Friday, June 20, 2008

ജീവിതമേ...

ഹേ... ജീവിതമേ... :-)
ഹാ! ജീവിതമേ... :-
ഹൌ... ജീവിതമേ... :-(

Tuesday, June 17, 2008

തവിക: പിറന്നു പോയല്ലോ അച്ഛാ!

കവിതകള്‍ വായിക്കാറുണ്ട്. ഓരോ കവിതയും ഓരോ സമയത്ത് ഓരോ വ്യത്യസ്ത അനുഭവമാവുന്നത് വിസ്മയത്തോടെയാണ് ശ്രദ്ധിച്ചിട്ടുള്ളത്. വായിച്ച്, വീണ്ടും വായിച്ച്, കേട്ട്, വീണ്ടും കേട്ട് മനസ്സില്‍ പതിഞ്ഞ കവിതകളില്‍ നിന്നുള്ള അനുഭവം, ബന്ധപ്പെട്ട ചിന്ത, പ്രതികരണം etc. etc. ഇവയൊക്കെ വരികളായി മനസ്സില്‍ തേട്ടുന്നത് പതിവാണ്. അത്തരം വരികള്‍ എഴുതി വച്ച് ’തവിക’ എന്നു പേരിട്ടു വിളിക്കാന്‍ തീരുമാനിച്ചു.

ഇതെനിക്കൊരു ഹരമായാല്‍ പ്രിയവായനക്കാരാ/രീ, നിങ്ങളൊക്കെ ബോറടിച്ച് ബോറടിച്ച്.... പറയണ്ട!

ഇഷ്ടകവിയാരെന്ന് ചോദിച്ചാല്‍ വയലാറെന്നും, വീണ്ടും ചോദിച്ചാല്‍ ചുള്ളിക്കാടെന്നും പറയുന്ന ഒരാളാണ് ഞാന്‍. ആദ്യമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കാണുന്നത് എറണാകുളത്ത് ഒരു ചെറിയ വേദിയില്‍ വച്ചാണ്. അദ്ദേഹത്തിന്‍റെ പത്നിയും കവയിത്രിയുമായ വിജയലക്ഷ്മിയും അതേ വേദിയിലിരിപ്പുണ്ടായിരുന്നു. ആളുകള്‍ക്കിടയിലുള്ള ചെറിയ മുറുമുറുപ്പ് കേട്ട് ശ്രദ്ധ വാതിലിലേക്കു തിരിഞ്ഞു. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച് ഒരു ചെറുപ്പക്കാരന്‍. നല്ല നാടന്‍ പട്ടച്ചാരായത്തിന്‍റെ മണം ആകെ വന്നു നിറഞ്ഞു. മനസ്സു മന്ത്രിച്ചു, ചുള്ളിക്കാട്.

അദ്ദേഹം കടന്നു വന്ന്, (വെറും) രണ്ടു വാക്കു സംസാരിച്ചു. വൈലോപ്പിള്ളിയുടെ ഒരു കവിത ചൊല്ലി. വേദിയിലിരുന്ന പ്രമുഖരേയോ തന്‍റെ ഭാര്യയേയോ തിരിഞ്ഞു നോക്കാതെ പുള്ളി ഇറങ്ങി നടന്നു... എനിക്ക് ഒരു കൊല്ലത്തേക്ക് സന്തോഷിക്കാനുള്ള വക അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ടായിരുന്നു!

ചുള്ളിക്കാടിന്‍റെ ’പിറക്കാത്ത മകന്’ ബഹുവ്രീഹി ഭാവസാന്ദ്രമായി ചൊല്ലിയത് എന്നും കിടക്കുന്നതിനു മുമ്പും എഴുന്നേറ്റതിനു ശേഷവും കേള്‍ക്കുന്നത് ദിനചര്യയായി മാറി! ആദ്യത്തെ തവിക അതിന്‍റെ ചുവടു പിടിച്ചാവട്ടെ.

ലോകാവസാനം വരേക്കും പിറക്കാതെ
കാത്തിരിക്കാനെനിക്കാവി,ല്ലിരുട്ടിലെന്‍
ചിത്തം കടിച്ചു തൊലി പൊളിച്ചെത്ര നാള്‍
മുട്ടു നീര്‍ത്താതെ മടുത്തിരിക്കേണ്ടു ഞാന്‍?

നേരില്‍ പറയുവാനാവി,ല്ലെനിക്കു നിന്‍
നോവിറ്റു വീണ മിഴിമുത്തു ജീവിതം,
ലോകവേദാന്തമിരുളിലൊളിക്കവേ
കാതില്‍ നീ ചൊന്ന വാക്കാണെന്‍റെ ചോദന.

ശ്രാദ്ധമിരന്നു തിന്നാന്‍ വിധി കേട്ടവര്‍
ശാസിച്ചെറിഞ്ഞ പകരക്കുറിപ്പുകള്‍,
മുഗ്‍ദ്ധപാപത്തിന്‍ പുറന്തോടടര്‍ത്തി നീ
തൊട്ടു കാണിച്ചൊരാ ജന്മത്തുടിപ്പുകള്‍,
പത്തു കാശിന്നു പകുക്കാതെ നീ വച്ച
സ്വത്വമിയന്ന നിന്‍ ജീവപ്പകര്‍പ്പുകള്‍,
സത്യമാണച്ഛാ, മുഖപടം ചീന്തിയ
ചിത്തമാണെന്‍റെയും നിന്‍റേയുമൊന്നു പോല്‍!
നഷ്ടബോധത്തിന്‍ കരിമ്പടം കൊണ്ടെന്‍റെ
സൃഷ്ടിയോഗത്തെ നീ മൂടാതിരിക്കുക.

ഇത്തിരിച്ചോര ചെലുത്തിയാത്മാവിന്‍റെ
വൃദ്ധധമനിയെ, കാലം വെളുപ്പിച്ച
വൃദ്ധിചൈതന്യത്തെ തൊട്ടു കറുപ്പിക്കും
പുത്രധര്‍മ്മത്താ,ലുണര്‍ത്തട്ടെയിന്നു ഞാന്‍.