‍, ശാന്തഭാവത്തിലിരിക്കുന്ന സിംഹക്കുട്ടികള്‍ തുടങ്ങി ശില്പവിഭവങ്ങള്‍ പലതാണ്.മണ്ഡപത്തിന്‍റെ വലതുവശത്ത് കയ്യെത്തും ദൂരത്തില്‍ വലിയ രണ്ടു മണികള്‍ സ്ഥാപിച്ചിരിക്കുന്നു.
ദേവാലയത്തിനുള്ളില്‍ വലതുവശത്ത് താഴേക്കിറങ്ങിപ്പോകാവുന്ന ഒരു ഭൂഗര്‍ഭ അറയുണ്ട്. കരിങ്കല്‍പ്പടവുകളിറങ്ങുന്ന വഴിയിലൂടെ ഒരാള്‍ക്കു കഷ്ടി നടക്കാം. അകത്തേക്കു കയറുന്തോറും കുറ്റാക്കൂരിരുട്ട്. തട്ടിത്തടഞ്ഞ് വീണേക്കുമോ എന്നു തോന്നി. തണുപ്പ് ശരീരത്തെ വന്നു പൊതിയുന്നു. പുറത്തെ പൊള്ളുന്ന വെയിലിലും ഈ കല്‍ഗുഹകള്‍ സമ്മാനിക്കുന്ന തണുപ്പോര്‍ത്ത് ശരീരത്തോടൊപ്പം എന്‍റെ മനസ്സും കുളിര്‍ത്തു തുടങ്ങി.

ഞങ്ങള്‍ പുറത്തേക്കു നടന്നു. വഴിയില്‍, അമ്പലത്തിന്‍റെ കവാടത്തിനുള്ളില്‍ത്തന്നെ ഒരു ആനച്ചാര്‍ ഭക്തര്‍ക്ക് ആശീര്‍വാദം കൊടുക്കുന്നുണ്ട്. പെണ്ണുങ്ങള്‍ വരുന്ന മുറക്ക് തുമ്പിക്കൈ നീട്ടി തലയില്‍ ഒരു തലോടലാണ്, പകരം ദക്ഷിണയും.അന്വേഷിച്ചപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമുള്ള ആശീര്‍വാദമാണെന്നു മനസ്സിലായി.

വണ്ടി വീണ്ടും മുരണ്ടു. മറ്റു കല്ലുകൊട്ടാരങ്ങളിലേക്ക് യാത്ര തുടരുകയാണ്. പോകുന്ന വഴിക്കിരുവശവും നേരത്തെ കണ്ടതിലും കൂടുതല്‍ പാറക്കുന്നുകള്‍. ഒരു ചെറിയ പുരാതന കെട്ടിടത്തിനു മുമ്പില്‍ വണ്ടി ചെന്നു നിന്നു. ചെറിയ തോതില്‍ കൊത്തുപണികളുള്ള തൂണുകള്‍. ഭീകരജീവികളില്ലെങ്കിലും മനുഷ്യരുടേതിനൊപ്പം തന്നെ വാലും പൊക്കി നില്‍ക്കുന്ന കുരങ്ങന്മാരുണ്ട് ഇത്തവണ തൂണുകളില്‍ ചെറുശില്പങ്ങളുടെ രൂപത്തില്‍.


കുരങ്ങന്മാരെ കണ്ടപ്പോളാണ് ഹമ്പി യാത്രയെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്ന നാളുകളില്‍ വായിച്ച ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. നമ്മുടെ ബാലിയും സുഗ്രീവനും കളിച്ചു നടന്നിരുന്ന കിഷ്കിന്ധാ രാജ്യം ഇവിടെയടുത്തെങ്ങാണ്ടായിരുന്നെന്നാണ് വര്‍ത്തമാനം. നേരത്തെ പറഞ്ഞ സ്വപ്നത്തില്‍ ഞാന്‍ കണ്ട മാതംഗ പര്‍വതമായിരുന്നത്രേ ബാലിയെപ്പേടിച്ച് സുഗ്രീവന്‍ കേറിയൊളിച്ചെന്ന് ചെറുപ്പം തൊട്ടേ കേട്ടുകൊണ്ടിരിക്കുന്ന ബാലികേറാമല. തുംഗഭദ്ര നദിക്കരയില്‍ നിന്നും കിഴക്കുഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഒരു പര്‍വ്വതമാണ് മാതംഗ. സുഗ്രീവനെ സഹായിക്കാന്‍ രാമന്‍ ബാലിയെ ഷൂട്ടു ചെയ്തു വീഴ്‍ത്തിയതുമൊക്കെ ഇവിടടുത്താണെന്നാണ് കേള്‍വി. ലങ്ക കത്തിക്കാന്‍ പോയ ഹനുമാന്‍ ശുഭവാര്‍ത്തയും കൊണ്ടു വരുന്നതും കാത്ത് രാമന്‍ കാത്തു കിടന്നത് ഹമ്പിക്കടുത്ത് മാല്യവന്ത മലയിലായിരുന്നെന്നും ആളുകള്‍ വിശ്വസിക്കുന്നു. ബാംഗ്ലൂരില്‍ വച്ചുള്ള ചില ട്രെക്കിംഗുകളില്‍ കണ്ടതു പോലെ കുരങ്ങന്മാരുടെ അതിപ്രസരമൊന്നും പക്ഷേ ഇവിടെ അനുഭവപ്പെട്ടില്ല, ശില്പങ്ങളിലല്ലാതെ.ബാലികേറാമല എന്നു പറയപ്പെടുന്ന മാതംഗമല.

കൈ കഴച്ചു, അതുകൊണ്ട് ബാക്കി അടുത്ത പോസ്റ്റില്‍.

(തുടരും)

12 comments:

ശ്രീവല്ലഭന്‍. said...

ബാക്കി കൂടെ പോരട്ടെ. :-)

പാമരന്‍ said...

ഥാങ്ക്സ്! ബാക്കി പോരട്ടേ ബേക്കൂ :)

Umesh::ഉമേഷ് said...

തുടക്കം കിടുക്കൻ!

krish | കൃഷ് said...

"ആരവിടെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തെക്കുകിഴക്കന്‍ മേഖലയിലെ നൂറ്റിമുപ്പത്തിനാലു ഗ്രാമങ്ങളും ഇരുന്നൂറ്റിപ്പന്ത്രണ്ട് കന്യകമാരെയും പടത്തലവന്‍ പപ്പൂസിനു നല്കാന്‍ നാം ഉത്തരവിടുന്നു!"

"വേണ്ട പ്രഭോ! പടത്തലവന്‍ പപ്പൂസിന് ആഡംബരങ്ങള്‍ ആവശ്യമില്ല!"

കൃഷ്ണദേവരായര്‍ വീണ്ടും അദ്ഭുതപ്പെട്ടു. പപ്പൂസിനെ തനിക്കഭിമുഖമായി നിര്‍ത്തില്‍ തോളില്‍ കൈ വച്ച് അദ്ദേഹം ഗദ്ഗദത്തോടെ ചോദിച്ചു.

"പടത്തലവന്‍, മറ്റെന്താണ്.... മറ്റെന്താണ് ഈ ദരിദ്രരാജന്‍ താങ്കള്‍ക്കു ചെയ്തു തരേണ്ടത്? ഈ സാമ്രാജ്യം മുഴുവന്‍ അവിടുത്തെ ധീരതയുടെയും പ്രയത്നത്തിന്‍റെയും മുന്നില്‍ തലകുനിക്കുകയാണ്. പറയൂ, താങ്കള്‍ക്ക് ഈ സാമ്രാജ്യം തന്നെ വേണമോ?"

"വേണ്ട രാജന്‍.... അടിയനൊരു....."

പപ്പൂസ് വിനയാന്വിതനായി.

"ഒരു....? പറയൂ പപ്പൂസ്...."

"അടിയനൊരു കുപ്പി ഓസീയാര്‍ മാത്രം മതി...!!!"

"ഹ! ഹ! ഹ!"

രാജന്‍ പൊട്ടിച്ചിരിച്ചു.

"ആരവിടെ, പടത്തലവന്‍ പപ്പൂസിനു വേണ്ടി കൊട്ടാരത്തിലെ കല്പടവുകളിറങ്ങിച്ചെല്ലുന്ന കുളം വറ്റിച്ച് അതില്‍ മദ്യം നിറക്കുവിന്‍..."

.
.
.
ഹോ.. ഇങ്ങനെയെങ്ങാൻ സംഭവിച്ചിരുന്നെങ്കിൽ?....


യാത്ര പോകുമ്പോൽ കൈയ്യിൽ മറ്റവൻ കരുതിയില്ലാരുന്നോ? അതോ പെണ്ണുമ്പിള്ളയെ പേടിച്ച്‌ നല്ല പിള്ളയായതാണോ?

ബാക്കി കൂടെ പോരട്ടെ.

അഭി said...

എല്ലാവരും പറഞ്ഞത് പോലെ , ബാക്കി കൂടി പോരട്ടെ

Visala Manaskan said...

ആഢംഭരം പടത്തലൈവരെ..

എന്തിറ്റാ എഴുത്ത്.. ഹോ!

sherlock said...

അടിയന്‍ ഇവടൊക്കെ കറങ്ങണ്‌ണ്ട്ട്ടാ..

perooran said...

pappoos

mini//മിനി said...

ഈ പപ്പൂസ് എങ്ങനെ ബാലരമയില്‍ നിന്ന് വിജയനഗരത്തിലെത്തി എന്ന് ചിന്തിച്ചപ്പോഴാണ് വണ്ടിയുടെ കുലുക്കം. എല്ലാം മുന്നില്‍ കാണുന്നത് പോലെ,,,

പപ്പൂസ് said...

ശ്രീവല്ലഭണ്ണന്‍സ്, പാമര്‍ അണ്ണന്‍സ്, താങ്ക്സ്, ബാക്കി ഉടന്‍ ഡെലിവെറി ചെയ്യാം. ഞാനെഴുതി വരുമ്പഴേക്കും ചരിത്രത്തിന്‍റെ ചാരിത്ര്യമൊക്കെ തുംഗഭദ്ര കടന്നേക്കും. ;-)

ഉമേഷണ്ണോ, താങ്ക് യൂ. ഒരു പണി ഞാന്‍ തന്നിരുന്നേ. രണ്ടു പൂരണം പൂശിയതിനെ വൃത്തിയുള്ള വൃത്തത്തിലാക്കി അടിയന്‍റെ മാനം കാക്കണം! :-)

കൃഷണ്ണോ, അതെങ്ങാന്‍ സംഭവിച്ചിരുന്നേ, ഹോ, ഞാനാ സാമ്രാജ്യം ഒന്നലക്കിപ്പൊളിച്ചേനെ! ഹോട്ടലിനു മുമ്പീ ബാറുള്ളപ്പോ കയ്യില്‍ വല്ലതും കരുതീട്ടു പോണോ. ചുമ്മാ ചെന്നു നിപ്പനടിക്കുകയല്ലാണ്ട്. പെണ്ണുമ്പിള്ളയെ പേടിയോ, ഹും, പിന്നേ.... (വിശദമായി പിന്നെ പറയാം, അവള് ദേ ചട്ടുകോം കൊണ്ട് വരുന്നു)

അഭി, അങ്ങനെത്തന്നെ, താങ്ക് യൂ. :-)

വിശാലണ്ണോ, തിരിച്ചും നൂറു നൂറു ഢംഭരങ്ങള്‍.... കണ്ടില്ലല്ലോ കണ്ടില്ലല്ലോന്നാലോചിച്ചിരിക്കുമ്പഴാ ശങ്കരേട്ടന്‍ വന്ന് വിശാലണ്ണനെ കയ്യോടെ കാട്ടിത്തന്നത്. സന്തോഷം. :-)

ഷെര്‍ലക്കണ്ണന്‍സ്, കറങ്ങുന്ന വിവരമൊക്കെ അറിയുന്നുണ്ട് ചുള്ളാ. തരം കിട്ടുമ്പോ നല്ലപാതിയേം കൂട്ടി വിജയനഗരമൊക്കെ ഒന്നു കറങ്ങിയേച്ച് വാ. ;-)

പേരൂരാന്‍സ്, വിളി കേട്ടു. :-)

മിനീ, പപ്പൂസിനി എവിടൊക്കെ പോവാന്‍ കിടക്കുന്നു (ഒവ്വ!) :-) താങ്ക് യൂ!

ഉഗാണ്ട രണ്ടാമന്‍ said...

പപ്പൂസ്...ബാക്കി കൂടെ പോരട്ടെ...:)

പോങ്ങുമ്മൂടന്‍ said...

കുടിയസഹോദരാ, ഒ.സി.ആര്‍ സ്നേഹി : ഇത് ശരിക്കും ആസ്വദിച്ചു. ചിരിച്ചു. മരണത്തിന്റെ വക്കോളമെത്തിയപ്പോള്‍ ചിരി നിര്‍ത്തി വിശ്രമിച്ചു. “ചീയേഴ്സ് “ :)