Friday, January 4, 2008

വടകരപുരാണം

ഒരഞ്ചാറു കുട്ടിക്കഥയും കെട്ടിച്ചമച്ച്, കോമഡിയുടെ രണ്ട് ഗുണ്ടും പൊട്ടിച്ച്, ഈ ബൂലോഗം വഴി ഭൂമിമലയാളത്തെയാകപ്പാടെ കോരിത്തരിപ്പിക്കും വിധം സാഹിത്യനവോത്ഥാനത്തിന്റെ പുത്തന്‍ മാറ്റൊലികള്‍ സൃഷ്ടിക്കാനുള്ള അത്യാഗ്രഹമായൊന്നുമല്ല സുഹൃത്തുക്കളേ ഞാന്‍ ബ്ലോഗര്‍ തുറന്നൊരു അക്കൌണ്ട് എടുത്തത്. ഇവിടുത്തെ ഈ സ്നേഹവും സന്തോഷവും മര്യാദയും ചിരിയും പുഞ്ചിരിയും കുതികാല്‍വെട്ടും അടിയും പിടിയും വെട്ടുകിളിപ്പിടുത്തവും അല്പത്തരങ്ങളും ആസ്വദിക്കാനും, സമയം കിട്ടുമ്പോ ആര്‍ക്കെങ്കിലും രണ്ടു കൊട്ടൊക്കെ കൊടുക്കാനും വേണ്ടി, ആര്‍ക്കും വന്ന് ഗോളടിക്കാന്‍ പാകത്തില്‍ ഒരു കമന്റുപെട്ടിയും തുറന്ന് വന്നതാണു ഞാന്‍!

"അപ്പോ പരിചയപ്പെടുത്തലായി, കുഴപ്പമില്ലല്ലോ കുഞ്ഞച്ചാ?"

മുകളിലെ പാരഗ്രാഫ് എഴുതിത്തീര്‍ത്ത്, ഒരു ദീര്‍ഘനിശ്വാസവും വിട്ട് ഞാന്‍ കുഞ്ഞച്ചനോടു ചോദിച്ചു. സിഗരറ്റ് ആഞ്ഞൊന്നു വലിച്ച്, അല്പാല്പമായി പുകവളയങ്ങള്‍ പുറത്തേക്കു വിട്ടു കൊണ്ട് കുഞ്ഞച്ചന്‍ ഒന്നു മൂളി.

"ങും..."

നാട്ടില്‍ എനിക്കു പരിചയമുള്ള ഏക ബുദ്ധിജീവിയാണ് കുഞ്ഞച്ചന്‍. ബുദ്ധിയുള്ള മറ്റു ജീവികളെപ്പോലെ കുഞ്ഞച്ചനും വളരെക്കുറച്ചേ സംസാരിക്കൂ. എങ്കിലും പ്രവൃത്തികള്‍ ഏതൊരു ബുദ്ധിജീവിയെക്കാളും ഉഗ്രമായിത്തന്നെ അങ്ങോര്‍ ചെയ്തു പോന്നു.

അയല്‍ക്കാരി വിലാസിനിച്ചേച്ചിയെ കണ്ണിറുക്കിക്കാണിച്ചതിനാണ് ആദ്യമായി കുഞ്ഞച്ചനെ നാട്ടാര്‍ പിടിക്കുന്നത്. പിടിച്ച നാട്ടാരോടു മുഴുവന്‍ കണ്ണിറുക്കിക്കാണിച്ച്, തനിക്ക് ഞരമ്പിന്റെ അസുഖമാണെന്നും, കണ്ണിലേക്കു പോകുന്ന ’മെഡുല കണ്ണോംഗ്ലേറ്റ’ എന്ന ഞരമ്പ് അല്പം ഇറുകിയാണിരിക്കുന്നതെന്നും, അതു വലിയുമ്പോഴെല്ലാം തന്റെ കണ്ണിങ്ങനെ ഇറുകി-തുറന്ന്, ഇറുകി-തുറന്ന് കളിക്കുമെന്നുമെല്ലാം അതിവിനയത്തോടെ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ തല്ലാന്‍ പിടിച്ച നാട്ടാര്‍ വിളിച്ചോണ്ടു പോയി പൊറോട്ടയും പഞ്ചസാരയും വാങ്ങിക്കൊടുത്തു എന്നത് കുഞ്ഞച്ചന്റെ ബുദ്ധിജീവിതത്തിലെ എളിയ ഒരു ഏടു മാത്രം.

എങ്കിലും ആ സംഭവത്തോടെ കുഞ്ഞച്ചന്‍ എന്റെ ആരാധനാപാത്രമായി മാറി. ഇത്രയും വലിയ ബുദ്ധി ഉപയോഗിച്ച് നാട്ടാരുടെ തല്ലു കൊള്ളാതെ രക്ഷപ്പെട്ട കുഞ്ഞച്ചനെ ബുദ്ധിജീവി എന്നു വിളിച്ചില്ലെങ്കില്‍ മറ്റാരെയും അങ്ങനെ വിളിക്കാന്‍ പറ്റില്ലെന്ന് എനിക്കു മനസ്സിലായി. അങ്ങനെയുള്ള കുഞ്ഞച്ചനെ കണ്‍സള്‍ട്ട് ചെയ്യാതെ ബ്ലോഗ് തുടങ്ങുകയോ, അപരാധം.... ഞാന്‍ കുഞ്ഞച്ചനെ വിളിച്ചു.

"കുഞ്ഞച്ചാ, ഞാനും ബ്ലോഗ് തുടങ്ങാന്‍ പോണു."

അല്പം ലഹരിയിലായിരുന്ന കുഞ്ഞച്ചന്‍ കൊച്ചുചിരിയോടെ എന്നെ നോക്കി, ഒന്നു കണ്ണിറുക്കി.

"കള്ളാ... ങും... ശരി, തുടങ്ങുമ്പോ വടക്കേലെ ശകുന്തളേടെ അടുത്തൂന്നെന്നെ തൊടങ്ങണം..."

"ശകുന്തളേടട്ത്തോ?"

എന്റെ അല്‍ഭുതം കണ്ടപ്പോള്‍ കുഞ്ഞച്ചന് സംശയമായി.

"അല്ല, എന്തൂട്ട് തൊടങ്ങണംന്നാ നീ പറഞ്ഞത്?"

കുഞ്ഞച്ചന്‍ സംശയത്തോടെ എന്നോടു ചോദിച്ചു. ബ്ലോഗെന്ന് ഞാന്‍ വീണ്ടും പറഞ്ഞപ്പോള്‍ അങ്ങോരൊന്നു ചിരിച്ചു.

"ഞാന്‍ വിശാരിച്ച് നിനക്കു മലയാളത്തില്‍ ചിലതൊക്കെ ചോദിക്കാന്‍ മടിയായതോണ്ട് ഇംഗ്ലീഷീ പറഞ്ഞതായിരിക്കും എന്ന്"

ഞാന്‍ കുഞ്ഞച്ചനെ വിളിച്ചിരുത്തി എന്റെ ബ്ലോഗിനെപ്പറ്റിയുള്ള സ്വപ്നങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. ആദ്യത്തെ പോസ്റ്റ് ഗംഭീരമാക്കാന്‍ പറ്റിയ ഒരു ടോപിക് തരാന്‍ അങ്ങേരുടെ ബുദ്ധി ഒന്നുപയോഗിക്കാന്‍ ഒരപേക്ഷയും നല്കി. ചിലവിലേക്കായി ഒരു പാക്കറ്റ് സിഗരറ്റും (പൊതുവേ ബീഡി മാത്രം വലിക്കുന്ന ആ ദരിദ്രവാസി എന്റെ ദയനീയാവസ്ഥ ചൂഷണം ചെയ്തു) വാങ്ങിച്ചു കൊടുത്തപ്പോള്‍ അയ്യാളുടെ മുഖം തെളിഞ്ഞു.

അഞ്ചു സിഗരറ്റു പുകച്ചു തീര്‍ക്കുന്നതിനിടെ അങ്ങേരൊരു ലിസ്റ്റു തയ്യാറാക്കി എനിക്കു കൈമാറി.

"ഇതിലേതെങ്കിലുമൊരു ടോപ്പിക്കെടുത്തു കാച്ചിക്കോ"

ഞാനതെടുത്തൊന്നു വായിച്ചു നോക്കി. മെര്‍ക്കിന്‍സ്‍സ്‍സ്...ശ്‍സ്‍..റ്റ് (സോറി, ഇംഗ്ലീഷു മീഡിയം പഠിച്ചതു കാരണമാ, ഏതായാലും അത്) മുതല്‍ പാക്കിസ്താന്‍ വരെയുള്ള ഒരാഗോള ലിസ്റ്റ്. പാതി വെന്ത പനങ്കഞ്ഞി തിന്നതു പോലെ ഓരോ വാക്കിലും കിടന്ന് എന്റെ നാക്കങ്ങനെ ഒട്ടിയൊട്ടി കളിച്ചു. ഹരിമുരളീരവം പാടുന്ന മോഹന്‍ലാലിന്റെ മുന്നിലെ മഞ്ജു വാര്യരെന്ന പോലെ ഞാന്‍ കുഞ്ഞച്ചന്റെ മുന്നില്‍ ചൂളി നിന്നു, ദയനീയമായി അങ്ങോരെ നോക്കി.

"പറ്റില്ലല്ലേ?"

അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കിക്കൊണ്ട് കുഞ്ഞച്ചന്‍ ചോദിച്ചു. ഞാന്‍ തല ഇടത്തോട്ടൂം വലത്തോട്ടും കുലുക്കി.

"എന്തെഴുതിയാലും കാമ്പ് വേണമെന്ന് പണ്ട് മയക്കോവ്‍സ്‍ക്കി പറഞ്ഞിട്ടുണ്ട്" ഞാന്‍ പറഞ്ഞു.

"അതേതു വിസ്കി? മയക്കുന്ന വിസ്കി ഒരുപാടു ഞാനും കഴിച്ചിട്ടുണ്ട് മാഷേ"

കുഞ്ഞച്ചന്റെ മറുപടി കേട്ട് എനിക്കു ദേഷ്യം വന്നു. എന്റെ രൂക്ഷമായ നോട്ടം കണ്ട് കാര്യം പിടി കിട്ടിയില്ലെങ്കിലും കുഞ്ഞച്ചന്‍ ഒന്നടങ്ങി. കൃഷ്ണന്‍നായരെ പണ്ട് നാട്ടാര്‍ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് ഞാന്‍ മനസ്സിലോര്‍ത്തു.

"അതു പോട്ടെ," കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നീ ഏതൊക്കെ ബ്ലോഗ് വായിക്കാറുണ്ട്? അതിനനുസരിച്ചു നമുക്കു തീരുമാനിക്കാം"

ഗൌരവത്തോടെ കുഞ്ഞച്ചന്‍ എന്നോടു ചോദിച്ചു.

"ഏതാണ്ടെല്ലാം. ഒരൊന്നൊന്നര മാസമായി ഞാനിതെല്ലാം വായിക്കാന്‍ തുടങ്ങിയിട്ട്."

"ശരി, ഞാന്‍ കുറച്ചു ബ്ലോഗ്ഗേര്‍സിന്റെ പേരു പറയാം. നിന്റെ അഭിപ്രായം പറ."

"ഓ. കെ." ഞാന്‍ സമ്മതിച്ചു.

"കുറുമാന്‍?"

"നീട്ടം കൂടുതലാ..."

"അങ്ങോരുടെ താടീടെ കാര്യമല്ല ഞാന്‍ ചോദിച്ചത്."

"താടിയുമതേ, പോസ്റ്റുമതേ..."

കുഞ്ഞച്ചന്‍ താടിക്കു കൈ കൊടുത്തു.

"ബെര്‍ളി തോമസ്?"

"ബാറില് ഫേമസ്"

"ഇടിവാള്‍?"

"എട് വാള്‍....!!!"

"ബ്രിജ് വിഹാരം?"

"നോ വികാരം"

"കേരള ഹ ഹ ഹ?"

"വെറും ബ ബ്ബ ബ്ബ"

"ഇ എ ജബ്ബാര്‍?"

"അതേതു ബാര്‍?"

"ഇഞ്ചിപ്പെണ്ണ്?"

"ഞാന്‍ പെണ്ണൂങ്ങളെക്കുറിച്ച് കമന്റ് പറയാറില്ല, കമന്റടിക്കാറേയുള്ളു"

"കൊച്ചുത്രേസ്യ?"

"ഒരു ബ്ലഡ് ടെസ്റ്റു കഴിഞ്ഞ കുട്ടിയാ. അതിവണ്ണം ബഹുനാക്ക്. ബാംഗ്ലൂരാണത്രേ താമസം. കണ്ണൂരാ വീട്, അവിടടുത്ത് ഞാന്‍ കുറച്ച് സ്ഥലം വാങ്ങി വച്ചിട്ടുണ്ട്. ആലപ്പുഴക്കടുത്ത് ഒരു കായലിനും ഹൌസ് ബോട്ടിനും വിലപറഞ്ഞിട്ടു...."

"മതി മതി," കുഞ്ഞച്ചന്‍ എന്റെ വായ പൊത്തിപ്പിടിച്ചു.

"വാല്‍മീകി?"

"രവിശാസ്ത്രി - എന്നു വച്ചാല്‍, കളി കുറവാണെങ്കിലും കമന്ററിയില്‍ കേമന്‍"

"പേര് പേരക്ക?"

"തിന്നാന്‍ കൊള്ളത്തില്ല?"

"ങും... അറ്റ്‍ലീസ്റ്റ് എം കെ ഹരികുമാര്‍?"

"അയ്യോ, എന്റെ പേര് പപ്പൂസ്, നാട് മുംബൈ, ഭാര്യയും രണ്ട് കുട്ടികളുമായി ദില്ലിയില്‍ താമസം, അഡ്രസ്സ് കേരള ഹൌസ്, ഫിഫ്‍റ്റി സ്റ്റൈല്‍ കോളനി, അ.ജാ സ്ട്രീറ്റ്. ഫോട്ടോ നാളെത്തന്നെയിടാം. ആഴ്ചയിലൊരിക്കല്‍ സിനിമക്കു പോകും, എന്നും കലാകൌമുദി വായിക്കും..... പിന്നെ...."

ഞാന്‍ ഭയഭക്തിബഹുമാനങ്ങളോടെ തുടര്‍ന്നു.

"ആ കോളം പിന്നേം പിന്നേം പിന്നേം പിന്നേം വായിക്കും"

"ശരി... വിശാലമനസ്കന്‍?"

"അങ്ങനൊരാളുണ്ടോ?"

എനിക്കദ്‍ഭുതമായി. കുഞ്ഞച്ചന്റെ ചുണ്ടില്‍ ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നു.

"ങാ... ഒരാളുണ്ടായിരുന്നു. നമ്മുടെ പയ്യനാ. ഇപ്പോ ഫുള്‍ ടൈം തണ്ണിയടിച്ച്, അരേലെ മുണ്ട് തലേലിട്ട് നടക്ക്ണ കാരണം ആളെക്കണ്ടാല്‍ മനസ്സിലാവില്ല."

ഒന്നാലോചിച്ച ശേഷം കുഞ്ഞച്ചന്‍ തുടര്‍ന്നു.

"നീ ഒരു കാര്യം ചെയ്യ്, നിന്റെ ബ്ലോഗിനും ആദ്യത്തെ പോസ്റ്റിനും വടകരപുരാണം എന്നു പേരിട്"

"അതിനു വടകരയെപ്പറ്റി എനിക്കൊരു ചുക്കുമറിയില്ലല്ലോ"

"അതു സാരമില്ലെടേയ്, പേപ്പറില്‍ കാണുന്നതൊക്കെയങ്ങു പകര്‍ത്തിയാല്‍ മതി. പേരു കണ്ടാല്‍ത്തന്നെ ആളു വരും. പിന്നെ, ഒരു കാര്യം, ശുദ്ധമായ ഭാഷ ഉപയോഗിക്കരുത്. അതിനൊന്നും ബ്ലോഗിലൊരു വെയ്‍റ്റില്ല. വല്ല കൊണ്ടോട്ടി സ്റ്റൈലിലോ മറ്റോ വച്ചങ്ങു കാച്ചണം."

എന്നു വച്ചാല്‍?" എനിക്കു മനസ്സിലായില്ല.

"ഉദാഹരണത്തിന്, വടകരയില്‍ ഒരാന നാലു കുട്ടികളെ കുത്തി വീഴ്‍ത്തി എന്നു പേപ്പറില്‍ കണ്ടാല്‍ ഉടനെ ഇങ്ങനെ വച്ചു കാച്ചിക്കോണം - മീനാക്ഷി ഓടി വന്നു പറഞ്ഞു. ’വടാരേല് ഇത്തറ വല്യോരാന നാല് കുട്ട്യാളെ കുത്ത്യങ്ങാട്ട് വീഴ്‍ത്തി’. അതു കണ്ട അന്തപ്പേട്ടന്‍ കള്ളു ഷാപ്പിന്റെ ഉള്ളിലിരുന്ന് കുടിച്ചതെല്ലാം വാളായിപ്പോരും വിധത്തില്‍ നെഞ്ചത്തൊരഞ്ചാറിടിയിടിച്ച് വെല്ലു വിളിച്ചു, ’ആ പിഞ്ചങ്ങളെ കുത്താണ്ട് ധൈര്യണ്ടേല്‍ ഇങ്ങട്ട് വാടാ ആനേന്റെ മോനേ. മന്‍ഷ്യന്‍ കള്ളു കുടിക്കായ്‍പ്പോയ്, ഇല്ലാച്ചാല് കാണിച്ചു തരാമായിര്‍ന്ന്...’ -
ഇത്രേം എഴുതിയാ, കുറഞ്ഞ പക്ഷം ഒരു 43 കമന്റെങ്കിലും കിട്ടുംഡാ..."

"ഹോ... ഈ കുഞ്ഞച്ചനെന്തൊരു ബുദ്ധിയാ"

അങ്ങനെ കുഞ്ഞച്ചന്റെ നിര്‍ദ്ദേശപ്രകാരം ഞാനിതാ സുഹൃത്തുക്കളേ തുടങ്ങുകയായി, എന്റെ വടകരപുരാണം. ആശീര്‍വദിക്കുക. ബൂലോഗത്തെ എല്ലാവര്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍!

22 comments:

പപ്പൂസ് said...

അങ്ങനെ കുഞ്ഞച്ചന്റെ നിര്‍ദ്ദേശപ്രകാരം ഞാനിതാ സുഹൃത്തുക്കളേ തുടങ്ങുകയായി, എന്റെ വടകരപുരാണം.

Anonymous said...

Machan, just saw ur blog. All the best.

പൈങ്ങോടന്‍ said...

ഡാ ഗെഡ്യേ പപ്പൂ ...വടകരപുരാണം കേമായിണ്ട്രാ..നീ ധൈര്യായിട്ടങ്ക്ട് എഴ്‌ത്..ബാക്ക്യൊക്കെ നമ്മുക്ക് വര്‌ണോടത്തെച്ച് കാണാടാ

പപ്പൂസ് said...

nandi paingodan. Inthentha aalu varathathu? Chintha.com il kaanunnumilla. sahaayikoo... :(

യാരിദ്‌|~|Yarid said...

തള്ളേ നീ പുലിയാ‍ണല്ല്.. കണ്ടതു പോലൊന്നുമല്ലല്ലൊ പയല്‍..എന്തെരെപ്പി അറച്ച് നിക്കണതു.. ച്ചുമ്മാ ചറപാന്നെഴുതു..ഇടക്കു പോയി ഒരു ബോഞ്ചിയൊക്കെ കൂടിച്ചു വരണം കെട്ടാ....

Satheesh said...

ഗംഭീരന്‍ തുടക്കം തന്നെ! !

ആഷ | Asha said...

എന്റെ ബ്ലോഗ് ലിസ്റ്റ് ചെയ്യണില്ലേയെന്നു അഗ്രിഗേറ്ററില്‍ ലിസ്റ്റു ചെയ്തതു കണ്ടാണിവിടെ എത്തിയത്.

ഈ പോസ്റ്റ് വായിച്ചപ്പോ ഒരു കാര്യം മനസ്സിലായി പപ്പൂസ് നല്ലൊരു ബ്ലോഗ് വായനക്കാരനായിരുന്നെന്ന്. :)

അപ്പോ പോരട്ടേ പോസ്റ്റുകള്‍ ഓരോന്നായി.

ദിലീപ് വിശ്വനാഥ് said...

ആഹാ.. ഈ പുരാണം കൊള്ളാല്ലോ... പോരട്ടങ്ങിനെ പോരട്ടെ.

മനോജ് കുമാർ വട്ടക്കാട്ട് said...

അപ്പോള്‍ പപ്പൂസ് വടകരക്കാരനല്ലേ?

(ഞാനൊരു വടകരക്കാരനായതുകൊണ്ട് ചുമ്മാ ചോദിച്ചെന്നെയുള്ളൂ:)

കൊച്ചുത്രേസ്യ said...

പരിചയപ്പെടുത്തല്‍ കലക്കി.കഴിഞ്ഞ കുറേമാസങ്ങളായി ബ്ലോഗില്‍ ഗവേഷണം നടത്തുകയായിരുന്നു അല്ലേ..അപ്പോ ഇനി കുഞ്ഞച്ചനും പപ്പൂസും കൂടി തുടങ്ങിയാട്ടേ..എല്ലാ ആശംസകളും..

പപ്പൂസ് said...

ങാഹാ... പുലികളെല്ലാരും ഉണ്ടല്ലോ. ഇനി ആ മാമൂലങ്ങു നടത്തി കളയാം, ഏത്, പേരെടുത്തു പറഞ്ഞിട്ടുള്ള ആ നന്ദി പറച്ചിലേ... :)

പൈങ്ങോടന്‍, ഇന്ഗ്ലീഷില്‍ ഒന്നു പറഞ്ഞതാ, എന്നാലും ചെലവില്ലല്ല്, ഇന്ന പിടിച്ചോ, ഫ്രീ ആയിട്ടൊരു അഞ്ചാറു താങ്ക്സ്! :)

വഴി പോക്കന്‍, നന്ദി ട്ടാ, ഇനി ചറപറാന്നു വരാന്‍ തുടങ്ങുമ്പോ നിര്‍ത്താന്‍ പറയില്ലല്ലോ. ബോഞ്ചി നിര്‍ത്തി, ഒസീയാറാ ;)

Satheesh :: സതീഷ്, താങ്ക് യൂ..

ആഷ | asha, ഹാവൂ പരാതി കേട്ടാല്‍ വന്നു നോക്കാന്‍ ഒരു ബൂലോഗ പോലീസ് ഇല്ലല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുകയായിരുന്നു. താങ്കള്‍ ഓടി വന്നല്ലോ. നന്ദി :)

വാല്‍മീകി, നന്ദി, വരും, ഒടുക്കം നിര്‍ത്താന്‍ പറയരുത് :)

പടിപ്പുര, ഹേയ് ഞാനിന്നു വരെ വടകര കണ്ടിട്ടേയില്ല. നന്ദി :)

കൊച്ചുത്രേസ്യ, ഹൊ താങ്കള്‍ വന്നല്ലോ, അടുത്ത പോസ്റ്റ് താങ്കള്‍ക്കു സമര്‍പ്പിക്കുന്നു. :)

ഇടിവാള്‍ said...

കൊള്ളാം മച്ചാനേ ;)

കുഞ്ഞച്ചന്റെ ഞരമ്പു രോഗവും, വടക്കേലെ ശകുന്തളയുടെ അടുത്തൂന്നുള്ള ബ്ലോഗിങ്ങും ശരിക്കും ചിരിപ്പിച്ചു ;)

ആശംസകള്‍

എട് വാള്‍.
എടുത്തൂന്ന്‌ ;0

asdfasdf asfdasdf said...

കൊള്ളാം ഗെഡ്യെ(ഇനി ഇത് ആണോ പെണ്ണോ ? ) .. പോരട്ടെ പുരാണങ്ങള്‍ ..

krish | കൃഷ് said...

കൊള്ളാം പപ്പൂസ്, പുരാണം തുടരട്ടെ.
:)

പപ്പൂസ് said...

KM, അത് ശരി, ഇവിടെ വര്‍ഗ്ഗപ്രശ്നം ഉണ്ടല്ലേ, ഞാന്‍ ഭൂരിപക്ഷത്തിന്റെ കൂടെയാ. ;)

കൃഷ്‌ | കൃഷ്‌, നന്ദി, ഇതാ, ഇപ്പോത്തന്നെ തുടരും... ;)

ഏറനാടന്‍ said...

വെലക്കം വെലക്കം വടകരപുരാണക്കാരന്‍ പപ്പൂസേ..
ഞമ്മളൊന്നുല്ലേലും ഒരേ ജില്ലക്കാരാണല്ലോ..
തൊടക്കം മോശായില്ല, എന്നാലോ സുലൈമാനിന്റെ ഒപ്പം കാജാബീഡീ ആഞ്ഞുവലിച്ച സൊഖണ്ടേനും..

അല്ല ചെക്കാ/ഏട്ടാ ഇജ്ജ് ബൂലോഗത്തുള്ള പഴേ പുലി പുത്യേ തോലില്‍ ഇറങ്ങിയതാണോ? അല്ല ഒരു സംശയാണേയ്... :)

സുല്‍ |Sul said...

പപ്പൂസ് സ്വാ‍ഗതം മച്ചാ. അങ്ങ്ട് പൂശാ തൊടങ്ങല്ലേ.

-സുല്‍

പപ്പൂസ് said...

നന്ദി നന്ദി ഏറനാടാ, അതെങ്ങനെ കണ്ടു പിടിച്ചു, തന്നെ തന്നെ, ഞാനൊരു പഴേ പുലി തന്നെ. പേരു പറയൂല. വേണേ ക്ലൂ തരാം. വീട് വടകരേല്, ജോലി തൊടുപുഴേല്, ഡെയിലി പോയി വരും... ;)

സുല്ലേ, നന്ദി, അപ്പൊ തൊടങ്ങാം... :)

പപ്പൂസ് said...

അയ്യോ.. ഇടിവാളണ്ണന് നന്ദി പറഞ്ഞില്ല... നന്ദി മച്ചാന്‍, വിട്ടു പോയത് കാരണം ഒരു രണ്ടു നന്ദി ഇനി കാണുമ്പോ തരാം... വാളെടുത്തതൊക്കെ കൊള്ളാം, വീശല്ലേ... :)

കുറുമാന്‍ said...

പപ്പൂസേ ഗലക്കീട്ടാ.....

എന്റെ താടിവടിപ്പിക്കല്ലേട്ടാ....

അടുത്തത് വായിക്കട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെന്തൂട്ടാ മാഷേ, ആകെ ബഹളം കണ്ട കേറിനൊക്ക്യെ.കൊള്ളല്ലോ

ഇടയ്ക്കിടെ വരാം ട്ടാ മൊട്ടത്തലയാ

പപ്പൂസ് said...

കുറുമാന്‍ജീ, നന്ദി... താടി ഇല്ലെങ്കില്‍... അയ്യോ, ആലോചിക്കാന്‍ വയ്യ, അത് ഞാന്‍ ചെയ്യില്ല :)

പ്രിയാ, നന്ദി... പിന്നെ മൊട്ടത്തല എന്നത് ഫാക്റ്റ് ആണെങ്കിലും ദുരുദ്ദേശ്യത്തോടെ വിളിച്ചാല്‍ കേസ് കൊടുക്കാന്‍ വകുപ്പുണ്ട്‌ ട്ടാ... ഓര്‍മ്മിച്ചോളൂ.. :)