Monday, December 15, 2008

ഇദ്ദാണ് ചേട്ടായീ സാമ്പാറ്...!

മൈസൂര്‍...

എന്‍റെ വേണ്ടാത്തീനങ്ങളുടെ വിരല്‍പ്പാടുകള്‍ ഇപ്പോഴും പേറുന്നുണ്ട്, ഇവിടത്തെ ഓരോ ബാറിലെയും മൂത്രപ്പുരകള്‍. വിശാലമായ സ്വാതന്ത്ര്യത്തിന്‍റെ പടിവാതില്‍ തള്ളിത്തുറന്ന് ഞാന്‍ വച്ച ഓരോ ചുവടും തിരിച്ചറിവുകളുടെ അടയാളങ്ങളായിരുന്നു. പുതിയ പുതിയ ബ്രാന്‍ഡുകള്‍, അളവുകള്‍, ആദ്യത്തെ ഓണ്‍ ദ റോക്സ്, കടിച്ചു തുറക്കുമ്പോള്‍ കവിളു കീറിത്തന്ന ബിയര്‍ ബോട്ടില്‍, മുലപ്പാലു വരെ പുറത്തെത്തിച്ച് ആമാശയം വൃത്തിയാക്കിത്തന്ന ഓസീയാറിന്‍റെ പരിശുദ്ധമായ എട്ടാം പെഗ്ഗ്....

ഓര്‍മ്മകള്‍ക്ക് നാടന്‍ വാറ്റിന്‍റെ നറുമണം...

ഒരു ദിവസം...

"ഹരിശ്രീ ഗണപതായേ നമ: അവിഘ്നമസ്തു..."

വെള്ളക്കടലാസില്‍ ഇത്രയും കുറിച്ച് വച്ച ശേഷം കുഞ്ഞച്ചന്‍ പേനയെടുത്ത് പോക്കറ്റില്‍ കുത്തി.

"ഇന്നത്തെ അജണ്ട, ശാസ്ത്രീയമായി ജൂനിയേഴ്സിനെ എങ്ങനെ റാഗ് ചെയ്യാം. എല്ലാരും അതിന്‍റെ പേരിലൊരു ചീയേഴ്സ് അടിച്ചേ."

"ചീയേഴ്സ്..."

ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി. കുഞ്ഞച്ചന്‍ ഒരു സിപ്പടിച്ച ശേഷം ഒരു സിഗരറ്റ് കൊളുത്തി.

"ഫസ്റ്റ് ഇയര്‍ പിള്ളേരൊക്കെ സാമാന്യം സംഘടിതശക്തികളായി വലര്‍ന്നു കഴിഞ്ഞു. ഭിന്നിപ്പിച്ചു കാര്യം കാണുക എന്ന ഭരണതന്ത്രം പ്രയോഗിക്കേണ്ട സമയമായിരിക്കുന്നു."

"ഇനി റാഗിങ്ങൊന്നും നടപ്പില്ലളിയാ!"

ബേസിക്ക് എന്ന ബേസിക്കലി ഒറ്റ വലിക്കു ഗ്ലാസ്സു കാലിയാക്കി.

"കുട്ട്യാളൊക്കെ ഇപ്പോ ഞമ്മളെ തട്ടുമ്പൊറത്തു കേറീങ്ങാണ്ടല്ലേ കളി. പ്രിന്‍സി പോലീസുമൊറ എടുത്തും തുടങ്ങി."

വര്‍ക്കിച്ചന്‍ ക്രുദ്ധനായി ബേസിക്കിനെ നോക്കി. അബ്ദുല്‍ അലി എന്ന അലിയെ ബേസിക്കാക്കി മാറ്റിയത് വര്‍ക്കിച്ചന്‍റെ കുശാഗ്രബുദ്ധിയാണ്. ഒരനുബന്ധമായി ആ കഥയിലേക്കൊന്നു കണ്ണോടിക്കാം. പേരുമായി യാതോരു സംബന്ധവുമില്ലാത്ത വട്ടപ്പേരു വീണ കഥ.

സെക്കന്‍റ് ഇയറില്‍ ലീഗല്‍ ഹിസ്റ്ററി പഠിപ്പിക്കുന്ന മഹാദേവസ്വാമി സാറിന്‍റെ ഒരു വീക്ക്‍നെസ്സില്‍ തൂങ്ങിയാണ് സംഭവത്തിന്‍റെ തുടക്കം. ഇംഗ്ലീഷിലെ തന്‍റെ അഗാധപാണ്ഡിത്യം പ്രകടിപ്പിക്കാനായി മഹാദേവസ്വാമിസാര്‍ കാണിക്കുന്ന ഒരു നമ്പറുണ്ട്. ഉപയോഗിക്കുന്ന വാചകങ്ങളുടെയെല്ലാം ഇടയില്‍ പുള്ളി ചുമ്മാ, ’ആക്‍ച്വലി, പര്‍ട്ടിക്കുലര്‍ലി, അള്‍ട്ടിമേറ്റ്‍ലി, ബേസിക്കലി, കണ്‍സെപ്‍ച്വലി’ എന്നീ വാക്കുകള്‍ തിരുകിക്കയറ്റും.

ഫോര്‍ എക്സാംപിള്‍,

"ദ ബ്രിട്ടീഷ് ഗവണ്മന്‍റ് ഇനാക്‍റ്റഡ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ് ഇന്‍ 1863" എന്ന വാചകം മഹാദേവസ്വാമിസാര്‍ പറയുമ്പോള്‍

"ആക്‍ച്വലി സ്പീക്കിങ്, ദ ബ്രിട്ടീഷ് ഗവണ്മന്‍റ് കണ്‍സെപ്‍ച്വലി ഇനാക്‍റ്റഡ് ദ ഇന്‍ഡ്യന്‍ പീനല്‍ കോഡ് അള്‍ട്ടിമേറ്റ്‍ലി ഇന്‍ 1863" എന്നായിരിക്കും.

ഈ ആക്‍ച്വലി-പര്‍ട്ടിക്കുലര്‍ലികളെ വര്‍ഗ്ഗം തിരിച്ച് എണ്ണം പിടിക്കലാണ് ക്ലാസ്സില്‍ ഞങ്ങളുടെ പ്രധാന ഹോബി. ഇന്നു വരെയുള്ള ഏറ്റവും വലിയ റെക്കോഡ് എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍, മുപ്പത്തിയേഴ് ആക്‍ച്വലികളാണ്. മിക്കവാറും എല്ലാ പിള്ളേരുടെയും ടൈംപാസ്സ് നോട്ടുബുക്കില്‍ കൂടുതലും കാണുന്നത് ഈ ’ലി’ വാക്കുകളും അവയുടെ എണ്ണവുമാണ്.

അലി ക്ലാസ്സില്‍ കയറാന്‍ പൊതുവേ മടിയനാണ്. കയറിയാല്‍, പക്ഷേ, അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാതോരു ഉപദ്രവവുമുണ്ടാക്കില്ല. സ്വസ്ഥമായി ഒരു മൂലക്കിരുന്ന്, കയ്യും മടക്കി ഡെസ്കില്‍ തല ചായ്‍ച്ച് ഉറങ്ങിക്കോളൂം.

ഒരു ദിവസം അലി മഹാദേവസ്വാമി സാറിന്‍റെ ക്ലാസ്സില്‍ കയറി.

സാറ് തകര്‍ത്തു പഠിപ്പിക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അലി തകര്‍ന്നു വീണുറങ്ങാനും തുടങ്ങി. ഉറക്കം ഏതാണ്ട് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോളാണ് അതു സംഭവിച്ചത്.

വര്‍ക്കിച്ചന്‍ അലിയെ തട്ടിയുണര്‍ത്തി.

"എടാ, സാറ് നിന്നെ വിളിക്കുന്നു."

അലി ഞെട്ടിയെണീറ്റു സാറിനെ നോക്കി. സാര്‍ ബേസിക്കലി, കണ്‍സെപ്‍ച്വലി, പര്‍ട്ടിക്കുലര്‍ലി എന്നൊക്കെ തകര്‍ത്തു പറയുന്നുണ്ട്. പക്ഷേ, നല്ല ഉറക്കച്ചടവില്‍ ആ പറയുന്നതിലെയെല്ലാം ’ലി’ എന്ന ശബ്ദം മാത്രമേ നമ്മുടെ അലി കേള്‍ക്കുന്നുള്ളു. അതോടെ വിളിച്ചത് തന്നെത്തന്നെയെന്നുറപ്പിച്ച് അലി എഴുന്നേറ്റു നിന്നു.

ബോര്‍ഡില്‍ എന്തോ എഴുതിക്കൊണ്ട് ’ബേസിക്കലി’ എന്നും പറഞ്ഞ് സാറ് തിരിഞ്ഞു നോക്കുമ്പോള്‍ അലി എഴുന്നേറ്റു നില്‍ക്കുന്നു.

"വാട്ടലി?"

സാര്‍ അദ്ഭുതത്തോടെ ചോദിച്ചു. തന്നോട് ബോര്‍ഡില്‍ എഴുതിയ എന്തോ എക്സ്‍പ്ലെയിന്‍ ചെയ്യാനാണ് സാറ് പറഞ്ഞതെന്നു കരുതി അലി വിറച്ചു തുടങ്ങി. തൊണ്ടയിലൂടെ ഉമിനീരൊലിക്കുന്ന ശബ്ദം താന്‍ കേട്ടെന്ന് വര്‍ക്കിച്ചന്‍റെ അവകാശവാദം.

അലി ദയനീയമായി വരാ‍ക്കിച്ചനെ നോക്കി. വര്‍ക്കിച്ചന്‍ പതിയെ തന്‍റെ നോട്ടൂബുക്കെടുത്ത് ഒരു പേജിലേക്ക് വിരല്‍ ചൂണ്ടി.

"വാട്ടലി?"

സാറ് വീണ്ടും ചോദിച്ചു. ഉറക്കം ഇനിയും പൂര്‍ണ്ണമായി തെളിഞ്ഞിട്ടില്ലാത്ത അലി ഉത്തരമാണെന്നു കരുതി വര്‍ക്കിച്ചന്‍ ചൂണ്ടിക്കാണിച്ച സംഗതി കൂട്ടി വായിച്ചു.

"ആക്ऽച്വലി - സെവന്‍റീന്‍, ബേസിക്കലി - ട്വന്‍റി വണ്‍, അള്‍ട്ടിമേറ്റ്‍ലി - ത്രീ, പര്‍ട്ടിക്കുലര്‍ലി - ഇലവണ്‍...."

അതു വര്‍ക്കിച്ചന്‍റെ അന്നത്തെ കണക്കെടുപ്പായിരുന്നെന്ന് അലിക്കപ്പോഴാണ് ബോദ്ധ്യം വന്നത്. വിറച്ചു കൊണ്ട് അലി മുഖമുയര്‍ത്തി നോക്കി.

സ്വതവേ കറുത്തിരുണ്ട മഹാദേവസ്വാമി സാറിന്‍റെ മുഖത്തൊരു രക്തക്കടലിരമ്പുന്നു. മീശത്തുമ്പു വിറക്കുന്നു. ഇടതു കൈ ഡസ്റ്ററിന്‍റെ മാനം പിച്ചിച്ചീന്തുന്നു. ചോക്കുകഷണം ഇപ്പോള്‍ പറന്നു കളയും എന്ന ഭാവത്തില്‍ വിരലുകള്‍ക്കിടയിലിരുന്നു പുളയുന്നു....

"ഗെറ്റൌട്ടലി...!!!!!!"

ഇത്രയും ഉച്ചത്തിലുള്ള ഗെറ്റൌട്ട് ആദ്യമായാണ് ആ ക്ലാസ്സിലെ ചുമരുകള്‍ കേള്‍ക്കുന്നത്. അതു കൊണ്ടു തന്നെ അവ നല്ല പ്രതിധ്വനി മുഴക്കി. തമാശ കണ്ട് ഇത്രയും നേരം ആസ്വദിച്ചു ചിരിച്ചുകൊണ്ടിരുന്ന വര്‍ക്കിച്ചന്‍ വരെ നടുങ്ങി തല താഴ്‍ത്തി. അലി മുന്‍പിന്‍ നോക്കാതെ പുറത്തേക്കോടി.

അന്നു മുതല്‍ അലി ബേസിക്കലിയായി. അതിലെ അലി വീണ്ടും ലോപിച്ച് ബേസിക്കായി.

അപ്പോള്‍ പറഞ്ഞു കൊണ്ടിരുന്നത്, നമ്മുടെ ചര്‍ച്ചയുടെ കാര്യം. റാഗിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ച. ഗ്ലാസ്സുകളും കുപ്പികളും നിരന്തരം കാലിയായിക്കൊണ്ടിരുന്നു എന്നല്ലാതെ ചര്‍ച്ച എവിടെയും എത്തി നില്‍ക്കുന്നില്ല.

"ദേഹോപദ്രവം പൂര്‍ണ്ണമായും നിര്‍ത്തണം. പോലീസുകേസ് ആയാല്‍ വലിയ പുലിവാലാ."

കുഞ്ഞച്ചന്‍ ഇതും പറഞ്ഞ് വര്‍ക്കിച്ചനെ നോക്കി. കുഞ്ഞച്ചന്‍ മാത്രമല്ല, എല്ലാവരും വര്‍ക്കിച്ചനെ നോക്കി. വെറുതെ നോക്കിയതല്ല, നോട്ടത്തില്‍ കാര്യമുണ്ട്. പണ്ടോരു കേസില്‍ പുലിവാലല്ല, ശിമ്മന്‍ സിംഹവാലു തന്നെ പിടിച്ചവനാണ് വര്‍ക്കിച്ചന്‍. ആ കഥ കൂടെ പറഞ്ഞെങ്കിലേ ഈ കഥ പൂര്‍ണ്ണമാവുകയുള്ളൂ.

കഴിഞ്ഞ വര്‍ഷത്തെ പുതുക്കപ്പിള്ളേര്‍ കോളേജില്‍ ചേര്‍ന്ന സമയം. ഇന്നത്തെപ്പോലെയല്ല. റാഗിങ്ങിനു മുമ്പ് വലിയ പ്രിക്കോഷനൊന്നും ആരും എടുക്കാറുണ്ടായിരുന്നില്ല. ഫ്രെഷേര്‍സിനിടയിലെ ജഗജില്ലികള്‍ പോലും ഞങ്ങളെക്കണ്ട് മുട്ടിടിച്ചു നടന്നിരുന്ന കാലം.

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആകപ്പാടെ മീശയുള്ള ഒറ്റയൊരുത്തനാണ് കിണ്ണന്‍ എന്നു വിളിക്കപ്പെടുന്ന കൃഷ്ണകുമാര്‍. സീനിയേഴ്സായ ഞങ്ങള്‍ക്കു പോലും മീശയില്ല. ഫസ്റ്റ് ഇയറിലെ പൊടിച്ചെക്കന് മീശയോ. വര്‍ക്കിച്ചന് അതു വലിയ അപമാനമായിത്തോന്നി. വര്‍ക്കിച്ചനു മാത്രമല്ല, ഞങ്ങള്‍ക്കെലാവര്‍ക്കും. പോരാത്തതിന് ഞങ്ങള്‍ സ്വന്തമെന്നു കരുതി അഹങ്കരിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ വരെ കിണ്ണനെന്ന മലയാളിയുടെ മീശയെക്കുറിച്ച് കണ്ട കന്നഡക്കാരികളോടും ബംഗാളിപ്പെണ്ണുങ്ങളോടും എന്തിന്, കെനിയാക്കാരിയായ ജാക്വിലിനോടൂം (ഈ ജാക്വിലിനെ ഞാനൊന്നു ട്യൂണ്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്, കഥ പിന്നെ പറയാം) വരെ അഭിമാനപുരസ്സരം സംസാരിക്കുന്നു. ഞങ്ങള്‍ക്കും അഭിമാനമില്ലേ!

വര്‍ക്കിച്ചന് ഞങ്ങളുടെ ക്ലാസ്സിലെ പ്രിയങ്കയോട് ഒരു പ്രത്യേക സ്നേഹമാണ്. പുറത്തു കാണിക്കാന്‍ പേടിയാണെങ്കിലും അവന്‍റെ നോട്ടുബുക്കില്‍ ഒന്നു രണ്ടു കവിതകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്.

"പ്രിയേ പ്രിയമങ്കേ...
കൃസ്തുമസ്സ് രാവില്‍
പുല്‍ക്കൂട്ടില്‍ വിരിയുന്ന
മന്ദാരപുഷ്പമേ, പ്രിയമങ്കേ..."

എന്ന മാന്യമഹാകവി വര്‍ക്കിച്ചന്‍റെ കവിതയിലെ പ്രിയമങ്ക ആരാണെന്ന് ഞങ്ങള്‍ക്കറിയാം. ആ പ്രിയങ്കക്കു വരെ കിണ്ണന്‍റെ മീശയോട് ആരാധന. സഹിക്കാന്‍ കഴിയുമോ?

"അല്ല, ഒരു മീശയുണ്ടെന്നു കരുതി, അതൊക്കെ വലിയ കാര്യമാണോ?"

രോമമില്ലാത്ത മീശ ചൊറിഞ്ഞു കൊണ്ട് വര്‍ക്കിച്ചന്‍ പ്രിയങ്കയോടു ചോദിച്ചു.

"നിങ്ങള്‍ക്കൊക്കെ നല്ല മുടിയുള്ള പെണ്‍പിള്ളാരോട് പ്രത്യേക ആരാധന തോന്നാറില്ലേ? അതൊക്കെത്തന്നെ."

ഹെന്ത്! തങ്ങള്‍ക്ക് മുടിയുള്ള പെണ്‍കുട്ടികളോട് തോന്നുന്ന അതേ തോന്നലാണോ പ്രിയങ്കക്ക് മീശയുള്ള കിണ്ണനോട് തോന്നുന്നത്! വര്‍ക്കിച്ചന്‍ ആകെ അപമാനിതനായി എന്നു പറയേണ്ടതില്ലല്ലോ. സ്വന്തമായി ഒരു മീശ വെക്കണമെന്നു മാത്രമല്ല, കിണ്ണന്‍റേതു വടിപ്പിക്കണമെന്നു കൂടെ അന്നു രാത്രി മൂന്നാമത്തെ പെഗ്ഗില്‍ വര്‍ക്കിച്ചന്‍ ദൃഢപ്രതിജ്ഞ ചെയ്തു.

പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ നേരം. ഞങ്ങളെല്ലാവരും വര്‍ക്കിച്ചന്‍റെ നേതൃത്വത്തില്‍ പുറത്ത് ബൈക്കും ചാരി കാത്തു നിന്നു. കോറിഡോറു കടന്ന്, ഡോണ, വൃന്ദ, സബീന, ലതിക എന്നീ നാലു സുന്ദരിമാരുടെ അകമ്പടിയോടെ കിണ്ണന്‍ നടന്നു വരുന്നു. വര്‍ക്കിച്ചന്‍ ഇല്ലാത്ത മീശ പിരിച്ചു. പെണ്‍കുട്ടികള്‍ നാലും തിരിഞ്ഞു നടന്ന് ഹോസ്റ്റലില്‍ കയറി. കിണ്ണന്‍ പുറത്തേക്കിറങ്ങി വന്നു, ഞങ്ങളെ വക വക്കാതെ നടന്നു നീങ്ങി.

"ഡാ..."

വര്‍ക്കിച്ചന്‍ വിളിച്ചു. കിണ്ണന്‍ തിരിഞ്ഞു നോക്കി.

"ചേട്ടന്മാരെയൊക്കെ കണ്ടാല്‍ ഒരു ഗുഡ്മോണിംഗ് പറഞ്ഞൂടേടാ?"

"ഗുഡ്മോണിംഗ് ചേട്ടായിമാരേ."

അവന്‍ വിനീതവിധേയനായി.

"ഈ മീശ നിനക്ക് ജനിച്ചപ്പോളേ ഉള്ളതാണോടാ?"

കുഞ്ഞച്ചന്‍ കിണ്ണന്‍റെ മീശയൊന്നു തൊട്ടു തലോടി.

"അ... അല്ല..."

"എന്നാല്‍ നാളെ വടിച്ചോണ്ടു വന്നോണം. പിന്നെ കോളേജു വിടും വരെ വക്കാമ്പാടില്ല." വര്‍ക്കിച്ചന്‍.

കിണ്ണന്‍ ഒന്നും മിണ്ടിയില്ല. "പറഞ്ഞതു കേട്ടില്ലേടാ?"

കുഞ്ഞച്ചന്‍റെ ഒച്ച പൊങ്ങി.

"ങും... ങും..."

"ഉം... എന്നാ പൊക്കോ..."

കിണ്ണന്‍ നടന്നകന്നു.

പിറ്റേന്നു രാവിലെ കിണ്ണന്‍റെ മീശയില്ലാത്ത മുഖം പ്രിയങ്കയടക്കമുള്ള പെണ്‍കുട്ടികള്‍ കണ്ടു മൂക്കത്തു വിരല്‍ വച്ചേക്കാവുന്ന സീന്‍ മനസ്സിലോര്‍ത്ത് സന്തോഷിച്ച വര്‍ക്കിച്ചന്‍റെ വക ഫ്രീയായിരുന്നു എല്ലാവര്‍ക്കും അന്നു രാത്രിയിലെ പെഗ്ഗുകള്‍.

രാവിലെ. കത്തി വച്ചു നില്‍ക്കുന്ന വര്‍ക്കിച്ചനെ കുഞ്ഞച്ചന്‍ തോണ്ടി വിളിച്ചു.

"ദോണ്ടെ വര്‍ക്കിച്ചാ, അവന്‍ വരുന്നു. വടിച്ചിട്ടില്ല!"

"ങേ!!!!!"

വര്‍ക്കിച്ചന്‍ എട്ടു ദിക്കും പൊട്ടുമാറ് ഞെട്ടി. കണ്ണു തുറിച്ചു നോക്കി. ഇല്ല, വടിച്ചിട്ടില്ല.

"ഡാ.........യ്.......!!!!!!"

തമിഴ് സിനിമയിലെ വില്ലന്മാരെ വെല്ലുന്ന വിധത്തില്‍ അലറിക്കൊണ്ട് വര്‍ക്കിച്ചന്‍ കിണ്ണന്‍റെയടുത്തേക്കു ചെന്നു. കിണ്ണന്‍ നിന്നു വിറച്ചു.

"ചേട്ടായീ.... ഞാ... ഞാന്‍..."

വര്‍ക്കിച്ചന്‍ നിന്നു ചുകന്നു വിറച്ചു.

"കള്ള മൈ.....#%*!&@.... മുട്ടുകാലു ഞാന്‍ കേറ്റും, വടിച്ചോണ്ടു വാടാ...." അലറല്‍.

കിണ്ണനു പക്ഷേ, മീശ അഭിമാനപ്രശ്നമായിരുന്നു. എങ്കിലും അവന്‍ തിരിച്ചു നടന്നു.

"തിരിച്ചു വരുമ്പോ മീശയെങ്ങാനും കണ്ടാല്‍.... മൈ.....മോനേ, കണ്ടിച്ച് കുക്കരള്ളി കായലിലിടും ഞാന്‍, മീശയല്ല, നിന്നെ. കേട്ടോടാ..."

വര്‍ക്കിച്ചന്‍ ഉണ്ടക്കണ്ണുരുട്ടി.

സമയം മെല്ലെ നീങ്ങി. ഉച്ചയാകാറായി കിണ്ണനെ കാണാനില്ല. അപ്പോഴേക്കും അബു ഓടി വന്നു.

"എടാ വര്‍ക്കിച്ചാ, നീയാ കിണ്ണനെ റാഗുയ് ചെയ്തോ?"

"ങാ... ഞാനൊന്നു വിരട്ടി. എന്തേ? പാടില്ലേ?"

"അവന്‍ നേരെ അവന്‍റൊരു ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍റടുത്തോട്ടാ പോയത്. അയാളു പ്രിന്‍സിയെ വിളിച്ചു. സംഗതി പ്രശ്നമായിട്ടൊണ്ട്. പ്രിന്‍സി പോലീസില്‍ കംപ്ലയിന്‍റ് ചെയ്തോളാന്‍ പറഞ്ഞു."

അതോടെ വര്‍ക്കിച്ചന്‍റെ മസിലുകള്‍ മൊത്തം ലൂസായി.

"എടാ, ഞാന്‍ റാഗൊന്നും ചെയ്തിട്ടില്ല, തൊട്ടു പോലുമില്ല. ഞാനങ്ങനൊക്കെ ചെയ്യുവോ? അവന്‍ ചുമ്മാ.... ശ്ശെ...!"

"സംഗതി സീരിയസ്സായല്ലോ." കുഞ്ഞച്ചന്‍ ഇടപെട്ടു.

"വരാ‍ക്കിച്ചാ, നീ ഒരു കാര്യം ചെയ്യ്. വേഗം ചെന്ന് ക്ലാസ്സില്‍ കയറ്. ഇറങ്ങണ്ട. ക്ലാസ്സിനകത്തു നിന്ന് പോലീസിന് നിന്നെ പിടിക്കാമ്പാടില്ല."

കേട്ട പാതി വര്‍ക്കിച്ചന്‍ അകത്തേക്കോടി. പക്ഷേ, പ്രിന്‍സിപ്പാളിന് പിള്ളാരെക്കാള്‍ ബുദ്ധി കൂടുതലായിരിക്കണമല്ലോ. അല്ലെങ്കിലെന്തു പ്രിന്‍സി? വര്‍ക്കിച്ചനെത്തും മുമ്പേ ’വര്‍ഗ്ഗീസ് തോമസ് എന്നയാളെ ക്ലാസ്സില്‍ കയറ്റിപ്പോകരുത്’ എന്ന ഓര്‍ഡര്‍ ക്ലാസ്സ് റൂമിലെത്തിയിരുന്നു. പോയ അതേ സ്പീഡില്‍ വര്‍ക്കിച്ചന്‍ തിരിച്ചെത്തി.

"ഇനീപ്പോ..."

പറഞ്ഞു തീര്‍ന്നതും ഒരു പോലീസ് ജീപ്പ് അമറിക്കൊണ്ട് ഞങ്ങള്‍ക്കു മുമ്പില്‍ വന്നു നിന്നു.

"യാരു വറുഗീസ് താമസ്?"

"ദോ, ഇവന്‍..."

കുഞ്ഞച്ചന്‍റെ കൈ അറിയാതെ വര്‍ക്കിച്ചനെ ചൂണ്ടി.

നിമിഷങ്ങള്‍ക്കുള്ളില്‍ ചില അമിട്ടു പൊട്ടലുകളുടെയും നിലവിളികളുടെയും അകമ്പടിയോടെ വര്‍ക്കിച്ചനെയും കൊണ്ട് ജീപ്പ് പറക്കുന്നതാണ് കണ്ണു തുറന്ന ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്.

പ്രജ്ഞയറ്റു നിന്ന ഞങ്ങള്‍ക്ക് പെട്ടെന്ന് ബോധം തെളിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ രാമണ്ണയുടെ കോയിന്‍ ബൂത്തിലെ ചില്ലറപ്പെട്ടി നിറഞ്ഞു, ഒഴിഞ്ഞു, വീണ്ടും നിറഞ്ഞു. അഡ്വക്കറ്റ് രാമകൃഷ്ണന്‍, ലോക്കല്‍ ഗുണ്ട മഞ്ജുനാഥ്, പോലീസ് സ്റ്റേഷനടുത്തുള്ള പെട്ടിക്കടക്കാരന്‍ രാജു തുടങ്ങി ദേവഗൌഡയുടെ പൊന്നോമനയായ സിദ്ധഗുണ്ടപ്പ വരെ വിളികള്‍ നീണ്ടു. ഞങ്ങളുടെ നെറ്റ്‍വര്‍ക്ക് ബലത്തില്‍ പോലീസ് സ്റ്റേഷന്‍ നിന്നു കുലുങ്ങി.

ഉടനടി കോംപ്രമൈസ് മീറ്റിംഗിന് സി ഐക്ക് ഓര്‍ഡര്‍. സി ഐ വിളിപ്പിക്കുന്നു. വൈകിട്ടത്തോടെ വാദി, വാദിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍, പ്രതി, സാക്ഷികള്‍, ഇടനിലക്കാര്‍, വക്കീല്‍ തുടങ്ങി ഞാനടക്കം പതിനേഴു പേര്‍ പോലീസ് സ്റ്റേഷനില്‍.

ഞാന്‍ മെല്ലെ പാളി നോക്കി. സി ഐയുടെ റൂമില്‍ രാമകൃഷ്ണന്‍ വക്കീലും സിദ്ധഗുണ്ടപ്പയും ഇരിക്കുന്ന. വര്‍ക്കിച്ചന്‍ രണ്ടു കയ്യും കെട്ടി, മുപ്പത്തേഴു ഡിഗ്രി വളഞ്ഞ് വിനീതവിധേയനായി നില്‍ക്കുന്നു. എന്തൊരു പാവം. ഇവനോ റാഗ് ചെയ്ത ക്രൂരന്‍ എന്നൊക്കെ സി ഐക്കു വരെ തോന്നിപ്പോവും.

സി ഐ ഞങ്ങളെയൊക്കെ വിളിപ്പിച്ചു. ഞങ്ങള്‍ മസിലു വിരിച്ചു കൊണ്ടകത്തേക്കു കയറി. സി ഐയുടെ സീറ്റിലേക്കു നോക്കി. ഞെട്ടി!

പഴയ എസ് ഐ പുട്ടബസവപ്പ! പുതിയ സി ഐ പുട്ടബസവപ്പ!!

ഞാന്‍ ഞെട്ടി ഞെട്ടറ്റു. പണ്ട് മര്യാദരാമന്മാരായി ജീവിക്കാന്‍ വാണിംഗ് മേടിച്ചതാണ്. പിന്നീട് ആ തിരുമുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ധൈര്യമുണ്ടായിട്ടില്ല. ഞാന്‍ തിരക്കിനിടയിലൂടെ നട്ടെല്ലു നന്നായി വളച്ച്, വികൃതരൂപിയായി കുനിഞ്ഞു വലിഞ്ഞു. ഇടത്തോട്ടു ചരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ഞച്ചനും മൂന്നരയടിയായി വലിയുന്നു, അപ്പുറത്ത് അബുവും. സ്റ്റേഷന്‍റെ പുറത്തെത്തിയപ്പോളാണ് ഞങ്ങള്‍ക്ക് സമാധാനമായത്. ഞങ്ങളെക്കണ്ടാല്‍ സമാധാനചര്‍ച്ച ഒട്ടും സമാധാനപരമാകില്ലെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു.

അകത്തു നടന്ന കോംപ്രമൈസ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വാമൊഴിയായി പകര്‍ന്നു കിട്ടിയ അറിവേ എനിക്കുള്ളൂ. അതേതാണ്ടിങ്ങനെ.

സി ഐ: ഇവന്‍ നിന്നെ റാഗ് ചെയ്തോടാ?
കിണ്ണന്‍: യെസ് സാര്‍.
സി ഐ: ഹൌ ഡിഡ് ഹീ റാഗ് യൂ?
കിണ്ണന്‍: അവന്‍ കണ്ണുരുട്ടി പേടിപ്പിച്ചു.
സി ഐ: മീന്‍സ്?
കിണ്ണന്‍: റോ... റോ... റോള്‍ഡ് ഹിസ് ഐസ്...
സി ഐ: മിസ്റ്റര്‍ വറുഗീസ് തോമസ്, വൈ ഡിഡ് യൂ ഡൂ ദാറ്റ്?
വര്‍ക്കി: ചു... ചുമ്മാ.
സി ഐ: ഹൌ?

(വര്‍ക്കി കണ്ണൂരുട്ടിക്കാണിച്ചു കൊടുത്തു. അതു കണ്ടു സി ഐ വരെ വിരണ്ടു പോയെന്നാണ് വര്‍ക്കി പറയുന്നത്.)

സി ഐ: ദിസ് ഈസ് നോട്ട് ആന്‍ ഒഫന്‍സ് അണ്ടര്‍ ഐ പി സി. എനിതിങ് എല്‍സ് ജെന്‍റില്‍മാന്‍?
കിണ്ണന്‍: ഹീ കോള്‍ഡ് മീ മൈ....
അമ്മാവന്‍: അതിന് ഡീഫാമേഷനു കേസെടുക്കണം സര്‍.
സി ഐ: മൈ...? വാട്ട് ഈസ് ദാറ്റ്? മീനിങ്ങ്?

(കിണ്ണന്‍ പകച്ച് ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവനെ നോക്കി.)

അമ്മാവന്‍: (അലറിക്കൊണ്ട്) അങ്ങോട്ടു പറഞ്ഞു കൊടുക്കെടാ...
കിണ്ണന്‍: (മടിച്ചു മടിച്ച്, വിറച്ച്) പ്യു.... പ്യുബിക് ഹെയര്‍.
സി ഐ: (ചിരിക്കുന്നു) പ്യുബിക് ഹെയര്‍. ഡൂ യൂ ഹാവ് പ്യുബിക് ഹെയര്‍ മിസ്റ്റര്‍ കൃഷ്ണകുമാര്‍?
കിണ്ണന്‍: (മിണ്ടുന്നില്ല)
സി ഐ: മിസ്റ്റര്‍ വറുഗീസ് തോമസ്, ഡൂ യൂ ഹാവ് പ്യുബിക് ഹെയര്‍?
വര്‍ക്കി: (താഴ്മയോടെ) യെസ് സാര്‍.
സി ഐ: (കോണ്‍സ്റ്റബിളിനെ നോക്കി) ലോ രമേശാ, നിനഗിദ്ദിയേനോ പ്യുബിക് ഹെയറു?
കോണ്‍സ്റ്റ: (നാണത്തോടെ) ഹവുദു സാര്‍, നനഗിദ്ദെ.
സി ഐ: സീ മിസ്റ്റര്‍ കൃഷ്ണകുമാര്‍, എവരിബഡി ഹാസ് പ്യുബിക് ഹെയര്‍. വാട്ടീസ് റോങ് ഇന്‍ ദാറ്റ്? ദിസ് ഈസ് എ കോമണ്‍ ഫാക്ട് യൂ നോ?

അതോടെ വാശിപ്പുറത്തു നിന്നിരുന്ന കിണ്ണന്‍റെ ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍ വരെ പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പിറ്റേന്നു കിണ്ണന്‍ മീശ വടിച്ചെത്തിയതിനു കാരണം, കടുത്ത മോഹന്‍ലാല്‍ ഫാനായ അവന്‍ ലാലേട്ടന്‍ പുതിയ സിനിമയില്‍ വടിച്ചതിനെ അനുകരിച്ചതു കൊണ്ടു മാത്രമാണെന്നും സ്ഥീരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നമുക്കിനി തിരിച്ചു ചര്‍ച്ചയിലേക്കു വരാം.

ഏതാണ്ട് മുകളില്‍ പറഞ്ഞ അനുഭവങ്ങളുടെ പിന്‍ബലമുള്ളതു കൊണ്ടും മനസ്സില്‍ ഇളമുറക്കാരോട് അകൈതവമായ സ്നേഹം ഒളിപ്പിച്ചു വച്ചിരിക്കുന്നതു കൊണ്ടും റാഗിങ്ങിനെ ആരും പിന്തുണക്കുന്നില്ല. ഒടുക്കം കുഞ്ഞച്ചന്‍ ഒരു സമവായ നിര്‍ദ്ദേശം മുന്നോട്ടു വച്ചു.

"നമുക്കു ജൂനിയേഴ്സിനോടു സ്നേഹത്തോടെ പെരുമാറാം."

വര്‍ക്കിച്ചന്‍ കണ്ണുരുട്ടി. ഞാന്‍ സന്ദേഹത്തോടെ മൊട്ടത്തല തടവി. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നമുക്കവരെ നമ്മുടെ കൂടെ താമസിപ്പിക്കാം. സ്നേഹത്തോടെ വച്ചു വിളമ്പാം, പാട്ടു പാടി കേള്‍പ്പിക്കാം, ഇക്കിളിയിട്ടു ചിരിപ്പിക്കാം, ഒരുമിച്ചിരുന്നു വെള്ളമടിക്കാം..."

"തന്നത്താന്‍ ചെയ്തോണ്ടാ മതി."

വര്‍ക്കിച്ചന്‍ ഇടക്കു കേറി.

"മുഴുവനാക്കട്ടെടാ."

കുഞ്ഞച്ചന്‍ തുടര്‍ന്നു.

"എന്നിട്ട് മാസാവസാനം പറ്റുകടയിലേയും വാടകയുടെയും കള്ളുഷാപ്പിലെയുമൊക്കെ കണക്കു തീര്‍ക്കുമ്ഫോള്‍ അന്തസ്സായി കള്ളക്കണക്കുണ്ടാക്കി നല്ലൊരു തുക അവരുടെ പിടലിക്കിടാം. മനസ്സമാധാനം, കേസുകെട്ടില്ല."

കൊള്ളാം! ആ രാത്രിയിലെ പെഗ്ഗുകള്‍ കുഞ്ഞച്ചന്‍റെ ബുദ്ധിയെ പ്രശംസിച്ചു മരിച്ചു. ആദ്യമായി റൂമില്‍ കയറ്റാന്‍ കിണ്ണനു തന്നെ നറുക്കു വീണു. സൌകര്യപ്രദമായ ഒരു താമസസ്ഥലം അവന്‍ അന്വേഷിച്ചു നടക്കുന്ന സമയമായതു കൊണ്ടു മാത്രം അവന്‍ സമ്മതിച്ചു.

"ചേട്ടായിമാരേ, നിങ്ങളുടെ റാഗിങ്ങ് തമാശയാണെന്ന് മനസ്സിലാക്കാതെ ഞാന്‍ വിഡ്ഢിത്തം കാണിച്ചു. എന്നോടു ക്ഷമിക്കണേ..."

ആദ്യ ദിവസം തന്നെ കിണ്ണന്‍ എല്ലാവരുടെയും കാലു പിടിച്ചു. വര്‍ക്കിച്ചന്‍ അവനെ കെട്ടിപ്പിടിച്ചു.

"സാരമില്ലെടാ" എന്നുറക്കെ പറഞ്ഞു.

"മാസം അവസാനമായിക്കോട്ടെടാ" എന്ന് മനസ്സിലും പറഞ്ഞു.

പക്ഷേ, സംഘര്‍ഷമില്ലാത്ത അവസ്ഥ എത്ര നാള്‍ നിലനില്‍ക്കും?

കിണ്ണന്‍ വന്നു കേറി നാലാം ദിവസം കുക്കിംഗ് ഡ്യൂട്ടി വര്‍ക്കിച്ചനായിരുന്നു. സ്വന്തം ക്ലാസ്സ്‍മേറ്റ്‍സിന്‍റെ കൂടെ തരക്കേടില്ലാതെ മിനുങ്ങിയ ശേഷമാണ് അന്ന് വൈകിട്ട് കിണ്ണന്‍ റൂമിലേക്കു വന്നത്. വന്ന പാടെ വര്‍ക്കിച്ചന്‍ സ്നേഹാദരങ്ങളോടെ അവനെ എതിരേറ്റു.

"വാടാ, ചോറും നല്ല സാമ്പാറുമുണ്ട്. എടുത്തടിച്ച് മലര്‍ന്ന് സൈഡായിക്കോ."

"താങ്ക്സ് ചേട്ടായീ."

കിണ്ണന്‍ സന്തോഷത്തോടെ പ്ലേറ്റെടുത്ത് ഒരു പിടി ചോറു വാരിയിട്ടു. രണ്ടു കരണ്ടി സാമ്പാറു കോരിയൊഴിച്ചു. കുഴച്ച് ആദ്യത്തെ പിടി വായിലേക്കിട്ടു.

വര്‍ക്കിച്ചന്‍ കിണ്ണന്‍റെ വായിലേക്കു നോക്കിയിരിക്കുകയാണ്. ’കിടിലന്‍, സൂപ്പര്‍, അടിപൊളി, കിണ്ണംകാച്ചി’ എന്നിങ്ങനെയുള്ള കമന്‍റുകള്‍ പ്രതീക്ഷിച്ചിരുന്ന വര്‍ക്കിച്ചന്‍റെ മുഖത്തേക്കു അവജ്ഞയോടെ നോക്കി, മുഖം വളിപ്പിച്ചു കൊണ്ട് കിണ്ണന്‍ മൊഴിഞ്ഞു.

"ഈ കോപ്പിനും സാമ്പാറെന്നു പറയുമോ?"

വര്‍ക്കിച്ചന് വിശ്വസിക്കാനായില്ല. തന്‍റെ പാചകജീവിതത്തിലെ എന്നേക്കും വച്ച് അത്യുത്തമമായ സാമ്പാറാണ് കിണ്ണന്‍റെ വായില്‍. വര്‍ക്കിച്ചന്‍റെ കണ്ണുകളുരുണ്ടു. പുരികം വിറച്ചു, കവിളു ചുവന്നു. ചാതിയെഴുന്നേറ്റ് ആരോടും ഒന്നും മിണ്ടാതെ വര്‍ക്കിച്ചന്‍ പുറത്തേക്കു നടന്നു.

കിണ്ണന്‍ ആകെ വിരണ്ടു. പകച്ച കണ്ണുകളോടെ എന്നെ നോക്കി.

"ചേട്ടായീ, പ്രശ്നമാവുമോ? ഞാനറിയാതെ, ഒരു കിക്കിന്‍റെ പുറത്ത്...."

ഞാനവനെ ആശ്വസിപ്പിച്ചു.

"നീ പോയിക്കിടന്നോ, ഞങ്ങളു നോക്കിക്കൊള്ളാം."

എന്തു നോക്കാന്‍? കിണ്ണന്‍ കിടന്ന് അല്പനേരം കഴിഞ്ഞ് ഞങ്ങളും കിടന്നു. അടിച്ച പെഗ്ഗുകളുടെ ഉന്മാദത്തില്‍ സ്വയമറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.

പാത്രങ്ങള്‍ ’കടുമുടാ’ തെറിച്ചു വീഴുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. ഭയങ്കര ബഹളം, തെറിവിളി, പൂരം. നോക്കുമ്ഫോള്‍ സമയം നട്ടപ്പാതിര മൂന്നു മണി. അടുക്കളയില്‍ നിന്നാണ് ശബ്ദം. ഞാനോടിച്ചെന്നു.

ഉറക്കം തിളക്കുന്ന കണ്ണുകളോടെ, ഒരു കയ്യില്‍ കത്തിയും മറുകയ്യില്‍ വെണ്ടക്കായും പിടിച്ച് കിണ്ണന്‍. തൊട്ടപ്പുറത്ത് കത്തുന്ന കണ്ണുകളും നീട്ടിപ്പിടിച്ച പാത്രവുമായി വര്‍ക്കിച്ചന്‍. കിണ്ണനെന്താ, വര്‍ക്കിച്ചനെ കുത്താന്‍ പോകുകയാണോ. ഞാന്‍ ഓടിച്ചെന്നു.

"കുത്തല്ലേടാ, നമുക്കു സമാധാനമുണ്ടാക്കാം, നീ കത്തി വിട് കിണ്ണാ."

വര്‍ക്കിച്ചന്‍ പക്ഷേ, ഇരട്ടി ധൈര്യത്തിലാണ്.

"വിടടാ അവനെ..." വര്‍ക്കി എന്നോട്. തിരിഞ്ഞ് കിണ്ണനെ നോക്കി വര്‍ക്കി തുടര്‍ന്നു.

"അരിയെടാ... വെട്ടിയരിയെടാ മൈ... മോനേ വെണ്ടക്കാ...."

വര്‍ക്കിച്ചന്‍ നിന്നലറുകയാണ്.

"നിനക്കെന്‍റെ സാമ്പാറു പിടിക്കത്തില്ലല്ലേടാ. കഴുവേര്‍ട മോനേ. മുട്ടുകാലു ഞാന്‍ കേറ്റും. വെക്കടാ വെള്ളവും പരിപ്പും."

"ചേട്ടായീ... ഞാന്‍..."

കിണ്ണന്‍ നിന്നു വിറക്കുന്നു. പാത്രമെടുത്ത് സ്റ്റൌവിനു മുകളില്‍ വക്കുന്നു, മണ്ണെണ്ണ പമ്പു ചെയ്യുന്നു.

"ഇടെടാ. ഇടെടാ മൈ... മോനേ പരിപ്പ്. കലക്കെടാ വാളമ്പുളി...." നിന്‍റെ സാമ്പാറു തിന്നിട്ടേ ഞാനൊറങ്ങത്തുള്ളു.

"പപ്പൂസ് ചേട്ടായീ. ഏറ്റെന്നു പറഞ്ഞിട്ട്, ഇതു കണ്ടോ?"

കിണ്ണന്‍ ദയനീയമായി എന്നെ നോക്കി. സംഗതി മനസ്സിലായ ഞാന്‍ അസ്സലൊരു കോട്ടുവായിട്ട് ഉറക്കം തൂങ്ങുന്നതായി ഭാവിച്ചു. കിണ്ണന്‍റെ കണ്ണില്‍ നിന്നും വെള്ളം വന്നു തുടങ്ങി.

"ഇടടാ സാമ്പാറു പൊടി."

വര്‍ക്കിച്ചന്‍ അലറുകയാണ്. പിന്നീടൊരു വാക്കും മിണ്ടാതെ ഒലിക്കുന്ന മൂക്കും നിറയുന്ന കണ്ണുകളും ഷോള്‍ഡറു കൊണ്ട് തുടച്ച് കിണ്ണന്‍ ജോലി തുടര്‍ന്നു. മെല്ലെ... മെല്ലെ... ആഹാ... സാമ്പാറിന്‍റെ മണം.

"ഇടടാ കായപ്പൊടി..."

"ചായപ്പൊടിയോ???"

കിണ്ണന്‍ ഞെട്ടി.

"മൈ... മോനേ, കളിയാക്കുന്നോടാ? എല്‍ ജീ കായമിടെടാ..."

"ഇപ്പോ മനസ്സിലായോടാ സാമ്പാറുണ്ടാക്കുന്നതെങ്ങനെയെന്ന്? നാളെത്തൊട്ട് ഇവിടെ നീ സാമ്പാറുണ്ടാക്കിയാല്‍ മതി.... ആര്...?"

"ഞാ... ഞാന്‍..."

ങാ... എന്നു പറഞ്ഞ് വര്‍ക്കിച്ചന്‍ നടന്നു പോകുന്നതും ’ബ്‍ട്‍ധത്തോം’ എന്ന ശബ്ദത്തില്‍ മറിഞ്ഞു വീഴുന്നതും മാത്രമേ പോയിക്കിടന്ന ഞാന്‍ കേട്ടുള്ളു.

"അവന്‍റമ്മായീട സാമ്പാറ്. നാളെ നിനക്ക് ഞാന്‍ മോരു കറി വക്കാന്‍ പഠിപ്പിച്ചു തരാമെടാ കള്ളക്കഴുവെറീ. പിന്നെ മത്തിക്കറി.... പിന്നെ ചേനക്കറി... എന്നിട്ട് ചേമ്പുകറി...."

എന്നിങ്ങനെയുള്ള ജല്പനങ്ങള്‍ പിറ്റേന്നു പുലര്‍ച്ച വരെ കേട്ടുവെന്ന് അയല്‍പക്കക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്തായാലും അന്നാദ്യമായി രാവിലെ ഞാന്‍ സാമ്പാറും കൂട്ടി പച്ചരിച്ചോറ് കുഴച്ചുണ്ടു. സത്യം പറഞ്ഞാല്‍, ഒരുപാടു നാളുകള്‍ക്കു ശേഷം ബ്രേക്ക് ഫാസ്റ്റ് എന്ന സാധനം എന്താണെന്ന് ഞങ്ങളുടെയൊക്കെ പാവം വയറുകള്‍ ഓര്‍ത്തെടുത്തു. പിന്നീടൊരിക്കലും വര്‍ക്കിച്ചനെന്നല്ല, ആരുണ്ടാക്കുന്ന എന്തു തന്നെയായാലും അതീവതൃപ്തിയോടെ കഴിച്ചിറക്കി അഭിപ്രായപ്രകടനങ്ങള്‍ നടത്താതെ പോകുന്ന കിണ്ണനെയാണെല്ലാവരും കണ്ടിട്ടുള്ളത്.

പിന്നീടും ഇടക്കിടെ സാമ്പാറു വക്കുമ്പോള്‍ വര്‍ക്കിച്ചന്‍ കിണ്ണനോടു ചോദിക്കും,

"എങ്ങനുണ്ടെടാ ഇന്നത്തെ സാമ്പാര്‍?

കിണ്ണന്‍ നിസ്സംശയം പറയും,

"ഹൊ! സാമ്പാറെന്നു വച്ചാ, ഇദ്ദാണ് ചേട്ടായീ സാമ്പാറ്!!!"

26 comments:

പാമരന്‍ said...

ഹ ഹ ഹ! ചിരിച്ചോ ചിരിച്ചൂ......

പപ്പൂസേ നൊസ്റ്റാള്‍ജിയ വരണൂ....

Tomkid! said...

ചിരിച്ചു ചിരിച്ചു ഞാനും ചിരിച്ചു.
കലക്കിയത് “വാട്ടലി” യും “ഗെറ്റൌട്ടലി” യുമാണ്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി....
“ഇടടാ കായപ്പൊടി..."

"ചായപ്പൊടിയോ“ .... ആ അവസ്ഥയിലും കിണ്ണന്റെ ഒരു ഹ്യൂമര്‍ സെന്‍സേയ്.!!!!!

ശ്രീ said...

ഹ ഹ. പോസ്റ്റെന്നു വച്ചാല്‍ ഇതാണു പപ്പൂസേ പോസ്റ്റ്...
ശരിയ്ക്കു ചിരിപ്പിച്ചു. :)

കൂട്ടുകാരൻ said...

ചിരിച്ച് ഒരു വകയായി....അസ്സൽ സാമ്പാറ് തന്നെ....

chathu said...

ശ്രീ,
നിങ്ങള്‍ ചിരിച്ചു ചിരിച്ചു ഈ പരുവമായി,( ബ്ലോഗു തമാശ വായിച്ചു........)
ഇപ്പോഴും ബാച്ചിലര്‍ അല്ലെ?....
വല്ല " പന്ച്ചജീരഗുടവും കഴിച്ചു ചെസ്റ്റ് ഉണ്ടാക്കി പെണ്ണ് കെട്ടാന്‍ നോക്കൂ ............

കൃഷ് said...

ഇദ് കലക്കീട്ടോ പപ്പൂസേ..
:)

G.manu said...

സൂപ്പര്‍ പപ്പൂസേ... നൊസ്റ്റാള്‍ജിക് ചിരിയട്ടഹാസം.
തകര്‍ത്തൂ‍ൂ......

അഭിലാഷങ്ങള്‍ said...

പപ്പൂസേ..., ഞാന്‍ നന്നയി ആസ്വദിച്ചത് : "ആക്ച്വലി - സെവന്‍റീന്‍, ബേസിക്കലി - ട്വന്‍റി വണ്‍, അള്‍ട്ടിമേറ്റ്‍ലി - ത്രീ, പര്‍ട്ടിക്കുലര്‍ലി - ഇലവണ്‍...."!

ഹ ഹ.. അത് കലകലക്കീന്ന് മാത്രമല്ല എന്നെ സമ്പന്ധിച്ച് വളരെ നൊസ്റ്റാള്‍ജിക്ക് ആണ്! ഇത് ശരിക്കും ആസ്വദിക്കാനുള്ള കാരണം ഹൈസ്കൂളില്‍, ഇന്നും മറക്കാത്ത ഒരു ഫിസിക്സ് ക്ലാസ് മൂലമാണു! ഞാന്‍ ആ കഥനകഥ പപ്പൂസുമായി പങ്കുവെക്കട്ടെ! :)

ഷനില്‍!!!
ക്ലാസിലെ നമ്പര്‍:1 മണ്ണുണ്ണി!!
ബേക്ക് ബഞ്ചില്‍ സ്ഥിരപ്രതിഷ്ഠ!!!
എല്ലാ സബ്‌ജറ്റിലും മാര്‍ക്ക് വിരലിലെണ്ണാവുന്നത്.
‘ഉസ്‌കൂളില്‍‘ വരുന്നത് തന്നെ യുവജനോത്സവത്തിനു നാടകം സംവിധാനം ചെയ്ത് ഫസ്റ്റ് വാങ്ങുക എന്ന ഏകലക്ഷ്യത്തോടെ.
അവന്റെ ലൈഫില്‍...
'കോമണ്‍സണ്‍സ് നു മാര്‍ക്ക് പൂജ്യം!!'
'നോണ്‍സണ്‍സ് നു മാര്‍ക്ക് നൂറില്‍ നൂറ്!!'

കലോത്സവം മാത്രമല്ല, സ്കൂള്‍ സ്പോര്‍ട്ട് ഡേയില്‍ എല്ലാ‍ ഐറ്റംസിലും പങ്കെടുക്കും... ഇതുവരെ സമ്മാനമൊന്നും കിട്ടിയതായി അറിവില്ല.

യുവജനോത്സവം അടുക്കാറായി. ഷനില്‍ സംവിധാനം ചെയ്യുന്ന നാടകം ‘ധര്‍മ്മഭേരി’ യില്‍ അശോകചക്രവര്‍ത്തിയായി അഭിനയിക്കാന്‍ വേണ്ടി എനിക്ക് റോള്‍ ഓഫര്‍ ചെയ്തുകൊണ്ട് ഞാനിരിക്കുന്ന ഫസ്റ്റ് ബെഞ്ചില്‍ വന്നിരുന്ന് കുലങ്കഷമായ ചര്‍ച്ചതുടങ്ങി. ഒരു പിരീഡ് കഴിഞ്ഞുള്ള ഗ്യാപ്പിലാണു ഈ ചര്‍ച്ച. അപ്പോഴാണു ഫിസിക്സ് ടീച്ചര്‍ ചടപടേന്നും പറഞ്ഞ് കടന്നുവന്നത്. ഷനിലിനു എണിറ്റ് ബാക്ക് ബഞ്ചിലേക്ക് പോകാനുള്ള യാതൊരു ചാന്‍സും കൊടുക്കാതെ ശാന്ത ടീച്ചര്‍ മിന്നല്‍ പോലെ കടന്നുവന്നു.

പുള്ളി ഗതികേട് കൊണ്ട് ആദ്യബഞ്ചില്‍ തന്നെ ഇരുന്നു. സാധാരണ ഡൈലി ചോദ്യോത്തരപരിപാടി ഉണ്ട്. . തലേന്ന് പഠിപ്പിച്ച സംഗതികള്‍. തലേന്ന് SI Unites നെ പറ്റിയായിരുന്നു ക്ലാസ്. ചോദ്യം തുടങ്ങി.സാധാരണ ബാക്ക് ബെഞ്ചിലേക്കോന്നും ചോദ്യങ്ങള്‍ വ്യാപിക്കാറില്ല. അതുകൊണ്ട് ഇവന്‍ മിക്കവാറും ഈ ചോദ്യോത്തര പരിപാടിയുടെ ഇരയാവാറില്ല. ഇത്തവണയും എന്നത്തേയും പോലെ, ഫസ്റ്റ് ബഞ്ചിന്റെ ഒരു മൂലക്ക് നിന്ന് ചോദ്യം തുടങ്ങി. പിള്ളേര് ഉത്തരംസ് പറയാന്‍ തുടങ്ങി.

“എനര്‍ജി & ചാര്‍ജ്ജ്..“ ??
“Joule ..& Coulomb...!..."
"ഫോഴ്സ്..”??
“newton..!
"ലങ്ങ്ത്..?”“
“meter..! Teacher.."
ഇനി എന്റെയും ഷനിലിന്റെയും ഊഴം
എന്നോട് ടീച്ചര്‍:
“ഇലക്ടിക്ക് കണ്ടക്റ്റന്‍സ്”
“siemence...!, Teacher.."

അടുത്ത ചോദ്യം ഷനിലിനോട്..
“മാസ്...& പ്രഷര്‍”??

[മാസ് : ‘കിലോഗ്രാം‘ & പ്രഷര്‍ :‘പാസ്‌കല്‍‘ എന്ന് തലേദിവസം എഴുതിത്തന്നിരുന്നു]

അവന്‍ എഴുന്നേറ്റ് നിന്നു. ‘മാസോ!’.. അങ്ങിനെ ഒരു സാധനം ആദ്യമായി കേള്‍ക്കുന്ന ഭാവം!

അവന്റെ ഭാഗ്യത്തിന് വേറെ ഒരു ടീച്ചര്‍ വാതില്‍ക്കല്‍ വന്നു, ശാന്ത ടീച്ചറോട് എന്തോ ചോദിക്കാനായി, ശാന്തടീച്ചര്‍ വതിലിന്റെ അടുത്തേക്ക് മൂവ് ചെയ്ത തക്കത്തിനു ഷനില്‍ എന്നോട് കുശുകുശുക്കാന്‍ തുടങ്ങി:

“എടാ.. എടാ.. പ്ലീസ്.. എന്താടാ ഏന്‍സര്‍.. പറഞ്ഞ് താഡാ?”

എനിക്കാണേല്‍ ഇങ്ങനെയുള്ള അടിയന്തിരഘട്ടങ്ങളില്‍ കുരുട്ട് ബുദ്ധിമാത്രമേ വരൂ മനസ്സില്‍. ഞാന്‍ പറഞ്ഞു :“ എടാ പൊട്ടാ.. ഞാന്‍ പറഞ്ഞ ഏന്‍സര്‍ നീ കേട്ടില്ലേ?”
“ങാ... നീയെന്തായിരുന്നു പറഞ്ഞത്? “സിമന്റ് “ എന്നല്ലേ?”
“ങാ.. സിമന്റ്...! അപ്പോ പിന്നെ ബാക്കി എന്തൊക്കെയാന്ന് ഗസ്സ് ചെയ്യടാ പൊട്ടാ...! ജല്ലി & കമ്പി”
“പോഡ.. അവിടുന്ന്!”
“ഡാ സീരിയസ്സായിട്ട്..കോണ്‍ക്രീറ്റ് ഉണ്ടാക്കുന്ന യൂനിറ്റ്സിനെ പറ്റിയാ ചോദ്യം”
അപ്പോഴേക്ക് ടീച്ചര്‍ വന്നു.
ങാ.. ഷനില്‍ പറയൂ...
ഷനില്‍ വളരെ കോണ്‍ഫിഡന്‍‌സോടെ ‘ജല്ലി & കമ്പി ടീച്ചര്‍..”
“ങേ..? എന്തോന്ന്..” (ടീച്ചര്‍ അന്തം വിട്ട മുഖത്തോടെ..)
“കമ്പി & ജല്ലി...” (ഇത്തവണ അവന്‍ ഓഡര്‍ ഒന്ന് മാറ്റിപ്പിടിച്ചു)
ക്ലാസ് മൊത്തം ചിരിക്കാന്‍ തുടങ്ങി.
ടീച്ചര്‍ക്ക് തോന്നി ഇവനെയാരോ പറ്റിച്ചതാണെന്ന്...
ടീച്ചര്‍ പറഞ്ഞു ഒന്ന് ഞാന്‍ പറയാം. “മാസ് = കിലോഗ്രാം”
“ങും.. ഇനി പറയൂ...”
“ഓ... ഒരു കിലോഗ്രാം ജല്ലി??”

പിന്നെ ക്ലാസില്‍ കൂട്ടച്ചിരി മുഴങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ അടക്കിപ്പിടിച്ച ഒരു കൊലച്ചിരിയോടെ ഒരു യമണ്ടന്‍ പാരവച്ചതിന്റെ സന്തോഷം കൊണ്ട് ഇരിക്കാനും വയ്യ, നിക്കാനും വയ്യ, കിടക്കാനും വയ്യ, നടക്കാനും വയ്യ എന്ന സ്ഥിതിയിലായി....

പപ്പൂസിന്റെ പോസ്റ്റ് വായിച്ചപ്പോ പഴയ ക്രൂരകൃത്യങ്ങള്‍ ഓര്‍മ്മവന്നു. ബട്ട്, ഷനില്‍ തീരെ കോമണ്‍സണ്‍സില്ല്ലാത്ത, ഒരേക്ലാസില്‍ ഒരുപാട് തവണ ഇരിക്കാറുള്ള മണ്ണുണ്ണിയാണേലും, യുവജനോല്‍സവം വന്നാ‍ല്‍ അവന്‍ സംവിധാനം ചെയ്യുന്ന നാടകത്തിനായിരിക്കും എന്നും ഫസ്റ്റ് A ഗ്രേഡ്..! പാവം.. അവന്‍ ഇപ്പോ എവിടെയാണോ ആവോ....

:)

[അവന്റെ സ്പോര്‍ട്ട് തമാശകള്‍ ഇവിടെ ഒരു കമന്റായി ഞാന്‍ ഉപാസനയുമായി പങ്കുവച്ചിരുന്നു.]

സ്നേഹപൂര്‍വ്വം
അഭിലാഷങ്ങള്‍...

ചിത്രകാരന്‍chithrakaran said...

നാന്നായിരിക്കുന്നു.
വിവരണത്തിന്റെ ഭംഗികാരണം മഹാഭാരതം ഒറ്റയടിക്കു വായിച്ചു
തീര്‍ത്തു :)

അപ്പൂട്ടന്‍ said...

കലക്കി മാഷേ കലക്കി. സാധാരണ രണ്ടുമൂന്നു കഥകള്‍ ഒന്നിച്ചെഴുതുന്നത് ഇത്തിരി കടുപ്പമാണ്, പക്ഷെ അസാധ്യമായൊരു വായനാസുഖം കാരണം ഇത് ഇരുന്നു വായിച്ചുപോയി.
ക്ലാസിലിരുന്ന് മാഷുടെ ലീ എണ്ണുന്നത് എന്നെ ചിലതെല്ലാം ഓര്‍മിപ്പിച്ചു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഒരു മാഷ്‌ ഇടക്കിടെ ശ് എന്ന് പറയുമായിരുന്നു, പിള്ളേര്‍ മിണ്ടിയാലും ഇല്ലെങ്കിലും. ഇതെണ്ണുന്നത് പലരുടെയും ഒരു വിനോദം, അഥവാ ഉറക്കംകൊല്ലി ആയിരുന്നു. ഹാഫ് സെഞ്ച്വറി ആയാല്‍ ചില സ്പെഷല്‍ ശബ്ദങ്ങള്‍ പിന്‍ബെഞ്ചില് നിന്നും കേള്‍ക്കാം.
ഓര്‍ക്കാനൊരു രസം.

...പകല്‍കിനാവന്‍...daYdreamEr... said...

കലക്കി അണ്ണാ...
"ചീയേഴ്സ്..."........

ബഹുവ്രീഹി said...

രസ്സ്യൻ പോസ്റ്റ് മച്ചാൻ..

johndaughter said...

Nice one pappoos...

kannan mv said...

കലക്കി, അവതരണം ഉഗ്രന്‍

ശ്രീവല്ലഭന്‍. said...

ഹഹഹ ....ചിരിപ്പിച്ചു പോസ്റ്റ് :-)

ഹാരിസ് said...

ഫസ്റ്റ് ക്ലാസ്

പപ്പൂസ് said...

പാമരോ, ടോംകിഡ്, കുട്ടിച്ചാത്തോ, ശ്രീയേ, കൂട്ടുകാരോ, കൃഷണ്ണോ, മനുവണ്ണോ, ചിത്രകാരോ, അപ്പൂട്ടോ, പകല്‍കിനാവോ, ബഹുവണ്ണോ, ജോണ്‍‌ഡോട്ടറേ, കണ്ണോ, ശ്രീവല്ലഭേട്ടോ, ഹാരിസ്സേ... താങ്ക്സുകളു തുമ്പ തുമ്പ....

അഭിലാഷങ്ങളേ, ആ കഥ കലക്കി, ഉപാസനയുടെ ബ്ലോഗിലെ ആ കഥയും വയിച്ചു. യെവന്‍ എനിക്കറിയാവുന്ന ഒരു ഷനില്‍ തന്നെയാണോന്നൊരു സംശ്യം. മലച്ച ചുണ്ട്, ഉണങ്ങിയ കോതമ്പിന്‍റെ നിറം, എപ്പഴും എന്തോ സ്വപ്നം കണ്ടെന്ന പോലെയുള്ള നില്പ്... അതൊക്കെയാണോ ലക്ഷണങ്ങള്‍? ഏതാണ്ടിതേ സ്വഭാവമായിരുന്നു അവനും. :-)

ചാത്തു, പഞ്ചജീരകഗുഡം കഴിച്ചില്ലെങ്കിലും ചെസ്റ്റ് ഉണ്ടാക്കാം, ചെസ്റ്റില്ലെങ്കിലും പെണ്ണു കെട്ടുകയും ചെയ്യാം, എല്ലാവരും സോഡ ഒഴിച്ചാണോ ഓസീയാര്‍ അടിക്കുന്നത്, സോഡ ഇല്ലെങ്കിലും ഓസീയാര്‍ അടിക്കാം. ഞാന്‍ പച്ചവെള്ളം ഒഴിച്ചാണ് അടിക്കാറുള്ളത്. പണ്ടൊരിക്കല്‍ ഓസീയാറില്‍ Maaza ചേര്‍ത്തു കുടിച്ചു നോക്കി. വേറൊരു വെറൈറ്റി ടേസ്റ്റ്. വോഡ്കയില്‍ Bacardi Breezer ചേര്‍ത്തു കഴിച്ചിട്ടുണ്ടോ. കലക്കും...

പ്രയാസി said...

ha,ha Kollam Pappoooose..nalla post..

Kinnan athu Pappoosanno!???..:)

ODO: Abhilashangallude kathayum kollam
eda ninakittoru Postakikoodarunno!??? mi mone...

kaithamullu : കൈതമുള്ള് said...

പപ്പൂസേ,
ഇന്നലെ മുതല്‍ വായിച്ച് തൊടങ്ങീതാ, ഇപ്പഴാ കഴിഞ്ഞുള്ളൂ!
(കൊഴപ്പം എന്റേതാ, ട്ടോ!)
ഗമണ്ടന്‍!

അഭിലാഷത്തിന്റെ പാരയേറ്റ ഷനില്‍ ജീവിച്ചിരിപ്പുണ്ടോ, ആവോ? ഉണ്ടെങ്കില്‍ ഒന്ന് കൈ പൊക്കിക്കേ....
(ഒരു പ്രീക്കോഷനൊക്കെ ആര്‍ക്കും നല്ലതല്ലേ...)

::: VM ::: said...

kalakki machaan ;)

മുസാഫിര്‍ said...

അങ്ങനെ കോളേജ് ജീവിതം സംഭവബഹുലമായിരുന്നു അല്ലെ.രസകരമായ എഴുത്ത്.

ഉപാസന || Upasana said...

തള്ളേ...

തകര്‍ത്ത് വാരി...
:-)
ഉപാസന

മാണിക്യം said...

"ഹൊ! പോസ്റ്റ്ന്നു വച്ചാ, ഇദ്ദാണ് പപ്പൂസ്സേ പോസ്റ്റ്!!!!"
ഒറ്റ ശ്വാസിനു മൊത്തം വായിച്ചു...
ഈ അടുത്തകാലത്ത് ഇതുപോലെ ഒര്‍ജിനലിറ്റിയുള്ള്
ഒരു പൊസ്റ്റ് വയിച്ചിട്ടില്ല....
എന്തോ പറഞ്ഞാ ഇപ്പൊ അഭിനന്ദിക്കണ്ടത് ?...
ആശംസകളോടെ മാണിക്യം..

ഷമ്മി :) said...

adipoliyaanu ketto. :)

ജെസ്സ് said...

ഞങ്ങളെ enjineering ഫസ്റ്റ് ഇയറില്‍ കെമിസ്ട്രി പഠിപ്പിച്ച ഒരു സാറുണ്ടായിരുന്നു.
പുള്ളി വായെടുത്താല്‍ " right there " എന്ന വാക്കേ പറയൂ.. അതെന്തിനായിരുന്നെന്നു ഇനീം എനിക്ക് മനസ്സിലായിട്ടില്ല. പിന്നെ ശ്രദ്ധിച്ചു തുടങ്ങിയപ്പഴല്ലേ ഇടയ്ക്കിടയ്ക്ക് " because of that " എന്ന് കൂടി പറയുന്നുണ്ടെന്ന് മനസ്സിലായത്.
ഡിഗ്രിയ്ക്ക് സുവോളജി അല്ലെങ്കില്‍ കെമിസ്ട്രി എന്ന് പത്ത് കഴിഞ്ഞപ്പോള്‍ മുതല്‍ ഉരുവിട്ട് നടന്നിരുന്ന ഞാന്‍ അങ്ങേരുടെ ക്ലാസ്സില്‍ കേറിയതോടെ കെമിസ്ട്രി വിരോധിയായി എന്നത് വിരോധാഭാസം.
പണ്ട് സ്കൂളില്‍ ക്വിസ് മല്‍സരത്തിനു മാര്‍ക്കിടുന്നത്‌ പോലെ ഇങ്ങേരുടെ ഈ വാക്കുകള്‍ ഞങ്ങള്‍ വരച്ചു എണ്ണുകയായിരുന്നു പതിവ്.
നാല് വര കഴിഞ്ഞു അഞ്ചാമത്തെ വര കുറുകെ. പിന്നേം അടുത്ത വര.
ഓരോ ക്ലാസ്സും കഴിഞ്ഞു ആര്‍ക്കാണ് കൂടുതല്‍ വരകള്‍ കിട്ടിയത് എന്നൊരു ചെക്കിന്ഗ് കൂടെ ഞങ്ങള്‍ക്കുണ്ടായിരുന്നു. ..
നന്ദി പപ്പൂസ്.. ആ പഴയ കാലം ഒരിക്കല്‍ കൂടി ഓര്മ്മിപ്പിച്ചതിനു ..
കായപ്പൊടി ചായപ്പൊടി എന്ന് കേട്ട ആ ഒന്നാം വര്‍ഷക്കാരന് എന്റെ വക ഒരു കൈ .