Thursday, April 2, 2009

യുദ്ധക്കളം തീര്‍ത്ത ചക്ക!

"ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്തതായി വല്ലതുമുണ്ടോ?"

സ്വയം ഒരു ചോദ്യം പോസ് ചെയ്യുകയാണ്. ഫിലോസഫി പറഞ്ഞ് ശൂന്യതയിലേക്കെത്തിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ എനിക്ക് ഒഴിച്ചുകൂടാനാവാത്ത പലതുമുണ്ട്. അതിലൊരു പ്രമുഖ സ്ഥാനം ചക്കക്കു വിട്ടുകൊടുക്കുന്നു. കുഞ്ഞുനാള്‍ മുതലിന്നേ വരെ ഒരു ചക്കക്കാലത്തും അത്താഴം മറ്റൊന്നാവുക പതിവില്ല. വള്ളിനിക്കര്‍ പ്രായത്തില്‍ മഴക്കാലത്ത് ചക്കച്ചുള പൊളിച്ചു തിന്നുമ്പോള്‍ കിട്ടുന്ന മുളച്ച കുരുവെടുത്ത് പല നാടന്‍ നായ്‍ക്കളെയും ഉന്നം വച്ചത് നായക്കും കോഴിക്കും കൊള്ളാതെ പറമ്പിന്‍റെ മൂലയില്‍ ചെന്നു വീണു മുളച്ചിരുന്നതു കൊണ്ട് ഇന്നും മുട്ടില്ലാതെ ചക്ക തിന്നു ജീവിക്കാം.

കര്‍ണ്ണാടകയില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് മൂന്നു രൂപക്ക് ചുള ചൂഴ്‍ന്നു വില്‍ക്കുന്നവരുടെ അടുത്തു ചെന്ന് ’ചക്ക ചെന്നാഗിദ്ദിയാ?’ എന്നു ചോദിച്ചാല്‍ അതേ കത്തിയെടുത്ത് ചോദിക്കുന്നവന്‍റെ നാക്കരിയാനും സാദ്ധ്യതയുണ്ട്. ഏതാണ്ടതേ പോലെ ഉച്ചരിക്കുന്ന ഒരു വാക്കിന് ഇവിടെ ഹിജഡ എന്നാണര്‍ത്ഥം.

ഒരു പഴയ ചക്കക്കാലത്തേക്ക്....

കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു ഫെബ്രുവരി മാസം തുടങ്ങിക്കാണണം. നാടു മുഴുവനുള്ള പ്ലാവിന്മേലും കണ്ണു പരതിയാണ് നടപ്പ്. കല്ലെറിഞ്ഞാല്‍ വീഴാനിതു മാങ്ങയല്ലല്ലോ. കണ്ണെറിഞ്ഞു വീഴ്‍ത്തണം, തരം പോലെ എന്നാണ് ആലോചന. ചക്ക തിന്നിട്ട് ഏതാണ്ട് കൊല്ലമൊന്നാവാറായി. കൊതി മൂത്ത് നോട്ടുപുസ്തകത്തിലൊക്കെ ചക്കച്ചുളയുടെ പടം വരെ വരച്ചു വക്കാന്‍ തുടങ്ങിയിരിക്കുന്നു. വളര്‍ന്നു വരുന്ന പ്ലാവിന്‍തയ്യോടൊക്കെ അപാരമായ സ്നേഹം വര്‍ദ്ധിച്ച് തെങ്ങിനിടാന്‍ വച്ച ചാണകവും അഞ്ചാറു കുടം വെള്ളവുമൊക്കെ മൂത്ത പ്ലാവിന്‍റെ ചുവട്ടില്‍ കൊണ്ടൊഴിച്ച് നടക്കുന്ന കാലം. അപ്പോഴാണ് അതു കാഴ്ചയില്‍ പെട്ടത്. താഴേ പറമ്പിലെ പ്ലാവിലെ ഏതാണ്ട് മുകളിലത്തെ ചില്ലയില്‍ ഒരു മൂത്ത ചക്ക.

ആ കൊല്ലത്തെ ആദ്യത്തെ മൂത്ത ചക്ക!

ഏതാണ്ട് പത്തുപന്ത്രണ്ട് മെയിന്‍ ചില്ലകളുള്ള പ്ലാവിന്‍റെ മുകളിലെങ്ങാണ്ടാണിതിന്‍റെ കിടപ്പ്. ഉയരമൊക്കെ കണ്ടാല്‍ ഇച്ചിരി പേടി തോന്നും.

വായില്‍ പടര്‍ന്നൊലിച്ച വെള്ളം തുളുമ്പി ഒഴിഞ്ഞ കുടമൊക്കെ ഏതാണ്ട് നിറയുമെന്ന അവസ്ഥയിലായി. പണ്ടൊക്കെ ചറപറാന്നു പാഞ്ഞു കേറിയിരുന്ന പ്ലാവാണ്. ഇപ്പോ വണ്ണമൊക്കെ വച്ച് പഴയതു പോലെ തൊലി പ്ലാവിലുരച്ചു കളയാനുള്ള ആരോഗ്യവും മാനസികാവസ്ഥയുമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു.

വിട്ടു കൊടുക്കാന്‍ മനസ്സു വരുന്നില്ല. രണ്ടും കല്‍പ്പിച്ച്, മുണ്ടും മുറുക്കിയുടുത്ത്, ടീഷര്‍ട്ടിനു മീതെ കട്ടിയുള്ള രണ്ടു ഷര്‍ട്ടും വലിച്ചു കേറ്റി (നെഞ്ഞത്തെ തൊലിയെങ്കിലും സേഫ് ഗാര്‍ഡ് ചെയ്യണ്ടേ) മെല്ലെ നടന്നു. കവുങ്ങിന്‍തോലു വച്ചു കെട്ടിയ തളപ്പിട്ട് നാലു വരി കയറി. ആദ്യത്തെ ചില്ലയില്‍ പിടിച്ചപ്പോള്‍ തന്നെ ഒരു ശ്വാസതടസ്സം. കഷ്ടപ്പെട്ട് ഒരു ചില്ല കൂടി വലിഞ്ഞു കയറി. മുകളിലേക്കു നോക്കി. ചക്കയിരുന്നു മിന്നുന്നു.

ഏതാണ്ട് സിംഹത്താനെ ഇരതേടാന്‍ പോയ കുറുക്കന്‍റേതു പോലെയായി എന്‍റെ ഭാവം. മുകളിലേക്കു പോകാനൊരു വഴി കാണുന്നില്ല. അടുത്ത ചില്ല കിടക്കുന്നത് രണ്ടാള്‍ പൊക്കത്തിലാണ്. ഒരു ചില്ല കിട്ടിയ ആശ്വാസത്തില്‍ കാലില്‍ക്കിടന്ന തളപ്പൊക്കെ ഊരി താഴോട്ടിടുകയും ചെയ്തു.

വേണ്ട! ഭാഗ്യമുണ്ടെങ്കില്‍ കൊക്കയിട്ട് ചക്ക വീഴ്‍ത്തി ഒരു അമ്പതു കൊല്ലം കൂടി ജീവിക്കണമെന്നുണ്ട്. എങ്ങാന്‍ മോളീന്ന് താഴെപ്പോയാല്‍ ’ചക്കയിടാന്‍ പോയി ചത്തു വീണവന്‍’ എന്ന പേരു വീട്ടുകാരു കേള്‍ക്കേണ്ടി വരും. പതിയെ ഇറങ്ങാന്‍ വേണ്ടി താഴത്തെ ചില്ലയിലേക്ക് കാലു നീട്ടി.

ഈ കൊമ്പ് നേരത്തേതിലും താഴ്‍ന്നു പോയോ? നട കീറുന്ന പോസായിട്ടു പോലും കാല് മറ്റേ ചില്ലയിലേക്കെത്തുന്നില്ല. വെപ്രാളത്തിനിടയില്‍ അവിടവിടെ പുളിയുറുമ്പും പാഞ്ഞു കേറിത്തുടങ്ങി. ഒന്നുരണ്ടെണ്ണം കിട്ടിയ തരത്തിന് കടിക്കുന്നു. കയ്യെടുത്ത് നുള്ളിക്കളയണമെന്ന് തോന്നുന്നുണ്ടെങ്കിലും വിരലൊന്നനക്കാന്‍ പോലും ധൈര്യം കിട്ടുന്നില്ല. കണ്ണിലൂടെ കുറേശ്ശെ വെള്ളം തുളുമ്പിത്തുടങ്ങി (നശിച്ച പൊടി, പൊടി!!).

ഞാന്‍ വളര്‍ന്നതു കൊണ്ടോ, എന്നോടൊപ്പം എന്നേക്കാള്‍ പ്ലാവു വളര്‍ന്നതു കൊണ്ടോ എന്നറിയില്ല, വലിയ പ്ലാവൊക്കെ കാണുമ്പോള്‍ കയ്യും കാലുമൊക്കെ ഒരു വിറയലാണ്. ആരെങ്കിലും വന്ന് ഏണിയിട്ടു തരുന്നതു വരെ ഇറങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ രണ്ടും കല്‍പ്പിച്ച് ചാടാന്‍ തീരുമാനിച്ചു. ഏറിയാലൊരു കൈ, അല്ലെങ്കിലൊരു കാല്! ചാടി! ഭാഗ്യവശാല്‍ രണ്ടു ദിവസം മുടന്തേണ്ടി വന്നതൊഴിച്ചാല്‍ കാര്യമായൊന്നും സംഭവിച്ചില്ല.

മരം കയറാനറിയാവുന്ന ഒരു പങ്കുകച്ചവടക്കാരനു വേണ്ടിയുള്ള അന്വേഷണം ചെന്ന് നിന്നത് കുഞ്ഞച്ചനിലാണ്.

"ങും... ചക്കയുടെ പകുതിയും അമ്പതു രൂപയും."

കുഞ്ഞച്ചന്‍ നയം വ്യക്തമാക്കി. ദ്രോഹീ, കൂലി വരെ ചോദിക്കുന്നു. ഒരു നാലു ചുളക്ക് തീരുമെന്നു കരുതിയ പ്രശ്നമാണ്. പക്ഷേ, കൊതി മനസ്സില്‍ കിടന്ന് ദുര്‍ബുദ്ധി പറഞ്ഞു തരുന്നു.

"അമ്പതെങ്കില്‍ അമ്പത്, ബാ."

കുഞ്ഞച്ചന്‍ അരയും തലയും മുറുക്കി.

"നടക്ക്."

പ്ലാവിന്‍ ചോട്ടില്‍ എത്തി കുഞ്ഞച്ചന്‍ മുകളിലേക്കു നോക്കി. ഞാന്‍ ചക്ക ചൂണ്ടിക്കാണിച്ചു.

"ദോ... അത്..."

കുഞ്ഞച്ചന്‍ ഒരു നിമിഷം ചിന്താധീനനായി മണ്ണിലിരുന്നു. മെല്ലെ എഴുന്നേറ്റ് തിരിച്ചു നടന്നു.

"ഡാ... നീ പോവാണോ?"

"വാസ്വേട്ടനെ കണ്ട് ഒരു എല്‍ ഐ സി പൂരിപ്പിച്ചേച്ച് വരാം. ചെലപ്പോ ഇതോടെ എന്‍റെ കുടുംബത്തിന്‍റെ ഭാഗ്യം തെളിയും."

കുഞ്ഞച്ചന്‍ ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.

"ശ്ശെ, ഇതൊക്കെ നിനക്കൊരു മരമാണോടാ? ചുമ്മാ കയറ്."

"എന്നാലും അമ്പതുറുപ്പികക്കു വേണ്ടി ജീവിതം പഞ്ചറാക്കണോടാ?"

അവന്‍ വികാരാധീനനായി.

"പിന്നേ, നീയോര്‍ത്തു നോക്ക്, പണ്ട് പുഴക്കരേലെ പുളിമരത്തേല്‍ കേറി ജിഷമോള്‍ക്ക് അന്നു നീ പുളിങ്ങാ പറിച്ചു കൊടുത്തത്, അതിലും വലിയ മരമൊന്നുമല്ലല്ലോ."

ഒരു നിമിഷം ആലോചിച്ച ശേഷം കുഞ്ഞച്ചന്‍ രണ്ടും കല്പിച്ച്, ഇത്തിരി പൊടിമണ്ണെടുത്ത് രണ്ടു കയ്യിലും കൂടി തിരുമ്മിപ്പിടിപ്പിച്ചു.

"നീയെന്താ റസ്‍ലിങ്ങിനു പോവുന്നോ?"

ഞാന്‍ ഇളക്കി.

"ഞാന്‍ നിക്കണോ പോണോ?"

"നീ കേറെടാ."

കുഞ്ഞച്ചന്‍ രൂക്ഷമായി എന്നെ ഒന്നു നോക്കിയ ശേഷം പ്ലാവിനെ ഒന്നു തൊട്ടുഴിഞ്ഞു. വേരു കാലെന്നു സങ്കല്പിച്ച് ഒരു സാഷ്ടാംഗ് വീണ് നാലു നമോ നമ: പാടി മൂന്നു തവണ വന്ദിച്ചു. ചവിട്ടുന്നതിനും പുറത്തു കയറുന്നതിനും ചക്ക വെട്ടുന്നതിനുമെല്ലാം പ്ലാവിനോടു മാപ്പപേക്ഷിച്ചു. അരയില്‍ കെട്ടിയ തോര്‍ത്തിന്‍റെ വശത്തൂടെ കത്തി തിരുകിക്കയറ്റി.

ഒന്നേ... രണ്ടേ... മൂന്നേ... നാലേ....

നാലു ചില്ല നിഷ്പ്രയാസം കയറി. മെല്ലെ പിടിച്ചു പിടിച്ച്... അഞ്ചേ... ആറേ... ഏഴേ...

ഇടക്കിടെ കുഞ്ഞച്ചന്‍ താഴോട്ടു നോക്കുന്നുണ്ട്.

"എന്‍റമ്മേ, ഉറുമ്പ്"
"വീട്ടില്‍ അറിയിച്ചേക്കണേടാ"
"ഔ... കടിച്ചു കടിച്ചു"

എന്നിങ്ങനെയുള്ള അപശബ്ദങ്ങള്‍ ഇടക്കിടെ കേള്‍ക്കുന്നുണ്ട്.

പേടിക്കല്ലേ കുഞ്ഞച്ചാ, നീ വീണാല്‍ പിടിക്കാനല്ലേ ഈ എഴുപതു കിലോ നാലടിപ്പൊക്കത്തിലിങ്ങനെ കാവലിരിക്കുന്നത്. ധൈര്യമായി കേറ്."

"ദ്രോഹീ, നിലം മുട്ടും മുമ്പേ ഞാന്‍ പേടിച്ചു ശവമായിക്കാണും. കരിനാക്കു വളക്കല്ലേടാ."

കുഞ്ഞച്ചന്‍ മുകളിലെത്തി. തൊട്ടു മുകളിലത്തെ ചില്ലയില്‍ നമ്മുടെ മൂത്ത ചക്കയിരിക്കുന്നു. എന്‍റെ ഹൃദയം ദ്രുതതാളം കൊട്ടിത്തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചക്ക താഴെ, എന്‍റെ കയ്യെത്തും ദൂരത്ത്. കൊതി തീര്‍ക്കാന്‍ ഒന്നുരണ്ടു പച്ചച്ചുള ഇന്നു തന്നെ തിന്നണം. ബാക്കി നാളെയോ മറ്റന്നാളോ, ചക്ക പഴുക്കുമ്പോള്‍.

"ബ്‍ട്‍ധ ബ്‍ട്‍ധ ബ്‍ട്‍ധത്തോം...!!!"

അഞ്ചാറു ചില്ലകളില്‍ ചെന്നിടിച്ച് ചമ്മലക്കൂട്ടത്തിനിടയിലേക്ക് ചക്ക വലിയ ശബ്ദത്തോടെ നിപതിച്ചു. ഉരുണ്ടുരുണ്ടു പറമ്പിന്‍റെ മൂലയിലെത്തി. ശബ്ദം കേട്ട് ഒരു പട്ടി ചക്ക വീണിടത്തേക്ക് ഓടി വരുന്നു. തൊട്ടു പിറകേ...

"ആ....ആ.....ആ..... അമ്മേഏഏ...!!"

പിന്നണിയില്‍ ആര്‍ത്തനാദം. ഞാന്‍ മുകളിലേക്കു നോക്കി.

കുഞ്ഞച്ചന്‍ കാലു വച്ചു ബാലന്‍സ് ചെയ്തു നിന്നിരുന്ന ഉണക്കക്കൊമ്പ് ഒടിഞ്ഞ് താഴത്തെ ചില്ലയില്‍ തൂങ്ങിയിരുന്നാടുന്നു. അതിനും മുകളില്‍, ചക്കയിരുന്ന ചില്ലയില്‍ ഏതാണ്ടതേ പോസില്‍ കുഞ്ഞച്ചന്‍ തൂങ്ങിയിരുന്നാടുന്നു. ആര്‍ത്തനാദം!!

ഞാന്‍ വിവശനായി. എന്തു ചെയ്യണമെന്ന് പിടി കിട്ടുന്നില്ല. കുഞ്ഞച്ചനെ നോക്കണോ ചക്കയുടെ അടുത്തേക്ക് വരുന്ന പട്ടിയെ നോക്കണോ എന്ന ശങ്ക മാറും മുമ്പേ ഞാന്‍ വിളിച്ചു പറഞ്ഞു.

"കുഞ്ഞച്ചാ, മുറുക്കിപ്പിടിച്ചോ. ഞാനിതാ വരുന്നൂ..."

ഒരു കല്ലും പെറുക്കി ഞാന്‍ ചക്ക വീണ സ്ഥലം നോക്കി ഓടി. ഭ്രാന്താവസ്ഥയില്‍ വരുന്ന എന്നെ കണ്ട് ഞാനെങ്ങാനും അങ്ങോട്ടു കേറി കടിച്ചു കളയുമോ എന്നു ഭയന്നാവണം പട്ടി ജീവനും കൊണ്ടോടി. മുകളില്‍ നിന്ന് അപ്പോളും പഴയ തീവ്രതയില്‍ നിലവിളി മുഴങ്ങുന്നുണ്ട്.

പെട്ടെന്ന്, എന്‍റെ നെറ്റിയില്‍ പുരികത്തിനു മുകളില്‍ ഒരമ്പു തറച്ചതു പോലെ. കൈ നെറ്റിക്ക് ചേര്‍ത്തു വിരലു കൂട്ടിപ്പിടിച്ച് ഞാനവിടുന്ന് ഒരു സാധനം പറിച്ചെടുത്തു.

പാനിക്കടന്നല്‍...!!

"കടന്നലിളകീടാ...."

കുഞ്ഞച്ചന്‍റെ നിലവിളി. ഞാന്‍ മുകളിലേക്കു നോക്കി. ഏതാണ്ട് കറുത്തിരുണ്ട ആകാശം എന്‍റെ തലയിലേക്ക് ഇളകിപ്പൊളിഞ്ഞ് വീഴുന്നതു പോലെ. ഒരു നിമിഷം ഞാന്‍ ചക്കയും കുഞ്ഞച്ചനെയുമൊക്കെ മറന്ന് ഓടി. തിരുമ്പുകല്ലിന്‍റടുത്ത് ഒന്നു വഴുക്കിയെങ്കിലും സ്കേറ്റിംഗ് സ്‍റ്റൈലില്‍ ബാലന്‍സ് ചെയ്ത് ആടിയിളകി നിരങ്ങിച്ചെന്നു. അടുക്കളവാതില്‍ തുറന്നിരിക്കുന്നു.

ഠേ....ഠേ... ഠേ...!!!

മൂന്നു വാതിലുകള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ വലിച്ചടച്ച് ഞാന്‍ ബെഡ്‍റൂമിലെ കുളിമുറിക്കുള്ളിലെത്തിയിരുന്നു. ആശ്വാസത്തോടെ കിതപ്പൊപ്പി നെടുവീര്‍പ്പിടുമ്പോള്‍ മുന്നിലൊരു മൂളല്‍!

"ബൂ....മ്....മ്....മ്....മ്....മ്മ്മ്മ്...."

"മ്മേ....!!!"

ഒരുഗ്രന്‍ കടന്നല്‍, കുളിമുറിയില്‍, എന്‍റെ മുന്നില്‍! ഏതാണ്ടൊരു ഒന്നരയിഞ്ച് നീളവും ഒത്തവണ്ണവും. കണ്ടാല്‍ പേടിയാവുന്ന രൂപം. മൂളിക്കൊണ്ട് എന്‍റെ അടുത്തേക്ക്.

നിമിഷങ്ങള്‍ക്കുള്ളില്‍ എന്നിലെ പ്രതിരോധമുണര്‍ന്നു. ഞാന്‍ ബക്കറ്റെടുത്തു. വായ് ഭാഗം മുമ്പോട്ടാക്കിപ്പിടിച്ച് കടന്നലിനു നേരെ വീശി.

ഞാന്‍ വലത്തോട്ടു വീശിയപ്പോള്‍ കടന്നല്‍ ഇടത്തോട്ട് ഒഴിഞ്ഞു മാറി. വീറോടെ ഞാന്‍ ഇടത്തോട്ടു വീശി. കടന്നല്‍ വലത്തോട്ടു മാറിയൊഴിഞ്ഞു. വലതുഭാഗത്തൂ കൂടെ ഞാന്‍ വീണ്ടും ബക്കറ്റെടുത്ത് ഇടത്തോട്ട് ചരിഞ്ഞ് വീശി. വാഷ്‍ബേസിന്‍റെ അടിയിലൂടെ കടന്നല്‍ പറന്നൊഴിഞ്ഞു. സര്‍വ്വശക്തിയും സംഭരിച്ച് ഞാന്‍ ക്ലോസറ്റിനും പൈപ്പിനുമിടയിലെ ഗാപ്പിലൂടെ കാലു വലിച്ചു വച്ച് കുനിഞ്ഞ് ബക്കറ്റൊരു വീശങ്ങു വീശി. ഭൂമി മലക്കം മറിഞ്ഞു!

കാലു തെറ്റി ഞാന്‍ മലര്‍ന്നടിച്ച് നിലത്തു കിടക്കുന്നു. ഒരു കാല്‍ ബക്കറ്റിനു മുകളില്‍. മറുകാല്‍ ചുവരിന്‍റെ വശത്ത്. സന്ധികളിലൊക്കെ അപാര വേദന!

കമഴ്‍ന്നു കിടക്കുന്ന ബക്കറ്റിനകത്തു നിന്നും ’കുടും... മുടും... കുടും... മുടും...’ എന്ന ശബ്ദത്തില്‍ യുദ്ധപ്പക തീരാത്ത കടന്നല്‍ തലങ്ങും വിലങ്ങും ആഞ്ഞടിക്കുന്നതു കേട്ടപ്പോളാണ് എന്‍റെ ഹൃദയവും എല്ലിന്‍കൂടും തമ്മിലുള്ള പോരാട്ടം നിന്നത്. ക്ലോസറ്റിനും ബക്കറ്റിനും സ്തുതി പറഞ്ഞ് മെല്ലെ നടു നിവര്‍ത്തി എഴുന്നേറ്റ എന്‍റെ കവിളില്‍ എവിടുന്നെന്നില്ലാതെ മറ്റൊരു കൂരമ്പ് വന്നു തറച്ചു. ഇതെവിടെ നിന്നും വന്നു എന്ന് ഞാനാലോചിക്കുമ്പോളേക്ക് എന്‍റെ സംശയമൊക്കെ നികത്തി വെന്‍റിലേറ്റര്‍ വഴി മറ്റൊരു കടന്നല്‍ പുറത്തേക്ക് കുതിച്ചു. യുദ്ധഭീതി വീണ്ടും കുളിമുറിയില്‍ അലാറമടിച്ചു. കവിള്‍ പൊത്തി ഞാന്‍ പാട്ടയെടുത്ത് പ്രതിരോധച്ചുവടുറപ്പിച്ചു.

നിമിഷങ്ങള്‍....

ഇല്ല... ആരുമില്ല... യുദ്ധം ഏതാണ്ട് അവസാനിച്ചിരിക്കുന്നു. പക്ഷേ, കാഴ്ച പൂര്‍ണ്ണമാവുന്നില്ല, പാതിയിരുട്ട് പടരുന്നു. ഞാന്‍ തിരിഞ്ഞ് കണ്ണാടിയിലേക്ക് നോക്കി. ഞെട്ടി! ഇതാര്....!!!??

തടിച്ചു വീര്‍ത്ത മുഖമുള്ള ഒറ്റക്കണ്ണന്‍ എനിക്കു പകരം കണ്ണാടിയില്‍. ആദ്യത്തെ കുത്തിന്‍റെ ശക്തിയില്‍ പുരികം തടിച്ചു വീര്‍ത്ത് ഒരു കണ്ണ് പൂര്‍ണ്ണമായും അടഞ്ഞു പോയിരിക്കുന്നു. ജിഷമോളേ, കവിതേ, ചന്ദ്രികേ മറ്റു പെണ്‍മണികളേ, ഇല്ല, ഒരു മാസത്തേക്കു ഞാനിനി കോളേജിലേക്കില്ല.

ഒരു പത്തുപതിനഞ്ചു മിനിറ്റ് ആ ഹൃദയഭേദകമായ കാഴ്ചനോക്കി ഞാനിരുന്നു!

പുറത്ത് നിലവിളിയുടെ ആക്കം കുറഞ്ഞിരിക്കുന്നു. മനോധൈര്യം സംഭരിച്ച് ഞാന്‍ വാതില്‍ തള്ളിത്തുറന്നു. ഇല്ല, കടന്നലുകള്‍ പിന്‍വാങ്ങിയിരിക്കുന്നു.

ഞാന്‍ ഇറങ്ങി നടന്നു. പ്ലാവിന്‍ചുവട്ടില്‍ അഞ്ചെട്ടു പേര്‍ കൂടി നില്‍ക്കുന്നു. അയല്‍പക്കക്കാരാണ്. കുഞ്ഞച്ചന്‍ മരത്തിനു മുകളിലില്ല. എന്‍റെ നെഞ്ചിലൂടെ ഒരു ഇടിവാള്‍ പാഞ്ഞു. പത്തുപന്ത്രണ്ടു കടന്നലുകള്‍ അപ്പോളും അവിടവിടെ ചുറ്റിത്തിരിയുന്നുണ്ട്.

പെട്ടെന്ന് കൂടിയിരുന്നവരില്‍ മൂന്നുപേര്‍ ഒന്നിച്ചു ഒരേ വരിയില്‍ തിരിഞ്ഞു നിന്നു. നടുവില്‍ പരിക്കേറ്റ ഒരു വീരപോരാളി. തടിച്ച് വികൃതമായ മുഖം. മന്തു വന്നു വീര്‍ത്തതു പോലെ കാലുകള്‍. കുഞ്ഞച്ചനല്ലേ അത്...

"കു....കു.... കുഞ്ഞച്ചാ..."

ഞാന്‍ ഭയഭക്തിബഹുമാനങ്ങളോടെ വിളിച്ചു.

"പോടാ തെണ്ടീ!!!!!"

ഇത്രയും ആത്മാര്‍ത്ഥതയോടെ ’തെണ്ടി’ എന്ന പദം മറ്റൊരു സന്ദര്‍ഭത്തിലും കുഞ്ഞച്ചന്‍ ഉപയോഗിച്ചിട്ടില്ല. രണ്ടു പേരുടെ തോളെല്ലിന്‍റെ ബലത്തില്‍ കുഞ്ഞച്ചന്‍ മുടന്തി വലിഞ്ഞ് നടന്നു.

"പത്തുപന്ത്രണ്ടെണ്ണം കുത്തിക്കാണണം."

ആരുടെയോ മുറുമുറുപ്പ്. കര്‍ത്താവേ!

പുറത്ത് ജീപ്പ് പറന്നെത്തി. ഞങ്ങളെ അകത്തു കയറ്റി മറ്റു രണ്ടുപേര്‍ കൂടെ കയറി. നേരെ ആശുപത്രിയിലേക്ക്. വഴിനീളെ കുഞ്ഞച്ചന്‍ ഞരങ്ങുന്നും മൂളുന്നുമുണ്ട്. എനിക്കാണെങ്കില്‍ അവന്‍റെ മുഖത്തേക്കു നോക്കാനുള്ള ധൈര്യമില്ല.

ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഈരണ്ട് ഇഞ്ചക്ഷനും കുഞ്ഞച്ചന് രണ്ടു ദിവസം ബെഡ് റെസ്റ്റും എനിക്ക് ഒരാഴ്ച നല്ലനടപ്പും ഡോക്ടര്‍ ശിക്ഷ വിധിച്ചു.

"പന്ത്രണ്ടിഞ്ചക്ഷന്‍ ഒരു ഗ്യാപ്പുമില്ലാതെ, ദാ ഇപ്പൊ കഴിഞ്ഞതേള്ളു. ഇനീം വേണോ ചേച്ചിയേ?"

കുഞ്ഞച്ചന്‍ സിസ്റ്ററോട് പറയുന്നത് കേട്ട് ഞാന്‍ അവനെ നോക്കി ജാള്യതയോടെ ചിരിച്ചു. അവന്‍ മുഖം വെട്ടിച്ചു.

രണ്ടു ദിവസം കഴിഞ്ഞു. ഒരു പാത്രം നിറയെ കുരു കളഞ്ഞ് വൃത്തിയാക്കിയ പഴുത്ത ചക്കച്ചുളയുമായി ഞാന്‍ കുഞ്ഞച്ചന്‍റെ വീട്ടില്‍ ചെന്നു. മുറിയിലേക്കു കയറിയ എന്നെ അവന്‍ തിരിഞ്ഞു നോക്കിയില്ല.

"ഡാ..."

അവന്‍ മിണ്ടിയില്ല.

"ഇന്നാടാ... നമ്മടെ ചക്ക."

ഞാന്‍ പാത്രം അവനു നേരെ നീട്ടി. അവനതു തട്ടിപ്പറിച്ചു. രണ്ടു ചുള ഒന്നിച്ചെടുത്തു വായിലേക്കിട്ട ശേഷം മെല്ലെ മുഖം തിരിച്ച് എന്നെ രൂക്ഷമായി നോക്കി.

"എവിടേടാ എന്‍റെ അമ്പതു രൂപാ?"

"ഞാന്‍ വിരണ്ടു. ഇക്കണ്ട കുത്തൊക്കെ കിട്ടിയിട്ടും ഇവനിതു മറന്നില്ലേ. ഇനിയെവിടുന്നൊപ്പിക്കും കര്‍ത്താവേ അമ്പതു രൂപ!

"ഇഞ്ചക്ഷന്‍ തന്ന ഡോക്ടറു കൊണ്ടു പോയി, ല്ലേ?"

എന്‍റെ പരുങ്ങല്‍ കണ്ട് കുഞ്ഞച്ചന്‍ ചിരിച്ചു. പൊട്ടിച്ചിരിച്ചു. കിടക്കയിലിരുന്ന്, പാത്രത്തിലെ ഒരു ചക്കച്ചുള വായിലിട്ട് നേര്‍ത്ത പുളിയുള്ള ആ മധുരം ആവോളം നുണഞ്ഞു കൊണ്ട് ഞാനൂം ചിരിച്ചു.

**********************

രണ്ടു ദിവസത്തിനു ശേഷം രാത്രി അയല്‍ക്കാരുടെ നേതൃത്വത്തില്‍ കൊക്കയില്‍ ചൂട്ടു കെട്ടി കടന്നല്‍ക്കൂടിനു തീയിട്ടു. രാവിലെ എമ്പാടും പരന്നു കിടക്കുന്ന ചുണക്കുട്ടികളുടെ മൃതദേഹങ്ങള്‍. പ്ലാവിന്‍ചോട് യുദ്ധമൊഴിഞ്ഞ മൈതാനം പോലെ. ഒരു പാവം ജീവിയുടെ ആവാസവ്യവസ്ഥക്ക് തീ കൊളുത്തിയ സന്തോഷത്തില്‍ ചിരിക്കുന്ന മുഖങ്ങള്‍.

കടന്നലിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ക്രൂരതയെക്കുറിച്ചുള്ള ഭയമാണ്, കടന്നലെന്നു കേള്‍ക്കുമ്പോള്‍ പേടിയും വെറുപ്പുമാണ്. അന്യജീവികള്‍ ഏറ്റവും ഭീതി തോന്നുന്നത് മനുഷ്യനെക്കുറിച്ചോര്‍ക്കുമ്പോളാവുമോ? മനസ്സില്‍ വെറുപ്പു നുരയുന്നത് മനുഷ്യനെന്ന പദം കേള്‍ക്കുമ്പോളാവുമോ? നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണല്ലോ ജീവിതം, സമാധാനിക്കാം.

20 comments:

സുനീഷ് said...

ചിരിപ്പിച്ച് ചിരിപ്പിച്ച് ഒരു വിധമാക്കി. എന്നാലും ഇടയ്ക്കിടെ കടന്നല്‍ കൂടും ഇരമ്പി വരുന്ന കടന്നല്‍ കൂട്ടവുമെല്ലാം ഓര്‍ത്ത് കുളിരു കോരി. എനിക്കങ്ങനെയാ ഒരു പാട് ഈച്ചകളിരുന്നാര്‍ക്കുന്നത് കണ്ടാലും, ഒത്തിരി ഉറുമ്പിന്‍ കൂട്ടത്തെ കണ്ടാലും, തേനീച്ചക്കൂട് കണ്ടാലും, കടന്നല്‍ക്കൂട് കണ്ടാലുമൊക്കെ ഒരു കുളിരും ശരീരമൊന്ന്‍ എടുത്തിട്ട് കുടയലുമൊക്കെയാ...
എല്ലാം ഭൂമിയുടെ അവകാശികളാണെന്ന് ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞാലും ഈ കടന്നലിനെയൊക്കെ കാണുമ്പോള്‍ എങ്ങനാ കുളിരുണ്ടാകാതിരിക്കുക?

ജെസ്സ് said...

കൊള്ളാം എന്ന് പറഞ്ഞാല്‍ അത് ക്രൂരതയാകും . കടന്നല് കുത്തീതും മലര്ന്നടിച്ച്ച്ചു വീണതും ചക്ക പറിയ്ക്കാന്‍ കൂലിയ്ക്ക് വന്നയാളുടെ അവസ്ഥയും എല്ലാം കൂടി ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാക്കിയല്ലോ ...
:)

ശ്രീ said...

പോസ്റ്റ് അടിപൊളി തന്നെ.

അവസാനത്തെ പാരഗ്രാഫിലെ ചിന്തയും വളരെ നന്നായി
:)

BS Madai said...

നല്ല പോസ്റ്റ് - നര്‍മ്മം നല്ല രീതിയില്‍ ബ്ലെന്‍ഡ് ചെയ്തിരിക്കുന്നു.

Mr. X said...

നന്നായി ചിരിച്ചു, കേട്ടോ.
...
ഒടുവില്‍ ചേര്‍ത്ത ചിന്തകളും ശരി തന്നെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:മഹാഭാരതം കൊള്ളാം എന്നാലും കുഞ്ഞച്ചന്‍ താഴെ എത്തിയത് എങ്ങനെ എന്നുള്ള വിവരണം കുഞ്ഞച്ചന്റെ വാക്കുകളില്‍ കേള്‍ക്കാന്‍ ഒരാശ---ഈശ്വരാ ഞാന്‍ സാഡിസ്റ്റായാ???

Sherlock said...

പണ്ടൊരിക്കല് വീടിന്റെ സണ്ഷേഡില് വലീഞ്ഞു കേറീട്ട് ..ഇറങ്ങാന് വേണ്ടീ ഏണീ കൊണ്ടരേണണ്ടി വന്നു.. പാതി വഴി ഇറങ്ങീട്ട് പിന്നെ ചാടി ഓടി.. അച്ഛന്റെ അടിയില് നിന്നും രക്ഷപ്പെടാന് :)

പറയേണ്ടതില്ലല്ലോ... പോസ്റ്റ് സൂപ്പര്..:)

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ... കലക്കന്‍... !!

കൃഷ്‌ണ.തൃഷ്‌ണ said...

ഈ കൊമ്പ് നേരത്തേതിലും താഴ്‍ന്നു പോയോ? നട കീറുന്ന പോസായിട്ടു പോലും കാല് മറ്റേ ചില്ലയിലേക്കെത്തുന്നില്ല. വെപ്രാളത്തിനിടയില്‍ അവിടവിടെ പുളിയുറുമ്പും പാഞ്ഞു കേറിത്തുടങ്ങി. ഒന്നുരണ്ടെണ്ണം കിട്ടിയ തരത്തിന് കടിക്കുന്നു.
--- ഇവിടുന്നു തുടങ്ങിയ ചിരി, ദേ പോസ്റ്റ് തീരുന്നതുവരെ ചിരിച്ചു തീര്‍ത്തു.

വാക്കുകള്‍ കൊണ്ടല്ല, ഒരു പൊട്ടിച്ചിരിയോടെ പപ്പൂസിന്‌ അഭിനന്ദനം. Really enjoyed.

പി.സി. പ്രദീപ്‌ said...

നീളം കണ്ടപ്പോള്‍ പിന്നെ വായിക്കമെന്നു വിചാരിച്ചതാണ്. വായിച്ചു തുടങ്ങിയപ്പോള്‍ നിര്‍ത്താനും തോന്നിയില്ല.
ഞാനും ഒരു ചക്ക കൊതിയനാണേ:)
നന്നായി.
ഇഷ്ടപ്പെട്ടു.

പപ്പൂസ് said...

സുനീഷേ, ജെസ്സേ, ശ്രീയേ, മാടായീ, ആര്യാ, കുട്ടിച്ചാത്താ (കുഞ്ഞച്ചന്‍ വലിയ താമസമില്ലാതെ ബ്ലോഗ് തുടങ്ങുമെന്നും ബാക്കി കഥ പ്രസിദ്ധീകരിക്കുമെന്നും പ്രത്യാശിക്കാം) , ഷെര്‍ലക്കേ (പ്രൊഫൈല്‍ പിക്കിലെ ആ പൊഹ!), പകല്‍കിനാവാ, കൃഷ്ണതൃഷ്ണേ, പ്രദീപേ...

:-) :-) :-)

വിന്‍സ് said...

പപ്പൂസണ്ണാ കലക്കന്‍ പോസ്റ്റ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മരം കേറലും പോസും ആലോചനയുമൊക്കെ സ്റ്റൈലായി. കലക്കന്‍ പോസ്റ്റ്

:):)

Calvin H said...

പപ്പൂസണ്ണാ...
തകര്‍‌ത്തടുക്കി.... :)

തറവാടി said...

രസിച്ചു.

പാര്‍ത്ഥന്‍ said...

അവിടത്തന്നെ ഇരിക്കുകയായിരുന്നെങ്കിൽ ഒരു ‘അയ്യർ ദി ഗ്രേറ്റ് - രണ്ടാമൻ’ ആവേണ്ടയാളായിരുന്നു. ബൂലോകനഷ്ടം.

പാര്‍ത്ഥന്‍ said...

follow up

Unknown said...

പപ്പുസ് ചക്കയെ വായിച്ചപ്പോള്‍ ബാല്യത്തിന്റെ ഒആര്‍മകളിലേക്ക് പോയി മനസ്

yousufpa said...

ചിരിച്ചു ചിരിച്ചു മനുഷ്യന്‍റെ എല്ലാം കുലുങ്ങിന്‍റെ സ്റ്റാ...

krish | കൃഷ് said...

ഒരു ചക്കകൊതിയന്റെ കൊതി മൂത്തപ്പോള്‍ വന്ന വിനകളേ..
കൊള്ളാം പപ്പൂസേ.