Thursday, January 10, 2008

ഓസീഞ്ചേഴ്‍സ് സ്പെഷ്യല്‍...!!!

അങ്ങനെ ഒരു ദിവസം.........

പതിവില്ലാതെ കൊച്ചുവെളുപ്പാന്‍കാലത്തെഴുന്നേറ്റ് ഞാന്‍ എന്റെ സവാരിപിരിപിരിക്കിറങ്ങി. മണി പത്തേമുക്കാലാവുന്നതു വരെ കിടന്നുറങ്ങാന്‍ പാകത്തില്‍ ഹാര്‍ഡ്കോഡിങ്ങ് നടത്തി വച്ചിട്ടുള്ള എന്റെ സിസ്റ്റത്തില്‍ ആറേമുക്കാലിനു പോപ്പ്‍അപ്പ് ചെയ്ത എറര്‍ മെസ്സേജ് കണ്ട് പത്രക്കാരന്‍ കൊച്ചുണ്ണിയേട്ടനു വരെ വല്ലാത്തൊരു "ഓസീഞ്ചം" (ഓസീയാറിന്റെ ആദ്യത്തെ പെഗ്ഗ് വെള്ളം തൊടാതെ ബോട്ടംസപ്പ് അടിക്കുമ്പോളുണ്ടാവുന്ന ഒരു ഞെരുമ്പന്‍ വികാരം... പോരാ..., ഡെഫിനിഷന്‍ ’ഫുള്ളാ’യില്ല, ബോഡി തരുതരുക്കും, തല പെരുപെരുക്കും...) അനുഭവപ്പെട്ടു.

"കൊച്ചുണ്യേട്ട്സ്...."

ഞാന്‍ അങ്ങോരെ വിഷ് ചെയ്തു. ഓസീഞ്ചം ഉള്ളിലൊതുക്കി ബിസ്സിനസ്സ് ലക്ഷ്യത്തോടെ അങ്ങോര്‍ എന്നോടു ചോദിച്ചു.

"മാതൃഭൂമ്യാ മനോരമ്യാ???"

പാവം വിചാരിച്ചു പപ്പൂസങ്ങു നന്നായിപ്പോയെന്ന്. കിട്ടില്ല ഗഡീ... പക്ഷേ അപ്പന്റെ പ്രായമുള്ള അങ്ങോരോട് പത്രം വായിക്കാറില്ലെന്ന് എങ്ങനെ പറയും? മുഖത്തു നോക്കി പപ്പൂസ് കള്ളം പറയാറില്ല. നേരെ നിന്ന്, ധൈര്യം സംഭരിച്ച്, നെലത്തു നോക്കി പറഞ്ഞു.

"വേണ്ട, ഇംഗ്ലീഷ് പേപ്പറ് വായിച്ചു, ഇനി വേണ്ട"
ജീവിതത്തില്‍ ആദ്യമായും അവസാനമായും ടൈംസ് ഓഫ് ഇന്‍ഡ്യ എടുത്തു നോക്കിയ ദിവസം ’റിജിയണല്‍ ന്യൂസ്’ എന്നെഴുതിയതു കണ്ട് ആക്രാന്തത്തോടെ ’ഒറിജിനല്‍ ചോയ്‍സ്’ എന്നു വായിച്ച അതേ പപ്പൂസാണിതെന്ന് അങ്ങോര്‍ക്കു മനസ്സിലായിട്ടുണ്ടാവുമോ! ഇല്ലെന്നു തന്നെ വിശ്വസിച്ച് ഞാന്‍ അതിവേഗം നടത്തം തുടര്‍ന്നു. ലക്ഷ്യം നിസ്സംശയം, ഇസ.....ബെല്ല..... അതെ, ഇസബെല്ല!!!

അക്കേഷ്യാ മരങ്ങള്‍ വച്ചു പിടിപ്പിച്ച പാര്‍ക്ക്. വെയിലേറ്റ് പൊന്നിന്‍നിറമണിഞ്ഞ ഇലത്തുമ്പുകളില്‍ നിന്നും മഞ്ഞുതുള്ളികള്‍ പൊഴിയുന്നു. ഇടക്കിടെ കുരുവികളുടെ കരച്ചില്‍ കേള്‍ക്കാം. കോട പുതച്ചു നില്‍ക്കുന്ന കൊടുമുടികള്‍ യുവഹൃദയങ്ങളെ പ്രണയപുരസ്സരം മാടി വിളിക്കുന്നു. ആകപ്പാടെ പ്രകൃതി നമുക്കായി ഒരുക്കിത്തന്ന ഒരു പ്രണയവസന്തം.

മുകളില്‍ പറഞ്ഞതെല്ലാം ഉണ്ടെന്നു മനസ്സിലങ്ങു സങ്കല്‍പ്പിച്ച്, സ്കൂള്‍ഗ്രൌണ്ടിലേക്കു കയറുന്ന വഴിയിലുള്ള ഒരു ഉണക്ക തെങ്ങിന്‍പട്ട ഞാന്‍ ചാടിക്കടന്നു.

പ്ലീ...!!!!! ചവിട്ടിയത് മുനിസിപ്പാലിറ്റി പൈപ്പ് ലീക്കായി ഒഴുകി വരുന്ന ഓടവെള്ളത്തില്‍. ഉശിരു കൂടി കമന്റിയപ്പോള്‍ അറിയാതെ സ്വന്തം പേരു വെളിപ്പെടുത്തിപ്പോയ അനോണിയെപ്പോലെ എന്റെ മുഖം ആകെയങ്ങു വളിഞ്ഞു. സംഗീതാ ബാറില്‍ വച്ച് മൂന്നാം പെഗ്ഗില്‍ കുഞ്ഞച്ചനടിച്ച പഴേ ഡയലോഗാണ് മനസ്സിലേക്ക് ലോങ്ജമ്പ് ചാടി വീണത്.

"ഓസീയാറടിച്ച് വിടുവാ വിടുന്നതു പോലെ എളുപ്പമല്ല കുഞ്ഞേ, ഒരു പെണ്ണിന്റെ പുറകേ നടക്കുന്നത്!"
വാശി പപ്പൂസിന്റെ കൂടപ്പിറപ്പാണല്ലോ. വിട്ടു കൊടുക്കാതെ പാന്റിന്റെ തുമ്പില്‍ പറ്റിയ ഓടവെള്ളം പിഴിഞ്ഞു കളഞ്ഞു.

"ഗ്‍വ്‍.....ഗ്വാ................"

ഉളുന്തിയ ചേറുമണം മൂക്കു വഴി തലച്ചോറില്‍ കടന്ന് ബ്രെയ്‍ന്‍ വെയ്‍ന്‍സ് വഴി താഴോട്ടിറങ്ങി സ്പൈനല്‍ കോഡില്‍ക്കൂടി ശരീരമാകെ പടര്‍ന്ന് വയറിനുള്ളിലൂടെ അന്നനാളം തിരഞ്ഞു പിടിച്ച് ആരും തിരിഞ്ഞു നോക്കിയേക്കാവുന്ന ഒരു ഓക്കാനമായി തൊണ്ട പൊളിച്ച് പുറത്തു കടന്നു. അടുത്താരെങ്കിലുമുണ്ടായിരുന്നെങ്കില്‍ നാറ്റം കൊണ്ട് മൂക്കല്ല, കണ്ണു വരെ പൊത്തിയേനെ! എന്തൊക്കെയായാലും ഓടയിലൊഴുകുന്നത് ഇന്നലെക്കുടിച്ച് വാളായിത്തള്ളിയ ഓസീയാറു കലര്‍ന്ന വെള്ളമായിരിക്കുമല്ലോ എന്ന സമാധാനത്തോടെ ഞാന്‍ നടന്നു.
പെട്ടെന്ന്.......... മുന്നിലതാ നീല നിറത്തിലുള്ള ടൈറ്റ് ട്രാക്ക്സ്യൂട്ടുമിട്ട് സിറ്റ് അപ്പ് എടുക്കുന്നു അവള്‍.... ഇസബെല്ല!!!! കള്ളച്ചിരിയോടെ ഇരുകൈകളും പാന്റിന്റെ കീശയില്‍ തിരുകി വശങ്ങളിലേക്കു വലിച്ചു പിടിച്ച്, കഴുത്തല്പം ചെരിച്ച് സൂപ്പര്‍സ്റ്റാര്‍ സരോജ്‍കുമാറിനെപ്പോലെ ഞാന്‍ മന്ദം മന്ദം നടന്നു ചെന്നു. എന്നെ കണ്ടതും ഇസബെല്ല ആളില്ലാത്ത വീട്ടില്‍ ചെന്ന് ആരോ കോളിംഗ്ബെല്ലടിച്ചതു പോലെ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി. എനിക്കങ്ങു പെരുത്തു സന്തോഷമായി. ഞാന്‍ കൈകള്‍ പോക്കറ്റിലിട്ട് ഒന്നു കൂടി വിശാലമായി പിടിച്ചു. അതോടെ സിറ്റപ്പിനിടയില്‍ ചിരികൂടി അവള്‍ പെര്‍മനെന്റ് സിറ്റിംഗായി... പിന്നെ കിടത്തമായി.... കിടന്നു ചിച്ചിരിയായി....

എനിക്കാകെ ഒരു ഗണ്‍ഫ്യൂഷന്‍ തോന്നി. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവളെന്റെ വേണ്ടാത്തിടത്തു നോക്കിയാണ് ചിരിക്കുന്നത്. അല്പം സംശയത്തോടെ ഞാന്‍ തല കുനിച്ച് അവിടേക്കു നോക്കി...

"മൈ ഗോഡ്!!!!!!!!!!! സിബ്ബ് ഈസ് വൈഡ് ഓപ്പണ്‍.....!!!!"

എന്റെ ഓസീയാര്‍ പുണ്യാളാ... ഇതെങ്ങനെ സംഭവിച്ചു! ’മന്മഥരാസാ’ കളിച്ച ധനുഷിനെക്കാളും സ്പീഡില്‍ ഞാന്‍ വെട്ടിത്തിരിഞ്ഞ് ഒറ്റ വലിക്കു സംഗതി ക്ലോസ്സ് ചെയ്തു. ഭാഗ്യവശാല്‍ അപകടമൊന്നും പറ്റീല്ല. ഇനിയെങ്കിലും ഓസീയാറടിച്ചു പൂസായതിന്റെ പിറ്റേന്ന് നേരം വെളുക്കും മുമ്പേ കണ്ണു തിരുമ്മി എണീറ്റ് ഇത്തരം ഏര്‍പ്പാടുകള്‍ക്കിറങ്ങരുതെന്ന ദൃഢതീരുമാനം എടുത്ത ശേഷം ഞാന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ തിരിഞ്ഞു. ഇസബെല്ല മലക്കം മറിഞ്ഞു കിടന്ന് ചിരിക്കുകയാണ്.

"ഹായ് ഇസബെല്ല, ഐ ആം പപ്പൂസ്"

അല്പം വളിഞ്ഞ ചിരിയോടെ അവളുടെ ചിരി നിര്‍ത്താനുള്ള ഉദ്ദേശത്തോടെ ഞാന്‍ പരിചയപ്പെടുത്തി. ചിരി കഷ്ടപ്പെട്ടു നിറുത്തി, വാ പൊളിച്ചു കൊണ്ടവളെന്നോടൂ പറഞ്ഞു.

"ഇസാബെല്ല...?? സോറി, ഐ ആം ഇഷാ ബല്ലാല്‍!"

വീണ്ടും മാരണം. അടിച്ചു ഫിറ്റായി നാക്കു കുഴഞ്ഞ നേരത്ത് കുഞ്ഞച്ചനെന്ന എമ്പോക്കി പറഞ്ഞു തന്ന ഈ പേരു പാരയായി മാറിയല്ലോ. ഷിറ്റ്. വാട്ടീസ് യുവര്‍ നേം എന്നെങ്ങാന്‍ ചോദിച്ചാ മതിയായിരുന്നു. എന്തു ചെയ്യാന്‍, അഗ്രീഗേറ്ററില്‍ കേറിയ പോസ്റ്റ് തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ...

എവളു ബാംഗ്ലൂരുകാരിയാണെന്നാണ് അവന്‍ പറഞ്ഞു തന്നിരിക്കുന്നത്. പ്രയോഗിക്കണോ വേണ്ടയോ എന്നൊരു നിമിഷം ആലോചിച്ച്, ഞാനതങ്ങു വെടിപ്പാക്കാന്‍ തന്നെ തീരുമാനിച്ചു.

"സോ, യൂ ആര്‍ ഫ്രം ബാംഗ്ലൂര്‍ റൈറ്റ്, ഐ ഹാവ് എ ഫ്രണ്ട് ദേര്‍?"
അവളുടെ സ്വരമങ്ങു കനത്തു. "ഹൂ റ്റോള്‍ഡ് യൂ ആള്‍ ദീസ് നോണ്‍സെന്‍സ്? ഐ ആം ഫ്രം മാംഗ്ലൂര്‍"

മാംഗ്ലൂരോ... കര്‍ത്താവേ അങ്ങനൊരു സ്ഥലവുമുണ്ടോ ഈ രാജ്യത്ത്? സോഷ്യല്‍ സയന്‍സില്‍ ലഖ്നൌ, ബോംബെ, പൂനെ, സിക്കന്ദരാബാദ് എന്നൊക്കെ മാപ്പ് വരച്ച് അടയാളപ്പെടുത്താന്‍ പഠിപ്പിച്ച കാലത്ത് ഇതെങ്ങാന്‍ പറഞ്ഞു തന്നിരുന്നേല്‍ ജീവിതത്തില്‍ പ്രാക്ടിക്കലി എത്ര ഉപകാരപ്പെട്ടേനെ എന്നാശിച്ച്, മനസ്സാ ഞാനാ ആന്റണിമാഷേ ഒന്നു കണ്ണുരുട്ടി കാണിച്ചു! കൊച്ചുത്രേസ്യേടെ ബാംഗ്ലൂര്‍വിലാപം പല തവണ വായിച്ചു മനപാഠമാകിയത് ഈ കൊച്ചിനോടു രണ്ടു കിന്നാരം പറയാനായിരുന്നു. അതും വേസ്റ്റായല്ലോ... ഇനി ചോദിക്കാനൊരു വിഷയം എവിടെച്ചെന്നു തപ്പും? എന്തായാലും എന്റെ വികാരങ്ങള്‍ തുറന്നു പറയാന്‍ ഞാന്‍ തീരുമാനിച്ചു.

"സോറി... പ്രോബ്ലമെന്താണെന്നു വച്ചാല്‍, വൈല്‍ സീയിംഗ് യൂ, ഐ ഹാവ് ആന്‍ ഓസീഞ്ചം... സോ..."

"ഓഷീഞ്ചം..? വാട്ടീസ് ദാറ്റ്? വേര്‍ ഈസ് ഇറ്റ്, ഷോ മീ..."
അവളെന്റെ കയ്യേല്‍ക്കേറി പിടിച്ചു. ഞാനൊന്നു പരുങ്ങി. ഇതെങ്ങനെ വിശദീകരിക്കുമെന്റെ റമ്മാത്മാവേ... അല്പം ആംഗ്യകോലാഹലങ്ങളോടെ ഞാനങ്ങു തുടങ്ങി.

"ആക്‍ച്വലി... ഐ മീന്‍... ഓസീയാര്‍ ഹാവിംഗ്....വണ്‍ ഗള്‍പ്.... ആഫ്‍റ്റര്‍ ദാറ്റ്... ഹെയര്‍ സ്റ്റാന്‍ഡ് അപ്പ്... ദാറ്റ് ഈസ് ഓസീഞ്ചം... ഹെഡ് പെരു.... ബോഡി ഫുള്‍ ഷേക്ക്..."

എല്ലാം മൊത്തമങ്ങു കൊളമായപ്പോ എന്റെ ഓസീഞ്ചം പമ്പേം കൊടകരേമെല്ലാമങ്ങു കടന്ന് ഭരണങ്ങാനം പാലം വരെ കയറി. അവളോടു വിശദീകരിക്കാന്‍ പോയി ഓസീയാറെന്തെന്നു ഞാന്‍ തന്നെ മറന്നു പോകുമെന്ന് എനിക്കു തോന്നി. പെണ്ണു പുലിയായ സ്ഥിതിക്ക് അഭിനയിച്ചു കാണിക്കാന്‍ പോയാല്‍ ’ജോണി ലിവറേ’ ’ബെര്‍ളി തോമസ്സേ’ എന്നൊക്കെ ചെലപ്പോ വിളിച്ചു കളയും! മൊത്തം പാളി. പത്താം തവണയും തൊണ്ണൂറ്റെട്ടില്‍ ഔട്ടായ സച്ചിനെപ്പോലെ ഞാന്‍ ആകെ ഹതാശനായി പവലിയനിലേക്കു വലിയാന്‍ തീരുമാനിച്ചു. ദിസ് ഈസ് നോട്ട് മൈ ബോക്സ് ഓഫ് കമന്റ്.......!!!!!!!!!!!!

ഓ.ടോ: എനിക്കറിയാമ്പാടില്ലാത്ത രണ്ടു കാര്യങ്ങള്‍:
ഒന്ന്: മാംഗ്ലൂരെന്നാല്‍ മംഗലാപുരമാണെന്ന് കോഴിക്കോട്ടെ മഹാറാണി ബാറില്‍ വച്ച് പിന്നീടൊരിക്കല്‍ കുഞ്ഞച്ചനെനിക്കു പറഞ്ഞു തന്നു. സോഷ്യല്‍ സ്റ്റഡീസില്‍ സ്ഥലങ്ങളുടെ ഇംഗ്ലീഷ് പേരുകളൂം ആണ്‍കുട്ടികളുടെ സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിനോടപേക്ഷ.

രണ്ട്: ഈ ബ്ലോഗു വായിക്കുന്ന എല്ലാ മാഷുമ്മാരും ഓസീഞ്ചമെന്തെന്ന് പെണ്‍കുട്ടികള്‍ക്കു വിശദീകരിച്ചു കൊടുക്കാന്‍ അപേക്ഷ. ഇല്ലെങ്കില്‍ അതു വിശദീകരിക്കുന്നതിനിടെ പറയാന്‍ ഉദ്ദേശിക്കുന്ന മറ്റു കാര്യങ്ങളെല്ലാം ബുദ്ധിമാന്‍മാരായ ആങ്കുട്ടികള്‍ മറന്നു പോയേക്കാവുന്നതാണ്....
അടുത്ത പെഗ്ഗ് ഓസീയാറുമായി കുഞ്ഞച്ചന്‍ എന്നെ കാത്തു നില്‍ക്കുന്നു. പ്രിയ ബൂലോഗരേ, തല്‍ക്കാലം പപ്പൂസ് വിട പറയട്ടെ.............

18 comments:

പപ്പൂസ് said...

ഉളുന്തിയ ചേറുമണം മൂക്കു വഴി തലച്ചോറില്‍ കടന്ന് ബ്രെയ്‍ന്‍ വെയ്‍ന്‍സ് വഴി താഴോട്ടിറങ്ങി സ്പൈനല്‍ കോഡില്‍ക്കൂടി ശരീരമാകെ പടര്‍ന്ന് വയറിനുള്ളിലൂടെ അന്നനാളം തിരഞ്ഞു പിടിച്ച് ആരും തിരിഞ്ഞു നോക്കിയേക്കാവുന്ന ഒരു ഓക്കാനമായി തൊണ്ട പൊളിച്ച് പുറത്തു കടന്നു.

ശ്രീ said...

വിവരണ ശൈലി രസികന്‍!

അവസാനം എന്തു സംഭവിച്ചു എന്ന് പറഞ്ഞില്ല.
;)

മിന്നാമിനുങ്ങുകള്‍ .!! said...

എന്നിട്ടെന്തു പറ്റി..?ലാസ്റ്റ്..

വാല്‍മീകി said...

ഇതെന്താ ഓസീയാറിന്റെ പരസ്യമോ?
പപ്പൂസേ, കലക്കി കേട്ടാ... ഒരു കൊടം ഓസീയാറ് ഞാന്‍ ഇവിടെ വച്ചിട്ടു പോകുന്നു. സമയം കിട്ടുമ്പോള്‍ ഫിനിഷ് ചെയ്താല്‍ മതി കോട്ടോ.

ഓ.ടോ.: കൊച്ചുത്രേസ്യ ഇല്ലാതെ ഒരു പോസ്റ്റ് പോലും പറ്റില്ല എന്നാണോ?

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

’റിജിയണല്‍ ന്യൂസ്’ എന്നെഴുതിയതു കണ്ട് ആക്രാന്തത്തോടെ ’ഒറിജിനല്‍ ചോയ്‍സ്’ എന്നു വായിച്ച...

C.I.DEVASSIKUTTY എന്നതിനെ
CID VASSUKUTTY എന്നു വായിച്ചതോര്‍ത്തു പോയി..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓസീയാറപ്പാ, നന്നാവൂല്ലല്ലേ...

ഓ.ടോ: കൊച്ചുത്രേസ്യയ്ക്ക് വേണ്ടി മാത്രം തുടങ്ങിയ ബ്ലോഗാണോ മഷേ ഇത്?

പ്രയാസി said...

പപ്പൂസ്..

ബൂലോകത്തെ ആദ്യത്തെ പെരുമ്പാമ്പ് മച്ചുവാ..

എല്ലാരെം ഒന്നിച്ചു വിഴുങ്ങുന്നു..

ഞാന്‍ ചിലപ്പോള്‍ ഒരു കൊലപാതകം ചെയ്യുമോന്നു സംശയം..:)

അഡ്രസ് തരൂ.. അങ്ങനെ ചോദിച്ചാല്‍ മച്ചു തരില്ല..

ഒരു ഫുള്‍ ഓസി ആറുമായി ഞാന്‍ വരും.. രഹ്സ്യമായി തന്നാ മതി..യേത്..

യു ആര്‍ ഗ്രേറ്റ്..!സൂപ്പര്‍ വിവരണം..

മന്‍സുര്‍ said...

അപ്പൂസേ...

തലകെട്ട്‌ കണ്ടപ്പോല്‍ തന്നെ ഒരു ഓടയായി
ഇനിയെന്ത്‌ വാള്‌ വെക്കാന്‍

തലകെട്ട്‌ പോരെ..എന്തിനധികം സ്നേഹിതാ

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

കൃഷ്‌ | krish said...

ഓസീയാറും കൊച്ചുത്രേസ്യയുമില്ലാതെ പോസ്റ്റാന്‍ പറ്റൂല്ലേ..പപ്പൂസെ. ഇനിയെങ്കിലും പോക്കറ്റില്‍ കൈയിടുമ്പോള്‍ സൂക്ഷിക്കണേ.. വൈഡ് ഓപ്പനാണോന്ന്, ആകെ ചളമായില്ലേ.
:)

പൈങ്ങോടന്‍ said...

യെന്തൂണ്ട്‌റായിത്? സത്യം പറ..ആ ഓസീയാറു കമ്പനിക്കാരു നെനക്ക് എത്ര കാശ് തരണ്ണ്ട്‌റാ?
അടുത്ത പോസ്റ്റില്‍ ബ്രാന്‍ഡ് മാറ്റീല്ലെങ്കില്‍ അടിദാസാ!!!

കമന്റിയപ്പോള്‍ അറിയാതെ സ്വന്തം പേരു വെളിപ്പെടുത്തിപ്പോയ അനോണിയെപ്പോലെ എന്റെ മുഖം ആകെയങ്ങു വളിഞ്ഞു.
ഹ ഹ ഹ..ഗുമ്മെടാ..ഗുമ്മ്..
എന്റെ വക ഒരു പെഗ് അല്ല, ഒരു കുപ്പി ഓസീയാര്‍ നെനക്ക്

കൊച്ചുത്രേസ്യ said...

അതു ശരി ഈ ടൈപ്പാണല്ലേ..എന്നാലും എന്റെ ബാംഗ്ലൂര്‍ പുരാണം വെച്ചു തന്നെ വഴീക്കൂടെ പോകുന്ന പോകുന്ന പെമ്പിള്ളേരെ ലൈനടിക്കാണമായിരുന്നോ.. :-)

ഇതും കലക്കി..കിടിലന്‍ പ്രയോഗങ്ങള്‍..അഫിനന്ദനംസ്‌..

പപ്പൂസ് said...

ശ്രീയേ, മിന്നാമിനുങ്ങേ... സംസാരം വഴി തെറ്റി ഒടുക്കം അവളു ചെരിപ്പൂരിയ കഥ ഞാന്‍ പറയണമെങ്കിലേ, ഓസീയാറില്‍ വെള്ളംകളി നാലഞ്ചെണ്ണം കഴിയണം. :)

വാല്‍മീകീ, കാലിക്കൊടം വച്ചിട്ട് സമയം കിട്ടുമ്പോ ഫിനിഷ് ചെയ്യാനോ... കളി പപ്പൂസിനോടാ?
ഓ.ടോ: കൊച്ചുത്രേസ്യയോടുള്ള എന്റെ രഹസ്യ ആരാധന പരസ്യമാക്കിയത് പൊറുക്കാനാവാത്ത കൃത്യമാണ്. ശിക്ഷയായി, എന്റെ അടുത്ത കഥയിലെ ദുഷ്ടകഥാപാത്രമായി താങ്കളെ കാസ്റ്റ് ചെയ്തിരിക്കുന്നു. :)

ജിഹേഷേ, ഞാനതോര്‍ക്കുന്നില്ല. രണ്ടെണ്ണം വീശീട്ട് ഒന്നൂടി ഓര്‍ത്തു നോക്കാം... :)

പ്രിയ പ്രിയേ, ഇത്രക്കു വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന സ്ഥിതിക്ക് അടുത്ത പോസ്റ്റില്‍ ’കൊച്ചുത്രേസ്യ’ എന്ന് പപ്പൂസ് തികച്ചെഴുതുന്നതായിരിക്കില്ല.

പ്രയാസ്യേയ്, പാതകമൊരുപാടു ചെയ്തതല്ലേ... കൊല കൂടി വേണോ? ഓസീയാര്‍ ജങ്ക്ഷനില്‍ വന്ന് ആരോടൂ ചോദിച്ചലും പറയും പപ്പൂസിന്റെ ബാറ്... സോറി, വീട്... ആ ഫുള്ള് ഞാനങ്ങ് ഏറ്റെടുത്തു, യേത്... :)

മന്‍സൂറണ്ണാ, ഓസീയാറടിച്ച് തലകെട്ടിരിക്കുവാ... വാളു വരാന്‍ പപ്പൂസൊന്നു മുങ്ങണം... :)

കൃഷേ... ഓസീയാറില്ലാതെ പപ്പൂസിന് പോസ്റ്റാന്‍ പോയിട്ട് പിസ്സാന്‍ പോലും പറ്റത്തില്ല... നേരത്തെ പറഞ്ഞ പോലെ, കൊച്ചുത്രേസ്യയെ ഞാന്‍ വിട്ടു... :) സമാധാനമായാ?

പൈങ്ങോടരേ, കാശൊന്നും തരണ്ടാ, ഫ്രീയായിട്ട് രണ്ട് ലാര്‍ജെങ്കിലും തന്നിരുന്നേല്.... ഹോ... എന്തായാലും ആ കര്‍മ്മം പൈങ്ങോടരായിട്ട് ഏറ്റെടുത്തല്ലോ... വെളിവു വന്നാലും മറക്കില്ല പപ്പൂസീ സ്നേഹം! :)

കൊച്ചേ, വഴീക്കൂടി പോകുന്ന പെമ്പിള്ളാരോ... ച്ചായ് ച്ചായ്... നെവര്‍ നെവര്‍... പപ്പൂസാ ടൈപ്പേ അല്ല. അവള്‍ സ്കൂള്‍ ഗ്രൌണ്ടിലായിരുന്നെന്നു പറഞ്ഞില്ലേ... കൊച്ചെന്നെ തെറ്റിദ്ധരിക്കരുതേ... :)

ഗോപന്‍ said...

പപ്പൂസേ..
ഇതു കലക്കി.. പക്ഷെ പാതിയില്‍ നിര്‍ത്തി കളഞ്ഞതെന്തേ..ഓസിയാര്‍ സീരീസ് തുടരട്ടെ..
പിന്നെ നായികമാര്‍.. ആരെ വേണേലും കാസ്റ്റു ചെയ്യുക..ഇയാളെ പിടിച്ചു നായികയാക്കാത്ത ആരെയും.. :-)
സ്നേഹത്തോടെ
ഗോപന്‍

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

മിസ്റ്റര് പപ്പൂസ്, ഞാന് പണ്ടെങ്ങോ വായിച്ച കാര്യം താനെങ്ങനെ ഓര്ക്കും?...:)

ഇടിവാള്‍ said...

പപ്പൂസേ, സംഭവം ശരിക്കും ചിരിപ്പിച്ചു!

ഓസീയാറിന്റെ ഫാനാണോ?

അല്ലാ ഈ എഴുത്തിന്റെ ശൈലി എവിടെയോ കേട്ട് മറന്നപോലേ ;) യ്യേത്?

എന്തായാലും സര്‍ക്കസ്സുകള്‍ തുടരൂ ...

നിരക്ഷരന്‍ said...

ഓസീഞ്ചം - കേട്ടപ്പോ പോയി ഒന്ന് വിട്ട് ഓസീഞ്ചമൊന്ന് അനുഭവിച്ചാലോന്ന് തോന്നിപ്പോയി.

പപ്പൂസ് said...

ഗോപാ, നന്ദി നന്ദി... പിന്നെ നായികേടെ കാര്യത്തില്‍ പപ്പൂസിനു മുന്‍പിന്‍ നോട്ടമില്ല. ആരെക്കിട്ടിയാലും ഓകേ... :)

മിസ്റ്റര്‍ ജിഹേഷ്, അങ്ങനെ പറ.... ഇനി ഞാനൊന്നൂടി ഓര്‍ത്തു നോക്കട്ടെ. ;)

ഇടിവാളണ്ണാ, അതെ ഫാന്‍ തന്നെ. ഓസീയാറടിച്ചു നട്ടം തിരിയലാണ് തൊഴില്‍. പിന്നെ ശൈലിക്കാര്യത്തില്‍ പലരും സംശയം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതു കാരണം പപ്പൂസ് അടുത്ത പോസ്റ്റില്‍ ശൈലി വ്യക്തമാക്കാന്‍ തീരുമാനിച്ചു. യ്യേത്? :)

നിരക്ഷരാ, ഓസീഞ്ചം ഇതു വരെ അനുഭവിച്ചില്ലേ, മോശം... സമയം കിട്ടുമ്പോ എന്നെ ഒന്നു വന്നു കാണൂ... :)

വിന്‍സ് said...

കലക്കന്‍ മോനെ ദിനേശാ‍ാ....... സിനിമയിലൊക്കെ നായകന്മാരെ കാണിക്കുന്ന സ്റ്റൈലില്‍ ആയിരുന്നു പപ്പൂസിന്റെ വരവ്.... സൂപ്പര്‍ എഴുത്ത്. ബ്ലോഗില്‍ അന്യം നിന്നു കൊണ്ടിരിക്കുന്ന.... ബ്രിജ് വിഹാരത്തില്‍ മാത്രം ഇപ്പോള്‍ കാണുന്ന വിധത്തില്‍ ഉള്ള ശൈലി.