Wednesday, November 12, 2008

വലിയെടാ വലി...



കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടെ പതിനേഴു തവണ. ഇപ്പോഴിതാ, പതിനെട്ടാം തവണയും. എല്ലാം ഫ്ലോപ്പ്!

പുകവലി തുടങ്ങിയ കാലത്ത് കിങ്സും സ്മാളും (ഗോള്‍ഡ് ഫ്ലേക്ക്) വലിക്കുന്നവന്മാരെ നോക്കി വലിയ ജാഡയില്‍ പറയുമായിരുന്നു, "വലിക്കുന്നേല്‍ വില്‍സ് വലിക്കണം. അതു വലിക്കണേല്‍ ഇത്തിരി വില്‍പവറ് വേണമെടോ വില്‍പവറ്." പക്ഷേ, ഇപ്പോ പിടി കിട്ടി. തുടങ്ങുന്ന മാതിരിയല്ല, ഇതു നിര്‍ത്താന്‍ ഒരുമാതിരിപ്പെട്ട വില്‍പവറൊന്നും പോരാ!

കുറച്ചു പുറകിലോട്ടു പോയാല്‍...

പ്രീഡിഗ്രീ ഒന്നാംവര്‍ഷം. ഞങ്ങള്‍ കുറച്ചു പുരോഗമന ചിന്തകരായിരുന്നു. നിലവിലെ വിദ്യാഭ്യാസവ്യവസ്ഥിതിയുമായി ഒട്ടും യോജിപ്പില്ലാത്തവര്‍. ഊര്‍ജ്ജസ്വലമായ യൌവനം ആരൊക്കെയോ കുറിച്ചു വച്ച അക്ഷരങ്ങളിലും പുസ്തകങ്ങളിലും അടയിരുന്ന് വിദ്യാഭ്യാസം മുക്കിയും മുള്ളിയും തീര്‍ക്കാന്‍ ഒട്ടും ഉദ്ദേശ്യമില്ലാതിരുന്നവര്‍. നാലു ചുവരുകള്‍ക്കുള്ളില്‍ മുഴങ്ങുന്ന വിചക്ഷണന്‍റെ മൊഴികള്‍ക്ക് മറുവാക്കു തേടി ഞങ്ങള്‍ ക്ലാസ്സുമുറികള്‍ക്കു പുറത്തേക്കു ചുവടുകള്‍ വച്ചു. ക്ലാസ്സുകള്‍ ബഹിഷ്കരിച്ച് മൈതാനത്തിന്‍റെ വിശാലതയില്‍ ജീവിതപഠനം തുടങ്ങി.

ആയിടെ, ഒരു ദിവസം...

പോക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് സിഗരറ്റെടുത്ത് സനല്‍ ഞങ്ങള്‍ക്കു നേരെ കാണിച്ചു.

"ചവക്കാനും ഇറക്കാനും ചുണ്ടിനിടയിലും നാക്കിനടിയിലും വക്കാനുമെല്ലാം പുകയില വിശേഷപ്പെട്ടതാണെന്ന് നമ്മള്‍ നേരത്തേ പഠിച്ചല്ലോ. ഇനി, ഇതിന്‍റെ പേര് അന്വര്‍ത്ഥമാക്കുന്ന ഉപയോഗത്തിലേക്ക് പ്രവേശിക്കാന്‍ നമുക്ക് സമയമായി..."

സനല്‍ ഒരു സിഗരറ്റ് ചുണ്ടത്ത് വച്ച് കത്തിച്ചു. പതുക്കെ ആസ്വദിച്ച് ഒരു കവിള്‍ പുക വലിച്ചെടുത്തു. ആദ്യം വായിലൂടെ അല്പം പുക പുറത്തേക്ക്, പിന്നെ മൂക്കിലൂടെ അല്പം... ഒരു സെക്കന്‍റ് നേരത്തെ ബ്രേക്ക്. ശേഷം ചുണ്ടുകള്‍ക്കിടയിലൂടെ കുഞ്ഞു കുഞ്ഞു വളയങ്ങളായി പുക വായുവിലേക്ക്...

കെട്ടിക്കുടുക്കുകളില്‍ നിന്ന് സ്വതന്ത്രമാവുന്ന ഒരു ചങ്ങലയുടെ കണ്ണികളെന്ന പോലെ, മേഘപടലം പോലെ പുകവലയങ്ങള്‍ ആകാശത്തേക്ക് ഒഴുകി. വായുവില്‍ നൃത്തം ചെയ്ത്, കാറ്റിന്‍റെ ആത്മാവെന്ന പോലെ അകലേക്കകലേക്ക്...

എല്ലാവരും കണ്ണെടുക്കാതെ ആ കാഴ്ച നോക്കി നില്‍ക്കുകയാണ്. സനല്‍ പാക്കറ്റ് നീട്ടിപ്പിടിച്ചു.

"പുകയിലയുടെ ഏറ്റവും മഹത്തരമായ ഉപയോഗം, ചവക്കാതെ, വിഴുങ്ങാതെ, ഒരു കടലാസില്‍ ചുരുട്ടിയെടുത്ത് കത്തിച്ച് വലിക്കുക. പരീക്ഷിച്ചു നോക്കണമെന്നുള്ളവര്‍ക്ക് ആകാം."

"ഹോ, അവന്‍റെയൊരു ജാഡ. നമ്മളാരും വില്‍സ് കണ്ടിട്ടില്ലാത്ത പോലെ..."

കുഞ്ഞച്ചന്‍ പാക്കറ്റ് തട്ടിപ്പറിച്ച് അതില്‍ നിന്നും ഒരെണ്ണമെടുത്ത് കത്തിച്ചു. എല്ലാവരും സാകൂതം നോക്കി. കുഞ്ഞച്ചന്‍ വലിക്കുന്നത് മുമ്പെങ്ങും കണ്ടിട്ടില്ല. നമ്മളറിയാതെ വല്ല കമ്പനിയിലും ശീലം കാണുമായിരിക്കും. പരിചയസമ്പന്നനെപ്പോലെ സിഗരറ്റ് ഇടത്തേ ചിറിയില്‍ പറ്റിച്ച് വച്ച് കുഞ്ഞച്ചന്‍ തീ കൊളുത്തി. കത്തിച്ച് ആഞ്ഞു വലിച്ചു.

"ഗ്‍മ്‍സ്...ഫ്‍ഗ്...ഹ്‍...!!!"

വികൃതമായ ഒരു ശബ്ദം. പുറകെ പഞ്ചദ്വാരങ്ങളെയും പുകച്ച് തീപ്പിടിച്ചു കൊണ്ട് ആദ്യം കേറ്റിയ പുക പുറത്തേക്ക്. മൂന്നു സെക്കന്‍റുകള്‍ക്കുള്ളില്‍ ചുമച്ചു ചുമച്ച് കുഞ്ഞച്ചന്‍ മൈതാനത്ത് കമിഴ്‍ന്നു, പിന്നെ മലര്‍ന്നു. ഉച്ചി മുതല്‍ നട്ടെല്ല് വഴി ഉപ്പൂറ്റി വരെ, മേലാസകലം എരിയുന്നുണ്ട്. ഏതു ഭാഗം മുതല്‍ തിരുമ്മിത്തുടങ്ങണമെന്ന് യാതൊരു പിടിയുമില്ലാതെ പുകയുന്ന ബോഡി നിലത്തിട്ടുരുട്ടുകയാണ് പാവം.

"ഹ ഹ ഹ... ആ പാക്കറ്റിങ്ങു താടാ."

കൃഷ്ണമണി മലച്ച്, കണ്ണു നിറഞ്ഞ്, മൂക്കു ചുകന്ന്, മുട്ടുകാല് മടക്കി വച്ച്, മുതുകത്ത് കയ്യിട്ടുഴിയുന്ന കുഞ്ഞച്ചന്‍റെ കവിളില്‍ ഞാന്‍ തലോടി. ആ മുഖത്ത് അല്പം ജാള്യം കൂടെ തേച്ചു പിടിപ്പിച്ചു.

"പയ്യന്‍സ്, അരിയുക, മനശ്ശിലാക്കുക, പരയന്‍റാ" ഫുള്‍ ബാസില്‍ ഇത്രയും പറഞ്ഞ് സനല്‍ കണ്ണിറുക്കി.

"പൊ... പൊകയണ ബീഡി... ശ്ശെ, ബോഡീല്... കാന്താരി പുരട്ടാതെഡേയ്."

കുഞ്ഞച്ചന്‍ കിതച്ചു. ഞാന്‍ പാക്കറ്റില്‍ നിന്ന് ഒരെണ്ണമെടുത്ത് കൂളായി കത്തിച്ചു. വലിച്ചു. മൂക്കിലൂടെയും വായിലൂടെയും പുക പറത്തി പറത്തി വിട്ടു. ചിരിച്ചു.

"നിനക്കിതു ശീലമുണ്ടോടാ?"

കുഞ്ഞച്ചന്‍ അദ്ഭുതപരതതന്ത്രനായി. ഞാന്‍ കണ്ണിറുക്കി. സനല്‍ പൊട്ടിച്ചിരിച്ചു.

"ഇങ്ങനാണോഡേയ് വലിക്കുന്നത്?"

സനലിന്‍റെ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു. വായിലൂടെയും മൂക്കിലൂടെയും ഇപ്പോളും പുക പോയിക്കൊണ്ടിരിക്കുന്നുണ്ട്. എന്താ എന്‍റെ വലിക്ക് കുഴപ്പം?

"എടോ, പുക അകത്തേക്കെടുക്കണം, ദാ കണ്ടോ."

സനല്‍ ഒരു പുക വലിച്ചെടുത്ത ശേഷം വാ തുറന്നു. വായ് നിറയെ പുക. മെല്ലെ മെല്ലെ അതലിഞ്ഞു കാണാതെയായി. ഇത്തവണ ഞങ്ങള്‍ ശരിക്കും ഞെട്ടി.

പതിയെ തൊണ്ട വഴി പുക വീണ്ടും പുറത്തേക്ക്. ഞങ്ങള്‍ വീണ്ടും ഞെട്ടി. സനലിനോടുള്ള എന്‍റെ ദേഷ്യം ആരാധനക്കു വഴിമാറി. ഇതദ്ഭുതം തന്നെ! ശ്രീകൃഷ്ണന്‍റെ വായിലെ ഭൂഗോളം കണ്ട് യശോധാമ്മ അന്തിച്ചു നിന്നതു പോലെ, സനലിന്‍റെ വായിലൂടെ പുക ചീളു ചീളായി വരുന്നതു കണ്ട് കറന്‍റടിച്ച പോലെ നില്‍ക്കുകയാണെല്ലാരും.

"മനസ്സിലായോ?"

സനല്‍ കണ്ണു തുറന്നു നോക്കുമ്പോള്‍ എല്ലാവരും വാ പൊളിച്ചു നില്‍ക്കുന്നു. അബു മാത്രം (ആള്‍ക്ക് ഈ വക പരിപാടികളിലൊന്നും താല്പര്യമില്ല) സിഗരറ്റ് പാക്കിലേക്ക് നോക്കി ഏതാണ്ടാലോചിക്കുകയാണ്.

"എന്താടാ?"

എല്ലാവരെയും മലത്തിയടിച്ച ഗൂഢാനന്ദത്തില്‍, ഇനിയും വല്ല സംശയവുമുണ്ടോ എന്ന ഭാവത്തില്‍ സനല്‍ അബുവിനെ നോക്കി.

"ഞാനാലോചിക്കുകയായിരുന്നു. ഈ പാക്കറ്റിനു പുറത്തെഴുതിയതു കണ്ടോ?"

അബു പാക്കറ്റ് തിരിച്ചും മറിച്ചും നോക്കി.

" W D & H O Wills. ന്നു പറഞ്ഞാല് എന്തേത്താ?"

"അതോ... അത്...."

സനല്‍ ഒന്നിടത്തോട്ടു തിരിഞ്ഞു, ഒന്നു വലത്തോട്ടു തിരിഞ്ഞു, പുകയൊന്നാഞ്ഞു വലിച്ചു.

"അത്... അതാണ്... വൈഫ്, ഡോട്ടര്‍... ആന്‍ഡ്... ആന്‍ഡ്... ഹസ്ബന്‍ഡ് ഓഫ് വില്‍സ്..."

* * * * * * * * * * * * * * * * * * * * * * * *

നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍. സനല്‍ ഐടി പ്രൊഫഷണലായി, കുഞ്ഞച്ചന്‍ വക്കീലായി, അബു ബിസ്സിനസ്സുകാരനായി. ഞാന്‍ ബ്ലോഗറുമായി. W D & H O Wills എന്താണെന്ന് ഞങ്ങളിതിനിടെ വായിച്ചറിഞ്ഞു. തിരക്കു കൂടിക്കൂടി ജീവിതം ജീവിതമല്ലാതായി. കക്കൂസെന്ന കുടുസ്സുമുറിക്കകത്താണ് ചിന്തകള്‍ ഏറ്റവും സ്വതന്ത്രമായി പാറിപ്പറക്കുന്നത്. അവിടെപ്പോലും ഇരുന്നു ചിന്തിക്കാന്‍ സമയമില്ലാത്തത്ര ബോറന്‍ ജീവിതം.

പഴയതു പോലെ ഒന്നു രണ്ടെണ്ണം വീശി കുന്നിന്‍പുറത്ത് കാറ്റു കൊണ്ടിരിക്കാന്‍ ഞങ്ങള്‍ക്കെല്ലാം മോഹം. കെട്ടുപാടുകളില്‍ നിന്നും അവധി വിലക്കു വാങ്ങി ഒരു നാള്‍ ഞങ്ങള്‍ ഒത്തുകൂടി.

കാവിന്‍റെ പുറകിലെ ഊടുവഴിയിലൂടെ അബു മുമ്പില്‍ നടന്നു. കുപ്പി എന്‍റെ കയ്യിലാണ് (വിട്ടു കൊടുക്കില്ലാ!!) കൂടെ വെള്ളവും നേന്ത്രക്കുലയുമൊക്കെ താങ്ങി കുഞ്ഞച്ചനും സനലും.

"വേഗം നടക്കെടാ."

അബു പറന്നു കേറുകയാണ്. സനല്‍ കിതക്കുന്നുണ്ട്. കുപ്പി കയ്യിലുണ്ടെന്ന എനര്‍ജി മാത്രമാണ് എന്നെ പിടിച്ചു വലിക്കുന്നത്. കുഞ്ഞച്ചന്‍ ഇടക്കിടെ നിന്ന് ഊരക്ക് കൈ വച്ച് അമര്‍ത്തുന്നു, വയറു പൊത്തിപ്പിടിക്കുന്നു.

പണ്ടൊക്കെ ഓണക്കാലത്ത് പുല്ലു പോലെ വലിഞ്ഞു കയറി തുമ്പപ്പൂവും വേലിപ്പൂവും പറിച്ചു കൊണ്ടു വന്നിരുന്നത് ഈ കുന്നിന്‍പുറത്തു നിന്നായിരുന്നല്ലോ എന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസം തോന്നി. എത്ര അനായാസമായിരുന്നു, അന്ന് കല്ലും പുല്ലും ചാടിക്കയറി, നെല്ലിമരത്തില്‍ കേറി കുലുക്കി, പാറപ്പുറത്ത് കേറി തല കുത്തി മറിഞ്ഞ്... ഓര്‍മ്മകളേ, ഈ വിയര്‍പ്പൊപ്പൊയെടുത്ത് എന്‍റെ കൈ പിടിച്ചൊന്നു മുകളിലേക്ക് കയറ്റൂ. ഞാന്‍ തളരുന്നു.

ആത്മാവിനു ഞാന്‍ കൊടുത്ത ഓരോ പുകക്കും നന്ദി പ്രകടിപ്പിച്ചു കൊണ്ട് പത്തിരട്ടി താളത്തില്‍ കൊട്ടിപ്പാടുന്ന ഹൃദയപ്പെരുമ്പറ.

പാറപ്പുറത്ത് മലര്‍ന്നു കിടന്ന് ആകാശം നോക്കി. ഇളം നീല നിറത്തിനുള്ളില്‍ തത്തിക്കളിക്കുന്ന വെള്ളിമേഘങ്ങളെ തേടിയ എന്‍റെ കണ്ണുകളിലേക്ക് ഇരുട്ട് മെല്ലെ കറങ്ങിയെത്തുന്നു. വെള്ളം... വെള്ളം...

"വലിച്ചു വലിച്ച് ചെക്കന്‍റെ ലങ്സ് പുറത്തെത്തി."

അബു ഒരു ഗ്ലാസ്സില്‍ ഓസീയാറൊഴിച്ച്, ഇത്തിരി തെളിവെള്ളം ചേര്‍ത്ത് എന്‍റെ കയ്യില്‍ തന്നു. ഒരു വലിക്കത് അടിച്ചു തീര്‍ത്തപ്പോളാണ് നീര്‍ന്നു നില്‍ക്കാനുള്ള ത്രാണി കിട്ടിയത്.

"നമ്മുടെ മാനുവല്‍ ചേട്ടന്‍റെ സ്ഥിതിയെന്താടാ?"

ഞങ്ങളുടെ പഴയ ഹീറോയായ മാനുവല്‍ ചേട്ടനെപ്പറ്റി ഞാന്‍ അബുവിനോട് ചോദിച്ചു. പ്ലാവിഞ്ചോട്ടിലോ ബസ്റ്റോപ്പിലോ പുഴക്കരയിലോ കള്ളുഷാപ്പിലോ, എവിടെയാണെങ്കിലും വിരലുകള്‍ക്കിടയില്‍ ബീഡി തിരുകിപ്പിടിച്ച് പുകവളയങ്ങള്‍ കൊണ്ട് അന്തരീക്ഷത്തില്‍ വട്ടവും ഹൃദയവും ചുണ്ടും വരച്ചു കാണിക്കാറുള്ള, ഞങ്ങളുടെ പഴയ മാനുവല്‍ ചേട്ടന്‍.

"പേര് മാത്രമേ ഇപ്പോ മാനുവല്‍ ആയിട്ടുള്ളു. സിസ്റ്റം മൊത്തം ഓട്ടോമേറ്റഡാ."

ഒരു പുക കത്തിച്ചു കൊണ്ട് കുഞ്ഞച്ചനാണ് മറുപടി പറഞ്ഞത്.

ഒരു ട്യൂബിലൂടെ ഗ്ലൂക്കോസ് അകത്തു കയറുന്നു, മറ്റൊരു ട്യൂബിലൂടെ മൂത്രമായി പുറത്തു വരുന്നു. ഇടയിലുള്ള പണിയൊക്കെ വലിയ കുഴപ്പമില്ലാതെ ബോഡി തന്നത്താന്‍ ചെയ്തോളും."

കുഞ്ഞച്ചന്‍ പൂര്‍ത്തിയാക്കി.

"ഹാര്‍ട്ടിന് വല്ലതുമുണ്ടോടാ?"

"ഒരു അറ്റാക്ക് ഇനിഷ്യേറ്റ് ചെയ്യാനുള്ള പവറ് ആ ബോഡിക്കുണ്ടായിരുന്നേല്‍ അങ്ങനെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയേനെ, പാവം."

സനലാണ് മറുപടി പറഞ്ഞത്.

"നമുക്കൊന്നു പോയിക്കാണണ്ടേടാ?"

* * * * * * * ** * * * * ** * * * * ** * * *

വെള്ള ബെഡ്ഷീറ്റ് വിരിച്ച കട്ടിലില്‍ മലര്‍ന്നു കിടക്കുകയാണ് മാനുവല്‍ ചേട്ടന്‍. തല തിരിച്ച്, ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ശരീരത്തിലെ ഓരോ ദ്വാരത്തിലേക്കും നീളുന്ന വെളുത്ത കുഴലുകള്‍. ശ്വസിക്കാന്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. വലിവിന്‍റെ ശബ്ദം പുറത്തേക്കു കേള്‍ക്കാം.

വിശ്വസിക്കാന്‍ കഴിഞ്ഞില്ല, എനിക്ക്. പഴയ ഓര്‍മ്മകള്‍....

പുഴയില്‍ കുളിക്കാനിറങ്ങുന്നതിന് തൊട്ടു മുമ്പ്, ബീഡിയിലെ അവസാനത്തെ പുക ആഞ്ഞു വലിച്ച് മാനുവലേട്ടന്‍ മുങ്ങാംകുഴിയിടും. വെള്ളത്തില്‍ പലയിടത്തായി പരന്ന് ’ഗുളു ഗുളു’ ശബ്ദത്തില്‍ പൊങ്ങുന്ന കുമിളകളുടെ പ്രതലം വികസിച്ചു പൊട്ടി, നേര്‍ത്ത വെളുത്ത പുക മുകളിലേക്കുയരും. പുഴ നിന്നു കത്തിത്തിളക്കുന്നതു പോലെ. ഇത്തിരി ദൂരെപ്പോയി പൊങ്ങിയ ശേഷം മാനുവല്‍ ചേട്ടന്‍ ഉള്ളില്‍ ബാക്കി സൂക്ഷിച്ച പുക നീട്ടിയൂതും. പൊങ്ങിപ്പറക്കുന്ന പുകക്കിടയിലൂടെ, മഞ്ഞപ്പല്ലുകള്‍ കാണിച്ച് അദ്ദേഹം പൊട്ടിച്ചിരിക്കും...

ഇപ്പോള്‍ ഈ കിടക്കയില്‍, ഒന്നു മലരാനോ തിരിയാനോ കഴിയാതെ, പ്ലാസ്റ്റിക്ക് ട്യൂബുകളാല്‍ ചുറ്റി വരിയപ്പെട്ട്.

പെട്ടിയില്‍ അടുക്കി വച്ചിട്ടുള്ള മരുന്നുകളില്‍ മരണം മണക്കുന്നു. ഹോ! നില്‍ക്കാന്‍ കഴിയുന്നില്ല. ഞാന്‍ തിരിച്ചു നടന്നു.

കുഞ്ഞച്ചന്‍റെ വീട്ടിലാണ് ഡിന്നര്‍. നടക്കുന്ന വഴിയേ ഞങ്ങള്‍ക്ക് അധികമൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. വീട്ടുമുറ്റത്ത് കുഞ്ഞച്ചന്‍റെ മകനും പെങ്ങളുടെ മകളും എന്തൊക്കെയോ വീരസ്യങ്ങള്‍ പറഞ്ഞു കളിക്കുന്നു. കുസൃതിയോടെ ഞാനവന്‍റെ കവിളില്‍ നുള്ളി. അവന്‍ ശ്രദ്ധിക്കുന്നില്ല. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ലോകത്തു ചെന്ന്, ഒരു നിമിഷം കുഞ്ഞായി ജീവിക്കാനുള്ള പ്രേരണയില്‍ ഞാനവരോടൊപ്പം നിന്നു.

"എന്‍റെ പപ്പാ കാര്‍ ഡ്രൈവ് ചെയ്യും."

കുഞ്ഞച്ചന്‍റെ മകന്‍ കൈകള്‍ കൊണ്ട് സ്റ്റിയറിങ് തിരിക്കുന്നതായി ആംഗ്യം കാണിച്ചു.

"മൈ പപ്പാ ഓള്‍സോ ഡ്രൈവ്സ്..."

അവളും വിടുന്നില്ല.

"ങും... മൈ പപ്പാ... മൈ പപ്പാ... ങാ, എന്‍റെ പപ്പാ സിഗരറ്റ് സ്മോക്‍ ചെയ്യുമല്ലോ..."

അവന്‍ വിരലുകള്‍ ചുണ്ടത്തു വച്ചു. ഞാന്‍ പകച്ചു. കൊച്ചു പെണ്‍കുട്ടി ഒരു നിമിഷം ചിന്തിച്ചു.
"മൈ പപ്പാ ഓള്‍സോ... ങൂഹും... എന്‍റെ പപ്പാ സ്മോക് ചെയ്യില്ല. ബട്ട്... ബട്ട്... ഹീ വില്‍ സ്മോക്. ഞാന്‍ ഉടനെ പറയും പപ്പായോട് സ്മോക്കിങ് തുടങ്ങാന്‍. കണ്ടോ..."

16 comments:

പപ്പൂസ് said...

ഇനിയെങ്കിലും ഒന്നു പറയൂ. ഇതു നിര്ത്താന് എന്തു ചെയ്യണം...! :-(

തോന്ന്യാസി said...

ആശാനേ ഞാനും ഇതെങ്ങനെ നിര്‍ത്തണമെന്നാലോചിച്ച് ടെന്‍ഷനടിച്ച് പുകവലിച്ചോണ്ടിരിക്കുകയാ........

പ്രിയ said...

:) ഇന്നലെ ഒരു ചോദ്യം വന്നു " പുകവലിയും വെള്ളമടിയും ദുശ്ശീലമാണോ " എന്ന്. മലയാളിക്കെങ്കിലും ഇതു ദുശ്ശീലമല്ലെന്നൊരു കമന്റ്. വെറും ശീലം മാത്രം.പിന്നെ നിര്‍ത്തുന്നതെന്തിനെന്നു :p

വേറൊന്നും ചെയ്തില്ലേലും ഇപ്പൊ ഇതൊന്നു ഫോര്‍വേഡ് ചെയ്തിട്ട് തന്നെ കാര്യം :D

സന്തോഷ്‌ കോറോത്ത് said...

:( :(
ഉള്ളില്‍ തട്ടിയ എഴുത്ത് ..
പോസ്റ്റ് വായിച്ച ശേഷം മനസാ നന്ദി - സിഗരറ്റ് വലിച്ചു നോക്കണം എന്ന് വിചാരിച്ചു കയ്യിലെടുത്തപ്പോ അത് തട്ടിപ്പറിച്ചു മേലില്‍ ഇതാവര്‍ത്തിച്ചാല്‍ അടിച്ചു ചെവിക്കല്ല് തിരിച്ചു കളയും എന്ന് പറഞ്ഞ ചെയിന്‍ സ്മോകര്‍ ആയ സുഹൃത്തിനു !

പാമരന്‍ said...

പപ്പൂസെ, എന്‍റെ മോന്‍ വല്യ ആവേശത്തോടെ, ആരാധനയോടെ അച്ഛന്‍റെ മൂക്കീന്നും വായീന്നും പൊകപോകണത്‌ നോക്കി നിക്കാന്‍ തൊടങ്ങിയപ്പോഴാ ഞാന്‍ നിര്ത്ത്യെ. 2004 ജാനുവരി ഒന്നിന്‌ ഒരു നിര്ത്താ നിര്ത്തി, ഇതുവരെ ഒറ്റ പൊക പിന്നെ എടുത്തിട്ടില്യാ..

ഫാര്യേടെ തല്ല്‌ പേടിച്ചിട്ടാന്നൊക്കെ ചെല എമ്പോക്കികള്‌ പറഞ്ഞ്‌ നടക്കണതൊന്നും ഞാന്‍ കേട്ട ഭാവം നടിക്കാറില്ല.

ഉപാസന || Upasana said...

പപ്പൂസ് അറ്റാക്ക് വരുമ്പോ തന്നെ നിന്നോളും
ഡോണ്ട് വറി
:-)
ഉപാസന

:: VM :: said...

ഇന്നേക്ക് 13 ദിവസമായി...ഒരു വിധം പിടിച്ചു ന്‍ഇക്ക്ണൂ!ഹൊ...

ഈ പോസ്റ്റ് വായിച്ചേപ്പോ ഒരെണ്ണം വലിച്ചാലോന്നു തോന്നി..ആദ്യം..

അവസാനഭാഗം വായിച്ചപ്പോള്‍വേണ്ടെന്നുവച്ചു ;)

പുകവലിയുടെ തുടക്കങ്ങള്‍ മിക്കവര്‍ക്കും ഒരുപോലാണല്ലേ?

നരിക്കുന്നൻ said...

"അത്... അതാണ്... വൈഫ്, ഡോട്ടര്‍... ആന്‍ഡ്... ആന്‍ഡ്... ഹസ്ബന്‍ഡ് ഓഫ് വില്‍സ്..."

മനസ്സിൽ തട്ടി ഈ എഴുത്ത്. ചിരിപ്പിച്ച്, ചിന്തിപ്പിച്ച്, ഇടക്ക് മനസ്സിൽ ഒന്ന് കുളത്തി വലിച്ച് വീണ്ടും ചിരിപ്പിച്ച്, പിന്നെ പിന്നെ നല്ലൊരു ചിന്തക്ക വഴിയൊരുക്കി മനോഹരമായ എഴുത്ത്. ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടേ.

ശ്രീവല്ലഭന്‍. said...

പപ്പൂസ്,

പോസ്റ്റ് വളരെ നന്നായി. നിര്‍ത്തണം എന്ന് വിചാരിച്ചാല്‍ നിര്‍ത്താന്‍ പറ്റാത്ത ഒന്നും തന്നെ ഇല്ല. മനോബലം തന്നെ ആണ് അതിന് വേണ്ടത്.
ഇതു വായിച്ചു നോക്കുമല്ലോ. കൂടുതലും ഡോക്ടര്‍മാരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും ചിലപ്പോള്‍ പ്രയോജനപ്പെട്ടേയ്ക്കും, പ്രത്യേകിച്ചും പേജ് 25 മുതല്‍ മുപ്പതു വരെ.

ഇതും നോക്കുമല്ലോ.

കുറ്റ്യാടിക്കാരന്‍|Suhair said...

നിര്‍ത്തരുത്....


ബ്ലോഗിംഗേ...

പ്രയാസി said...

പപ്പൂസെ ഇപ്പൊ കവിതയെഴുതാറില്ലെ..!???..;)

ബഹുവ്രീഹി said...

എന്റെയൊരു കൻസിൻ നോട് ഞാൻ ചോദിച്ചു.

ദെപ്ലാ തൊടങ്ങ്യെ?

കക്ഷി പറഞ്ഞു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു പ്രാവശ്യം നിർത്തീതോർമ്മേണ്ട്. തൊടങ്ങിയതെപ്പഴാന്ന് നല്ല ഓറ്മ്മ തോന്നിൺല്ല്യ!

മഞ്ഞക്കാജ മലന്നു വലിച്ചാൽ... സമയം കിട്ടുമ്പോ ഒന്ന്...


പുൾസ്റ്റോപ്പായാൽ (വലി നിർത്തിയാൽ) എങ്ങനെ സാധിച്ചു എന്ന സൂത്രം പോസ്റ്റിലിടണേ..

ഗുപ്തന്‍ said...

മനഃപൂര്‍വം റിബലാവാന്‍ പണികള്‍ പലതും കാണിച്ചിട്ടുണ്ടെങ്കിലും ഈ ഒരു ഐറ്റത്തോടുമാത്രം ഒരു ഫാസിനേഷന്‍ തോന്നിയിട്ടില്ല. ഈശ്വരാധീനം. പക്ഷെ റിബലാകുന്നതിലെ സുഖംതന്നെ ആണ് ഇതിലെ പ്രധാന പ്രേരണ എന്ന് തോന്നിയിട്ടുണ്ട് --പ്രത്യേകിച്ച് റ്റീനേജില്‍.

നല്ലപോസ്റ്റ് പപ്പൂസേ..ചിന്തയും ചിരിയും സമാസമം :)

Babu Kalyanam said...

"പേര് മാത്രമേ ഇപ്പോ മാനുവല്‍ ആയിട്ടുള്ളു. സിസ്റ്റം മൊത്തം ഓട്ടോമേറ്റഡാ."...
:-)

G.MANU said...

ഓരോന്നായി കുറച്ച് പെര്‍മനെന്റ് വലി വിലക്കാം എന്ന ടെക്നിക് പ്രയോഗിച്ച് വലിക്ക് വേലിയേറ്റം നടത്തിയ അവസ്ഥയിലാണ് ബ്രേക്കിട്ട പോലൊരു തീരുമാനം എടുത്തത്.. വലിക്കാന്‍ തോന്നുമ്പോ ‘മൈ പപ്പാ നെവര്‍ കിസസ് മീ’ എന്ന ഓറല്‍ ക്യാന്‍സര്‍ രോഗിയുടെ മോളുടെ വിലാപ പരസ്യം ഓര്‍ക്കും.. സംഗതി സക്സസ്...

നവരുചിയന്‍ said...

ഞാന്‍ ഇപ്പൊ നിറുത്തിയിട്ടു 4 മാസം ആയി . വേറെ ഒന്നും കൊണ്ടല്ല ... ഉള്ള lungs പകുതിയെ വര്‍ക്ക് ചെയുന്നുള്ള് എന്ന് ഡോക്ടര്‍ പറഞ്ഞു കൂടെ ഇച്ചിരി ആസ്ത്മയും .