Thursday, October 8, 2009

എന്തുകൊണ്ട് നിങ്ങള്‍ ഇരുട്ടിനെപ്പറ്റി മാത്രം സംസാരിക്കുന്നു?

"എന്തുകൊണ്ട് നിങ്ങള്‍ ഇരുട്ടിനെപ്പറ്റി മാത്രം സംസാരിക്കുന്നു?"

നേരില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം കിട്ടിയാല്‍ പലരോടും വിളിച്ചു ചോദിക്കണമെന്ന് തോന്നിയ ഒരു ചോദ്യമാണ് മുകളില്‍ കുറിച്ചിട്ടിരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2009 ഒക്ടോബര്‍ 11-17, ലക്കം 31) ബി എസ് ബിനിമിത് എഴുതിയ ’ഒന്നും സ്വകാര്യമല്ലാത്ത ലോകം’ എന്ന ലേഖനം വായിച്ചപ്പോളും മനസ്സില്‍ തോന്നിയത് ഇതേ ചോദ്യമാണ്.

"വെളിച്ചത്തെക്കുറിച്ച് നിങ്ങള്‍ക്കറിവുള്ളതല്ലേ?" എന്ന മറുചോദ്യത്തോടെ മുകളിലെ ചോദ്യത്തെ നേരിടാം. ഇരുട്ടിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അവതരിപ്പിക്കപ്പെടുന്നത് വെളിച്ചത്തെക്കുറിച്ച് അറിവില്ലാത്ത ഒരു സമൂഹത്തിനു മുന്നിലാവുമ്പോള്‍ മറുചോദ്യം അപ്രസക്തമാവുകയാണ്.

സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളുടെയും മറ്റും മേന്മകള്‍ ഒന്നൊന്നായി അക്കമിട്ടു നിരത്തി പ്രസ്തുതലേഖനത്തിലെ വിലയിരുത്തലുകളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ചില താരതമ്യങ്ങളിലൂടെ ബോദ്ധ്യപ്പെടാവുന്ന കാര്യങ്ങള്‍ക്കപ്പുറം പ്രസ്തുത ലേഖനം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും തോന്നുന്നില്ല. സമകാലികര്‍ക്ക് കാര്യമത്രപ്രസക്തമായ നിരവധി അറിവുകള്‍ ഭൂരിപക്ഷത്തിനും പകര്‍ന്നു നല്കുന്ന ഒരു മികച്ച ലേഖനം തന്നെയാണത്. ഈ സംരംഭത്തിന് ലേഖകനെ മനസ്സറിഞ്ഞ് അഭിനന്ദിക്കുമ്പോള്‍ത്തന്നെ ലേഖനത്തിലുടനീളം സ്വീകരിച്ചിരിക്കുന്ന വിമര്‍ശനാത്മക സമീപനം (Critical Approach) ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു.

മാധ്യമസ്വാതന്ത്ര്യവും ബ്ലോഗും തമ്മിലെന്താണ്?

പ്രാഥമികവിദ്യാഭാസകാലം മുതല്‍ക്കിങ്ങോട്ട് വര്‍ഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നതും അവസരത്തിലും അനവസരത്തിലുമെല്ലാം മാധ്യമങ്ങളും നേതാക്കളുമെല്ലാം പലവുരു എടുത്തു പയറ്റി വിലയിട്ടതുമായ ഒരു വാക്കാണ് മാധ്യമസ്വാതന്ത്ര്യം എന്നത്. എന്താണ് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം എന്നു ചോദിച്ചാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (a) (Right to freedom of speech and expression) യും ഇന്ത്യന്‍ വിവരാവകാശനിയമവും (Right to Information Act, 2005) ഏതൊരു ഇന്ത്യന്‍ പൗരനും പതിച്ചു നല്കിയിട്ടുള്ള അവകാശങ്ങളില്‍ കവിഞ്ഞ് ഒന്നും തന്നെയല്ല എന്നു പറയാം. എന്നു വച്ചാല്‍ എനിക്കും നിങ്ങള്‍ക്കും ഉള്ളതില്‍പ്പരം ഒരു ആവിഷ്കാര-വിവരാവകാശ സ്വാതന്ത്ര്യവും ഒരു മാധ്യമത്തിനും ഒരു മാധ്യമപ്രവര്‍ത്തകനും പ്രത്യേകമായി അവകാശപ്പെടാനില്ല എന്നു തന്നെയാണര്‍ത്ഥം. വിശദീകരണമാഗ്രഹിക്കുന്നവര്‍ക്ക് ഭരണഘടനയെടുത്ത് മറിച്ചു നോക്കുകയോ നിയമവിദഗ്ദരുമായി ബന്ധപ്പെടുകയോ ചെയ്യാം.

ആ അര്‍ത്ഥത്തില്‍ ബ്ലോഗ് ഉപയോഗിക്കുന്നവനും ട്വിറ്റര്‍ ഉപയോഗിക്കുന്നവനും ഓര്‍കുട്ടോ സ്പേസ്‍ബുക്കോ മൈസ്പേസോ ഉപയോഗിക്കുന്നവനുമെല്ലാം ’മാധ്യമപ്രവര്‍ത്തകര്‍’ തന്നെയാണ്. വിവരാവകാശനിയമത്തിലൂടെയും അല്ലാതെയും തനിക്കു കിട്ടിയ വിവരങ്ങള്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ (media) പങ്കുവക്കുന്നവര്‍. (എന്നു വച്ച് പിണറായി മാധ്യമപ്രവര്‍ത്തകരെ കുറ്റം പറയുമ്പോള്‍ നമ്മള്‍ കല്ലെറിയാന്‍ പോവേണ്ട കാര്യമില്ല ;-). ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മേല്‍ ആരോപിക്കാവുന്ന ഒരു പ്രധാന വ്യത്യസ്ത സ്വഭാവം ഒരു പക്ഷേ വ്യക്തമായ geographical boundaries ഇല്ല എന്നതായിരിക്കും.

അപകീര്‍ത്തി കേസുകളെക്കുറിച്ച്...

മൂന്നു പേര്‍ കൂടുന്നിടത്ത് ഒരാള്‍ മറ്റൊരാളോട് പറയുന്ന ഒരു കാര്യം അയാളുടെ സാമൂഹ്യപരിവേഷത്തിന് കോട്ടം തട്ടിക്കുന്നതാണ് എന്ന് മൂന്നാമന് തോന്നുകയാണെങ്കില്‍ അപകീര്‍ത്തിക്കേസിന് വകുപ്പുണ്ട് എന്നു ലളിതമായി പറയാം. ഈ യുക്തി മനുഷ്യര്‍ക്കും മുഖ്യധാരാമാധ്യമങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും മറ്റു സൈറ്റുകള്‍ക്കുമെല്ലാം ഒരു പോലെ ബാധകം തന്നെ. പ്രധാന പ്രതിവാദം പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുകയാണ്. ഉണ്ടെന്ന് കോടതിക്ക് ബോധ്യമായാല്‍ തടി കേടാകാതെ ഇറങ്ങിപ്പോരാം. ഇതും ഇപ്പറഞ്ഞ എല്ലാ ഗ്രൂപ്പുകള്‍ക്കും ഒരുപോലെ ബാധകമാണ്.

മാധ്യമങ്ങളും കലകാരന്മാരും സമുന്നതജനകീയനേതാക്കന്മാരും സാമാന്യജനങ്ങളുമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്കും തന്താങ്ങള്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ പുലിവാലും ശേഷം വക്കീലിന്‍റെ ഗൗണ്‍വാലുമെല്ലാം പിടിക്കേണ്ടി വന്നിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങള്‍ ഇടപെടുന്ന ഓണ്‍ലൈന്‍ സമൂഹത്തില്‍ സ്വഭാവികമായും ഇത്തരം പ്രവണതകള്‍ ഉണ്ടാവേണ്ടതു തന്നെയാണ്. അതിനെ അപവാദമായി പൊക്കിപ്പിടിച്ചു പറയുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ പിശക്. അത് അപവാദമല്ല, മറിച്ച് സാമാന്യമാണ്.

ബ്ലോഗ് എങ്ങനെയാണ് സ്വതന്ത്രമാധ്യമമാവുന്നത്?

സ്വതന്ത്രമാധ്യമമെന്നും സിറ്റിസണ്‍ ജേണലിസമെന്നും ബ്ലോഗിനു കല്പിച്ചു നല്കിയ പദവിക്കെതിരെ ചില കോടതിവിധികള്‍ ചോദ്യം ഉയര്‍ത്തുന്നു എന്നു ലേഖകന്‍ പറയുന്നു. പലതവണ പലരും പറഞ്ഞു പഴകിയ കാര്യമാണെങ്കിലും വീണ്ടും വിളിച്ചു പറയേണ്ടി വരുന്നതില്‍ ഖേദം. ബ്ലോഗ് സ്വതന്ത്രമാധ്യമമാവുന്നത് എന്തും അതിലൂടെ വിളിച്ചു പറയാം എന്നതു കൊണ്ടല്ല. സ്വന്തം യുക്തിക്കു ബോധ്യമാവുന കാര്യങ്ങള്‍ മറ്റുള്ളവരുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാവാതെ പൊതുജനസമക്ഷം ഉയര്‍ത്താം എന്നതുകൊണ്ടാണ്. അതായത്, എന്‍റെ ലേഖനം എത്രതന്നെ മഹത്തരമെങ്കിലും മാതൃഭൂമിയുടെ ലിഖിതവും അലിഖിതവുമായ നയങ്ങളോടു ചേര്‍ന്നു പോകുന്നില്ലെങ്കില്‍ അത് എനിക്ക് മറ്റൊരിടത്ത് പ്രസിദ്ധീകരിക്കേണ്ടി വരും. എല്ലാവരും കയ്യൊഴിഞ്ഞ് സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങാന്‍ തുട്ടില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍, എനിക്കാവശ്യമുള്ള മറ്റൊരിടമായി മാറുകയാണ് ബ്ലോഗ്. ഇങ്ങനെയുള്ള ചില കാര്യങ്ങളാണ് സ്വാതന്ത്ര്യം എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അല്ലാതെ എന്തും എഴുതുവാനുള്ള ലൈസന്‍സ് അല്ല.

മലയാളം ബ്ലോഗുകള്‍ ഇനിയുമൊരുപാട് വളരാനുണ്ടെന്ന ലേഖകന്‍റെ വാദം തീര്‍ത്തും അംഗീകരിക്കുന്നു. സമയം ആവശ്യമുള്ള ഒരു പ്രതിഭാസമാണ് വളര്‍ച്ച, നെറ്റിലും ജീവിതത്തിലുമെല്ലാം. അതേ സമയം നിത്യജീവിതത്തിലെന്ന പോലെ അനൗപചാരികമായ ഒരു ഇടപെടല്‍ ബ്ലോഗില്‍ കാണുമ്പോള്‍ അതിനെ ’ഗൗരവമില്ലായ്മ’ എന്നു വിളിക്കുന്നത് അബദ്ധമാണെന്ന് തോന്നുന്നു. മുഖ്യധാരാമാധ്യമങ്ങളില്‍ നിന്ന് വേര്‍പെട്ട് ഒരു കമ്യൂണിറ്റി സ്പേസ് കൂടിയാണ് ബ്ലോഗ്. അതിന്‍റെ ഒരു സ്വാഭാവിക പ്രതിഫലനം മാത്രമാണ് ഈ അനൗപചാരികത, അല്ലെങ്കില്‍, ലേഖകന്‍ പറയുന്ന ഗൗരവമില്ലായ്മ. അതു തന്നെയാനിതിന്‍റെ പ്രത്യേകതയും.

നൂറു ശതമാനം ഗൗരവമേറിയ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന എത്ര മാധ്യമങ്ങളുണ്ടിവിടെ? ദൃശ്യമാധ്യമങ്ങളില്‍ കൂടിയ പങ്കും എന്‍റര്‍ടെയ്‍ന്‍മെന്‍റ് ചാനലുകളാണ്. വാര്‍ത്താചാനലുകളും മറ്റു ഗൗരവവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചാനലുകളും പലപ്പോഴും സരസമായ ഉല്ലാസപ്പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. കാരണം ഉല്ലാസം മനുഷ്യന്‍റെ അത്യാവശ്യങ്ങളില്‍ ഒന്നാണ്. കച്ചവടങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ഉല്ലാസത്തിനും തമാശക്കും എന്തിന്, ലൈംഗികതക്കും വരെ എക്സ്‍ക്ലൂസിവ് മാസികകളും വാരികകളുമുണ്ട്. ഇതുപോലെ വിവിധമേഖലകളെ പ്രതിപാദിക്കുന്ന സൈറ്റുകളിലൂം ബ്ലോഗുകളിലും ’ഹ്യൂമന്‍ ഇന്‍ററസ്റ്റ്’ വിഷയങ്ങള്‍ അധികമായതിന് മറ്റൊരു ന്യായം തേടേണ്ട കാര്യമില്ല. ചിന്തയുള്‍പ്പെടെയുള്ള അഗ്രിഗേറ്ററുകള്‍ ബ്ലോഗുകളെ കാറ്റഗറൈസ് ചെയ്ത് കാണിക്കുന്നുമുണ്ട്. കൂടാതെ, ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള മുഖ്യധാരാ പത്രങ്ങള്‍ ഒന്നാംപേജില്‍ വിഡ്ഢിത്തങ്ങള്‍ വിളമ്പിയതിന് പല ഉദാഹരണങ്ങളും നമ്മുടെ കയ്യിലുണ്ട്. ബ്ലോഗിലെന്താ, ഇതെല്ലാം സംഭവിച്ചു കൂടേ?

ലേഖനത്തിന്‍റെ ടൈറ്റില്‍ മാറ്ററായ സ്വകാര്യതയുടെ കാര്യത്തിലേക്ക് വരാം. സാമ്പത്തിക ഇടപാടുകള്‍ ഒഴിച്ചുള്ള കാര്യങ്ങളില്‍ നിങ്ങള്‍ പുറത്തു വിടുന്ന സ്വകാര്യവിവരങ്ങള്‍ സത്യസന്ധമായിരിക്കണമെന്ന് ഒരു സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റും ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഒരു പക്ഷേ, എ മെയില്‍ ഐഡി വെരിഫിക്കേഷന്‍ ആവശ്യപ്പെടാം. നെറ്റ് എന്ന ലോകത്ത് നിങ്ങളുടെ പ്രധാന ഐഡെന്‍റിറ്റി ഒരു പക്ഷേ ഇ മെയില്‍ ഐഡി ആയിരിക്കും. മറ്റു വിവരങ്ങള്‍ ശരിയാണോ എന്ന് അന്വേഷിക്കാനോ സ്ഥീരീകരിക്കാനോ നിലവില്‍ സംവിധാനങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല എന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളില്‍ ഇടപെടുന്ന ഭൂരിപക്ഷം പേരും ഈ തിരിച്ചറിവോടു കൂടിത്തന്നെയാണ് ഇവിടങ്ങളില്‍ വിഹരിക്കുന്നത് എന്നു തന്നെയാണ് എന്‍റെ വിശ്വാസം. ’ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന തലക്കെട്ടിലെ ’ഒന്നും’ എന്ന വാക്കിനെ ന്യായീകരിക്കുന്ന ഒന്നും എനിക്കു ലേഖനത്തില്‍ വായിച്ചെടുക്കാനുമായില്ല.

സാമാന്യസാമൂഹ്യജീവിതത്തിലെന്ന പോലെ, കോടിക്കണക്കിന് ആളുകള്‍ ഇടപെടുന്ന സൈബര്‍സ്പേസില്‍ തട്ടിപ്പും വിഡ്ഢിത്തവും കുറ്റകൃത്യങ്ങളും കേസും ഉണ്ടാവുന്നത് സ്വാഭാവികം. പല കമ്യൂണിക്കേഷന്‍ കണ്‍സെപ്‍റ്റുകളെയും നൊടിയിടക്കുള്ളില്‍ വിപ്ലവാത്മകമായി മാറ്റിമറിച്ച ഒരു പ്രതിഭാസത്തിന്‍റെ ചില്ലറ പാര്‍ശ്വഫലങ്ങളെന്നതിലുപരി ഈ കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ പ്രാധാന്യം കല്പിക്കുന്നില്ല. എല്ലാം കുറ്റമറ്റതാവണമെങ്കില്‍ ആദ്യം സമൂഹം കുറ്റമറ്റതാവണം.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ വായനക്കാരില്‍ ഭൂരിഭാഗം പേരും ബ്ലോഗ്-സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് മേഖലകളില്‍ ഇടപെടുന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനുള്‍പ്പെടെയുള്ള അവരുടെ മക്കള്‍ തീര്‍ച്ചയായും അങ്ങനെയുള്ളവരാണെങ്കില്‍പ്പോലും. അതുകൊണ്ടു തന്നെ വളരെ മികച്ച റിസര്‍ച്ചുകള്‍ക്കു ശേഷം പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിച്ച സന്തോഷത്തോടെയും ഉടനീളം സ്വീകരിച്ച വിമര്‍ശനാത്മകസമീപനത്തോട് ഒട്ടൊരു പരിഭവത്തോടു കൂടെയും ഇതിവിടെ കുറിച്ചിടേണ്ടി വരുന്നു.

14 comments:

Calvin H said...

ബ്ലോഗ് എന്നാൽ അച്ചടിമാധ്യമങ്ങളുടെ ഓൺലൈൻ കൌണ്ടർപാർട്ട് ആവേണ്ടതാണെന്ന് സങ്കല്പം തന്നെ തെറ്റാണ്. അതിനു ഓൺലൈൻ പത്രങ്ങളും മാസികകളും എല്ലാം ഉണ്ട്.

ഗൌരവമുള്ള വിഷയങ്ങൾ മാത്രമെഴുതാനാണെങ്കിൽ പിന്നെ ബ്ലോഗ് വേണോ? ഓരോരുത്തരും അവരവർക്കിഷ്ടമുള്ളത് എഴുതട്ടെ. അത് ഇഷ്ടമുള്ളവൻ വായിക്കട്ടെ.

പിന്നെ സൈബർ ക്രൈം. ക്രിമനൽ മെന്റാലിറ്റിയുള്ള ഒരു സമൂഹത്തിൽ ഇന്റർ‌നെറ്റിൽ മാത്രം ക്രൈം നടക്കില്ല എന്ന് ആഗ്രഹിക്കുന്നത് വിഡ്ഡിത്തമാണ്.

പപ്പൂസിനോട് യോജിക്കുന്നു.

സന്തോഷ്‌ പല്ലശ്ശന said...

ലേഖനം നന്നായി.. ആശംസകള്‍

G.MANU said...

പപ്പൂസ് ബന്‍ ഗയാ സീരിയസ്.

നല്ല കുറിപ്പ്...

കാര്‍കൂന്‍ said...

:)

magicman said...

EE PAPPOOSINTE ORU KARYAM... YEVALE KONDU NJAN THOTTU!

പാവത്താൻ said...

ഗൌരവമേറിയ വിഷയം. നല്ല ലേഖനം.

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായി...
എല്ലാബൂലോഗർക്ക് വേണ്ടിയുമുള്ള ഒരു മറുപടി !
അഭിനന്ദനങ്ങൾ.

B.S BIMInith.. said...
This comment has been removed by the author.
B.S BIMInith.. said...
This comment has been removed by the author.
B.S BIMInith.. said...

''ഇരുട്ടിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അവതരിപ്പിക്കപ്പെടുന്നത് വെളിച്ചത്തെക്കുറിച്ച് അറിവില്ലാത്ത ഒരു സമൂഹത്തിനു മുന്നിലാവുമ്പോള്‍ മറുചോദ്യം അപ്രസക്തമാവുകയാണ്.'' കൊണ്ട്‌ എല്ലാ ഓട്ടകളും അടക്കാന്‍ പറ്റില്ലെന്നു മനസ്സിലാക്കുന്നു പപ്പൂസ്‌. ബ്ലോഗ്‌ ഒരു സോഷ്‌്യന്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റ്‌ അല്ല പക്ഷേ ഒരു സോഷ്യല്‍ സോഫ്‌റ്റ്വെയറാണ്‌, അങ്ങനെയാണ്‌ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്‌... നന്ദി.

പപ്പൂസ് said...

ബിമിനിത്,

ഞാന്‍ പറഞ്ഞ കാര്യങ്ങളെ ബിമിനിത് സമീപിച്ചത് മുന്‍വിധികളോടെയാണോ എന്നു ഭയപ്പെടുന്നു. വിമര്‍ശനമായിരുന്നില്ല എന്‍റെ ഉദ്ദേശ്യം. മലയാളം ബ്ലോഗുകളെ ഡിഫന്‍റ് ചെയ്യലുമായിരുന്നില്ല. പ്രാതിനിധ്യം ഏറ്റെടുത്ത് പ്രതികരണം പ്രസിദ്ധീകരിക്കാന്‍ ’മലയാളം ബ്ലോഗ്സ്’ എന്നു പറയുന്നത് ഒരു ഓര്‍ഗനൈസേഷനൊന്നുമല്ലല്ലോ. താങ്കള്‍ വിശദമായി പ്രതിപാദിച്ച സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളുടെ സ്വകാര്യതയെക്കുറിച്ചും സാന്ദര്‍ഭികമായി പരാമര്‍ശിച്ച മലയാളം ബ്ലോഗിനെക്കുറിച്ചും സാധൂകരിക്കാനായി വിസ്തരിച്ച കേസുകളെക്കുറിച്ചുമൊക്കെ വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന സ്വാഭാവികപ്രതികരണം മാത്രമായിരുന്നു അത്. വായനക്കാരില്‍ താങ്കളുടെ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ (വിശേഷിച്ചും ഡേറ്റിങ്ങിനെക്കുറിച്ചും മറ്റുമുള്ള) അപക്വമായ ഒരു മുന്‍വിധി ഇതിലിടപെടാത്ത വായനക്കാരില്‍ സൃഷ്ടിച്ചേക്കുമെന്നു തോന്നി. ഇവിടെ പോങ്ങു എഴുതിയതും അതൊക്കെത്തന്നെയാവണം.

ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് മേല്‍പ്പറഞ്ഞ സംഗതികളെ നിത്യജീവിതത്തിലെ മറ്റു സമാനസന്ദര്‍ഭങ്ങളുമായി താരതമ്യം ചെയ്തു നോക്കാം എന്നു തോന്നിയത്. ലോകമൊട്ടാകെ 166 കോടി ആളുകള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. എന്നു വച്ചാല്‍ ഇന്ത്യയിലെ ജനസംഖ്യയെക്കാളധികം. ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം എട്ടു കോടി കവിയും. കണക്കുകള്‍ ഇവിടെ. അപ്പോള്‍പ്പിന്നെ ഒരു സമൂഹത്തിന്‍റെ എല്ലാ സ്വഭാവവും സൈബര്‍സ്പേസിലും കാണും. പരശ്ശതം മാസികകളെയും വാരികകളെയും ബ്ലോഗിനെയും താരതമ്യം ചെയ്യുമ്പോളും സ്ഥിതി തഥൈവ.

പിന്നെ, സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകള്‍ എന്നതു കൊണ്ട് താങ്കളെപ്പോലെത്തന്നെ ഞാനും ഉദ്ദേശിച്ചത് ഓര്‍കുട്ട്, ഫേസ്‍ബുക്ക് തുടങ്ങിയ സൈറ്റുകളെത്തന്നെയാണ് എന്നു കൂടിപ്പറയട്ടെ. ബ്ലോഗിനെക്കുറിച്ച് പറഞ്ഞിടത്തെല്ലാം ’ബ്ലോഗ്’ എന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

B.S BIMInith.. said...

മുന്‍വിധിയൊന്നുമില്ല. താങ്കളുടെ വിമര്‍ശനം എല്ലാം പോസിറ്റീവ്‌ ആയാണ്‌ കണ്ടിട്ടുള്ളത്‌. എല്ലാവര്‍ക്കുമറിയാവുന്ന സവിശേഷതകള്‍ പറഞ്ഞ്‌ അതുതന്നെ വീണ്ടും പറഞ്ഞ്‌ ബോറാക്കാതെ കാര്യമാത്രപ്രസക്തമായവയെ, അല്‌പം ക്രിട്ടിക്കലായി തന്നെ സമീപിച്ചതു തന്നെയാണ്‌. ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ സ്വഭാവവ്യത്യാസങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലും കാണും എന്നു തന്നെയാണ്‌ ഞാനുദ്ദേശിച്ചതും. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ താങ്കളുടെ പോസ്‌റ്റ്‌ സഹായിച്ചതില്‍ സന്തോഷമുണ്ട്‌.

Calvin H said...

[[ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ സ്വഭാവവ്യത്യാസങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലും കാണും എന്നു തന്നെയാണ്‌ ഞാനുദ്ദേശിച്ചതും]]

സമൂഹത്തിലെ പലതരം മനുഷ്യരുടെ സ്വഭാവവ്യത്യാസങ്ങൾ ഇന്റർനെറ്റിലും സോഷ്യൽനെറ്റ്വർക്കിംഗ് സൈറ്റുകളിലും കാണും എന്നാക്കിയാൽ ഒന്നുകൂടെ ശരിയായി. :)

സനൊജ് said...

നന്നായി