Wednesday, December 16, 2009

ത്‍ഫൂ, പുല്ല്! ഒലക്കേടെ മൂട്!

കുറേക്കാലമായി ചാനലായ ചാനലിലെല്ലാം രാഷ്ട്രീയക്കാര്‍ കേരളത്തില്‍ വേരുപിടിക്കുന്ന തീവ്രവാദത്തെക്കുറിച്ച് ’വിദഗ്ദ’മായി അഭിപ്രായം പറഞ്ഞു കൊണ്ടിരിക്കുന്നതു കാണുന്നു. ഇന്നിപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ നേര്‍ക്കുനേര്‍. അഭിപ്രായസ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും ഭരണഘടന തീറെഴുതിത്തന്നിട്ടുണ്ട്. ശരി. എന്നിരുന്നാലും തീവ്രവാദത്തെയും അനുബന്ധ കുറ്റകൃത്യങ്ങളെയും പറ്റി യാതൊരു ഉത്തരവാദിത്തബോധവുമില്ലാത്ത നമ്മുടെ രാഷ്ട്രീയ എമ്പോക്കികള്‍ കോങ്ക്രസ്സ്-സീപ്പീയെം വാചകക്കസര്‍ത്ത് പൊതുമാദ്ധ്യമങ്ങളില്‍ നടത്തുന്നതു കാണുമ്പോള്‍ സങ്കടവും സഹതാപവുമല്ല, നല്ല മുറ്റന്‍ കോപമാണ് വരുന്നത്. കയ്യില്‍ക്കിട്ടിയല്‍ ഇവന്‍റെയൊക്കെ പ്രസംഗം ഛര്‍ദ്ദിക്കുന്ന അണ്ണാക്കില്‍ ഒരു അഫ്‍ഗാന്‍ മോഡല്‍ ബോംബ് തിരുക്കിവക്കാനുള്ളത്ര ദേഷ്യം.

തീവ്രവാദം വളര്‍ത്തിയത് കോങ്ക്രസ്സെന്നൊരാള്‍, സീപ്പീയെം വളമിട്ടെന്ന് മറ്റൊരാള്‍, കാശു കൊടുത്തു വാങ്ങിയതായതു കൊണ്ട് മാത്രം ടീവീയെടുത്ത് എറിഞ്ഞു പൊട്ടിക്കാന്‍ തോന്നുന്നില്ല. അക്ഷരം പഠിക്കുന്നതിനും മുമ്പേ പേജു നിവര്‍ത്തി ചിത്രം ’വായിച്ചു’ തുടങ്ങി, കാലാന്തരത്തില്‍ ജീവിതത്തിന്‍റെ ഭാഗമായിപ്പോയ പത്രം വാങ്ങാതിരിക്കാനും കഴിയുന്നില്ല.

നിങ്ങള്‍ക്കിപ്പോ പണ്ടത്തത്ര വോട്ടുണ്ടോ, സീറ്റുണ്ടോ, അതു തീവ്രവാദം കൊണ്ടല്ലേ, നീയൊക്കെ പോലീസിന്‍റെ റിപ്പോര്‍ട്ട് മാറ്റി മറിച്ചില്ലേ, മറ്റവനെ ജയിലില്‍പ്പോയി കണ്ടില്ലേ, മിനിഞ്ഞാന്ന് സിഗരറ്റ് വലിച്ചില്ലേ, നിങ്ങളപ്പോ കക്കൂസില്‍ പോയില്ലേ.... എന്‍റെ ജനങ്ങളേ, എങ്ങനെ നമുക്കൊക്കെ ഇവന്മാരെ വച്ചോണ്ടിരിക്കാന്‍ കഴിയുന്നു. കേരളത്തിനോ ഇന്ത്യക്കോ അല്ല, മനുഷ്യകുലത്തിനു തന്നെ ഭീഷണിയായി മാറിക്കഴിഞ്ഞ തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇതൊക്കെ വിളിച്ചു പറയുന്നവന്‍റെ അണ്ഡകടാഹം ഞെരിച്ചു ചോര വരുത്തി വേണം കൊല്ലാന്‍.

എടോ പത്രക്കാരേ, എല്ലാ കുന്തത്തിനും കേറി അഭിപ്രായം വാങ്ങാന്‍ ഇവന്മാരുടെയൊക്കെ കാലിന്‍ചോട്ടില്‍ ചെന്നു കിടക്കാന്‍ നാണമാവുന്നില്ലേ? ഇനി ഇമ്മാതിരി ചര്‍ച്ചയൊക്കെ നടത്തണമെങ്കില്‍ നല്ല ക്രിമിനോളജിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളെയും വിവരവും ____ന് ഉറപ്പുമുള്ള പോലീസുകാരെയും ചെന്നു വിളിക്കൂ. ഇനി രാഷ്ട്രീയക്കാരെ തന്നെ വേണമെങ്കില്‍ മൂത്രമൊഴിക്കാന്‍ വരെ പാര്‍ട്ടി (പണ്ടാരം, ഈ വാക്കു കേക്കുമ്പോ കലി വരാന്‍ തുടങ്ങീട്ടുണ്ട്) പെര്‍മിഷന്‍ ചോദിക്കാന്‍ നട്ടെല്ലു വളക്കുന്ന എമ്പോക്കികളെയല്ലാതെ ആധികാരികമായി വല്ലതും പറയന്‍ കഴിയുന്ന വേറെ വല്ല ലവന്മാരും ഉണ്ടെങ്കില്‍ വിളിക്കൂ. പാര്‍ട്ടിക്കു പ്രാന്തു പിടിക്കുന്ന പോലെയാവില്ല ജനങ്ങള്‍ക്കു പ്രാന്തു പിടിച്ചാല്‍, ഓര്‍മ്മയിരിക്കട്ടെ.

ഒന്നു കൂടെ, താടി നീട്ടിയും വാക്കു കുറുക്കിയും ടീവീക്കു മുമ്പില്‍ അഭിപ്രായത്തിനെഴുന്നള്ളുന്ന പക്ഷപ്രിയരായ നിഷ്പക്ഷ നിരീക്ഷകരെയും നമുക്കു വേണ്ട. എവന്മാര്‍ക്കൊക്കെ മിനിറ്റിനാണോ ആവോ പേയ്‍മെന്‍റ്! രാഷ്ട്രീയ നിരീക്ഷകരാണു പോലും!

ഇപ്പോ നല്ല ഫിറ്റാ. നാളെ ഒന്നൂടി വായിച്ചിട്ട് മാറ്റാന്‍ വല്ലതും തോന്നിയാല്‍ മാറ്റാം. ഇത് മറ്റൊരു വിദഗ്ദാഭിപ്രായമായി മാത്രം കണക്കാക്കുക.

Wednesday, November 18, 2009

കല്ലുകള്‍ കഥ പറയുമ്പോള്‍! - 3

ഇതാണ് ഹമ്പിയിലെ പഴയ കൃഷ്ണദേവാലയം. കയറിപ്പോകേണ്ട കവാടം വരെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. 
സുല്‍ത്താന്മാര്‍ സാമാന്യം നന്നായി ഇടിച്ചു നിരപ്പാക്കിപ്പോയ വിജയനഗരം നൂറ്റാണ്ടുകളോളം അവഗണിക്കപ്പെട്ടു കിടന്നു. പിന്നീടുള്ള പുനരുദ്ധാരണങ്ങള്‍ക്കൊന്നും അതിനു പഴയ ജീവന്‍ നല്കാന്‍ കഴിഞ്ഞില്ല. യുനെസ്കോയുടെ  World Heritage Sites List ല്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയ ഇരുപത്തേഴെണ്ണത്തില്‍ ഒന്ന് ഹമ്പിയാണ്. 

1513ആം ആണ്ടില്‍ ഇന്നത്തെ ഒറീസ്സയിലെ അന്നത്തെ സാമ്രാജ്യമായിരുന്ന ഉദയഗിരി പിടിച്ചടക്കി, അവിടെ നിന്നും താങ്ങിക്കൊണ്ടു വന്ന ഒരു കൃഷ്ണവിഗ്രഹം കുത്തിനിര്‍ത്തി കൃഷ്ണദേവരായര്‍ മുന്‍കയ്യെടുത്ത് കെട്ടിപ്പൊക്കിയതാണ് ഈ ദേവാലയം. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ മാര്‍ക്കറ്റ് ഇതിനു നേരെ എതിര്‍വശത്താണുള്ളത്. 

കവാടം കടന്ന് മുന്നോട്ടു നടക്കുമ്പോള്‍ കാണുന്നത് ഒരു വലിയ മണ്ഡപമാണ്. അതിനകത്തു തന്നെയാണ് പ്രധാന ശ്രീകോവില്‍. ഇടത്തും വലത്തുമൊക്കെ കൊച്ചുകൊച്ചു പ്രതിഷ്ഠകള്‍ വേറെയുമുണ്ട്. കുഞ്ഞ്ച്ചന്‍റെ പരമഭക്തയയ ഭാര്യ പൂജ നടക്കാത്ത അമ്പലമാണെന്നതൊക്കെ മറന്ന് ഭക്തസാന്ദ്രമായി കണ്ണടച്ചാണ് നില്പും നടപ്പും.
"ഇനി വീട്ടീച്ചെന്ന് പടത്തില്‍ കാണുമ്പോ ഇതൊന്നും ഞാന്‍ കണ്ടില്ലേന്ന് ഒച്ച വച്ചേക്കരുത്."

കുഞ്ഞച്ചന്‍റെ കമന്‍റ് കേട്ടിരുന്നെങ്കില്‍ ഭക്തരമണി ഭദ്രകാളിയായി മാറിയേനെ. ഭാഗ്യം, കേട്ടില്ല!

ഇടത്തുഭാഗത്ത് കാഴ്ചക്കാരാരും അങ്ങനെ എത്തി നോക്കാത്ത ഒരു മുറി കാണുന്നു. കൗതുകം മൂത്ത് ഞാനും കുഞ്ഞച്ചനും അതിനകത്തു കേറി. 

"മോനേ, ഇതാണ് അമ്പലത്തിന്‍റെ അടുക്കള."

ഞാന്‍ കുഞ്ഞച്ചനെ നോക്കി.

"എനിക്കും തോന്നി, ഒരു വളിച്ച സാമ്പാറിന്‍റെ മണം. ഇനി പതിനാറാംനൂറ്റാണ്ടിലുണ്ടാക്കിയ സാമ്പാറെങ്ങാന്‍ വല്ല വട്ടീലോ ചെമ്പിലോ കിടപ്പുണ്ടോ അളിയാ?"

കുഞ്ഞച്ചന്‍ സീരിയസ്സായി മുപ്പതു മില്ലിയടിച്ച ഒന്നരക്കാലന്‍ പാപ്പച്ചനെപ്പോലെ കുനിഞ്ഞ് മൂക്കു വിടര്‍ത്തി നടന്നു നടന്ന് സാമ്പാറിന്‍റെ ഉദ്‍ഭവസ്ഥാനം കണ്ടെത്തി. ആട്ടുകല്ലു പോലൊരു പഴയ കല്‍ക്കുമ്പിളിനകത്ത് കെട്ടിക്കിടക്കുന്ന വെള്ളം. 

"അവസാനം കഴുകീത് പതിനാറാം നൂറ്റാണ്ടിലാണെന്നു തോന്നുന്നു."

ഒരു കമന്‍റു കൂടി പാസാക്കി കുഞ്ഞച്ചന്‍ വേഗം തിരിച്ചു നടന്നു. പഴയ ഭക്തപ്രജകള്‍ക്ക് പച്ചരിച്ചോറും സാമ്പാറും ചോളവുമൊക്കെ വച്ചു വിളമ്പി വിശ്രമിക്കുന്ന ദേഹണ്ണക്കാരന്‍ തലേക്കെട്ടഴിച്ച് വിയര്‍പ്പാറ്റുന്നതു മനസ്സില്‍ക്കണ്ട് ഞാന്‍ ഒരു മിനിറ്റു കൂടെ നിന്നു, നടന്നു. 

ദേവാലയത്തിന്‍റെ വലതു ഭാഗത്ത് മറ്റൊരു മഹാമണ്ഡപമുണ്ട്. ഇതിനകത്തുള്ള പല തൂണുകളിലായി കൊത്തിവച്ചിരികുന്നത് ദശാവതാരം ആണെന്ന് ഞാന്‍ കുഞ്ഞച്ചനോടു പറഞ്ഞു. എന്തോ കണ്ടുപിടിച്ച പോലെ അവന്‍റെ മുഖത്തൊരു ബള്‍ബ് തെളിഞ്ഞു.

"അപ്പം ഇതു കണ്ടിട്ടാവും അല്ലേ അളിയാ കമലഹാസന്‍ പടം പിടിച്ചത്!"

എന്‍റമ്മേ!! ഈ പൂതത്തോട് മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലാക്കി ഞാന്‍ തോറ്റു കൊടുത്തു.

"അതേടാ, ഇതു കണ്ടിട്ടു തന്നെ."
ഞങ്ങള്‍ ദേവാലയത്തെ വലം വച്ച് നടന്നു. ഈ പാറക്കല്ലുകളില്‍ കവിതകള്‍ കൊത്തിയെടുത്ത ശില്പികള്‍ (അവരെയും കവികളെന്നു വിളിക്കാമോ, ചുമ്മാ ;-) വാ പൊളിച്ചു നടക്കുന്ന എന്നെ നോക്കി നാലുപാടും നിന്ന് മന്ദഹസിക്കുന്നു. വിചിത്രമായ വിഭ്രമിപ്പിക്കുന്ന വിഷ്വലുകള്‍ യാത്രകളില്‍ എന്നെ പിടികൂടുന്നത് ആദ്യമല്ല. 
ദേവലയത്തിന്‍റെ പിറകില്‍ മതിലിനു വെളിയിലേക്കു നീളുന്ന ഒരാള്‍ക്കു കഷ്ടി നുഴഞ്ഞു കടക്കാവുന്ന ഒരു വഴിയുണ്ട്. അതിലൂടെ പുറത്തേക്കു നോക്കിയാല്‍ ഇടിച്ചുനിരത്തിയ അവശിഷ്ടങ്ങള്‍ പലയിടത്തായി കൂമ്പാരമിട്ടിരിക്കുന്നതു കാണാം. 
പുറത്തേക്കിറങ്ങിയതും ഷൗക്കത്ത് ഞങ്ങളെ വണ്ടിക്കകത്തേക്ക് ആട്ടിപ്പായിച്ചു. അടുത്ത സ്ഥലത്ത് ചിലവാക്കുന്ന നേരത്തിനനുസരിച്ച് ട്രിപ്പിലെ ഐറ്റംസ് ഒന്നൊന്നായി കട്ടു ചെയ്യേണ്ടി വരുമെന്ന് ഒരു വാണിംഗും തന്നു. ഹും! ആവശ്യം നമ്മുടേതായിപ്പോയി, ഇല്ലേല്‍ കാണിച്ചു തരാമായിരുന്നു! :-(

മരണസ്പീഡില്‍ പാഞ്ഞു പോയ പുള്ളി പിന്നെ നിര്‍ത്തിയത് ഒരു ബോര്‍ഡിനു മുമ്പിലാണ്. എന്നിട്ട് വലത്തോട്ടു ചൂണ്ടിക്കാണിച്ച് ’വേണേ നടന്നോ’ എന്നൊരാംഗ്യവും. ഇയാള്‍ എന്തേയിങ്ങനെ ഇറിറ്റേറ്റഡാവുന്നു എന്ന് അദ്‍ഭുതം തോന്നി. ഇനി പഴേ ജന്മത്തിലെങ്ങാന്‍ ഞാന്‍ കൃഷ്ണദേവരായറും ഇയാള്‍ സുല്‍ത്താനുമൊക്കെ ആയിരുന്നോ എന്തോ!

ഷൗക്കത്ത് ചൂണ്ടിക്കാണിച്ച വഴിയിലൂടെ, ഒരു ഓവുചാല്‍ എടുത്തു ചാടി ഞങ്ങള്‍ നടന്നു. നിങ്ങളില്‍ മിക്കവരും ഈ സംഗതി ചിത്രങ്ങളിലെങ്കിലും കണ്ടു കാണും. 1528ആം ആണ്ടില്‍ പണികഴിച്ച ഉഗ്രനരസിംഹമൂര്‍ത്തിയാണിത്. 
ഏതാണ്ട് ഇരുപത്തിരണ്ട് അടി (ആറേമുക്കാല്‍ മീറ്റര്‍) ഉയരത്തില്‍ ഒറ്റക്കല്ലില്‍ പണിത ഈ അതികായപ്രതിമ സൂക്ഷ്മമായ കൊത്തുപണികള്‍ നിറഞ്ഞതാണ്. വായ്‍ക്കകത്തെ ദംഷ്ട്രകള്‍ വരെ കൃത്യമായ പ്രൊപ്പോഷനില്‍ കൊത്തിയിരിക്കുന്നു. നല്ല ഉണ്ടക്കണ്ണും വിടര്‍ന്ന വായും ദംഷ്ട്രയുമൊക്കെയായി ആദിശേഷന്‍ വിരിച്ച വിരിപ്പില്‍ ചമ്രം പടിഞ്ഞിരിക്കുകയാണ് ചുള്ളന്‍. വിജയനഗരത്തില്‍ ലഭ്യമായിരുന്ന തരം കല്ലുകള്‍ സൂക്ഷ്മമായ കൊത്തുപണി നടത്താന്‍ കഴിയുന്നതിലും ഹാര്‍ഡ് ആയിരുന്നു. കല്ലുകളുടെ ഈ ദൗര്‍ബല്യത്തെ ശില്പികള്‍ മറി കടന്നത് ശില്പങ്ങളുടെ വലിപ്പത്തില്‍ പ്രകടമായ വര്‍ദ്ധനവു വരുത്തിയിട്ടാണ്. 

നരസിംഹന്‍ ചേട്ടന്‍റെ കൈകളും കാല്പാദവും നെഞ്ചും മാത്രമല്ല തുടയിലിരുന്ന ലക്ഷ്മിയെ വരെ വന്നവര്‍ അടിച്ചുമാറ്റിക്കളഞ്ഞിരുന്നു. (ലക്ഷ്മിയെ ഇപ്പോള്‍ കമലാപുരത്തെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ കേടുപാടുകളോടെ സൂക്ഷിച്ചിട്ടുണ്ട്.)

മനുഷ്യരുമായി റിലേറ്റ് ചെയ്ത് ഈ പ്രതിമയുടെ വലിപ്പം കാണണമെങ്കില്‍ ഇതാ. (കുഞ്ഞച്ചന്‍ എടുത്ത ഫോട്ടോ)

കര്‍ത്താവിന്‍റെ കുരിശുരൂപം എടുത്തുമാറ്റി പൂജാമുറിയില്‍ നരസിംഹന്‍റെ ഈ പടം സ്ഥാപിച്ച് നടുവില്‍ രണ്ടു കുരിശുകളുടെ തോളത്തു കയ്യിട്ടു നില്‍ക്കുന്ന ഈ വീരശൂരനെ പൂജിക്കാന്‍ വേണ്ടിയാണ് ഇതെടുത്തതെന്ന് കുഞ്ഞച്ചന്‍റെ പക്ഷം. :-)

തൊട്ടപ്പുറത്തു തന്നെ ഒരു ശിവലിംഗത്തെ ജയിലിലിട്ടു വച്ചിട്ടുണ്ട്. 
മൂന്നു മീറ്റര്‍ ഉയരമുള്ള ശിവലിംഗത്തിന്‍റെ കടക്കല്‍ നിറയെ വെള്ളമാണ്. ഇതു കടഞ്ഞെടുത്തത് കൃഷ്ണദേവരായരുടെ കാലത്ത് ജീവിച്ചിരുന്ന ഒരു നിര്‍ദ്ധനയായ സ്ത്രീയാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. 

നല്ല തെളിഞ്ഞ വെള്ളമൊഴുകുന്ന ഒരു തോടുണ്ട്, ഈ രണ്ടു പ്രതിമകള്‍ക്കും ഇടയില്‍. അവിടെ നിന്നും കാലൊക്കെ ഒന്നു നന്നായി നനച്ചു തണുപ്പിച്ച് ഞങ്ങള്‍ ഇറങ്ങി. ഷൗക്കത്ത് വണ്ടി മൂളിപ്പറപ്പിച്ചു ചെന്നു നിര്‍ത്തിയത് ഒരു ബോര്‍ഡിന്‍റെ മുന്നില്‍.
ഞാനും കുഞ്ഞച്ചനും മുഖത്തോടു മുഖം നോക്കി. പതിനാറാം നൂറ്റാണ്ടിലെ ടോയ്‍ലറ്റ് എങ്ങനെയിരിക്കുമെന്നറിയാനുള്ള ആകാംക്ഷയോടെ കുഞ്ഞച്ചന്‍ പറഞ്ഞു.

"നടക്കാം?"

(തുടരും)

Sunday, November 15, 2009

എടീ...

എട്ടാം ക്ലാസ്സില്‍ വച്ചേ
മൂന്നാം ഡെസ്കിനു (ങും... നൊസ്റ്റാള്‍ജിയ!)
മുകളില്‍ കേറിയിരുന്ന്
പാവാട വലിച്ചൂരിക്കളഞ്ഞ് (ദാ, സെക്സും!)
പോളില്ലാത്ത പോള്‍ ഡാന്‍സ് നടത്തി
എന്‍റെ ഹൃദയം ജയിച്ചോളേ,

’ഈ വണ്ടി കൊറേ ഓടും’ന്ന്
ചട്ടമ്പി സുപ്രന്‍ വരെ
പ്രവചിച്ചിട്ടും
തോളെല്ലിനു പിന്നില്‍
ചിറകുകള്‍ വലിച്ചു കെട്ടി
ആരാണ് നിന്നെ
കണ്ണും മനസ്സുമെത്താത്ത ആകാശത്തേക്ക്
പറത്തി വിട്ടത്?

ഒരവസരം താടീ,
ചിറകുകള്‍ ഇളക്കിയെടുത്ത്
ഈ മണ്ണിലിട്ടുരുട്ടി
വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി
നിന്‍റെ നഗ്നമേനി
തടവിത്തടവിത്തടവിത്തടവിത്തടവിത്തടവി (വഷളന്‍!)
എനിക്കൊന്നാസ്വദിക്കാന്‍.

Thursday, October 29, 2009

ബൂലോഗരേ, ഹെല്‍പ്പ് പ്ലീസ്...!

ഒരു കുഴപ്പം. വില്ലന്‍ വീഡിയോ (ഒരു കല്യാണം) ഡി വി ഡി ആണ്. അറിയുന്നവര്‍ സഹായിച്ച് സഹായിക്കണം. :-)

ഈ ഡി വി ഡി സാധാരണ ടിവിയില്‍ കണക്ട് ചെയ്ത ഡി വി ഡി പ്ലെയറില്‍ നന്നായി ഓടുന്നുണ്ട്. പക്ഷേ എന്‍റെ കമ്പ്യൂട്ടറില്‍ ഓടുന്നില്ല.

ഡിസ്ക് ഇട്ട് ഓട്ടോപ്ലേ കൊടുത്താല്‍ പ്ലെയര്‍ പ്രോഗ്രാം ഉടന്‍ തുറന്നു വരുന്നുണ്ട്. പക്ഷേ, ഫയല്‍ പ്ലേ ചെയ്യില്ല. വേറെ എറര്‍ സന്ദേശങ്ങള്‍ ഒന്നും കാണിക്കുന്നുമില്ല.

ഇനി, ഡിസ്ക് ഫോള്‍ഡര്‍ തുറന്നു നോക്കിയാല്‍ AUDIO_TS, VIDEO_TS എന്നീ രണ്ടു ഫോള്‍ഡറുകള്‍ കാണുന്നുണ്ട്. പക്ഷേ, കര്‍സര്‍ അവിടെ വച്ചു നോക്കിയാല്‍ Folder is Empty എന്നാണു കാണുന്നത്. ഇതാ, ഇങ്ങനെ.
AUDIO_TS, VIDEO_TS എന്നീ ഫോള്‍ഡറുകള്‍ക്കുള്ളില്‍ ഒരു ഫയലുമില്ല. രണ്ടിന്‍റെയും Folder Properties നോക്കിയാല്‍ ഇങ്ങനെ.
Size: 0 bytes
Size on disk: 0 bytes
Contains: 0 Files, 0 Folders

Samsung WriteMaster DVD Writer  ആണ് ഞാന്‍ ഉപയോഗിക്കുന്നത്. ഒ. എസ് = വിന്‍ഡോസ് എക്സ് പി + സര്‍വീസ് പാക്ക് 2, ഒറിജിനല്‍ പൈറേറ്റഡ്!

എന്താണ് കാരണമെന്ന് വല്ല ധാരണയുമുണ്ടെങ്കില്‍ പറഞ്ഞു തരണം. കാരണമില്ലെങ്കില്‍ ഒരു പ്രതിവിധിയെങ്കിലും. എന്‍റെ ആവശ്യം വളരെ സിമ്പിളാണ്, ഈ ഡിസ്കിന്‍റെ കമ്പ്യൂട്ടറില്‍ ഓടുന്ന ഒരു കോപ്പി ഉണ്ടാക്കണം. സാദാ പ്ലെയറിലോടുന്ന ഇവനെന്താ കമ്പ്യൂട്ടറിലോടാന്‍ മടി? നീറോ ഉപയോഗിച്ച് Copy DVD നടക്കുമോ എന്നു നോക്കി. നോ രക്ഷ!

എന്‍റെ കുഞ്ഞുബുദ്ധിക്കു തോന്നിയ എല്ല ഇംഗ്ലീഷ് കീവേഡുകളും ഉപയോഗിച്ച് ഞാന്‍ സെര്‍ച്ച് ചെയ്തു നോക്കി. പ്രശ്നം പലേടത്തും കണ്ടു, ഇതു പോലെ. പക്ഷേ, സൊല്യൂഷന്‍ ഇല്ല. :-(

തക്കതായ പ്രതിവിധി നല്കുന്നവര്‍ക്ക് ചൂടുള്ള പരിപ്പുവടയും കട്ടന്‍ ചായയും. വെള്ളമടിക്കുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ഓസീയാര്‍ വിത് അച്ചാര്‍! ഹായ്, എന്തു നല്ല ഓഫര്‍, അല്ലേ? ഹെല്‍പ്പ് പ്ലീസ്!!! :-)

Monday, October 26, 2009

കല്ലുകള്‍ കഥ പറയുമ്പോള്‍! - 2

"ഓഹോ, അപ്പോ നമ്മുടെ ബാലിയണ്ണനും രാക്ഷസന്‍ മായാവിയണ്ണനും കൂടി ഒരു കൊല്ലം മുഴുവന്‍ മല്ലു പിടിച്ച സ്ഥലം ഇവിടാണല്ലേ? ചുമ്മാതല്ല ഒരു പുല്ലു പോലും മുളക്കാതെ വെറും പാറ കൂടിക്കിടക്കണത്!"

പുരാണം കേട്ടപ്പോള്‍ വണ്ടിയില്‍ വച്ചു തന്നെ കുഞ്ഞച്ചന്‍റെ സംശയങ്ങളുണര്‍ന്നു. ജിജ്ഞാസ സട കുടഞ്ഞു.

"എന്നിട്ട്. ബാക്കി ചരിത്രം പറ."

"ചരിത്രമല്ലെടാ, ഇതു വരെ പറഞ്ഞതൊക്കെ പുരാണം. ചരിത്രം വേറൊരു വഴിക്കാണ്."

"നീ അധികം പുരാണം വിളമ്പണ്ട, സംഗതി പറ."

"ഓക്കേ, ക്രിസ്തുവിനു ശേഷം ഏതാണ്ട് ആയിരത്തൊന്നാമാണ്ടിലാണ് ഇപ്പഴത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും മിസ്റ്റര്‍ സുല്‍ത്താന്‍ മഹ്‍മൂദ് ഗസ്‍നിയും കുറേ പയ്യന്മാരും കൂടെ നിയന്ത്രണമില്ലാതിരുന്ന രേഖകളൊക്കെ വെട്ടി വെട്ടി നിരത്തി ഇന്ത്യയിലെത്തിയത്. പിന്നീടങ്ങോട്ട് വാരാണസിയും ഉജ്ജയിനിയും മഥുരയും ദ്വാരകയുമൊക്കെ പുള്ളി പത്തിരുപതു വര്‍ഷം കൊണ്ട് തൂത്തുവാരിയെടുത്തു. അങ്ങേരുടെ പുറകെ വന്ന കൊച്ചുസുല്‍ത്താന്മാരെല്ലാം പുള്ളി കൊള്ളയടിച്ചു മടുത്ത ഓരോ സ്ഥലത്ത് സ്ഥിരതാമസമാക്കി."

"ഗഡി കൊള്ളാമല്ലോ! നല്ല ആംപിയറു തന്നെ!"

"ങാ, 1030ല്‍ മഹ്‍മൂദ് വടിയായി. പക്ഷേ, പുറകേ വന്നവരൊക്കെ യുദ്ധം തുടര്‍ന്നു. മുന്നൂറാണ്ട് യുദ്ധത്തോടു യുദ്ധം. വടക്കേ ഇന്ത്യയിലെ സ്ഥിതി ഏതാണ്ട് ഇന്നത്തെ പാക്കിസ്ഥാനിലും കഷ്ടമായി. ടെന്‍ഷനൊഴിഞ്ഞ നേരമില്ല. തലങ്ങും വിലങ്ങും വാളുവെപ്പ്!"

"ങേ!!!!"

കുഞ്ഞച്ചന്‍ ഞെട്ടി.

"ഓസീയാറൊക്കെ പന്ത്രണ്ടാം നൂറ്റാണ്ടിലേ ഉണ്ടായിരുന്നോ അളിയാ?"

"ആ വാളുവെപ്പല്ലെടാ സാമ്രാജ്യദ്രോഹീ. ഉടവാളെടുത്ത് കഴുത്തിനു വെപ്പ്! തുടര്‍ന്ന് അലാവുദ്ദിന്‍ ഖില്‍ജി, മാലിക് ഖഫുര്‍, മുബാറക് തുടങ്ങിയവര്‍ നമ്മുടെ തെക്കന്‍ പ്രദേശത്തേക്ക് മാര്‍ച്ചു തുടങ്ങി. തുരുതുരാ യുദ്ധം. തെക്കിലെ ചിന്ന സാമ്രാജ്യമായിരുന്ന ദേവഗിരിയിലെ കുമാരന്‍ ഹരിപാലദേവനെ മുബാറക് ജീവനോടെ തൊലിയുരിച്ചതോടെ എന്‍ട്രി ഏതാണ്ട് തീരുമാനമായി. വാറംഗല്‍ തകര്‍ന്നു. മുഹമ്മദ് തുഗ്ലക്ക് ഡെല്‍ഹിയിലിരുന്നു വീശിയ വാളൊച്ച കേട്ട് തെക്കേ ഇന്ത്യയിലെ കിലോമീറ്ററുകളോളം വേരുപരന്ന പേരാലുകള്‍ വരെ കിലുകിലാ വിറച്ചു."

"ഹൊ! ഭയങ്കരന്മാര്‍! എന്നിട്ട്?"

"പൊടുന്നനെ, 1334ആം ആണ്ടില്‍ ഒറ്റയടിക്ക് എല്ലാം നിലച്ചു. പിന്നീടങ്ങോട്ട് ഒരു ഇരുന്നൂറ്റമ്പത് കൊല്ലത്തേക്ക് സുല്‍ത്താന്മാര്‍ക്ക് അവരുടെ വെന്നിക്കൊടി ഒരടി മുമ്പോട്ടു കടത്തി നാട്ടാന്‍ കഴിഞ്ഞില്ല!"

"സത്യം?!?! അതെങ്ങനെ? വാളൊച്ച കേട്ട് പേരാലു വരെ നിലം പൊത്തിയെന്നു പറഞ്ഞിട്ട്?"

"ആനേഗുണ്ടി!"

"കുടുംബം കൂടെയുള്ളപ്പോ വൃത്തികേടു പറയുന്നോടാ കഴുവേറീ?"

കുഞ്ഞച്ചന്‍ വയലന്‍റായി.

"അല്ലെഡേ. അതാ സാമ്രാജ്യത്തിന്‍റെ പേരാ. ആനെഗുണ്ടി. ദോ ഈ പുഴക്കപ്പുറം, ആ മലക്കിപ്പുറം കിടക്കുന്ന അന്നത്തെ ഗ്രേറ്റ് വാള് ഓഫ് സൗത്ത് ഇന്‍ഡ്യ."
"ഹൊ! ഈ രാജാക്കന്മാരെ സമ്മതിക്കണം. ഇമ്മാതിരി വൃത്തികെട്ട പേരൊക്കെയുള്ള സമ്രാജ്യത്ത് പ്രധാനമന്ത്രിസ്ഥാനം കിട്ടിയാലും ഞാനൊക്കെ വേണ്ടെന്നു വക്കത്തേയുള്ളൂ!"

ഞങ്ങള്‍ പുറത്തിറങ്ങി. ’വെള്ളത്തിലൊക്കെ ഇറങ്ങിക്കളിച്ച് എനിക്ക് മെനക്കേടുണ്ടാക്കരുത്, കേട്ടോടാ’ എന്ന ഭാവത്തിലൊരു നോട്ടമെറിഞ്ഞ് ഷൗക്കത്ത് അടുത്തു കണ്ട ചായക്കടയിലേക്കു നടന്നു.

"അങ്ങനെ കുഞ്ഞച്ചാ, ആ ആനെഗുണ്ടിയാണ് പിന്നീട് തെക്കേ ഇന്ത്യ മുഴുവന്‍ ഒരിക്കല്‍ കരം കൊടുത്തിരുന്ന വിജയനഗരമായി മാറിയത്."

ഞങ്ങള്‍ ഇറങ്ങി നടന്നു. തുംഗഭദ്ര പുഴയാണിത്. പൊരിവെയിലാണ്. നല്ല ചൂടും. ഒട്ടും വിയര്‍ക്കുന്നുമില്ല. നല്ല തണുത്ത വെള്ളം കണ്ടപ്പോള്‍ എനിക്ക് ആവേശമായി. ഓടിച്ചെന്ന് കയ്യും കാലും മുഖവുമൊക്കെ വെള്ളത്തിലിട്ടെടുത്തപ്പോളാണ് സമാധാനമായത്.

പണ്ട്, ആനെഗുണ്ടിയെയും ഇപ്പുറത്തുള്ള കൊച്ചുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഗ്റേറ്റ് ഗതാഗതേഷ് കൊട്ടത്തോണി (coracle) ഇപ്പഴും ഇവിടെയുണ്ട്. ചിലരൊക്കെ കൊട്ടത്തോണിയില്‍ ജലസഞ്ചാരം നടത്തുന്നു, മറ്റു ചിലര്‍ പാറപ്പുറത്തിരുന്ന് ഉച്ചവെയിലു കൊള്ളുന്നു. ഞാന്‍ കാമറയെടുത്ത് ഒന്നുന്നം പിടിച്ചു.

ക്ലിക്ക്!!!!
രണ്ടാമതൊന്നു കൂടി എടുക്കാന്‍ ഫുള്‍ സൂം ചെയ്തു.

"ക്‍ടക്... ക്‍ടക്... ക്‍ടക്... ക്‍ടക്..."

ചിത്രം പതിയും മുമ്പേ Canon S2IS കാമറ ബ്ലാങ്ക്, ബ്ലാക്ക് സ്ക്രീന്‍!! അതിനടിയിലൊരു ചെറിയ കുറിപ്പും. E18! (പിന്നങ്ങോട്ട് ഫുള്‍ സൂം ചെയ്യാന്‍ നോക്കുമ്പോളൊക്കെ ഇതേ പ്രശ്നം. പാതി സൂം ചെയ്താല്‍ ചില ഭാഗത്ത് ഫോക്കസ് കിട്ടുന്നുമില്ല! അതു കൊണ്ട് ചിത്രങ്ങള്‍ മോശമായതിനൊക്കെ കാമറയെ പറഞ്ഞാല്‍ മതിയല്ലോ! തിരിച്ച് നാട്ടിലെത്തി ഗൂഗിള്‍ ചെയ്തു നോക്കിയപ്പോളാണ് സംഗതി ലെന്‍സിന് ഇരിപ്പുറക്കാത്തതിന്‍റെ കുഴപ്പമാണെന്ന് മനസ്സിലായത്. ലെന്‍സിന്‍റെ ചെവിക്ക് ഒന്നമര്‍ത്തിപ്പിടിച്ച് ഇരുത്തിയപ്പോ സംഗതി ശരിയായി! ഈ എററിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിത്ത് ഫിക്സ് ഇവിടെ.

 മനസ്സും ശരീരവുമൊക്കെ കുളിര്‍പ്പിച്ച് ഞങ്ങള്‍ തിരിച്ചു നടന്നു.

"അല്ല കുള്ളാ, ഈ ആനെഗുണ്ടി എങ്ങനെയാ പിന്നെ വിജയനഗരമായത്?"

കുഞ്ഞച്ചന് വീണ്ടും സംശയമുണര്‍ന്നു.

"നീ മിസ്റ്റര്‍ ഹക്കരായനെയും അദ്ദേഹത്തിന്‍റെ ബ്രദര്‍ ബുക്കരായനെയും പറ്റി കേട്ടിട്ടുണ്ടോ?"

"ജമ്പനും തുമ്പനും പോലെ ഹക്കനും ബുക്കനും എന്നോ മറ്റോ ചിത്രകഥയില്‍ വായിച്ച ഓര്‍മ്മ!"

"യെസ്, അന്ത ഹക്കരായരാണ് ഈ വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്."

"ഓഹോ, അവര് കേരളത്തീന്നു വന്ന നായന്മാരായിരുന്നോ?"

"നായരല്ലെടാ കൂപമണ്ഡൂകമേ, രായര്‍! ഹക്കരായര്‍ ആനെഗുണ്ടിയുമായി ചേര്‍ന്ന് സ്ഥാപിച്ച വിജയനഗരം എന്ന കൊച്ചു പട്ടണം ബുക്കരായരും കൂടെ ചേര്‍ന്ന് വലിയ ഒരു സാമ്രാജ്യമാക്കി മാറ്റി. സുല്‍ത്താന്മാരോടുള്ള ഇവരുടെ ചെറുത്തുനില്പു കണ്ട് തമ്മിലടിച്ചു കഴിഞ്ഞിരുന്ന സൗത്തിലെ മിക്ക കുഞ്ഞുരാജാക്കന്മാരും രക്ഷക്കു വേണ്ടി ഇവരുടെ കാല്‍ക്കല്‍ കൊടുവാളു വച്ചു കീഴടങ്ങിയെന്നാണ് കേള്‍വി!"

"വാള് അവന്മാര്‍ക്കും ഒരു വീക്ക് നെസ്സായിരുന്നല്ലേ? ചുമ്മാതല്ല നമ്മളു സൗത്തന്മാര്‍ സ്ഥിരം വാളു വപ്പുകാരായി മാറിയത്!"

കുഞ്ഞച്ചന്‍റെ ആത്മഗതം കേട്ട് എനിക്കു ചിരി വന്നു. ഷൗക്കത്ത് വണ്ടി ചവിട്ടി. ഞാന്‍ ഇടത്തോട്ടു തിരിഞ്ഞു നോക്കി. ശ്രീമതിയും കുഞ്ഞച്ചനും വലത്തോട്ടും.

"വോവ്!!! വിജയനഗരം ബസാര്‍!"

ഞാന്‍ ഉത്സാഹവാനായി.

"ബസാറല്ലെടാ, ഇതേതോ അമ്പലമാ?" കുഞ്ഞച്ചന്‍റെ പ്രതികരണം.

"കരണം നോക്കിയൊന്നു തരും, ഇടിഞ്ഞു പൊളിഞ്ഞ ഈ സ്ഥലമാണോടാ അമ്പലം?"

ഇടിഞ്ഞു പൊളിഞ്ഞോ! കുഞ്ഞച്ചന്‍ എന്‍റെ നേരെ തിരിഞ്ഞു. അപ്പോളാണ് ഇടത്തേ ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പഴയ ചന്ത അവന്‍റെ കണ്ണില്‍പ്പെട്ടത്. വായില്‍ വന്ന തെറി അടക്കിപ്പിടിച്ച് തിരിഞ്ഞപ്പോളാണ് എതിര്‍വശത്ത് ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം എന്‍റെ കണ്ണില്‍പ്പെട്ടത്. ശ്രീമതിമാര്‍ രംഗം പിടി കിട്ടാതെ അന്തം വിട്ടു നോക്കുകയാണ്. ചെറുചിരിയോടെ ഞങ്ങള്‍ പുറത്തിറങ്ങി. ആദ്യം ബസാറിലേക്കു തന്നെ വച്ചു പിടിച്ചു.
റോഡ് ബസാറിനും കുറേയടി മുകളിലാണ്. പടികളിറങ്ങി ഞങ്ങള്‍ നടന്നു. കല്‍ത്തൂണുകളും കല്‍ച്ചീളുകളും വച്ച് നീളത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഒന്നാന്തരം ചന്ത. മേല്‍ക്കൂരയായി പരത്തിയ കല്‍ച്ചീളുകളിലൊക്കെ മണ്ണുനിറഞ്ഞ് പുല്ലും ചെടിയുമൊക്കെ വളരുന്നുണ്ട്. ചിത്രത്തില്‍ കാണുന്നതു പോലെ, കുറച്ചപ്പുറത്ത് കുറേക്കൂടെ വിശാലമായി കെട്ടിപ്പൊക്കിയത് ഇറങ്ങുമ്പോള്‍ത്തന്നെ കാണാം. ഞങ്ങള്‍ ആ കല്ലുകള്‍ക്കുള്ളിലേക്ക് നടന്നു കയറി.

രണ്ടു പേര്‍ക്ക് കൈ കോര്‍ത്ത് പിടിച്ച് നടന്നു പോകാന്‍ മാത്രം വീതിയുള്ള ഒരു ഇടനാഴിക പോലെയാണ് പഴയ ബസാര്‍. നടക്കുന്ന വഴിയേ ഇടതുവശത്ത് കല്ലുകൊണ്ട് ചതുരത്തില്‍ കെട്ടിത്തിരിച്ചിരിക്കുന്നു. ഞങ്ങള്‍ ആ ഇടനാഴിയിലൂടെ നടന്നു.
മരതകവും മാണിക്യവും പവിഴവും മറ്റമൂല്യരത്നങ്ങളും കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് തലപ്പാവു കെട്ടിയ പുരുഷന്മാര്‍ എന്നെ മാടിവിളിക്കുന്നു. ഇടതുവശത്തെ കല്ലുപാകിയ നിലത്ത്, വില്‍ക്കാന്‍ വച്ച കുതിരക്കും പശുവിനും പുല്ലു വാരിയിട്ടു കൊടുക്കുന്ന കൊമ്പന്‍ മീശക്കാരന്‍ എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിക്കുന്നു. മുന്തിരിയും പേരക്കയും പഴുത്ത വാഴക്കുലകളും ഒരു വശത്ത് കുന്നു കൂട്ടിയിരുന്ന് മറ്റൊരാള്‍ ’വരൂ വരൂ’ എന്ന് കൈ കാണിച്ചു വിളിക്കുന്നു. ചിത്രപ്പണി നെയ്ത വസ്ത്രങ്ങള്‍ വിടര്‍ത്തി മാറോടു ചേര്‍ത്തു പിടിച്ച് രണ്ടു സുന്ദരികള്‍ എന്നെ നോക്കി നാണം പുരണ്ട ചിരിയോടെ തല കുമ്പിടുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഈ സ്ഥലം സന്ദര്‍ശിച്ച ഡോമിന്‍ഗോ പയസ് എന്ന പോര്‍ച്ചുഗീസ് സഞ്ചാരി വിവരിച്ചു തന്ന വിജയനഗരം ബസാര്‍ എന്‍റെ മുന്നില്‍ പുനര്‍ജ്ജനി കൊള്ളുന്നതു പോലെ... വാഹ്....! മനോഹരം. എന്‍റെ ജീവിതത്തെ ഒരു അഞ്ഞൂറു വര്‍ഷം പുറകോട്ടു നടത്താനായിരുന്നെങ്കില്‍ ഞാനീ കല്ലിന്‍ചുവട്ടിലൊരു മദ്യക്കുപ്പിയുമായി ഇരുന്ന് കഥകളെഴുതിയേനെ!

മൊത്തത്തിലെടുത്താല്‍ ഏതാണ്ട്  Z  എന്നെഴുതിയതു പോലെയാണ് ബസാറിന്‍റെ കിടപ്പ്. നടുക്ക് ഒരു കുളമുണ്ട്, ദാ ഇത്.
വെയിലു വീണ്ടും വീണ്ടും മുത്തിക്കറുപ്പിച്ച് വാടിയ ശരീരത്തിന് ഞങ്ങള്‍ അല്പം വെള്ളം മുക്കിത്തളിച്ച് ജീവന്‍ പകര്‍ന്നു. തണുപ്പ് ഇടക്ക് ആശ്വാസമാവാറുണ്ട്, ഇടക്ക് അനുഭൂതിയും. ആശ്വാസം പകരുന്ന അനുഭൂതിയായി തണുപ്പിനെ അനുഭവിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമാണ്.

ഡോമിന്‍ഗോ പയസ് വിജയനഗരത്തെക്കുറിച്ചെഴുതിയ ചില അതിശയോക്തികള്‍ താഴെക്കുറിക്കുന്നു:

"നടന്നെത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന മലമ്പ്രദേശത്തു ഞാന്‍ കയറി നിന്നു നോക്കി. പല മലനിരകള്‍ക്കുമിടയിലായതിനാല്‍ നഗരം പൂര്‍ണ്ണമായി ഒരിടത്തു നിന്നും കാണാന്‍ കഴിയില്ല. എങ്കിലും റോമിനോളം വലുതും അത്ര തന്നെ മനോഹരവുമായ നഗരം എനിക്കു കാണാം. വീടുകളോടു ചേര്‍ന്ന ഉദ്യാനങ്ങളില്‍ നിറയെ വലിയ വൃക്ഷങ്ങള്‍. എല്ലായിടത്തേക്കും വെള്ളമെത്തിക്കുവാന്‍ വലിയ കനാലുകളുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട തടാകങ്ങള്‍. രാജാവിന്‍റെ കൊട്ടാരവളപ്പില്‍ നിറയെ പന പോലുള്ള ഒറ്റത്തടി വൃക്ഷങ്ങളും ഫലസസ്യങ്ങളുമാണ്. ലോകത്തിലെ ഏറ്റവും സംഭരണശേഷിയുള്ള നഗരമാണിത്. അരിയും ഗോതമ്പും ചോളവും പയറും മുതിരയും മറ്റു ധാന്യങ്ങളുമെല്ലാം ഇവര്‍ വിളയിച്ച് വലിയ സംഭരണികളില്‍ ഭക്ഷണത്തിനായി ശേഖരിച്ചു വക്കുന്നു."

ഈ ഉദ്ധരണികള്‍ മനസ്സിലോര്‍ത്തു കൊണ്ട് ഞാന്‍ എതിര്‍വശത്തു കണ്ട പൊട്ടിപ്പൊളിഞ്ഞ ദേവാലയച്ചുമരുകളിലേക്കു നോക്കി.

"നടക്കാം?"

(തുടരും)

Saturday, October 24, 2009

പഴശ്ശിരാജ: മികവിന്‍റെ മലയാളത്തനിമ

പഴശ്ശിരാജ എന്ന സിനിമ നിരാശ തോന്നിക്കാത്ത ഒരു സാധാരണ മലയാള ചിത്രം മാത്രമാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളെ വിളിച്ചു കൊണ്ടു പോയി കയ്യില്‍ രണ്ടു പോപ്‍കോണ്‍ പാക്കറ്റും പത്തുമുപ്പത് നിരാശ തോന്നിക്കാത്ത സാധാരണ മലയാള ചിത്രങ്ങളുടെ സിഡികളും കൊടുത്ത് ’ഒന്നൊന്നായി കണ്ടു തീര്‍ക്കൂ ചേട്ടാ’ എന്നു പറയാന്‍ ഒരു സാധാരണ സിനിമാസ്വാദകനെന്ന നിലയിലുള്ള എന്‍റെ അവകാശം ഞാനിന്ന്, ഇവിടെ വിനിയോഗിക്കുന്നു. ഒരു നിരൂപകന്‍റെ റോളില്‍ മസിലു പിടിച്ചിരുന്ന് സിനിമ കാണാന്‍ ഞാനിതു വരെ ശ്രമിച്ചിട്ടില്ല. ഒരു ആസ്വാദകനെന്ന നിലയില്‍ ചിലവഴിച്ച മൂന്നു മണിക്കൂറിനും ഇരുന്നൂറു രൂപക്കും ഇരട്ടി പ്രതിഫലം കിട്ടിയ സംതൃപ്തിയോടെ തിയേറ്റര്‍ വിട്ടിറങ്ങി വന്ന്, ദാ ഇവിടെ ഇരിക്കുമ്പോള്‍ ഇത്രയെങ്കിലും എഴുതിയിട്ടില്ലെങ്കില്‍ എനിക്ക് ഒരു മനസ്സമാധാനവും കിട്ടില്ല.
പഴശ്ശിരാജ മലയാള സിനിമാചരിത്രത്തിലേക്ക് ചേര്‍ക്കപ്പെടേണ്ട ഒരു ഏട് തന്നെയാണ്. സിനിമാസ്വാദകര്‍ക്ക് വ്യത്യസ്ത അഭിരുചികളുണ്ടാവും. പക്ഷേ, പഴശ്ശിരാജ ഒരു ആവറേജ് സിനിമ മാത്രമാണ് എന്ന് ഏതെങ്കിലും ആസ്വാദകന്‍ വിലയിരുത്തുകയാണെങ്കില്‍ അത് അഭിരുചിയുടെ മാത്രം പ്രശ്നമല്ല, വൈകല്യം ബാധിച്ച വീക്ഷണത്തിന്‍റെ കൂടി പ്രശ്നമാണ്. ഇത്ര മികച്ച ദൃശ്യവിരുന്നൊരുക്കിയ പടത്തിന്‍റെ പിന്നണിപ്പടയാളികള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഐ എന്‍ജോയ്‍ഡ് എവരി മൊമെന്‍റ്.

ചരിത്രത്തിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇത്ര മികച്ച ഒരു തിരക്കഥ തയ്യാറാക്കിയതിന് എം ടി വാസുദേവന്‍ നായര്‍ക്ക് ഒരു പ്രത്യേക അഭിനന്ദനം. നാടകീയമായ വികാരപ്രകടനങ്ങള്‍ വിപുലീകരിക്കാന്‍ പല സാധ്യതകള്‍ കഥാതന്തുവിലുണ്ടെങ്കില്‍പ്പോലും മികച്ച നിയന്ത്രണത്തോടെ ആറ്റിക്കുറുക്കിയെടുത്ത സംഭാഷണങ്ങളാണ് സിനിമയിലുടനീളം.

ആദ്യത്തെ പത്തുപതിനഞ്ചു മിനിറ്റ് അല്പം വലിയുന്നതായി തോന്നി. പ്രധാനകാരണം മോണോട്ടോണസ് ഡയലോഗ് ഡെലിവറി. അല്പം ശബ്ദ-ഭാവ വ്യതിയാനങ്ങള്‍ വരുത്തി കുറച്ചു കൂടി ഭംഗിയാക്കാമായിരുന്നു എന്നു തോന്നി. പക്ഷേ, പിന്നീടങ്ങോട്ട് പ്രതീക്ഷിക്കാത്ത തരത്തിലുള്ള രംഗങ്ങളുടെ പ്രളയമായിരുന്നു.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇടക്കിടെ മെല്‍ ഗിബ്സന്‍റെ അപ്പോക്കാലിപ്‍റ്റോ ഇടക്കിടെ ഓര്‍മ്മ വന്നു. പച്ചപ്പും കുതിരയും ഓട്ടവുമൊക്കെ ഒരുമിച്ചു വന്നതുകൊണ്ടാവാം. കാട്ടില്‍ വച്ചുള്ള ചില സീന്‍സ് ഞാനിന്നു വരെ ഒരു ഇന്ത്യന്‍ സിനിമയിലും കണ്ടിട്ടില്ലാത്തത്ര മനോഹരമാണ്. ഫൈറ്റ് സീനുകളിലെ പറക്കല്‍ കുറച്ചൂടെ മികച്ചതാക്കാമായിരുന്നു. അതിനു കഴിയാഞ്ഞ സ്ഥിതിക്ക് ഒഴിവാക്കുകയെങ്കിലും ചെയ്യാമായിരുന്നു.

മമ്മൂട്ടി എന്ന നടന്‍റെ കാലം കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍. കഴിഞ്ഞ കുറേ കൊല്ലമായി ആകെക്കൂടെ ഒരു ഒരേ കടലില്‍ മാത്രമാണ് അങ്ങേര്‍ ഒരു കഥാപാത്രമായി മാറിയത്. സീരിയസ് റോളുകളില്‍ ഏതാണ്ട് കോച്ചുവാതം വന്ന മനുഷ്യനെപ്പോലെ ചുണ്ടു പകുതി മാത്രം പൊക്കി സംസാരിച്ചും പട്ടണത്തില്‍ ഭൂതം പോലുള്ള ഭീകര കോമഡികളില്‍ സുരാജ് വെഞ്ഞാറയെപ്പോലെ കോമാളി കളിച്ചും നടന്ന മമ്മൂട്ടിയെ കണ്ട് മൂക്കത്ത് വിരലു വക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ഇങ്ങോര്‍ ഇതെല്ലാം പോക്കറ്റിലിട്ടോണ്ടു നടന്നത് ഈ ഫിലിമിനു വേണ്ടിയാണെന്നു തന്നെ തോന്നുന്നു. വളരെ നിയന്ത്രിതമായ അഭിനയം. പഴശ്ശിയെ ആദ്യമായി കയറ്റി വിടുന്നിടത്തു തൊട്ട് അവസാനം വരെ വളരെ നാച്വറലായ അഭിനയത്തിലൂടെ മമ്മൂട്ടി തന്‍റെ താരശോഭയുടെ പകിട്ടു തിരിച്ചു പിടിക്കുകയാണ്. ഒറ്റക്കുള്ള ആ ഫൈറ്റ് കിടിലനായിരുന്നു, ഇടക്കുള്ള ഹൈജമ്പ് ഒഴിച്ചാല്‍.
എടച്ചേന കുങ്കനായി വന്ന ശരത് കുമാറും വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പ്രേക്ഷകരുടെ കയ്യടി നോക്കി അഭിനയത്തിനു മാര്‍ക്കിട്ട ചിലര്‍ മമ്മൂട്ടിയെക്കാള്‍ ശരത് കുമാര്‍ നന്നായി എന്നു പറയും, ഞാന്‍ സമ്മതിച്ചു തരില്ല. പക്ഷേ, ശരത് കുമാറിനു വേണ്ടി ശബ്ദം കൊടുത്തതാരായാലും (അങ്ങേര്‍ തന്നെയാണോ?) കിടിലന്‍. കഥാപാത്രത്തിന്‍റെ ആത്മാവറിഞ്ഞ ഡബ്ബിംഗ്. മനോജ് കെ ജയന്‍ നന്നായി, പക്ഷേ, തന്‍റെ തന്നെ സ്ഥിരം ഭാവങ്ങളിലൊതുങ്ങിപ്പോയി.
പത്മപ്രിയ ഇനി മുതല്‍ എന്‍റെ ഫേവറിറ്റ് മലയാള നടിയായിരിക്കും. ആദ്യമായാണ് ഒരു സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അതിലെ ഒരു നടിയോട് പ്രേമം തോന്നുന്നത്. തോന്നി, സത്യം. ഈ സിനിമയില്‍ നിന്ന് എന്തെങ്കിലും ഒഴിവാക്കാന്‍ എനിക്കൊരവസരം തന്നിരുന്നെങ്കില്‍ കനിഹയെയും ആ ബ്രിട്ടീഷുകാരി പെണ്ണിനെയും ഞാന്‍ നിര്‍ദ്ദാക്ഷിണ്യം തട്ടിയേനെ. ആ റോളുകള്‍ തന്നെ അനാവശ്യമാണെന്ന തോന്നലുകള്‍ അടിവരയിട്ടുറപ്പിച്ച കരയിക്കുന്ന പ്രകടനം. ആ ചുണ്ടൊക്കെ വിതുമ്പുന്നതു കണ്ടാല്‍, എന്റമ്മോ.

യുദ്ധരംഗങ്ങളും മല്ലയുദ്ധങ്ങളുമൊക്കെ കിടിലന്‍ സ്റ്റൈലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍റെ കയ്യടക്കം ഗംഭീരം. സുരേഷ് കൃഷ്ണയുടെ അഭിനയം പോലും ഇത്രക്ക് കണ്‍ട്രോളില്‍ വരാന്‍ കാരണം ഹരിഹരന്‍റെ മിടുക്കാണെന്നേ ഞാന്‍ പറയൂ. അനാവശ്യരംഗങ്ങള്‍ ചേര്‍ത്ത് ഒരുപാടു കൊഴുപ്പിക്കാമായിരുന്ന ഒരു കഥ വേണ്ടിടത്തു വേണ്ട രംഗങ്ങള്‍ മാത്രം നിലനിര്‍ത്തി കര്‍ശന നിയന്ത്രണത്തോടെ ചിത്രീകരിച്ചതിന്‍റെ ക്രെഡിറ്റ് സംവിധായകന് സ്വന്തം.

ഞാന്‍ ഇംഗ്ലീഷ് സിനിമകള്‍ ധാരാളം കാണാറുണ്ട്. ബെന്‍ഹര്‍ എന്ന പടത്തെപ്പറ്റി ആദ്യമായി കേള്‍ക്കുന്നത് പിജിക്കു പഠിക്കുമ്പോ ഫിലിം ജേര്‍ണലിസം പേപ്പറിലാണ്. ഉടനെ സീഡിയെടുത്തു കണ്ടു. ഇടക്കൊക്കെ അല്പം ബോറടിച്ചെങ്കിലും കണ്ടു തീര്‍ത്തു. രഥയോട്ടങ്ങളൊക്കെ ഗംഭീരമായിരുന്നു. ആ പടമിറങ്ങിയ വര്‍ഷം 1959. ഞാന്‍ കാണുന്ന വര്‍ഷം 2004. അതിനിടെ അതിലും മികച്ച കുറേ കിടിലന്‍ വേള്‍ഡ് സിനിമകള്‍ കണ്ടു കഴിഞ്ഞിരുന്നതു കൊണ്ട് എനിക്ക് വലിയ സംഭവമായി തോന്നിയില്ല. ഇറങ്ങിയ കാലത്ത് പക്ഷേ അതൊരു സംഭവം തന്നെയായിരുന്നു. എനിക്ക് പഴശ്ശിരാജ ബെന്‍ഹറിനെക്കാളും ഇഷ്ടപ്പെട്ടു.

വില്യം വാലസിന്‍റെ വാള്‍ ഭൂമിയില്‍ കുത്തിനിര്‍ത്തി വാലസ് വാലസ് വിളികളോടെ യുദ്ധം തുടര്‍ന്ന ഗിബ്സന്റെ തന്നെ ബ്രേവ് ഹാര്‍ട്ട് തരിച്ചിരുന്നു കൊണ്ടാണ് കണ്ടത്. അഞ്ചടിപ്പൊക്കമുള്ള റസ്സല്‍ക്രോ മാക്സിമസ് ആയി വന്ന് മാക്സിമം പെര്‍ഫോമന്‍സ് നടത്തിയ ഗ്ലാഡിയേറ്ററിലെ ഡയലോഗുകള്‍ വരെ ഇന്നും മനസ്സിലുണ്ട്. അതുപോലെ ഗിബ്സണ്‍ ലീഡ് റോള്‍ ചെയ്ത പേട്രിയറ്റ്. അങ്ങനെ ഒരുപാടു പടങ്ങള്‍. അത്രക്കൊന്നും പറയാനില്ലെങ്കിലും ഏതാണ്ട് അതിനോടു ചേരുന്ന ഒരേയൊരു മലയാള അനുഭവമാണ് എനിക്ക് കേരളവര്‍മ്മ പഴശ്ശിരാജ.

പറയാന്‍ വിട്ടു പോയ ഒരു കാര്യം കൂടെ. ഞാന്‍ ചരിത്രം അറിയാന്‍ പുസ്തകം വായിക്കാറാണ് പതിവ്. സിനിമ കാണാറില്ല. സിനിമ കണ്ട് താല്പര്യം തോന്നി ചില ചരിത്രങ്ങള്‍ വായിച്ചറിഞ്ഞിട്ടുണ്ടെന്നതും സത്യം.

മലയാളത്തില്‍ ഇനിയും ഇതുപോലെ വലിയ തുക മുടക്കിയുള്ള നല്ല സിനിമകളുണ്ടാവാന്‍, അതിനു വേണ്ടിയെങ്കിലും, എല്ലാ മലയാളികളും കേരളവര്‍മ്മ പഴശ്ശിരാജ തിയേറ്ററുകളില്‍ പോയിത്തന്നെ കാണണം. പ്ലീസ്!

Tuesday, October 20, 2009

കല്ലുകള്‍ കഥ പറയുമ്പോള്‍! - 1

വിജയനഗര സാമ്രാജ്യം...

1512ആമാണ്ടിലെ ഒരു പുലരി. മാതംഗപര്‍വ്വതനിരകളില്‍ ഉദയസൂര്യന്‍ തലകാണിച്ചു തുടങ്ങിയതേയുള്ളു. വിഷണ്ണനായി കൊട്ടാരമുറ്റത്ത് ഉലാത്തുന്ന കൃഷ്ണദേവരായര്‍. യുദ്ധഭീതിയില്‍ കരിങ്കല്ലില്‍ പണിത കൊട്ടാരഭിത്തികള്‍ വരെ വിറകൊള്ളുന്നു. മുഖ്യകവാടം കടന്ന് പടത്തലവന്‍ പപ്പൂസ് കടന്നു വരുന്നു.

"പ്രഭോ!"

കൃഷ്ണദേവരായര്‍ തലയുയര്‍ത്തി.

"പടത്തലവന്‍ പപ്പൂസ്!! താങ്കള്‍ ജീവനോടെ തിരിച്ചെത്തിയിരിക്കുന്നോ? പരാജയത്തിന്‍റെ കയ്പു പുരണ്ട കഥകളാനല്ലോ വടക്കു നിന്നു വരുന്ന കാറ്റിനു പോലും പറയാനുള്ളത്!"

"ഹ! ഹ! ഹ! പടത്തലവന്‍ പപ്പൂസ് ജീവനോടെയിരിക്കുമ്പോള്‍ കൃഷ്ണദേവരായര്‍ക്ക് പരാജയമോ? കാവേരീതീരങ്ങളില്‍ വച്ചു തന്നെ നാം ഗംഗാരാജനെ കീഴടക്കിയിരിക്കുന്നു രാജന്‍."

"സത്യമോ?"

അദ്ഭുതപരതന്ത്രനായ കൃഷ്ണദേവരായര്‍ പപ്പൂസിനെ കെട്ടിപ്പുണര്‍ന്നു.

"ആരവിടെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തെക്കുകിഴക്കന്‍ മേഖലയിലെ നൂറ്റിമുപ്പത്തിനാലു ഗ്രാമങ്ങളും ഇരുന്നൂറ്റിപ്പന്ത്രണ്ട് കന്യകമാരെയും പടത്തലവന്‍ പപ്പൂസിനു നല്കാന്‍ നാം ഉത്തരവിടുന്നു!"

"വേണ്ട പ്രഭോ! പടത്തലവന്‍ പപ്പൂസിന് ആഡംബരങ്ങള്‍ ആവശ്യമില്ല!"

കൃഷ്ണദേവരായര്‍ വീണ്ടും അദ്ഭുതപ്പെട്ടു. പപ്പൂസിനെ തനിക്കഭിമുഖമായി നിര്‍ത്തില്‍ തോളില്‍ കൈ വച്ച് അദ്ദേഹം ഗദ്ഗദത്തോടെ ചോദിച്ചു.

"പടത്തലവന്‍, മറ്റെന്താണ്.... മറ്റെന്താണ് ഈ ദരിദ്രരാജന്‍ താങ്കള്‍ക്കു ചെയ്തു തരേണ്ടത്? ഈ സാമ്രാജ്യം മുഴുവന്‍ അവിടുത്തെ ധീരതയുടെയും പ്രയത്നത്തിന്‍റെയും മുന്നില്‍ തലകുനിക്കുകയാണ്. പറയൂ, താങ്കള്‍ക്ക് ഈ സാമ്രാജ്യം തന്നെ വേണമോ?"

"വേണ്ട രാജന്‍.... അടിയനൊരു....."

പപ്പൂസ് വിനയാന്വിതനായി.

"ഒരു....? പറയൂ പപ്പൂസ്...."

"അടിയനൊരു കുപ്പി ഓസീയാര്‍ മാത്രം മതി...!!!"

"ഹ! ഹ! ഹ!"

രാജന്‍ പൊട്ടിച്ചിരിച്ചു.

"ആരവിടെ, പടത്തലവന്‍ പപ്പൂസിനു വേണ്ടി കൊട്ടാരത്തിലെ കല്പടവുകളിറങ്ങിച്ചെല്ലുന്ന കുളം വറ്റിച്ച് അതില്‍ മദ്യം നിറക്കുവിന്‍..."

"അവിടുത്തേക്ക് തൃപ്തിയായില്ലേ, പ്രിയ പടത്തലവാ?"

പപ്പൂസ് സന്തോഷത്തോടെ തലകുലുക്കി. പെട്ടെന്ന് പുറകില്‍ നിന്നും ഒരു കൈ പപ്പൂസിന്‍റെ മുതുകില്‍ വന്നു പതിച്ചു. ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് പപ്പൂസ് ഗര്‍ജ്ജിച്ചു....

"ആരവിടേ????"

"ഞാനാണെടേ. ഡേയ്.... ഡേയ്.... എണീരെടേ, സ്ഥലമെത്തി."

ഞാന്‍ കണ്ണു മിഴിച്ചു. സ്ഥലം വിജയനഗരമല്ല, ട്രെയിനാണ്, മുമ്പില്‍ കൃഷ്ണദേവരായരല്ല, കുഞ്ഞച്ചനാണ്, ഉടവാളെന്നു കരുതി വലിച്ചൂരിയത് ഉടുതുണിയാണ്...

"ശ്ശെ, നല്ല സ്വപ്നമായിരുന്നു, നശിപ്പിച്ചു."

"അതേ, ഇനീം കിടന്ന് സ്വപ്നം കണ്ടാല്‍ ട്രെയിനങ്ങ് ഹൊസ്‍പേട്ട വിട്ടു പോവും. പിന്നെ ഹമ്പി പോയിട്ടൊരു തുമ്പിയെപ്പോലും കാണാന്‍ കിട്ടത്തില്ല."

നാലു വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് വിജയനഗരസാമ്രാജ്യത്തിന്‍റെ കീര്‍ത്തി വിളിച്ചോതുന്ന ഹമ്പി പട്ടണം കാണണമെന്നത്. ഞാന്‍ എഴുന്നേറ്റു. ശ്രീമതി ബാഗും മടിയില്‍ വച്ച് സീറ്റില്‍ കുത്തിയിരിക്കുന്നുണ്ട്.

"ഇന്നത്തെ യുദ്ധം കഴിഞ്ഞോ?"

"നീയെഴുന്നേറ്റു വാടീ, മാനം കെടുത്താതെ."

"പിന്നേ, കുഞ്ഞച്ചനല്ലേ നിങ്ങടെ ഉറക്കത്തിലെ യുദ്ധം കാണാത്തത്!"

വണ്ടി ഞരക്കത്തോടെ സ്റ്റേഷനില്‍ നിന്നു. ഞങ്ങള്‍ പുറത്തിറങ്ങി. നേരം ഏഴര കഴിഞ്ഞതേയുള്ളു, പക്ഷേ, വെയിലിനു നല്ല ചൂടുണ്ട്. ഹോട്ടല്‍ സായിനക്ഷത്രയില്‍ രാജു മുറി ബുക്കു ചെയ്തിട്ടുണ്ട്. അവനവിടെക്കാണും.

റെയില്‍വേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകള്‍ നിരന്നു കിടക്കുന്നു. പോകേണ്ട സ്ഥലം പറഞ്ഞു.

"ഹൊബ്ബര്ഗെ ഹത്തു റുപ്പായ് കൊടു ബേക്കു."

ഒരാള്‍ക്ക് പത്തു രൂപയോ!!!

കുഞ്ഞച്ചന്‍റെ രക്തം തിളച്ചു മറിയുന്ന ഒച്ച പുറത്തു കേള്‍ക്കാം. പല്ലിറുമ്മിക്കൊണ്ട് ഒന്നുമുരിയാടാതെ കുഞ്ഞച്ചന്‍ ഭാര്യയുടെ കൈ പിടിച്ച് അകത്തു കയറിയിരുന്നു. പണ്ട് ശ്രീരംഗപട്ടണത്തു വച്ച് പാര്‍ക്കിംഗ് ഫീ കൊടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു തടിമാടന്‍ ഷര്‍ട്ട് പൊക്കിക്കാണിച്ചതിനു ശേഷമാണ് കുഞ്ഞച്ചന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിശ്ശബ്ദനായി കാണപ്പെട്ടു തുടങ്ങിയത്. കുശുമ്പന്മാര്‍ പറയുന്നത് പൊക്കിപ്പിടിച്ച ഷര്‍ട്ടിനടിയില്‍ തടിമാടന്‍ എളിയില്‍ത്തിരുകി വച്ചിരുന്ന കത്തിയുടെ പിടി കാണാമായിരുന്നു എന്നാണ്.

ഹോട്ടല്‍ മുറിയിലേക്ക് ബ്രേക്ക്‍ഫാസ്റ്റ് വരുത്തിക്കഴിച്ച ശേഷം പുറത്തിറങ്ങി. രാജു പുറത്തു കാത്തു നില്‍ക്കുന്നുണ്ട്. കൂടെയൊരു ടാറ്റ ഇന്‍ഡിക്കയും. അതെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായിരുന്ന ഹമ്പിയിലേക്ക് വെറും പന്ത്രണ്ട് കിലോമീറ്റര്‍ കൂടി മാത്രം.പശ്ചിമഘട്ടം പൂര്‍വ്വഘട്ടം എന്നി നീണ്ട കരങ്ങള്‍ക്കിടയില്‍ ഒരു വലിയ ഹൃദയം പോലെ നിറഞ്ഞു മിടിക്കുന്ന ഡെക്കാന്‍ പീഢഭൂമി. വണ്ടി റോഡിലൂടെ നീങ്ങുമ്പോള്‍ ഇരു വശത്തും പാറക്കെട്ടുകളും പാറക്കുന്നുകളും മാത്രം കാണാം. മരങ്ങള്‍ അപൂര്‍വ്വം. കത്തിത്തിളക്കുന്ന വെയിലില്‍ വലിയ കരിങ്കല്‍പ്പാറകള്‍ തിളങ്ങുന്നു.
പെട്ടെന്നാണ് ഇടതുഭാഗത്ത് ഒരു കല്ലുമാളിക എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അറുനൂറു വര്‍ഷം പഴക്കമുള്ള സാമ്രാജ്യത്തിലെ കരിങ്കല്‍പ്പാളയം കണ്ടെത്തിയ ആഹ്ളാദത്തില്‍ ഞാനലറി.

"സ്റ്റോ....പ്പ്...!!!"

ഡ്രൈവര്‍ ഷൗക്കത്ത് ഞെട്ടലോടെ ആഞ്ഞു ചവിട്ടി. ശ്രീമതിയുടെ കയ്യിലിരുന്ന പോപ്‍കോണ്‍ പാക്കറ്റ് തെറിച്ച് ഗിയര്‍ബോക്സിനു മുകളില്‍. എനിക്കെന്തെങ്കിലും സംഭവിച്ചോ എന്ന വേവലാതിയോടെ കുഞ്ഞച്ചന്‍ തിരിഞ്ഞു നോക്കി.

"നോക്കെടാ, അവിടെ...."

ഞാന്‍ ആ കെട്ടിടം ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പുച്ഛഭാവത്തില്‍ ചിറി കോട്ടി.

"ഇനു ദൊഡ്ഡദു മുന്ദേ ഇദ്ദെ ഗുരോ!"

"ദൊഡ്ഡദു കാണണോ ചിക്കുദു വേണോ എന്ന് ഞങ്ങളു തീരുമാനിച്ചോളാം. താന്‍ മിണ്ടാതെ ഇവിടെയിരി."
ഇതൊരു മുഹമ്മദന്‍ ശവക്കല്ലറയാണ്. ഹൊസ്‍പേട്ട പട്ടണത്തില്‍ നിന്നും നാലോ അഞ്ചോ കിലോമീറ്റര്‍ മാത്രമേ ഞങ്ങള്‍ കടന്നു വന്നിട്ടുള്ളു. കല്ലറ ആരുടേതെന്നോ ആര്‍ക്കു വേണ്ടി പണിതുവെന്നോ ഒന്നും വ്യക്തമാക്കുന്ന അടയാളങ്ങളൊന്നും കണ്ടില്ല. പുരാവസ്തു സംരക്ഷണനിയമപ്രകാരം നിലനിര്‍ത്തിയവയാണെന്നും തൊട്ടുകളിക്കുന്നവന് മൂന്നു മാസം ജയിലില്‍ കിടക്കാമെന്നുമുള്ള ഒരു മുന്നറിയിപ്പ് കയറിച്ചെല്ലുന്നിടത്തു തന്നെ തൂക്കിയിട്ടുണ്ട്.

നല്ല വലിപ്പത്തില്‍ കെട്ടിപ്പൊക്കിയ ശവക്കല്ലറക്ക് പ്രധാനകവാടത്തിനു പുറമെ നാലു വശത്തും കവാടങ്ങളുണ്ട്. വാതിലുകളെല്ലാം വലിയ കമാനങ്ങളോടു കൂടിയതാണ്. പുറമെ എല്ലാ വശത്തും അടഞ്ഞ കമാനങ്ങള്‍ വേറെയും കാണാം. 1300ആം ആണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും വന്ന് ഡെക്കാന്‍ പ്രദേശത്ത് സ്ഥിരമാക്കിയ ’ബാഹമനി’ സുല്‍ത്താന്മാരുടെ നിര്‍മ്മാണശൈലിയുമായി കല്ലറക്ക് വളരെ സാമ്യമുള്ളതായി പറയുന്നു. ബാഹമനി കല്ലറയുടെ ഒരു സാമ്പിള്‍ ഇവിടെ കാണാം.

സാമാന്യം വെയിലു കൊണ്ടു മതിയായപ്പോള്‍ ഞങ്ങള്‍ വണ്ടിയിലേക്കു തിരിച്ചു. ഷൗക്കത്ത് വണ്ടിയുടെ മൂലക്ക് ചാരി നില്‍ക്കുന്നുണ്ട്, ’ഇവനൊക്കെ എവിടുന്നു വന്നെടാ’ എന്ന ഭാവത്തില്‍.

വണ്ടി പിന്നെ നേരെ ചെന്നു നിന്നത് ഹമ്പിയില്‍ വിരുപാക്ഷ ദേവസ്ഥാനത്തിനു മുമ്പിലാണ്. കല്ലില്‍ കൊത്തിമിനുക്കിയെടുത്ത ഒരു കവിത തന്നെയാണ് വിരുപാക്ഷ ദേവാലയം. ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കൊച്ചുവിഗ്രഹം ഈ നിലയിലായതിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. വിജയനഗരസാമ്രാജ്യത്തിന്‍റെയും ഹൊയ്‍സാല സാമ്രാജ്യത്തിന്‍റെയും ഉള്‍പ്പെടെ ഒരു സഹസ്രാബ്ദത്തിന്‍റെ ആരാധനാപുഷ്പങ്ങളേറ്റുവാങ്ങിയ, വാങ്ങിക്കൊണ്ടിരിക്കുന്ന ദേവാലയമാണിത്.ചുറ്റും കൊത്തിയെടുത്ത കരിങ്കല്ലു മാത്രം. നടവഴിയില്‍ ഇടതുവശത്തു കാണുന്ന മണ്ഡപത്തില്‍ നിറയെ കൊത്തുപണികളുള്ള സ്തൂപങ്ങളാണ്. സ്തൂപങ്ങള്‍ നിര്‍ത്തിയ തറ പോലും വൃത്തിയില്‍ ചീന്തിയെടുത്ത കരിങ്കല്‍പ്പാളികളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുതിരയുടെ ശരീരവും സിംഹത്തിന്‍റെ തലയും ആനയുടെ തുമ്പിക്കയ്യുമുള്ള വിചിത്രരൂപങ്ങളിലാണ് അന്നത്തെ ശില്പികളുടെ ഭാവനകള്‍ പ്രധാനമായും വിഹരിച്ചിരുന്നതെന്നു തോന്നുന്നു. മയിലിനെ കയ്യിലേന്തി അലറി വിളിക്കുന്ന വ്യാളീരൂപത്തിലുള്ള ജീവികള്‍, നര്‍ത്തകിമാര്‍, ശാന്തഭാവത്തിലിരിക്കുന്ന സിംഹക്കുട്ടികള്‍ തുടങ്ങി ശില്പവിഭവങ്ങള്‍ പലതാണ്.മണ്ഡപത്തിന്‍റെ വലതുവശത്ത് കയ്യെത്തും ദൂരത്തില്‍ വലിയ രണ്ടു മണികള്‍ സ്ഥാപിച്ചിരിക്കുന്നു.
ദേവാലയത്തിനുള്ളില്‍ വലതുവശത്ത് താഴേക്കിറങ്ങിപ്പോകാവുന്ന ഒരു ഭൂഗര്‍ഭ അറയുണ്ട്. കരിങ്കല്‍പ്പടവുകളിറങ്ങുന്ന വഴിയിലൂടെ ഒരാള്‍ക്കു കഷ്ടി നടക്കാം. അകത്തേക്കു കയറുന്തോറും കുറ്റാക്കൂരിരുട്ട്. തട്ടിത്തടഞ്ഞ് വീണേക്കുമോ എന്നു തോന്നി. തണുപ്പ് ശരീരത്തെ വന്നു പൊതിയുന്നു. പുറത്തെ പൊള്ളുന്ന വെയിലിലും ഈ കല്‍ഗുഹകള്‍ സമ്മാനിക്കുന്ന തണുപ്പോര്‍ത്ത് ശരീരത്തോടൊപ്പം എന്‍റെ മനസ്സും കുളിര്‍ത്തു തുടങ്ങി.

ഞങ്ങള്‍ പുറത്തേക്കു നടന്നു. വഴിയില്‍, അമ്പലത്തിന്‍റെ കവാടത്തിനുള്ളില്‍ത്തന്നെ ഒരു ആനച്ചാര്‍ ഭക്തര്‍ക്ക് ആശീര്‍വാദം കൊടുക്കുന്നുണ്ട്. പെണ്ണുങ്ങള്‍ വരുന്ന മുറക്ക് തുമ്പിക്കൈ നീട്ടി തലയില്‍ ഒരു തലോടലാണ്, പകരം ദക്ഷിണയും.അന്വേഷിച്ചപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമുള്ള ആശീര്‍വാദമാണെന്നു മനസ്സിലായി.

വണ്ടി വീണ്ടും മുരണ്ടു. മറ്റു കല്ലുകൊട്ടാരങ്ങളിലേക്ക് യാത്ര തുടരുകയാണ്. പോകുന്ന വഴിക്കിരുവശവും നേരത്തെ കണ്ടതിലും കൂടുതല്‍ പാറക്കുന്നുകള്‍. ഒരു ചെറിയ പുരാതന കെട്ടിടത്തിനു മുമ്പില്‍ വണ്ടി ചെന്നു നിന്നു. ചെറിയ തോതില്‍ കൊത്തുപണികളുള്ള തൂണുകള്‍. ഭീകരജീവികളില്ലെങ്കിലും മനുഷ്യരുടേതിനൊപ്പം തന്നെ വാലും പൊക്കി നില്‍ക്കുന്ന കുരങ്ങന്മാരുണ്ട് ഇത്തവണ തൂണുകളില്‍ ചെറുശില്പങ്ങളുടെ രൂപത്തില്‍.


കുരങ്ങന്മാരെ കണ്ടപ്പോളാണ് ഹമ്പി യാത്രയെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്ന നാളുകളില്‍ വായിച്ച ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. നമ്മുടെ ബാലിയും സുഗ്രീവനും കളിച്ചു നടന്നിരുന്ന കിഷ്കിന്ധാ രാജ്യം ഇവിടെയടുത്തെങ്ങാണ്ടായിരുന്നെന്നാണ് വര്‍ത്തമാനം. നേരത്തെ പറഞ്ഞ സ്വപ്നത്തില്‍ ഞാന്‍ കണ്ട മാതംഗ പര്‍വതമായിരുന്നത്രേ ബാലിയെപ്പേടിച്ച് സുഗ്രീവന്‍ കേറിയൊളിച്ചെന്ന് ചെറുപ്പം തൊട്ടേ കേട്ടുകൊണ്ടിരിക്കുന്ന ബാലികേറാമല. തുംഗഭദ്ര നദിക്കരയില്‍ നിന്നും കിഴക്കുഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഒരു പര്‍വ്വതമാണ് മാതംഗ. സുഗ്രീവനെ സഹായിക്കാന്‍ രാമന്‍ ബാലിയെ ഷൂട്ടു ചെയ്തു വീഴ്‍ത്തിയതുമൊക്കെ ഇവിടടുത്താണെന്നാണ് കേള്‍വി. ലങ്ക കത്തിക്കാന്‍ പോയ ഹനുമാന്‍ ശുഭവാര്‍ത്തയും കൊണ്ടു വരുന്നതും കാത്ത് രാമന്‍ കാത്തു കിടന്നത് ഹമ്പിക്കടുത്ത് മാല്യവന്ത മലയിലായിരുന്നെന്നും ആളുകള്‍ വിശ്വസിക്കുന്നു. ബാംഗ്ലൂരില്‍ വച്ചുള്ള ചില ട്രെക്കിംഗുകളില്‍ കണ്ടതു പോലെ കുരങ്ങന്മാരുടെ അതിപ്രസരമൊന്നും പക്ഷേ ഇവിടെ അനുഭവപ്പെട്ടില്ല, ശില്പങ്ങളിലല്ലാതെ.ബാലികേറാമല എന്നു പറയപ്പെടുന്ന മാതംഗമല.

കൈ കഴച്ചു, അതുകൊണ്ട് ബാക്കി അടുത്ത പോസ്റ്റില്‍.

(തുടരും)

Thursday, October 8, 2009

എന്തുകൊണ്ട് നിങ്ങള്‍ ഇരുട്ടിനെപ്പറ്റി മാത്രം സംസാരിക്കുന്നു?

"എന്തുകൊണ്ട് നിങ്ങള്‍ ഇരുട്ടിനെപ്പറ്റി മാത്രം സംസാരിക്കുന്നു?"

നേരില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം കിട്ടിയാല്‍ പലരോടും വിളിച്ചു ചോദിക്കണമെന്ന് തോന്നിയ ഒരു ചോദ്യമാണ് മുകളില്‍ കുറിച്ചിട്ടിരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2009 ഒക്ടോബര്‍ 11-17, ലക്കം 31) ബി എസ് ബിനിമിത് എഴുതിയ ’ഒന്നും സ്വകാര്യമല്ലാത്ത ലോകം’ എന്ന ലേഖനം വായിച്ചപ്പോളും മനസ്സില്‍ തോന്നിയത് ഇതേ ചോദ്യമാണ്.

"വെളിച്ചത്തെക്കുറിച്ച് നിങ്ങള്‍ക്കറിവുള്ളതല്ലേ?" എന്ന മറുചോദ്യത്തോടെ മുകളിലെ ചോദ്യത്തെ നേരിടാം. ഇരുട്ടിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അവതരിപ്പിക്കപ്പെടുന്നത് വെളിച്ചത്തെക്കുറിച്ച് അറിവില്ലാത്ത ഒരു സമൂഹത്തിനു മുന്നിലാവുമ്പോള്‍ മറുചോദ്യം അപ്രസക്തമാവുകയാണ്.

സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളുടെയും മറ്റും മേന്മകള്‍ ഒന്നൊന്നായി അക്കമിട്ടു നിരത്തി പ്രസ്തുതലേഖനത്തിലെ വിലയിരുത്തലുകളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ചില താരതമ്യങ്ങളിലൂടെ ബോദ്ധ്യപ്പെടാവുന്ന കാര്യങ്ങള്‍ക്കപ്പുറം പ്രസ്തുത ലേഖനം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും തോന്നുന്നില്ല. സമകാലികര്‍ക്ക് കാര്യമത്രപ്രസക്തമായ നിരവധി അറിവുകള്‍ ഭൂരിപക്ഷത്തിനും പകര്‍ന്നു നല്കുന്ന ഒരു മികച്ച ലേഖനം തന്നെയാണത്. ഈ സംരംഭത്തിന് ലേഖകനെ മനസ്സറിഞ്ഞ് അഭിനന്ദിക്കുമ്പോള്‍ത്തന്നെ ലേഖനത്തിലുടനീളം സ്വീകരിച്ചിരിക്കുന്ന വിമര്‍ശനാത്മക സമീപനം (Critical Approach) ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു.

മാധ്യമസ്വാതന്ത്ര്യവും ബ്ലോഗും തമ്മിലെന്താണ്?

പ്രാഥമികവിദ്യാഭാസകാലം മുതല്‍ക്കിങ്ങോട്ട് വര്‍ഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നതും അവസരത്തിലും അനവസരത്തിലുമെല്ലാം മാധ്യമങ്ങളും നേതാക്കളുമെല്ലാം പലവുരു എടുത്തു പയറ്റി വിലയിട്ടതുമായ ഒരു വാക്കാണ് മാധ്യമസ്വാതന്ത്ര്യം എന്നത്. എന്താണ് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം എന്നു ചോദിച്ചാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (a) (Right to freedom of speech and expression) യും ഇന്ത്യന്‍ വിവരാവകാശനിയമവും (Right to Information Act, 2005) ഏതൊരു ഇന്ത്യന്‍ പൗരനും പതിച്ചു നല്കിയിട്ടുള്ള അവകാശങ്ങളില്‍ കവിഞ്ഞ് ഒന്നും തന്നെയല്ല എന്നു പറയാം. എന്നു വച്ചാല്‍ എനിക്കും നിങ്ങള്‍ക്കും ഉള്ളതില്‍പ്പരം ഒരു ആവിഷ്കാര-വിവരാവകാശ സ്വാതന്ത്ര്യവും ഒരു മാധ്യമത്തിനും ഒരു മാധ്യമപ്രവര്‍ത്തകനും പ്രത്യേകമായി അവകാശപ്പെടാനില്ല എന്നു തന്നെയാണര്‍ത്ഥം. വിശദീകരണമാഗ്രഹിക്കുന്നവര്‍ക്ക് ഭരണഘടനയെടുത്ത് മറിച്ചു നോക്കുകയോ നിയമവിദഗ്ദരുമായി ബന്ധപ്പെടുകയോ ചെയ്യാം.

ആ അര്‍ത്ഥത്തില്‍ ബ്ലോഗ് ഉപയോഗിക്കുന്നവനും ട്വിറ്റര്‍ ഉപയോഗിക്കുന്നവനും ഓര്‍കുട്ടോ സ്പേസ്‍ബുക്കോ മൈസ്പേസോ ഉപയോഗിക്കുന്നവനുമെല്ലാം ’മാധ്യമപ്രവര്‍ത്തകര്‍’ തന്നെയാണ്. വിവരാവകാശനിയമത്തിലൂടെയും അല്ലാതെയും തനിക്കു കിട്ടിയ വിവരങ്ങള്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ (media) പങ്കുവക്കുന്നവര്‍. (എന്നു വച്ച് പിണറായി മാധ്യമപ്രവര്‍ത്തകരെ കുറ്റം പറയുമ്പോള്‍ നമ്മള്‍ കല്ലെറിയാന്‍ പോവേണ്ട കാര്യമില്ല ;-). ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മേല്‍ ആരോപിക്കാവുന്ന ഒരു പ്രധാന വ്യത്യസ്ത സ്വഭാവം ഒരു പക്ഷേ വ്യക്തമായ geographical boundaries ഇല്ല എന്നതായിരിക്കും.

അപകീര്‍ത്തി കേസുകളെക്കുറിച്ച്...

മൂന്നു പേര്‍ കൂടുന്നിടത്ത് ഒരാള്‍ മറ്റൊരാളോട് പറയുന്ന ഒരു കാര്യം അയാളുടെ സാമൂഹ്യപരിവേഷത്തിന് കോട്ടം തട്ടിക്കുന്നതാണ് എന്ന് മൂന്നാമന് തോന്നുകയാണെങ്കില്‍ അപകീര്‍ത്തിക്കേസിന് വകുപ്പുണ്ട് എന്നു ലളിതമായി പറയാം. ഈ യുക്തി മനുഷ്യര്‍ക്കും മുഖ്യധാരാമാധ്യമങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും മറ്റു സൈറ്റുകള്‍ക്കുമെല്ലാം ഒരു പോലെ ബാധകം തന്നെ. പ്രധാന പ്രതിവാദം പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുകയാണ്. ഉണ്ടെന്ന് കോടതിക്ക് ബോധ്യമായാല്‍ തടി കേടാകാതെ ഇറങ്ങിപ്പോരാം. ഇതും ഇപ്പറഞ്ഞ എല്ലാ ഗ്രൂപ്പുകള്‍ക്കും ഒരുപോലെ ബാധകമാണ്.

മാധ്യമങ്ങളും കലകാരന്മാരും സമുന്നതജനകീയനേതാക്കന്മാരും സാമാന്യജനങ്ങളുമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്കും തന്താങ്ങള്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ പുലിവാലും ശേഷം വക്കീലിന്‍റെ ഗൗണ്‍വാലുമെല്ലാം പിടിക്കേണ്ടി വന്നിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങള്‍ ഇടപെടുന്ന ഓണ്‍ലൈന്‍ സമൂഹത്തില്‍ സ്വഭാവികമായും ഇത്തരം പ്രവണതകള്‍ ഉണ്ടാവേണ്ടതു തന്നെയാണ്. അതിനെ അപവാദമായി പൊക്കിപ്പിടിച്ചു പറയുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ പിശക്. അത് അപവാദമല്ല, മറിച്ച് സാമാന്യമാണ്.

ബ്ലോഗ് എങ്ങനെയാണ് സ്വതന്ത്രമാധ്യമമാവുന്നത്?

സ്വതന്ത്രമാധ്യമമെന്നും സിറ്റിസണ്‍ ജേണലിസമെന്നും ബ്ലോഗിനു കല്പിച്ചു നല്കിയ പദവിക്കെതിരെ ചില കോടതിവിധികള്‍ ചോദ്യം ഉയര്‍ത്തുന്നു എന്നു ലേഖകന്‍ പറയുന്നു. പലതവണ പലരും പറഞ്ഞു പഴകിയ കാര്യമാണെങ്കിലും വീണ്ടും വിളിച്ചു പറയേണ്ടി വരുന്നതില്‍ ഖേദം. ബ്ലോഗ് സ്വതന്ത്രമാധ്യമമാവുന്നത് എന്തും അതിലൂടെ വിളിച്ചു പറയാം എന്നതു കൊണ്ടല്ല. സ്വന്തം യുക്തിക്കു ബോധ്യമാവുന കാര്യങ്ങള്‍ മറ്റുള്ളവരുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാവാതെ പൊതുജനസമക്ഷം ഉയര്‍ത്താം എന്നതുകൊണ്ടാണ്. അതായത്, എന്‍റെ ലേഖനം എത്രതന്നെ മഹത്തരമെങ്കിലും മാതൃഭൂമിയുടെ ലിഖിതവും അലിഖിതവുമായ നയങ്ങളോടു ചേര്‍ന്നു പോകുന്നില്ലെങ്കില്‍ അത് എനിക്ക് മറ്റൊരിടത്ത് പ്രസിദ്ധീകരിക്കേണ്ടി വരും. എല്ലാവരും കയ്യൊഴിഞ്ഞ് സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങാന്‍ തുട്ടില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍, എനിക്കാവശ്യമുള്ള മറ്റൊരിടമായി മാറുകയാണ് ബ്ലോഗ്. ഇങ്ങനെയുള്ള ചില കാര്യങ്ങളാണ് സ്വാതന്ത്ര്യം എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അല്ലാതെ എന്തും എഴുതുവാനുള്ള ലൈസന്‍സ് അല്ല.

മലയാളം ബ്ലോഗുകള്‍ ഇനിയുമൊരുപാട് വളരാനുണ്ടെന്ന ലേഖകന്‍റെ വാദം തീര്‍ത്തും അംഗീകരിക്കുന്നു. സമയം ആവശ്യമുള്ള ഒരു പ്രതിഭാസമാണ് വളര്‍ച്ച, നെറ്റിലും ജീവിതത്തിലുമെല്ലാം. അതേ സമയം നിത്യജീവിതത്തിലെന്ന പോലെ അനൗപചാരികമായ ഒരു ഇടപെടല്‍ ബ്ലോഗില്‍ കാണുമ്പോള്‍ അതിനെ ’ഗൗരവമില്ലായ്മ’ എന്നു വിളിക്കുന്നത് അബദ്ധമാണെന്ന് തോന്നുന്നു. മുഖ്യധാരാമാധ്യമങ്ങളില്‍ നിന്ന് വേര്‍പെട്ട് ഒരു കമ്യൂണിറ്റി സ്പേസ് കൂടിയാണ് ബ്ലോഗ്. അതിന്‍റെ ഒരു സ്വാഭാവിക പ്രതിഫലനം മാത്രമാണ് ഈ അനൗപചാരികത, അല്ലെങ്കില്‍, ലേഖകന്‍ പറയുന്ന ഗൗരവമില്ലായ്മ. അതു തന്നെയാനിതിന്‍റെ പ്രത്യേകതയും.

നൂറു ശതമാനം ഗൗരവമേറിയ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന എത്ര മാധ്യമങ്ങളുണ്ടിവിടെ? ദൃശ്യമാധ്യമങ്ങളില്‍ കൂടിയ പങ്കും എന്‍റര്‍ടെയ്‍ന്‍മെന്‍റ് ചാനലുകളാണ്. വാര്‍ത്താചാനലുകളും മറ്റു ഗൗരവവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചാനലുകളും പലപ്പോഴും സരസമായ ഉല്ലാസപ്പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. കാരണം ഉല്ലാസം മനുഷ്യന്‍റെ അത്യാവശ്യങ്ങളില്‍ ഒന്നാണ്. കച്ചവടങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ഉല്ലാസത്തിനും തമാശക്കും എന്തിന്, ലൈംഗികതക്കും വരെ എക്സ്‍ക്ലൂസിവ് മാസികകളും വാരികകളുമുണ്ട്. ഇതുപോലെ വിവിധമേഖലകളെ പ്രതിപാദിക്കുന്ന സൈറ്റുകളിലൂം ബ്ലോഗുകളിലും ’ഹ്യൂമന്‍ ഇന്‍ററസ്റ്റ്’ വിഷയങ്ങള്‍ അധികമായതിന് മറ്റൊരു ന്യായം തേടേണ്ട കാര്യമില്ല. ചിന്തയുള്‍പ്പെടെയുള്ള അഗ്രിഗേറ്ററുകള്‍ ബ്ലോഗുകളെ കാറ്റഗറൈസ് ചെയ്ത് കാണിക്കുന്നുമുണ്ട്. കൂടാതെ, ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള മുഖ്യധാരാ പത്രങ്ങള്‍ ഒന്നാംപേജില്‍ വിഡ്ഢിത്തങ്ങള്‍ വിളമ്പിയതിന് പല ഉദാഹരണങ്ങളും നമ്മുടെ കയ്യിലുണ്ട്. ബ്ലോഗിലെന്താ, ഇതെല്ലാം സംഭവിച്ചു കൂടേ?

ലേഖനത്തിന്‍റെ ടൈറ്റില്‍ മാറ്ററായ സ്വകാര്യതയുടെ കാര്യത്തിലേക്ക് വരാം. സാമ്പത്തിക ഇടപാടുകള്‍ ഒഴിച്ചുള്ള കാര്യങ്ങളില്‍ നിങ്ങള്‍ പുറത്തു വിടുന്ന സ്വകാര്യവിവരങ്ങള്‍ സത്യസന്ധമായിരിക്കണമെന്ന് ഒരു സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റും ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഒരു പക്ഷേ, എ മെയില്‍ ഐഡി വെരിഫിക്കേഷന്‍ ആവശ്യപ്പെടാം. നെറ്റ് എന്ന ലോകത്ത് നിങ്ങളുടെ പ്രധാന ഐഡെന്‍റിറ്റി ഒരു പക്ഷേ ഇ മെയില്‍ ഐഡി ആയിരിക്കും. മറ്റു വിവരങ്ങള്‍ ശരിയാണോ എന്ന് അന്വേഷിക്കാനോ സ്ഥീരീകരിക്കാനോ നിലവില്‍ സംവിധാനങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല എന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളില്‍ ഇടപെടുന്ന ഭൂരിപക്ഷം പേരും ഈ തിരിച്ചറിവോടു കൂടിത്തന്നെയാണ് ഇവിടങ്ങളില്‍ വിഹരിക്കുന്നത് എന്നു തന്നെയാണ് എന്‍റെ വിശ്വാസം. ’ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന തലക്കെട്ടിലെ ’ഒന്നും’ എന്ന വാക്കിനെ ന്യായീകരിക്കുന്ന ഒന്നും എനിക്കു ലേഖനത്തില്‍ വായിച്ചെടുക്കാനുമായില്ല.

സാമാന്യസാമൂഹ്യജീവിതത്തിലെന്ന പോലെ, കോടിക്കണക്കിന് ആളുകള്‍ ഇടപെടുന്ന സൈബര്‍സ്പേസില്‍ തട്ടിപ്പും വിഡ്ഢിത്തവും കുറ്റകൃത്യങ്ങളും കേസും ഉണ്ടാവുന്നത് സ്വാഭാവികം. പല കമ്യൂണിക്കേഷന്‍ കണ്‍സെപ്‍റ്റുകളെയും നൊടിയിടക്കുള്ളില്‍ വിപ്ലവാത്മകമായി മാറ്റിമറിച്ച ഒരു പ്രതിഭാസത്തിന്‍റെ ചില്ലറ പാര്‍ശ്വഫലങ്ങളെന്നതിലുപരി ഈ കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ പ്രാധാന്യം കല്പിക്കുന്നില്ല. എല്ലാം കുറ്റമറ്റതാവണമെങ്കില്‍ ആദ്യം സമൂഹം കുറ്റമറ്റതാവണം.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ വായനക്കാരില്‍ ഭൂരിഭാഗം പേരും ബ്ലോഗ്-സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് മേഖലകളില്‍ ഇടപെടുന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനുള്‍പ്പെടെയുള്ള അവരുടെ മക്കള്‍ തീര്‍ച്ചയായും അങ്ങനെയുള്ളവരാണെങ്കില്‍പ്പോലും. അതുകൊണ്ടു തന്നെ വളരെ മികച്ച റിസര്‍ച്ചുകള്‍ക്കു ശേഷം പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിച്ച സന്തോഷത്തോടെയും ഉടനീളം സ്വീകരിച്ച വിമര്‍ശനാത്മകസമീപനത്തോട് ഒട്ടൊരു പരിഭവത്തോടു കൂടെയും ഇതിവിടെ കുറിച്ചിടേണ്ടി വരുന്നു.

Monday, September 14, 2009

ഹനാന്‍, എന്താണ് സത്യം? ചില നിരീക്ഷണങ്ങള്‍

ഹനാന്‍ ബിന്‍ത് ഹാഷിം തീര്‍ച്ചയായും ഒരു പ്രതിഭ തന്നെയാണ്. ഭൂമുഖത്ത് പിറന്നു വീഴുന്ന ഓരോ കുരുന്നിലും ഒരു പ്രതിഭ ഒളിച്ചിരിക്കുന്നു എന്നാണെന്‍റെ വിശ്വാസം. പ്രതിഭയുടെ നിര്‍വചനത്തില്‍ നാം ഉള്‍പ്പെടുത്താന്‍ വിട്ടു പോയ മേഖലകളും നിരന്തരം പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കുന്ന അറിവെന്നറിയപ്പെടുന്ന മുന്‍വിധികളുമായിരിക്കണം ഏവര്‍ക്കും പത്രത്താളുകളില്‍ ജീവിക്കാന്‍ കഴിയാതെ പോയതിന്‍റെ കാരണം.

ഹനാന്‍ പ്രതിഭയാണെന്നു പറയുന്നത് ഇന്നത്തെ മാതൃഭൂമി വാര്‍ത്തയിലെ വിവരക്കേടുകള്‍ മുഖവിലക്കെടുത്തിട്ടല്ല, അതിലെ ഒരു വാചകം വിശ്വസിച്ചു കൊണ്ടാണ്. മസാച്ചുസെറ്റ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കിയ 3600 ഓളം അന്താരാഷ്ട്രവിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിച്ചില്വാനം പേരില്‍ ഒരാള്‍ ഹനാന്‍ ആണെങ്കില്‍, അതു കൊണ്ടാണ്.

വാര്‍ത്ത വായിക്കാന്‍ മറക്കില്ലല്ലോ.

അബ്ദുല്‍ കലാം, ബാരാക് ഒബാമ, നീല്‍ ആംസ്ടോങ് തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍ എടുത്തുപയോഗിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളെപ്പറ്റി വാര്‍ത്തയെഴുതിയ സിസി ജേക്കബ് ആലോചിട്ടുണ്ടോ എന്നെനിക്കു നിശ്ചയമില്ല. വിളിച്ചു പറയുന്നത് അര്‍ദ്ധസത്യങ്ങളായിരിക്കരുതെന്ന നിര്‍ബന്ധബുദ്ധി സമീപകാല പത്രമാദ്ധ്യമങ്ങള്‍ക്ക് തീരെയില്ല എന്ന് നല്ല ബോദ്ധ്യമുണ്ടെങ്കില്‍ പോലും.

ഇന്ന് ഓഫീസില്‍ സാമാന്യം ജോലിയുള്ള ദിവസമായിരുന്നു. അല്ലെങ്കിലും ജോലി കൂടുതലുള്ള സമയത്ത് നെറ്റില്‍ തപ്പിക്കൊണ്ടിരിക്കാന്‍ എനിക്ക് വല്ലാത്ത ആവേശമാണ്. ഇന്ന് രാവിലെ ഏഴുമണിക്ക് തന്നെ മാതൃഭൂമി വിഷയവും തന്നതു കൊണ്ട് വിഷമിക്കേണ്ടി വന്നില്ല.

"നാസയുടെ ഹൂസ്റ്റണിലെ സ്പേസ് സ്കൂളില്‍ നിന്ന് കഴിഞ്ഞ മേയിലാണ് സ്പേസ് ആന്‍ഡ് സയന്‍സ് ടെക്നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്." (മാതൃഭൂമി)

ഹൂസ്റ്റണ്‍ സ്പേസ് സെന്‍ററിലെ സ്പേസ് സ്കൂളില്‍ നല്‍കുന്ന ബിരുദമെന്തെന്ന് നോക്കാം.
http://www.spacecenter.org/SpaceSchool.html

ഒരു കൂട്ടം തല്പരവിദ്യാര്‍ത്ഥികളില്‍ ഉത്സാഹം വളര്‍ത്താനായി നല്‍കുന്ന അവസരമാണ് സ്പേസ് സ്കൂളിലെ ഈ പ്രോഗ്രാം. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡീഫാള്‍ട്ട് ആയി ഒരു ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്ന് ഞാന്‍ അനുമാനിക്കുന്നു.

ആസ്ത്രേല്യയിലെ Young Astronauts Australia Engineering School ഇതിനു വേണ്ടി വിദ്യാര്‍ത്ഥികളെ ക്ഷണിച്ചത് ഇവിടെ കാണാം.

Australian Science students who are thinking of following a career in either science, technology
or engineering to apply for this NASA Space Engineering course to be conducted at NASA’s
Johnson Space Center Houston from September 26th to October 6th 2009. On completion of the course students will receive their graduation certificate.

സംഗതി പത്തു ദിവസത്തെ പരിപാടിയാണ്. അവരുടെ വിജ്ഞാപനത്തിലെ ചെലവുവിവരം ഇവിടെ.


"ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍ വച്ച് ഹനാന്‍ സ്വയം രൂപകല്പന ചെയ്തു. പരീക്ഷണാര്‍ത്ഥം നാസ ഇത് സ്വല്പദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്പന നല്കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കാനുള്ള റോവറിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണിപ്പോള്‍." (മാതൃഭൂമി)

ഇന്ത്യ വിക്ഷേപിച്ച ഓരോ റോക്കറ്റും ഇന്ത്യന്‍മഹാസമുദ്രത്തില്‍ അലമാല തീര്‍ത്തു കൊണ്ടിരുന്ന കാലത്ത് കോഴിക്കോട്ട് പിറന്നു വീണ പെണ്‍കുട്ടി പതിനഞ്ചു വര്‍ഷത്തെ ലോകപരിചയം കൊണ്ട് റോക്കറ്റ് രൂപകല്പന ചെയ്തെന്നു വായിച്ചപോളാണ് എനിക്കീ വാര്‍ത്തയെപ്പറ്റി സംശയം തോന്നിത്തുടങ്ങിയത്. വസ്തുതകളെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് എഴുത്തുകാരിയെങ്കില്‍ അവരും പ്രസിദ്ധപ്പെടുത്താന്‍ അനുമതി നല്‍കിയത് പത്രാധിപരെങ്കില്‍ അവരും ഇതിന് വിശദീകരണം നല്കാന്‍ ബാദ്ധ്യസ്ഥരാണ്.

നേരത്തെ കണ്ട ആസ്ത്രേല്യക്കാര്‍ പറയുന്നതു പ്രകാരം സ്പേസ് സ്കൂളില്‍ രൂപകല്പന ചെയ്ത റോക്കറ്റ് ഇങ്ങനെയാണ്.

Image Courtesy: http://www.yassa.com.au/protected/day4.html

മുഴുവന്‍ ചിത്രങ്ങളും ഇവിടെ കാണാം.

ഹനാനെ ഗൂഗിളില്‍ തിരഞ്ഞപ്പോളാണ് ഇങ്ങനെ ഒരു ആര്‍ട്ടിക്കിള്‍ ശ്രദ്ധയില്‍ പെട്ടത്:

ഇതില്‍ "Absolute Theory of Zero is a new mathematical system which explains the established theories in a different light. Through the theory I’m trying to explain that the speed of light is not constant always," she explains.

തന്‍റെ തിയറിയിലൂടെ പ്രകാശത്തിന്‍റെ വേഗം മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഹനാന്‍ പറയാനുദ്ദേശിക്കുന്നത്. ഹനാന് അഞ്ചു വയസ്സു പ്രായമുള്ളപ്പോള്‍ വന്നതെന്നു വിശ്വസിക്കാവുന്ന ഒരു വാര്‍ത്ത ഇവിടെ.

John Moffat എന്നൊരാള്‍ അന്ന്, 1999ല്‍ പറഞ്ഞ ഒരു ഊഹമാണിത്.

ഈ മാതൃഭൂമി വാര്‍ത്ത ഞാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചേനെ, ഇത്രക്കും അവിശ്വസനീയത കലര്‍ത്തിയിരുന്നില്ലെങ്കില്‍. പറഞ്ഞതില്‍ പലതും അര്‍ദ്ധസത്യങ്ങളെന്നു കണ്ടതോടെ, പറഞ്ഞ മറ്റു പലതും അസത്യമായേക്കുമോ എന്നു ഭയപ്പെട്ടു പോവുകയാണ് കുഞ്ഞു ഹനാന്‍ ഞാന്‍. കലാമിന്‍റെ അംഗീകാരവും ഒബാമയുടെ ക്ഷണവും നീല്‍ ആംസ്ടോങ്ങിന്‍റെ നിന്നെ കാണണമെന്ന ആഗ്രഹവുമുള്‍പ്പെടെ.

ഈ വാര്‍ത്ത സാമാന്യപ്രതിഭാമതികളായ വിദ്യാര്‍ത്ഥികളിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഭയപ്പെട്ടു പോവുന്നു. ഹനാനെ മാതൃകയാക്കി മൂന്നു മണിക്ക് ഉറക്കമുണര്‍ന്ന് ബാത്ത് ടബ്ബില്‍ കിടക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളോടാവശ്യപ്പെടാന്‍ മടിയില്ലാത്ത മാതാപിതാക്കളുള്ള നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത് എന്നതു കൊണ്ടു വിശേഷിച്ചും.

എന്തെങ്കിലും കാരണവശാല്‍ ഈ വാര്‍ത്തയില്‍ വസ്തുതാപരമായ പിശകുകള്‍ വന്നു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു തിരുത്തി മാതൃക കാണിക്കാന്‍ മാതൃഭൂമി തയാറാവുമെന്ന് പ്രതീക്ഷിക്കുന്നു.

പത്രമാദ്ധ്യമങ്ങള്‍ വിരിച്ചു തരുന്ന പ്രശസ്തിയുടെ മെത്തയില്‍ കിടന്ന് ഹനാന്‍ തന്‍റെ പ്രതിഭയെ നശിപ്പിക്കാതിരിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു.

Friday, June 26, 2009

ഈ പ്രതിപക്ഷത്തിന്‍റെ ഒരു കാര്യം!

ഈ പ്രതിപക്ഷത്തിന്‍റെ ഒരു കാര്യം! മാതൃഭൂമീടേം...


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

എനിക്കിതു കണ്ടപ്പോ തമാശ തോന്നി എന്നു കരുതി എല്ലാര്‍ക്കും തോന്നിക്കൊള്ളണമെന്നില്ല! :-)

Tuesday, June 2, 2009

കഥ: ഹാര്‍മ്മോണിയം

കുറ്റിക്കാടും പാടവും ഇടവഴിയും തൂക്കുപാലവും നൂറടി വീതിയുള്ള ടാര്‍ റോഡും കടന്ന് ഗോപീകൃഷ്ണന്‍ നടന്നു നീങ്ങി. പിന്നിട്ട വഴികളിലെവിടെയൊക്കെയോ വിയര്‍പ്പ് ഇറ്റു വീണിരുന്നു. വേലിച്ചെടികള്‍ വിങ്ങിപ്പൊഴിച്ച നീലപ്പൂക്കള്‍ കാല്പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. തൊട്ടാവാടി മുള്ളുകള്‍ ഉടുമുണ്ടിന്‍റെ തുമ്പിലുടക്കി പുറകോട്ട് വേദന പകുത്ത് വലിച്ചിരുന്നു.

തോളില്‍ ഭാരമുള്ള ചുമടാണ്. ജീവിതത്തോളം വരുന്ന ഭാരം. വെള്ളത്തുണിയില്‍ കെട്ടിപ്പൊതിഞ്ഞ്, ചൂടിക്കയറിട്ട് വലിച്ചു കെട്ടിയ ഭാരം. എത്ര ഒതുക്കി ചുമലില്‍ താങ്ങി നിര്‍ത്തിയിട്ടും പിറകോട്ടായുന്നു, ചുമട്.

ആഹ്... അസഹ്യമായ ദാഹം! ഭാണ്ഡക്കെട്ട് നിലത്ത് വച്ച് ഗോപീകൃഷ്ണന്‍ കുനിഞ്ഞിരുന്നു.

ചെവിക്കൂടിലേക്ക് ഇഴഞ്ഞു കയറുന്ന സംഗീതം. അയാള്‍ ചെവി വട്ടം പിടിച്ചു. ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പയ്യന്‍റെ ചെവിയിലെ ഇയര്‍ഫോണില്‍ നിന്ന് കാറ്റ് കവര്‍ന്നെടുത്ത് ഗോപീകൃഷ്ണന് നല്‍കിയ താളം.

ധമുക്ക് ധം... ധം.... ധമുക്ക് ധം... ധം....

ഭാണ്ഡക്കെട്ടില്‍ മുറുകിയിരുന്ന വിരലുകള്‍ പതിയെ അയയുന്നു. സംഗീതത്തിനൊത്ത താളത്തില്‍ ഉണരുന്നു. ചില വിസ്മയക്കാഴ്ചകളിലേക്ക് മനസ്സ് പറന്നു തുടങ്ങുന്നു. നിത്യപ്രണയത്തിന്‍റെ നേര്‍ത്ത മൂടുപടം മനസ്സിനെ അശാന്തിയുടെ പടുകുഴിയിലേക്ക് പിച്ചിച്ചീന്തിയെറിയുന്നു. താളത്തില്‍ മുറുകിയ ഗോപീകൃഷ്ണന്‍റെ വിരലുകള്‍ നിശ്ചലമായി, ഭാണ്ഡത്തില്‍ വേദനയോടെ ഞെരിഞ്ഞമരുന്നു.

നശിക്കട്ടെ, സംഗീതം!

നേര്‍ത്ത ഇരമ്പലോടെ, സംഗീതത്തെ മൂടിക്കൊണ്ട് ബസ്സ് വന്നു നിന്നു. ഇടതുവശത്ത് സൈഡ് സീറ്റിലിരുന്ന് ഗോപീകൃഷ്ണന്‍ പുറത്തേക്ക് നോക്കി. കാഴ്ചകള്‍ കണ്ണില്‍ നിന്നിറങ്ങിയോടുന്നു. പാട്ട് കേട്ടുകൊണ്ട് ബസ്റ്റോപ്പിലുണ്ടായിരുന്ന പയ്യന്‍ അയളുടെ അരികില്‍ വന്നിരുന്നു. ഗോപീകൃഷ്ണന്‍ ഭാണ്ഡത്തില്‍ പിടി മുറുക്കി.

ധമുക്ക് ധം.... ധം... ധമുക്ക് ധം.... ധം...

ഹൊ! അസഹ്യം. പുറംകാഴ്ചകളുടെ ലോകത്ത് ചിന്തകളെ മറിച്ചിതേയുള്ളു. അപ്പോളേക്കും വരുന്നു, ഓരോന്നോര്‍മ്മപ്പെടുത്താന്‍. എങ്കിലും സ്വയമറിയാതെ അയാളുടെ വിരലുകള്‍ ആ സംഗീതത്തിനൊത്ത് താളമിടാന്‍ തുടങ്ങി.

"ധധമ്മാ....."

പെട്ടെന്നൊരു വിളി. എവിടെ നിന്നാണ്? താനല്ലാതെ മറ്റാരും അങ്ങനെ വിളിക്കാറില്ലല്ലോ, സീതമ്മയെ.

സീതമ്മ....

കറുപ്പിന് ഏഴും എട്ടുമല്ല അഴക്. മുന്നൂറ്ററുപത്തഞ്ചാണ്, തൊള്ളായിരത്തിപ്പതിനാറാണ്. ഒറ്റമുറിവീടിന്‍റെ വരാന്തയിലിരുന്ന് തന്‍റെ ഹാര്‍മ്മോണിയം നനഞ്ഞു പാടിയ എത്രയെത്ര രാഗങ്ങള്‍! കുഴല്‍ക്കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ നടന്നു വരുന്ന സീതമ്മ. കോളനി...

കോളനിയെന്നു പറഞ്ഞാല്‍? ലക്ഷംവീടെന്ന് പറയണം. ആസ്ബറ്റോസും മരത്തടിയും വച്ചുകെട്ടിപ്പണിത അറുപതോളം വീടുകളുണ്ടവിടെ. താമസിക്കുന്നവരെല്ലാം തമിഴന്മാരും തമിഴത്തികളും.

പ്രണയത്തിന് ഭാഷാഭേദമില്ലത്രെ. പ്രണയത്തിനു മാത്രമല്ല, സംഗീതത്തിനും. പണ്ടൊരിക്കല്‍ ഏതോ തമിഴന്‍ ചെക്കന്മാര്‍ എവിടുന്നോ പഠിച്ചു വന്ന ഒരു പാട്ട് കൂട്ടം ചേര്‍ന്ന് പാടിയത് കേട്ടിട്ടുണ്ട്. ഒരക്ഷരം മനസ്സിലായില്ല, ഗോപീകൃഷ്ണന്.

"സോന്‍ സോന്‍ സോനരക്കനീയരക്കരീയരോം... സോന്‍ സോന്‍..."

ഗോവന്‍ പാട്ടാണെന്നോ മറ്റോ ആരൊക്കെയോ അഭിപ്രായം പറയുന്നതു കേട്ടു. ഏതു ഭാഷയായാലെന്ത്. ഗോപീകൃഷ്ണന്‍ മറ്റൊരു പാട്ടും ഇത്രയേറെ ആസ്വദിച്ചു കേട്ടിട്ടില്ല, ജീവിതത്തില്‍.

അയാള്‍ ആ പാട്ട് ഹാര്‍മ്മോണിയമെടുത്ത് വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

"സാ... സാ... സാനീധനീ... സാനീധനീ ധധമാ..."

ധധമ്മ... ഛെ! വീണ്ടും ഇതെവിടെ നിന്നാണ് കേള്‍ക്കുന്നത്. ഗോപീകൃഷ്ണന്‍ ഇടതുചെവി തന്‍റെ പക്കമിരുന്ന യുവാവിനു നേരെ വട്ടം പിടിച്ചു. ഗോപീകൃഷ്ണന് വലതുചെവിക്ക് കേള്‍വിക്കുറവുണ്ട്. കുറവല്ല, കേള്‍ക്കില്ല തന്നെ. ഇടതുചെവി പൊത്തിപ്പിടിച്ചാല്‍ നിശ്ശബ്ദസുന്ദരസമൂഹമാണ് അയാള്‍ക്കു ചുറ്റും. സമാധാനം തേടാനുള്ള വഴികള്‍. പണ്ടാരമടങ്ങാന്‍, ചിന്ത ഏതെല്ലാം വഴിക്കാണ് പായുന്നത്!

ശൈത്യകാലത്ത് അല്പം വൈകിയാണ് സീതമ്മ വെള്ളമെടുക്കാന്‍ വരാറുള്ളത്. തന്‍റെ ഹാര്‍മ്മോണിയത്തില്‍ നിന്ന് പ്രഭാതഭേരി പരന്നൊഴുകിയാലും വീണ്ടുമൊരു അഞ്ചു മിനിറ്റു കൂടെ കഴിഞ്ഞേ സീതമ്മ വരാറുള്ളു. പിന്നിയ പോളിസ്റ്റര്‍ മുണ്ട് കഴുത്തിനു താഴോട്ട് ചുറ്റിയിട്ട്, പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്ക് കുടവും പിടിച്ച്, ചൂളിച്ചൂളി...

കുഴല്‍ക്കിണറിനടുത്ത് തന്‍റെ അവസരവും കാത്ത് അവള്‍ നില്‍ക്കും. ഇടക്കിടെ ഹാര്‍മ്മോണിയം സരിഗമ പാടുന്ന എന്‍റെ വരാന്തയിലേക്ക് കണ്ണെറിഞ്ഞു കൊണ്ട്. താന്‍ കണ്ണിറുക്കിക്കാണിക്കുമ്പോള്‍ അവള്‍ മുഖം കോട്ടും. എത്ര തവണ വൃത്തികെട്ട വായില്‍നോക്കികളെപ്പോലെ താനവളെ കണ്ണിറുക്കികാണിച്ചിരിക്കുന്നു.

ഓര്‍ത്തപ്പോള്‍ ഗോപീകൃഷ്ണന് ചിരി പൊട്ടി. ചെവിയില്‍ ഇയര്‍ഫോണും തിരുകിയിരിക്കുന്ന യുവാവ് അയാളെ തിരിഞ്ഞു നോക്കി. ഇവന്മാരുടെയൊക്കെ ചെവിക്കരുത്ത്. ചെവിക്കകത്ത് പാട്ട് പാടിത്തിമിര്‍ക്കുമ്പോളും ഇവനൊക്കെ എങ്ങനെ എന്‍റെ ചിരി കേള്‍ക്കുന്നു. ഗോപീകൃഷ്ണന്‍ അദ്ഭുതപ്പെട്ടു.

പുറത്തു നിന്ന് നല്ല മഞ്ഞുകാറ്റടിക്കുന്നുണ്ട്. ബസ്സിന്‍റെ ഷട്ടര്‍ വലിച്ചു താഴ്‍ത്തിയിട്ടു കഴിഞ്ഞു, പലരും. ഗോപീകൃഷ്ണന് അങ്ങനെ ചെയ്യണമെന്നുണ്ട്. പക്ഷേ, അതോടെ പുറംകാഴ്ചകളുടെ മാസ്മരികലോകം കണ്ണിനെ വിട്ടകലും.  പിന്നെ വീണ്ടും ചിന്തകളുടെ ലോകത്ത് താനൊറ്റക്കാവും, കരയേണ്ടി വരും. അതൊന്നും വയ്യ! തുറന്നു തന്നെ കിടക്കട്ടെ.

തണുത്ത കാറ്റ് ബസ്സിന്‍റെ ജനല്‍പ്പാളിയിലൂടെ കടന്ന്, ഷര്‍ട്ടിന്‍റെ ഓരോ വിടവും നികത്തി നെഞ്ചിടിപ്പിനോട് പറ്റിച്ചേര്‍ന്നിരുന്നു. ’ഗുഡു ഗുഡു ഗുഡു.....’ ഗോപീകൃഷ്ണന്‍ വിറക്കാന്‍ തുടങ്ങി.

ഗുഡു ഗുഡു ഗുഡു.....

മഞ്ഞു നനയുന്ന പ്രഭാതങ്ങളില്‍ കുഴല്‍ക്കിണറിനടുത്ത് ഊഴം കാത്തു നില്‍ക്കുന്ന സീതമ്മയെ തണുത്ത കാറ്റ് ഇതുപോലെ ഉമ്മ വച്ചിരുന്നത്... പല്ലുകള്‍ കൂട്ടിയിടിക്കുമ്പോള്‍ ഒരു സമാധാനത്തിനെന്ന പോലെ സീതമ്മ, പതിഞ്ഞ, അമര്‍ന്ന ശബ്ദത്തില്‍ ഒച്ചയിട്ടുകൊണ്ടേയിരിക്കും.

"ധ...ധധ...ധധ...ധ...ധധ...ധ...."

ഗോപീകൃഷ്ണന് അതു കേള്‍ക്കുമ്പോള്‍ ചിരി പൊട്ടാറാണ് പതിവ്. അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ഹാര്‍മ്മോണിയത്തിലെ ’ധ’ സ്വരം വായിക്കും.

ധധധ... ധധധ...ധധപാപാ.... ധാപസാസാ....

"പെണ്ണേ... സീതമ്മോ..."

കയ്യിലൊരു കുടവും പിടിച്ച് ഉമ്മറത്ത് കൂനിയിരുന്ന് മൂത്തപെരുങ്കൊല്ലത്തി നീട്ടി വിളിക്കും.

"വരേന്‍ മൂത്തങ്കത്ത്യേ..."

സീതമ്മക്ക് മൂത്തപെരുങ്കൊല്ലത്തി മൂത്തേങ്കത്തിയാണ്. കൂനിപ്പോലും ഇരുപതടി തികച്ചു നടക്കാന്‍ മൂത്തപെരുങ്കൊല്ലത്തിക്ക് ആവില്ല. നേരം വെളുത്ത് വെളിച്ചപ്പെടാന്‍ തുടങ്ങിയാലും അവരുടെ മകന്, പ്രകാശന്, കണ്ണു വെളുത്തിട്ടുണ്ടാവില്ല.

"പെണ്ണേ... സീതമ്മോ..." എന്ന വിളി കേട്ടാല്‍ കൂടെത്തന്നെ ഗോപീകൃഷ്ണന്‍ ഹാര്‍മ്മോണിയമെടുത്ത് വായിക്കും, മൂത്തപെരുങ്കൊല്ലത്തിയുടെ അതേ ഈണത്തില്‍.

"പാ.. പാ... ധധമാ...."

സീതമ്മക്കറിയാം, ആ വിളി തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന്. പാവാടത്തുമ്പെടുത്ത് എളിയില്‍ അമര്‍ത്തിക്കുത്തി, മുഖം കോട്ടി അവള്‍ തിരിഞ്ഞു നടക്കും...

ഗോപീകൃഷ്ണന്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് മുന്നോട്ടാഞ്ഞു. ഡ്രൈവര്‍ ഏതോ പെണ്‍കുട്ടിയെ ചീത്ത പറയുന്നു. റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിച്ചു കാണില്ല, ആഞ്ഞു ചവിട്ടിയതാവണം. അടുത്തിരിക്കുന്ന പയ്യന്‍ ഡ്രൈവറെപ്പറ്റിയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഓരോരുത്തരും കുറ്റങ്ങള്‍ മറ്റൊരാളുടെ മുതുകത്തിട്ട് തന്നത്താന്‍ രക്ഷപ്പെടുത്തുന്നു....

താനോ...

ഗോപീകൃഷ്ണന് ഒരു നിമിഷം വല്ലാത്തൊരു വിമ്മിട്ടം അനുഭവപ്പെട്ടു. ഭാണ്ഡക്കെട്ടില്‍ പിടി മുറുകി. നനവു വരുന്നുണ്ടോ, ചോരയുടെ? മണം വരുന്നുണ്ടോ, ചോരയുടെ? കഴുത്തില്‍ തൂക്കിയിട്ടിരുന്ന തോര്‍ത്തെടുത്ത് ഗോപീകൃഷ്ണന്‍ ഭാണ്ഡക്കെട്ട് ഒന്നുകൂടി മൂടിയിട്ടു.

പുറകില്‍ നിന്നും കിലുങ്ങുന്ന ചിരിയൊച്ച കേള്‍ക്കുന്നുണ്ടോ? ഇന്നലെ രാത്രി സീതമ്മ കിലുങ്ങിക്കിലുങ്ങി തന്‍റെ മുറ്റത്ത് ഓടിക്കളിച്ചപ്പോളെന്ന പോലെ. മുറ്റമെന്നു പറയാമോ? അതു പൊതുവഴി തന്നെ. മുറ്റമുള്ള ഒരു വീടിനു വേണ്ടി ഗോപീകൃഷ്ണന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരു തെങ്ങും തെങ്ങിന്‍ചുവട്ടിലൊരു പടിയും. വൈകിട്ട് അതിനു മുകളിലിരുന്ന് ’ശ്രീഗണനാഥാ... സിന്ദൂ...രവര്‍ണ്ണാ...’ വായിക്കണം. ആഗ്രഹങ്ങള്‍!

ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലല്ലോ. ഉണ്ടെങ്കില്‍ ആ ചിരി മാത്രം മോഹിച്ച തനിക്ക് വേറെ ചില ആഗ്രഹങ്ങളുണര്‍ന്നതെന്തേ!

വെളിച്ചമില്ലായിരുന്നു അപ്പോള്‍. ഓടിക്കളിച്ച് തളര്‍ന്ന സീതമ്മ മൂത്തപെരുങ്കൊല്ലത്തിയുടെ ഇറയത്തിരുന്നു. എനിക്കവളെ വീണ്ടും കാണണമെന്നും ചിരിപ്പിക്കണമെന്നും തോന്നിയത്... ഹാര്‍മ്മോണിയവും കൊണ്ട് ഞാനാ ഇറയത്തേക്ക് നടന്നു ചെന്നപ്പോള്‍ അവള്‍ പകച്ചു പോയത്... അകത്തു നിന്നു ശബ്ദമൊന്നുമില്ല. മൂത്തപെരുങ്കൊല്ലത്തി കിടന്നു കാണണം.

കൈകള്‍ വിറക്കുന്നു. ചെവിക്കിരുവശവും ചൂടു പടരുന്നു. ആ പതിനാറു വയസ്സിന്‍റെ അരികു പൊട്ടിയ കാല്പാദം മുതല്‍ കണ്ണിലേക്ക് വീണുമറഞ്ഞു കിടക്കുന്ന മുടിനാരോളം ആണിന്‍റെ കരളു പൊള്ളിക്കുന്ന തീക്കനലാണ്. ഗോപീകൃഷ്ണന്‍റെ നെഞ്ചില്‍ ചൂടു നിറയാന്‍ തുടങ്ങി.

അയാള്‍ സീതമ്മയുടെ കൈകള്‍ കവര്‍ന്നു. അവള്‍ എഴുന്നേറ്റോടാന്‍ ഭാവിച്ചു. ഗോപീകൃഷ്ണന്‍ മുറുക്കെപ്പിടിച്ച്, അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. വിരലുകള്‍ അവളുടെ കവിളിലൂടെയുഴിഞ്ഞു. ചെവിയും പിന്‍കഴുത്തും തലോടി. അയഞ്ഞു കിടന്ന ജാക്കറ്റിന്‍റെ ഹുക്കുകള്‍ രണ്ടെണ്ണം വിടര്‍ത്തി. സീതമ്മ പകച്ചു. പക്ഷേ, അനങ്ങാനാവുന്നില്ല. ഒരു കാളിച്ച, കാലുകള്‍ കെട്ടിയിട്ടതു പോലെ. പ്രായം തികയാത്ത ആ മുലഞെട്ടുകളില്‍ അയാള്‍ കടിച്ചു. സീതമ്മ വിയര്‍ത്തു. ഒരു ഞരക്കം വരാന്തയില്‍ തങ്ങി. പാവാടയുടെ കെട്ടില്‍ വിരലുകള്‍ മുറുക്കിക്കൊണ്ട് ഗോപീകൃഷ്ണന്‍ അവളെ തന്നിലേക്ക് ചേര്‍ത്തമര്‍ത്തി.

രഹസ്യരാഗങ്ങള്‍ നിറഞ്ഞ ഒരു ഹാര്‍മ്മോണിയമാണ് സ്ത്രീശരീരം. സ്വരങ്ങളോരോന്നായി അടര്‍ത്തിയെടുത്ത് വായിക്കണം. മനസ്സും ശരീരവും സംഗമിക്കുന്ന അമൂല്യരാഗം തേടി ഗോപീകൃഷ്ണന്‍റെ വിരലുകള്‍ ഓടിനടന്നു. ഭയവും പരിഭ്രമവും ഇടകലര്‍ന്ന് ഏകാഗ്രതയെ പിടിച്ചു വക്കുന്നു. രാഗങ്ങള്‍ രചിക്കുന്നത് അവളാണ്, കൂമ്പിയ മിഴികളോടെ. ഗോപീകൃഷ്ണന്‍ അസ്വസ്ഥനായി.

"സീതമ്മേ..."

ആരാണ് വിളിച്ചത്! ഗോപീകൃഷ്ണന്‍ കിടന്ന കിടപ്പില്‍ നിശ്ചലനായി. സീതമ്മ ഞെട്ടിയെഴുന്നേറ്റ് വസ്ത്രങ്ങള്‍ വലിച്ചു നേരെയാക്കി. കറുകറാ ശബ്ദത്തില്‍ ഇറയത്തേക്കുള്ള വാതില്‍ തുറന്നു. മൂത്തപെരുങ്കൊല്ലത്തി നടന്നു വന്നു. ഇരുവരെയും മിഴിച്ചു നോക്കി.

"സീതമ്മേ..."

വിവശമായ ഒരു വിളി. പാതിയില്‍ മുറിഞ്ഞു പോയ രാഗം. ഗോപീകൃഷ്ണന്‍റെ നെഞ്ചിടിപ്പ് ഉയര്‍ന്നു. മൂത്തപെരുങ്കൊല്ലത്തി തിരിഞ്ഞ് അകത്തേക്ക് നടന്നു.

"മൂത്തെരുങ്കൊല്ലത്ത്യേ..."

ഗോപീകൃഷ്ണന്‍റെ ശബ്ദം വിറച്ചു. മറുപടിയില്ല. ഹാര്‍മ്മോണിയം കയ്യിലെടുത്ത് അയാള്‍ മെല്ലെ മുറിക്കകത്തേക്ക് കയറി. ഭയപ്പാടില്‍ വിളറി സീതമ്മ ഇറയത്തെ ചുമരില്‍ ചാരിനിന്നു. രണ്ടു നിമിഷം. മുറിക്കകത്തു നിന്നും വികൃതമായ ഒരു ശബ്ദം.

"ങ്... ഊം... മ്....!!!!"

ആ വരികളില്‍ ഒളിച്ചിരുന്ന രാഗമെന്തെന്ന് സീതമ്മ ഊഹിച്ചെടുത്തപ്പോളേക്കും ചോരയിറ്റുന്ന ഹാര്‍മ്മോണിയവുമായി ഗോപീകൃഷ്ണന്‍ മിന്നായം പോലെ ഇരുളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു.

ബസ്സ് ഒരു പാലത്തിനു മുകളിലൂടെ ഒഴുകി നീങ്ങുകയാണ്. അടുത്തിരിക്കുന്ന യുവാവിന്‍റെ കൈ ഗോപീകൃഷ്ണന്‍റെ മടിയിലെ ഭാണ്ഡക്കെട്ടിനോട് ചേര്‍ന്നിരിക്കുന്നു. അയാള്‍ ആ കൈ തട്ടിമാറ്റി.

"നിര്‍ത്തീ, ആളെറങ്ങാന്‍ണ്ട്... നിര്‍..."

പാലത്തിനു മുകളിലൂടെ ഗോപീകൃഷ്ണന്‍ നടന്നു. തിണ്ടിനു മുകളില്‍ ആ ഭാണ്ഡക്കെട്ട് കയറ്റി വച്ച് അയാള്‍ ചുറ്റും നോക്കി. പതിയെ താഴേക്ക് തള്ളിയിട്ടു.

നിമിഷങ്ങള്‍....

അപശബ്ദങ്ങളുടെ ഒരു വലിയ രാഗം തന്നെ സൃഷ്ടിച്ച് ആ കെട്ട് മെല്ലെ വെള്ളത്തിനടിയിലേക്ക് താഴ്‍ന്നു മറഞ്ഞു. പ്രായം ചെന്ന ഒരു പത അവിടവിടെ ഓളം തീര്‍ത്ത്, മെല്ലെ ശാന്തമായി.

ഗോപീകൃഷ്ണന്‍ നീട്ടി നിശ്വസിച്ചു. മെല്ലെ അടുത്ത ബസ്റ്റോപ്പ് ലക്ഷ്യം വച്ച് നടന്നു.

മഞ്ഞക്കണ്ണുകള്‍ തുറന്നുപിടിച്ച് പാലം കടന്നു വന്ന ബസ്സിന് അയാള്‍ കൈ കാണിച്ചു.

"എങ്ങോട്ടാ?"

"മൈസൂര്..."

ദൂരെ, കോളനിയില്‍ എഴുതപ്പെടാത്ത ഒരുപിടി രാഗങ്ങളുടെ അവസാനസാക്ഷിയായി സീതമ്മ കണ്ണുമിഴിച്ച് മൂത്തപെരുങ്കൊല്ലത്തിയുടെ ചതഞ്ഞ ശിരസ്സിന് കാവലിരുന്നു. 

Tuesday, April 7, 2009

ചരക്കിന്‍റെ ബ്ലോഗും കള്ളച്ചിരിയും!

1. ചരക്കിന്‍റെ ബ്ലോഗ്

എന്താണ് / ആരാണ് ചരക്ക്?

വിപണികളില്‍ വില്പനക്കു വച്ചിരിക്കുന്ന പലവക സാധനങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് ’ചരക്ക്’ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. പുറമേ, അംഗലാവണ്യം തുളുമ്പുന്ന മദാലസമണികളെ നോക്കി മുഴുവായില്‍ വെള്ളമിറക്കുമ്പോളും ഞങ്ങളൊക്കെ അറിയാതെ പറഞ്ഞു പോവാറുണ്ട്, ’ചരക്കെടാ, ചരക്ക്’ എന്ന്.

മുടിയും താടിയും നരച്ച്, കണ്ണട വച്ച്, മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു വയൊവൃദ്ധനെ ചരക്കെന്നു വിളിക്കാമോ? ചെറുപ്പക്കാരനായിരുന്നെങ്കില്‍ പെണ്ണുങ്ങള്‍ക്കൊരു കൈ ദ്വയാര്‍ത്ഥത്തിലെങ്കിലും പ്രയോഗിക്കാമായിരുന്നു എന്നായിരിക്കും നിങ്ങള്‍ പറഞ്ഞത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പക്ഷേ, വിളിച്ചു പോകും.

ഇലക്ഷന്‍ വിപണിയില്‍ ബി.ജെ.പി വില്പനക്കു വച്ചിരിക്കുന്ന ചരക്കാണ് അദ്വാനിയെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. മലയാളം മീഡിയ സ്ട്രീം ചെയ്തു കാണിക്കുന്ന കുഞ്ഞു വെബ്‍സൈറ്റുകള്‍ മുതല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന മലയാളമനോരമയില്‍ വരെ ഗൂഗിളിന്‍റെ ആഡ്‍സെന്‍സ് എന്ന മണിവാതില്‍ തള്ളിത്തുറന്ന് അദ്വാനി എന്ന പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുടെ പരസ്യം പല വലിപ്പത്തിലും നിറത്തിലും പുഞ്ചിരി തൂകുകയാണ്. 

സാമ്പിള്‍സ് ചുവടെ:


ADVആനി (ADVani) എന്നതിന്‍റെ പരം പൊരുള്‍ ഇപ്പോളല്ലേ പിടി കിട്ടുന്നത്!

ഗൂഗിള്‍ ആഡ്‍വേഡ്‍സ്, സൈറ്റ് ഉള്ളടക്കത്തിനൊപ്പം, കൊടുക്കുന്ന തുകയുടെ അളവുതൂക്കം കൂടെ കണക്കു കൂട്ടിയാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ’ഇന്‍ഡ്യ’ എന്ന കീവേഡ് വരുന്ന സൈറ്റുകളിലെല്ലാം ആഡ്‍വേഡ്സ് വാതില്‍ തള്ളിത്തുറന്ന് എല്‍. കെ. അദ്വാനി ചിരിച്ചു നില്‍ക്കണമെങ്കില്‍ ’ഇന്‍ഡ്യ’ എന്ന പദത്തിന് അവരെത്ര മാത്രം വിലയിട്ടു കാണുമെന്ന് നമുക്ക് ചുമ്മാ ഇരുന്നൊന്ന് ഊഹിച്ചു ബോധം കെടാം?

മുംബൈ ആക്രമണത്തിന്‍റെ കുലുക്കത്തില്‍ വിറച്ചു പോയ ഉപരിവര്‍ഗത്തിന്‍റെ വോട്ടുകള്‍ക്കു വേണ്ടിയുള്ള വലയാണ് ബിജെപി ഇന്‍റര്‍നെറ്റിലാകെ വീശിയിരിക്കുന്നത്. ഇന്നു വരെ ഒരു വോട്ടര്‍ ഐഡിയോ റേഷന്‍ കാര്‍ഡോ ഉണ്ടാക്കിയിട്ടില്ലാത്ത, ഇലക്ഷന്‍ ദിവസങ്ങളില്‍ അവധിയെടുത്ത് പബ്ബുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഉല്ലാസം തിരഞ്ഞെടുക്കുന്ന ഒരു വിഭാഗം ജനത ഇത്തവണ പോളിങ് ബൂത്തുകളില്‍ വെയിലു കൊണ്ട് ക്യൂ നില്‍ക്കുമെന്ന് നാമെല്ലാം പ്രതീക്ഷിച്ചേ മതിയാവൂ. വെറുതെയല്ലല്ലോ, വിരണ്ടു പോയതു കൊണ്ടല്ലേ? സര്‍ക്കാറിനെക്കൊണ്ട് എന്തെങ്കിലുമൊക്കെ ആവശ്യം നമുക്കുമുണ്ടെന്ന് ഇപ്പോളല്ലേ തിരിച്ചറിഞ്ഞത്!

കൌതുകം മൂത്ത് ഞാന്‍ ആ പരസ്യത്തിലൊന്ന് അമര്‍ത്തി ഞെക്കി നോക്കി. lkadvani.in എന്ന വെബ് വിലാസത്തിലേക്ക് ബ്രൌസര്‍ പാഞ്ഞു. ലോഡാവാന്‍ ഒരുപാടു സമയമെടുത്തു എന്നത് നേര്. ഇന്ത്യയെ റീലോഡ് ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായി കാത്തിരിക്കുന്ന ഇവര്‍ അതിന് എന്തു സമയമെടുത്തേക്കുമെന്ന് വെറുതെ ഒരു കൌതുകമുണരുന്നു.

അദ്വാനിയുടെ സൈറ്റിന് ഒരു സബ്-ഡൊമൈന്‍ ഉണ്ട്. അത് ബ്ലോഗിന്‍റേതാണ്. ഇന്നു വരെ എട്ട് പോസ്റ്റുകളുണ്ട്. മാര്‍ച്ച് പതിനാറിനാണ് അവസാനത്തെ പോസ്റ്റ്, സ്ത്രീശാക്തീകരണത്തെക്കുറിച്ച്. ബ്ലോഗ് തുടങ്ങിയത് ജനുവരിയില്‍. ഇത്രയും കാലം മിണ്ടാതെയിരുന്ന് പൊടുന്നനെ ഒരു ഡൊമൈന്‍ റെജിസ്റ്റര്‍ ചെയ്ത് ഏപ്രിലാവുമ്പോളേക്ക് പോസ്റ്റുകള്‍ തട്ടിക്കൂട്ടിയ നടപടിയുടെ പൊരുളാലോചിക്കാന്‍ പെരുത്ത ബുദ്ധിയൊന്നും വേണ്ടാ, ഞമ്മന്‍റെ ഇന്ത്യയില് എലക്ഷന്‍! ആദ്യ പോസ്റ്റില്‍ തന്നെ അദ്ദേഹം നയം വ്യക്തമാക്കിയിട്ടുണ്ട് - I am excited by the idea of using the Internet as a platform for political communication and, especially, for election campaign.

അദ്വാനിയുടെ കുട്ടിക്കാലവും ജീവിതവുമൊക്കെ വിവരിച്ചിരിക്കുന്നത് ഫസ്റ്റ് പേഴ്‍സണ്‍ നരേഷനിലാണ്. എഴുതിയത് പുള്ളിയാണോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. തന്‍റെ ബ്ലോഗെഴുതുന്നത് താന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ വേണ്ടി മോഹന്‍ലാലിന് അതൊരു പായ പേപ്പറിലെഴുതി സ്കാന്‍ ചെയ്ത് പബ്ലിഷേണ്ടി വന്നു. അദ്വാനിക്ക് അതിനൊന്നും സമയം കാണില്ല.


2. കള്ളച്ചിരി

അനുഗ്രഹമാണ് ചിരി. ഒരു മനുഷ്യന്‍ ഏറ്റവും മനോഹരനായി കാണപ്പെടുന്നത് മുഖത്ത് നിറഞ്ഞ ചിരി വിടരുമ്പോളാണ്. ചിരി വിപണനത്തിനു വക്കുമ്പോളോ?

ഇലക്ഷന്‍ സമയത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പ്രൊമോഷന്‍ ടൂള്‍ ഒരു പക്ഷേ ചിരിയായിരിക്കും. കോമഡി പരിപാടികളിലും മറ്റുമെല്ലാം രാഷ്ട്രീയക്കാരനെ അളന്നു കാണിക്കുന്ന കോലാണ് ചിരി. നാടു നീളെ പോസ്റ്ററിലും ബാനറിലും നോട്ടീസുകളിലും തിണ്ടുകളിലും പൊതു കക്കൂസിലും മൂത്രപ്പുരകളിലുമെല്ലാം നാറ്റം പടര്‍ത്തുന്ന ചിരി കണ്ടാല്‍, നമുക്ക് കരച്ചിലാണ് വരിക. 

മിക്കവരുടെയും ചിരി ഒറ്റനോട്ടത്തില്‍ തന്നെ കള്ളച്ചിരി (ചിരിക്കാന്‍ വേണ്ടിയുള്ള ചിരി)യാണെന്ന് മനസ്സിലാക്കാന്‍ സൈക്കോളജിയില്‍ ബിരുദമൊന്നും ആവശ്യമില്ല. കെട്ടി വച്ച ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന നിഗൂഢതയാണ് കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്നത്. ചിരി പരസ്യമാക്കുന്നതില്‍ ഒരു പക്ഷേ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് മുന്നില്‍. 

പഴയ കാലത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ വല്ലാതെ ചിരിക്കാറില്ലായിരുന്നു. ഇ എം എസ്സിന്‍റെ ചിരിക്കുന്ന ഫോട്ടോ, നായനാരുടെ ചിരിക്കുന്ന ജീവിതം തുടങ്ങി അപവാദങ്ങള്‍ പലതുമില്ലെന്നല്ല. ഇന്നും തലമുതിര്‍ന്ന നേതാക്കള്‍ കാമ്പെയ്‍നുകളില്‍ ചിരിക്കുന്നത് കുറവാണ് കണ്ടിട്ടുള്ളത്. വളരുന്ന കുട്ടിനേതാക്കള്‍ എതിരാളികളെ കടത്തി വെട്ടുന്ന സോഷ്യലിസ്റ്റ് ചിരി വരെ പരിശീലിച്ചു കഴിഞ്ഞു. 


3. ഞാനും താനുമൊക്കെ?

ഇലക്ഷന്‍ രാഷ്ട്രീയക്കാര്‍ക്ക് പരീക്ഷക്കാലമാണ്. തന്നെ, അല്ലെങ്കില്‍ തന്‍റെ പ്രസ്ഥാനത്തെ എങ്ങനെ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാം എന്നതിന് തന്ത്രങ്ങള്‍ മെനയാനുള്ള കാലം. ഇലക്ഷനു ശേഷം സ്കൂളടച്ചതു പോലെയാണ് സ്ഥിതി. ഫലം കാത്തിരിക്കുന്നതിന്‍റെ മുഷിവും ആസ്വാസ്ഥ്യവും ടെന്‍ഷനും. ഫലം വന്നാല്‍ വീണ്തും കാമ്പസ്സ് തുറന്നതു പോലെ. കണക്കു പറഞ്ഞും കളിച്ചും ചിരിച്ചും കയ്യിട്ടു വാരിയും തല്ലു കൂടിയും കസേര വലിച്ചും കിടത്തിയുമെല്ലാം സമയമങ്ങനെ ’ഗുമഗുമാ’ന്ന് നൂറേ നൂറില്‍ പായും. 

നമുക്കിതൊക്കെ കണ്ടും വായിച്ചും രസിക്കാമല്ലോ.

ഇലക്ഷന്‍ പ്രചാരണങ്ങള്‍ മൈക്ക് സെറ്റില്‍ നിന്നും ജീപ്പില്‍ നിന്ന് പാറി വീഴുന്ന നോട്ടീസുകളില്‍ നിന്നുമൊക്കെ ഏറെ മുമ്പോട്ടു പോയിരിക്കുന്നു. മദ്യവും മയക്കുമരുന്നും ഗാന്ധിത്തലയുള്ള കറന്‍സികളും വിജയത്തിന്‍റെ നിര്‍ണ്ണായക പങ്കാളികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ജയിക്കുന്നവന്‍റെ മടിക്കെട്ടുകള്‍ ലക്ഷങ്ങളില്‍ നിന്ന് കോടികളുടെ കളിസ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അന്നും ഇന്നും എന്നും പോളിങ് ബൂത്തുകളില്‍ മണിക്കൂറുകള്‍ വരി നിന്ന് വിയര്‍പ്പിറ്റിച്ചു കളഞ്ഞ് ജനനായകര്‍ക്ക് വോട്ടു ചെയ്യുന്ന കഴുതകള്‍ ഭാണ്ഡക്കെട്ടുകള്‍ ചുമന്നു കൊണ്ടേയിരിക്കുന്നു. 

അനുബന്ധം:

ചരക്കുകള്‍ (Commodities) ലോകത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിപണികളിലേക്കെത്തുന്ന ചരക്കുകളിലെല്ലാം ബ്രാന്‍ഡ് മുദ്ര പതിയുകയും അവ ഉത്പന്നകളായി (Products) ഉടുപ്പു മാറ്റിയെത്തുകയും ചെയ്യുന്നതോടെ ’ചരക്ക്’ എന്ന വാക്ക് നമ്മുടെ ചരക്കു പെണ്‍മണികള്‍ക്ക് വേണ്ടി ഉഴിഞ്ഞു വക്കേണ്ടി വരുമോ എന്നതായിരിക്കും പിറക്കാനിരിക്കുന്ന ഉണ്ണിക്കാലങ്ങളെയോര്‍ത്ത് ഞാന്‍ ബാക്കി വക്കുന്ന ആശങ്ക!

Sunday, April 5, 2009

തവിക 2: മാമ്പഴമാ മാമ്പഴം...

അങ്കണത്തൈമാവിന്നീയംബരത്തോളം പൊങ്ങീ

പൊന്മലരൊടിക്കുവാനുണ്ണിക്കയ്യെത്താതായി,

അമ്മതന്‍ കണ്ണുപ്പോലും പിഞ്ചുമണ്‍തരി തൊട്ടു

പൊന്മകനെഴുന്നേറ്റു കണ്‍മിഴിച്ചെങ്ങും നോക്കി.

 

പാതിയും തുറന്നിട്ട വാതിലിന്‍ പൊളി കാറ്റില്‍

വേദന വിങ്ങിത്തെല്ലു കരഞ്ഞു വിളിക്കവേ,

കാതരമിഴിയോടെ കയറും കുഞ്ഞോമലിന്‍

പാദപങ്കജം പതിച്ചാ ഗൃഹം വിലക്ഷമായ്.

 

അമ്മയെക്കാണാന്‍ കൊതിച്ചുന്മദം പിടഞ്ഞെത്തീ,

തന്‍മിഴിക്കോണില്‍ സ്നേഹം കടലായ് പതഞ്ഞാര്‍ത്തു,

പിഞ്ചുകൈക്കുമ്പിള്‍ പിണച്ചുള്ളിലായൊളിപ്പിച്ച

ചെമ്പനീര്‍ മാവിന്‍പഴം നീട്ടി ഞാന്‍ കയറുമ്പോള്‍,

 

പൂവാലനണ്ണാര്‍ക്കണ്ണനോടിവന്നിരിക്കുന്നൂ,

പൂമുഖപ്പടി നിറഞ്ഞോര്‍മ്മകള്‍ വിതുമ്പുന്നൂ,

നിശ്ചലമുറഞ്ഞു പോം കാല്‍വിരല്‍ത്തുമ്പില്‍ നിന്നും

വിസ്മയം പടര്‍ന്നുടലില പോല്‍ വിറക്കുന്നൂ,

 

അമ്മയെക്കാണാന്‍ വന്നതാണു ഞാന്‍, നാടന്‍ മാവില്‍

കല്ലെറിഞ്ഞൊടിച്ചിട്ട നാട്ടുമാമ്പഴം നല്‍കാന്‍,

സങ്കടം വേണ്ടെന്നുര ചെയ്യുവാ,നുണ്ണിക്കുറു-

മ്പിമ്മിണിയുള്ളോര്‍ക്കു നീ അമ്മയെന്നറിയിക്കാന്‍!

നിശ്ചയം മലയാളം നെഞ്ചിലേറ്റുന്നൂ നിന്‍റെ

നിത്യനിര്‍മ്മലസ്നേഹം, ഇറ്റു കണ്‍നിറവോടെ!

 

നിസ്തുലമാതൃസ്നേഹമുള്‍പ്പൂവില്‍ പ്രതിഷ്ഠിച്ചോ-

രുത്തമ കവേ നിന്‍റെ കാല്‍ക്കലെന്‍ നമോവാകം.

*********************

ഏറ്റവും ഇഷ്ടപ്പെട്ട മാമ്പഴമേതാണ്?

നാട്ടുമാങ്ങ, ഗോമാങ്ങ, കിളിച്ചുണ്ടന്‍ മാമ്പഴം, സേലം, മല്‍ഗോവന്‍ തുടങ്ങി പലതര്ം മാമ്പഴങ്ങളും വാങ്ങിയും ഒടിച്ചും എറിഞ്ഞിട്ടും ആസ്വദിച്ചു കഴിച്ചിട്ടുണ്ട്. പക്ഷേ, വൈലോപ്പിള്ളിയുടെ മാമ്പഴത്തെ മലയാളി ചുമന്നത് പൊതിക്കെട്ടുകളിലും പ്ലാസ്റ്റിക്ക്  കവറുകളിലും കൂടകളിലുമല്ല, ഹൃദയത്തിലാണ്. കണ്ണൊന്നു തുടക്കാതെ ഇന്നു വരെ വായിച്ചു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല, ആ കവിത.

"ഉണ്ണിക്കയ്‍ക്കെടുക്കുവാനുണ്ണിവായ്‍ക്കുണ്ണാന്‍ വേണ്ടി..." എന്ന വരിയില്‍ തുടങ്ങുന്ന ഗദ്ഗദം "വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ, തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ..." എന്നിടത്തെത്തുമ്പോഴേക്ക്, ഓരോ വായനയിലും കാഴ്ചയെ മറച്ച് കണ്ണീര് ഇരുവശങ്ങളിലേക്കുമൊഴുകിത്തുടങ്ങിയിട്ടുണ്ടാവും.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അത്.

കണ്ടവന്‍ അച്ചിയെ മറക്കുന്ന കൊച്ചി പട്ടണത്തിലേക്കുള്ള ആദ്യത്തെ യാത്രയാണ്. മനസ്സിനെ ത്രസിപ്പിച്ചത് പക്ഷേ അതല്ല, വൈലോപ്പിള്ളി തറവാട് കാണാന്‍ പോകുന്നു എന്ന അവിശ്വസനീയമായ സത്യമാണ്.

മേലേ പറമ്പിലെ നാട്ടുമാവിന് കല്ലെറിഞ്ഞ് ഒരു ഇളംപഴുപ്പുള്ള മാമ്പഴം വീഴ്‍ത്തി പൊതിഞ്ഞെടുത്തു. ആ അമ്മക്കു വേണ്ടി, ഉണ്ണിക്കിടാവിനു വേണ്ടി, കവിക്കു വേണ്ടി സമര്‍പ്പിക്കണം എന്നായിരുന്നു കുഞ്ഞുമനസ്സിലെ ആഗ്രഹം.

വൈലോപ്പിള്ളിത്തറവാടിന്‍റെ പടി കടന്നപ്പോള്‍ കാല്‍ വിറച്ചു. മുറ്റം നടന്നു കയറുമ്പോള്‍, വലതു വശത്ത് ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മാവ്.

"കണ്ടില്ലേ, അതാണ് ആ അങ്കണത്തൈമാവ്."

വേഷ്ടിയുടുത്ത് നരച്ച മുടിയുള്ള ഒരു സ്ത്രീ (കവിയുടെ അടുത്ത ബന്ധുവാണെന്ന് ആരോ പരിചയപ്പെടുത്തി). എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ പാകത്തിന് ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ച ഏതാനും മണിക്കൂറുകള്‍... കവികള്‍... കവിതകള്‍...

ഇറങ്ങാന്‍ നേരത്ത് ആ സ്ത്രീ ഉമ്മറപ്പടിയിറങ്ങി വന്ന് എന്‍റെ തോളില്‍ തട്ടി.

"കുട്ടി കണ്ടിട്ടുണ്ടോ, ശ്രീധരന്‍ മേന്‍നെ?"

"ഇല്ല."

അറിഞ്ഞിട്ടുണ്ട്, ആ അമ്മയെ, പിഞ്ചുമകനെ, ഈ തൈമാവിനെ, പൂങ്കുലയെ, കനിഞ്ഞിട്ട മാമ്പഴത്തെ.... എല്ലാം...

കയ്യിലുള്ള മാമ്പഴം സമ്മാനിക്കാമെന്നു കരുതി പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പരതി. ഒരുപാടു പേര്‍, പുറത്തെടുക്കാന്‍ ജാള്യം. എടുത്തില്ല.

വൈലോപ്പിള്ളിത്തറവാടു സന്ദര്‍ശിച്ച ആ മാങ്ങ പഴുപ്പിച്ചു. കടിച്ചൂമ്പി നുണഞ്ഞു, ആര്‍ക്കും പങ്കു വക്കാതെ. അണ്ടി മുറ്റത്ത് മൂലയില്‍ കുഴിച്ചിട്ടു. ഇരിക്കട്ടെ, ഒരു തൈമാവ് ഈയങ്കണത്തിലും.

അതു മുളച്ചില്ല.