Tuesday, April 7, 2009

ചരക്കിന്‍റെ ബ്ലോഗും കള്ളച്ചിരിയും!

1. ചരക്കിന്‍റെ ബ്ലോഗ്

എന്താണ് / ആരാണ് ചരക്ക്?

വിപണികളില്‍ വില്പനക്കു വച്ചിരിക്കുന്ന പലവക സാധനങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് ’ചരക്ക്’ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. പുറമേ, അംഗലാവണ്യം തുളുമ്പുന്ന മദാലസമണികളെ നോക്കി മുഴുവായില്‍ വെള്ളമിറക്കുമ്പോളും ഞങ്ങളൊക്കെ അറിയാതെ പറഞ്ഞു പോവാറുണ്ട്, ’ചരക്കെടാ, ചരക്ക്’ എന്ന്.

മുടിയും താടിയും നരച്ച്, കണ്ണട വച്ച്, മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു വയൊവൃദ്ധനെ ചരക്കെന്നു വിളിക്കാമോ? ചെറുപ്പക്കാരനായിരുന്നെങ്കില്‍ പെണ്ണുങ്ങള്‍ക്കൊരു കൈ ദ്വയാര്‍ത്ഥത്തിലെങ്കിലും പ്രയോഗിക്കാമായിരുന്നു എന്നായിരിക്കും നിങ്ങള്‍ പറഞ്ഞത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പക്ഷേ, വിളിച്ചു പോകും.

ഇലക്ഷന്‍ വിപണിയില്‍ ബി.ജെ.പി വില്പനക്കു വച്ചിരിക്കുന്ന ചരക്കാണ് അദ്വാനിയെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. മലയാളം മീഡിയ സ്ട്രീം ചെയ്തു കാണിക്കുന്ന കുഞ്ഞു വെബ്‍സൈറ്റുകള്‍ മുതല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന മലയാളമനോരമയില്‍ വരെ ഗൂഗിളിന്‍റെ ആഡ്‍സെന്‍സ് എന്ന മണിവാതില്‍ തള്ളിത്തുറന്ന് അദ്വാനി എന്ന പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുടെ പരസ്യം പല വലിപ്പത്തിലും നിറത്തിലും പുഞ്ചിരി തൂകുകയാണ്. 

സാമ്പിള്‍സ് ചുവടെ:


ADVആനി (ADVani) എന്നതിന്‍റെ പരം പൊരുള്‍ ഇപ്പോളല്ലേ പിടി കിട്ടുന്നത്!

ഗൂഗിള്‍ ആഡ്‍വേഡ്‍സ്, സൈറ്റ് ഉള്ളടക്കത്തിനൊപ്പം, കൊടുക്കുന്ന തുകയുടെ അളവുതൂക്കം കൂടെ കണക്കു കൂട്ടിയാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ’ഇന്‍ഡ്യ’ എന്ന കീവേഡ് വരുന്ന സൈറ്റുകളിലെല്ലാം ആഡ്‍വേഡ്സ് വാതില്‍ തള്ളിത്തുറന്ന് എല്‍. കെ. അദ്വാനി ചിരിച്ചു നില്‍ക്കണമെങ്കില്‍ ’ഇന്‍ഡ്യ’ എന്ന പദത്തിന് അവരെത്ര മാത്രം വിലയിട്ടു കാണുമെന്ന് നമുക്ക് ചുമ്മാ ഇരുന്നൊന്ന് ഊഹിച്ചു ബോധം കെടാം?

മുംബൈ ആക്രമണത്തിന്‍റെ കുലുക്കത്തില്‍ വിറച്ചു പോയ ഉപരിവര്‍ഗത്തിന്‍റെ വോട്ടുകള്‍ക്കു വേണ്ടിയുള്ള വലയാണ് ബിജെപി ഇന്‍റര്‍നെറ്റിലാകെ വീശിയിരിക്കുന്നത്. ഇന്നു വരെ ഒരു വോട്ടര്‍ ഐഡിയോ റേഷന്‍ കാര്‍ഡോ ഉണ്ടാക്കിയിട്ടില്ലാത്ത, ഇലക്ഷന്‍ ദിവസങ്ങളില്‍ അവധിയെടുത്ത് പബ്ബുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഉല്ലാസം തിരഞ്ഞെടുക്കുന്ന ഒരു വിഭാഗം ജനത ഇത്തവണ പോളിങ് ബൂത്തുകളില്‍ വെയിലു കൊണ്ട് ക്യൂ നില്‍ക്കുമെന്ന് നാമെല്ലാം പ്രതീക്ഷിച്ചേ മതിയാവൂ. വെറുതെയല്ലല്ലോ, വിരണ്ടു പോയതു കൊണ്ടല്ലേ? സര്‍ക്കാറിനെക്കൊണ്ട് എന്തെങ്കിലുമൊക്കെ ആവശ്യം നമുക്കുമുണ്ടെന്ന് ഇപ്പോളല്ലേ തിരിച്ചറിഞ്ഞത്!

കൌതുകം മൂത്ത് ഞാന്‍ ആ പരസ്യത്തിലൊന്ന് അമര്‍ത്തി ഞെക്കി നോക്കി. lkadvani.in എന്ന വെബ് വിലാസത്തിലേക്ക് ബ്രൌസര്‍ പാഞ്ഞു. ലോഡാവാന്‍ ഒരുപാടു സമയമെടുത്തു എന്നത് നേര്. ഇന്ത്യയെ റീലോഡ് ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായി കാത്തിരിക്കുന്ന ഇവര്‍ അതിന് എന്തു സമയമെടുത്തേക്കുമെന്ന് വെറുതെ ഒരു കൌതുകമുണരുന്നു.

അദ്വാനിയുടെ സൈറ്റിന് ഒരു സബ്-ഡൊമൈന്‍ ഉണ്ട്. അത് ബ്ലോഗിന്‍റേതാണ്. ഇന്നു വരെ എട്ട് പോസ്റ്റുകളുണ്ട്. മാര്‍ച്ച് പതിനാറിനാണ് അവസാനത്തെ പോസ്റ്റ്, സ്ത്രീശാക്തീകരണത്തെക്കുറിച്ച്. ബ്ലോഗ് തുടങ്ങിയത് ജനുവരിയില്‍. ഇത്രയും കാലം മിണ്ടാതെയിരുന്ന് പൊടുന്നനെ ഒരു ഡൊമൈന്‍ റെജിസ്റ്റര്‍ ചെയ്ത് ഏപ്രിലാവുമ്പോളേക്ക് പോസ്റ്റുകള്‍ തട്ടിക്കൂട്ടിയ നടപടിയുടെ പൊരുളാലോചിക്കാന്‍ പെരുത്ത ബുദ്ധിയൊന്നും വേണ്ടാ, ഞമ്മന്‍റെ ഇന്ത്യയില് എലക്ഷന്‍! ആദ്യ പോസ്റ്റില്‍ തന്നെ അദ്ദേഹം നയം വ്യക്തമാക്കിയിട്ടുണ്ട് - I am excited by the idea of using the Internet as a platform for political communication and, especially, for election campaign.

അദ്വാനിയുടെ കുട്ടിക്കാലവും ജീവിതവുമൊക്കെ വിവരിച്ചിരിക്കുന്നത് ഫസ്റ്റ് പേഴ്‍സണ്‍ നരേഷനിലാണ്. എഴുതിയത് പുള്ളിയാണോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. തന്‍റെ ബ്ലോഗെഴുതുന്നത് താന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ വേണ്ടി മോഹന്‍ലാലിന് അതൊരു പായ പേപ്പറിലെഴുതി സ്കാന്‍ ചെയ്ത് പബ്ലിഷേണ്ടി വന്നു. അദ്വാനിക്ക് അതിനൊന്നും സമയം കാണില്ല.


2. കള്ളച്ചിരി

അനുഗ്രഹമാണ് ചിരി. ഒരു മനുഷ്യന്‍ ഏറ്റവും മനോഹരനായി കാണപ്പെടുന്നത് മുഖത്ത് നിറഞ്ഞ ചിരി വിടരുമ്പോളാണ്. ചിരി വിപണനത്തിനു വക്കുമ്പോളോ?

ഇലക്ഷന്‍ സമയത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പ്രൊമോഷന്‍ ടൂള്‍ ഒരു പക്ഷേ ചിരിയായിരിക്കും. കോമഡി പരിപാടികളിലും മറ്റുമെല്ലാം രാഷ്ട്രീയക്കാരനെ അളന്നു കാണിക്കുന്ന കോലാണ് ചിരി. നാടു നീളെ പോസ്റ്ററിലും ബാനറിലും നോട്ടീസുകളിലും തിണ്ടുകളിലും പൊതു കക്കൂസിലും മൂത്രപ്പുരകളിലുമെല്ലാം നാറ്റം പടര്‍ത്തുന്ന ചിരി കണ്ടാല്‍, നമുക്ക് കരച്ചിലാണ് വരിക. 

മിക്കവരുടെയും ചിരി ഒറ്റനോട്ടത്തില്‍ തന്നെ കള്ളച്ചിരി (ചിരിക്കാന്‍ വേണ്ടിയുള്ള ചിരി)യാണെന്ന് മനസ്സിലാക്കാന്‍ സൈക്കോളജിയില്‍ ബിരുദമൊന്നും ആവശ്യമില്ല. കെട്ടി വച്ച ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന നിഗൂഢതയാണ് കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്നത്. ചിരി പരസ്യമാക്കുന്നതില്‍ ഒരു പക്ഷേ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് മുന്നില്‍. 

പഴയ കാലത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ വല്ലാതെ ചിരിക്കാറില്ലായിരുന്നു. ഇ എം എസ്സിന്‍റെ ചിരിക്കുന്ന ഫോട്ടോ, നായനാരുടെ ചിരിക്കുന്ന ജീവിതം തുടങ്ങി അപവാദങ്ങള്‍ പലതുമില്ലെന്നല്ല. ഇന്നും തലമുതിര്‍ന്ന നേതാക്കള്‍ കാമ്പെയ്‍നുകളില്‍ ചിരിക്കുന്നത് കുറവാണ് കണ്ടിട്ടുള്ളത്. വളരുന്ന കുട്ടിനേതാക്കള്‍ എതിരാളികളെ കടത്തി വെട്ടുന്ന സോഷ്യലിസ്റ്റ് ചിരി വരെ പരിശീലിച്ചു കഴിഞ്ഞു. 


3. ഞാനും താനുമൊക്കെ?

ഇലക്ഷന്‍ രാഷ്ട്രീയക്കാര്‍ക്ക് പരീക്ഷക്കാലമാണ്. തന്നെ, അല്ലെങ്കില്‍ തന്‍റെ പ്രസ്ഥാനത്തെ എങ്ങനെ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാം എന്നതിന് തന്ത്രങ്ങള്‍ മെനയാനുള്ള കാലം. ഇലക്ഷനു ശേഷം സ്കൂളടച്ചതു പോലെയാണ് സ്ഥിതി. ഫലം കാത്തിരിക്കുന്നതിന്‍റെ മുഷിവും ആസ്വാസ്ഥ്യവും ടെന്‍ഷനും. ഫലം വന്നാല്‍ വീണ്തും കാമ്പസ്സ് തുറന്നതു പോലെ. കണക്കു പറഞ്ഞും കളിച്ചും ചിരിച്ചും കയ്യിട്ടു വാരിയും തല്ലു കൂടിയും കസേര വലിച്ചും കിടത്തിയുമെല്ലാം സമയമങ്ങനെ ’ഗുമഗുമാ’ന്ന് നൂറേ നൂറില്‍ പായും. 

നമുക്കിതൊക്കെ കണ്ടും വായിച്ചും രസിക്കാമല്ലോ.

ഇലക്ഷന്‍ പ്രചാരണങ്ങള്‍ മൈക്ക് സെറ്റില്‍ നിന്നും ജീപ്പില്‍ നിന്ന് പാറി വീഴുന്ന നോട്ടീസുകളില്‍ നിന്നുമൊക്കെ ഏറെ മുമ്പോട്ടു പോയിരിക്കുന്നു. മദ്യവും മയക്കുമരുന്നും ഗാന്ധിത്തലയുള്ള കറന്‍സികളും വിജയത്തിന്‍റെ നിര്‍ണ്ണായക പങ്കാളികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ജയിക്കുന്നവന്‍റെ മടിക്കെട്ടുകള്‍ ലക്ഷങ്ങളില്‍ നിന്ന് കോടികളുടെ കളിസ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അന്നും ഇന്നും എന്നും പോളിങ് ബൂത്തുകളില്‍ മണിക്കൂറുകള്‍ വരി നിന്ന് വിയര്‍പ്പിറ്റിച്ചു കളഞ്ഞ് ജനനായകര്‍ക്ക് വോട്ടു ചെയ്യുന്ന കഴുതകള്‍ ഭാണ്ഡക്കെട്ടുകള്‍ ചുമന്നു കൊണ്ടേയിരിക്കുന്നു. 

അനുബന്ധം:

ചരക്കുകള്‍ (Commodities) ലോകത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിപണികളിലേക്കെത്തുന്ന ചരക്കുകളിലെല്ലാം ബ്രാന്‍ഡ് മുദ്ര പതിയുകയും അവ ഉത്പന്നകളായി (Products) ഉടുപ്പു മാറ്റിയെത്തുകയും ചെയ്യുന്നതോടെ ’ചരക്ക്’ എന്ന വാക്ക് നമ്മുടെ ചരക്കു പെണ്‍മണികള്‍ക്ക് വേണ്ടി ഉഴിഞ്ഞു വക്കേണ്ടി വരുമോ എന്നതായിരിക്കും പിറക്കാനിരിക്കുന്ന ഉണ്ണിക്കാലങ്ങളെയോര്‍ത്ത് ഞാന്‍ ബാക്കി വക്കുന്ന ആശങ്ക!

Sunday, April 5, 2009

തവിക 2: മാമ്പഴമാ മാമ്പഴം...

അങ്കണത്തൈമാവിന്നീയംബരത്തോളം പൊങ്ങീ

പൊന്മലരൊടിക്കുവാനുണ്ണിക്കയ്യെത്താതായി,

അമ്മതന്‍ കണ്ണുപ്പോലും പിഞ്ചുമണ്‍തരി തൊട്ടു

പൊന്മകനെഴുന്നേറ്റു കണ്‍മിഴിച്ചെങ്ങും നോക്കി.

 

പാതിയും തുറന്നിട്ട വാതിലിന്‍ പൊളി കാറ്റില്‍

വേദന വിങ്ങിത്തെല്ലു കരഞ്ഞു വിളിക്കവേ,

കാതരമിഴിയോടെ കയറും കുഞ്ഞോമലിന്‍

പാദപങ്കജം പതിച്ചാ ഗൃഹം വിലക്ഷമായ്.

 

അമ്മയെക്കാണാന്‍ കൊതിച്ചുന്മദം പിടഞ്ഞെത്തീ,

തന്‍മിഴിക്കോണില്‍ സ്നേഹം കടലായ് പതഞ്ഞാര്‍ത്തു,

പിഞ്ചുകൈക്കുമ്പിള്‍ പിണച്ചുള്ളിലായൊളിപ്പിച്ച

ചെമ്പനീര്‍ മാവിന്‍പഴം നീട്ടി ഞാന്‍ കയറുമ്പോള്‍,

 

പൂവാലനണ്ണാര്‍ക്കണ്ണനോടിവന്നിരിക്കുന്നൂ,

പൂമുഖപ്പടി നിറഞ്ഞോര്‍മ്മകള്‍ വിതുമ്പുന്നൂ,

നിശ്ചലമുറഞ്ഞു പോം കാല്‍വിരല്‍ത്തുമ്പില്‍ നിന്നും

വിസ്മയം പടര്‍ന്നുടലില പോല്‍ വിറക്കുന്നൂ,

 

അമ്മയെക്കാണാന്‍ വന്നതാണു ഞാന്‍, നാടന്‍ മാവില്‍

കല്ലെറിഞ്ഞൊടിച്ചിട്ട നാട്ടുമാമ്പഴം നല്‍കാന്‍,

സങ്കടം വേണ്ടെന്നുര ചെയ്യുവാ,നുണ്ണിക്കുറു-

മ്പിമ്മിണിയുള്ളോര്‍ക്കു നീ അമ്മയെന്നറിയിക്കാന്‍!

നിശ്ചയം മലയാളം നെഞ്ചിലേറ്റുന്നൂ നിന്‍റെ

നിത്യനിര്‍മ്മലസ്നേഹം, ഇറ്റു കണ്‍നിറവോടെ!

 

നിസ്തുലമാതൃസ്നേഹമുള്‍പ്പൂവില്‍ പ്രതിഷ്ഠിച്ചോ-

രുത്തമ കവേ നിന്‍റെ കാല്‍ക്കലെന്‍ നമോവാകം.

*********************

ഏറ്റവും ഇഷ്ടപ്പെട്ട മാമ്പഴമേതാണ്?

നാട്ടുമാങ്ങ, ഗോമാങ്ങ, കിളിച്ചുണ്ടന്‍ മാമ്പഴം, സേലം, മല്‍ഗോവന്‍ തുടങ്ങി പലതര്ം മാമ്പഴങ്ങളും വാങ്ങിയും ഒടിച്ചും എറിഞ്ഞിട്ടും ആസ്വദിച്ചു കഴിച്ചിട്ടുണ്ട്. പക്ഷേ, വൈലോപ്പിള്ളിയുടെ മാമ്പഴത്തെ മലയാളി ചുമന്നത് പൊതിക്കെട്ടുകളിലും പ്ലാസ്റ്റിക്ക്  കവറുകളിലും കൂടകളിലുമല്ല, ഹൃദയത്തിലാണ്. കണ്ണൊന്നു തുടക്കാതെ ഇന്നു വരെ വായിച്ചു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല, ആ കവിത.

"ഉണ്ണിക്കയ്‍ക്കെടുക്കുവാനുണ്ണിവായ്‍ക്കുണ്ണാന്‍ വേണ്ടി..." എന്ന വരിയില്‍ തുടങ്ങുന്ന ഗദ്ഗദം "വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ, തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ..." എന്നിടത്തെത്തുമ്പോഴേക്ക്, ഓരോ വായനയിലും കാഴ്ചയെ മറച്ച് കണ്ണീര് ഇരുവശങ്ങളിലേക്കുമൊഴുകിത്തുടങ്ങിയിട്ടുണ്ടാവും.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അത്.

കണ്ടവന്‍ അച്ചിയെ മറക്കുന്ന കൊച്ചി പട്ടണത്തിലേക്കുള്ള ആദ്യത്തെ യാത്രയാണ്. മനസ്സിനെ ത്രസിപ്പിച്ചത് പക്ഷേ അതല്ല, വൈലോപ്പിള്ളി തറവാട് കാണാന്‍ പോകുന്നു എന്ന അവിശ്വസനീയമായ സത്യമാണ്.

മേലേ പറമ്പിലെ നാട്ടുമാവിന് കല്ലെറിഞ്ഞ് ഒരു ഇളംപഴുപ്പുള്ള മാമ്പഴം വീഴ്‍ത്തി പൊതിഞ്ഞെടുത്തു. ആ അമ്മക്കു വേണ്ടി, ഉണ്ണിക്കിടാവിനു വേണ്ടി, കവിക്കു വേണ്ടി സമര്‍പ്പിക്കണം എന്നായിരുന്നു കുഞ്ഞുമനസ്സിലെ ആഗ്രഹം.

വൈലോപ്പിള്ളിത്തറവാടിന്‍റെ പടി കടന്നപ്പോള്‍ കാല്‍ വിറച്ചു. മുറ്റം നടന്നു കയറുമ്പോള്‍, വലതു വശത്ത് ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മാവ്.

"കണ്ടില്ലേ, അതാണ് ആ അങ്കണത്തൈമാവ്."

വേഷ്ടിയുടുത്ത് നരച്ച മുടിയുള്ള ഒരു സ്ത്രീ (കവിയുടെ അടുത്ത ബന്ധുവാണെന്ന് ആരോ പരിചയപ്പെടുത്തി). എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ പാകത്തിന് ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ച ഏതാനും മണിക്കൂറുകള്‍... കവികള്‍... കവിതകള്‍...

ഇറങ്ങാന്‍ നേരത്ത് ആ സ്ത്രീ ഉമ്മറപ്പടിയിറങ്ങി വന്ന് എന്‍റെ തോളില്‍ തട്ടി.

"കുട്ടി കണ്ടിട്ടുണ്ടോ, ശ്രീധരന്‍ മേന്‍നെ?"

"ഇല്ല."

അറിഞ്ഞിട്ടുണ്ട്, ആ അമ്മയെ, പിഞ്ചുമകനെ, ഈ തൈമാവിനെ, പൂങ്കുലയെ, കനിഞ്ഞിട്ട മാമ്പഴത്തെ.... എല്ലാം...

കയ്യിലുള്ള മാമ്പഴം സമ്മാനിക്കാമെന്നു കരുതി പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പരതി. ഒരുപാടു പേര്‍, പുറത്തെടുക്കാന്‍ ജാള്യം. എടുത്തില്ല.

വൈലോപ്പിള്ളിത്തറവാടു സന്ദര്‍ശിച്ച ആ മാങ്ങ പഴുപ്പിച്ചു. കടിച്ചൂമ്പി നുണഞ്ഞു, ആര്‍ക്കും പങ്കു വക്കാതെ. അണ്ടി മുറ്റത്ത് മൂലയില്‍ കുഴിച്ചിട്ടു. ഇരിക്കട്ടെ, ഒരു തൈമാവ് ഈയങ്കണത്തിലും.

അതു മുളച്ചില്ല.

Thursday, April 2, 2009

യുദ്ധക്കളം തീര്‍ത്ത ചക്ക!

"ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്തതായി വല്ലതുമുണ്ടോ?"

സ്വയം ഒരു ചോദ്യം പോസ് ചെയ്യുകയാണ്. ഫിലോസഫി പറഞ്ഞ് ശൂന്യതയിലേക്കെത്തിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ എനിക്ക് ഒഴിച്ചുകൂടാനാവാത്ത പലതുമുണ്ട്. അതിലൊരു പ്രമുഖ സ്ഥാനം ചക്കക്കു വിട്ടുകൊടുക്കുന്നു. കുഞ്ഞുനാള്‍ മുതലിന്നേ വരെ ഒരു ചക്കക്കാലത്തും അത്താഴം മറ്റൊന്നാവുക പതിവില്ല. വള്ളിനിക്കര്‍ പ്രായത്തില്‍ മഴക്കാലത്ത് ചക്കച്ചുള പൊളിച്ചു തിന്നുമ്പോള്‍ കിട്ടുന്ന മുളച്ച കുരുവെടുത്ത് പല നാടന്‍ നായ്‍ക്കളെയും ഉന്നം വച്ചത് നായക്കും കോഴിക്കും കൊള്ളാതെ പറമ്പിന്‍റെ മൂലയില്‍ ചെന്നു വീണു മുളച്ചിരുന്നതു കൊണ്ട് ഇന്നും മുട്ടില്ലാതെ ചക്ക തിന്നു ജീവിക്കാം.

കര്‍ണ്ണാടകയില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് മൂന്നു രൂപക്ക് ചുള ചൂഴ്‍ന്നു വില്‍ക്കുന്നവരുടെ അടുത്തു ചെന്ന് ’ചക്ക ചെന്നാഗിദ്ദിയാ?’ എന്നു ചോദിച്ചാല്‍ അതേ കത്തിയെടുത്ത് ചോദിക്കുന്നവന്‍റെ നാക്കരിയാനും സാദ്ധ്യതയുണ്ട്. ഏതാണ്ടതേ പോലെ ഉച്ചരിക്കുന്ന ഒരു വാക്കിന് ഇവിടെ ഹിജഡ എന്നാണര്‍ത്ഥം.

ഒരു പഴയ ചക്കക്കാലത്തേക്ക്....

കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു ഫെബ്രുവരി മാസം തുടങ്ങിക്കാണണം. നാടു മുഴുവനുള്ള പ്ലാവിന്മേലും കണ്ണു പരതിയാണ് നടപ്പ്. കല്ലെറിഞ്ഞാല്‍ വീഴാനിതു മാങ്ങയല്ലല്ലോ. കണ്ണെറിഞ്ഞു വീഴ്‍ത്തണം, തരം പോലെ എന്നാണ് ആലോചന. ചക്ക തിന്നിട്ട് ഏതാണ്ട് കൊല്ലമൊന്നാവാറായി. കൊതി മൂത്ത് നോട്ടുപുസ്തകത്തിലൊക്കെ ചക്കച്ചുളയുടെ പടം വരെ വരച്ചു വക്കാന്‍ തുടങ്ങിയിരിക്കുന്നു. വളര്‍ന്നു വരുന്ന പ്ലാവിന്‍തയ്യോടൊക്കെ അപാരമായ സ്നേഹം വര്‍ദ്ധിച്ച് തെങ്ങിനിടാന്‍ വച്ച ചാണകവും അഞ്ചാറു കുടം വെള്ളവുമൊക്കെ മൂത്ത പ്ലാവിന്‍റെ ചുവട്ടില്‍ കൊണ്ടൊഴിച്ച് നടക്കുന്ന കാലം. അപ്പോഴാണ് അതു കാഴ്ചയില്‍ പെട്ടത്. താഴേ പറമ്പിലെ പ്ലാവിലെ ഏതാണ്ട് മുകളിലത്തെ ചില്ലയില്‍ ഒരു മൂത്ത ചക്ക.

ആ കൊല്ലത്തെ ആദ്യത്തെ മൂത്ത ചക്ക!

ഏതാണ്ട് പത്തുപന്ത്രണ്ട് മെയിന്‍ ചില്ലകളുള്ള പ്ലാവിന്‍റെ മുകളിലെങ്ങാണ്ടാണിതിന്‍റെ കിടപ്പ്. ഉയരമൊക്കെ കണ്ടാല്‍ ഇച്ചിരി പേടി തോന്നും.

വായില്‍ പടര്‍ന്നൊലിച്ച വെള്ളം തുളുമ്പി ഒഴിഞ്ഞ കുടമൊക്കെ ഏതാണ്ട് നിറയുമെന്ന അവസ്ഥയിലായി. പണ്ടൊക്കെ ചറപറാന്നു പാഞ്ഞു കേറിയിരുന്ന പ്ലാവാണ്. ഇപ്പോ വണ്ണമൊക്കെ വച്ച് പഴയതു പോലെ തൊലി പ്ലാവിലുരച്ചു കളയാനുള്ള ആരോഗ്യവും മാനസികാവസ്ഥയുമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു.

വിട്ടു കൊടുക്കാന്‍ മനസ്സു വരുന്നില്ല. രണ്ടും കല്‍പ്പിച്ച്, മുണ്ടും മുറുക്കിയുടുത്ത്, ടീഷര്‍ട്ടിനു മീതെ കട്ടിയുള്ള രണ്ടു ഷര്‍ട്ടും വലിച്ചു കേറ്റി (നെഞ്ഞത്തെ തൊലിയെങ്കിലും സേഫ് ഗാര്‍ഡ് ചെയ്യണ്ടേ) മെല്ലെ നടന്നു. കവുങ്ങിന്‍തോലു വച്ചു കെട്ടിയ തളപ്പിട്ട് നാലു വരി കയറി. ആദ്യത്തെ ചില്ലയില്‍ പിടിച്ചപ്പോള്‍ തന്നെ ഒരു ശ്വാസതടസ്സം. കഷ്ടപ്പെട്ട് ഒരു ചില്ല കൂടി വലിഞ്ഞു കയറി. മുകളിലേക്കു നോക്കി. ചക്കയിരുന്നു മിന്നുന്നു.

ഏതാണ്ട് സിംഹത്താനെ ഇരതേടാന്‍ പോയ കുറുക്കന്‍റേതു പോലെയായി എന്‍റെ ഭാവം. മുകളിലേക്കു പോകാനൊരു വഴി കാണുന്നില്ല. അടുത്ത ചില്ല കിടക്കുന്നത് രണ്ടാള്‍ പൊക്കത്തിലാണ്. ഒരു ചില്ല കിട്ടിയ ആശ്വാസത്തില്‍ കാലില്‍ക്കിടന്ന തളപ്പൊക്കെ ഊരി താഴോട്ടിടുകയും ചെയ്തു.

വേണ്ട! ഭാഗ്യമുണ്ടെങ്കില്‍ കൊക്കയിട്ട് ചക്ക വീഴ്‍ത്തി ഒരു അമ്പതു കൊല്ലം കൂടി ജീവിക്കണമെന്നുണ്ട്. എങ്ങാന്‍ മോളീന്ന് താഴെപ്പോയാല്‍ ’ചക്കയിടാന്‍ പോയി ചത്തു വീണവന്‍’ എന്ന പേരു വീട്ടുകാരു കേള്‍ക്കേണ്ടി വരും. പതിയെ ഇറങ്ങാന്‍ വേണ്ടി താഴത്തെ ചില്ലയിലേക്ക് കാലു നീട്ടി.

ഈ കൊമ്പ് നേരത്തേതിലും താഴ്‍ന്നു പോയോ? നട കീറുന്ന പോസായിട്ടു പോലും കാല് മറ്റേ ചില്ലയിലേക്കെത്തുന്നില്ല. വെപ്രാളത്തിനിടയില്‍ അവിടവിടെ പുളിയുറുമ്പും പാഞ്ഞു കേറിത്തുടങ്ങി. ഒന്നുരണ്ടെണ്ണം കിട്ടിയ തരത്തിന് കടിക്കുന്നു. കയ്യെടുത്ത് നുള്ളിക്കളയണമെന്ന് തോന്നുന്നുണ്ടെങ്കിലും വിരലൊന്നനക്കാന്‍ പോലും ധൈര്യം കിട്ടുന്നില്ല. കണ്ണിലൂടെ കുറേശ്ശെ വെള്ളം തുളുമ്പിത്തുടങ്ങി (നശിച്ച പൊടി, പൊടി!!).

ഞാന്‍ വളര്‍ന്നതു കൊണ്ടോ, എന്നോടൊപ്പം എന്നേക്കാള്‍ പ്ലാവു വളര്‍ന്നതു കൊണ്ടോ എന്നറിയില്ല, വലിയ പ്ലാവൊക്കെ കാണുമ്പോള്‍ കയ്യും കാലുമൊക്കെ ഒരു വിറയലാണ്. ആരെങ്കിലും വന്ന് ഏണിയിട്ടു തരുന്നതു വരെ ഇറങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ രണ്ടും കല്‍പ്പിച്ച് ചാടാന്‍ തീരുമാനിച്ചു. ഏറിയാലൊരു കൈ, അല്ലെങ്കിലൊരു കാല്! ചാടി! ഭാഗ്യവശാല്‍ രണ്ടു ദിവസം മുടന്തേണ്ടി വന്നതൊഴിച്ചാല്‍ കാര്യമായൊന്നും സംഭവിച്ചില്ല.

മരം കയറാനറിയാവുന്ന ഒരു പങ്കുകച്ചവടക്കാരനു വേണ്ടിയുള്ള അന്വേഷണം ചെന്ന് നിന്നത് കുഞ്ഞച്ചനിലാണ്.

"ങും... ചക്കയുടെ പകുതിയും അമ്പതു രൂപയും."

കുഞ്ഞച്ചന്‍ നയം വ്യക്തമാക്കി. ദ്രോഹീ, കൂലി വരെ ചോദിക്കുന്നു. ഒരു നാലു ചുളക്ക് തീരുമെന്നു കരുതിയ പ്രശ്നമാണ്. പക്ഷേ, കൊതി മനസ്സില്‍ കിടന്ന് ദുര്‍ബുദ്ധി പറഞ്ഞു തരുന്നു.

"അമ്പതെങ്കില്‍ അമ്പത്, ബാ."

കുഞ്ഞച്ചന്‍ അരയും തലയും മുറുക്കി.

"നടക്ക്."

പ്ലാവിന്‍ ചോട്ടില്‍ എത്തി കുഞ്ഞച്ചന്‍ മുകളിലേക്കു നോക്കി. ഞാന്‍ ചക്ക ചൂണ്ടിക്കാണിച്ചു.

"ദോ... അത്..."

കുഞ്ഞച്ചന്‍ ഒരു നിമിഷം ചിന്താധീനനായി മണ്ണിലിരുന്നു. മെല്ലെ എഴുന്നേറ്റ് തിരിച്ചു നടന്നു.

"ഡാ... നീ പോവാണോ?"

"വാസ്വേട്ടനെ കണ്ട് ഒരു എല്‍ ഐ സി പൂരിപ്പിച്ചേച്ച് വരാം. ചെലപ്പോ ഇതോടെ എന്‍റെ കുടുംബത്തിന്‍റെ ഭാഗ്യം തെളിയും."

കുഞ്ഞച്ചന്‍ ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.

"ശ്ശെ, ഇതൊക്കെ നിനക്കൊരു മരമാണോടാ? ചുമ്മാ കയറ്."

"എന്നാലും അമ്പതുറുപ്പികക്കു വേണ്ടി ജീവിതം പഞ്ചറാക്കണോടാ?"

അവന്‍ വികാരാധീനനായി.

"പിന്നേ, നീയോര്‍ത്തു നോക്ക്, പണ്ട് പുഴക്കരേലെ പുളിമരത്തേല്‍ കേറി ജിഷമോള്‍ക്ക് അന്നു നീ പുളിങ്ങാ പറിച്ചു കൊടുത്തത്, അതിലും വലിയ മരമൊന്നുമല്ലല്ലോ."

ഒരു നിമിഷം ആലോചിച്ച ശേഷം കുഞ്ഞച്ചന്‍ രണ്ടും കല്പിച്ച്, ഇത്തിരി പൊടിമണ്ണെടുത്ത് രണ്ടു കയ്യിലും കൂടി തിരുമ്മിപ്പിടിപ്പിച്ചു.

"നീയെന്താ റസ്‍ലിങ്ങിനു പോവുന്നോ?"

ഞാന്‍ ഇളക്കി.

"ഞാന്‍ നിക്കണോ പോണോ?"

"നീ കേറെടാ."

കുഞ്ഞച്ചന്‍ രൂക്ഷമായി എന്നെ ഒന്നു നോക്കിയ ശേഷം പ്ലാവിനെ ഒന്നു തൊട്ടുഴിഞ്ഞു. വേരു കാലെന്നു സങ്കല്പിച്ച് ഒരു സാഷ്ടാംഗ് വീണ് നാലു നമോ നമ: പാടി മൂന്നു തവണ വന്ദിച്ചു. ചവിട്ടുന്നതിനും പുറത്തു കയറുന്നതിനും ചക്ക വെട്ടുന്നതിനുമെല്ലാം പ്ലാവിനോടു മാപ്പപേക്ഷിച്ചു. അരയില്‍ കെട്ടിയ തോര്‍ത്തിന്‍റെ വശത്തൂടെ കത്തി തിരുകിക്കയറ്റി.

ഒന്നേ... രണ്ടേ... മൂന്നേ... നാലേ....

നാലു ചില്ല നിഷ്പ്രയാസം കയറി. മെല്ലെ പിടിച്ചു പിടിച്ച്... അഞ്ചേ... ആറേ... ഏഴേ...

ഇടക്കിടെ കുഞ്ഞച്ചന്‍ താഴോട്ടു നോക്കുന്നുണ്ട്.

"എന്‍റമ്മേ, ഉറുമ്പ്"
"വീട്ടില്‍ അറിയിച്ചേക്കണേടാ"
"ഔ... കടിച്ചു കടിച്ചു"

എന്നിങ്ങനെയുള്ള അപശബ്ദങ്ങള്‍ ഇടക്കിടെ കേള്‍ക്കുന്നുണ്ട്.

പേടിക്കല്ലേ കുഞ്ഞച്ചാ, നീ വീണാല്‍ പിടിക്കാനല്ലേ ഈ എഴുപതു കിലോ നാലടിപ്പൊക്കത്തിലിങ്ങനെ കാവലിരിക്കുന്നത്. ധൈര്യമായി കേറ്."

"ദ്രോഹീ, നിലം മുട്ടും മുമ്പേ ഞാന്‍ പേടിച്ചു ശവമായിക്കാണും. കരിനാക്കു വളക്കല്ലേടാ."

കുഞ്ഞച്ചന്‍ മുകളിലെത്തി. തൊട്ടു മുകളിലത്തെ ചില്ലയില്‍ നമ്മുടെ മൂത്ത ചക്കയിരിക്കുന്നു. എന്‍റെ ഹൃദയം ദ്രുതതാളം കൊട്ടിത്തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചക്ക താഴെ, എന്‍റെ കയ്യെത്തും ദൂരത്ത്. കൊതി തീര്‍ക്കാന്‍ ഒന്നുരണ്ടു പച്ചച്ചുള ഇന്നു തന്നെ തിന്നണം. ബാക്കി നാളെയോ മറ്റന്നാളോ, ചക്ക പഴുക്കുമ്പോള്‍.

"ബ്‍ട്‍ധ ബ്‍ട്‍ധ ബ്‍ട്‍ധത്തോം...!!!"

അഞ്ചാറു ചില്ലകളില്‍ ചെന്നിടിച്ച് ചമ്മലക്കൂട്ടത്തിനിടയിലേക്ക് ചക്ക വലിയ ശബ്ദത്തോടെ നിപതിച്ചു. ഉരുണ്ടുരുണ്ടു പറമ്പിന്‍റെ മൂലയിലെത്തി. ശബ്ദം കേട്ട് ഒരു പട്ടി ചക്ക വീണിടത്തേക്ക് ഓടി വരുന്നു. തൊട്ടു പിറകേ...

"ആ....ആ.....ആ..... അമ്മേഏഏ...!!"

പിന്നണിയില്‍ ആര്‍ത്തനാദം. ഞാന്‍ മുകളിലേക്കു നോക്കി.

കുഞ്ഞച്ചന്‍ കാലു വച്ചു ബാലന്‍സ് ചെയ്തു നിന്നിരുന്ന ഉണക്കക്കൊമ്പ് ഒടിഞ്ഞ് താഴത്തെ ചില്ലയില്‍ തൂങ്ങിയിരുന്നാടുന്നു. അതിനും മുകളില്‍, ചക്കയിരുന്ന ചില്ലയില്‍ ഏതാണ്ടതേ പോസില്‍ കുഞ്ഞച്ചന്‍ തൂങ്ങിയിരുന്നാടുന്നു. ആര്‍ത്തനാദം!!

ഞാന്‍ വിവശനായി. എന്തു ചെയ്യണമെന്ന് പിടി കിട്ടുന്നില്ല. കുഞ്ഞച്ചനെ നോക്കണോ ചക്കയുടെ അടുത്തേക്ക് വരുന്ന പട്ടിയെ നോക്കണോ എന്ന ശങ്ക മാറും മുമ്പേ ഞാന്‍ വിളിച്ചു പറഞ്ഞു.

"കുഞ്ഞച്ചാ, മുറുക്കിപ്പിടിച്ചോ. ഞാനിതാ വരുന്നൂ..."

ഒരു കല്ലും പെറുക്കി ഞാന്‍ ചക്ക വീണ സ്ഥലം നോക്കി ഓടി. ഭ്രാന്താവസ്ഥയില്‍ വരുന്ന എന്നെ കണ്ട് ഞാനെങ്ങാനും അങ്ങോട്ടു കേറി കടിച്ചു കളയുമോ എന്നു ഭയന്നാവണം പട്ടി ജീവനും കൊണ്ടോടി. മുകളില്‍ നിന്ന് അപ്പോളും പഴയ തീവ്രതയില്‍ നിലവിളി മുഴങ്ങുന്നുണ്ട്.

പെട്ടെന്ന്, എന്‍റെ നെറ്റിയില്‍ പുരികത്തിനു മുകളില്‍ ഒരമ്പു തറച്ചതു പോലെ. കൈ നെറ്റിക്ക് ചേര്‍ത്തു വിരലു കൂട്ടിപ്പിടിച്ച് ഞാനവിടുന്ന് ഒരു സാധനം പറിച്ചെടുത്തു.

പാനിക്കടന്നല്‍...!!

"കടന്നലിളകീടാ...."

കുഞ്ഞച്ചന്‍റെ നിലവിളി. ഞാന്‍ മുകളിലേക്കു നോക്കി. ഏതാണ്ട് കറുത്തിരുണ്ട ആകാശം എന്‍റെ തലയിലേക്ക് ഇളകിപ്പൊളിഞ്ഞ് വീഴുന്നതു പോലെ. ഒരു നിമിഷം ഞാന്‍ ചക്കയും കുഞ്ഞച്ചനെയുമൊക്കെ മറന്ന് ഓടി. തിരുമ്പുകല്ലിന്‍റടുത്ത് ഒന്നു വഴുക്കിയെങ്കിലും സ്കേറ്റിംഗ് സ്‍റ്റൈലില്‍ ബാലന്‍സ് ചെയ്ത് ആടിയിളകി നിരങ്ങിച്ചെന്നു. അടുക്കളവാതില്‍ തുറന്നിരിക്കുന്നു.

ഠേ....ഠേ... ഠേ...!!!

മൂന്നു വാതിലുകള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ വലിച്ചടച്ച് ഞാന്‍ ബെഡ്‍റൂമിലെ കുളിമുറിക്കുള്ളിലെത്തിയിരുന്നു. ആശ്വാസത്തോടെ കിതപ്പൊപ്പി നെടുവീര്‍പ്പിടുമ്പോള്‍ മുന്നിലൊരു മൂളല്‍!

"ബൂ....മ്....മ്....മ്....മ്....മ്മ്മ്മ്...."

"മ്മേ....!!!"

ഒരുഗ്രന്‍ കടന്നല്‍, കുളിമുറിയില്‍, എന്‍റെ മുന്നില്‍! ഏതാണ്ടൊരു ഒന്നരയിഞ്ച് നീളവും ഒത്തവണ്ണവും. കണ്ടാല്‍ പേടിയാവുന്ന രൂപം. മൂളിക്കൊണ്ട് എന്‍റെ അടുത്തേക്ക്.

നിമിഷങ്ങള്‍ക്കുള്ളില്‍ എന്നിലെ പ്രതിരോധമുണര്‍ന്നു. ഞാന്‍ ബക്കറ്റെടുത്തു. വായ് ഭാഗം മുമ്പോട്ടാക്കിപ്പിടിച്ച് കടന്നലിനു നേരെ വീശി.

ഞാന്‍ വലത്തോട്ടു വീശിയപ്പോള്‍ കടന്നല്‍ ഇടത്തോട്ട് ഒഴിഞ്ഞു മാറി. വീറോടെ ഞാന്‍ ഇടത്തോട്ടു വീശി. കടന്നല്‍ വലത്തോട്ടു മാറിയൊഴിഞ്ഞു. വലതുഭാഗത്തൂ കൂടെ ഞാന്‍ വീണ്ടും ബക്കറ്റെടുത്ത് ഇടത്തോട്ട് ചരിഞ്ഞ് വീശി. വാഷ്‍ബേസിന്‍റെ അടിയിലൂടെ കടന്നല്‍ പറന്നൊഴിഞ്ഞു. സര്‍വ്വശക്തിയും സംഭരിച്ച് ഞാന്‍ ക്ലോസറ്റിനും പൈപ്പിനുമിടയിലെ ഗാപ്പിലൂടെ കാലു വലിച്ചു വച്ച് കുനിഞ്ഞ് ബക്കറ്റൊരു വീശങ്ങു വീശി. ഭൂമി മലക്കം മറിഞ്ഞു!

കാലു തെറ്റി ഞാന്‍ മലര്‍ന്നടിച്ച് നിലത്തു കിടക്കുന്നു. ഒരു കാല്‍ ബക്കറ്റിനു മുകളില്‍. മറുകാല്‍ ചുവരിന്‍റെ വശത്ത്. സന്ധികളിലൊക്കെ അപാര വേദന!

കമഴ്‍ന്നു കിടക്കുന്ന ബക്കറ്റിനകത്തു നിന്നും ’കുടും... മുടും... കുടും... മുടും...’ എന്ന ശബ്ദത്തില്‍ യുദ്ധപ്പക തീരാത്ത കടന്നല്‍ തലങ്ങും വിലങ്ങും ആഞ്ഞടിക്കുന്നതു കേട്ടപ്പോളാണ് എന്‍റെ ഹൃദയവും എല്ലിന്‍കൂടും തമ്മിലുള്ള പോരാട്ടം നിന്നത്. ക്ലോസറ്റിനും ബക്കറ്റിനും സ്തുതി പറഞ്ഞ് മെല്ലെ നടു നിവര്‍ത്തി എഴുന്നേറ്റ എന്‍റെ കവിളില്‍ എവിടുന്നെന്നില്ലാതെ മറ്റൊരു കൂരമ്പ് വന്നു തറച്ചു. ഇതെവിടെ നിന്നും വന്നു എന്ന് ഞാനാലോചിക്കുമ്പോളേക്ക് എന്‍റെ സംശയമൊക്കെ നികത്തി വെന്‍റിലേറ്റര്‍ വഴി മറ്റൊരു കടന്നല്‍ പുറത്തേക്ക് കുതിച്ചു. യുദ്ധഭീതി വീണ്ടും കുളിമുറിയില്‍ അലാറമടിച്ചു. കവിള്‍ പൊത്തി ഞാന്‍ പാട്ടയെടുത്ത് പ്രതിരോധച്ചുവടുറപ്പിച്ചു.

നിമിഷങ്ങള്‍....

ഇല്ല... ആരുമില്ല... യുദ്ധം ഏതാണ്ട് അവസാനിച്ചിരിക്കുന്നു. പക്ഷേ, കാഴ്ച പൂര്‍ണ്ണമാവുന്നില്ല, പാതിയിരുട്ട് പടരുന്നു. ഞാന്‍ തിരിഞ്ഞ് കണ്ണാടിയിലേക്ക് നോക്കി. ഞെട്ടി! ഇതാര്....!!!??

തടിച്ചു വീര്‍ത്ത മുഖമുള്ള ഒറ്റക്കണ്ണന്‍ എനിക്കു പകരം കണ്ണാടിയില്‍. ആദ്യത്തെ കുത്തിന്‍റെ ശക്തിയില്‍ പുരികം തടിച്ചു വീര്‍ത്ത് ഒരു കണ്ണ് പൂര്‍ണ്ണമായും അടഞ്ഞു പോയിരിക്കുന്നു. ജിഷമോളേ, കവിതേ, ചന്ദ്രികേ മറ്റു പെണ്‍മണികളേ, ഇല്ല, ഒരു മാസത്തേക്കു ഞാനിനി കോളേജിലേക്കില്ല.

ഒരു പത്തുപതിനഞ്ചു മിനിറ്റ് ആ ഹൃദയഭേദകമായ കാഴ്ചനോക്കി ഞാനിരുന്നു!

പുറത്ത് നിലവിളിയുടെ ആക്കം കുറഞ്ഞിരിക്കുന്നു. മനോധൈര്യം സംഭരിച്ച് ഞാന്‍ വാതില്‍ തള്ളിത്തുറന്നു. ഇല്ല, കടന്നലുകള്‍ പിന്‍വാങ്ങിയിരിക്കുന്നു.

ഞാന്‍ ഇറങ്ങി നടന്നു. പ്ലാവിന്‍ചുവട്ടില്‍ അഞ്ചെട്ടു പേര്‍ കൂടി നില്‍ക്കുന്നു. അയല്‍പക്കക്കാരാണ്. കുഞ്ഞച്ചന്‍ മരത്തിനു മുകളിലില്ല. എന്‍റെ നെഞ്ചിലൂടെ ഒരു ഇടിവാള്‍ പാഞ്ഞു. പത്തുപന്ത്രണ്ടു കടന്നലുകള്‍ അപ്പോളും അവിടവിടെ ചുറ്റിത്തിരിയുന്നുണ്ട്.

പെട്ടെന്ന് കൂടിയിരുന്നവരില്‍ മൂന്നുപേര്‍ ഒന്നിച്ചു ഒരേ വരിയില്‍ തിരിഞ്ഞു നിന്നു. നടുവില്‍ പരിക്കേറ്റ ഒരു വീരപോരാളി. തടിച്ച് വികൃതമായ മുഖം. മന്തു വന്നു വീര്‍ത്തതു പോലെ കാലുകള്‍. കുഞ്ഞച്ചനല്ലേ അത്...

"കു....കു.... കുഞ്ഞച്ചാ..."

ഞാന്‍ ഭയഭക്തിബഹുമാനങ്ങളോടെ വിളിച്ചു.

"പോടാ തെണ്ടീ!!!!!"

ഇത്രയും ആത്മാര്‍ത്ഥതയോടെ ’തെണ്ടി’ എന്ന പദം മറ്റൊരു സന്ദര്‍ഭത്തിലും കുഞ്ഞച്ചന്‍ ഉപയോഗിച്ചിട്ടില്ല. രണ്ടു പേരുടെ തോളെല്ലിന്‍റെ ബലത്തില്‍ കുഞ്ഞച്ചന്‍ മുടന്തി വലിഞ്ഞ് നടന്നു.

"പത്തുപന്ത്രണ്ടെണ്ണം കുത്തിക്കാണണം."

ആരുടെയോ മുറുമുറുപ്പ്. കര്‍ത്താവേ!

പുറത്ത് ജീപ്പ് പറന്നെത്തി. ഞങ്ങളെ അകത്തു കയറ്റി മറ്റു രണ്ടുപേര്‍ കൂടെ കയറി. നേരെ ആശുപത്രിയിലേക്ക്. വഴിനീളെ കുഞ്ഞച്ചന്‍ ഞരങ്ങുന്നും മൂളുന്നുമുണ്ട്. എനിക്കാണെങ്കില്‍ അവന്‍റെ മുഖത്തേക്കു നോക്കാനുള്ള ധൈര്യമില്ല.

ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഈരണ്ട് ഇഞ്ചക്ഷനും കുഞ്ഞച്ചന് രണ്ടു ദിവസം ബെഡ് റെസ്റ്റും എനിക്ക് ഒരാഴ്ച നല്ലനടപ്പും ഡോക്ടര്‍ ശിക്ഷ വിധിച്ചു.

"പന്ത്രണ്ടിഞ്ചക്ഷന്‍ ഒരു ഗ്യാപ്പുമില്ലാതെ, ദാ ഇപ്പൊ കഴിഞ്ഞതേള്ളു. ഇനീം വേണോ ചേച്ചിയേ?"

കുഞ്ഞച്ചന്‍ സിസ്റ്ററോട് പറയുന്നത് കേട്ട് ഞാന്‍ അവനെ നോക്കി ജാള്യതയോടെ ചിരിച്ചു. അവന്‍ മുഖം വെട്ടിച്ചു.

രണ്ടു ദിവസം കഴിഞ്ഞു. ഒരു പാത്രം നിറയെ കുരു കളഞ്ഞ് വൃത്തിയാക്കിയ പഴുത്ത ചക്കച്ചുളയുമായി ഞാന്‍ കുഞ്ഞച്ചന്‍റെ വീട്ടില്‍ ചെന്നു. മുറിയിലേക്കു കയറിയ എന്നെ അവന്‍ തിരിഞ്ഞു നോക്കിയില്ല.

"ഡാ..."

അവന്‍ മിണ്ടിയില്ല.

"ഇന്നാടാ... നമ്മടെ ചക്ക."

ഞാന്‍ പാത്രം അവനു നേരെ നീട്ടി. അവനതു തട്ടിപ്പറിച്ചു. രണ്ടു ചുള ഒന്നിച്ചെടുത്തു വായിലേക്കിട്ട ശേഷം മെല്ലെ മുഖം തിരിച്ച് എന്നെ രൂക്ഷമായി നോക്കി.

"എവിടേടാ എന്‍റെ അമ്പതു രൂപാ?"

"ഞാന്‍ വിരണ്ടു. ഇക്കണ്ട കുത്തൊക്കെ കിട്ടിയിട്ടും ഇവനിതു മറന്നില്ലേ. ഇനിയെവിടുന്നൊപ്പിക്കും കര്‍ത്താവേ അമ്പതു രൂപ!

"ഇഞ്ചക്ഷന്‍ തന്ന ഡോക്ടറു കൊണ്ടു പോയി, ല്ലേ?"

എന്‍റെ പരുങ്ങല്‍ കണ്ട് കുഞ്ഞച്ചന്‍ ചിരിച്ചു. പൊട്ടിച്ചിരിച്ചു. കിടക്കയിലിരുന്ന്, പാത്രത്തിലെ ഒരു ചക്കച്ചുള വായിലിട്ട് നേര്‍ത്ത പുളിയുള്ള ആ മധുരം ആവോളം നുണഞ്ഞു കൊണ്ട് ഞാനൂം ചിരിച്ചു.

**********************

രണ്ടു ദിവസത്തിനു ശേഷം രാത്രി അയല്‍ക്കാരുടെ നേതൃത്വത്തില്‍ കൊക്കയില്‍ ചൂട്ടു കെട്ടി കടന്നല്‍ക്കൂടിനു തീയിട്ടു. രാവിലെ എമ്പാടും പരന്നു കിടക്കുന്ന ചുണക്കുട്ടികളുടെ മൃതദേഹങ്ങള്‍. പ്ലാവിന്‍ചോട് യുദ്ധമൊഴിഞ്ഞ മൈതാനം പോലെ. ഒരു പാവം ജീവിയുടെ ആവാസവ്യവസ്ഥക്ക് തീ കൊളുത്തിയ സന്തോഷത്തില്‍ ചിരിക്കുന്ന മുഖങ്ങള്‍.

കടന്നലിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ക്രൂരതയെക്കുറിച്ചുള്ള ഭയമാണ്, കടന്നലെന്നു കേള്‍ക്കുമ്പോള്‍ പേടിയും വെറുപ്പുമാണ്. അന്യജീവികള്‍ ഏറ്റവും ഭീതി തോന്നുന്നത് മനുഷ്യനെക്കുറിച്ചോര്‍ക്കുമ്പോളാവുമോ? മനസ്സില്‍ വെറുപ്പു നുരയുന്നത് മനുഷ്യനെന്ന പദം കേള്‍ക്കുമ്പോളാവുമോ? നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണല്ലോ ജീവിതം, സമാധാനിക്കാം.