Tuesday, February 16, 2010

തവിക: ഗിരീഷ് പുത്തഞ്ചേരിക്ക്...

നിറമിഴിച്ചിമിഴില്‍ തുളുമ്പുന്ന മുത്തിനു
മൊഴിയുവാനുണ്ടൊരു മോഹം,
പകല്‍ മീട്ടി മായും മുമ്പറിയാതെ വീണൂട-
ഞ്ഞിരുള്‍ തൊട്ട സൂര്യകിരീടം,
നറു'നിലാഭസ്മക്കുറി' ചാര്‍ത്തിയന്നു നീ-
യിഴ നെയ്ത നിര്‍മ്മലരാഗം,
തരളമാം പ്രേമപദാഞ്ജലി പൂത്ത നിന്‍
നിരുപമ കാവ്യഹേമന്തം.

പതിനേഴു വര്‍ഷം തികഞ്ഞ നിശ്വാസങ്ങള്‍-
ക്കനുരാഗ ഗന്ധമുണ്ടെങ്കില്‍,
പകലാറുവോളം വിയര്‍പ്പുയിരാക്കുമീ
പണിയാള്‍ക്കു നൊമ്പരമെങ്കില്‍,
പനയോല പാകിയ നാടന്‍ വടക്കിനി-
പ്പുരകള്‍ക്കു ഹൃദയമുണ്ടെങ്കില്‍,
'ഇടനെഞ്ചി'ല്‍ 'പിന്നെയും പിന്നെയും' 'കുറുകു'മീ
'പ്രണയാര്‍ദ്ര' 'മൃദുമന്ത്രണങ്ങള്‍!'