Thursday, March 20, 2008

ഈ അഗ്രൂന്‍റെ ഒരു കാര്യം!

ഈ അഗ്രൂന്‍റെ ഒരു കാര്യം!

നമ്മടെ അഗ്രിഗേറ്ററേ... എന്‍റെ ഈ പടം കാണിച്ചില്ല!

ഇനി ഇതും കാണിക്കുവോ ആവോ!

Sunday, March 9, 2008

വുമണ്‍സ് ഡേയും ചില ആശങ്കകളും!

പെണ്‍കുട്ടിയും പപ്പൂസും മുഖാമുഖം ഇരുന്നു. പെണ്‍കുട്ടി ചോദിച്ചു.

"ഇന്ന് നാം ലോക വനിതാദിനം ആചരിക്കുകയാണല്ലോ. ഈ ഘട്ടത്തില്‍ താങ്കള്‍ക്കെന്താണ് തോന്നുന്നത്?"

"പ്രധാനമായും പുരുഷന്‍മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് തോന്നുന്നത്. സ്ത്രീകള്‍ ലോകത്തെ അനിഷേധ്യ ശക്തിയായി മാറുന്നതിലുള്ള അരക്ഷിതബോധമാണ് ഇതിനു പുറകിലെ ചേതോവികാരമെന്ന് നിങ്ങള്‍ ആരോപിച്ചേക്കാം. സത്യത്തില്‍ എന്‍റെ മനസ്സിനെ അലട്ടുന്നത് മറ്റു പലതുമാണ്."

"വിശദീകരിക്കാമോ?"

"തീര്‍ച്ചയായും. സ്ത്രീയും പുരുഷനും തുല്യരാണെന്നും ലിംഗാധിഷ്ടിതമായ യാതൊരു വിവേചനവും ഒരു വിഷയത്തിലും അനുവദിച്ചു കൂടെന്നും പറയുന്ന നമ്മുടെ നാട്ടില്‍, സംവരണത്തിനും പ്രത്യേക പ്രാതിനിധ്യത്തിനും വേണ്ടി സ്ത്രീ സമൂഹം ഉയര്‍ത്തുന്ന നിലവിളി എന്നെ ആശങ്കാകുലനാക്കുന്നു. അതിലുപരി എന്നെ അലട്ടുന്നത് അടുക്കളയിലും തുണിയലക്കുന്നതിലും വീടു വൃത്തിയാക്കുന്നതിലും നമ്മള്‍ ആണുങ്ങള്‍ പങ്കു ചേരണമെന്ന ആവശ്യമാണ്. അതെത്രത്തോളം ഭയാനകമാണെന്ന് കുട്ടിക്കും ഊഹിച്ചു കൂടേ? അലക്കുകയോ... കഞ്ഞി വക്കുകയോ!!!! ഹൊ ഹൊ! രാവിലെ കുളിക്കാനുള്ള കഷ്ടപ്പാട് എനിക്കേ അറിയൂ."

"അതു ശരിയല്ലേ? വീട്ടുജോലികളില്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തം ഉണ്ടാവുന്നതിനോട് അസഹിഷ്ണുത എന്തിനാണ്? നിങ്ങള്‍ ആണുങ്ങള്‍ക്കും വീട്ടുജോലികള്‍ ചെയ്തു കൂടേ?"

"കുട്ടിയും ഫെമിനിസ്റ്റ് പക്ഷത്തു നിന്നു സംസാരിക്കുന്നു. ഇനിയുള്ള എന്റെ മറുപടികള്‍ അല്പം പരുഷമായാല്‍ ദയവായി സഹിക്കുക. Men who do housework may get more sex എന്ന വാര്‍ത്ത വനിതാദിനത്തോടനുബന്ധിച്ച് പുറത്തു വിട്ടത്, ഒരു ആഗോള ഫെമിനിസ്റ്റ് ഗൂഢാലോചനയായിട്ടാണ് ഞാന്‍ നോക്കിക്കാണുന്നത്."

"ഗൂഢാലോചനയോ?"

"അതെയതെ. സെക്സ് എന്ന പ്രലോഭനത്തില്‍ പെടുത്തി പുരുഷനെക്കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുക എന്നത് പുരുഷന്‍മാരെ വ്യക്തമായി സ്ത്രീകള്‍ക്ക് മനസ്സിലാക്കാനാവാത്തതു കൊണ്ടു തോന്നിയ ഒരു വ്യാമോഹമാണെന്നേ എനിക്കു പറയാനാവൂ. ശാരീരിക ഘടന കൊണ്ടും ജനിതകസവിശേഷതകള്‍ കൊണ്ടും വൃത്തി, അച്ചടക്കം, ഒതുക്കം തുടങ്ങിയ സംഗതികളോട് ഞങ്ങള്‍ക്ക് ആഭിമുഖ്യം കുറവാണെന്നറിഞ്ഞു കൂടേ. അടുക്കളയില്‍ രണ്ടു ദിവസം പാത്രങ്ങള്‍ കഴുകാതെ കിടന്നാലും മേശപ്പുറത്ത് നാലഞ്ചു ദിവസത്തെ പത്രങ്ങള്‍ നിരന്നു കിടന്നാലുമൊന്നും ഞങ്ങളത് വലിയ കാര്യമായി കണക്കാക്കാറില്ല. പ്രകൃത്യാ ഉള്ള ഈ സവിശേഷതകളെ അവകാശത്തിന്‍റെ നൂലാമാലകളില്‍ കുടുക്കുന്നവര്‍ പുരുഷപീഡനത്തിന്‍റെ വ്യത്യസ്ത സാധ്യതകള്‍ ആരായുകയാണ്."

"കുഞ്ഞുങ്ങളെ പരിചരിക്കുന്ന കാര്യത്തിലും നിങ്ങള്‍ ആണുങ്ങള്‍ വളരെ പിന്നിലാണെന്നാണല്ലോ കണക്കുകള്‍ വ്യക്തമാക്കുന്നത്?"

"സത്യമാണത്. ഞാന്‍ കുറച്ചു കാലം മുമ്പ് എഴുതിയ ’ആണിന് മുലയെന്തിന്’ എന്ന പോസ്റ്റ് കുട്ടി വായിച്ചിരിക്കുമെന്ന് കരുതുന്നു."

"ഹ ഹ ഹ!!! അതും ഇതും തമ്മിലുള്ള ബന്ധം?"

"ഇതാണ് നിങ്ങള്‍ ആലോചിക്കാതെ ആരോപണം ഉന്നയിക്കുന്നവരാണെന്ന് ജനം പറയുന്നതിനുള്ള കാരണം. പിറന്നു വീഴുന്ന കുഞ്ഞിന് ആ നിമിഷം മുതല്‍ ഏതു നിമിഷവും ആവശ്യമുള്ള ഒന്നാണ് മുലപ്പാല്‍. അതു ചുരത്താന്‍ ഞങ്ങള്‍ക്ക് കഴിവില്ലാത്തതു കൊണ്ട് കുഞ്ഞ് അമ്മയോടൊപ്പം കഴിയേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ പറഞ്ഞു മനസ്സിലാക്കിത്തരേണ്ടി വരുന്നിടത്താണ് നിങ്ങളുടെ പരാജയം."

(ചോദ്യകര്‍ത്താവ് മുഖം കുനിക്കുന്നു. ഒന്നാലോചിച്ച്, പെട്ടെന്ന് മുഖമുയര്‍ത്തി ചോദിക്കുന്നു.)

"കുഞ്ഞുങ്ങള്‍ വളരെപ്പെട്ടെന്ന് ഖരപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കാന്‍ പ്രാപ്തരാവാറുണ്ടല്ലോ. അപ്പോഴും നിങ്ങള്‍ അവരെ ശ്രദ്ധിക്കാറില്ല എന്നു പറഞ്ഞാല്‍?"

"ശ്രദ്ധിക്കാറില്ല എന്നു പറഞ്ഞാല്‍ നിഷേധിക്കേണ്ടി വരും. ഒരച്ഛനില്‍ നിന്ന് കുഞ്ഞിന് കൊടുക്കാവുന്നതെല്ലാം ഞങ്ങള്‍ നല്കാറുണ്ട്. ഒന്നോര്‍ക്കുക, കാല് നീട്ടിയിരുന്ന് കുഞ്ഞിനെ മുട്ടിനൂ മീതെ കിടത്തിയാണ് അമ്മമാര്‍ ഭക്ഷണം നല്കുന്നത്. പുരുഷന്മാരതിനു തുനിഞ്ഞാല്‍ കടുത്ത രോമം കുത്തിക്കയറി കുഞ്ഞിന്‍റെ മൃദുലശരീരത്തിന് വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതു കാരണം കുഞ്ഞ് കരയാന്‍ തുടങ്ങിയാല്‍ ഭക്ഷണം കൊടുക്കുക എന്ന ജോലി വളരെ ദുര്‍ഘടമായേക്കാം. പുറമേ ഈ പറഞ്ഞ പോസില്‍ ദീര്‍ഘനേരമിരിക്കാനുള്ള ശേഷിയും ഫ്ലെക്സിബിലിറ്റിയും സ്ത്രീശരീരത്തിന് പുരുഷശരീരത്തെ അപേക്ഷിച്ച് കൂടുതലാണ്. ഇതെല്ലാം പ്രകൃതിനിയമങ്ങളാണ്. നിങ്ങളുടെ മുറവിളി കൊണ്ടൊന്നും നാച്വറല്‍ ലോ മാറ്റിപ്പണിയാനാവുകയില്ല."

"ഓക്കേ. കുടുംബകാര്യങ്ങളില്‍ നിന്ന് നമുക്ക് സാമൂഹ്യപ്രശ്നങ്ങളിലേക്ക് വരാം."

"സാമൂഹ്യവിഷയമെന്നു പറയൂ. എന്തിനേയും പ്രശ്നമായിക്കാണുന്ന പ്രവണത പുരുഷവിരുദ്ധ അജണ്ടയുടെ മറ്റൊരു മുഖമാണ്."

"ചുരുക്കി പറഞ്ഞാല്‍ സ്ത്രീ വീട്ടുകാര്യങ്ങള്‍ ചെയ്യുകയും പുരുഷന്‍ സമ്പാദിച്ചു കൊണ്ടു വരുമ്പോള്‍ വച്ചു വിളമ്പുകയും ചെയ്യുന്നതാണ് നല്ലതെന്നാണോ താങ്കള്‍ പറയുന്നത്?"

"സത്യത്തില്‍, അതു തന്നെയാണ് നല്ലത്!"

"ദാറ്റ് ഈസ് റ്റൂ മച്ച്... അതു തിരിച്ചായിക്കൂടേ?"

"കുട്ടീ, തിരിച്ചാവുന്നതു കൊണ്ട് ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. പക്ഷേ അതില്‍ പുരുഷവിരുദ്ധമായ പല നിയമവൈഷമ്യതകളും ഉള്‍പ്പെട്ടിട്ടുണ്ട്."

"നിയമമോ, ഇതിലെന്ത് നിയമപ്രശ്നം?"

"മറ്റൊന്നുമല്ല, കല്യാണം കഴിച്ചു കൊണ്ടു വരുന്ന പെണ്ണിനെയും അവളില്‍ തനിക്കുണ്ടാവുന്ന കുട്ടികളെയും സംരക്ഷിക്കുക എന്നത് നിയമപരമായി പുരുഷനുള്ള ഉത്തരവാദിത്തമാണ്. നിയമപരമായി വിവാഹമോചനം നേടിയാല്‍പ്പോലും പഴയ ഭാര്യക്ക് ചിലവിനു കൊടുക്കണമെന്ന് വകുപ്പുകള്‍ പറയുന്നു. അതു കാരണം ഞങ്ങള്‍ അല്പം കോണ്‍ഷ്യസ് ആണ്. നാളെ മുതല്‍ എന്‍റെ ഭാര്യ ജോലിക്കു പോയി സമ്പാദിക്കുകയും ഞാന്‍ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തെന്ന് വക്കുക. എന്നെങ്കിലും അവള്‍ക്ക് ജോലി രാജി വക്കാനും തുടര്‍ന്ന് വിവാഹമോചനം നേടാനും തോന്നിയാല്‍, വീട്ടുജോലി എക്സ്‍പീരിയന്‍സ് കാണിച്ച് ഏതു ജോലി സമ്പാദിച്ചാണ് ഞാന്‍ എന്റെ ചിലവിനോ അവള്‍ക്കു ചിലവിനു കൊടുക്കാനോ ഉണ്ടാക്കുക? ജോലിയില്ലാത്ത പെണ്ണിന് വിവാഹമോചനമായാലൂം പൂര്‍വ്വ ഭര്‍ത്താവ് ചിലവിനു കൊടുക്കണമെന്ന വ്യവസ്ഥയിരിക്കേ ഞങ്ങള്‍ക്കെന്ത് സംരക്ഷണമാണുള്ളത്?"

"താങ്കള്‍ പറഞ്ഞതിനോട് ഒരു പരിധി വരെ യോജിക്കുന്നു."

"സന്തോഷം, സ്ത്രീകള്‍ ഒരു കാര്യത്തോടും പരിപൂര്‍ണ്ണ യോജിപ്പ് പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല."

"അതിരിക്കട്ടെ, സമൂഹത്തില്‍ സ്ത്രീക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ പ്രധാനമായ ഒന്നാണ് പുരുഷന്‍മാരുടെ കൊത്തിപ്പറിക്കുന്നതു പോലെ ചുഴിഞ്ഞുള്ള നോട്ടം. ഇത്തരം വൃത്തികെട്ട കാര്യങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുന്നുണ്ടോ?"

"ന്യായീകരിക്കുകയല്ല, വിശകലനം ചെയ്യുകയാണ്. മറച്ചു വച്ചിരിക്കുന്ന എന്തിനേയും അനാവരണം ചെയ്തു കാണുവാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. അത്തരമൊരു പ്രവണത മനുഷ്യനില്ലായിരുന്നെങ്കില്‍ നമ്മളിന്ന് ലോകത്തില്‍ ഇത്രയധികം കണ്ടുപിടുത്തങ്ങള്‍ നടത്തുമായിരുന്നില്ല. ഏതൊരു വലിയ നല്ല കാര്യത്തിനും അതിന്‍റേതായ ചെറിയ ദൂഷ്യവശങ്ങളുണ്ടായേക്കാം. അതിലൊന്നു മാത്രമാണിത്. ഈ പ്രവണതയുടെ പോസിറ്റീവ് വശങ്ങളെപ്പറ്റി ചിന്തിച്ചാല്‍ കുട്ടി ഉന്നയിച്ച ചോദ്യം അത്രക്ക് പ്രധാനമാണോ എന്ന് കുട്ടിക്ക് തന്നെ സംശയം തോന്നിയേക്കാം."

(പപ്പൂസ് ചോദ്യകര്‍ത്താവിനെ അടിമുടി ഉഴിയുന്നു. അവളുടെ മുട്ടറ്റം മുട്ടാത്ത പാവാടയും അടിവയറ്‍ മറക്കാത്ത ടോപ്പൂം സൂക്ഷിച്ചു നോക്കിയ ശേഷം തുടരുന്നു.)

"കുട്ടി ഉടുത്തിരിക്കുന്ന ഈ വസ്ത്രം കാരണം സാധാരണയായി കാണാത്ത കണങ്കാലുകള്‍ ഞാന്‍ കണ്ടതു കൊണ്ടുള്ള ഒരു കൌതുകമാണ് എന്നെ അങ്ങനെ നോക്കാന്‍ പ്രേരിപ്പിച്ചത്. അടിവയര്‍ മറക്കാത്ത ഒരു കുപ്പായമാണ് ഞാനിട്ടിരുന്നതെങ്കില്‍ കുട്ടിയും നോക്കിയേനെ. ഭാഗ്യവശാല്‍ മനസ്സില്‍ വരുന്നത് മുഖത്തോ വാക്കുകളിലോ പ്രകടമായി പ്രതിഫലിപ്പിക്കാതിരിക്കാനുള്ള വിദ്യ നിങ്ങള്‍ക്കു വശമുള്ളതിനാല്‍ സ്വാഭാവികമായും പഴി കേള്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നു. ഇതൊന്നും അത്തരം ചോദനകള്‍ നിങ്ങള്‍ക്കില്ല എന്നുറച്ചു പറയാവുന്ന തെളിവുകളല്ലല്ലോ."

"നിങ്ങളിങ്ങനെയൊക്കെ പറയാമോ? സ്ത്രീ അമ്മയാണ്, പെങ്ങളാണ്, മകളാണ്."

"എന്തുകൊണ്ടതിന്‍റെ മറുവശം ആലോചിക്കുന്നില്ല? പുരുഷന്‍ അച്ഛനാണ്, സഹോദരനാണ്, മകനാണ്, മച്ചുനനാണ്, അളിയനാണ്, അമ്മായിയപ്പനുമാണ്."

"താങ്കളുടെ മറുപടികളില്‍ നിന്നും താങ്കള്‍ മെന്‍ ഡോമിനേഷന്‍റെ വക്താവാണെന്ന് മനസ്സിലായതു കൊണ്ടു
ചോദിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതിനെ അനുകൂലിക്കുന്നുണ്ടോ?"

"കുട്ടി പറഞ്ഞ ആദ്യ വാചകത്തെ അംഗീകരിക്കുന്നില്ല. കാര്യങ്ങളെ മുന്‍വിധികള്‍ക്കും വികാരങ്ങള്‍ക്കും വിധേയമാക്കാതെ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി ഞാന്‍ വിശകലനം ചെയ്യുന്നു എന്നേയുള്ളു. പിന്നെ, സ്ത്രീധനം എന്ന വാക്കിനു വന്നു ചേര്‍ന്ന മോശം ഇമേജ് കാരണം മറ്റൊരു വാക്കുപയോഗിച്ച് അല്പം വല്ലതും കൊടുക്കുന്നതിലും വാങ്ങുന്നതിലും തെറ്റില്ല എന്നു ഞാന്‍ കരുതുന്നു. പക്ഷേ നിര്‍ബന്ധിക്കരുത്, ഒരിക്കലും."

(പെണ്‍കുട്ടി ചാടിയെഴുന്നേല്‍ക്കുന്നു.)

"ഹൌ ഡെയര്‍ യൂ???? സ്ത്രീധനം വാങ്ങുന്നതിനെ ന്യായീകരിക്കുകയോ? ഐ വില്‍ റിപ്പോര്‍ട്ട് ഇറ്റ്!!!"

(പപ്പൂസ് കുട്ടിക്ക് മുമ്പിലിരുന്ന ഗ്ലാസ്സ് നീട്ടിക്കൊടുത്ത് അവളോട് ഇരിക്കാന്‍ ആംഗ്യം കാണിക്കുന്നു. കുട്ടി ഇരിക്കുന്നു.)

"അല്പം സംയമനത്തോടെ സമീപിക്കേണ്ട വിഷയമാണിത്. വികാരത്തള്ളിച്ച കൂടാതെ ഞാന്‍ പറയുന്നതു കൂടി കേള്‍ക്കുക. വിവാഹാനന്തരം പെണ്ണിന് തൊഴിലുണ്ടെങ്കിലും ഇല്ലെങ്കിലും അവളെ സംരക്ഷിക്കേണ്ട ചുമതല പുരുഷനാണ്. ആവശ്യമുള്ള സമയത്തെല്ലാം ഭക്ഷണവും വസ്ത്രവും കൊടുക്കുകയും താമസിക്കാനായി തന്‍റെ വീട്, അല്ലെങ്കില്‍ പുതിയൊരു വീടു കണ്ടെത്തുകയും അവിടേക്ക് വിവാഹാനന്തരം അത്യാവശ്യമായ ഹൌസ് ഹോള്‍ഡ്‍സ് വാങ്ങിക്കുകയും ദൈനംദിന ചിലവുകള്‍ നോക്കുകയുമെല്ലാം അവന്‍റെ കര്‍ത്തവ്യങ്ങളാണ്. തൊഴിലുള്ള സ്ത്രീയാണെങ്കില്‍ ഓക്കേ. പക്ഷേ തൊഴിലില്ലാത്ത സ്ത്രീകള്‍ക്ക് ഇത്തരം ആവശ്യങ്ങളിലേക്ക് സംഭാവനകള്‍ നല്കാന്‍ വലിയ ബുദ്ധിമുട്ടാണല്ലോ. പുറമേ, വീട്ടുജോലികളിലും കുഞ്ഞിനെ നോക്കുന്നതിലും പാചകത്തിലുമെല്ലാം തുല്യപങ്കാളിത്തം ആവശ്യപ്പെടുകയും സാമൂഹ്യമെന്ന് കൊട്ടിഘോഷിക്കുകയും ചെയ്താല്‍ സമത്വം അവിടെ ഇല്ലാതെ വരും. ഇപ്പറഞ്ഞ ചിലവുകളിലേക്കായി കുറച്ചു തുക വാങ്ങി വക്കുന്നതില്‍ തെറ്റില്ലെന്നു ഞാന്‍ പറഞ്ഞാല്‍?"

"നിങ്ങള്‍ നൊട്ടുന്യായങ്ങള്‍ നിരത്തുകയാനെന്ന് ഞാന്‍ പറയും."

"അല്ല, തുല്യപങ്കാളിത്തം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ തുല്യ ഉത്തരവാദിത്തം കൂടെ അവര്‍ പങ്കു വക്കണമെന്ന് സൂചിപ്പിച്ചതാണ്. സ്ത്രീധനത്തെ ന്യായീകരിച്ചതല്ല. വീട്ടുജോലികളിലും മറ്റും ഭര്‍ത്തൃപങ്കാളിത്തം ആവശ്യപ്പെടുന്നവര്‍ ഭര്‍ത്താവിന്റേതായ ഉത്തരവാദിത്തങ്ങളെക്കുറിച്ചു കൂടി ബോധവതികളാവേണ്ടതിന്‍റെ ആവശ്യം വിശദീകരിച്ചതാണ്. ഡൈവോഴ്‍സ് കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ ചിലവിലേക്ക് മാസാമാസം നിശ്ചിത തുക സംഭാവന ചെയ്യാന്‍ എത്ര സ്ത്രീകള്‍ സന്നദ്ധത പ്രകടിപ്പിക്കും?"

"ഇന്നത്തെ സ്ത്രീകള്‍ക്ക് അതിനുള്ള കഴിവില്ലെന്നാണോ താങ്കള്‍ ധരിച്ചത്?."

"സന്നദ്ധതയുണ്ടോ എന്നാണ് എന്‍റെ ചോദ്യം."

"ഉള്ളവരുണ്ടാവാം, ഇല്ലാത്തവരുമുണ്ടാവാം, അതു കളയൂ. താങ്കള്‍ സ്ത്രീധനം വാങ്ങിത്തന്നെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചെന്നാണോ പറഞ്ഞു വരുന്നത്?"

"കുട്ടീ, ഞാന്‍ സ്ത്രീധനത്തെ ന്യായീകരിക്കുന്നില്ലെന്ന് വീണ്ടും പറയുന്നു. ഒരു കമ്പാരിസണ്‍ നടത്തിയെന്നേ ഉള്ളു. വീട്ടുജോലികള്‍ യാതൊരു മടിയും കൂടാതെ ചെയ്യാന്‍ മനസ്സുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ, മൂന്നു നേരം ഭക്ഷണം പാകം ചെയ്തും സ്വന്തം തുണിയലക്കിയും ജീവിക്കുന്ന എന്നെക്കുറിച്ചവള്‍ ഉത്കണ്ഠാവതിയാണ്. ഒരു പ്രണയത്തിന്‍റെ ബാക്കിപത്രമാണത്. സ്ത്രീധനം വാങ്ങുന്നുമില്ല."

(പപ്പൂസ് ഗ്ലാസ്സെടുത്ത് ഒരു കവിള്‍ വെള്ളം കുടിക്കുന്നു. കുട്ടി ചുണ്ടിന്‍റെ കോണില്‍ ഒളിച്ചു വച്ച പുഞ്ചിരിയോടെ തുടരുന്നു.)

"വിവാഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തു തോന്നുന്നു?"

"പണ്ട് ബാംഗ്ലൂരില്‍ ജോലിക്കു ചേരാനെത്തിയ എന്നോട് മാനേജര്‍ ചോദിച്ച ഒരു ചോദ്യം വെറുതെ ഓര്‍മ്മ വരുന്നു."

"അതെന്തായിരുന്നു?"

"ആര്‍ യൂ മാരീഡ്? ഓര്‍ ആര്‍ യൂ ഹാപ്പി?"

"എനിക്കതു വലിയ തമാശയായി തോന്നുന്നില്ല."

"ങും...." (തമാശ ചീറ്റിയ മുഖത്തോടെ പപ്പൂസ് ഇരിക്കുന്നു.)

"മദ്യപാനത്തെ ഒരു വീരകൃത്യമായി ചിത്രീകരിക്കുന്ന പ്രവണത താങ്കളുടെ സംസാരത്തില്‍ പലപ്പോഴും കണ്ടുവരുന്നു. മദ്യപാനത്തെ സ്ത്രീസംഘടനകള്‍ നഖശിഖാന്തം എതിര്‍ക്കുന്ന ഈ സമയത്ത് ഇതിനെക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?"

"ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളിലൂടെ അപകടകരമായ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്നതിനെപ്പറ്റി നമ്മളിലെത്ര പേര്‍ ബോധവാന്മാരാണ്? അതിനു നാം പറയുന്ന ന്യായീകരണം ഈ പാനീയങ്ങള്‍ ഉത്തേജനവും ഉന്മേഷവും നല്കുന്നു എന്നതാണ്. മദ്യവും ഒരു ഉത്തേജനം പ്രദാനം ചെയ്യുന്നു. ദിവസവും ഓരോ പെഗ്ഗ് കഴിക്കുന്നവരുടെ ശരീരത്തില്‍ ബാഡ് കൊളസ്ട്രോള്‍ കുറയുന്നതു കാരണം ഹൃദ്രോഗങ്ങള്‍ കുറയുന്നതിനെക്കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടോ? ഞാനിതൊരു മരുന്നായാണ് ഉപയോഗിക്കുന്നത്. ചുമയും ജലദോഷവും ഒരളവു വരെ പനിയും മാറ്റാന്‍ ഓസീയാറില്‍ ചൂടുവെള്ളവും കുരുമുളകും ചേര്‍ത്ത് കഴിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ മുഖം ചുവപ്പിക്കും. അതിന്‍റെ സത്യാവസ്തയെക്കുറിച്ച് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? അധികമായാല്‍ മറ്റെന്തും പോലെ മദ്യവും വിഷമാണ് എന്നത് ഞാന്‍ അംഗീകരിക്കുന്നു. എന്നു വച്ച് ഇത്ര തള്ളിപ്പറയേണ്ട ഒന്നല്ല മദ്യമെന്നും ഞാന്‍ കരുതുന്നു. വിശകലനശേഷി കുറഞ്ഞ സ്ത്രീപക്ഷസമൂഹമാണ് മദ്യത്തെ ഏറ്റവും വലിയ വിപത്തായി ചിത്രീകരിക്കുന്നത്."
"അപ്പോള്‍പ്പിന്നെ ഞങ്ങള്‍ സ്ത്രീകള്‍ക്കെന്താ മദ്യപിച്ചു കൂടേ?"

"ചെയ്യാം, ഒരളവു വരെ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പരിമിതികളുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളെന്നെ ബോംബു വച്ചു കൊല്ലാനുള്ള പദ്ധതി വരെ ആവിഷ്കരിച്ചേക്കും. എങ്കിലും ഞാന്‍ പറയട്ടെ. കുഞ്ഞിനെ പെറ്റു വളര്‍ത്തുക എന്ന ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവാം. ഇനി ’എന്നാപ്പിന്നെ ആണുങ്ങള്‍ക്കും കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തിക്കൂടേ’ എന്നും കുട്ടി ചോദിച്ചേക്കാം. അതിനുത്തരം പറയാനും ഞാന്‍ തയ്യാര്‍!"

"അതു പോട്ടെ, അവസാനമായി, വനിതാദിനത്തോടനുബന്ധിച്ച് താങ്കള്‍ക്ക് ജനങ്ങളോടെന്തെങ്കിലും പറയാനുണ്ടോ?"

"സര്‍വ്വരാജ്യ പുരുഷന്‍മാരേ സംഘടിക്കുവിന്‍...!!!!!!!!"

"ഇപ്പോ ഇതൊക്കെ ചോദിച്ചതു നന്നായി. നിങ്ങളെ വിവാഹം കഴിക്കുന്ന കാര്യം എനിക്കൊന്നു പുനരാലോചിക്കേണ്ടിയിരിക്കുന്നു. ഇത്രത്തോളം വലിയ സ്ത്രീവിരോധിയാണ് നിങ്ങളെന്ന് ഞാനറിഞ്ഞിരുന്നില്ല."

"അയ്യോ മോളൂ, ചിലതൊക്കെ ചുമ്മാ തമാശക്കങ്ങു വിളിച്ചു പറഞ്ഞെന്നേയുള്ളു. ഞാനങ്ങനത്തെ ഒരാളേ അല്ല. സ്ത്രീകളില്ലാത്ത ഒരു ലോകത്തിന്‍റെ വിരസതയെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠ കൊണ്ടുനടക്കുന്ന ഒരു സന്മാര്‍ഗ-സദാചാരവാദിയാണ് ഞാന്‍."

"ഒന്നും പറയണ്ടാ...... എനിക്കെല്ലാം മനസ്സിലായി...."

(കുട്ടി ടീപ്പോയിലിരുന്ന ഗ്ലാസ്സെടുത്ത് പപ്പൂസിനു നേരെ എറിഞ്ഞു. പപ്പൂസ് ഒഴിഞ്ഞു മാറി. ഗ്ലാസ്സ് നേരെ ചെന്ന് നിലക്കണ്ണാടിയില്‍ തട്ടി. പപ്പൂസിന്‍റെ പ്രതിബിംബം വഹിച്ചിരുന്ന കണ്ണാടി ഉടഞ്ഞ് ചെറുകഷണങ്ങളായി താഴെ വീണു. ചിതറിവീണ ചീളുകളിലേക്കു നോക്കി പപ്പൂസ് മന്ദഹസിച്ചു. ഓരോ കണ്ണാടിച്ചീളും ആ ചിരിയെ വിവിധ ഭാവങ്ങളില്‍ പ്രതിഫലിപ്പിച്ചു.)