1. ചരക്കിന്റെ ബ്ലോഗ്
എന്താണ് / ആരാണ് ചരക്ക്?
വിപണികളില്‍ വില്പനക്കു വച്ചിരിക്കുന്ന പലവക സാധനങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് ’ചരക്ക്’ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. പുറമേ, അംഗലാവണ്യം തുളുമ്പുന്ന മദാലസമണികളെ നോക്കി മുഴുവായില്‍ വെള്ളമിറക്കുമ്പോളും ഞങ്ങളൊക്കെ അറിയാതെ പറഞ്ഞു പോവാറുണ്ട്, ’ചരക്കെടാ, ചരക്ക്’ എന്ന്.
മുടിയും താടിയും നരച്ച്, കണ്ണട വച്ച്, മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു വയൊവൃദ്ധനെ ചരക്കെന്നു വിളിക്കാമോ? ചെറുപ്പക്കാരനായിരുന്നെങ്കില്‍ പെണ്ണുങ്ങള്‍ക്കൊരു കൈ ദ്വയാര്‍ത്ഥത്തിലെങ്കിലും പ്രയോഗിക്കാമായിരുന്നു എന്നായിരിക്കും നിങ്ങള്‍ പറഞ്ഞത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പക്ഷേ, വിളിച്ചു പോകും.
ഇലക്ഷന് വിപണിയില്‍ ബി.ജെ.പി വില്പനക്കു വച്ചിരിക്കുന്ന ചരക്കാണ് അദ്വാനിയെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. മലയാളം മീഡിയ സ്ട്രീം ചെയ്തു കാണിക്കുന്ന കുഞ്ഞു വെബ്സൈറ്റുകള്‍ മുതല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന മലയാളമനോരമയില്‍ വരെ ഗൂഗിളിന്റെ ആഡ്സെന്‍സ് എന്ന മണിവാതില്‍ തള്ളിത്തുറന്ന് അദ്വാനി എന്ന പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുടെ പരസ്യം പല വലിപ്പത്തിലും നിറത്തിലും പുഞ്ചിരി തൂകുകയാണ്.
സാമ്പിള്‍സ് ചുവടെ:
ADVആനി (ADVani) എന്നതിന്റെ പരം പൊരുള്‍ ഇപ്പോളല്ലേ പിടി കിട്ടുന്നത്!
ഗൂഗിള്‍ ആഡ്വേഡ്സ്, സൈറ്റ് ഉള്ളടക്കത്തിനൊപ്പം, കൊടുക്കുന്ന തുകയുടെ അളവുതൂക്കം കൂടെ കണക്കു കൂട്ടിയാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ’ഇന്‍ഡ്യ’ എന്ന കീവേഡ് വരുന്ന സൈറ്റുകളിലെല്ലാം ആഡ്വേഡ്സ് വാതില്‍ തള്ളിത്തുറന്ന് എല്‍. കെ. അദ്വാനി ചിരിച്ചു നില്ക്കണമെങ്കില് ’ഇന്‍ഡ്യ’ എന്ന പദത്തിന് അവരെത്ര മാത്രം വിലയിട്ടു കാണുമെന്ന് നമുക്ക് ചുമ്മാ ഇരുന്നൊന്ന് ഊഹിച്ചു ബോധം കെടാം?
മുംബൈ ആക്രമണത്തിന്റെ കുലുക്കത്തില്‍ വിറച്ചു പോയ ഉപരിവര്‍ഗത്തിന്റെ വോട്ടുകള്‍ക്കു വേണ്ടിയുള്ള വലയാണ് ബിജെപി ഇന്റര്‍നെറ്റിലാകെ വീശിയിരിക്കുന്നത്. ഇന്നു വരെ ഒരു വോട്ടര്‍ ഐഡിയോ റേഷന്‍ കാര്‍ഡോ ഉണ്ടാക്കിയിട്ടില്ലാത്ത, ഇലക്ഷന് ദിവസങ്ങളില്‍ അവധിയെടുത്ത് പബ്ബുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഉല്ലാസം തിരഞ്ഞെടുക്കുന്ന ഒരു വിഭാഗം ജനത ഇത്തവണ പോളിങ് ബൂത്തുകളില്‍ വെയിലു കൊണ്ട് ക്യൂ നില്‍ക്കുമെന്ന് നാമെല്ലാം പ്രതീക്ഷിച്ചേ മതിയാവൂ. വെറുതെയല്ലല്ലോ, വിരണ്ടു പോയതു കൊണ്ടല്ലേ? സര്‍ക്കാറിനെക്കൊണ്ട് എന്തെങ്കിലുമൊക്കെ ആവശ്യം നമുക്കുമുണ്ടെന്ന് ഇപ്പോളല്ലേ തിരിച്ചറിഞ്ഞത്!
കൌതുകം മൂത്ത് ഞാന്‍ ആ പരസ്യത്തിലൊന്ന് അമര്‍ത്തി ഞെക്കി നോക്കി. lkadvani.in എന്ന വെബ് വിലാസത്തിലേക്ക് ബ്രൌസര്‍ പാഞ്ഞു. ലോഡാവാന് ഒരുപാടു സമയമെടുത്തു എന്നത് നേര്. ഇന്ത്യയെ റീലോഡ് ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായി കാത്തിരിക്കുന്ന ഇവര്‍ അതിന് എന്തു സമയമെടുത്തേക്കുമെന്ന് വെറുതെ ഒരു കൌതുകമുണരുന്നു.
അദ്വാനിയുടെ സൈറ്റിന് ഒരു സബ്-ഡൊമൈന്‍ ഉണ്ട്. അത് ബ്ലോഗിന്റേതാണ്. ഇന്നു വരെ എട്ട് പോസ്റ്റുകളുണ്ട്. മാര്‍ച്ച് പതിനാറിനാണ് അവസാനത്തെ പോസ്റ്റ്, സ്ത്രീശാക്തീകരണത്തെക്കുറിച്ച്. ബ്ലോഗ് തുടങ്ങിയത് ജനുവരിയില്‍. ഇത്രയും കാലം മിണ്ടാതെയിരുന്ന് പൊടുന്നനെ ഒരു ഡൊമൈന്‍ റെജിസ്റ്റര്‍ ചെയ്ത് ഏപ്രിലാവുമ്പോളേക്ക് പോസ്റ്റുകള്‍ തട്ടിക്കൂട്ടിയ നടപടിയുടെ പൊരുളാലോചിക്കാന്‍ പെരുത്ത ബുദ്ധിയൊന്നും വേണ്ടാ, ഞമ്മന്റെ ഇന്ത്യയില്‍ എലക്ഷന്! ആദ്യ പോസ്റ്റില്‍ തന്നെ അദ്ദേഹം നയം വ്യക്തമാക്കിയിട്ടുണ്ട് - I am excited by the idea of using the Internet as a platform for political communication and, especially, for election campaign.
അദ്വാനിയുടെ കുട്ടിക്കാലവും ജീവിതവുമൊക്കെ വിവരിച്ചിരിക്കുന്നത് ഫസ്റ്റ് പേഴ്സണ്‍ നരേഷനിലാണ്. എഴുതിയത് പുള്ളിയാണോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. തന്റെ ബ്ലോഗെഴുതുന്നത് താന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ വേണ്ടി മോഹന്‍ലാലിന് അതൊരു പായ പേപ്പറിലെഴുതി സ്കാന്‍ ചെയ്ത് പബ്ലിഷേണ്ടി വന്നു. അദ്വാനിക്ക് അതിനൊന്നും സമയം കാണില്ല.
2. കള്ളച്ചിരി
അനുഗ്രഹമാണ് ചിരി. ഒരു മനുഷ്യന് ഏറ്റവും മനോഹരനായി കാണപ്പെടുന്നത് മുഖത്ത് നിറഞ്ഞ ചിരി വിടരുമ്പോളാണ്. ചിരി വിപണനത്തിനു വക്കുമ്പോളോ?
ഇലക്ഷന് സമയത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പ്രൊമോഷന് ടൂള്‍ ഒരു പക്ഷേ ചിരിയായിരിക്കും. കോമഡി പരിപാടികളിലും മറ്റുമെല്ലാം രാഷ്ട്രീയക്കാരനെ അളന്നു കാണിക്കുന്ന കോലാണ് ചിരി. നാടു നീളെ പോസ്റ്ററിലും ബാനറിലും നോട്ടീസുകളിലും തിണ്ടുകളിലും പൊതു കക്കൂസിലും മൂത്രപ്പുരകളിലുമെല്ലാം നാറ്റം പടര്‍ത്തുന്ന ചിരി കണ്ടാല്‍, നമുക്ക് കരച്ചിലാണ് വരിക.
മിക്കവരുടെയും ചിരി ഒറ്റനോട്ടത്തില്‍ തന്നെ കള്ളച്ചിരി (ചിരിക്കാന്‍ വേണ്ടിയുള്ള ചിരി)യാണെന്ന് മനസ്സിലാക്കാന്‍ സൈക്കോളജിയില്‍ ബിരുദമൊന്നും ആവശ്യമില്ല. കെട്ടി വച്ച ചിരിക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന നിഗൂഢതയാണ് കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്നത്. ചിരി പരസ്യമാക്കുന്നതില്‍ ഒരു പക്ഷേ കോണ്ഗ്രസ്സുകാര് തന്നെയാണ് മുന്നില്‍.
പഴയ കാലത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ വല്ലാതെ ചിരിക്കാറില്ലായിരുന്നു. ഇ എം എസ്സിന്റെ ചിരിക്കുന്ന ഫോട്ടോ, നായനാരുടെ ചിരിക്കുന്ന ജീവിതം തുടങ്ങി അപവാദങ്ങള്‍ പലതുമില്ലെന്നല്ല. ഇന്നും തലമുതിര്‍ന്ന നേതാക്കള്‍ കാമ്പെയ്നുകളില്‍ ചിരിക്കുന്നത് കുറവാണ് കണ്ടിട്ടുള്ളത്. വളരുന്ന കുട്ടിനേതാക്കള്‍ എതിരാളികളെ കടത്തി വെട്ടുന്ന സോഷ്യലിസ്റ്റ് ചിരി വരെ പരിശീലിച്ചു കഴിഞ്ഞു.
3. ഞാനും താനുമൊക്കെ?
ഇലക്ഷന് രാഷ്ട്രീയക്കാര്‍ക്ക് പരീക്ഷക്കാലമാണ്. തന്നെ, അല്ലെങ്കില്‍ തന്റെ പ്രസ്ഥാനത്തെ എങ്ങനെ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാം എന്നതിന് തന്ത്രങ്ങള്‍ മെനയാനുള്ള കാലം. ഇലക്ഷനു ശേഷം സ്കൂളടച്ചതു പോലെയാണ് സ്ഥിതി. ഫലം കാത്തിരിക്കുന്നതിന്റെ മുഷിവും ആസ്വാസ്ഥ്യവും ടെന്‍ഷനും. ഫലം വന്നാല്‍ വീണ്തും കാമ്പസ്സ് തുറന്നതു പോലെ. കണക്കു പറഞ്ഞും കളിച്ചും ചിരിച്ചും കയ്യിട്ടു വാരിയും തല്ലു കൂടിയും കസേര വലിച്ചും കിടത്തിയുമെല്ലാം സമയമങ്ങനെ ’ഗുമഗുമാ’ന്ന് നൂറേ നൂറില്‍ പായും.
നമുക്കിതൊക്കെ കണ്ടും വായിച്ചും രസിക്കാമല്ലോ.
ഇലക്ഷന് പ്രചാരണങ്ങള്‍ മൈക്ക് സെറ്റില്‍ നിന്നും ജീപ്പില്‍ നിന്ന് പാറി വീഴുന്ന നോട്ടീസുകളില്‍ നിന്നുമൊക്കെ ഏറെ മുമ്പോട്ടു പോയിരിക്കുന്നു. മദ്യവും മയക്കുമരുന്നും ഗാന്ധിത്തലയുള്ള കറന്‍സികളും വിജയത്തിന്റെ നിര്‍ണ്ണായക പങ്കാളികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ജയിക്കുന്നവന്റെ മടിക്കെട്ടുകള്‍ ലക്ഷങ്ങളില്‍ നിന്ന് കോടികളുടെ കളിസ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അന്നും ഇന്നും എന്നും പോളിങ് ബൂത്തുകളില്‍ മണിക്കൂറുകള്‍ വരി നിന്ന് വിയര്‍പ്പിറ്റിച്ചു കളഞ്ഞ് ജനനായകര്‍ക്ക് വോട്ടു ചെയ്യുന്ന കഴുതകള്‍ ഭാണ്ഡക്കെട്ടുകള്‍ ചുമന്നു കൊണ്ടേയിരിക്കുന്നു.
അനുബന്ധം:
ചരക്കുകള്‍ (Commodities) ലോകത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിപണികളിലേക്കെത്തുന്ന ചരക്കുകളിലെല്ലാം ബ്രാന്‍ഡ് മുദ്ര പതിയുകയും അവ ഉത്പന്നകളായി (Products) ഉടുപ്പു മാറ്റിയെത്തുകയും ചെയ്യുന്നതോടെ ’ചരക്ക്’ എന്ന വാക്ക് നമ്മുടെ ചരക്കു പെണ്മണികള്ക്ക് വേണ്ടി ഉഴിഞ്ഞു വക്കേണ്ടി വരുമോ എന്നതായിരിക്കും പിറക്കാനിരിക്കുന്ന ഉണ്ണിക്കാലങ്ങളെയോര്‍ത്ത് ഞാന്‍ ബാക്കി വക്കുന്ന ആശങ്ക!
9 comments:
അപ്പോ പറഞ്ഞു വന്നത്, രാഷ്ട്രീയക്കാരില്‍ നല്ലവരില്ലെന്നല്ല!
നൂറു ശതമാനം ശരിയാണു..പക്ഷെ ഏതെങ്കിലും ഒരു വിഴിപ്പു ചുമക്കാൻ നമ്മൾ ബാധ്യസ്ഥരല്ലെ??
:) vote cheyyu pappoose
രാഷ്ട്രീയക്കാരില്‍ നല്ലവരുണ്ട്......ഞാന്‍ സ്കൂളിലും കോളേജിലും ഇലക്ഷന് ടൈമില്‍ പിരിഞ്ഞു കിട്ടുന്ന കാശില്‍ കുറച്ചെങ്കിലും കൂട്ടത്തിലുള്ളവര്‍ക്കു കോടുക്കാറുണ്ടായിരുന്നു. അതു പോലെ ആണു മിക്കാ രാഷ്ട്രീയക്കാരും. അവരൊക്കെ നല്ലവരല്ലേ? എന്തു ജോലി ആയാലും കഷ്ടപ്പെട്ടാല്‍ പ്രതിഫലം കിട്ടണം :)
രാഷ്ട്രീയത്തില്‍ നല്ലവര്‍ ഉണ്ട് ഉറങ്ങി ഉന്മാദിച് നടക്കുന്നു... !!
:D
പറ്റിച്ചല്ലോ പപ്പൂസേ...... ഞാന്‍ വിചാരിച്ചൂ....:)
Whatever it is, it is sure that Advani can lead the country better than what is today.
ചരകു നിന്റെ അമ്മ, കള്ളന് നിന്റെ അഛന്
:) ADVanikku vendi kaashu ethra, aaru modakkiyo entho..
Post a Comment