Sunday, April 5, 2009

തവിക 2: മാമ്പഴമാ മാമ്പഴം...

അങ്കണത്തൈമാവിന്നീയംബരത്തോളം പൊങ്ങീ

പൊന്മലരൊടിക്കുവാനുണ്ണിക്കയ്യെത്താതായി,

അമ്മതന്‍ കണ്ണുപ്പോലും പിഞ്ചുമണ്‍തരി തൊട്ടു

പൊന്മകനെഴുന്നേറ്റു കണ്‍മിഴിച്ചെങ്ങും നോക്കി.

 

പാതിയും തുറന്നിട്ട വാതിലിന്‍ പൊളി കാറ്റില്‍

വേദന വിങ്ങിത്തെല്ലു കരഞ്ഞു വിളിക്കവേ,

കാതരമിഴിയോടെ കയറും കുഞ്ഞോമലിന്‍

പാദപങ്കജം പതിച്ചാ ഗൃഹം വിലക്ഷമായ്.

 

അമ്മയെക്കാണാന്‍ കൊതിച്ചുന്മദം പിടഞ്ഞെത്തീ,

തന്‍മിഴിക്കോണില്‍ സ്നേഹം കടലായ് പതഞ്ഞാര്‍ത്തു,

പിഞ്ചുകൈക്കുമ്പിള്‍ പിണച്ചുള്ളിലായൊളിപ്പിച്ച

ചെമ്പനീര്‍ മാവിന്‍പഴം നീട്ടി ഞാന്‍ കയറുമ്പോള്‍,

 

പൂവാലനണ്ണാര്‍ക്കണ്ണനോടിവന്നിരിക്കുന്നൂ,

പൂമുഖപ്പടി നിറഞ്ഞോര്‍മ്മകള്‍ വിതുമ്പുന്നൂ,

നിശ്ചലമുറഞ്ഞു പോം കാല്‍വിരല്‍ത്തുമ്പില്‍ നിന്നും

വിസ്മയം പടര്‍ന്നുടലില പോല്‍ വിറക്കുന്നൂ,

 

അമ്മയെക്കാണാന്‍ വന്നതാണു ഞാന്‍, നാടന്‍ മാവില്‍

കല്ലെറിഞ്ഞൊടിച്ചിട്ട നാട്ടുമാമ്പഴം നല്‍കാന്‍,

സങ്കടം വേണ്ടെന്നുര ചെയ്യുവാ,നുണ്ണിക്കുറു-

മ്പിമ്മിണിയുള്ളോര്‍ക്കു നീ അമ്മയെന്നറിയിക്കാന്‍!

നിശ്ചയം മലയാളം നെഞ്ചിലേറ്റുന്നൂ നിന്‍റെ

നിത്യനിര്‍മ്മലസ്നേഹം, ഇറ്റു കണ്‍നിറവോടെ!

 

നിസ്തുലമാതൃസ്നേഹമുള്‍പ്പൂവില്‍ പ്രതിഷ്ഠിച്ചോ-

രുത്തമ കവേ നിന്‍റെ കാല്‍ക്കലെന്‍ നമോവാകം.

*********************

ഏറ്റവും ഇഷ്ടപ്പെട്ട മാമ്പഴമേതാണ്?

നാട്ടുമാങ്ങ, ഗോമാങ്ങ, കിളിച്ചുണ്ടന്‍ മാമ്പഴം, സേലം, മല്‍ഗോവന്‍ തുടങ്ങി പലതര്ം മാമ്പഴങ്ങളും വാങ്ങിയും ഒടിച്ചും എറിഞ്ഞിട്ടും ആസ്വദിച്ചു കഴിച്ചിട്ടുണ്ട്. പക്ഷേ, വൈലോപ്പിള്ളിയുടെ മാമ്പഴത്തെ മലയാളി ചുമന്നത് പൊതിക്കെട്ടുകളിലും പ്ലാസ്റ്റിക്ക്  കവറുകളിലും കൂടകളിലുമല്ല, ഹൃദയത്തിലാണ്. കണ്ണൊന്നു തുടക്കാതെ ഇന്നു വരെ വായിച്ചു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല, ആ കവിത.

"ഉണ്ണിക്കയ്‍ക്കെടുക്കുവാനുണ്ണിവായ്‍ക്കുണ്ണാന്‍ വേണ്ടി..." എന്ന വരിയില്‍ തുടങ്ങുന്ന ഗദ്ഗദം "വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ, തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ..." എന്നിടത്തെത്തുമ്പോഴേക്ക്, ഓരോ വായനയിലും കാഴ്ചയെ മറച്ച് കണ്ണീര് ഇരുവശങ്ങളിലേക്കുമൊഴുകിത്തുടങ്ങിയിട്ടുണ്ടാവും.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അത്.

കണ്ടവന്‍ അച്ചിയെ മറക്കുന്ന കൊച്ചി പട്ടണത്തിലേക്കുള്ള ആദ്യത്തെ യാത്രയാണ്. മനസ്സിനെ ത്രസിപ്പിച്ചത് പക്ഷേ അതല്ല, വൈലോപ്പിള്ളി തറവാട് കാണാന്‍ പോകുന്നു എന്ന അവിശ്വസനീയമായ സത്യമാണ്.

മേലേ പറമ്പിലെ നാട്ടുമാവിന് കല്ലെറിഞ്ഞ് ഒരു ഇളംപഴുപ്പുള്ള മാമ്പഴം വീഴ്‍ത്തി പൊതിഞ്ഞെടുത്തു. ആ അമ്മക്കു വേണ്ടി, ഉണ്ണിക്കിടാവിനു വേണ്ടി, കവിക്കു വേണ്ടി സമര്‍പ്പിക്കണം എന്നായിരുന്നു കുഞ്ഞുമനസ്സിലെ ആഗ്രഹം.

വൈലോപ്പിള്ളിത്തറവാടിന്‍റെ പടി കടന്നപ്പോള്‍ കാല്‍ വിറച്ചു. മുറ്റം നടന്നു കയറുമ്പോള്‍, വലതു വശത്ത് ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മാവ്.

"കണ്ടില്ലേ, അതാണ് ആ അങ്കണത്തൈമാവ്."

വേഷ്ടിയുടുത്ത് നരച്ച മുടിയുള്ള ഒരു സ്ത്രീ (കവിയുടെ അടുത്ത ബന്ധുവാണെന്ന് ആരോ പരിചയപ്പെടുത്തി). എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ പാകത്തിന് ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ച ഏതാനും മണിക്കൂറുകള്‍... കവികള്‍... കവിതകള്‍...

ഇറങ്ങാന്‍ നേരത്ത് ആ സ്ത്രീ ഉമ്മറപ്പടിയിറങ്ങി വന്ന് എന്‍റെ തോളില്‍ തട്ടി.

"കുട്ടി കണ്ടിട്ടുണ്ടോ, ശ്രീധരന്‍ മേന്‍നെ?"

"ഇല്ല."

അറിഞ്ഞിട്ടുണ്ട്, ആ അമ്മയെ, പിഞ്ചുമകനെ, ഈ തൈമാവിനെ, പൂങ്കുലയെ, കനിഞ്ഞിട്ട മാമ്പഴത്തെ.... എല്ലാം...

കയ്യിലുള്ള മാമ്പഴം സമ്മാനിക്കാമെന്നു കരുതി പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പരതി. ഒരുപാടു പേര്‍, പുറത്തെടുക്കാന്‍ ജാള്യം. എടുത്തില്ല.

വൈലോപ്പിള്ളിത്തറവാടു സന്ദര്‍ശിച്ച ആ മാങ്ങ പഴുപ്പിച്ചു. കടിച്ചൂമ്പി നുണഞ്ഞു, ആര്‍ക്കും പങ്കു വക്കാതെ. അണ്ടി മുറ്റത്ത് മൂലയില്‍ കുഴിച്ചിട്ടു. ഇരിക്കട്ടെ, ഒരു തൈമാവ് ഈയങ്കണത്തിലും.

അതു മുളച്ചില്ല.

2 comments:

പാവപ്പെട്ടവന്‍ said...

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

ശ്രീലാല്‍ said...

പപ്പൂസിന് ഒരു ഉമ്മ.