ഓരോ പോസ്റ്റിന്റെയും കൂടെ ഓരോ പടം എന്നതാണ് ഇപ്പോഴത്തെ ബൂലോഗ ട്രെന്‍ഡ് എന്നാരോ പറഞ്ഞതു കൊണ്ടൊന്നുമല്ല, സന്ദര്‍ഭം കാണികള്‍ക്ക് വ്യക്തമാവാന്‍ ഈ ചിത്രം ആവശ്യമാണെന്ന് പപ്പൂസിനു തോന്നിയതു കൊണ്ടാണ് ഇതും കൂടിയിടുന്നത്. ;)
പുത്തൂരം ബ്ലോഗില്‍ തിരക്കിട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. പെണ്‍കുട്ടികള്‍ മാല കോര്‍ക്കുന്നു, കമ്മലുകളിടുന്നു, പൌഡര്‍ പൂശുന്നു. ചേകവന്മാര് ചുരികയെടുത്ത് നഖം ചുരണ്ടുന്നു. ഓസീയാര്‍കാവില്‍ ഉത്സവമാണ്.
സദ്യവട്ടങ്ങള്‍ പൊടിപൊടിച്ചുണ്ടാക്കുന്ന തിരക്കിലാണ് കൊച്ചുകുറുപ്പന്മാര്. ഇടക്കിടെ കയ്യിലും കറിക്കത്തിയുമുപയോഗിച്ച് അവര്‍ കളരിപ്പരിശീലനം നടത്തുന്നുമുണ്ട്. ഒന്നുമറിയാതെ, തലയില്‍ മുണ്ടിട്ട് മൂലക്കല് കിടന്നുറങ്ങുകയാണ് വിശാലന്ഗുരുക്കള്.
ഉമ്മറക്കോലായില്‍, ആരേയും ശ്രദ്ധിക്കാതെ ഇരിക്കുന്നു ഒരു കൊച്ചു ചേകവര്‍. കയ്യിലിരുന്ന അങ്കച്ചുരിക വലംകയ്യിലെ മസിലില്‍ ഉരച്ച് മൂര്‍ച്ച കൂട്ടുകയാണദ്ദേഹം. അതെ, പപ്പൂസ് ചേകവരാണത്. കുളി കഴിഞ്ഞ് മുടിയില്‍ മുല്ലപ്പൂ ചൂടി പതിയെ ത്രേസിയാര്‍ച്ച അങ്ങോട്ടു നടന്നു വന്നു.
"പപ്പുവാങ്ങളേ..."
ത്രേസിയാര്‍ച്ച വിളിച്ചു. ഇടിമുഴക്കം പോലുള്ള സ്വരം കേട്ട് പപ്പൂസ് ചേകവര്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. അടുത്തു വന്ന് ത്രേസിയാര്‍ച്ച മുട്ടുകുത്തിയിരുന്നു.
"ആചാരങ്ങള്‍ മാനിച്ച് ഓസീയാര്‍കാവില്‍ ഒരു കുടം കള്ളു നേദിച്ചിട്ടുണ്ട്, പപ്പുവാങ്ങളക്കു വേണ്ടി."
പപ്പൂസ് ചേകവരുടെ ചുണ്ടില്‍ പുച്ഛം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു. അദ്ദേഹം പറഞ്ഞു.
"പലരും പപ്പൂസിനെ പറ്റിച്ചിട്ടുണ്ട്, പലവട്ടം. കൊല്ലത്തു വന്നാല്‍ ഓസീയാറിന്റെ ആറു തീര്‍ത്തു തരാമെന്നു പറഞ്ഞ് നിന്റാങ്ങള വാല്മീകര് ചേകവര്‍ എന്നെ ആദ്യം പറ്റിച്ചു. അഡ്രസ്സ് തന്നാല്‍ ഒരു പെഗ്ഗല്ല, ഒരു കുപ്പി തന്നെ തരാമെന്ന് പറഞ്ഞ പ്രയാസിരാമന് പിന്നെ പറ്റിച്ചു. പാരവച്ചാല്‍ ഓസീയാറില്‍ മുക്കിക്കൊല്ലുമെന്നു പറഞ്ഞ കൃഷമ്മാവനും പപ്പൂസിനെ പറ്റിച്ചു. ഇടക്കിടെ വരാമെന്നു പറഞ്ഞു പോയ ശേഷം തിരികെ വന്നപ്പോള്‍ ’നീ നന്നാവില്ലെന്നു പറഞ്ഞ് പ്രിയപ്പെണ്ണും എന്നെ പറ്റിച്ചു."
പപ്പൂസ് ചേകവരുടെ കണ്ണു നിറഞ്ഞു. ഗദ്ഗദകണ്ഠനായി അദ്ദേഹം തുടര്‍ന്നു.
"പറ്റീര് കമന്റുകളേറ്റു വാങ്ങാന്‍ പപ്പൂസിന്റെ ബ്ലോഗ് പിന്നെയും ബാക്കി.... ആര്ച്ചേ... ഇപ്പോ നീയും..."
"ഇല്ല പപ്പുവാങ്ങളേ..."
ത്രേസിയാര്‍ച്ച പപ്പൂസിന്റെ വായ് പൊത്തിപ്പിടിച്ചു.
"ആങ്ങള ഇങ്ങനെ വിലപിച്ചാല്‍ ഈ ആര്‍ച്ച ഇടുക്കി ഡാമില്‍ തലതല്ലിച്ചാവും"
"വേണ്ടാ....!!!!! ഡാം പൊളിക്കണ്ട... കൊടകരയിലേക്കു കുടിവെള്ളമെത്താതെയായാല് വിശാലന്ഗുരുക്കളുടെ ത്രിസന്ധ്യക്കുള്ള ഓസീയാറടി മുടങ്ങിപ്പോയേക്കും... എനിക്കതിഷ്ടമല്ല!"
ഒന്നു നിര്‍ത്തിയ ശേഷം പപ്പൂസ് ത്രേസിയാര്‍ച്ചയെ നോക്കി. അവളെന്തോ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം ചോദിച്ചു.
"എന്താ ആര്‍ച്ചയുടെ കയ്യില്‍, കേമന്മാരെ കണ്ടെത്തി തീയതിയുറപ്പിച്ചടിച്ച ആ പഴയ ബ്ലിവാഹക്കുറിയോ, അതോ ഫോണ്ടു വലിപ്പം തിരുത്തിയെഴുതിയ പുത്തൂരം ബ്ലോഗിന്റെ പുതിയ ടെംപ്ലേറ്റോ?"
"അല്ല, എന്റെ പുതിയ പോസ്റ്റാണ്... ഇടുക്കി ഡാമിന് വലിപ്പം പോരെന്ന് മലബാറിലാകെ പാടിനടക്കുന്നൂ, പാണച്ചെറുക്കന്മാര്! പുത്തൂരം ബ്ലോഗിലെ ആണുങ്ങളിതൊന്നും കേള്‍ക്കുന്നില്ലല്ലോ?"
കണ്ണുകള്‍ തുടച്ചു കൊണ്ട് ത്രേസിയാര്‍ച്ച അകത്തേക്കു നടന്നു. പിറകെ പരിചാരികമാരും. പരിചാരികമാരിലൊരാള് പപ്പൂസ് ചേകവരെ നോക്കി ചിരിച്ചു. അദ്ദേഹം മൊട്ടത്തലയൊന്നു തടവിയെന്നല്ലാതെ കമന്റുപെട്ടി തുറന്നില്ല. അകത്തു കീബോര്‍ഡുമായി ആര്‍ച്ചയുടെ വിരലുകള്‍ അങ്കം തുടങ്ങി. പപ്പൂസ്ചേകവര് വീണ്ടും ചുരിക മസിലിലുരക്കാന് തുടങ്ങി. പെട്ടെന്നൊരു ശബ്ദം.
"കമന്റടി പെണ്ണുങ്ങളോടേയുള്ളോ, പപ്പൂസ് ചേകവര്‍ക്ക്?"
പപ്പൂസ് ചേകവര്‍ മുഖമുയര്‍ത്തി നോക്കി, മുന്നില്‍ വാല്മീകര് ചേകവര്‍.
"പപ്പൂസിനു കമന്റാന്‍ മാത്രമല്ല, പോസ്റ്റാനുമറിയാം. അതും മറന്നു പോയോ വാല്മീകര് ചേകവന്?"
വാല്മീകര് ചേകവരുടെ മുഖം ചുവന്നു. അടുത്തു വന്നു നിന്ന കാളവണ്ടിയിലേക്കു വിരല്‍ ചൂണ്ടി വാല്മീകര് പറഞ്ഞു.
"ഇതാ, ഇരുപത്തൊന്നു പൊന്‍കുടം ഓസീയാര്‍, മച്ചൂനന്റെ അവകാശപ്പെഗ്ഗ്. ഇതില്‍ കൂടുതലൊന്നും ശാസ്ത്രം പറയുന്നില്ലല്ലോ."
പപ്പൂസ് ചേകവരുടെ മുഖം കോപം കൊണ്ട് തുടുത്തു. ഉമ്മറത്തു വച്ചിരുന്ന ഓസീയാര്‍ ഒറ്റ വലിക്കടിച്ച്, അടുത്തതൊഴിച്ച് പപ്പൂസ് ചേകവര്‍ ഗ്ലാസ്സും ചുരികയും ഒന്നിച്ചു കയ്യിലെടുത്തു കൊണ്ട് വെല്ലു വിളിച്ചു.
"പുത്തൂരം ബ്ലോഗില്‍ ചേകവന്മാര് കണക്കു തീര്‍ക്കുന്നത് ഒസീയാര്ക്കുടം കൊണ്ടല്ല... പോസ്റ്റെടുക്ക്"
വാല്മീകര്ക്കും കോപം വന്നു. അങ്കം തുടങ്ങി. ഘോരമായ അങ്കത്തിനിടയില്‍ പപ്പൂസ് ചേകവരുടെ കയ്യിലിരുന്ന ഗ്ലാസ്സിലെ ഒരു തുള്ളി ഓസീയാര്‍ പോലും തെറിപ്പിക്കാനായില്ല വാല്മീകര്ചേകവര്ക്ക്. ശൌര്യമേറിയ യുദ്ധം കണ്ട് ബൂലോഗര്‍ കമന്റു വൃഷ്ടി നടത്തി. വാല്മീകര് ചേകവര്‍ തളര്‍ന്നു.
ഇതു കണ്ട കൃഷമ്മാവന് ഓടി വന്ന് അവരെ തടഞ്ഞു. "നിര്‍ത്തൂ....!!! കമന്റ് ബ്രേക്ക്..."
വെട്ടു നിര്‍ത്തി, ഒരു ദീര്‍ഘനിശ്വാസമെടുത്ത ശേഷം കോപത്തോടെ അദ്ദേഹം തുടര്‍ന്നു.
"ഡ്രാഫ്റ്റ് പോസ്റ്റാണിത്, പബ്ലിഷ് പോസ്റ്റല്ല. ആരാണിക്കാര്യം ആദ്യം മറന്നത്, വാല്മീകരോ, അതോ പപ്പൂസ് തന്നെയോ?"
ക്ഷുഭിതനായി അദ്ദേഹം പപ്പൂസിനെ തിരിഞ്ഞു നോക്കി.
"പൈങ്ങോടര്‍ പഠിപ്പിച്ചു തന്ന മദ്യമായം ഒരുപാടുണ്ടല്ലോ, പപ്പൂസിന്റെ കയ്യില്‍."
പപ്പൂസിനതിഷ്ടമായില്ല. അനിഷ്ടം ഒരു വെല്ലുവിളിയായി പുറത്തു വന്നു.
"ഓസീയാറില്‍ മാമോദീസ മുക്കി, അങ്കച്ചുവടുകള്‍ കാണിച്ച്, പോസ്റ്റു വെട്ടാനും കമന്റു തടുക്കാനും പൈങ്ങോടര്‍ പഠിപ്പിച്ചതെല്ലാം ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. പത്താം നാളിലെ അങ്കത്തില്‍ വാല്‍മീകരെ വെല്ലുന്നത് പൈങ്ങോടരായിരിക്കില്ല, പപ്പൂസ് ചേകവരായിരിക്കും!!!!!"
ചുരികയടിച്ച് ശബ്ദമുണ്ടാക്കി പപ്പൂസ് ചേകവര്‍ നടന്നകന്നു. അകത്തു നിന്ന് ത്രേസിയാര്‍ച്ച ഹൃദയമുരുകി പ്രാര്‍ത്ഥിച്ചു. കാവില്മാതാവേ, കാത്തോളണേ....
പത്താംനാള്‍. അന്നത്തെ സൂര്യോദയത്തിന് എന്നത്തേതിലും പ്രകാശമുണ്ടെന്നു തോന്നി എല്ലാവര്ക്കും. ഓസീയാറിനു മുമ്പില്‍ മുട്ടു കുത്തി പ്രാര്‍ത്ഥിച്ച്, കുപ്പി മുത്തിയ ശേഷം പപ്പൂസ് ചേകവര്‍ ഗ്ലാസ്സും ചുരികയുമെടുത്തു. ബൂലോഗരെല്ലാം എത്തിയിട്ടുണ്ട് അങ്കം കാണാന്‍. അങ്കത്തട്ടില്‍ വാല്മീകര് കാത്തിരിക്കുന്നു. നന്നായി മിനുങ്ങിയിട്ടുണ്ടെന്നു കണ്ടാലറിയാം. ടെന്‍ഷന്‍ കാരണമായിരിക്കും, എതിരിടാന്‍ പോകുന്നത് പപ്പൂസ് ചേകവരെയാണല്ലോ.
അങ്കം തുടങ്ങി. വാല്‍മീകരുടെ മുമ്പില്‍ പൈങ്ങോടര്‍ പഠിപ്പിച്ച പപ്പൂസ് ചേകവന്റെ അടവുകളൊന്നും വിലപ്പോകുന്നില്ല. പപ്പൂസ് തളര്‍ന്നവശനായി. ബ്രേക്കിനിടയില്‍ ഓസീയാര്‍ കുപ്പിയോടെ വായിലേക്കു കമിഴ്ത്തിയ ശേഷം പപ്പൂസ് വാല്‍മീകരുടെ വാളിലേക്കൊന്നി സൂക്ഷിച്ചു നോക്കി.
"ബ്ലോഗുപരമ്പര ദൈവങ്ങളേ... അത് ഇടിവാളാണല്ലോ....!!!!"
തല കറങ്ങുന്നതു പോലെ തോന്നി പപ്പൂസ് ചേകവര്‍ക്ക്. ബ്രേക്ക് കഴിഞ്ഞ് അങ്കം തുടങ്ങാനിനി നിമിഷങ്ങള്‍ പോലും ബാക്കിയില്ല. ഇടിവാളിനെ എങ്ങനെ നേരിടും? നെഞ്ച് പടപടാന്ന് ഇടിക്കാന്‍ തുടങ്ങി. അങ്കത്തിനിടെ ത്രേസിയാര്‍ച്ച ഇടുക്കിപ്രശ്നം പരിഹരിക്കാന്‍ പോയിരിക്കുകയാണ്. ഇല്ലെങ്കില്‍ ഒന്നുരണ്ടടവുകള് ചോദിച്ച് മനസ്സിലാക്കാമായിരുന്നു. മനസ്സില്ലാമനസ്സോടെ പപ്പൂസ് ചേകവര്‍ മൊബൈല്‍ ഫോണെടുത്ത് വിശാലന് ഗുരുക്കളെ വിളിച്ചു.
"ഗുരുക്കളേ, ഇടിവാളാണ് വാല്‍മീകരുടെ കയ്യില്‍. പപ്പൂസിന്റെ പോസ്റ്റുകളെല്ലാം ഡ്രാഫ്റ്റായി ഒതുങ്ങിപ്പോകുന്നു. വിദ്യ പകര്‍ന്നു തന്ന് അനുഗ്രഹിക്കണം..."
വിശാലന് ഗുരുക്കള്‍ ആദ്യമായി തലയിലിരുന്ന മുണ്ടു പറിച്ചു മാറ്റി. ഒരു നിമിഷം നിശ്ശബ്ദനായി നിന്ന ശേഷം അദ്ദേഹം പറഞ്ഞൂ.
"ഇല്ല പപ്പൂസ് ചേകോരേ, ഇടിവാള്‍ കൊടകര മൊത്തമായി ചാമ്പലാക്കിയ വാളാണ്. നിന്നെ സഹായിക്കാന്‍ ഒരു പുലിച്ചേകവനേ കഴിയൂ..."
"ആര്, ആ പുലിപിടുത്തക്കാരനോ....?" പപ്പൂസ് ചേകോര്ക്കാകെ ആധിയായി
"ഹ ഹ ഹ" വിശാലന് ഗുരുക്കള്‍ പൊട്ടിച്ചിരിച്ചു.
"പപ്പൂസിന്റെ നെഞ്ചകം എരിയുന്നു, ഗുരുക്കള്‍ ചിരിക്കുന്നോ?"
"ചിരിച്ചതല്ല, നാം ആ പുലിയുടെ പേരു പറഞ്ഞതാണ്. പണ്ടിടിവാള് എന്നോടെതിര്ത്തപ്പോള്, തുണ പോന്ന ചേകോന്... ഇടിവെട്ടുകള്‍ തടുത്ത് കൊടകരയുടെ മാനം കാത്ത ചേകോര്, അദ്ദേഹം പറഞ്ഞത് നീല കൂളിംഗ് ഗ്ലാസ്സ് ഇടിവാളിന്റെ വീക്ക്നെസ്സ് ആണെന്നാണ്"
"വിളിച്ചാല്‍ കിട്ടുമായിരിക്കും അല്ലേ, വിശാലന് ഗുരുക്കളേ..." വിശാലന് ഗുരുക്കളുടെ അനുവാദം വാങ്ങിയ ശേഷം പപ്പൂസ് പുലിച്ചേകോരെ വിളിച്ചു.
"സഹായിക്കണം..."
അപ്പുറത്തു നിന്നും ഘോരമായ ഒരു ശബ്ദം മുഴങ്ങിക്കേട്ടു.
"അറിയാം ചേകോരേ.... അങ്കം തുടങ്ങി അല്ലേ? വിശാലന് ഗുരുക്കള്‍ക്ക് നാം പണ്ട് ജപിച്ചു കൊടുത്ത കൊടകരക്കടക്കനുണ്ട്... പറഞ്ഞു തരാം, പ്രയോഗിച്ചോളൂ..."
ഒരു നിമിഷം ധ്യാനനിരതനായിരുന്ന ശേഷം അദ്ദേഹം തുടര്‍ന്നു.
"കട നോക്കി വെട്ട് ഗഡ്യേയ്... ഇടിവാളിന് ഇന്നെങ്കിലും ഒരു പണി കിട്ടണം... ഞാന്‍ പറഞ്ഞു തന്ന കൊടകരകടക്കന് അങ്ങ്ട്ട് വീശിക്കോ.... കൂളിംഗ് ഗ്ലാസ്സ് വെക്കാന്‍ മറക്കണ്ട!"
പപ്പൂസ് ചേകവര്‍ കൂളിംഗ് ഗ്ലാസ്സ് ധരിച്ച് തട്ടില്‍ കയറി. ഇടത്തു പോസ്റ്റി, വലത്തു കമന്റി.... ഓസീരം, കടകം..... പാഞ്ഞടുത്ത വാല്‍മീകരെ ചുരിക കാട്ടി പേടിപ്പിച്ച് പപ്പൂസ് കൊടകരക്കടക്കന് പ്രയോഗിച്ചു. ഇടിവാളിന്റെ ആണിയിളകി. വിജയശ്രീലാളിതനെപ്പോലെ പപ്പൂസ്. ആണിയിളകിയ ഇടിവാളുമായി വാല്മീകര്... എന്തും സംഭവിക്കാം! പപ്പൂസ് നിസ്സാരമായി ചിരിച്ചു.
"അങ്കത്തട്ടില്‍ പോസ്റ്റിത്തോറ്റവനെ വെറുതെ വിടുന്നത് ബൂലോഗമര്യാദയല്ലെന്നറിയാം. പക്ഷേ, നീ ത്രേസിയാര്ച്ചയുടെ നേരാങ്ങളയായിപ്പോയില്ലേ, പപ്പൂസ് ചേകവര്‍ ക്ഷമിക്കുന്നു."
പപ്പൂസ് ചേകവര്‍ ഇറങ്ങി നടന്നു. അദ്ദേഹം കണ്ടത് എതിരേ നടന്നു വരുന്ന ത്രേസിയാര്‍ച്ചയെ. ആവശ്യമായ സമയത്ത് ഇടുക്കിയില്‍ അണക്കെട്ടു തകര്‍ക്കാന്‍ പോയ ത്രേസിയാര്‍ച്ച മടങ്ങി വന്നതിപ്പോഴാണ്. അവള് പപ്പൂസിന്റെ അടുത്തേക്കു വന്ന് ചുമലില്‍ കൈവച്ചു.
"മാറി നില്ക്ക്....!!!!!!!!!!!!!!!"
കൈ തട്ടിമാറ്റിക്കൊണ്ട് പപ്പൂസ് ചേകവര്‍ ഗര്‍ജ്ജിച്ചു.
"നീയുള്‍പ്പെടുന്ന ബ്ലോഗിണി വര്‍ഗ്ഗം ചിരിച്ചു കൊണ്ടു കമന്റും... വെറുത്തു കൊണ്ടു ഡിലീറ്റും... ബ്ലഡ് ടെസ്റ്റുകളുടെ ഫലവും കനവും തൂക്കി നോക്കിയപ്പോള്‍ മികവില്‍ മികച്ചേരി പപ്പൂസിനെക്കാളും കേമമെന്നു തോന്നിക്കാണും, ഇടുക്കി ഡാം ... ഇനി പ്രയാസിരാമനുണ്ടല്ലോ തുണക്ക്, എന്നെ വിട്ടേക്ക്..."
പപ്പൂസ് ചുരിക വലിച്ചെറിഞ്ഞ് നടന്നകന്നു. (ഫ്ലാഷ് ബാക്ക് ഇതോടെ തീര്‍ന്നു)
പൈങ്ങോടരുടെ കളരിയില്‍ ചാരുകസേരയില്‍ ധ്യാനനിരതനായിരിക്കുന്ന പപ്പൂസ് ചേകവര്‍. പ്രിയപ്പെണ്ണ് കടന്നു വന്നു.
"അങ്ങുന്നേ..."
പ്രിയപ്പെണ്ണിന്റെ വിളി കേട്ട് ഓര്‍മ്മകളില്‍ മുഴുകിയിരിക്കുകയായിരുന്ന പപ്പൂസ് ചേകവര്‍ ഉണര്‍ന്നു.
"പുറത്താരോ വന്നിരിക്കുന്നു... പുത്തൂരം ബ്ലോഗില്‍ നിന്നാണെന്നു തോന്നുന്നു."
പുറത്ത് ഏതോ രണ്ട് നവാഗത ബ്ലോഗ്ഗര്‍മാരുടെ ശബ്ദം കേട്ടു.
"പപ്പുവമ്മാവാ.... വാതിലു തുറക്ക്..."
പപ്പൂസ് ചേകവര്‍ പ്രിയപ്പെണ്ണിനെ നോക്കി.
"കളരിയില്‍ വിളക്കു തെളിക്കൂ പ്രിയപ്പെണ്ണേ..."
രണ്ടു ചെറുപ്പക്കാര്‍ കളരിയിലേക്കു നടന്നു കയറി. ഉറക്കാത്ത ചുവടു വച്ചുകൊണ്ട് അവരില്‍ ഒരാള്‍ പറഞ്ഞു.
"പുത്തൂരം ബ്ലോഗ്ഗില്‍ പഠിപ്പു തികഞ്ഞ ചേകവന്മാര് ഇനിയുമുണ്ട് പപ്പൂസ് ചേകോരേ... അങ്കം തുടങ്ങ്..."
"ഇതോ അങ്കം... ??!!"
പപ്പൂസ് ചേകവര്‍ അവരെ നോക്കി പൊട്ടിച്ചിരിച്ചു.
"ചെറുപോസ്റ്റുകള് തട്ടിക്കൂട്ടുന്ന നിങ്ങള്‍ക്ക് ഒന്നുരണ്ടു കമന്റുകള്‍ ഇട്ടു തന്നതോ അങ്കം? ബൂലോഗത്ത് പേരുമാറി കമന്റുന്ന വെട്ടുകിളികളില്‍ പലരും ഒന്നു തന്നെയാണെന്നു തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞോ മക്കളേ നിങ്ങള്‍ക്ക്?"
തിരിഞ്ഞ്, ബ്ലോഗറുണ്ണിയെ നോക്കിക്കൊണ്ട് ഗദ്ഗദത്തോടേ പപ്പൂസ് ചേകവര്‍ തുടര്‍ന്നു.
"എനിക്കു പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ ഉണ്ണീ നീ..."
കോപത്തോടെ, എങ്കിലും വാത്സല്യത്തോടെ അവരെ നോക്കി പപ്പൂസ് ചേകവര്‍ ഗര്‍ജ്ജിച്ചു.
"പോസ്റ്റ്നിലവാരം കൊണ്ടും കമന്റു ബലം കൊണ്ടും കുടിയന് പപ്പൂസിനെ തോല്‍പ്പിക്കാന്‍ ആണായിപ്പിറന്നവരാരുമില്ല.... ആരുമില്ലാ.... ത്രേസിയാര്ച്ചയല്ലാതെ... മടങ്ങിപ്പോ!"
അടുത്ത പെഗ്ഗ് ഓസീയാര്‍ വലിച്ചകത്താക്കി പപ്പൂസ് അകത്തേക്കു നടന്നു പോകുന്നതു നോക്കി പുതുബ്ലോഗന്മാര് ലജ്ജയോടെ അവിടെത്തന്നെ നിന്നു.
83 comments:
രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കാന്‍ വേണ്ടിയാണ് ബൂലോഗരേ പപ്പൂസീ പോസ്റ്റെഴുതിയത്.
ഒന്ന്: പപ്പൂസിന്റെ ശൈലിയെപ്പറ്റി പലരും സംശയം പ്രകടിപ്പിച്ചിരുന്നു, കഴിഞ്ഞ രണ്ടൂ പോസ്റ്റുകളില്‍. ഇതു വായിക്കുന്നതോടെ പപ്പൂസിന്റെ ശൈലി എവിടെയാണ് കണ്ടു മറന്നതെന്നെങ്കിലും അവര്‍ക്കോര്‍ക്കാന്‍ സാധിച്ചേക്കും. :)
രണ്ട്: കൊച്ചുത്രേസ്യയില്ലാതെ പപ്പൂസിന് ഒരു പോസ്റ്റു പോലും ഇടാന്‍ പറ്റില്ലെന്ന് പലരും ആക്ഷേപം ഉയര്‍ത്തി. ഇതാ പപ്പൂസ് നെഞ്ചു വിരിച്ചു പറയുന്നു, ഇതില്‍ കൊച്ചുത്രേസ്യ എന്ന മലയാളപദം പപ്പൂസ് ഉപയോഗിച്ചിട്ടില്ല. :)
സോ..., ഇനിയെന്ത്? നതിംഗ് ബട്ട് ചീയേഴ്സ്..... :)
ഹഹഹ അടി പൊളി...... തികച്ചും വ്യത്യസ്തം.
ഹോ കൈ നീട്ടം എന്റേതായിപ്പോയല്ലോ മച്ചൂ. ഇത് ഫ്ലോപ്പാകാതെ ഈ പോസ്റ്റ് വന്‍ ഹിറ്റ് ആകട്ടെ എന്നു ആശംസിക്കുന്നു.
യൂ ലാന്ഡട് വിത്ത് എ ബാംഗ്.... അതു ഇപ്പോഴും തുടരുന്നു. കലക്കന്‍.
ithenthanappaa, enthaayaalum kalakkee
പപ്പുസേ...
ഇതു കിടിലന്‍! വീന്‍സ് പറഞ്ഞതു പോലെ തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റ്.
ഇതു സൂപ്പര്‍ഹിറ്റാകുമെന്ന് മൂന്നു തരം!
:)
ആശംസകള്‍!
ഹെന്റെ ബ്ലോഗനാര്‍കാവിലമ്മേ... ഈ പോസ്റ്റിനെ കാത്തോളണേ...
[ബ്ലൊഗനാര്കാവിലമ്മയാണെ... ബ്ലൊഗു പരമ്പര ദൈവങ്ങളാണെ ഈ പോസ്റ്റിനെ പറ്റി ഞാനൊരു പത്തു പേരോടെങ്കിലും പറഞ്ഞിരിയ്ക്കും... ഇതു സത്യാം സത്യം സത്യം! എന്താ പോരേ?]
:)
ഹെന്റമ്മോ കിടിലന്‍! ചിരിച്ചുചിരിച്ച് അടപ്പിളകി
"എനിക്കു പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ ഉണ്ണീ നീ..."
പപ്പൂസ്സേ... ബ്ലോഗ്ഗിലെ മറ്റുള്ളവരെ ചേര്ത്തുപറഞ്ഞതുകോണ്ടല്ല, പക്ഷെ ആ അവതരണ രീതി, അതു തകര്‍ത്തു മാഷെ, മനോഹരം!
:)
അക്ഷരക്കളരിയില്‍ പതിനെട്ടടവും പയറ്റി വിലസുന്ന എന്നോടോ ത്രേസ്യയെന്നുരുവിട്ടു നടക്കുന്ന നിന്റെ കളി?
എവിടെപ്പോയൊളിച്ചാലും തലയിലൊന്നുമില്ലാത്ത (മൊട്ടത്തല) നിന്നെ ഓസീയാറില്‍ കുളിപ്പിച്ച് ഒരു ചിയേഴ്സ് പറയാന്‍ മടിക്കില്ലയീ പ്രിയപ്പെണ്ണ്.
അങ്കത്തിനീ പ്രിയപ്പെണ്ണ് തയ്യാര്‍.
"എന്താ ആര്‍ച്ചയുടെ കയ്യില്‍, കേമന്മാരെ കണ്ടെത്തി തീയതിയുറപ്പിച്ചടിച്ച ആ പഴയ ബ്ലിവാഹക്കുറിയോ, അതോ ഫോണ്ടു വലിപ്പം തിരുത്തിയെഴുതിയ പുത്തൂരം ബ്ലോഗിന്റെ പുതിയ ടെംപ്ലേറ്റോ?"
എന്തിറ്റാ പെട!!
ഡിയര്‍ പപ്പൂസ്,
പപ്പൂസ് ആരാന്നെനിക്കൊരു ക്ലൂവുമില്ല. പക്ഷെ, പറയട്ടെ... ഒരു ഒന്നൊന്നര നമ്പറുകള്‍!!!
നമിനമിച്ചണ്ണാ... നമിനമിച്ചു. സുപ്പര്‍ ഡ്യൂപ്പര്‍ പോസ്റ്റ്.
hahahah
Super aNNaaaaaaaaa
ഹ ഹ...ഹ...
പപ്പൂസേ,
ഇത് തികച്ചും വ്യത്യസ്തതയുള്ള പോസ്റ്റ്
മറുമൊഴികളിലെ കമെന്റിനെ പിന്തുടര്ന്നു വന്നതാണു.നന്നായി ആസ്വദിച്ചു.ആശംസകള്‍ !
പപ്പൂസ്...
ഒരു ബ്ലോഗ്ഗന് വീര ഗാഥയിലെ ക്ലൈമാക്സ്സ് രംഗങ്ങള്‍
മനസ്സില്‍ പെരുമ്പറ അടിക്കുകയായിരുന്നു
അവസാനം വരെ പിടിച്ചിരുത്തി......
ജഗജില്ല്.......പൊടിപൂരം
മടങ്ങി പോ ബ്ലോഗ്ഗരെ...ബ്ലോമുത്തശ്ശന്മാരെ വെച്ച് ഈ അങ്കത്തട്ടില്‍
നിന്നു ജയിച്ച് കയറാമെന്ന് ഒരു പൂസ്സ് മാരും വ്യാമോഹികണ്ട...
തമറിന്റെ....ഒറിജിനല്‍ തമറോസിയറിന്റെ അടുത്ത് ഈ വാളടി അടവുകളൊന്നും വിലപോവില്ലാ....
എനിക്ക് പിറക്കാതെ പോയ വോഡ്കയാണല്ലോ നീ
നന്മകള് നേരുന്നു
വ്യത്യസ്ഥനാമോരു ബ്ലോഗ്ഗറാം വീരനെ, സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ..
ഹഹഹാാ! നീ നന്നാവൂല്ലടാ ;)
[[[ പപ്പൂസ് ചേകവര്‍ കൂളിംഗ് ഗ്ലാസ്സ് ധരിച്ച് തട്ടില്‍ കയറി. ഇടത്തു പോസ്റ്റി, വലത്തു കമന്റി.... ഓസീരം, കടകം..... പാഞ്ഞടുത്ത വാല്‍മീകരെ ചുരിക കാട്ടി പേടിപ്പിച്ച് പപ്പൂസ് കൊടകരക്കടക്കന് പ്രയോഗിച്ചു. ഇടിവാളിന്റെ ആണിയിളകി.]]]
ആണിയല്ല, അടപ്പിളകി, ചിരിച്ചിട്ട്!!
കഴിഞ്ഞ പോസ്റ്റില്‍ |കൊച്ചുണ്ണ്യേട്ട്സ്| എന്ന ഒരൊറ്റ വിളിയില്‍ എനിക്ക് പപ്പൂസിനെ പറ്റി ചെറിയ സംശ്യം ഉണ്ടാര്‍ന്നു..
ഈ ശൈലി ആളെ മക്കാറാക്കാനാണല്ലേ? എന്തായാലും ഇവിടത്തെ തന്നെ പഴയൊരു പയറ്റിത്തെളിഞ്ഞ ചേകവരാണെന്നു മനസ്സിലായി
പാപ്പൂസ്,
...............................
"പുത്തൂരം ബ്ലോഗില്‍ ചേകവന്മാര് കണക്കു തീര്‍ക്കുന്നത് ഒസീയാര്ക്കുടം കൊണ്ടല്ല... പോസ്റ്റെടുക്ക്"
.. ... ... ഘോരമായ അങ്കത്തിനിടയില്‍ പപ്പൂസ് ചേകവരുടെ കയ്യിലിരുന്ന ഗ്ലാസ്സിലെ ഒരു തുള്ളി ഓസീയാര്‍ പോലും തെറിപ്പിക്കാനായില്ല വാല്മീകര്ചേകവര്ക്ക്. ശൌര്യമേറിയ യുദ്ധം കണ്ട് ബൂലോഗര്‍ കമന്റു വൃഷ്ടി നടത്തി.
..................................
ചിരിച്ച് (2) എനിയ്ക്ക് മൂത്രൊഴിക്കാന്‍ മുട്ടി ! ഹൌ ! :)
പാപ്പൂസ്,ബ്ലോഗര്ക്കീ ജയ്..
ഹഹ
പുത്തൂറ്റം ബ്ലോഗില്‍ അങ്കം നടക്കുന്നൂ ഹഹഹ തള്ളേ.......കലിപ്പുകളുതന്നല്ലെ..
ചാത്തനേറ്: ഒരു ഡിങ്കന്റെ പിന്നാലെ നടന്ന ക്ഷീണം മാറീല അതോണ്ടിനി ചാത്തനീവഴിക്കില്ലേ..
"എനിക്കു പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ ഉണ്ണീ നീ..."
തിരക്കുകാരണം ബ്ലോഗ് ഇപ്പഴാ തുറന്നത്. സമയക്കുറവുകാരണം വീരചരിതം പകുതിയേ വായിച്ചുള്ളൂ. ബ്ലോഗനാര്ക്കാവിലെ അങ്കം നടക്കട്ടെ, പഠിപ്പിച്ചുതന്ന അടവുകള്‍ പിഴക്കാതിരിക്കട്ടെ.
(ഇവിടെ മകരവിളക്ക് ഘോഷയാത്ര തുടങ്ങാന്‍ പോകുന്നു. അവിടെ പോകണം. ബാക്കി പിന്നെ)
ഇത് ഒന്നൊന്നര അങ്കമുണ്ടല്ലോ പപ്പൂ ചേകവരേ.
ഉടവാളും , പരിചയും ഇട്ടെറിഞ്ഞ് സകല ബ്ലോഗര്‍ ഗുരുകാരണവന്മാരും ഓടി രക്ഷപ്പെടും, അല്ലെങ്കില്‍ സാഷ്ടാംഗം പ്രണമിക്കും. മൂന്നരത്തരം.
അസാദ്ധ്യം ശൈലി, കളറി ഡീറ്റേയ്ല്സ് ഒന്നുപോലും വിട്ടുപോകാതെ എടുത്ത് പെരുമാറിയിരിക്കുന്നു.
അങ്കം തുടരട്ടെ. അടുത്തത് കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പ്രിയപ്പെണ്ണാര്ച്ചയോടുതന്നെ ആയിക്കോട്ടെ. അങ്കം ജയിച്ച് വരാന്‍ അഷ്ടവസുക്കള്‍ അനുഗ്രഹിക്കട്ടെ.
എന്റെ കാവില്മാതാവേ ഞാനെന്താണീ കേള്‍ക്കുന്നത്..എന്റെ പപ്പുവാങ്ങളയെ ഞാന്‍ ചതിക്കുകയോ!!ഹില്ലാ...ഹില്ലാ...
ബ്രാന്‍ഡ്ന്യൂ വാളു വാങ്ങാന്‍ കാശു തന്നില്ലെങ്കില്‍ പിച്ചത്തിക്കു കുത്തിച്ചാവും എന്നു പറഞ്ഞ് എന്നെ ബ്ലാക്ക്മെയില്‍ ചെയ്തതൊക്കെ സ്മരണയുണ്ടാവണം ആങ്ങളേ..
അങ്കം ജയിച്ചു കഴിഞ്ഞാല്‍ തിരിച്ചു തന്നേക്കാം എന്ന ഉറപ്പും വിശ്വസിച്ച് അപ്പച്ചന്ചേകവരുടെ പണപ്പെട്ടിയില്‍ നിന്ന് ഒരു ചേകവക്കുഞ്ഞു പോലുമറിയാതെ പണം അടിച്ചു മാറ്റി തന്നത് എന്റെ തെറ്റ്...
വാലാങ്ങളയോട് അന്നേവരെ ഒരു ട്രയല്‍ മാച്ചു പോലും ജയിക്കാന്‍ കഴിയാത്ത പപ്പുവാങ്ങള ആ ഫൈനല്‍ മാച്ചില്‍ ജയിക്കുമെന്നു വിശ്വസിച്ചതും എന്റെ തെറ്റ്...
വാളു മേടിക്കാന്‍ വേണ്ടി തന്ന കാശിനു മൂക്കുമുട്ടെ ഓസീയാറടിച്ച് വാളുവെച്ച് പെരുവഴീക്കിടക്കുന്ന കാര്യം ഒരു അനോണിപാണന് പാടിനടക്കുന്നതു കേട്ടപ്പോള്‍ ദുഖം സഹിക്കാതെ ഇടുക്കിമല കയറിപ്പോയത് എന്റെ തെറ്റ്...
പപ്പുവാങ്ങള കള്ളക്കളി കളിച്ച് ജയിച്ചൂന്നറിഞ്ഞ് കാശു തിരികെ വാങ്ങാന്‍ വന്നത് എന്റെ തെറ്റ്...
ഞാന്‍ വരുന്നതു കണ്ടോടി രക്ഷ്പെടാന്‍ ശ്രമിച്ച ആങ്ങളയെ തോളില്‍ പിടിച്ച് നിര്‍ത്താന്‍ നോക്കിയപ്പോള്‍ എന്നോടു പറഞ്ഞ ബുദ്ധിജീവി ഡയലോഗ്സ് ഒന്നും മനസ്സിലാവാതെ അന്തംവിട്ടു നിന്നത് എന്റെ തെറ്റ്...
ഇപ്പോ ഇത്രേം വര്‍ഷം കഴിഞ്ഞെങ്കിലും അതു തിരിച്ചു കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ ഉണ്ണികളെ വിട്ടതും എന്റെ തെറ്റ്...
തെറ്റുകളേറ്റു വാങ്ങാന്‍ ആര്‍ച്ചയുടെ ജന്മം ഇനിയും ബാക്കി...
ഇനീം ചിരിപ്പിച്ചാലുണ്ടാല്ലോ ..കമന്റിക്കൊല്ലും ഞാന്‍ ..പറഞ്ഞില്ലാനു വേണ്ടാ..
പപ്പൂസേ..
പോസ്റ്റ് കലക്കി.. ചിരിച്ചു അടപ്പിളകി..
ഇതില്‍ ഉപയോഗിച്ച പേരുകളുടെ ഉടമകള്‍ക്ക് ഇങ്ങനെ പോസ്ടിയത് കൊണ്ടു വിരോധം ഇല്ല എന്ന് കരുതട്ടെ..
ഓസിയാര്‍ അപ്പന് പ്രണാമം..!
മാപ്രാണം..പപ്പുച്ചേകവരെ..
അങ്കം നന്നായി..വെല്ലുവിളിയും നന്നായി..!
ബ്ലോഗവന് കണക്കുതീര്‍ക്കുന്നത് ഓസി ആര് കൊണ്ടല്ല പോസ്റ്റു കൊണ്ടാണ് അതു കലക്കി..
ബ്ലാണന്മാര് ബൂലോകം മുഴുവന്‍ പാടിനടക്കുന്നു ഈ പപ്പുച്ചേകവരുടെ മികവ് അതും നന്നായി..
തുടക്കത്തില്‍ ഞാന്‍ പറഞ്ഞിരുന്നു..! ബൂലോകത്തില്‍ പുലികളും എലികളും ഒരുപാടുണ്ടെങ്കിലും ഒരു പെരുമ്പാമ്പ് ആദ്യമാ..
എല്ലാരെം ഒറ്റയടിക്കു വിഴുങ്ങുന്ന ഒരു അനക്കോണ്ട..!
വീണ്ടും ബ്ലോഗവനെന്ന നിലയില്‍ യൂ ആര് ഗ്രേറ്റ്..!!!
പക്ഷെ ചങ്ങാതീന്ന നിലയില്‍ വട്ടപ്പൂജ്യം..! മൊട്ടത്തലയന്‍ പപ്പുസാമിയെപ്പോലെ..!
ഹ,ഹ പ്രയാസീടെ സ്ഥാനം കൊള്ളാം..
പ്രയാസിരാമന് പദം കൊണ്ട് ത്രേസ്യാര്ച്ചയുടെ ആട്ടും തുപ്പും ഏല്ക്കാമെന്നല്ലാതെ ബൂലോഗ ചരിത്രത്തില്‍ അതിനെന്തു ഗുണം..!
അറ്റ്ലീസ്റ്റ് മലയനോടു തൊടുത്തു മരിച്ച ഡാഡിയുടെ സ്ഥാനമെങ്കിലും തരാമായിരുന്നു..ഒരു വീരമൃത്യു..!
ഓ:ട്രാ:ബാനര്‍ കലക്കീട്ടാ..ഞങ്ങള്‍ക്കൊരു സഹയാത്രികനുണ്ടായിരുന്നു..പുള്ളി ഇപ്പോള്‍ ബൂലോഗ അവധീലാ..അവനുണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാക്കിത്തന്നേനെ..:)
യാരിദ്? യാരിദ്ദ്ദ്ദ്ദ്ദ്ദ്ദ്ദ്ദ്?
ഇന്നേക്ക് ദുര്‍ഗാഷ്ടമി...
ബാക്കി പറയാന്‍ തമിഴ് അറിയില്ലേലും നിന്നെ ഞാന്‍ പൂട്ടുമെടാ പപ്പൂസേ...!
പപ്പൂസിനെ കക്കൂസിലിട്ട് പൂട്ടും!!
മണിച്ചിത്രപൂട്ടിട്ടുപൂട്ടും!!
:-)
ബട്ട് അതിന് മുമ്പ്, ഒരു കാര്യം പറയട്ടെ, ആശാനേ, കലക്കീന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. അടിപൊളി എഴുത്ത്.
എനിക്കൊത്തിരി ഇഷ്ടമായി.
"എനിക്കു പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ ഉണ്ണീ നീ..."
ഹി ഹി... ങും!!
:-)
കാവിലമ്മേ, അങ്കം കഴിഞ്ഞ തട്ട് പോലെക്കിടക്കുന്ന ഈ ബ്ലോഗ് പപ്പൂസിന്റെ തന്നെയാണോ എന്ന് പപ്പൂസിനൊരു സംശയം!
വിന്‍സേ, വളരെ നന്ദി. കൈനീട്ടം കേമായിട്ടുണ്ടെന്ന് മനസ്സിലായി... (കൈ നീട്ടാഞ്ഞതിനു നന്ദി) :)
കാര്‍വര്‍ണ്ണമേ, നന്ദി! :)
ശ്രീക്കുട്ടാ, നന്ദി നന്ദി. എന്തേ പത്തില്‍ നിര്‍ത്തിയത്? എണ്ണം കൂടിയാലും പപ്പൂസിനു വിരോധൊന്നുംല്ലാ... :)
സിമീ, നന്ദി! ആ അടപ്പു വേഗമെടുത്തു തിരിച്ചിടൂ.. ഓസീയാറൊഴുകിപ്പോകുന്നതു പപ്പൂസിനു സഹിക്കില്ല! :)
സുമേഷേ, വളരെ നന്ദി! ബ്ലോഗ്ഗേഴ്സ് കഥാപാത്രങ്ങളാകുമ്പോ പാത്രസൃഷ്ടിക്കു സമയം കളയണ്ടല്ലോ... എല്ലാരേം സജീവേട്ടന് വരച്ച പോലെ കണ്മുന്നിലങ്ങു കാണാം. :)
അനിലാ, :) :)
പ്രിയപ്പെണ്ണേ, നന്ദി! അങ്കം കഴിഞ്ഞില്ലേ പെണ്ണേ, കുറച്ചു താളിയുണ്ടിനി ഒടിക്കാന്‍, പപ്പൂസിന്റെ എല്ലു ബാക്കി വച്ചേക്കൂ... :)
വിശാലേട്ടാ, വന്നതിനു നന്ദി. പപ്പൂസ് ഒരു അനോണിയാണെന്ന് ഇനിയും മനസ്സിലായില്ലേ (എന്നെ പെടക്കല്ലേ) ;)
മനൂ, ഒരു ബ്രിജ് വിഹാരം സ്റ്റൈല്‍ നന്ദി! :)
ഹരിശ്രീ, നന്ദി ട്ടോ!
ലേഖാ, നന്ദി... :) ആശംസകള്‍ തിരിച്ചും! :)
മന്‍സൂര്‍ജീ, അങ്ങനെ പറ! നന്ദി നന്ദി! പിന്നെ ഈ തമറാരാ, ഓസീയാറു മനസ്സിലും വായിലുമായി! ;) ഹായ് വോഡ്ക!!!
ഹരിത്തേ, ഹ ഹ! പപ്പൂസിനെക്കൊണ്ട് മുടി വെട്ടിക്കുവോ? :)
ഇടിവാളണ്ണാ, നന്ദി! പിന്നെ ശൈലി പിന്തുടര്ന്ന് പപ്പൂസിനെ പിടിക്കാന്‍ നോക്കണ്ട, പിടി തരൂല്ല, കൊടകരക്കടക്കനാ കയ്യില്‍! ;)
കാര്‍ട്ടൂണിസ്റ്റ് ജീ, നന്ദി ട്ടോ! ഈ സൂക്കട് പപ്പൂസാദ്യായിട്ട് കേള്‍ക്കുവാ... ബിയറടിക്കുമ്പോ സ്ഥിരമായിട്ട് മുട്ടാറുണ്ട്! :)
മിന്നാമിനുങ്ങേ സജിയേ, നന്ദി! (ജയ് വിളി വേഗം മാറ്റി വിളി, ഇല്ലേ എല്ലാരും കൂടി പപ്പൂസിന്റെ തലപ്പുറത്തോട്ടു കയറും!) ;)
ചാത്താ... നന്ദി, ഒരു കുട്ടിച്ചാത്തന് പുറകിലുണ്ടെന്നറിഞ്ഞാ പെമ്പിള്ളാര് പപ്പൂസിനെ അടുപ്പിക്കുകേല! ഡിങ്കന്റെ പുറകെ നടന്നിട്ടാ അബദ്ധം പറ്റീത്, ആ കുന്തമെടുത്തൊന്നു പറന്നു നോക്കൂ.. :)
അലീ, നന്ദി കേട്ടോ :)
കൃഷമ്മാവാ, അങ്കം തീരും മുമ്പേ വന്നാല്‍ ബാക്കി കാണാം. :) മകരവിളക്ക് ഘോഷയാത്ര ഗംഭീരമാവട്ടെ, പോയി വരൂ... :)
നിരക്ഷരാ, നന്ദി. നെവര്‍... ഗുരുകാരണവന്മാരെ പപ്പൂസങ്ങോട്ടു പ്രണമിക്കുകയേ ഉള്ളൂ... മൂന്നേമുക്കാല്‍ത്തരം! പിന്നെ പ്രിയപ്പെണ്ണിനെ തത്കാലം കുറച്ചു താളിയൊടിച്ചു കൊടുത്ത് അടക്കീട്ടുണ്ട്. ഇനി വരുമ്പോ നോക്കാം.. :)
കൊച്ചേ, ഹ ഹ!! ഐ കാണ്ട് കോമ്പിറ്റ് വിത് യൂ... മറുപടി വായിച്ച് ചിരിച്ചെന്റെ ഉടവാളു വരെ തുരുമ്പെടുത്തു. രണ്ട് ലാര്‍ജ് കടം തന്നാ ഇനി മറ്റൊന്നു വാങ്ങീട്ടു വരാം! ചേകവക്കുഞ്ഞ്, അനോണിപാണന്.. ഹോ, ഞാനാ തൃപ്പാദങ്ങളിലൊന്നു നമിച്ചോട്ടേ... :)
ഗോപാ, നന്ദി! വിരോധമില്ല എന്നു തന്നെയാണ് പപ്പൂസിന്റെ വിശ്വാസം! രിരിച്ചും പ്രണാമം!
മാപ്രാണം പ്രയാസിയേയ്! മലയനോടു തൊടുത്തു മരിച്ച ഡാഡി, പാവം, അതു വേണോ? ബൂലോഗചരിത്രത്തില്‍ എന്നും ചില്ലിട്ടു വക്കാവുന്ന ഒരു വീരകഥാപാത്രവുമായി പ്രയാസിയെത്തേടി പപ്പൂസ് വരും, പ്രയാസപ്പെടല്ലേ, ഷുവര്‍... :) എനിക്കു വിഴുങ്ങാന്‍ തരാമെന്നു പറഞ്ഞ ആ കുപ്പി തരാമെങ്കില്‍ മാത്രം!
ഓ.ട്രാ: സഹയാത്രികനെപ്പറ്റി പല ബ്ലോഗുകളില്‍ നിന്നും വായിച്ചറിഞ്ഞിട്ടുണ്ട്! അവധി കഴിഞ്ഞു വരട്ടേ, നമുക്കൊരു ഓസീയാര്‍ സ്പെഷ്യല്‍ ബാറുണ്ടാക്കണം... അയ്യോ, സോറി, ബാനറുണ്ടാക്കണം! :)
അഭിലാഷങ്ങളേ, ആ പൂട്ടു പൊളിക്കാനുള്ള താക്കോലാണു മോനേ കുടം ഓസീയാറിന്റെ രൂപത്തില്‍ പപ്പൂസിന്റെ മുമ്പിലിരിക്കുന്നത്! അതിനിപ്പഠിച്ച തമിഴൊന്നും പോരാ... ആന്ധ്രേന്ന് ആളെ എറക്കണം! ഏത്? നന്ദി ട്ടോ! :)
"ചെറുപോസ്റ്റുകള് തട്ടിക്കൂട്ടുന്ന നിങ്ങള്‍ക്ക് ഒന്നുരണ്ടു കമന്റുകള്‍ ഇട്ടു തന്നതോ അങ്കം? ബൂലോഗത്ത് പേരുമാറി കമന്റുന്ന വെട്ടുകിളികളില്‍ പലരും ഒന്നു തന്നെയാണെന്നു തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞോ മക്കളേ നിങ്ങള്‍ക്ക്?"
"വേണ്ടാ....!!!!! ഡാം പൊളിക്കണ്ട... കൊടകരയിലേക്കു കുടിവെള്ളമെത്താതെയായാല് വിശാലന്ഗുരുക്കളുടെ ത്രിസന്ധ്യക്കുള്ള ഓസീയാറടി മുടങ്ങിപ്പോയേക്കും... എനിക്കതിഷ്ടമല്ല!"
കോമഡി കൊടകര, ചില്ലറ, ബ്രിജ് വിഹാര്‍ നിലവാരത്തിനടുത്താണല്ലോ മാഷേ..!
നിലനിര്‍ത്താനാകുമോ എന്ന് നോക്കൂ.
വ്യത്യസ്തതയും കൊള്ളാം. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സബ്ജക്ട്.
പക്ഷേ വിഷയം സിനിമാസ്റ്റൈലില്‍ പുരോഗമിക്കുന്നത് കൊണ്ട് അധികം തല പുകക്കേണ്ടറ്റായി വരുന്നില്ല.
കഥയിലെ അടുത്ത ടേണ്‍ എന്താണെന്ന് വായനക്കാര്‍ക്ക് കുറേയൊക്കെ ഊഹിക്കാം.
ബ്ലോഗിനോട് ബന്ധിപ്പിച്ചെഴുതിയതാണ് പ്ലസ് പോയന്റ്.
പോസ്റ്റ് വളരെ നന്നായി.
ആശംസകള്‍.
:)
ഉപാസന
ഓ. ടോ: പപ്പൂസേ ഈ പോസ്റ്റിന് സിനിമാ സ്റ്റൈലില്‍ തന്നെ മറുപടി തരാന്‍ പറ്റുന്നവര്‍ ബൂലോകത്ത് ഉണ്ടല്ലോ.
ഉദാ: മണിച്ചിത്രത്താഴ് മോഡലില്‍ ഒരു കഥ വികസിപ്പിച്ചെടുക്കാന്‍ കൊച്ചിന് അനായാസം പറ്റും.
ഹിസ് ഹൈനസ് അബ്ദുള്ള സിനിമയെ ആസ്പദമാക്കിയും മറുപോസ്റ്റ് ഇടാവുന്നതേയുള്ളൂ.
ഇതാ ചില ഡയലോഗുകള്‍ നോക്കൂ..
ആരാണ് ഗുരു..?
ഗുരു വക്കാരിസാര് ആണ് . അദ്ദേഹമാണ് എങ്ങിനെ പ്രതികാരം ചെയ്യണമെന്ന് എനിക്ക് പറഞ്ഞ് തന്നത്. (വക്കാരിയുടെ പ്രസ്തുത പോസ്റ്റ് ശ്രദ്ധിക്കുക)
എവിടെയോ കേട്ട് മറന്ന ഒരു ആലാപനശൈലി... (എവിടെയോ ഓ കേട്ടറിഞ്ഞ ഒരു പാരവയ്പ് ശൈലി)
പാടുകയാണെങ്കില്‍ സാഹിത്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ഭാവംവിടാതെ പാടൂ.
അയ്യോ ടീചറെ അറിയില്ലെ..? അക്കാദമി അവാര്‍ഡ് കിട്ടിയതാ.
അതു കൊണ്ട്....
തിരുമേനീത് ഭരതനാട്യമല്ല.
ഈ ഡയലോഗുകളൊക്കെ മാറ്റിയെഴുതിയാല് പപ്പൂസിന് മറുപടി ആകും.
പണ്ട് കൊച്ചിന്റെ ‘ഇന്റര്‍വ്യൂ’ ദില്ബനും എതിരവനും പൊലിപ്പിച്ചതാ ട്ടോ.അറിയാലോ അതൊക്കെ (ബൂലോകത്ത് ഒരു പുതുമുഖമാണ് ഇദ്ദേഹമെന്ന് ആരും പറയില്ല. ഉവ്വോ മാഷേ..?)
അപ്പോ ഒകെ.
ബൂലോകം സിനിമാപോസ്റ്റുകളാല് കൊഴുക്കട്ടെ.
എന്നെ ഇവിടേക്ക് എത്തിച്ച ശ്രീ ക്ക് നന്ദി.
നമിച്ചു കുരോ...നമിച്ചു :)
ആദ്യം പോസ്റ്റ് പോട്ടത്തീന്നു തന്നെ തൊടങ്ങാം..
ആ അമേരിക്കന്‍ തെരുവുചിത്രകാരി വരച്ച വാല്മീകീടെ പടവും പിന്നെ പപ്പൂസിന്റെ വീരശൂരതേം ചേര്‍ന്നുള്ള പടവും ഒരുമിച്ചു കണ്ടപ്പോ തന്നെ കാശുമുതലായി
ത്രേസ്യാക്കൊച്ചമ്മേനേം, ഓസീയാറിനേം മനപ്പൂര്‍വ്വം ഈ വീരഗാഥയില്‍ നിന്ന്
ഒഴിവാക്കിയത് വളരെ പൈശാചികവും മൃഗീയവും ആയിപ്പോയി :) അടുത്ത പോസ്റ്റിലും അവരെ ഒഴിവാക്കാന പരിപാടിയെങ്കില്‍ ഞാന്‍ ബ്ലാക്കൌട്ട് നടത്തിക്കളയും
എന്നാലും ഉണ്ണീ...എനിക്കു പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ നീ...
എല്ലാ ബാറുടമകളുടേയും പ്രത്യേക ശ്രദ്ധക്ക്..നിങ്ങളുടെ ബാറില്‍ ആരും കുടിക്കാതെ കിടക്കുന്ന ഏതെങ്കിലും ബ്രാന്‍ഡ് മദ്യം ഉണ്ടെങ്കില്‍ പപ്പൂസിനെ സമീപിക്കു..അടുത്ത പോസ്റ്റില്‍ അതിന് നല്ല പബ്ലിക്കിറ്റി പപ്പൂസ് കൊടുക്കുന്നതായിരിക്കും
നല്ല രസമുണ്ട്...എന്തായാലും
അനോണിക്കമന്റു കണ്ട് പേടിച്ചോടിയ പാവം പപ്പു അല്ല; പോസ്റ്റിയും കമന്റിയും അറപ്പു മാറിയ ബ്ലോഗ്പുരം പപ്പൂസ് അല്ലേ ഇത്?
ചതി, കൊടും ചതി...ഹെന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ...
അരക്കുപ്പി ഓസീയാറിന്റെ അവകാശത്തര്‍ക്കത്തിന് അങ്കക്കച്ച മുറുക്കിയിറങ്ങിയ നിന്നോട് ആയിരം തവണ പറഞ്ഞതാണ് ഞാന്‍ വേണ്ട വേണ്ട എന്ന്. ഓതിരം തോറ്റ് ഓടി ഒന്‍പത് പെഗ്ഗ് ഓസീയാര്‍ അടിച്ച് ഓടയില്‍ കിടന്നിട്ട് ഇപ്പോള്‍ എന്നെക്കുറിച്ച് അപവാദം പാടി നടക്കുന്നോ?
ചതി, കൊടും ചതി....ഹെന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ...
ഹെന്റമ്മോ... ചിരിച്ച് മരിച്ചു....
നമോവാകം പ്രഭോ....
ത്രേസ്യപ്പെങ്ങളുടെ കമന്റ് ഒരു ഒന്നൊന്നര കമന്റ് ആയിപ്പോയി കേട്ടാ...
kochu thresyayude aa oru oru wave length apaaram.
ഹൊ, ചിരിച്ച് ചിരിച്ച് വിവരമില്ലാണ്ടായിപ്പോയി. കലക്കന്‍ സാധനം മച്ചുനാ. ആരാ ആശാന്? ഒന്ന് ശിഷ്യപ്പെടാനായിരുന്നു.
അഹ ഹ.. പപ്പൂസേ, എതാ സ്കൂള്‍..?
ഒരു റിക്വസ്റ്റ് ഉണ്ട്..
അടുത്ത പോസ്റ്റില്‍.. ദേ ഈ മോളില് കമന്റിയ നമ്മുടെ എല്ലാം പ്രിയപ്പെട്ട ശ്രീജിത്തിനെ മെയിന്‍ റോളില്‍ എടുക്കണേ..!
ഓസിയാറല്ല ഷീവാസ് തരാം ഞാന്‍
"ആങ്ങള ഇങ്ങനെ വിലപിച്ചാല്‍ ഈ ആര്‍ച്ച ഇടുക്കി ഡാമില്‍ തലതല്ലിച്ചാവും"
ഹ ഹ ഹ
‘ഒരു കലക്കന്‍ വീരഗാഥ‘
ഉപാസനയുടെ അഭ്യര്‍ത്ഥന മാനിച്ച്:
അങ്കം പേടിച്ച് താളിയൊടിക്കാന്‍ പറഞ്ഞയച്ച് ബ്ലോഗന്മലയിലെ എതോ ഗുഹയില്‍
മോഡറേഷനില്‍ പെട്ട കമന്റുപോലെ ഒളിഞ്ഞിരിക്കുന്ന പപ്പൂസ് കൊച്ചുണ്ണീ, നേരിട്ടു തീര്‍ക്കാം ബ്ലോങ്കം.
ആര്ക്ക്കും വേണ്ടാതെ കിടന്ന്ന പോസ്റ്റിലേക്ക് കമന്റുകള്‍ വാരിക്കൊരിത്തന്നിട്ടും ബാനറില്‍ തട്ട്റ്റി വീഴാതെ നോക്കിയിട്ടും ഓസീയാറിന്റെ വിലപോലും കാണിക്കാന്‍ മറന്നല്ലൊ...
പണ്ട്, നിന്റെ അച്ചനപ്പൂപ്പന്മാരുടെ കാലത്ത് പോസ്റ്റിനു കമന്റില്ലാതെ നടന്ന ഒരു കാലമുണ്ടായിരുന്നു.
അന്ന് നിന്നെ കൈപിടിച്ച് ബ്ലോഗന തറവാട്ടിലേക്ക് കൊണ്ടുപോയി പോസ്റ്റാന്‍ പടിപ്പിച്ചു.ഓരോ പോസ്റ്റുകളും വായിക്കാതെ കമന്റിടാനുള്ള
വിദ്യയും പറഞ്ഞു തന്നു. എന്നിട്ടും പുറകീന്നു കുത്തിയ നിന്റെ ബ്ലോഗ് ഫ്ലാഗ് ചെയ്യുമ്പോള്‍ ആനക്കാട്ടില്‍ വാല്മീകിയ്ക്ക് വയസ്സ് 30.
കമന്റാന്‍ മറന്നെങ്കിലും, എന്തോന്നാ ആ റവറന്‍സ് വേണമെടോ റവറ്ന്സ്.
മറന്നിട്ടില്ല, ബ്ലോഗൂറാന് ഒന്നും മറന്നിട്ടില്ല.ഓസീയാറില്‍ അനോണിവിഷം കലര്‍ത്തി സെറ്റിങ്സ് മാറ്റി ബ്ലോഗമ്മാമ്മനെ
കാണിച്ചുതരാമെന്നു പറഞ്ഞ് വിശാലന് തമ്പുരാനെ കൊടകര റ്റാക്കീസില്‍ റിലീസ് പടം കാണിപ്പിച്ച് നാരോ തമ്പുരാനാക്കി.
ഒടുവില്‍ വടകരപുരാണമറിഞ്ഞ് ബാറുകള്‍ക്ക് ശ്രദ്ധ നല്‍കാനെത്തിയ പൈങ്ങോടന്‍ അനന്തരവന് ഇടിവാളില് തട്ടി
ഓസീയാറില്‍ മുങ്ങി പിടഞ്ഞ് പിടഞ്ഞ് കമന്റിയതും മറക്കില്ല ഞാന്‍ .
ബ്ലൊഗേര മാര്‍ക്കറ്റിലും ബ്ലോഗ് തറവാട്ടിലും തേരാ പാരാ നടന്നപ്പോള്‍ കുടിക്കാന്‍ ഓസീയാറും കിടക്കാന്‍
ബാറും നല്കി കൂടെകൂട്ടിയ ഇളമുറത്തമ്പുരാന് പ്രയാസിയെ കള്ളം പറഞ്ഞ് പറ്റിച്ച് ബ്ലോഗൂരില് വീണ്ടും വീണ്ടും
നീ കുര്‍ബാന നടത്തി.
പോസ്റ്റിട്ടാലും കമന്റാന്‍ പോകരുതെന്നു പറഞ്ഞ് എന്റെ കൂടെ പിറക്കാതെപോയ ബ്ലോഗിണിയെ ഇടുക്കിഡാമില്‍
കൊണ്ടുപോയി ടെമ്പ്ലേറ്റ് മാറ്റിയതു പോരാഞ്ഞ് ബൂലോക അവധിയെടുത്ത സഹയാത്രികന് മൂസ്സതിന് ബാറൊരുക്കി.
പപ്പൂസ് കൊച്ചുണ്ണീ, കമന്റ് എന്തെന്നറിയണമെങ്കില്‍ പോസ്റ്റ് എന്തെന്നറിയണം.അതിന് മര്യാദയ്ക്കൊരു പ്രൊഫൈലുള്ള ബ്ലോഗ് വേണം
ബ്ലോഗിറ്റിവിറ്റി വേണം , ബ്ലോഗ്ബിലിറ്റി വേണം.
ഓ.ടോ: ഈ പപ്പൂസിനെ എന്നേലും എന്റെ കയ്യില്‍ കിട്ടും. അന്ന് ആ മൊട്ടത്തലേല് ഞാന്‍ പപ്പടം കാച്ചും.ഓസീയാറാണെ സത്യം
പ്രിയക്ക് ഓസീയാറു തലക്കുപിടിച്ചേ...ഡാ പപ്പൂസേ,ഒരുകൊടം ഓസീയാറ്, അല്ല, മോരുംവെള്ളം കൊണ്ട് ഓടിവാടാ
കലകലക്കി പ്രിയേ
എന്റ്റ്മ്മോ പെണ്ണുങ്ങള് കസറുകയാണല്ലോ...കൊച്ചു ത്രേസ്യായും പ്രിയ ഉണ്ണിക്രിഷ്ണനും ഈ ബ്ലോഗ് പിടിച്ച് തല തിരിച്ചു വക്കുമല്ലോ.
ഏറെക്കാലത്തിനു ശേഷം ഒരു ബ്ലോഗ് വായിച്ച് ഞാന്‍ പൊട്ടിച്ചിരിച്ചു. കൊട് കൈ.കൊട് കൈ.. കൊട് കൈ..
പപ്പുച്ചേകവരേ, വെട്ടൂ ഇനിയും അങ്കം, ബൂലോക ത്തറവാടിന്റെ മാനം കാക്കൂ..
നീയുള്‍പ്പെടുന്ന ബ്ലോഗിണി വര്‍ഗ്ഗം ചിരിച്ചു കൊണ്ടു കമന്റും... വെറുത്തു കൊണ്ടു ഡിലീറ്റും... ബ്ലഡ് ടെസ്റ്റുകളുടെ ഫലവും കനവും തൂക്കി നോക്കിയപ്പോള്‍ മികവില്‍ മികച്ചേരി പപ്പൂസിനെക്കാളും കേമമെന്നു തോന്നിക്കാണും, ഇടുക്കി ഡാം ... “
ഇതുകലക്കി... :)
ഓ.ടോ. പണ്ടിതുപോലെ ഒരു കുഞ്ചിയമ്മയുടെ മകന് കുഞ്ചു പോസ്റ്റിയത് ഓര്‍മ്മവരുന്നു ഇതു വായിക്കുമ്പോള്‍! യാദൃശ്ച്ചികമാവാം.
കൊച്ചു ത്ര്യേസ്യയ്ക്കു പിന്നാലെ പ്രിയയും തകര്‍ത്തല്ലോ...
:)
പപ്പൂസേ.... തുടരട്ടെ, ഈ ജൈത്രയാത്ര!
കിടിലന്‍..... അതില്കൂടുതല് പറയാന്‍ വാക്കുകള്‍ ഇല്ല
മിസ്റ്റര്‍ പപ്പൂസ്, തകര്‍ത്തു കളഞ്ഞു...:)
പപ്പൂസേ തകര്‍പ്പന്‍ പോസ്റ്റ്. ഭാവന ഓസീയാര്‍ പോലെ അങ്ങിനെ ഒഴുകി വരുന്നുണ്ട്. ഇവിടം കൊണ്ടു നിറുത്തരുത്. ഇനിയും വരട്ടെ, ഇതു പോലെ മെഗാ ഹിറ്റുകള്‍.
വിന്‍സിന്റെ കമന്റ് കൈനീട്ടം കൊള്ളാം. നല്ല രാശിയുള്ള കൈ. വല്ലപ്പോഴും എന്റെ പോസ്റ്റിലും കൂടെ.....ഒന്ന്...പ്ലീസ്..
എന്റമ്മോ...
കുറെക്കാലങ്ങള്‍ക്കു ശേഷം ഏറെ ചിരിച്ച ഒരു പോസ്റ്റ് പപ്പൂസെ. കിടിലന്‍ അവതരണം. പുലികുടുമ്പത്തിലെ ഒരംഗമാണെന്ന് ഒറ്റവായനയില്‍ അറിയാം. ആരായാലെന്താ ചിരിച്ചാപ്പോരെ എന്ന്നെന്റെപോളിസി :)
-സുല്‍
കൊള്ളാം..........
വളരെ നന്നായി .........
ഒരു ചെറിയ ബ്ലോഗ് ലോകത്ത് നിന്നു ഇത്രയും വലിയ വീരഗാഥ നര്‍മ ഭാവനയില്‍ ഒരുക്കിയത്തില്‍ താങ്കള്‍ വിജയിച്ചു......!!
ആശംസകള്‍ ..!!!
സ്നേഹത്തോടെ ..ഖാന്‍പോത്തന്‍കോട്....ദുബായ്
www.keralacartoons.blogspot.com
ന്റെ അ(എ?)രുമ പപ്പൂസ് അനന്തിരവനേ, ബൂലോഗക്കളരിയില് അങ്കം നടക്കുന്നതിനിടക്ക് അമ്മാവന് (ന്നാലും ന്നെ അമ്മാവനാക്കിയല്ലോ!) ഉത്സവം കൂടാന്‍ പോയതുകാരണം തിരിച്ചുവന്ന് അങ്കം റീപ്ലേ ചെയ്ത് കാണുകയായിരുന്നു. നിന്നെ ഓസിയാറില്‍ മുക്കുമെന്ന് പറഞ്ഞത് കൊല്ലാനല്ല, കുളിക്കാതെ അച്ചാര്‍ ടച്ചിംഗ്സ് കൊണ്ട് തിലകമണിഞ്ഞു നടക്കുന്ന നീ അടുത്തുവരുമ്പോള്‍ കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യത്തിന്റെപോലെയുള്ള നാറ്റം ഒന്നു പോയിക്കിട്ടാനാ. അനോണിപാണന്മാര് ചതിയന്‍ പപ്പൂസ് എന്ന് ബൂലോഗം മുഴുവന്‍ കമന്റാടി നടന്നപ്പോഴും എനിക്ക് നീ പ്രിയ അനന്തരവനായിരുന്നു (കളരിയില്‍ ദാഹിക്കുമ്പോഴെല്ലാം ഓസിയാറും ടച്ചിംഗ്സും തന്ന് ക്ഷീണം മാറ്റിയിരുന്നത് നീയല്ലേ).
അന്നേ ഞാന്‍ പറഞ്ഞതല്ലേ, ഡ്രാഫ്റ്റാക്കിവെച്ച പോസ്റ്റ് പറയാതെ പബ്ലിഷ് ചെയ്യരുതെന്ന് നിങ്ങള്‍ രണ്ടുപേരും കേട്ടില്ല. എന്നിട്ടിപ്പെന്തായി.
നിന്റെ മനസ്സിലിരുപ്പ് (?) എന്നോട് നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ത്രേസ്യാര്ച്ചയെ കൊണ്ട് നിനക്ക് ഓസിയാര്‍ കൊടുപ്പിക്കുമായിരുന്നില്ലേ. നിങ്ങള്‍ തമ്മില്‍ ഉണ്ടപ്പക്രുവിനേയും കലപ്പനയേയും പോലെ അത്ര ചേര്‍ച്ചയല്ലേ. എന്തു ചെയ്യാം തലവിധി. ഉണ്ടപ്പക്രുവിന്റെ തലയില്‍ മുടിയെങ്കിലുമുണ്ട്, നിന്റെ തലയില്‍ ഒന്നുമില്ലല്ലോ, ഏതോ ചേകവന് കളരിയില്‍ ബോട്ടിലുകൊണ്ടടിച്ച മുഴയല്ലാതെ.
ഇപ്പോള്‍ തറവാട്ടില്‍ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് വാല്-മീകി ചേകവരാണ്.എന്റെ പെഗ്ഗിന് ഒരു വിലയുമില്ലാത്ത അവസ്ഥയാണ്. എനിക്കെന്ത് ചെയ്യാന്‍ പറ്റും. വെറുതെയല്ല ചില അനോണിമാര് പാടിനടക്കുന്നത് അവന് വാല്മാക്രിയാണെന്ന്.
ത്രേസ്യാര്ച്ചയാണെങ്കില്, എന്നെ വെല്ലാന്‍ പുരുഷനായി പിറന്ന ആരെങ്കിലുമുണ്ടോ എന്ന ഭാവത്തില്‍ ഒരു സഖിയുമൊത്ത് അരയന്നത്തോണിയിലേറി, ആനവണ്ടിയിലേറി ഷാപ്പായ കള്ളുഷാപ്പുകളിലും ഡാമായ ഡാമുകളിലും ചെന്ന് വെല്ലുവിളി നടത്തുകയാണ്. വെള്ളം കണ്ട് കൊതിതീരാതെ ഓള് ഇപ്പോ തനി വെള്ളത്തിലാ.
രാവിലെ എണീറ്റുകഴിഞ്ഞാല്‍ എല്ലാ കാര്യവും വളരെ പ്രയാസപ്പെട്ട് ചെയ്യുന്ന പ്രയാസിരാമന് ഓളെ കൊടുക്കാമെന്ന് വാല്-മീകി ചേകോന് പെഗ്ഗ് കൊടുത്തുപോയില്ലേ. കൊടുത്ത പെഗ്ഗും ഒഴിച്ച ബീയറും എങ്ങനെ തിരിച്ചെടുക്കും. അല്ലാതെ ഈ അമ്മാവന് പാപ്പൂസ് ചേകവരെ ചതിച്ചിട്ടില്ലാ. ചതിക്കുകയുമില്ല. ബ്ലോഗനാര്ക്കാവിലെ ഓസിയാര്‍ പരമ്പര ദൈവങ്ങളാണെ ഇതു സത്യം.!! നൂറു പെഗ്ഗ് സത്യം.!!
ഉപാസനേ... ആഴത്തിലുള്ള വായനക്ക് നന്ദി. പക്ഷേ, പെണ്ണുങ്ങള്‍ക്ക് അടവു പറഞ്ഞു കൊടുത്ത് പപ്പൂസിന്റെ ഓസീയാറില്‍ റേഷനരി വാരിയിട്ടത് പപ്പൂസ് സഹിക്കില്ല! ഇതിന് പകരം വീട്ടിയില്ലെങ്കില്‍ ങ്ഹാ.... പപ്പൂസ് ഓസീയാറടി നിര്.... സോറി, ഒന്നാലോചിച്ച് തീരുമാനം അറിയിക്കാം. ;) പിന്നെ, പപ്പൂസ് ഒരു രണ്ടു രണ്ടര മാസം പഴക്കമുള്ള അനുഭവസമ്പന്നനായ ബ്ലോഗ്ഗവനാണ്! ;)
പൈങ്ങോടരേ, നന്ദി നന്ദി! മദ്യമായം ഇടിവാളിന്റടുത്തു ചെലവായില്ല. വലിയ മയക്കു വിദ്യകള്‍ വല്ലതുമുണ്ടേല്‍ പറഞ്ഞു തരൂ... പിന്നെ, ബാറുടമകളോട് - വെറുതേ സമീപിച്ചാ പപ്പൂസ് പബ്ലിക്കിറ്റിയൊന്നും കൊടുക്കില്ല, ഒരഞ്ചാറു കുപ്പി ദക്ഷിണ വക്കണം, എങ്കില്‍ നോക്കാം. ;)
മൂര്‍ത്തിയേ, നന്ദി! ഹ ഹ ഹ! കണ്ടു പിടിച്ചല്ലേ...
വാല്മീകരേ, ഹ ഹ! ഒമ്പതു പെഗ്ഗടിച്ച പപ്പൂസിനെ തടുക്കാനെങ്കിലും ത്രേസ്യപ്പെങ്ങളുടെ നേരാങ്ങളക്ക് കരുത്തുണ്ടോന്ന് ഒന്നു പരീക്ഷിച്ചതാ... അതും കഴിയാതെ വന്നിട്ടിപ്പോ കഥ തിരുത്തിപ്പാടുന്നോ. പാണേഴ്സ് അസോസിയേഷനില്‍ ഒരു മെമ്പര്‍ഷിപ്പ് തരപ്പെടുത്തിത്തരാം, കഥ തിരുത്തിപ്പാടുന്ന നല്ല പാണന്മാര് കുറവത്രേ ഇന്നാട്ടില്. :)
ശ്രീജിത്തേ, നന്ദി. നേരത്തേ പറഞ്ഞില്ലേ... ഓസീയാര്‍ തന്നെ ആശാന്! ഉടന്‍ ശിഷ്യപ്പെടൂ. :)
മിടുക്കാ, നന്ദി. ഹ ഹ! റോളൊക്കെ നമുക്കു കൊടുക്കാം, ആദ്യം ഷിവാസ്കൊടം ഇങ്ങു പോരട്ടേ... :)
കുഞ്ഞായീ, നന്ദി ട്ടോ! :)
പ്രിയപ്രിയേ, പനങ്കള്ളില്‍ നിന്ന് ഓസീയാറു വാറ്റി മലബാറു മൊത്തം സപ്ലൈ ചെയ്യാനുള്ള നൂതന ജപ്പാന് ഓസീയാര്‍ പദ്ധതി പരീക്ഷിക്കാനെത്തിയ പപ്പൂസിനെക്കുറിച്ച് അങ്കം പേടിച്ചവനെന്നു പാടിനടക്കുന്നോ..
ഓസീയാറിനു വിലയിടാന്‍ നിന്റെ കമന്റും ബാനറും മലബാറിലെ മൊത്തം ബാറുകളും തികയാത്ത സന്ദര്‍ഭങ്ങള്‍ വരും ജീവിതത്തില്‍, അന്നറിയാം പപ്പൂസ് ബ്ലോഗന്മല കേറിയതിന്റെ വില!
അച്ചനപ്പൂപ്പന്മാരുടെ കാലത്ത് മുട്ടില്ലാതെ ഓസീയാര്വെള്ളം കുടിച്ചു കഴിഞ്ഞ എന്നെ തറവാട്ടില്‍ കൂട്ടിക്കൊണ്ടു പോയി കഞ്ഞിവെള്ളം കാണിച്ച് ഓസീയാറെന്നു പറഞ്ഞു കമന്റിട്ടു പറ്റിക്കാന്‍ പഠിപ്പിച്ചത് ക്ഷമിച്ചത് പ്രായം കണക്കിലെടുത്ത്. അന്ന് വാല്മീകിക്കു മുപ്പതെങ്കില്, പ്രിയക്കറുപത്! ഇപ്രായമായിട്ടും മനസ്സിലായില്ലേ, ഓസീയാറടി തുടര്‍ന്നു കൊണ്ടു പോകണമെങ്കില്‍ ഒരു ഇന്‍ഷൂറന്‍സ് വേണമെടോ, ഇന്‍ഷുറന്‍സ്...
ഹോ, രണ്ടു മറുപടി എഴുതിയപ്പോഴേക്കു പപ്പൂസിന്റെ കൈ തളര്‍ന്നു... നമിച്ചു പെങ്ങളേ... :)
പിന്നെ ബ്ലോഗും ബ്ലോഗിബിലിറ്റിയും ബ്ലോഗിറ്റിവിറ്റിയും മാത്രം പോരാ, ഇച്ചിരി ഓസീയാര്ച്ചുവ കൂടി വേണം ;)ഓസീയാറിനെ പിടിച്ച് ആണയിട്ടതു കൊണ്ട് പപ്പടം കാച്ചിയത് പപ്പൂസ് ചേകോനങ്ങു ക്ഷമിച്ചു. :)
പൈങ്ങോടരു പറഞ്ഞതെടുക്കട്ടോ പ്രിയേ... ;)
വിന്‍സേ, തല തിരിക്കാനല്ല, പപ്പൂസിന്റെ തല കൊയ്യാനാ പെണ്‍പട ഇറങ്ങിയിരിക്കുന്നത്... ഷീല്‍ഡ്!!!! :(
ശ്രീലാലേ, നന്ദി, പെണ്ണുങ്ങള് തുനിഞ്ഞിറങ്ങിയ സ്ഥിതിക്ക് പപ്പൂസിന്റെ മാനമെങ്കിലും ബാക്കി കിട്ടിയാ മതിയാരുന്നു. :)
അപ്പൂ, ഹ ഹ! നന്ദി, ഓടോക്കാര്യം തികച്ചും സ്വാഭാവികമായ യാദൃശ്ചികം! :)
ഷാരൂ, നന്ദി! :)
മിസ്റ്റര്‍ ജിഹേഷ്ജീ, ഹ ഹ... നന്ദി! :)
വിനോജേ, നന്ദി! ഓസീയാര്‍ വരുന്ന മുറക്കു ഭാവന വരും, അപ്പോ വരട്ടേ അടുത്ത കൊടം. വിന്സിനെപ്പറ്റി പറഞ്ഞത് കറക്ട്! :)
സുല്ലേ... ഹ ഹ! നന്ദി! പുലികുടുംബത്തിലെ അംഗമൊന്നുമല്ലേ... കാവിലമ്മയാണെ സത്യം! :)
പറ്റീര് കമന്റുകളേറ്റു വാങ്ങാന്‍ പപ്പൂസിന്റെ ബ്ലോഗ് പിന്നെയും ബാക്കി...
ഹാ ഹാ..
"എനിക്കു പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ ഉണ്ണീ നീ..."
ഒന്നാം തരം ഹാസ്യം.
കൂടുതല്‍ രസിക്കാന്‍ എനിക്ക് സാധിച്ചത്, ശനിയാഴ്ച്ച ചേകവരുടെ സിനിമാ വീണ്ടും ഏഷ്യാനെറ്റില്‍ കണ്ടതിനാലാകാം.ആശംസകള്‍. :)
കമന്റ്റിടുന്നില്ല.. പകരം രണ്ടു ഇമോഷന് മാത്രം..:)) =)), കമന്റിട്ടാല്‍ പറയാന്‍ വന്നത് ശരിക്കു പറയാന്‍ പറ്റില്ല...:D
ഹാസ്യത്തിനും , നര്‍മ്മത്തിനും , ഫലിതത്തിനുമൊക്കെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട് . ഇല്ലെങ്കില്‍ ജീവിതം കേവലം യാന്ത്രികമായിപ്പോയേനേ .. ചിരി ഒരു ഔഷധമാണെന്ന് പറയുന്നത് എത്ര വാസ്തവം ! ഈ പോസ്റ്റും പപ്പൂസിന്റെ കമന്റുകളും വായിച്ചിട്ട് എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല , കമന്റ് എഴുതാതിരിക്കാനും ! അനുപമമായ ശൈലി തന്നെ ... കീപ് ഇറ്റ് അപ്പ് ... ആശംസകളോടെ ,
പ്രിയ ഉണ്ണികൃഷ്ണൊ,, കൊച്ചുത്രേസ്സ്യേ...
നിങ്ങള്‍ എന്താ കമന്റ് ഭരണി തുടങ്ങിയൊ ഒരു ഒന്നൊന്നര കമന്റായിപ്പോയി കെട്ടാ.
പപ്പൂസെ ഞാന്‍ പിന്നെയും വന്നൂ ഹഹഹ ഈ അങ്കത്തട്ട് ഒന്നൂടെ ഒന്നു കാണാന്‍ കൊതി ഹഹഹഹ.!!
പ്രിയയ്ക്കും കൊച്ചൂത്രേസ്സ്യയ്ക്കും ഓസീയാര്‍ തലക്കു പിടിച്ച ലക്ഷണമുണ്ട്.!!
ബ്ലപ്പൂസേ
ബ്ലലക്കീ ട്ടാ...
അതിഗംഭീരം.... ഒറ്റയിരുപ്പിനു വായിച്ചു പോയി. തകര്‍പ്പന്‍ അവതരണം.
..ങ്ങള് പുലി തന്നെയപ്പാ...
ഖാന്ജീ, നന്ദി ട്ടോ! പിന്നെ, ബൂലോഗം അത്ര ചെറുതാണോ? അല്ലെന്നു തന്നെ പപ്പൂസ് വിശ്വസിക്കുന്നു. സാധ്യതകളൊരുപാടുണ്ടിവിടെ.. അതു മനോഹരമായി ഉപയോഗിച്ച് മാതൃക കാണിച്ചു തന്ന ഗുരുക്കന്മാരും... ബൂലോഗത്തിനു തന്നെ നന്ദി! :)
കൃഷമ്മാവാ... ആദ്യമായി ആ ക്വസ്റ്റ്യന്മാര്ക്കുകളെല്ലാം ഒരു തുള്ളി ഓസീയാര്‍ തളിച്ച് പപ്പൂസ് മായ്ച്ചു കളഞ്ഞു. ;) പിന്നെ വാല്മീകരോടുള്ള അങ്കം കഴിഞ്ഞ് അങ്ങോരുടെ ശരീരത്തില്‍ പിടിച്ചിരുന്ന അച്ചാറ് ടച്ചിംഗ്സിന്റെ ഒരംശം പപ്പൂസിന്റെ നെറ്റിയില്‍ പതിഞ്ഞതിനാണോ ഈ മുറവിളി?
ചേകവന് ബോട്ടിലു കൊണ്ടടിച്ച മുഴ... ഹ ഹ ! കാര്യങ്ങള്‍ പ്രയാസപ്പെട്ട് ചെയ്യുന്ന പ്രയാസിരാമന്... ഹ ഹ! അം...മാ...വാ... :))
ഇനിയൊരു ഓസീയാറടിക്കു പപ്പൂസിനു ബാല്യമില്ലെന്നു ധരിച്ചുള്ള ഈ സോപ്പിടീലൊക്കെ വെറുതെയാട്ടോ. പപ്പൂസൊന്നും മറന്നിട്ടില്ല, അന്നു മുക്കിക്കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ. :)
വേണൂ, നന്ദി! എത്ര കണ്ടാലും മതിയാവാത്ത ഒരു പടമാണത്. ശനിയാഴ്ച പപ്പൂസിനതു മുഴുവന്‍ കാണാന്‍ സാധിച്ചില്ല... ടീവീം കേബിളോപ്പറേറ്റര്മാരുമായി പുതിയൊരങ്കം. :( ഇനിയൊരവസരത്തില്‍ മേക്കപ്പ് ചെയ്യാം. :)
വഴിപോക്കാ, ഈ വഴി വന്നതിനു നന്ദി! :) ഇമോഷണലാണോ, എടുക്കട്ടാ ഒരു കൊടം? ;)
സുകുമാര്‍ജീ, നന്ദി! നര്‍മ്മത്തിന്റെ കര്‍മ്മം പപ്പൂസിന്റെ മര്മ്മത്തീ കേറി, താങ്ക്സ്... ആശംസകള്‍ തിരിച്ചും! :)
സജിയേ, അതേ, പെണ്‍പട കച്ചകെട്ടിത്തിരിച്ചിരിക്കുന്നൂ... പപ്പൂസിനെ സഹായിക്കാന്‍ വീണ്ടും വരൂ... :)
ഷാഫീ, ബ്ലാങ്ക്സ്... ഓ, സോറി അതിനു വേറെന്തോ അര്‍ത്ഥമുണ്ട്, വേണ്ട ഒറിജിനല്‍ താങ്ക്സ്... :)
രാജേഷേ, നന്ദി ട്ടോ! ഞമ്മള് പുലിയല്ലപ്പാ... സത്യം! :)
പപ്പൂസേ...
ദേന്താ ഇപ്പാ ദ്...
അടിച്ചുതകര്ക്കുവാണല്ലോ...
ഓരോ പോസ്റ്റും ഒന്നിനൊന്ന് മെച്ചം....
കൊച്ചുത്രേസ്യാക്കൊച്ചിന്റെ തുടക്കത്തിലെ റേറ്റിംഗ്
ആശംസകള്‍
അങ്കം ജയിക്കണമെങ്കില്‍ പുതിയ അടവുകള്‍ എന്നോട് ചോദീര്............. പപ്പുവേട്ടാ...............<:
ലെവന് പണ്ട് ബാച്ചിക്ലബ്ബില് ഗ്വാളടിച്ച് നടന്നവരില്‍ ഒരുത്തന് തന്നെ…അല്ലെന്ന് പറയല്ലേ...
ഇനി ഞനൊരു ഞെട്ടിക്കുന്ന സത്യം എല്ലാരോടുമായി പറയട്ടെ .... ഡി.എന്‍.എ. ടെസ്റ്റ് കഴിഞ്ഞു. ഗുല്മേഷ് എന്നു പലരും വിളീക്കുന്ന ഈ പപ്പൂസ്സ് പുപ്പുലി തന്നെ !
പപ്പൂസ്സെ, ഈ സമ്മാനം കൈപ്പറ്റിയാലും...
http://bp3.blogger.com/_r2qDmka_gcI/R4z0WdKgk4I/AAAAAAAABMo/M9KjZUZsFNc/s1600-h/Copy+of+Pappooss.jpg
സജ്ജിവേട്ടന് കലക്കി!!
"പുത്തൂരം ബ്ലോഗില്‍ ചേകവന്മാര് കണക്കു തീര്‍ക്കുന്നത് ഒസീയാര്ക്കുടം കൊണ്ടല്ല... പോസ്റ്റെടുക്ക്" തുടങ്ങിയ കിടുകിടിലന് വരികള്‍ വായിച്ച് ചിരിച്ച് മണ്ണുകപ്പി, സൂപ്പര്‍ബ്:)
പപ്പുച്ചേകവരേ...ബ്ലോഗനാര്‍ പുരത്തെ അങ്കം കണ്ട് കണ്ണുമിഴിച്ചു പോയി.
വിശാലന് ഗുരുക്കളില്‍ നിന്ന് അടവും തൊഴിലും പഠിച്ച പപ്പുച്ചേകവര്ക്ക് ബ്ലോഗനാര്ക്കാവിലമ്മയുടേ പേരില്‍ നൂറ്റൊന്ന് തിരിയിട്ട നെയ്വിളക്ക്..
അരിങ്ങോടര് വരുന്നതും കാത്ത് ബ്ലോഗും ചുരണ്ടിയിരിക്കുക.
ഒന്ന് ഒന്നര രണ്ട് എഴുത്തായി കേട്ടാ....
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
സജീവേട്ടാ,
പപ്പൂസ് ഹാസ് നോ വേഡ്സ്!! രണ്ടു മാസത്തിലേറെയായി മറ്റൊരു പേരില്‍ പപ്പൂസീ ബൂലോഗത്തുണ്ട്. ഒരുപാടു തവണ ആ പുലിക്കൂട്ടില്‍ വന്നെത്തി നോക്കിയിട്ടുണ്ടെങ്കിലും ഇതു വരെ ഒരു അഭിപ്രായം ആ പേരില്‍ എഴുതിയിട്ടില്ല. അഹങ്കാരം കൊണ്ടല്ല, ആരാധന മൂത്ത് കൈ വിറച്ചു പോയതു കൊണ്ടാണ്! പുലി വര്‍ഗ്ഗത്തെ മൊത്തത്തില്‍ കണ്ടാസ്വദിച്ചു തീര്‍ക്കാന്‍ തന്നെ വേണ്ടി വന്നു ഒരു മാസത്തോളം! ആരെങ്കിലും ഒരു പോസ്റ്റോ കമന്റോ ഇട്ടാല്‍, പപ്പൂസിന്റെ മനസ്സിലെത്തുന്നത് താങ്കളുടെ വിരലുകള്‍ തീര്‍ത്ത അവരുടെ രൂപമാണ്. ഇന്നിപ്പോ, പപ്പൂസിനെക്കൂടെ കൂട്ടിലാക്കിയ ഈ ക്ഷമയും അര്‍പ്പണമനോഭാവവും () സ്നേഹവും കാണുമ്പോ, സത്യത്തില്‍ പപ്പൂസിന്റെ കണ്ണു നിറയുന്നു (ഡയലോഗല്ല, സത്യം)! ഈ സമ്മാനം പപ്പൂസിന് ഏറെയേറെ വിലപ്പെട്ടതാണ്! ആരോ കുറിച്ചു വച്ച ഒരു പേരു മാത്രമായിരുന്ന പപ്പൂസിന് താങ്കള്‍ ഒരു രൂപവും ഭാരവും നല്കി. നന്ദി.....
(പ്രയാസിരാമനെപ്പോലുള്ള ചില കശ്മലന്മാര് പറഞ്ഞേക്കും, മൂന്ന് ഓസീയാര്കുപ്പി കൂടെത്തന്നതിന്റെ സെന്റിമെന്റ്സ് ആണെന്ന്... അല്ല, സത്യമായിട്ടും പപ്പൂസിന്റെ കണ്ണു നനഞ്ഞു!)
ദ്രൌപതീ, നന്ദി... പിന്നെ, ത്രേസ്യാക്കൊച്ചുമായി താരതമ്യം ചെയ്യരുത്. ഷീ ഈസ് ഫാര്‍ എഹെഡ്.... കമന്റില്‍ തന്നെ പപ്പൂസിനെ അടിച്ചൊതുക്കിയതു കണ്ടില്ലേ? :)
പുട്ടാലൂ, നന്ദി ണ്ട് ട്ടാ... (ആദ്യം സ്വന്തം അനിയന് ചാത്തന്റെ രണ്ടടവു തടുത്ത് യോഗ്യതാ റൌണ്ട് പാസ്സായാ പരിഗണിക്കാം)
കിനാവേ, നന്ദി. പക്ഷേ, ഐ ആം സോറി, അല്ലെന്ന് പറഞ്ഞേ പറ്റൂ... :)
സജീവേട്ടാ, നേരത്തേ പറഞ്ഞു, എന്നാലും... ഗുല്മേഷ്.... :)) സത്യം കിനാവേ, തികച്ചും അപ്രതീക്ഷിതം!
മയൂരാ, നന്ദി ട്ടോ. ആ മണ്ണൊക്കെ തുപ്പിക്കളഞ്ഞ് ഇനീം വരണം. :)
ഇരിങ്ങലേ, ആ നെയ്വിളക്കിന് നന്ദി. തീരുമ്പോ ഇച്ചിരി സേവേം ആവാം, ല്ലേ? ;)
പപ്പൂസ്സെ,
ഈ പടം ചെയ്തതോടെ പുലി സീരീസ് നമ്പര്‍ 2
തുടങ്ങിയാലോന്നു ചിന്ത.
പടം ഇട്ടോട്ടെ ? ഓല ഇവിടെത്തന്നെ ഉടന്‍ ഒട്ടിച്ചുവെയ്ക്കുമല്ലൊ?
സജീവേട്ടന്റെ പുലി സീരീസ് ഒരിക്കലും തീരരുതെന്നാണ് പപ്പൂസിന്റെ ആഗ്രഹം. തീര്‍ച്ചയായും ഇട്ടോളൂ... ഓല തയ്യാര്‍! (ഏത് ഓല...? എന്തായാലും തയ്യാര്‍ ;)) എനെന്നു വിശദീകരിച്ചല് പപ്പൂസ് റെഡി. :)
‘ഓല‘ എന്നു പറഞ്ഞാല്‍ പടം എന്റെ ബ്ലോഗിലിടാനുള്ള പപ്പൂസ്സിന്റെ സമ്മതപത്രം,
അത്രേള്ളൂന്ന് !
ഹഹഹ അടി പൊളി...... തികച്ചും വ്യത്യസ്തം.
പപ്പൂസേ ചങ്ങാതീ ബ്ലൊഗങ്കം കലക്കി. ഏതായാലും പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു കാച്ചു കാച്ചിയത് ബ്ലൊഗത്തട്ടിന്റെ ഭാഗ്യം. ഇനിയും അനേകം അങ്കങ്ങള്‍ക്ക് ബാല്യമുണ്ടെന്നതിന്റെ സൂചനയാണിത്. ബ്ലോഗോന്മാരേ, ബ്ലോഗോത്തികളേ കച്ച മുറുക്കിക്കോളൂ. വാളിന്റേയും, ഉറുമിയുടേയും, ചുരികയുടേയും ശബ്ദങ്ങളല്ലേ കേള്‍ക്കുന്നത്. വീറോടെ ബ്ലോഗിയാല് ബ്ലോഗാളിപ്പട്ട് നേടാം.
അസ്സലായിട്ടുന്ണ്ട്. അഭിനന്ദനങ്ങള്‍
പപ്പൂസേ ... കലക്കി....
എന്നാല്ലും ഈ അനോണി കളി ഞാന്‍ പൊളിക്കും
ബുഹഹഹാ
പപ്പൂസേ,
നിങ്ങളുടെ കിടിലന്‍ ബ്ലോഗ് വായിക്കുവാന്‍ വന്നപ്പോഴാണ് കമന്റ് ഇത്രയും വലുതായതായി കണ്ടത്.. പിന്നെ ഒന്നു കൂടെ എഴുതിയേക്കാം എന്ന് കരുതി..എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിങ്ങളുടെ ബ്ലോഗുകളില്‍ ഒന്നാണിത്..അവതരണ രീതികൊണ്ടും, നര്‍മ്മ പ്രഭാവം കൊണ്ടും ഇതിനെ വെല്ലാന്‍ വേറെയൊരു ബ്ലോഗും ഞാന്‍ കണ്ടിട്ടില്ല ഇതുവരെ.. ഇതു ചിലരെ ചൊടിപ്പിച്ചെന്നതു സത്യം..ഇതിന്റെ അഭിപ്രായങ്ങളുടെ സെക്ഷന്‍ ബ്ലോഗു പോലെ വലുതായതും കൂടുതല്‍ രസകരമായതും ചിലര്‍ ഈ ഹാസ്യരചനയെ വ്യക്തിപരമായ് എടുത്തത് കൊണ്ടും മാത്രം..
പക്ഷെ ഇപ്പോള്‍ എന്നെ അതിശയിപ്പിക്കുന്നത് കമ്മന്ടിയ ചില തീവ്രമായ വരികളെയും അതിന്റെ ഉദ്ദേശ ശുദ്ധിയും ആണ്..
നിങ്ങളുടെ കൂടുതല്‍ രചനകളും പ്രതീക്ഷിച്ചു കൊണ്ടു..
സ്നേഹത്തോടെ
ഗോപന്
അവതരണശൈലി അടിപൊളി മാഷേ.....സൂപ്പര്‍
ചേകോനെ..വൈകിപ്പോയി!! വൈകിപ്പോയി ഇവിടെ എത്താന്‍ അതേ പറയാനുള്ളൂ ഈ ബ്ലോഗിപ്പെണ്ണിന്!!!!
കടവാ, നന്ദി! :)
മോഹന്ജീ, നന്ദി! അതെയതെ, ഇനി പട്ടിനു പകരം കുപ്പിയാണെങ്കിലും പപ്പൂസ് ഓകേ. :)
മുരളിജീ, നന്ദി ട്ടോ! :)
മഞ്ഞുതുള്ളീ, നന്ദി. അതു പൊളിഞ്ഞതു തന്നെ! (സാധാരണ ഇങ്ങനെയാണോ ചിരിക്കാറ്?) :)
ഗോപാ, വീണ്ടും വന്നതിനു നന്ദി! പറഞ്ഞതില്‍ ചില കാര്യങ്ങളൊന്നും പപ്പൂസിനു മനസ്സിലായില്ല. തീവ്രമായ വരികളും ഉദ്ദേശശുദ്ധിയും മറ്റും... :)
കാനനവാസാ, നന്ദി! :)
പീലിക്കുട്ടീ, നന്ദി! സാരമില്ല, ഇനിയും വരൂ :)
ഒരു മാസം അവധിയില്‍ ആയിരുന്നതിനാല്‍ ഇവിടെ നടന്ന അങ്കം അറിയാന്‍ ഈ കൊച്ചു കുറുപ്പിന് കഴിഞ്ഞില്ല.....ക്ഷമിക്കൂ പപ്പൂസ് ഗുരുക്കളേ....തകര്‍ത്തിട്ടുണ്ട് ഈ അങ്കം.
ഇനിയും അങ്കത്തിനു കുറുപ്പന്മാരെ കൂടെ കൂട്ടണേ.......
നന്ദി പ്രിയ ലിങ്ക് തന്നതിന്. എന്റെ വിലാസം anandkuruppodiyadi@ജിമെയില്‍.com ആണ്.
ഈ ബൂലോകത്ത് 4,5 മാസം മാത്രം പ്രായമുള്ള എനിക്ക് ഈ ബ്ലോഗങ്കത്തിന്റെ പശ്ചാത്തല ചരിത്രം ഒന്നും മനസ്സിലായില്ല...
ആരെങ്കിലും ഒന്നു പറഞ്ഞു തരൂ പ്ലീസ്....
ഹയ്യോ
പപ്പൂസേ
ഈ പോസ്റ്റെല്ലാം വായിയ്ക്കാന്‍ ലേറ്റായിപ്പോയി. എല്ലാം വായിച്ചു.
എന്തൂട്ടെഴുത്താ മാഷേ :)
ചിരിച്ച് അടപ്പിളകി
Oru 4 vattam vaayichu...Adi poli....
Oru 4 vattam vaayichu..Kollam Pappoos, kalakki....
Post a Comment