Tuesday, December 23, 2008

വാഴക്കുല

"ഹലോ... കഥാകാരനല്ലേ?"

"ഹെല്ലോ... അതെയതെ, പറയൂ."

"പുതിയ കഥ വാരികയില്‍ കണ്ടു."

"ഓഹോ, എന്നിട്ട്, ഇഷ്ടമായോ കഥ?"

"ഒരുപാടു നീളമുണ്ടല്ലോ, നീണ്ടകഥയാണോ?"

അല്ല, ചെറുകഥ തന്നെ. കഥ എങ്ങനെയുണ്ട്?"

"സംഭാഷണങ്ങള്‍ നിരത്തിപ്പരത്തിയിട്ടുണ്ടല്ലോ."

"അതെയതെ. അതെന്‍റെ ഒരു കഥന രീതിയാണ്. നിങ്ങള്‍ കഥയെങ്ങനെയുണ്ടെന്ന് പറയൂ."

"നീളക്കൂടുതല്‍ കാരണം വായിച്ചില്ല. എന്താണീ കഥയുടെ ത്രെഡ്?"

"ഹേ മനുഷ്യാ. ഇത് കഥാകൃത്തിനെ അവഹേളിക്കുന്നതിന് തുല്യമാണ്. കഥ മുന്നില്‍ വച്ചു കൊണ്ടാണോ ഹേ, കഥാകൃത്തിനെ വിളിച്ച് ത്രെഡ് ചോദിക്കുന്നത്?"

"തന്‍റെ ചില കഥകള്‍ വായിച്ചിട്ടുണ്ട്. ഒരു കാമ്പും ഉള്ളതായി തോന്നിയിട്ടില്ല. ചോദിച്ചിട്ടു വായിക്കാമെന്നു കരുതി. സമയം വിലപ്പെട്ടതാണല്ലോ."

"എനിക്കും സമയം വിലപ്പെട്ടതു തന്നെ. മാത്രമല്ല താനീ ഫോണ്‍ വിളിച്ച് ടെക്നോളജി അബ്യൂസ് ചെയ്യുക കൂടിയാണ്. വേറെ വിശേഷമൊന്നുമില്ലെങ്കില്‍ ഫോണ്‍ വെക്കാമല്ലോ."

"നില്‍ക്കൂ, താന്‍ നേരമ്പോക്കിനു വേണ്ടിയാണോ കഥയെഴുതുന്നത്? വിമര്‍ശകരെ അധിക്ഷേപിക്കുന്നത് തനിക്കും ദോഷമേ ചെയ്യൂ."

"ഹേ വിഡ്ഢീ. താനൊരു അനോണിമസ്സായ കോളറാണ്. അനോണികള്‍ക്ക് ആധികാരികമായി കഥയെക്കുറിച്ച് അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്നറിഞ്ഞു കൂടേ? സമയം മിനക്കെടുത്താതെ ഫോണ്‍ താഴെ വക്കൂ. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ കഥകള്‍ വായിക്കുകയുമാവാം എനിക്കെന്‍റെ ബാക്കിയുള്ള പെഗ്ഗുകള്‍ തീര്‍ക്കുകയുമാവാം."

"പേരു പറയാന്‍ തത്ക്കാലം ഉദ്ദേശ്യമില്ല. തനിക്കു വേണമെങ്കില്‍ ഞാനൊരു കഥ പറഞ്ഞു തരാം."

"കേള്‍ക്കാന്‍ താല്പര്യമില്ല. താനായതു കൊണ്ട്, വിശേഷിച്ചും അശേഷമില്ല."

"നില്‍ക്കൂ. ഇത് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥയാണ്. തനിക്കു വേണമെങ്കില്‍ ഇതൊരു കഥയാക്കി മാറിയെഴുതി പ്രതിഫലം പറ്റുകയുമാവാം. ഇതൊരു പക്ഷേ, തന്‍റെ ആദ്യത്തെ നല്ല കഥയാവും."

"എനിക്കു തന്‍റെ കഥയൊന്നും വേണമെന്നില്ല. മനസ്സില്‍ ഉള്ള കഥകള്‍ തന്നെ എഴുതാന്‍ സമയമില്ലാതിരിക്കുകയാണ്. എങ്കിലും ഫോണ്‍ താന്‍ ഇങ്ങോട്ടു വിളിച്ചതായതു കൊണ്ടും എനിക്കു സാമ്പത്തികനഷ്ടമൊന്നും ഇല്ലാത്തതു കൊണ്ടും കേള്‍ക്കാം. തനിക്കു വേണമെങ്കില്‍ പറഞ്ഞിട്ടു പോകാം."

"ഇതൊരു വാഴക്കുല മോഷണത്തിന്‍റെ കഥയാണ്. കഥയെന്നു പറഞ്ഞാല്‍, ഞാന്‍ ഒരു വാഴക്കുല മോഷ്ടിച്ച സംഭവത്തിന്‍റെ വിവരണമാണ്. വളരെ പണ്ടൊന്നുമല്ല, ഈയിടെ."

"താന്‍ മറ്റുള്ളവരെ ഫോണ്‍ ചെയ്തു ശല്യപ്പെടുത്തുന്ന ഒരു എമ്പോക്കി മാത്രമല്ല, മോഷ്ടാവു കൂടിയാണല്ലേ?"

"മുഴുവന്‍ പറയട്ടെ. ഞാന്‍ മോഷ്ടിച്ചത് നിവൃത്തി കേടു മൂലമാണ്. പണമില്ല, പട്ടിണിക്കാലം. ഇന്നു തന്നെ ഫോണ്‍ ചെയ്യുന്നതു പോലും കടം വാങ്ങിയ പണം കൊണ്ടാണ്. കടുത്ത ദാരിദ്ര്യത്തിലും നിവൃത്തികേടിലും കഴിയുമ്പോള്‍ ചില അത്യാവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ആ വാഴക്കുല മോഷ്ടിച്ചത്."

"അതെ. നിവൃത്തിയല്ല, നീ വൃത്തികേടു കൊണ്ട് ചെയ്തത്. ഇതെല്ലാ മോഷ്ടാക്കളും പറയുന്ന ന്യായമല്ളേ. മോഷണം വൃത്തികേടു മാത്രമല്ല, തന്നെപ്പോലെ ഒരു എമ്പോക്കി ചെയ്യുമ്പോള്‍ അത് പരമമായ ചെറ്റത്തരം കൂടിയാവുന്നു.

"താന്‍ കഥ കേള്‍ക്കൂ."

"ഞാന്‍ താല്പര്യത്തോടെ കേള്‍ക്കുകയാണെന്ന് ധരിച്ചു വക്കരുത്. ഫോണ്‍ വച്ചില്ലെങ്കിലും ഞാന്‍ ഒരു പക്ഷേ ഉറക്കമായിരിക്കാം."

"അരവിന്ദന്‍റെ പറമ്പിലെ വാഴയായിരുന്നു അത്. എന്‍റെ വീട്ടില്‍ നിന്നും സ്വല്പം ദൂരെത്തന്നെ. വിശാലമായ ആ പറമ്പില്‍, വിശാലമെന്നു വച്ചാല്‍, ഏക്കറുകളോളം പരന്നു കിടക്കുന്ന ആ പറമ്പില്‍ പാതിയും തെങ്ങുകൃഷിയാണ്. അരവിന്ദന് കൃഷിയില്‍ താല്പര്യമില്ല. സ്വന്തമായി മറ്റു പലവിധം കച്ചവടങ്ങളുണ്ട്. അത്യാവശ്യം കള്ളക്കണക്കും വെട്ടിപ്പും കൊള്ളപ്പലിശയിടപാടുമുണ്ട്. എങ്കിലും നാട്ടുകാര്‍ക്കൊക്കെ അയാളോട് വലിയ ബഹുമാനമാണ്. ഒളിഞ്ഞു പോലും അയാളെ കുറ്റം പറയാന്‍ ആളുകള്‍ ഭയക്കുന്നു."

"ഭയക്കുന്നു എന്നോ? ഇതെന്താ, വെള്ളരിക്കാസിറ്റിയോ? അതു പോട്ടെ, താന്‍ പറയുന്നത് തന്‍റെ കഥയോ അതോ അരവിന്ദനെന്ന ഈ ജന്മിയുടെ കഥയോ?"

"യഥാര്‍ത്ഥ ജീവിതം തന്‍റെ കഥകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കഥാകാരാ. എന്‍റെ കഥ തന്നെ. അരവിന്ദന്‍റെ ആ വിശാലമായ പറമ്പില്‍ കുറേ ഭാഗം തെങ്ങുകളാണ്. പിന്നെ കുറേ ഭാഗം വെറുതെ കാടു പിടിച്ചു കിടക്കുന്നു. കമ്യൂണിസ്റ്റപ്പ, തൊട്ടാവാടി, കുറുന്തോട്ടി, അരിപ്പൂച്ചെടി, പുല്ല് പിന്നെ മറ്റെന്തൊക്കെയോ ചെടികള്‍.

നെല്പാടങ്ങളോട് ചേര്‍ന്നു കിടക്കുന്ന പറമ്പ്. പുഴയില്‍ നിന്ന് പാടത്തേക്ക് വെള്ളം കൊണ്ടു വരാനുള്ള കനാല്‍, അഥവാ, തന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, കളകളം തെളിവെള്ളം കുത്തിയൊഴുകുന്ന അരുമയായ തോട്, ആ പറമ്പിന്‍റെ അതിരു ചേര്‍ന്ന്, കെട്ടുമതിലിന്‍റെ വശത്തു കൂടെ ഒഴുകുന്നു. അതിന്‍റെ മൂലയില്‍, ആ പറമ്പിന്‍റെ കെട്ടിനടുത്തുള്ള മൂലയില്‍ ആ വാഴയുണ്ട്. നല്ലൊരു മൈസൂര്‍ വാഴ."

"നില്‍ക്ക്. രണ്ടു കാര്യങ്ങള്‍ പറയട്ടെ. ഒന്ന്, തന്‍റെ കഥ പറയുമ്പോള്‍ തന്‍റെ ഭാഷ ഉപയോഗിച്ചാല്‍ മതി, എന്‍റെ ഭാഷ കടമെടുക്കേണ്ട. രണ്ട്, മൈസൂര്‍ വാഴയോ? എന്തു തരം വാഴയാണത്? മൈസൂരെന്നത് ബാംഗ്ലൂരെങ്ങാണ്ടുള്ള ഒരു പട്ടണമല്ലേ?"

"കഥാകാരാ. ഇതാണ് തനിക്ക് മണ്ണിനെക്കുറിച്ചെഴുതുമ്പോള്‍ കൈത്തെറ്റു പിണയുന്നത്. അറിവില്ലായ്മ. മൈസൂര്‍ പഴം എന്നത് മൈസൂരിലോ ബാംഗ്ലൂരിലോ കിട്ടാത്ത ഒരിനം വാഴപ്പഴമാണ്. അന്യനാടുകളില്‍ നമുക്ക് പൊതുവേ ആണിപ്പൂവന്‍ അല്ലെങ്കില്‍ ഞാലിപ്പൂവന്‍ എന്നറിയപ്പെടുന്ന ഒരിനം ചെറുപഴമേ കിട്ടൂ. അതിനേക്കാള്‍ മധുരമേറിയ, സുഗന്ധമുള്ള ഒരിനം ചെറുപഴമാണ് മൈസൂര്‍ പഴം. "

"താന്‍ കഥ തുടരൂ."

"ആ വാഴ ആരും കുഴി കുത്തി നട്ടതല്ല. പണ്ടെങ്ങാണ്ട് അവിടെ മറിഞ്ഞു വീണ ഒരു വാഴയുടെ കന്ന്, വാഴക്കന്ന്, തനിയെ മുളപൊട്ടി പൊന്തിയതാണ്. ആകാശത്തേക്ക് തല നീട്ടാനുള്ള ആര്‍ത്തിയോടെ വേരുകള്‍ മണ്ണിലേക്ക് ചെറുപ്രായത്തില്‍ തന്നെ കുത്തിയിറക്കി, അതിരു കെട്ടിയ ചെങ്കല്ലിനിടയിലെ ചെറിയ തുളകളിലൂടെ കനാലിലേക്ക് വേരു നീട്ടി, വെള്ളം നക്കിനക്കിയെടുത്ത് സ്വയം വളര്‍ന്ന വാഴയാണത്. അരവിന്ദന്‍ ആ വാഴ എന്നെങ്കിലും കണ്ടിട്ടുണ്ടോ എന്നു തന്നെ എനിക്കു സംശയമാണ്.

ആരും നോക്കാനും കാണാനുമില്ലാത്ത ആ വാഴ അതിന്‍റെ ചെറുപ്പം മുതലേ ഞാന്‍ കാണാറുണ്ടായിരുന്നു. കനാലിലെ തെളിനീര് കുത്തിക്കുത്തിയെടുത്ത് മറ്റു കാട്ടുചെടികളോടൊപ്പം ആ വാഴയങ്ങനെ വളര്‍ന്നു. വിടരുന്ന ഓരോ തളിരിലയും കൂമ്പു വിടര്‍ത്തി, തെളിഞ്ഞ, മിനുമിനുത്ത പ്രതലങ്ങളിലേക്ക് വെയിലിനെ ശേഖരിച്ച്, കനാലിലെ വെള്ളവും മണ്ണിന്‍റെ ഫലഭൂയിഷ്ടതയും അരിച്ചൂറ്റിയെടുത്ത് പച്ച രക്തമാക്കി മാറ്റി അത് സ്വയം ജീവന്‍ പകര്‍ന്നു കൊണ്ടേയിരുന്നു.

വിടരുന്ന അതിന്‍റെ ഇലകള്‍ കൂമ്പു വിടര്‍ത്തും മുമ്പേ ഇലവെട്ടുകാരന്‍ പാക്കരന്‍ നിര്‍ദ്ദാക്ഷിണ്യം മുറിച്ചു കൊണ്ടു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരില ചീയുമ്പോളേക്ക് മറ്റൊന്നു വിടര്‍ത്തി വെയിലത്തു കാട്ടി സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ആ വാഴ കഷ്ടപ്പെടുന്നത്, കഥാകാരാ, ഈ കണ്ണുകള്‍ കൊണ്ട് നോക്കി നിന്ന് ഞാന്‍ അദ്ഭുതം കൂറിയിട്ടുണ്ട്.

ഒരിക്കല്‍ ഇലവെട്ടു കഴിഞ്ഞ് പാക്കരന് ഒരു ബീഡി കൊളുത്തണമെന്ന് തോന്നി. കയ്യിലിരുന്ന കൊടുവാള്‍ താഴെ വക്കണമെങ്കില്‍ കുനിയണമല്ലോ എന്നായിരുന്നിരിക്കണം പാക്കരന്‍റെ ചിന്ത. ഞാന്‍ നോക്കി നില്‍ക്കേ, പാക്കരന്‍ നിര്‍ദ്ദാക്ഷിണ്യം കൊടുവാള്‍ ആ വാഴയുടെ പള്ളക്ക് വെട്ടിയിറക്കി അങ്ങനെ കുത്തി നിര്‍ത്തി. കഥാകാരാ, ഞാനതു കണ്ടു കൊണ്ടു നില്‍ക്കുകയാണ്. വെട്ടില്‍ നിന്നും കുടുകുടാ പച്ചച്ചോര ചിന്തിയൊഴുകിക്കൊണ്ടിരുന്നു. എന്നിട്ടും രണ്ടു ദിവസത്തെ തളര്‍ച്ചക്കു ശേഷം എന്നെ അതിശയിപ്പിച്ചു കൊണ്ട് ആ വാഴ നിവര്‍ന്നു നിന്നു."

"താന്‍ തന്‍റെ കഥയാണോ വാഴയുടെ കഥയാണോ പറയുന്നത്? ഇത്ര വിഷമമായിരുന്നെങ്കില്‍ തനിക്കാ വാഴ തന്‍റെ പറമ്പിലേക്കു മാറ്റിക്കുഴിച്ചിട്ട് തടം കോരി വെള്ളം നനക്കാമായിരുന്നില്ലേ? താന്‍ മോഷ്ടാവു മാത്രമല്ല, ശുദ്ധനുണയനും കൂടിയാണ്."

"കേള്‍ക്കൂ. ആ വാഴ അങ്ങനെ ഒരുപാട് അവഗണനകളും ഉപദ്രവങ്ങളും സഹിച്ച് പുല്ലുപോലെ വളര്‍ന്നു വലുതായി. പൂവിട്ടു, കായ്‍ച്ചു. ഞാനാണാ തളിര്‍ക്കുല ആദ്യം കണ്ടത്. ഞാന്‍ തന്നെയായിരിക്കണം. മറ്റാര്‍ക്കും അതു കാണാനുള്ള സാവകാശമോ മനസ്സോ ഉണ്ടായിരുന്നില്ല...... അല്ല കഥാകാരാ, താന്‍ സിഗരറ്റ് വലിക്കുകയാണോ? ബുഹൂ ബുഹൂ എന്ന ശബ്ദം കേള്‍ക്കുന്നു?"

"തന്‍റെ യമണ്ടന്‍ കഥ കേട്ട് എവറസ്റ്റ് മുടിയോളം ബോറടിച്ചിരിക്കുകയാണ്. വലിക്കാതെന്തു ചെയ്യും?"

"താനല്ലേ വലിക്കുന്നതിന്‍റെ ദോഷങ്ങളെപ്പറ്റി പണ്ടൊരു കഥയെഴുതിയത്? അല്ലെങ്കിലും ഈ സാഹിത്യകാരന്മാര്‍ ഇങ്ങനെയാണ്. പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായി യാതോരു ബന്ധവും കാണുകയില്ല."

"തന്‍റെ ഫോണ്‍ എടുത്തപ്പോളേ ഉറപ്പിച്ചതാണ്, ഇതൊക്കെ കേള്‍ക്കേണ്ടി വരുമെന്ന്. മോഷ്ടാവ് എന്നെ ഉപദേശിക്കുന്നോ. താന്‍ കഥ പറയൂ."

"ശരി. കഥയല്ല, സംഭവം തന്നെയാണ്. അങ്ങനെ ആ വാഴപ്പൂവ് പതിയെ കുലച്ചു വന്നു. കൂമ്പ് ഇടക്കിടെ പടം പൊഴിച്ച് പുതിയ പൂവുകള്‍ പുറത്തേക്കിട്ടു. വണ്ടുകളും ശലഭങ്ങളും മാറി മാറി ആ പൂക്കളില്‍ നിന്ന് മധുരമുള്ള തേന്‍ നുകര്‍ന്നു. പച്ച നിറത്തില്‍, പ്രകൃതിയുടെ ഏറ്റവും പ്രിയപ്പെട്ട നിറത്തില്‍ അതു കായ്‍ച്ചു. ഓരോ കായയുടെയും തുമ്പത്ത് പൊക്കിള്‍ക്കൊടി അറ്റുണങ്ങിയതു പോലെ കരിഞ്ഞ പൂത്തുമ്പുകള്‍ തൂങ്ങിയിരുന്നാടി. ഞാനെന്നും അതു കാണാറുണ്ടായിരുന്നു.

പതിവുപോലെ കനാല്‍ വെള്ളം ഊറ്റിയെടുത്ത് ആ വാഴ തന്‍റെ കുരുന്നിനെയൂട്ടി. കായ്കള്‍ വളര്‍ന്നു വലുതായി. നല്ല മുഴുത്തു വിരിഞ്ഞ കായ്കള്‍. പറമ്പുടമ അരവിന്ദന്‍ എന്നിട്ടും അതിനെയൊന്നു തിരിഞ്ഞു നോക്കിയതു പോലുമില്ല. ഞാനിതെല്ലാം കണ്ടുകൊണ്ടിരുന്നു. കായകള്‍ മൂത്തു വലുതായി."

"ഓ. അങ്ങനെ പറമ്പുടമ തിരിഞ്ഞു നോക്കാത്തതു കാരണം താനതു മോഷ്ടിക്കാന്‍ തിരുമാനിച്ചു അല്ലേ?"

"മുന്‍വിധികളിലേക്ക് ചെന്നു ചാടാതിരിക്കൂ കഥാകാരാ. മുന്‍വിധികളാണ് നിങ്ങള്‍ സാഹിത്യകാരന്മാരുടെ രണ്ടാമത്തെ വലിയ ദോഷം."

"അപ്പോള്‍ ആദ്യത്തെ ദോഷമോ?"

"കാമ്പില്ലാത്ത കഥകള്‍ പടച്ചു വിടുന്നതു തന്നെ. അതിരിക്കട്ടെ. അങ്ങനെ ഒരു ദിവസം അത്യാവശ്യമായി വീട്ടിലേക്ക് അരി വാങ്ങാന്‍ വേണ്ടി ഞാന്‍ കടയിലേക്ക് ചെന്നു. കയ്യില്‍ ഒരു മണ്‍തരി വാങ്ങാനുള്ള കാശില്ലെന്നോര്‍ക്കണം, ഇനി എനിക്ക് കടം തരില്ലെന്ന് പീടികക്കാരന്‍ തറപ്പിച്ചു പറഞ്ഞു. ഹതാശനായി, നിരാശനായി ഞാന്‍ തിരിച്ചു നടന്നു.

വഴിയേ ആ പറമ്പില്‍ ആരും കാണാതെ, അതോ ആരാലും ശ്രദ്ധിക്കപ്പെടാതെയോ, നില്‍ക്കുന്ന ആ വാഴക്കുല അന്നും ഞാന്‍ കണ്ടു. കണ്ണെടുക്കാതെ ഞാന്‍ അതിനെത്തന്നെ നോക്കി നിന്നു. ഒരുപാടു നേരം അങ്ങനെ.

ചില മഹാന്മാര്‍ക്ക് മരച്ചുവട്ടില്‍ വച്ച് ബോധോദയം ഉണ്ടായതിനെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ കഥാകരാ? എനിക്ക് ആ നിമിഷം ബോധോദയമുണ്ടായി. വീട്ടില്‍ ചെന്ന് ഞാന്‍ ഒരുപാട് ആലോചിച്ചു. ആ വാഴക്കുല എനിക്ക് ഒരു നേരത്തെ കഞ്ഞിവെള്ളം വാങ്ങിച്ചു തന്നാല്‍? പിന്നെ ഞാന്‍ ഒരുപാടു ചിന്തിച്ചില്ല, കൊടുവാളെടുത്ത് ഇറങ്ങി നടന്നു.

രാത്രിയാണ്, ചെറിയ നിലാവുണ്ട്. പമ്മിപ്പമ്മി ഞാന്‍ വയല്‍വരമ്പു വഴി നടന്നു. കനാല്‍ മെല്ലെ, ശബ്ദമുണ്ടാക്കാതെ എടുത്തു ചാടി. കെട്ടുമതില്‍ ചേര്‍ന്നു നില്‍ക്കുന്ന ആ വാഴയുടെ കഴുത്തില്‍ ഞാന്‍ പിടിച്ചു.

എനിക്കെന്തു സന്തോഷമായെന്നോ കഥാകാരാ. അത്ര നാളും ദൂരെ നിന്ന് നോക്കിക്കണ്ട് ആരാധിച്ചിരുന്ന ആ വാഴയെ ഒന്നു തൊട്ടപ്പോള്‍! ഒരുപാടു നാളത്തെ ആരാധനയൊക്കെ മൂത്തു പഴുപ്പെത്തി നില്‍ക്കുമ്പോള്‍ നമ്മളാരാധിക്കുന്ന കലാകാരനെ, സിനിമാനടിയെ അടുത്തു നിന്നു തൊടുന്നതു പോലെ.

എനിക്കാ വാഴയോട് ഒരുപാടു സ്നേഹമുണ്ടായിരുന്നു. പക്ഷേ, വിശപ്പെന്‍റെ ഉള്ളില്‍ കിടന്ന് തിളച്ചു മറിഞ്ഞു. ഞാന്‍ കൈ നീട്ടിപ്പിടിച്ച്, ഏന്തി വലിഞ്ഞ് ആ വാഴക്കുലയുടെ കടക്കല്‍ കൊടുവാളു കൊണ്ട് ആഞ്ഞു വെട്ടി. വാഴക്കൂമ്പിലിരുന്ന് ഞാന്‍ അറിയാതെ തേന്‍ കുടിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞിക്കിളി പൊടുന്നനെ കീയോ കീയോ എന്നു ചിലച്ചു കൊണ്ട് പറന്നകന്നു പോയി. കുല അറ്റു വീണു. വാഴയുടെ ചോര ഇറ്റിറ്റു വീണു.

ഹൊ! എന്തൊരു ഭാരമായിരുന്നു ആ കുലക്ക്. അതു മുതുകില്‍ താങ്ങി വീട്ടിലെത്തിയപ്പോളേക്കും ഞാന്‍ തളര്‍ന്നവശനായിരുന്നു. മലര്‍ന്നു വീണ്, പായില്‍ ആ വാഴക്കുലയെ കെട്ടിപ്പിടിച്ച് കിടന്ന്, വിശക്കുന്ന വയറുമായി ആ രാത്രി ഞാന്‍ ഉറങ്ങാതിരുന്നു. എന്‍റെ ശ്വാസോച്ഛ്വാസത്തിന്‍റെ ചൂടു തട്ടി കുല പഴുക്കുമെന്നു വരെ തോന്നി. അത്ര കിതപ്പായിരുന്നു എനിക്ക്. തനിക്കറിയാമോ കഥാകാരാ, നാട്ടില്‍ ഞാന്‍ വളരെ മാന്യനാണ്. ഞാനാ കുല മോഷ്ടിക്കുമെന്ന് അരവിന്ദനല്ല, ആരും തന്നെ കരുതുകയില്ല....... കഥാകാരാ, താന്‍ കേള്‍ക്കുന്നുണ്ടോ?"

"പറയൂ പ്രിയ മോഷ്ടാവേ പറയൂ. കാശു തീര്‍ന്നെങ്കില്‍ ഞാന്‍ തിരിച്ചു വിളിക്കണോ?"

"വേണ്ട, കേള്‍ക്കുക. പഴുക്കാത്ത കുലക്ക് വില കുറവായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ചൂളക്കു വച്ചു പഴുപ്പിക്കണം. ചിമ്മിനിയാണ് പറ്റിയ സ്ഥലം. പക്ഷേ, എന്‍റെ പുര ചിമ്മിനിയില്ലാത്ത വെറും ഓലപ്പുരയാണല്ലോ.

എന്‍റെ തൊട്ടടുത്ത വീട് ടെറസിട്ടതാണ്. വലിയ പണക്കാരാണ് താമസക്കാര്‍. അവര്‍ക്ക് വലിയ വിശാലമായ ചിമ്മിനിയുണ്ട്. ചൂടടിപ്പിക്കാനായി ഞാനാ വാഴക്കുല അന്നു പുലര്‍ച്ചെത്തന്നെ ആരുമറിയാതെ ആ വീടിനു മുകളില്‍ കയറി ചിമ്മിനിയുടെ ദ്വാരത്തോടു ചേര്‍ത്തു വച്ചു. തിരിച്ചു വന്ന്, വൈകുന്നേരത്തിനുള്ളില്൬ കാശു തരാമെന്നു പറഞ്ഞ് മറ്റൊരു കടയില്‍ പോയി അരിയും മറ്റും വാങ്ങിക്കൊണ്ടു വന്ന് കഞ്ഞി വച്ചു കുടിച്ചു."

"തനിക്ക് വീട്ടിലരുമില്ലേ മോഷ്ടാവേ?"

"ജനിച്ചപ്പോള്‍ അമ്മയുണ്ടായിരുന്നു. വളരുമ്പോള്‍ മരിച്ചു പോയി. അന്നെന്‍റെ സ്കൂള്‍ പഠനം കഷ്ടി കഴിഞ്ഞു കാണണം. അതു പോട്ടെ."

"ശരി തുടരൂ."

"ഞാന്‍ വൈകുന്നേരം വരെ സമയം എങ്ങനെയോ നീക്കി. ആരുമറിയാതെ എന്‍റെ കുലയെടുക്കാന്‍ അവരുടെ ടെറസില്‍ വീണ്ടും ശബ്ദമുണ്ടാക്കാതെ കയറി. ഞാന്‍ കണ്ട കാഴ്ച, എന്‍റെ കഥാകാരാ..."

"എന്തു പറ്റി? എല്ലാം വാവലു തിന്നു തീര്‍ത്തോ? അതോ ചിമ്മിനിയുടെ കരിമ്പുകയടിച്ച് കറുത്തു പോയോ? അതോ കുല തന്നെയവിടെ ഇല്ലായിരുന്നോ? പറയൂ."

"അല്ല, അല്ല, അതൊന്നുമല്ല. ആ വീട്ടിലെ അഞ്ചാറു വയസ്സു പ്രായമുള്ള ഒരു ബാലന്‍... പച്ച പ്രകൃതിയുടെ ഉടുപ്പാണെന്നു പറയുന്നതില്‍ ന്യായമില്ലേ കഥാകാരാ. പച്ചയുടുപ്പിട്ട പ്രകൃതിയെ പൊതുവേ അങ്ങനെ ആരും പിച്ചിച്ചീന്തുകയില്ല. പച്ച മാറി കായ മഞ്ഞച്ചപ്പോള്‍ ഉടുതുണിയഴിഞ്ഞു പോയതു പോലെ കണ്ടിട്ടാവണം ആ ബാലനു കടിച്ചു തിന്നാന്‍ തോന്നിയത്. അവന്‍ അതിലെ പഴുത്തു തുടങ്ങിയ പഴങ്ങളിരിഞ്ഞു തിന്നുന്നു. എന്‍റെ വാഴക്കുല, ഞാന്‍ ചിമ്മിനിക്കു വച്ചു പഴുപ്പിച്ചത് അവന്‍ ഇരിഞ്ഞു തിന്നുന്നു."

"തനിക്ക് അവനിട്ടൊരെണ്ണം കൊടുക്കാന്‍ മേലായിരുന്നോ?"

"ഞാനോടിച്ചെന്ന് അവന്‍റെ തലയില്‍ ഞൊട്ടി. ’എടാ പീക്കിരിച്ചെക്കാ, ഇതെന്‍റെ വാഴക്കുലയാണ്.’ ചെറുക്കന്‍ അമറിക്കരയാന്‍ തുടങ്ങി. ബഹളം കേട്ട് അവന്‍റെ അച്ഛനുമമ്മയുമെല്ലാം ടെറസിനു മുകളിലേക്ക് ഓടിവന്നു. അവര്‍ കാര്യം തിരക്കി. അടുത്ത വീട്ടിലെ ഞാന്‍ ആ ടെറസിലെത്തിയതിനെ ചോദ്യം ചെയ്തു. ആളെ വിളിച്ചു കൂട്ടി എന്നെ മര്‍ദ്ദിച്ചു പുറത്താക്കി. ഞാന്‍ നോക്കി നില്‍ക്കേ തങ്ങള്‍ പഴുപ്പിക്കാന്‍ വച്ചതാണെന്നും പറഞ്ഞ് എന്‍റെ വാഴക്കുല അവര്‍ അവരുടെ വീട്ടിലേക്ക് ചുമന്നു കൊണ്ടു പോയി. കഥാകാരാ, ഞാനതിലെ ഒരു പഴം പോലും തിന്നിരുന്നില്ല. ആ പഴുപ്പിന്‍റെ മണം പോലും ഞാന്‍ നുകര്‍ന്നിരുന്നില്ല."

"കഷ്ടം!"

"അതെ, ഈ സംഭവം എന്‍റെ മനസ്സിനെ വല്ലാതെ നീറ്റുകയാണ്."

"ശരി, എന്താണി കഥയി... ക്ഷമിക്കുക, സംഭവത്തിലെ ഗുണപാഠം? അന്യന്‍റെ മുതല്‍ മോഹിക്കരുത്?"

"ഈ സാഹിത്യകാരന്മാര്‍ ഒട്ടും ബുദ്ധിയില്ലാത്ത വെറും മണുങ്ങന്മാര്‍ തന്നെ. ഇതിലേത് അന്യന്‍ കഥാകാരാ? അന്യന്‍റെ മുതലേത്? സത്യത്തില്‍ അതാരുടെ മുതലാണ്? ആരുടെയെങ്കിലുമാണോ? ചിന്തിക്കൂ കഥാകാരാ."

"താനെന്നെ കണ്‍ഫ്യൂഷനാക്കുകയാണോ. പോട്ടെ, താന്‍ പിന്നീട് ആ വാഴ കണ്ടോ? അതവിടെത്തന്നെ ഉണ്ടോ? അതോ ഉണങ്ങിയോ വാടിയോ വീണു പോയോ? അതുമല്ലെങ്കില്‍ ആരെങ്കിലും അതിന്‍റെ പള്ളക്കു കീറി ഉണ്ണിക്കാമ്പു വെട്ടിയെടുത്ത് ഉപ്പേരിയുണ്ടാക്കി തിന്നു പോയോ?

"എനിക്കറിയില്ല, അന്വേഷിച്ചില്ല. തനിക്കു കഥ കിട്ടിയല്ലോ. ഇനി ഇതെഴുതിയാല്‍ കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചും ഓര്‍ക്കാമല്ലോ. എനിക്കുടനെ ഞാന്‍ കടം വാങ്ങിത്തിന്ന അരിയുടെ കാശ് കൊടുക്കേണ്ടതുണ്ട്. പുറമേ, തന്നെ വിളിച്ച ഈ ഫോണ്‍ ബില്ലും. പങ്കോ അവകാശമോ ചോദിക്കുകയല്ല, എന്നാലും ഈ കഥ ആരുടേതാണ്? തനിക്കെന്നെ ഒന്നു സഹായിച്ചു കൂടേ?"

"ആദ്യം, ഈ കഥ ആരുടേതെന്ന് ചോദിച്ചല്ലോ. നിന്‍റെ അനുഭവം, നിന്‍റെ ജീവിതം, നിന്‍റെ മോഷണം. വാക്കുകളും നിന്‍റേതു തന്നെ. പക്ഷേ, എഴുതിക്കഴിഞ്ഞാല്‍ കഥ എന്‍റേതാവും, നിയമപിന്തുണയടക്കം. അതുകൊണ്ട് ആ പങ്ക് ചോദിക്കേണ്ട.

പക്ഷേ, ഞാനൊരു കണ്ണില്‍ ചോരയില്ലാത്തവനല്ല. താന്‍ ഇന്നു തന്നെ എന്‍റെയടുത്തു വരിക. പണവും തരാം, ഭക്ഷണവും തരാം. എങ്കിലും നീ മോഷ്ടാവാണ്. എനിക്കല്പം ഭയമുണ്ട്. മോഷണവാസന ഇന്നത്തേത് തീര്‍ക്കാന്‍ ഞാനൊരു ഉപായം പറഞ്ഞു തരാം. അതുപോലൊരു കുല എന്‍റെ അടുത്ത വീട്ടിലെ പറമ്പിലും വിളഞ്ഞിട്ടുണ്ട്. എന്‍റെ പറമ്പിലല്ല, അവിടുള്ളത് ഞാന്‍ തടം കീറി നനച്ചു വലുതാക്കിയതാണ്. അപ്പുറത്തേത് താനേ വിളഞ്ഞ കുലയാ. അതും കൂടെ മോഷ്ടിച്ചു കൊണ്ടു വരൂ. പ്രിയ മോഷ്ടാവേ, നമുക്കൊരുമിച്ച് അതു പഴുപ്പിച്ചു തിന്നാം. ബാക്കിയുണ്ടെങ്കില്‍ അയല്‍പക്കക്കാര്‍ക്ക് വീതിക്കുകയുമാവാം."

Monday, December 15, 2008

ഇദ്ദാണ് ചേട്ടായീ സാമ്പാറ്...!

മൈസൂര്‍...

എന്‍റെ വേണ്ടാത്തീനങ്ങളുടെ വിരല്‍പ്പാടുകള്‍ ഇപ്പോഴും പേറുന്നുണ്ട്, ഇവിടത്തെ ഓരോ ബാറിലെയും മൂത്രപ്പുരകള്‍. വിശാലമായ സ്വാതന്ത്ര്യത്തിന്‍റെ പടിവാതില്‍ തള്ളിത്തുറന്ന് ഞാന്‍ വച്ച ഓരോ ചുവടും തിരിച്ചറിവുകളുടെ അടയാളങ്ങളായിരുന്നു. പുതിയ പുതിയ ബ്രാന്‍ഡുകള്‍, അളവുകള്‍, ആദ്യത്തെ ഓണ്‍ ദ റോക്സ്, കടിച്ചു തുറക്കുമ്പോള്‍ കവിളു കീറിത്തന്ന ബിയര്‍ ബോട്ടില്‍, മുലപ്പാലു വരെ പുറത്തെത്തിച്ച് ആമാശയം വൃത്തിയാക്കിത്തന്ന ഓസീയാറിന്‍റെ പരിശുദ്ധമായ എട്ടാം പെഗ്ഗ്....

ഓര്‍മ്മകള്‍ക്ക് നാടന്‍ വാറ്റിന്‍റെ നറുമണം...

ഒരു ദിവസം...

"ഹരിശ്രീ ഗണപതായേ നമ: അവിഘ്നമസ്തു..."

വെള്ളക്കടലാസില്‍ ഇത്രയും കുറിച്ച് വച്ച ശേഷം കുഞ്ഞച്ചന്‍ പേനയെടുത്ത് പോക്കറ്റില്‍ കുത്തി.

"ഇന്നത്തെ അജണ്ട, ശാസ്ത്രീയമായി ജൂനിയേഴ്സിനെ എങ്ങനെ റാഗ് ചെയ്യാം. എല്ലാരും അതിന്‍റെ പേരിലൊരു ചീയേഴ്സ് അടിച്ചേ."

"ചീയേഴ്സ്..."

ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി. കുഞ്ഞച്ചന്‍ ഒരു സിപ്പടിച്ച ശേഷം ഒരു സിഗരറ്റ് കൊളുത്തി.

"ഫസ്റ്റ് ഇയര്‍ പിള്ളേരൊക്കെ സാമാന്യം സംഘടിതശക്തികളായി വലര്‍ന്നു കഴിഞ്ഞു. ഭിന്നിപ്പിച്ചു കാര്യം കാണുക എന്ന ഭരണതന്ത്രം പ്രയോഗിക്കേണ്ട സമയമായിരിക്കുന്നു."

"ഇനി റാഗിങ്ങൊന്നും നടപ്പില്ലളിയാ!"

ബേസിക്ക് എന്ന ബേസിക്കലി ഒറ്റ വലിക്കു ഗ്ലാസ്സു കാലിയാക്കി.

"കുട്ട്യാളൊക്കെ ഇപ്പോ ഞമ്മളെ തട്ടുമ്പൊറത്തു കേറീങ്ങാണ്ടല്ലേ കളി. പ്രിന്‍സി പോലീസുമൊറ എടുത്തും തുടങ്ങി."

വര്‍ക്കിച്ചന്‍ ക്രുദ്ധനായി ബേസിക്കിനെ നോക്കി. അബ്ദുല്‍ അലി എന്ന അലിയെ ബേസിക്കാക്കി മാറ്റിയത് വര്‍ക്കിച്ചന്‍റെ കുശാഗ്രബുദ്ധിയാണ്. ഒരനുബന്ധമായി ആ കഥയിലേക്കൊന്നു കണ്ണോടിക്കാം. പേരുമായി യാതോരു സംബന്ധവുമില്ലാത്ത വട്ടപ്പേരു വീണ കഥ.

സെക്കന്‍റ് ഇയറില്‍ ലീഗല്‍ ഹിസ്റ്ററി പഠിപ്പിക്കുന്ന മഹാദേവസ്വാമി സാറിന്‍റെ ഒരു വീക്ക്‍നെസ്സില്‍ തൂങ്ങിയാണ് സംഭവത്തിന്‍റെ തുടക്കം. ഇംഗ്ലീഷിലെ തന്‍റെ അഗാധപാണ്ഡിത്യം പ്രകടിപ്പിക്കാനായി മഹാദേവസ്വാമിസാര്‍ കാണിക്കുന്ന ഒരു നമ്പറുണ്ട്. ഉപയോഗിക്കുന്ന വാചകങ്ങളുടെയെല്ലാം ഇടയില്‍ പുള്ളി ചുമ്മാ, ’ആക്‍ച്വലി, പര്‍ട്ടിക്കുലര്‍ലി, അള്‍ട്ടിമേറ്റ്‍ലി, ബേസിക്കലി, കണ്‍സെപ്‍ച്വലി’ എന്നീ വാക്കുകള്‍ തിരുകിക്കയറ്റും.

ഫോര്‍ എക്സാംപിള്‍,

"ദ ബ്രിട്ടീഷ് ഗവണ്മന്‍റ് ഇനാക്‍റ്റഡ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ് ഇന്‍ 1863" എന്ന വാചകം മഹാദേവസ്വാമിസാര്‍ പറയുമ്പോള്‍

"ആക്‍ച്വലി സ്പീക്കിങ്, ദ ബ്രിട്ടീഷ് ഗവണ്മന്‍റ് കണ്‍സെപ്‍ച്വലി ഇനാക്‍റ്റഡ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ് അള്‍ട്ടിമേറ്റ്‍ലി ഇന്‍ 1863" എന്നായിരിക്കും.

ഈ ആക്‍ച്വലി-പര്‍ട്ടിക്കുലര്‍ലികളെ വര്‍ഗ്ഗം തിരിച്ച് എണ്ണം പിടിക്കലാണ് ക്ലാസ്സില്‍ ഞങ്ങളുടെ പ്രധാന ഹോബി. ഇന്നു വരെയുള്ള ഏറ്റവും വലിയ റെക്കോഡ് എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍, മുപ്പത്തിയേഴ് ആക്‍ച്വലികളാണ്. മിക്കവാറും എല്ലാ പിള്ളേരുടെയും ടൈംപാസ്സ് നോട്ടുബുക്കില്‍ കൂടുതലും കാണുന്നത് ഈ ’ലി’ വാക്കുകളും അവയുടെ എണ്ണവുമാണ്.

അലി ക്ലാസ്സില്‍ കയറാന്‍ പൊതുവേ മടിയനാണ്. കയറിയാല്‍, പക്ഷേ, അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാതോരു ഉപദ്രവവുമുണ്ടാക്കില്ല. സ്വസ്ഥമായി ഒരു മൂലക്കിരുന്ന്, കയ്യും മടക്കി ഡെസ്കില്‍ തല ചായ്‍ച്ച് ഉറങ്ങിക്കോളൂം.

ഒരു ദിവസം അലി മഹാദേവസ്വാമി സാറിന്‍റെ ക്ലാസ്സില്‍ കയറി.

സാറ് തകര്‍ത്തു പഠിപ്പിക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അലി തകര്‍ന്നു വീണുറങ്ങാനും തുടങ്ങി. ഉറക്കം ഏതാണ്ട് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോളാണ് അതു സംഭവിച്ചത്.

വര്‍ക്കിച്ചന്‍ അലിയെ തട്ടിയുണര്‍ത്തി.

"എടാ, സാറ് നിന്നെ വിളിക്കുന്നു."

അലി ഞെട്ടിയെണീറ്റു സാറിനെ നോക്കി. സാര്‍ ബേസിക്കലി, കണ്‍സെപ്‍ച്വലി, പര്‍ട്ടിക്കുലര്‍ലി എന്നൊക്കെ തകര്‍ത്തു പറയുന്നുണ്ട്. പക്ഷേ, നല്ല ഉറക്കച്ചടവില്‍ ആ പറയുന്നതിലെയെല്ലാം ’ലി’ എന്ന ശബ്ദം മാത്രമേ നമ്മുടെ അലി കേള്‍ക്കുന്നുള്ളു. അതോടെ വിളിച്ചത് തന്നെത്തന്നെയെന്നുറപ്പിച്ച് അലി എഴുന്നേറ്റു നിന്നു.

ബോര്‍ഡില്‍ എന്തോ എഴുതിക്കൊണ്ട് ’ബേസിക്കലി’ എന്നും പറഞ്ഞ് സാറ് തിരിഞ്ഞു നോക്കുമ്പോള്‍ അലി എഴുന്നേറ്റു നില്‍ക്കുന്നു.

"വാട്ടലി?"

സാര്‍ അദ്ഭുതത്തോടെ ചോദിച്ചു. തന്നോട് ബോര്‍ഡില്‍ എഴുതിയ എന്തോ എക്സ്‍പ്ലെയിന്‍ ചെയ്യാനാണ് സാറ് പറഞ്ഞതെന്നു കരുതി അലി വിറച്ചു തുടങ്ങി. തൊണ്ടയിലൂടെ ഉമിനീരൊലിക്കുന്ന ശബ്ദം താന്‍ കേട്ടെന്ന് വര്‍ക്കിച്ചന്‍റെ അവകാശവാദം.

അലി ദയനീയമായി വരാ‍ക്കിച്ചനെ നോക്കി. വര്‍ക്കിച്ചന്‍ പതിയെ തന്‍റെ നോട്ടൂബുക്കെടുത്ത് ഒരു പേജിലേക്ക് വിരല്‍ ചൂണ്ടി.

"വാട്ടലി?"

സാറ് വീണ്ടും ചോദിച്ചു. ഉറക്കം ഇനിയും പൂര്‍ണ്ണമായി തെളിഞ്ഞിട്ടില്ലാത്ത അലി ഉത്തരമാണെന്നു കരുതി വര്‍ക്കിച്ചന്‍ ചൂണ്ടിക്കാണിച്ച സംഗതി കൂട്ടി വായിച്ചു.

"ആക്ऽച്വലി - സെവന്‍റീന്‍, ബേസിക്കലി - ട്വന്‍റി വണ്‍, അള്‍ട്ടിമേറ്റ്‍ലി - ത്രീ, പര്‍ട്ടിക്കുലര്‍ലി - ഇലവണ്‍...."

അതു വര്‍ക്കിച്ചന്‍റെ അന്നത്തെ കണക്കെടുപ്പായിരുന്നെന്ന് അലിക്കപ്പോഴാണ് ബോദ്ധ്യം വന്നത്. വിറച്ചു കൊണ്ട് അലി മുഖമുയര്‍ത്തി നോക്കി.

സ്വതവേ കറുത്തിരുണ്ട മഹാദേവസ്വാമി സാറിന്‍റെ മുഖത്തൊരു രക്തക്കടലിരമ്പുന്നു. മീശത്തുമ്പു വിറക്കുന്നു. ഇടതു കൈ ഡസ്റ്ററിന്‍റെ മാനം പിച്ചിച്ചീന്തുന്നു. ചോക്കുകഷണം ഇപ്പോള്‍ പറന്നു കളയും എന്ന ഭാവത്തില്‍ വിരലുകള്‍ക്കിടയിലിരുന്നു പുളയുന്നു....

"ഗെറ്റൌട്ടലി...!!!!!!"

ഇത്രയും ഉച്ചത്തിലുള്ള ഗെറ്റൌട്ട് ആദ്യമായാണ് ആ ക്ലാസ്സിലെ ചുമരുകള്‍ കേള്‍ക്കുന്നത്. അതു കൊണ്ടു തന്നെ അവ നല്ല പ്രതിധ്വനി മുഴക്കി. തമാശ കണ്ട് ഇത്രയും നേരം ആസ്വദിച്ചു ചിരിച്ചുകൊണ്ടിരുന്ന വര്‍ക്കിച്ചന്‍ വരെ നടുങ്ങി തല താഴ്‍ത്തി. അലി മുന്‍പിന്‍ നോക്കാതെ പുറത്തേക്കോടി.

അന്നു മുതല്‍ അലി ബേസിക്കലിയായി. അതിലെ അലി വീണ്ടും ലോപിച്ച് ബേസിക്കായി.

അപ്പോള്‍ പറഞ്ഞു കൊണ്ടിരുന്നത്, നമ്മുടെ ചര്‍ച്ചയുടെ കാര്യം. റാഗിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ച. ഗ്ലാസ്സുകളും കുപ്പികളും നിരന്തരം കാലിയായിക്കൊണ്ടിരുന്നു എന്നല്ലാതെ ചര്‍ച്ച എവിടെയും എത്തി നില്‍ക്കുന്നില്ല.

"ദേഹോപദ്രവം പൂര്‍ണ്ണമായും നിര്‍ത്തണം. പോലീസുകേസ് ആയാല്‍ വലിയ പുലിവാലാ."

കുഞ്ഞച്ചന്‍ ഇതും പറഞ്ഞ് വര്‍ക്കിച്ചനെ നോക്കി. കുഞ്ഞച്ചന്‍ മാത്രമല്ല, എല്ലാവരും വര്‍ക്കിച്ചനെ നോക്കി. വെറുതെ നോക്കിയതല്ല, നോട്ടത്തില്‍ കാര്യമുണ്ട്. പണ്ടോരു കേസില്‍ പുലിവാലല്ല, ശിമ്മന്‍ സിംഹവാലു തന്നെ പിടിച്ചവനാണ് വര്‍ക്കിച്ചന്‍. ആ കഥ കൂടെ പറഞ്ഞെങ്കിലേ ഈ കഥ പൂര്‍ണ്ണമാവുകയുള്ളൂ.

കഴിഞ്ഞ വര്‍ഷത്തെ പുതുക്കപ്പിള്ളേര്‍ കോളേജില്‍ ചേര്‍ന്ന സമയം. ഇന്നത്തെപ്പോലെയല്ല. റാഗിങ്ങിനു മുമ്പ് വലിയ പ്രിക്കോഷനൊന്നും ആരും എടുക്കാറുണ്ടായിരുന്നില്ല. ഫ്രെഷേര്‍സിനിടയിലെ ജഗജില്ലികള്‍ പോലും ഞങ്ങളെക്കണ്ട് മുട്ടിടിച്ചു നടന്നിരുന്ന കാലം.

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആകപ്പാടെ മീശയുള്ള ഒറ്റയൊരുത്തനാണ് കിണ്ണന്‍ എന്നു വിളിക്കപ്പെടുന്ന കൃഷ്ണകുമാര്‍. സീനിയേഴ്സായ ഞങ്ങള്‍ക്കു പോലും മീശയില്ല. ഫസ്റ്റ് ഇയറിലെ പൊടിച്ചെക്കന് മീശയോ. വര്‍ക്കിച്ചന് അതു വലിയ അപമാനമായിത്തോന്നി. വര്‍ക്കിച്ചനു മാത്രമല്ല, ഞങ്ങള്‍ക്കെലാവര്‍ക്കും. പോരാത്തതിന് ഞങ്ങള്‍ സ്വന്തമെന്നു കരുതി അഹങ്കരിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ വരെ കിണ്ണനെന്ന മലയാളിയുടെ മീശയെക്കുറിച്ച് കണ്ട കന്നഡക്കാരികളോടും ബംഗാളിപ്പെണ്ണുങ്ങളോടും എന്തിന്, കെനിയാക്കാരിയായ ജാക്വിലിനോടൂം (ഈ ജാക്വിലിനെ ഞാനൊന്നു ട്യൂണ്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്, കഥ പിന്നെ പറയാം) വരെ അഭിമാനപുരസ്സരം സംസാരിക്കുന്നു. ഞങ്ങള്‍ക്കും അഭിമാനമില്ലേ!

വര്‍ക്കിച്ചന് ഞങ്ങളുടെ ക്ലാസ്സിലെ പ്രിയങ്കയോട് ഒരു പ്രത്യേക സ്നേഹമാണ്. പുറത്തു കാണിക്കാന്‍ പേടിയാണെങ്കിലും അവന്‍റെ നോട്ടുബുക്കില്‍ ഒന്നു രണ്ടു കവിതകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്.

"പ്രിയേ പ്രിയമങ്കേ...
കൃസ്തുമസ്സ് രാവില്‍
പുല്‍ക്കൂട്ടില്‍ വിരിയുന്ന
മന്ദാരപുഷ്പമേ, പ്രിയമങ്കേ..."

എന്ന മാന്യമഹാകവി വര്‍ക്കിച്ചന്‍റെ കവിതയിലെ പ്രിയമങ്ക ആരാണെന്ന് ഞങ്ങള്‍ക്കറിയാം. ആ പ്രിയങ്കക്കു വരെ കിണ്ണന്‍റെ മീശയോട് ആരാധന. സഹിക്കാന്‍ കഴിയുമോ?

"അല്ല, ഒരു മീശയുണ്ടെന്നു കരുതി, അതൊക്കെ വലിയ കാര്യമാണോ?"

രോമമില്ലാത്ത മീശ ചൊറിഞ്ഞു കൊണ്ട് വര്‍ക്കിച്ചന്‍ പ്രിയങ്കയോടു ചോദിച്ചു.

"നിങ്ങള്‍ക്കൊക്കെ നല്ല മുടിയുള്ള പെണ്‍പിള്ളാരോട് പ്രത്യേക ആരാധന തോന്നാറില്ലേ? അതൊക്കെത്തന്നെ."

ഹെന്ത്! തങ്ങള്‍ക്ക് മുടിയുള്ള പെണ്‍കുട്ടികളോട് തോന്നുന്ന അതേ തോന്നലാണോ പ്രിയങ്കക്ക് മീശയുള്ള കിണ്ണനോട് തോന്നുന്നത്! വര്‍ക്കിച്ചന്‍ ആകെ അപമാനിതനായി എന്നു പറയേണ്ടതില്ലല്ലോ. സ്വന്തമായി ഒരു മീശ വെക്കണമെന്നു മാത്രമല്ല, കിണ്ണന്‍റേതു വടിപ്പിക്കണമെന്നു കൂടെ അന്നു രാത്രി മൂന്നാമത്തെ പെഗ്ഗില്‍ വര്‍ക്കിച്ചന്‍ ദൃഢപ്രതിജ്ഞ ചെയ്തു.

പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ നേരം. ഞങ്ങളെല്ലാവരും വര്‍ക്കിച്ചന്‍റെ നേതൃത്വത്തില്‍ പുറത്ത് ബൈക്കും ചാരി കാത്തു നിന്നു. കോറിഡോറു കടന്ന്, ഡോണ, വൃന്ദ, സബീന, ലതിക എന്നീ നാലു സുന്ദരിമാരുടെ അകമ്പടിയോടെ കിണ്ണന്‍ നടന്നു വരുന്നു. വര്‍ക്കിച്ചന്‍ ഇല്ലാത്ത മീശ പിരിച്ചു. പെണ്‍കുട്ടികള്‍ നാലും തിരിഞ്ഞു നടന്ന് ഹോസ്റ്റലില്‍ കയറി. കിണ്ണന്‍ പുറത്തേക്കിറങ്ങി വന്നു, ഞങ്ങളെ വക വക്കാതെ നടന്നു നീങ്ങി.

"ഡാ..."

വര്‍ക്കിച്ചന്‍ വിളിച്ചു. കിണ്ണന്‍ തിരിഞ്ഞു നോക്കി.

"ചേട്ടന്മാരെയൊക്കെ കണ്ടാല്‍ ഒരു ഗുഡ്മോണിംഗ് പറഞ്ഞൂടേടാ?"

"ഗുഡ്മോണിംഗ് ചേട്ടായിമാരേ."

അവന്‍ വിനീതവിധേയനായി.

"ഈ മീശ നിനക്ക് ജനിച്ചപ്പോളേ ഉള്ളതാണോടാ?"

കുഞ്ഞച്ചന്‍ കിണ്ണന്‍റെ മീശയൊന്നു തൊട്ടു തലോടി.

"അ... അല്ല..."

"എന്നാല്‍ നാളെ വടിച്ചോണ്ടു വന്നോണം. പിന്നെ കോളേജു വിടും വരെ വക്കാമ്പാടില്ല." വര്‍ക്കിച്ചന്‍.

കിണ്ണന്‍ ഒന്നും മിണ്ടിയില്ല. "പറഞ്ഞതു കേട്ടില്ലേടാ?"

കുഞ്ഞച്ചന്‍റെ ഒച്ച പൊങ്ങി.

"ങും... ങും..."

"ഉം... എന്നാ പൊക്കോ..."

കിണ്ണന്‍ നടന്നകന്നു.

പിറ്റേന്നു രാവിലെ കിണ്ണന്‍റെ മീശയില്ലാത്ത മുഖം പ്രിയങ്കയടക്കമുള്ള പെണ്‍കുട്ടികള്‍ കണ്ടു മൂക്കത്തു വിരല്‍ വച്ചേക്കാവുന്ന സീന്‍ മനസ്സിലോര്‍ത്ത് സന്തോഷിച്ച വര്‍ക്കിച്ചന്‍റെ വക ഫ്രീയായിരുന്നു എല്ലാവര്‍ക്കും അന്നു രാത്രിയിലെ പെഗ്ഗുകള്‍.

രാവിലെ. കത്തി വച്ചു നില്‍ക്കുന്ന വര്‍ക്കിച്ചനെ കുഞ്ഞച്ചന്‍ തോണ്ടി വിളിച്ചു.

"ദോണ്ടെ വര്‍ക്കിച്ചാ, അവന്‍ വരുന്നു. വടിച്ചിട്ടില്ല!"

"ങേ!!!!!"

വര്‍ക്കിച്ചന്‍ എട്ടു ദിക്കും പൊട്ടുമാറ് ഞെട്ടി. കണ്ണു തുറിച്ചു നോക്കി. ഇല്ല, വടിച്ചിട്ടില്ല.

"ഡാ.........യ്.......!!!!!!"

തമിഴ് സിനിമയിലെ വില്ലന്മാരെ വെല്ലുന്ന വിധത്തില്‍ അലറിക്കൊണ്ട് വര്‍ക്കിച്ചന്‍ കിണ്ണന്‍റെയടുത്തേക്കു ചെന്നു. കിണ്ണന്‍ നിന്നു വിറച്ചു.

"ചേട്ടായീ.... ഞാ... ഞാന്‍..."

വര്‍ക്കിച്ചന്‍ നിന്നു ചുകന്നു വിറച്ചു.

"കള്ള മൈ.....#%*!&@.... മുട്ടുകാലു ഞാന്‍ കേറ്റും, വടിച്ചോണ്ടു വാടാ...." അലറല്‍.

കിണ്ണനു പക്ഷേ, മീശ അഭിമാനപ്രശ്നമായിരുന്നു. എങ്കിലും അവന്‍ തിരിച്ചു നടന്നു.

"തിരിച്ചു വരുമ്പോ മീശയെങ്ങാനും കണ്ടാല്‍.... മൈ.....മോനേ, കണ്ടിച്ച് കുക്കരള്ളി കായലിലിടും ഞാന്‍, മീശയല്ല, നിന്നെ. കേട്ടോടാ..."

വര്‍ക്കിച്ചന്‍ ഉണ്ടക്കണ്ണുരുട്ടി.

സമയം മെല്ലെ നീങ്ങി. ഉച്ചയാകാറായി കിണ്ണനെ കാണാനില്ല. അപ്പോഴേക്കും അബു ഓടി വന്നു.

"എടാ വര്‍ക്കിച്ചാ, നീയാ കിണ്ണനെ റാഗുയ് ചെയ്തോ?"

"ങാ... ഞാനൊന്നു വിരട്ടി. എന്തേ? പാടില്ലേ?"

"അവന്‍ നേരെ അവന്‍റൊരു ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍റടുത്തോട്ടാ പോയത്. അയാളു പ്രിന്‍സിയെ വിളിച്ചു. സംഗതി പ്രശ്നമായിട്ടൊണ്ട്. പ്രിന്‍സി പോലീസില്‍ കംപ്ലയിന്‍റ് ചെയ്തോളാന്‍ പറഞ്ഞു."

അതോടെ വര്‍ക്കിച്ചന്‍റെ മസിലുകള്‍ മൊത്തം ലൂസായി.

"എടാ, ഞാന്‍ റാഗൊന്നും ചെയ്തിട്ടില്ല, തൊട്ടു പോലുമില്ല. ഞാനങ്ങനൊക്കെ ചെയ്യുവോ? അവന്‍ ചുമ്മാ.... ശ്ശെ...!"

"സംഗതി സീരിയസ്സായല്ലോ." കുഞ്ഞച്ചന്‍ ഇടപെട്ടു.

"വരാ‍ക്കിച്ചാ, നീ ഒരു കാര്യം ചെയ്യ്. വേഗം ചെന്ന് ക്ലാസ്സില്‍ കയറ്. ഇറങ്ങണ്ട. ക്ലാസ്സിനകത്തു നിന്ന് പോലീസിന് നിന്നെ പിടിക്കാമ്പാടില്ല."

കേട്ട പാതി വര്‍ക്കിച്ചന്‍ അകത്തേക്കോടി. പക്ഷേ, പ്രിന്‍സിപ്പാളിന് പിള്ളാരെക്കാള്‍ ബുദ്ധി കൂടുതലായിരിക്കണമല്ലോ. അല്ലെങ്കിലെന്തു പ്രിന്‍സി? വര്‍ക്കിച്ചനെത്തും മുമ്പേ ’വര്‍ഗ്ഗീസ് തോമസ് എന്നയാളെ ക്ലാസ്സില്‍ കയറ്റിപ്പോകരുത്’ എന്ന ഓര്‍ഡര്‍ ക്ലാസ്സ് റൂമിലെത്തിയിരുന്നു. പോയ അതേ സ്പീഡില്‍ വര്‍ക്കിച്ചന്‍ തിരിച്ചെത്തി.

"ഇനീപ്പോ..."

പറഞ്ഞു തീര്‍ന്നതും ഒരു പോലീസ് ജീപ്പ് അമറിക്കൊണ്ട് ഞങ്ങള്‍ക്കു മുമ്പില്‍ വന്നു നിന്നു.

"യാരു വറുഗീസ് താമസ്?"

"ദോ, ഇവന്‍..."

കുഞ്ഞച്ചന്‍റെ കൈ അറിയാതെ വര്‍ക്കിച്ചനെ ചൂണ്ടി.

നിമിഷങ്ങള്‍ക്കുള്ളില്‍ ചില അമിട്ടു പൊട്ടലുകളുടെയും നിലവിളികളുടെയും അകമ്പടിയോടെ വര്‍ക്കിച്ചനെയും കൊണ്ട് ജീപ്പ് പറക്കുന്നതാണ് കണ്ണു തുറന്ന ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്.

പ്രജ്ഞയറ്റു നിന്ന ഞങ്ങള്‍ക്ക് പെട്ടെന്ന് ബോധം തെളിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ രാമണ്ണയുടെ കോയിന്‍ ബൂത്തിലെ ചില്ലറപ്പെട്ടി നിറഞ്ഞു, ഒഴിഞ്ഞു, വീണ്ടും നിറഞ്ഞു. അഡ്വക്കറ്റ് രാമകൃഷ്ണന്‍, ലോക്കല്‍ ഗുണ്ട മഞ്ജുനാഥ്, പോലീസ് സ്റ്റേഷനടുത്തുള്ള പെട്ടിക്കടക്കാരന്‍ രാജു തുടങ്ങി ദേവഗൌഡയുടെ പൊന്നോമനയായ സിദ്ധഗുണ്ടപ്പ വരെ വിളികള്‍ നീണ്ടു. ഞങ്ങളുടെ നെറ്റ്‍വര്‍ക്ക് ബലത്തില്‍ പോലീസ് സ്റ്റേഷന്‍ നിന്നു കുലുങ്ങി.

ഉടനടി കോംപ്രമൈസ് മീറ്റിംഗിന് സി ഐക്ക് ഓര്‍ഡര്‍. സി ഐ വിളിപ്പിക്കുന്നു. വൈകിട്ടത്തോടെ വാദി, വാദിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍, പ്രതി, സാക്ഷികള്‍, ഇടനിലക്കാര്‍, വക്കീല്‍ തുടങ്ങി ഞാനടക്കം പതിനേഴു പേര്‍ പോലീസ് സ്റ്റേഷനില്‍.

ഞാന്‍ മെല്ലെ പാളി നോക്കി. സി ഐയുടെ റൂമില്‍ രാമകൃഷ്ണന്‍ വക്കീലും സിദ്ധഗുണ്ടപ്പയും ഇരിക്കുന്ന. വര്‍ക്കിച്ചന്‍ രണ്ടു കയ്യും കെട്ടി, മുപ്പത്തേഴു ഡിഗ്രി വളഞ്ഞ് വിനീതവിധേയനായി നില്‍ക്കുന്നു. എന്തൊരു പാവം. ഇവനോ റാഗ് ചെയ്ത ക്രൂരന്‍ എന്നൊക്കെ സി ഐക്കു വരെ തോന്നിപ്പോവും.

സി ഐ ഞങ്ങളെയൊക്കെ വിളിപ്പിച്ചു. ഞങ്ങള്‍ മസിലു വിരിച്ചു കൊണ്ടകത്തേക്കു കയറി. സി ഐയുടെ സീറ്റിലേക്കു നോക്കി. ഞെട്ടി!

പഴയ എസ് ഐ പുട്ടബസവപ്പ! പുതിയ സി ഐ പുട്ടബസവപ്പ!!

ഞാന്‍ ഞെട്ടി ഞെട്ടറ്റു. പണ്ട് മര്യാദരാമന്മാരായി ജീവിക്കാന്‍ വാണിംഗ് മേടിച്ചതാണ്. പിന്നീട് ആ തിരുമുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ധൈര്യമുണ്ടായിട്ടില്ല. ഞാന്‍ തിരക്കിനിടയിലൂടെ നട്ടെല്ലു നന്നായി വളച്ച്, വികൃതരൂപിയായി കുനിഞ്ഞു വലിഞ്ഞു. ഇടത്തോട്ടു ചരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ഞച്ചനും മൂന്നരയടിയായി വലിയുന്നു, അപ്പുറത്ത് അബുവും. സ്റ്റേഷന്‍റെ പുറത്തെത്തിയപ്പോളാണ് ഞങ്ങള്‍ക്ക് സമാധാനമായത്. ഞങ്ങളെക്കണ്ടാല്‍ സമാധാനചര്‍ച്ച ഒട്ടും സമാധാനപരമാകില്ലെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.

അകത്തു നടന്ന കോംപ്രമൈസ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വാമൊഴിയായി പകര്‍ന്നു കിട്ടിയ അറിവേ എനിക്കുള്ളൂ. അതേതാണ്ടിങ്ങനെ.

സി ഐ: ഇവന്‍ നിന്നെ റാഗ് ചെയ്തോടാ?
കിണ്ണന്‍: യെസ് സാര്‍.
സി ഐ: ഹൌ ഡിഡ് ഹീ റാഗ് യൂ?
കിണ്ണന്‍: അവന്‍ കണ്ണുരുട്ടി പേടിപ്പിച്ചു.
സി ഐ: മീന്‍സ്?
കിണ്ണന്‍: റോ... റോ... റോള്‍ഡ് ഹിസ് ഐസ്...
സി ഐ: മിസ്റ്റര്‍ വറുഗീസ് തോമസ്, വൈ ഡിഡ് യൂ ഡൂ ദാറ്റ്?
വര്‍ക്കി: ചു... ചുമ്മാ.
സി ഐ: ഹൌ?

(വര്‍ക്കി കണ്ണൂരുട്ടിക്കാണിച്ചു കൊടുത്തു. അതു കണ്ടു സി ഐ വരെ വിരണ്ടു പോയെന്നാണ് വര്‍ക്കി പറയുന്നത്.)

സി ഐ: ദിസ് ഈസ് നോട്ട് ആന്‍ ഒഫന്‍സ് അണ്ടര്‍ ഐ പി സി. എനിതിങ് എല്‍സ് ജെന്‍റില്‍മാന്‍?
കിണ്ണന്‍: ഹീ കോള്‍ഡ് മീ മൈ....
അമ്മാവന്‍: അതിന് ഡീഫാമേഷനു കേസെടുക്കണം സര്‍.
സി ഐ: മൈ...? വാട്ട് ഈസ് ദാറ്റ്? മീനിങ്ങ്?

(കിണ്ണന്‍ പകച്ച് ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവനെ നോക്കി.)

അമ്മാവന്‍: (അലറിക്കൊണ്ട്) അങ്ങോട്ടു പറഞ്ഞു കൊടുക്കെടാ...
കിണ്ണന്‍: (മടിച്ചു മടിച്ച്, വിറച്ച്) പ്യു.... പ്യുബിക് ഹെയര്‍.
സി ഐ: (ചിരിക്കുന്നു) പ്യുബിക് ഹെയര്‍. ഡൂ യൂ ഹാവ് പ്യുബിക് ഹെയര്‍ മിസ്റ്റര്‍ കൃഷ്ണകുമാര്‍?
കിണ്ണന്‍: (മിണ്ടുന്നില്ല)
സി ഐ: മിസ്റ്റര്‍ വറുഗീസ് തോമസ്, ഡൂ യൂ ഹാവ് പ്യുബിക് ഹെയര്‍?
വര്‍ക്കി: (താഴ്മയോടെ) യെസ് സാര്‍.
സി ഐ: (കോണ്‍സ്റ്റബിളിനെ നോക്കി) ലോ രമേശാ, നിനഗിദ്ദിയേനോ പ്യുബിക് ഹെയറു?
കോണ്‍സ്റ്റ: (നാണത്തോടെ) ഹവുദു സാര്‍, നനഗിദ്ദെ.
സി ഐ: സീ മിസ്റ്റര്‍ കൃഷ്ണകുമാര്‍, എവരിബഡി ഹാസ് പ്യുബിക് ഹെയര്‍. വാട്ടീസ് റോങ് ഇന്‍ ദാറ്റ്? ദിസ് ഈസ് എ കോമണ്‍ ഫാക്ട് യൂ നോ?

അതോടെ വാശിപ്പുറത്തു നിന്നിരുന്ന കിണ്ണന്‍റെ ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍ വരെ പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പിറ്റേന്നു കിണ്ണന്‍ മീശ വടിച്ചെത്തിയതിനു കാരണം, കടുത്ത മോഹന്‍ലാല്‍ ഫാനായ അവന്‍ ലാലേട്ടന്‍ പുതിയ സിനിമയില്‍ വടിച്ചതിനെ അനുകരിച്ചതു കൊണ്ടു മാത്രമാണെന്നും സ്ഥീരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നമുക്കിനി തിരിച്ചു ചര്‍ച്ചയിലേക്കു വരാം.

ഏതാണ്ട് മുകളില്‍ പറഞ്ഞ അനുഭവങ്ങളുടെ പിന്‍ബലമുള്ളതു കൊണ്ടും മനസ്സില്‍ ഇളമുറക്കാരോട് അകൈതവമായ സ്നേഹം ഒളിപ്പിച്ചു വച്ചിരിക്കുന്നതു കൊണ്ടും റാഗിങ്ങിനെ ആരും പിന്തുണക്കുന്നില്ല. ഒടുക്കം കുഞ്ഞച്ചന്‍ ഒരു സമവായ നിര്‍ദ്ദേശം മുന്നോട്ടു വച്ചു.

"നമുക്കു ജൂനിയേഴ്സിനോടു സ്നേഹത്തോടെ പെരുമാറാം."

വര്‍ക്കിച്ചന്‍ കണ്ണുരുട്ടി. ഞാന്‍ സന്ദേഹത്തോടെ മൊട്ടത്തല തടവി. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നമുക്കവരെ നമ്മുടെ കൂടെ താമസിപ്പിക്കാം. സ്നേഹത്തോടെ വച്ചു വിളമ്പാം, പാട്ടു പാടി കേള്‍പ്പിക്കാം, ഇക്കിളിയിട്ടു ചിരിപ്പിക്കാം, ഒരുമിച്ചിരുന്നു വെള്ളമടിക്കാം..."

"തന്നത്താന്‍ ചെയ്തോണ്ടാ മതി."

വര്‍ക്കിച്ചന്‍ ഇടക്കു കേറി.

"മുഴുവനാക്കട്ടെടാ."

കുഞ്ഞച്ചന്‍ തുടര്‍ന്നു.

"എന്നിട്ട് മാസാവസാനം പറ്റുകടയിലേയും വാടകയുടെയും കള്ളുഷാപ്പിലെയുമൊക്കെ കണക്കു തീര്‍ക്കുമ്ഫോള്‍ അന്തസ്സായി കള്ളക്കണക്കുണ്ടാക്കി നല്ലൊരു തുക അവരുടെ പിടലിക്കിടാം. മനസ്സമാധാനം, കേസുകെട്ടില്ല."

കൊള്ളാം! ആ രാത്രിയിലെ പെഗ്ഗുകള്‍ കുഞ്ഞച്ചന്‍റെ ബുദ്ധിയെ പ്രശംസിച്ചു മരിച്ചു. ആദ്യമായി റൂമില്‍ കയറ്റാന്‍ കിണ്ണനു തന്നെ നറുക്കു വീണു. സൌകര്യപ്രദമായ ഒരു താമസസ്ഥലം അവന്‍ അന്വേഷിച്ചു നടക്കുന്ന സമയമായതു കൊണ്ടു മാത്രം അവന്‍ സമ്മതിച്ചു.

"ചേട്ടായിമാരേ, നിങ്ങളുടെ റാഗിങ്ങ് തമാശയാണെന്ന് മനസ്സിലാക്കാതെ ഞാന്‍ വിഡ്ഢിത്തം കാണിച്ചു. എന്നോടു ക്ഷമിക്കണേ..."

ആദ്യ ദിവസം തന്നെ കിണ്ണന്‍ എല്ലാവരുടെയും കാലു പിടിച്ചു. വര്‍ക്കിച്ചന്‍ അവനെ കെട്ടിപ്പിടിച്ചു.

"സാരമില്ലെടാ" എന്നുറക്കെ പറഞ്ഞു.

"മാസം അവസാനമായിക്കോട്ടെടാ" എന്ന് മനസ്സിലും പറഞ്ഞു.

പക്ഷേ, സംഘര്‍ഷമില്ലാത്ത അവസ്ഥ എത്ര നാള്‍ നിലനില്‍ക്കും?

കിണ്ണന്‍ വന്നു കേറി നാലാം ദിവസം കുക്കിംഗ് ഡ്യൂട്ടി വര്‍ക്കിച്ചനായിരുന്നു. സ്വന്തം ക്ലാസ്സ്‍മേറ്റ്‍സിന്‍റെ കൂടെ തരക്കേടില്ലാതെ മിനുങ്ങിയ ശേഷമാണ് അന്ന് വൈകിട്ട് കിണ്ണന്‍ റൂമിലേക്കു വന്നത്. വന്ന പാടെ വര്‍ക്കിച്ചന്‍ സ്നേഹാദരങ്ങളോടെ അവനെ എതിരേറ്റു.

"വാടാ, ചോറും നല്ല സാമ്പാറുമുണ്ട്. എടുത്തടിച്ച് മലര്‍ന്ന് സൈഡായിക്കോ."

"താങ്ക്സ് ചേട്ടായീ."

കിണ്ണന്‍ സന്തോഷത്തോടെ പ്ലേറ്റെടുത്ത് ഒരു പിടി ചോറു വാരിയിട്ടു. രണ്ടു കരണ്ടി സാമ്പാറു കോരിയൊഴിച്ചു. കുഴച്ച് ആദ്യത്തെ പിടി വായിലേക്കിട്ടു.

വര്‍ക്കിച്ചന്‍ കിണ്ണന്‍റെ വായിലേക്കു നോക്കിയിരിക്കുകയാണ്. ’കിടിലന്‍, സൂപ്പര്‍, അടിപൊളി, കിണ്ണംകാച്ചി’ എന്നിങ്ങനെയുള്ള കമന്‍റുകള്‍ പ്രതീക്ഷിച്ചിരുന്ന വര്‍ക്കിച്ചന്‍റെ മുഖത്തേക്കു അവജ്ഞയോടെ നോക്കി, മുഖം വളിപ്പിച്ചു കൊണ്ട് കിണ്ണന്‍ മൊഴിഞ്ഞു.

"ഈ കോപ്പിനും സാമ്പാറെന്നു പറയുമോ?"

വര്‍ക്കിച്ചന് വിശ്വസിക്കാനായില്ല. തന്‍റെ പാചകജീവിതത്തിലെ എന്നേക്കും വച്ച് അത്യുത്തമമായ സാമ്പാറാണ് കിണ്ണന്‍റെ വായില്‍. വര്‍ക്കിച്ചന്‍റെ കണ്ണുകളുരുണ്ടു. പുരികം വിറച്ചു, കവിളു ചുവന്നു. ചാതിയെഴുന്നേറ്റ് ആരോടും ഒന്നും മിണ്ടാതെ വര്‍ക്കിച്ചന്‍ പുറത്തേക്കു നടന്നു.

കിണ്ണന്‍ ആകെ വിരണ്ടു. പകച്ച കണ്ണുകളോടെ എന്നെ നോക്കി.

"ചേട്ടായീ, പ്രശ്നമാവുമോ? ഞാനറിയാതെ, ഒരു കിക്കിന്‍റെ പുറത്ത്...."

ഞാനവനെ ആശ്വസിപ്പിച്ചു.

"നീ പോയിക്കിടന്നോ, ഞങ്ങളു നോക്കിക്കൊള്ളാം."

എന്തു നോക്കാന്‍? കിണ്ണന്‍ കിടന്ന് അല്പനേരം കഴിഞ്ഞ് ഞങ്ങളും കിടന്നു. അടിച്ച പെഗ്ഗുകളുടെ ഉന്മാദത്തില്‍ സ്വയമറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.

പാത്രങ്ങള്‍ ’കടുമുടാ’ തെറിച്ചു വീഴുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. ഭയങ്കര ബഹളം, തെറിവിളി, പൂരം. നോക്കുമ്ഫോള്‍ സമയം നട്ടപ്പാതിര മൂന്നു മണി. അടുക്കളയില്‍ നിന്നാണ് ശബ്ദം. ഞാനോടിച്ചെന്നു.

ഉറക്കം തിളക്കുന്ന കണ്ണുകളോടെ, ഒരു കയ്യില്‍ കത്തിയും മറുകയ്യില്‍ വെണ്ടക്കായും പിടിച്ച് കിണ്ണന്‍. തൊട്ടപ്പുറത്ത് കത്തുന്ന കണ്ണുകളും നീട്ടിപ്പിടിച്ച പാത്രവുമായി വര്‍ക്കിച്ചന്‍. കിണ്ണനെന്താ, വര്‍ക്കിച്ചനെ കുത്താന്‍ പോകുകയാണോ. ഞാന്‍ ഓടിച്ചെന്നു.

"കുത്തല്ലേടാ, നമുക്കു സമാധാനമുണ്ടാക്കാം, നീ കത്തി വിട് കിണ്ണാ."

വര്‍ക്കിച്ചന്‍ പക്ഷേ, ഇരട്ടി ധൈര്യത്തിലാണ്.

"വിടടാ അവനെ..." വര്‍ക്കി എന്നോട്. തിരിഞ്ഞ് കിണ്ണനെ നോക്കി വര്‍ക്കി തുടര്‍ന്നു.

"അരിയെടാ... വെട്ടിയരിയെടാ മൈ... മോനേ വെണ്ടക്കാ...."

വര്‍ക്കിച്ചന്‍ നിന്നലറുകയാണ്.

"നിനക്കെന്‍റെ സാമ്പാറു പിടിക്കത്തില്ലല്ലേടാ. കഴുവേര്‍ട മോനേ. മുട്ടുകാലു ഞാന്‍ കേറ്റും. വെക്കടാ വെള്ളവും പരിപ്പും."

"ചേട്ടായീ... ഞാന്‍..."

കിണ്ണന്‍ നിന്നു വിറക്കുന്നു. പാത്രമെടുത്ത് സ്റ്റൌവിനു മുകളില്‍ വക്കുന്നു, മണ്ണെണ്ണ പമ്പു ചെയ്യുന്നു.

"ഇടെടാ. ഇടെടാ മൈ... മോനേ പരിപ്പ്. കലക്കെടാ വാളമ്പുളി...." നിന്‍റെ സാമ്പാറു തിന്നിട്ടേ ഞാനൊറങ്ങത്തുള്ളു.

"പപ്പൂസ് ചേട്ടായീ. ഏറ്റെന്നു പറഞ്ഞിട്ട്, ഇതു കണ്ടോ?"

കിണ്ണന്‍ ദയനീയമായി എന്നെ നോക്കി. സംഗതി മനസ്സിലായ ഞാന്‍ അസ്സലൊരു കോട്ടുവായിട്ട് ഉറക്കം തൂങ്ങുന്നതായി ഭാവിച്ചു. കിണ്ണന്‍റെ കണ്ണില്‍ നിന്നും വെള്ളം വന്നു തുടങ്ങി.

"ഇടടാ സാമ്പാറു പൊടി."

വര്‍ക്കിച്ചന്‍ അലറുകയാണ്. പിന്നീടൊരു വാക്കും മിണ്ടാതെ ഒലിക്കുന്ന മൂക്കും നിറയുന്ന കണ്ണുകളും ഷോള്‍ഡറു കൊണ്ട് തുടച്ച് കിണ്ണന്‍ ജോലി തുടര്‍ന്നു. മെല്ലെ... മെല്ലെ... ആഹാ... സാമ്പാറിന്‍റെ മണം.

"ഇടടാ കായപ്പൊടി..."

"ചായപ്പൊടിയോ???"

കിണ്ണന്‍ ഞെട്ടി.

"മൈ... മോനേ, കളിയാക്കുന്നോടാ? എല്‍ ജീ കായമിടെടാ..."

"ഇപ്പോ മനസ്സിലായോടാ സാമ്പാറുണ്ടാക്കുന്നതെങ്ങനെയെന്ന്? നാളെത്തൊട്ട് ഇവിടെ നീ സാമ്പാറുണ്ടാക്കിയാല്‍ മതി.... ആര്...?"

"ഞാ... ഞാന്‍..."

ങാ... എന്നു പറഞ്ഞ് വര്‍ക്കിച്ചന്‍ നടന്നു പോകുന്നതും ’ബ്‍ട്‍ധത്തോം’ എന്ന ശബ്ദത്തില്‍ മറിഞ്ഞു വീഴുന്നതും മാത്രമേ പോയിക്കിടന്ന ഞാന്‍ കേട്ടുള്ളു.

"അവന്‍റമ്മായീട സാമ്പാറ്. നാളെ നിനക്ക് ഞാന്‍ മോരു കറി വക്കാന്‍ പഠിപ്പിച്ചു തരാമെടാ കള്ളക്കഴുവെറീ. പിന്നെ മത്തിക്കറി.... പിന്നെ ചേനക്കറി... എന്നിട്ട് ചേമ്പുകറി...."

എന്നിങ്ങനെയുള്ള ജല്പനങ്ങള്‍ പിറ്റേന്നു പുലര്‍ച്ച വരെ കേട്ടുവെന്ന് അയല്‍പക്കക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്തായാലും അന്നാദ്യമായി രാവിലെ ഞാന്‍ സാമ്പാറും കൂട്ടി പച്ചരിച്ചോറ് കുഴച്ചുണ്ടു. സത്യം പറഞ്ഞാല്‍, ഒരുപാടു നാളുകള്‍ക്കു ശേഷം ബ്രേക്ക് ഫാസ്റ്റ് എന്ന സാധനം എന്താണെന്ന് ഞങ്ങളുടെയൊക്കെ പാവം വയറുകള്‍ ഓര്‍ത്തെടുത്തു. പിന്നീടൊരിക്കലും വര്‍ക്കിച്ചനെന്നല്ല, ആരുണ്ടാക്കുന്ന എന്തു തന്നെയായാലും അതീവതൃപ്തിയോടെ കഴിച്ചിറക്കി അഭിപ്രായപ്രകടനങ്ങള്‍ നടത്താതെ പോകുന്ന കിണ്ണനെയാണെല്ലാവരും കണ്ടിട്ടുള്ളത്.

പിന്നീടും ഇടക്കിടെ സാമ്പാറു വക്കുമ്പോള്‍ വര്‍ക്കിച്ചന്‍ കിണ്ണനോടു ചോദിക്കും,

"എങ്ങനുണ്ടെടാ ഇന്നത്തെ സാമ്പാര്‍?

കിണ്ണന്‍ നിസ്സംശയം പറയും,

"ഹൊ! സാമ്പാറെന്നു വച്ചാ, ഇദ്ദാണ് ചേട്ടായീ സാമ്പാറ്!!!"