Thursday, July 24, 2008

സെക്സ്‍കാപെയ്ഡ് - Sexcapade

ചുവന്ന ലോറി ഇഴഞ്ഞിഴഞ്ഞ് കുന്നു കയറിപ്പോവുന്നതു ജനലിലൂടെ കാണാം. പുതുപ്പെണ്ണിന്‍റെ മാറത്തേക്ക് കിതച്ചു കയറുന്ന ചെക്കന്‍റേതു പോലുണ്ട് അതിന്‍റെ മുരള്‍ച്ച. സോമന്‍ കണ്ണെടുക്കാതെ അതിനെ നോക്കി നിന്നു. റബ്ബര്‍ക്കാട്ടിലൂടെ ലോറി ഞരങ്ങി ഞരങ്ങിക്കടന്നു പോയി.

കമ്പ്യൂട്ടര്‍ ടേബിളിനു മുകളില്‍ എലിക്കുഞ്ഞിനെയിട്ട് വട്ടു കളിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. നേരം പോകെപ്പോകെ സോമനു മടുത്തു തുടങ്ങി. വിരലൊന്നനങ്ങുമ്പോളേക്കും ചോരനിറം പടരുന്ന സ്ക്രീനിലേക്കു നോക്കി ഇനിയെത്ര നേരം ഇരിക്കണം! ശനിയാഴ്ചകളില്ലാതിരുന്നെങ്കില്‍... പ്രമീളയുടെ ഹുക്കു പൊട്ടിയ ജാക്കറ്റിനുള്ളിലേക്ക് കണ്ണെറിഞ്ഞുന്നം പിടിച്ച് മനസ്സിനെ പറത്തി വിടാം. തയ്യല്‍ ടീച്ചറുടെ വീര്‍ത്ത അടിവയര്‍ സാരിക്കിടയിലൂടെ വെളിവാവുമ്പോള്‍ തുറിച്ചു നോക്കി കാക്കാപ്പുള്ളികളെണ്ണാം. പിന്നെ...

ഒമ്പതാംക്ലാസ്സില്‍ ഇത്രയൊക്കെയേ പറ്റൂ. രണ്ടു കൊല്ലം കൂടെ കഴിയട്ടെ. ഇളംനീല ജീന്‍സും ചുകന്ന കുപ്പായവുമിട്ട് സ്കൂളിലെ പെണ്‍കുട്ടികളുടെ മുന്നിലൂടെ നടന്നു ചെന്ന് കോളേജിലേക്ക് ബസ്സു കയറണം. എന്നിട്ട്...

"ഷാപ്പ് ഉടന്‍ പൊളിക്കുമെടാ... അവടെ നമ്മുടെ കോംപ്ലക്സ് വരും. പപ്പാ ഇന്നലേം കൂടെ പറയുന്നുണ്ടായിരുന്നു..."

വിനോദ് തലേദിവസം തന്‍റെ ചെവിയില്‍ മന്ത്രിച്ചത് സോമനോര്‍ത്തു. സോമന്‍റെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നു പോയി. പാപ്പച്ചന്‍ പണിയാന്‍ പോകുന്ന കോംപ്ലക്സില്‍ ആദ്യം വരുന്നത് ബ്യൂട്ടിപാര്‍ലറാണെന്നാണ് വിനോദ് പറഞ്ഞിട്ടുള്ളത്. ചെറുപ്രായത്തിലുള്ള പെണ്ണുങ്ങളാവും ജോലിക്കെന്നാണ് അവന്‍ അടക്കം പറഞ്ഞത്. വന്നാല്‍ മതിയായിരുന്നു. ബ്യൂട്ടി പാര്‍ലറിലെ പെണ്ണുങ്ങളെങ്ങനെയാണാവോ? പുറംനാടുകളിലൊക്കെ വൈകുന്നേരം വേറെ ഏര്‍പ്പാടുകളൊക്കെയുണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഇവിടേം ഉണ്ടാവുമോ?

കടുംചുകപ്പു നിറം പടര്‍ന്ന സ്ക്രീനില്‍ സോമന്‍ അവിടവിടെ രണ്ടുമൂന്നു കറുത്ത പുള്ളികളിട്ടു. ബ്രഷ് ടൂളെടുത്ത് പതിയെ ആ കുത്തുകള്‍ യോജിപ്പിച്ചു. എലിക്കുഞ്ഞിന്‍റെ വയറ്റില്‍ ചുറ്റിപ്പിടിച്ച് കഴുത്തില്‍ ഞെക്കിക്കൊണ്ട് ഒന്നാകെ കുത്തിവരഞ്ഞു. ആഹാ! എന്തൊരു സുഖം!

വാടകവീട്ടില്‍ ഒറ്റക്കു തള്ളി നീക്കേണ്ടി വരുന്ന പകലുകള്‍. ദുസ്സഹം തന്നെ. അമ്പതടിയോളം അകലെ, വിളിച്ചാല്‍ കേള്‍ക്കുന്നിടത്താണ് അമ്മയുടെ ഓഫീസ്. എന്തെങ്കിലും കുസൃതിയൊപ്പിക്കണമെന്നുണ്ടെങ്കിലും പേടിയാണ്. അമ്മ എപ്പോള്‍ വേണമെങ്കിലും കയറി വരാം.

വീട്ടില്‍ ആകെ വാങ്ങിക്കുന്ന വാരിക മാതൃഭൂമിയാണ്. പിന്നാമ്പുറത്തെ ചട്ടയിലെ സോപ്പിന്‍റെ പരസ്യത്തില്‍ മാത്രമാണ് ഒരു പെണ്ണിന്‍റെ പടമുള്ളത്. സോമനത് പല തവണ കണ്ടു കഴിഞ്ഞിരിക്കുന്നു.
ജനാലയിലൂടെ പുറത്തേക്കു നോക്കിയാല്‍ കവല കാണാം. ആദ്യം കാണുന്നത് ഉമ്മറിന്‍റെ ബാര്‍ബര്‍ ഷാപ്പ്. ഉമ്മറിക്കായുടെ അടുത്തു പോയാലോ എന്നു തോന്നി സോമന്. പാന്‍റിന്‍റെ കുടുക്കു വലിച്ചിട്ട് സോമന്‍ പുറത്തേക്കു നടന്നു.

ബാര്‍ബര്‍ ഷോപ്പിലെ ബെഞ്ചിലിരുന്ന പുസ്തകങ്ങളോരോന്നായി സോമന്‍ മറിച്ചു നോക്കി. കളര്‍പേജുകളുള്ള ഒന്നു രണ്ടു മാസികകളുണ്ട്. മെലിഞ്ഞ കൈവിരലുകളുള്ള, നഖത്തില്‍ ചുവന്ന നെയില്‍ പോളിഷ് പുരട്ടിയ ഒരു പെണ്ണിന്‍റെ പടം സോമന് വളരെ ഇഷ്ടമായി. തൊട്ടടുത്ത പേജില്‍ മദര്‍ തെരേസ്സയുടെ പടമാണ്. ഈ വയസ്സികളുടെയൊക്കെ പടങ്ങള്‍ വാരികയില്‍ കൊടുക്കുന്നതെന്തിനാണാവോ എന്നോര്‍ത്ത് സോമന്‍ കണ്ണു മിഴിച്ചു.

മദര്‍ തെരേസ്സാ ചെറുപ്പത്തില്‍ എങ്ങ്നിരുന്നിരുന്നോ ആവോ! സുന്ദരിയായിരുന്നിരിക്കണം. അതായിരിക്കും ഇത്ര പേരും പ്രശസ്തിയും കിട്ടിയത്. ഇന്നളൊരു കന്യാസ്ത്രീ എന്തോ ഒപ്പിച്ചെന്നു പറഞ്ഞത് വിനോദാണ്. ആ... ആര്‍ക്കറിയാം!

സോമന്‍ മുഖമുയര്‍ത്തി ഉമ്മറിനെ നോക്കി. ഉമ്മറിക്കാക്ക് മുടിവെട്ടിനു പുറമേ ചില്ലറ സാമൂഹ്യപ്രവര്‍ത്തനമൊക്കെയുണ്ട്. മേധാ പടേക്കറുടെ ആളാണത്രേ. ഇടക്കിടെ ചില കന്യാസ്ത്രീകളും മറ്റും വന്ന് ജീപ്പില്‍ കയറ്റിക്കൊണ്ടു പോകുന്നതു കാണാം. ഇനി ഉമ്മറിക്കായും...

ഇപ്പോ കുറച്ചു നാളായി ഉമ്മറിക്ക പ്രശ്നത്തിലാണെന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടിട്ടുണ്ട്. വിനോദിന്‍റെ പപ്പാ തുടങ്ങാന്‍ പോകുന്ന കോംപ്ലക്സിനെക്കുറിച്ചോര്‍ത്താണത്രേ. കേസൊക്കെ കൊടുക്കുമെന്നും പറയുന്നു. ബ്യൂട്ടിപാര്‍ലര്‍ വരുന്നതിന് ഇയാള്‍ക്കെന്താണ് കുഴപ്പം? ഇനി അവിടെ പണിക്കു വരുമെന്നു പറഞ്ഞ പെണ്ണുങ്ങളെയാരെയെങ്കിലും ഉമ്മറിക്ക വല്ലതും ചെയ്തു കാണുമോ?

വിനോദിന്‍റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിടര്‍ന്നു.

"എന്താ മോനേ വെറുതെ ചിറിക്ക്യാ?"

ഉമ്മറിന്‍റെ ചോദ്യം കേട്ട് സോമന്‍ വാരികയില്‍ നിന്ന് മുഖമുയര്‍ത്തി.

"ഈ വീക്കിലി ഞാനെടുത്തോട്ടേ?"

"എടുത്തോ, വായിച്ചു കയിഞ്ഞ് നിയ്‍ക്കെന്നെ കൊണ്ടെത്തന്നാ മതി."

അയാള്‍ ചിരിയോടെ പറഞ്ഞു. വാരികയുമായി സോമന്‍ വീട്ടിലേക്കോടി. ചുവന്ന മിഡിയിട്ട സുന്ദരിയുടെ കവിളിലൂടെ താഴോട്ട് അവന്‍റെ കൈവിരലുകള്‍ അരിച്ചിറങ്ങി. ശ്വാസം മുട്ടിക്കുന്ന നിശ്വാസങ്ങള്‍ക്കൊപ്പം നെഞ്ചിടിപ്പ് പതിയെപ്പതിയെ ഉയരുന്നു... ശരീരമാകെ വിറക്കുന്നു...

"ഹ്‍മ്....."

ഇറുകിയ ഉടുപ്പൂരി വലിച്ചെറിഞ്ഞ് സ്വതന്ത്രനായതു പോലെ ഒരു സുഖം. ജനാലപ്പാളി തള്ളിത്തുറന്ന് സോമന്‍ മലര്‍ന്നു കിടന്നു. ഞരക്കം മൂളിയെത്തിയ കാറ്റ് അയാളുടെ മിഴികളെ തഴുകിയടച്ചു.

വാതില്‍ തള്ളിത്തുറക്കുന്ന ശബ്ദം കേട്ടാണ് സോമനുണര്‍ന്നത്. അമ്മയാണെന്നു തോന്നുന്നു. ഇത്ര വേഗം അഞ്ചുമണിയായോ? അമ്മ ആരോടോ സംസാരിക്കുന്നുണ്ടല്ലോ. ഗൌരിച്ചേച്ചിയായിരിക്കും. മുഖം കഴുകാം. ഗൌരിച്ചേച്ചി കാണുമ്പോ ഒരു വൃത്തിയൊക്കെ വേണ്ടേ.

എണീക്കുന്നതിനിടെ സോമന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. കവലയില്‍ പതിവില്ലാതെ ഒരാള്‍ക്കൂട്ടം. എന്താണോ ആവോ. വാതിലിനടുത്തു നിന്ന് സോമന്‍ അമ്മയുടെ സംസാരം ശ്രദ്ധിച്ചു.

"ചുകന്ന ഒരു ലോറിയാണെന്നാ കണ്ടോരു പറയണത്. നെഞ്ഞത്തുക്കൂടി കേറിയെറങ്ങി നിര്‍ത്താണ്ടെ പോയീത്രേ."

അമ്മ തലയില്‍ കൈ വക്കുന്നു. ഏങ്ങുന്നുണ്ടോ? ഗൌരിച്ചേച്ചി കണ്ണു തള്ളി നില്‍ക്കുകയാണ്.

"ഇതും പാപ്പച്ചന്‍റെ വാടകവീടല്ലേന്‍റെ ഗൌര്യേ... നിയ്‍ക്ക് പേട്യാവണുണ്ട്. ഏട്ടനിങ്ങട്ട് വേം വന്നാ മത്യായിരുന്നു. നിയ്‍ക്ക് ന്‍റെ നാട്ടീ പോയാ മതി."

സോമന്‍ പതിയെ അവരുടെയടുത്തേക്കു ചെന്നു. ഗൌരി അമ്മയുടെ തുടയില്‍ സൂചനാരൂപത്തില്‍ തോണ്ടുന്നത് സോമന്‍ കണ്ടു.

"വാ മോനേ, ഉടുപ്പു മാറ്റ്."

സോമന്‍ ചോദ്യഭാവത്തില്‍ അമ്മയെ നോക്കി.

"ഉമ്മറിക്ക.... മരിച്ചു..."

അമ്മയുടെ സ്വരത്തില്‍ വിറയലുണ്ടോ? ഉമ്മറിക്ക മരിച്ചോ? ഇത്ര പെട്ടെന്ന്. സോമന്‍ കട്ടിലില്‍ കിടന്ന മാസികയിലേക്കു നോക്കി. ഓ... ഇനിയിതു തിരിച്ചു കൊടുക്കേണ്ടല്ലോ.

സോമന്‍ ഉമ്മറിന്‍റെ വീട്ടുമുറ്റത്തു തന്നെ നിന്നു. അമ്മ അകത്തേക്കു കയറിപ്പോയി. സ്ത്രീകളുടെ അലര്‍ച്ച കേട്ട് സോമന് ശ്വാസം മുട്ടുന്നതു പോലെ തോന്നി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൌതുകത്തോടെ അയാള്‍ ജനാല വഴി അകത്തേക്ക് ഏന്തി നോക്കി.

കൈകാലുകളിട്ടടിച്ച് അലറിക്കരയുകയാണ് വെളുത്തു തടിച്ചൊരു സ്ത്രീ. ഉമ്മറിന്‍റെ ഭാര്യയായിരിക്കണം. നാലഞ്ചു പെണ്ണുങ്ങള്‍ ചേര്‍ന്ന് അവരെ പിടിച്ചടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

"ആ... ആരാണ്ടാ.... ആരാണ്ടാ ന്‍റെ ഇക്കാക്കാനെ കൊന്നത്... ആആ...."

ഉമ്മറിക്കായെ ആരോ കൊന്നതാണോ? വണ്ടിയിടിച്ചാണെന്നല്ലേ അമ്മ പറയുന്നതു കേട്ടത്! കൊന്നതാണെങ്കില്‍ ആരാവും.

അകത്ത് അലര്‍ച്ചക്ക് ശക്തി കൂടിയപ്പോള്‍ സോമന് ഈര്‍ഷ്യ തോന്നി. കയറിച്ചെന്ന് മറ്റു പെണ്ണുങ്ങളോടൊപ്പം നിന്ന് അവരുടെ വായ് പൊത്തിപ്പിടിച്ചാലോ എന്നു തോന്നി സോമന്. എത്ര പെണ്ണുങ്ങളാ.

പ്രമീളയുടെ വീട് ഈ ഭാഗത്തെവിടെയോ ആണല്ലോ. അവളും വന്നു കാണുമോ? സോമന്‍ തലയെത്തിപ്പിടിച്ച് എല്ലാ മുഖങ്ങളിലേക്കും ഉറ്റു നോക്കി. ഇല്ല, പ്രമീളയില്ല.

രാത്രി സോമന് കിടന്നിട്ടുറക്കം വന്നില്ല. ഉഅമ്മറിക്കായുടെ അടുത്തു നിന്നു കൊണ്ടു വന്ന വാരിക കട്ടിലില്‍ തന്നെ കിടപ്പുണ്ട്. മറിച്ചു നോക്കാന്‍ ചെറിയ ഭയം. അതെടുത്ത് സ്വീകരണമുറിയിലെ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം സോമന്‍ തിരിച്ചു വന്നു കിടന്നു.

ശ്ശോ, എന്തൊരു തണുപ്പ്.

തുറന്നു കിടന്നിരുന്ന ജനാലപ്പാളി അവന്‍ വലിച്ചടച്ചു കൊളുത്തിട്ടു. പാന്‍റിന്‍റെ കുടുക്കഴിച്ച്, കൈകള്‍ തുടകള്‍ക്കിടയില്‍ തിരുകി വച്ച് കണ്ണുകളടച്ചു. പ്രമീളയും മരിക്കുമോ? പത്താംക്ലാസ്സ് കഴിയുന്നതു വരെ മരിക്കാതിരുന്നാല്‍ മതിയായിരുന്നു...

രാവിലെ കണ്ണു തിരുമ്മിയെഴുന്നേറ്റു വരുമ്പോള്‍ അച്ഛനുമമ്മയും കൂടെ പത്രം നോക്കുകയാണ്. കൈ പിറകില്‍ കെട്ടി, അവര്‍ക്കു പിന്നില്‍ ചെന്നു നിന്ന് സോമന്‍ പത്രത്താളിലേക്ക് കണ്ണയച്ചു.

ചരമം...

നെല്ലിക്കോട് കുന്നത്ത് വീട്ടില്‍ ഉമ്മര്‍ (43) അന്തരിച്ചു....

വിരസത കൊണ്ട് കൂമ്പിത്തുടങ്ങിയ സോമന്‍റെ കണ്ണുകള്‍ പതിയെ വലതുവശത്തെ താളിലേക്ക് അരിച്ചു നീങ്ങി. താഴേ മൂലയില്‍ കാല്‍പ്പേജ് നിറഞ്ഞു തുളുമ്പുന്ന പുതിയ എഫ് എം റേഡിയോയുടെ പരസ്യത്തില്‍ പച്ചയുടുപ്പിട്ട് നൃത്തച്ചുവടു വക്കുന്ന സുന്ദരി. സോമന്‍ അവളുടെ ശരീരത്തിലേക്ക് കണ്ണും നട്ടിരുന്നാലോചിച്ചു...

കോംപ്ലക്സ് ഉടനെ പണിതുടങ്ങും. ചന്തമുള്ള പെണ്ണുങ്ങള്‍ ജോലിക്കു വരും. രണ്ട് കൊല്ലം കഴിയട്ടെ, നീല ജീന്‍സും ചുകന്ന കുപ്പായവുമിട്ട് അവരുടെ മുമ്പിലൂടെ...

കവലയില്‍ ഉമ്മറിക്കായുടെ ബാര്‍ബര്‍ ഷോപ്പിനെ ലക്ഷ്യം വച്ച് മഞ്ഞ ജേ സി ബി മുരണ്ടു മുരണ്ടു വരുന്നതെന്തിനാണെന്ന് സോമനു മനസ്സിലായില്ല. ഇവിടടുത്തെങ്ങാന്‍ കണ്‍സ്ട്രക്ഷന്‍ നടക്കുന്നുണ്ടോ? കോംപ്ലക്സ് പണി ഇത്ര പെട്ടെന്ന് തുടങ്ങിയോ?