ഇതാണ് ഹമ്പിയിലെ പഴയ കൃഷ്ണദേവാലയം. കയറിപ്പോകേണ്ട കവാടം വരെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.
സുല്ത്താന്മാര് സാമാന്യം നന്നായി ഇടിച്ചു നിരപ്പാക്കിപ്പോയ വിജയനഗരം നൂറ്റാണ്ടുകളോളം അവഗണിക്കപ്പെട്ടു കിടന്നു. പിന്നീടുള്ള പുനരുദ്ധാരണങ്ങള്‍ക്കൊന്നും അതിനു പഴയ ജീവന് നല്കാന് കഴിഞ്ഞില്ല. യുനെസ്കോയുടെ World Heritage Sites List ല്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയ ഇരുപത്തേഴെണ്ണത്തില്‍ ഒന്ന് ഹമ്പിയാണ്.
1513ആം ആണ്ടില്‍ ഇന്നത്തെ ഒറീസ്സയിലെ അന്നത്തെ സാമ്രാജ്യമായിരുന്ന ഉദയഗിരി പിടിച്ചടക്കി, അവിടെ നിന്നും താങ്ങിക്കൊണ്ടു വന്ന ഒരു കൃഷ്ണവിഗ്രഹം കുത്തിനിര്‍ത്തി കൃഷ്ണദേവരായര്‍ മുന്‍കയ്യെടുത്ത് കെട്ടിപ്പൊക്കിയതാണ് ഈ ദേവാലയം. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ മാര്‍ക്കറ്റ് ഇതിനു നേരെ എതിര്‍വശത്താണുള്ളത്.
കവാടം കടന്ന് മുന്നോട്ടു നടക്കുമ്പോള്‍ കാണുന്നത് ഒരു വലിയ മണ്ഡപമാണ്. അതിനകത്തു തന്നെയാണ് പ്രധാന ശ്രീകോവില്‍. ഇടത്തും വലത്തുമൊക്കെ കൊച്ചുകൊച്ചു പ്രതിഷ്ഠകള്‍ വേറെയുമുണ്ട്. കുഞ്ഞ്ച്ചന്റെ പരമഭക്തയയ ഭാര്യ പൂജ നടക്കാത്ത അമ്പലമാണെന്നതൊക്കെ മറന്ന് ഭക്തസാന്ദ്രമായി കണ്ണടച്ചാണ് നില്പും നടപ്പും.
"ഇനി വീട്ടീച്ചെന്ന് പടത്തില്‍ കാണുമ്പോ ഇതൊന്നും ഞാന്‍ കണ്ടില്ലേന്ന് ഒച്ച വച്ചേക്കരുത്."
കുഞ്ഞച്ചന്റെ കമന്റ് കേട്ടിരുന്നെങ്കില്‍ ഭക്തരമണി ഭദ്രകാളിയായി മാറിയേനെ. ഭാഗ്യം, കേട്ടില്ല!
ഇടത്തുഭാഗത്ത് കാഴ്ചക്കാരാരും അങ്ങനെ എത്തി നോക്കാത്ത ഒരു മുറി കാണുന്നു. കൗതുകം മൂത്ത് ഞാനും കുഞ്ഞച്ചനും അതിനകത്തു കേറി.
"മോനേ, ഇതാണ് അമ്പലത്തിന്റെ അടുക്കള."
ഞാന്‍ കുഞ്ഞച്ചനെ നോക്കി.
"എനിക്കും തോന്നി, ഒരു വളിച്ച സാമ്പാറിന്റെ മണം. ഇനി പതിനാറാംനൂറ്റാണ്ടിലുണ്ടാക്കിയ സാമ്പാറെങ്ങാന്‍ വല്ല വട്ടീലോ ചെമ്പിലോ കിടപ്പുണ്ടോ അളിയാ?"
കുഞ്ഞച്ചന് സീരിയസ്സായി മുപ്പതു മില്ലിയടിച്ച ഒന്നരക്കാലന് പാപ്പച്ചനെപ്പോലെ കുനിഞ്ഞ് മൂക്കു വിടര്‍ത്തി നടന്നു നടന്ന് സാമ്പാറിന്റെ ഉദ്ഭവസ്ഥാനം കണ്ടെത്തി. ആട്ടുകല്ലു പോലൊരു പഴയ കല്‍ക്കുമ്പിളിനകത്ത് കെട്ടിക്കിടക്കുന്ന വെള്ളം.
"അവസാനം കഴുകീത് പതിനാറാം നൂറ്റാണ്ടിലാണെന്നു തോന്നുന്നു."
ഒരു കമന്റു കൂടി പാസാക്കി കുഞ്ഞച്ചന് വേഗം തിരിച്ചു നടന്നു. പഴയ ഭക്തപ്രജകള്‍ക്ക് പച്ചരിച്ചോറും സാമ്പാറും ചോളവുമൊക്കെ വച്ചു വിളമ്പി വിശ്രമിക്കുന്ന ദേഹണ്ണക്കാരന് തലേക്കെട്ടഴിച്ച് വിയര്‍പ്പാറ്റുന്നതു മനസ്സില്‍ക്കണ്ട് ഞാന്‍ ഒരു മിനിറ്റു കൂടെ നിന്നു, നടന്നു.
ദേവാലയത്തിന്റെ വലതു ഭാഗത്ത് മറ്റൊരു മഹാമണ്ഡപമുണ്ട്. ഇതിനകത്തുള്ള പല തൂണുകളിലായി കൊത്തിവച്ചിരികുന്നത് ദശാവതാരം ആണെന്ന് ഞാന്‍ കുഞ്ഞച്ചനോടു പറഞ്ഞു. എന്തോ കണ്ടുപിടിച്ച പോലെ അവന്റെ മുഖത്തൊരു ബള്‍ബ് തെളിഞ്ഞു.
"അപ്പം ഇതു കണ്ടിട്ടാവും അല്ലേ അളിയാ കമലഹാസന് പടം പിടിച്ചത്!"
എന്റമ്മേ!! ഈ പൂതത്തോട് മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലാക്കി ഞാന്‍ തോറ്റു കൊടുത്തു.
"അതേടാ, ഇതു കണ്ടിട്ടു തന്നെ."
ഞങ്ങള്‍ ദേവാലയത്തെ വലം വച്ച് നടന്നു. ഈ പാറക്കല്ലുകളില്‍ കവിതകള്‍ കൊത്തിയെടുത്ത ശില്പികള് (അവരെയും കവികളെന്നു വിളിക്കാമോ, ചുമ്മാ ;-) വാ പൊളിച്ചു നടക്കുന്ന എന്നെ നോക്കി നാലുപാടും നിന്ന് മന്ദഹസിക്കുന്നു. വിചിത്രമായ വിഭ്രമിപ്പിക്കുന്ന വിഷ്വലുകള്‍ യാത്രകളില്‍ എന്നെ പിടികൂടുന്നത് ആദ്യമല്ല.
ദേവലയത്തിന്റെ പിറകില്‍ മതിലിനു വെളിയിലേക്കു നീളുന്ന ഒരാള്‍ക്കു കഷ്ടി നുഴഞ്ഞു കടക്കാവുന്ന ഒരു വഴിയുണ്ട്. അതിലൂടെ പുറത്തേക്കു നോക്കിയാല്‍ ഇടിച്ചുനിരത്തിയ അവശിഷ്ടങ്ങള്‍ പലയിടത്തായി കൂമ്പാരമിട്ടിരിക്കുന്നതു കാണാം.
പുറത്തേക്കിറങ്ങിയതും ഷൗക്കത്ത് ഞങ്ങളെ വണ്ടിക്കകത്തേക്ക് ആട്ടിപ്പായിച്ചു. അടുത്ത സ്ഥലത്ത് ചിലവാക്കുന്ന നേരത്തിനനുസരിച്ച് ട്രിപ്പിലെ ഐറ്റംസ് ഒന്നൊന്നായി കട്ടു ചെയ്യേണ്ടി വരുമെന്ന് ഒരു വാണിംഗും തന്നു. ഹും! ആവശ്യം നമ്മുടേതായിപ്പോയി, ഇല്ലേല് കാണിച്ചു തരാമായിരുന്നു! :-(
മരണസ്പീഡില്‍ പാഞ്ഞു പോയ പുള്ളി പിന്നെ നിര്‍ത്തിയത് ഒരു ബോര്‍ഡിനു മുമ്പിലാണ്. എന്നിട്ട് വലത്തോട്ടു ചൂണ്ടിക്കാണിച്ച് ’വേണേ നടന്നോ’ എന്നൊരാംഗ്യവും. ഇയാള്‍ എന്തേയിങ്ങനെ ഇറിറ്റേറ്റഡാവുന്നു എന്ന് അദ്ഭുതം തോന്നി. ഇനി പഴേ ജന്മത്തിലെങ്ങാന്‍ ഞാന്‍ കൃഷ്ണദേവരായറും ഇയാള്‍ സുല്‍ത്താനുമൊക്കെ ആയിരുന്നോ എന്തോ!
ഷൗക്കത്ത് ചൂണ്ടിക്കാണിച്ച വഴിയിലൂടെ, ഒരു ഓവുചാല്‍ എടുത്തു ചാടി ഞങ്ങള്‍ നടന്നു. നിങ്ങളില്‍ മിക്കവരും ഈ സംഗതി ചിത്രങ്ങളിലെങ്കിലും കണ്ടു കാണും. 1528ആം ആണ്ടില്‍ പണികഴിച്ച ഉഗ്രനരസിംഹമൂര്‍ത്തിയാണിത്.
ഏതാണ്ട് ഇരുപത്തിരണ്ട് അടി (ആറേമുക്കാല്‍ മീറ്റര്‍) ഉയരത്തില്‍ ഒറ്റക്കല്ലില്‍ പണിത ഈ അതികായപ്രതിമ സൂക്ഷ്മമായ കൊത്തുപണികള്‍ നിറഞ്ഞതാണ്. വായ്ക്കകത്തെ ദംഷ്ട്രകള്‍ വരെ കൃത്യമായ പ്രൊപ്പോഷനില്‍ കൊത്തിയിരിക്കുന്നു. നല്ല ഉണ്ടക്കണ്ണും വിടര്‍ന്ന വായും ദംഷ്ട്രയുമൊക്കെയായി ആദിശേഷന് വിരിച്ച വിരിപ്പില്‍ ചമ്രം പടിഞ്ഞിരിക്കുകയാണ് ചുള്ളന്. വിജയനഗരത്തില്‍ ലഭ്യമായിരുന്ന തരം കല്ലുകള്‍ സൂക്ഷ്മമായ കൊത്തുപണി നടത്താന്‍ കഴിയുന്നതിലും ഹാര്‍ഡ് ആയിരുന്നു. കല്ലുകളുടെ ഈ ദൗര്‍ബല്യത്തെ ശില്പികള് മറി കടന്നത് ശില്പങ്ങളുടെ വലിപ്പത്തില്‍ പ്രകടമായ വര്‍ദ്ധനവു വരുത്തിയിട്ടാണ്.
നരസിംഹന് ചേട്ടന്റെ കൈകളും കാല്പാദവും നെഞ്ചും മാത്രമല്ല തുടയിലിരുന്ന ലക്ഷ്മിയെ വരെ വന്നവര്‍ അടിച്ചുമാറ്റിക്കളഞ്ഞിരുന്നു. (ലക്ഷ്മിയെ ഇപ്പോള്‍ കമലാപുരത്തെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ കേടുപാടുകളോടെ സൂക്ഷിച്ചിട്ടുണ്ട്.)
മനുഷ്യരുമായി റിലേറ്റ് ചെയ്ത് ഈ പ്രതിമയുടെ വലിപ്പം കാണണമെങ്കില്‍ ഇതാ.
(കുഞ്ഞച്ചന് എടുത്ത ഫോട്ടോ)
കര്‍ത്താവിന്റെ കുരിശുരൂപം എടുത്തുമാറ്റി പൂജാമുറിയില്‍ നരസിംഹന്റെ ഈ പടം സ്ഥാപിച്ച് നടുവില്‍ രണ്ടു കുരിശുകളുടെ തോളത്തു കയ്യിട്ടു നില്ക്കുന്ന ഈ വീരശൂരനെ പൂജിക്കാന്‍ വേണ്ടിയാണ് ഇതെടുത്തതെന്ന് കുഞ്ഞച്ചന്റെ പക്ഷം. :-)
തൊട്ടപ്പുറത്തു തന്നെ ഒരു ശിവലിംഗത്തെ ജയിലിലിട്ടു വച്ചിട്ടുണ്ട്.
മൂന്നു മീറ്റര്‍ ഉയരമുള്ള ശിവലിംഗത്തിന്റെ കടക്കല്‍ നിറയെ വെള്ളമാണ്. ഇതു കടഞ്ഞെടുത്തത് കൃഷ്ണദേവരായരുടെ കാലത്ത് ജീവിച്ചിരുന്ന ഒരു നിര്‍ദ്ധനയായ സ്ത്രീയാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
നല്ല തെളിഞ്ഞ വെള്ളമൊഴുകുന്ന ഒരു തോടുണ്ട്, ഈ രണ്ടു പ്രതിമകള്‍ക്കും ഇടയില്‍. അവിടെ നിന്നും കാലൊക്കെ ഒന്നു നന്നായി നനച്ചു തണുപ്പിച്ച് ഞങ്ങള്‍ ഇറങ്ങി. ഷൗക്കത്ത് വണ്ടി മൂളിപ്പറപ്പിച്ചു ചെന്നു നിര്‍ത്തിയത് ഒരു ബോര്‍ഡിന്റെ മുന്നില്‍.
ഞാനും കുഞ്ഞച്ചനും മുഖത്തോടു മുഖം നോക്കി. പതിനാറാം നൂറ്റാണ്ടിലെ ടോയ്ലറ്റ് എങ്ങനെയിരിക്കുമെന്നറിയാനുള്ള ആകാംക്ഷയോടെ കുഞ്ഞച്ചന് പറഞ്ഞു.
"നടക്കാം?"
(തുടരും)
4 comments:
:) ha ha super. baakki poratte.
super narration..!
ആ ഫോട്ടോയില്‍ കാണുന്ന അന്ധന് ആരാണ് ?
നല്ല ചിത്രങ്ങൾ...നല്ല അവതരണം.
നന്ദി
Post a Comment