Thursday, February 12, 2009

അ...ടി...ദാ....സ്....


"ബൂ...ഹാ...."

കിടിലനൊരു കോട്ടുവായും വിട്ട് കണ്ണും തിരുമ്മി ഞാനെഴുന്നേറ്റു. പുതപ്പൊക്കെ വലത്തോട്ടും ഇടത്തോട്ടും പറിച്ചെറിഞ്ഞ് ചുറ്റും നോക്കി. ലുങ്കി കാണുന്നില്ല.

"പണ്ടാരം ലുങ്കിയിതെവിടെപ്പോയി...?"

"എട്ടാംക്ലാസ്സു മുതല്‍ ഇന്നു വരെ ഉടുത്തുകൊണ്ടേയിരിക്കുന്ന ഈ ലുങ്കി എന്നെങ്കിലും നേരം വെളുക്കുമ്പം നിന്‍റെ അരയിലുണ്ടായിട്ടുണ്ടോടാ? അപരിഷ്‍കൃതന്‍."

പാട്ടയില്‍ മുക്കാലും വെള്ളം നിറച്ച് ഷേവിങ് ബ്രഷുമായി കണ്ണാടിക്കു മുമ്പിലേക്കു നടക്കുന്നതിനിടെ കുഞ്ഞച്ചന്‍ പറഞ്ഞു.

"ഓ... നീയൊക്കെ സൂട്ടും ഷൂസുമിട്ടോണ്ടാണല്ലോ കെടന്നൊറങ്ങുന്നത്, രാവിലേ എന്നെക്കൊണ്ട് പറയിപ്പിക്കരുത്."

എനിക്കു ചൊറിഞ്ഞു വന്നു തുടങ്ങി.

"ആയിരുന്നില്ല. പക്ഷേ, ഇനി മുതല്‍ ആണ്."

കുഞ്ഞച്ചന്‍ഗമയില്‍ തിരിഞ്ഞു.

"ദാ, ഇങ്ങോട്ടു നോക്കൂ."

അപ്പോഴാണ് ഞാന്‍ അവനെ ശരിക്കും ശ്രദ്ധിച്ചത്. ചുമപ്പൊരു ബനിയനും ചുമന്ന അണ്ടര്‍വെയറും. ഇവനിത് ലുങ്കിയുടുപ്പു നിര്‍ത്തിക്കളഞ്ഞോ?

കുഞ്ഞച്ചന്‍ കുനിഞ്ഞു നിന്ന് കട്ടിലിനടിയില്‍ നിന്ന് ബാഗെടുത്ത് തപ്പാന്‍ തുടങ്ങി. ആ കാഴ്ച കണ്ട് എനിക്ക് ചിരിവന്നു.

"അലമാരിക്കകത്തെ പാറ്റയൊക്കെ ഏതു വഴിക്കാ പോവുന്നതെന്ന് കുറേക്കാലമായി ആലോചിക്കുവാരുന്നു. ഇപ്പഴല്ലേ പിടികിട്ടിയത്."

"ഏതു വഴിക്കാടാ?"

കുഞ്ഞച്ചന്‍ തപ്പുന്നതിനിടെ ജിജ്ഞാസയോടെ തിരക്കി.

"കൈ ആ ബാഗീന്നെടുത്ത് സ്വന്തം മൂട്ടിലോട്ടു പിടി."

അവന്‍ സംശയത്തോടെ തിരിഞ്ഞ് എന്നെ നോക്കിക്കൊണ്ട് മെല്ലെ പുറകില്‍ തപ്പി. ഒന്ന്... രണ്ട്... മൂന്ന്... നാല്... അഞ്ച്... ആറ്... ആറു തുളകള്‍, ജട്ടിയുടെ മൂട്ടില്‍!

"ഫ!, വൃത്തികെട്ടവനേ, നിനക്കൊന്നും അമ്മേം പെങ്ങമ്മരുമില്ലേടാ?"

കുഞ്ഞച്ചനു ദേഷ്യമടക്കാനായില്ല. എനിക്കു ചിരി വന്നു.

"ഒവ്വ, ഒരു ചേട്ടച്ചാരുമുണ്ട്. എങ്കിലും ഇത്രേം വൃത്തികെട്ടതു കണ്ടിട്ടില്ല."

"കിട്ടിപ്പോയി!"

കുഞ്ഞച്ചന്‍ പെട്ടെന്നു വെട്ടിത്തിരിഞ്ഞു.

പാറ്റയായിരിക്കും."

അവന്‍ ഗമനിച്ചില്ല. പറഞ്ഞിട്ടു കാര്യവും ഇല്ല. ഓട്ട വീണ ജട്ടി എല്ലാവര്‍ക്കുമുണ്ടെങ്കിലും അങ്ങനെ ഇല്ലായ്മ ആരും പുറത്ത് കാണിക്കാറില്ല.

"അല്ല,... ഇതു നോക്ക്."

അവന്‍ മെല്ലെ കൈകള്‍ വിടര്‍ത്തി. നീല നിറത്തില്‍ ഒരു നീളന്‍ ട്രൌസര്‍. രണ്ടു വശത്തും തുന്നിനു പാരലലായി വെള്ള നിറത്തില്‍ മൂന്നു വരകളുള്ള ഒരു കിടിലന്‍ ഷോര്‍ട്ട് ട്രൌസര്‍.

"അ...ഡി...ഡാ...സ്..."

ഞാന്‍ അറിയാതെ മന്ത്രിച്ചു കൊണ്ട് വാ പൊളിച്ചു.

"യേസ്. ദിസ് ഈസ് അഡിഡാസ്."

എന്‍റെ മരവിപ്പു മാറിയിരുന്നില്ല. പത്തെഴുന്നൂറ് രൂപാ വില വരുന്ന ഷോര്‍ട്ട്‍സ്. ഇവനിതൊറ്റക്ക് വാങ്ങിയെന്നോ. വിശ്വസിക്കാന്‍ വയ്യ.

അപ്പോഴേക്കും കണ്ണും തിരുമ്മിക്കൊണ്ട് അബുവും രംഗത്തെത്തി. നീല അഡിഡാസ് കണ്ട് അവനും ഞെട്ടി. അതിശയം പെട്ടെന്ന് വാപൊളിയായി, വാക്കായി.

"ബര്‍...മുഡ...!"

"ങും... നിന്നെപ്പോലുള്ള എച്ചികള്‍ക്ക് അങ്ങനെയും പറയാം. ദിസ് ഈസ് അഡിഡാസ്, യൂ നോ."

"പക്ഷേ, ഇതെന്തിന്...?"

"ഹ ഹ! പറയാം. നാളെ, വാലന്‍റൈന്‍സ് ഡേയാണ്. യൂ നോ, കമിതാക്കളുടെ ദിനം. ങാ, അബൂ, നാളെ എനിക്കും അവള്‍ക്കും ഈ വീടൊന്നു വേണം. പ്രൈവസിക്ക് പ്രശ്നമുണ്ടാവാന്‍ പാടില്ല. ഷീ ഈസ് വെരി പര്‍ട്ടിക്കുലര്‍ എബൌട് ഇറ്റ്. സോ, നിങ്ങള്‍ രാവിലെ സ്ഥലം കാലിയാക്കണം. ഓകേയ്?"

"അവളെന്നു വച്ചാല്?"

എന്‍റെ അമ്പരപ്പു മാക്സിമമായി. ഈ തടിമാടനും വാലന്‍റൈനോ!

"അവളെന്നു വച്ചാല്‍ രേഖ. എന്‍റെ പ്രിയതമ."

"രേഖയോ, ഏ... ഏതു രേഖ?"

അബുവിന്‍റെ മുഖം ചുളിഞ്ഞു. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"രേഖാ നായര്‍ ഫ്രം അന്‍ഡമാന്‍. അവള്‍ വരുമ്പോള്‍ ഞാന്‍ ഇതുടുത്തു നില്‍ക്കും. ലുങ്കിയിക്കെ നിങ്ങള്‍ കണ്ട്രികള്‍ ഉടുത്താല്‍ മതി. ഓകേയ്."

ഞാന്‍ ഞെട്ടി.

"രേഖച്ചേ...ച്ചി!"

"ഛേ, ചേച്ചിയോ?"

കുഞ്ഞച്ചന്‍ വെട്ടിത്തിരിഞ്ഞ് നാടോടിക്കാറ്റിലെ ദാസന്‍ സ്റ്റൈലില്‍ ഒന്നു ചിരിച്ചു.

"ചേച്ചിയെന്നും വിളിക്കാം, പക്ഷേ, യഥാര്‍ത്ഥത്തില്‍ അവള്‍ ഇനി മുതല്‍ നിന്‍റെ ചേട്ടത്തിയമ്മയാണ്. ഓകേയ്?"

എന്‍റെ അന്ധാളിപ്പു മാറിയിരുന്നില്ല. രേഖയെ കണ്ടു മുട്ടിയിട്ട് കഷ്ടിച്ച് രണ്ടാഴ്ചയായിക്കാണും. അതും ഞങ്ങളെല്ലാവരും കൂടെ ഒരുമിച്ച്. ഞാനതോര്‍ത്തു...

*****************

രണ്ടാഴ്ച മുമ്പ് പാര്‍ക്കില്‍ വച്ച് ഞങ്ങള്‍ മൂന്നു പേരും...

"എടാ, നിനക്ക് അക്കുത്തിക്കുത്തു കളിക്കാനറിയാമോ?"

കുഞ്ഞച്ചന്‍റെ പുതിയ സംശയം. എനിക്കു ദേഷ്യം വന്നു.

"കുത്ത് ഞാന്‍ വച്ചു തരും. രാത്രി കള്ളു കുടിക്കാന്‍ കാശില്ല. അപ്പഴാ അവന്‍റെയൊരു അക്കുത്ത്."

"എന്തു പറ്റി, ഒരല്‍ക്കുല്‍ത്ത് മൂഡ്?"

അബു കുഞ്ഞച്ചനെ തോണ്ടി.

"ഏയ്, ഇന്ന് സരിത ലൈബ്രറീല്‍ വച്ച് ചോദിച്ചു, അക്കുത്തിക്കുത്ത് കളിക്കുവല്ലേന്ന്. അറിയില്ലെന്നു പറഞ്ഞാല്‍ മോശമല്ലേ, മൂഡില്ല, നാളെയാക്കാം എന്നു പറഞ്ഞു."

"ദ്രോഹീ... ലൈബ്രറീ വച്ച് അക്കുത്തിക്കുത്തും തൊടങ്ങിയോ?"

"ഇക്കണക്കിനു പോയാല്‍ പമ്മന്‍ പുത്തകം വരെ ലൈബ്രറീല്‍ സ്റ്റോക്കിടേണ്ടി വരും."

"എടാ, ആ പെണ്‍പിള്ളാര് കുറേ നേരമായി നമ്മളെത്തന്നെ നോക്കിയിരിക്കുന്നു."

അബു ചൂണ്ടിക്കാണിച്ചു. ഞാന്‍ മുഖമുയര്‍ത്തി നോക്കി. രണ്ടു തളിരിളം കൂമ്പുകള്‍! കുഞ്ഞച്ചന്‍ പെട്ടെന്ന് ചീപ്പെടുത്ത് മുടി ചീകി നേരെയാക്കി, കര്‍ച്ചീഫെടുത്ത് മുഖം അമര്‍ത്തി തുടച്ച് ശൃംഗാരച്ചിരി ചിരിക്കാന്‍ തുടങ്ങി.

ഞങ്ങള്‍ ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോള്‍ പെണ്‍കുട്ടികള്‍ എഴുന്നേറ്റ് ഒരു ഹായ് പറഞ്ഞ് മെല്ലെ ഞങ്ങള്‍ക്കടുത്തു വന്നിരുന്നു.

"ഹെല്ലോ" അവള്‍.

"ഹെല്ലോ" അബു.

"ഹെല്ലോ" കുഞ്ഞച്ചന്‍.

"ഹെല്ലോ" മറ്റവള്‍.

ഇക്കണക്കിനു പോയാല്‍ അനിയത്തിപ്രാവു റിപ്പീറ്റാവുമെന്ന് എനിക്കു തോന്നി. ആ സീന്‍ കഴിഞ്ഞ് ചേട്ടന്മാരുടെ കൂടെയുള്ള അടിസീന്‍ ഒഴിവാക്കാമെന്നോര്‍ത്ത് ഞാന്‍ മിണ്ടാതെയിരുന്നു. അപ്പൊഴേക്കും അതില്‍ ഒരു കുട്ടി മൊബൈല്‍ ഫോണെടുത്ത് വിളി തുടങ്ങി.

"ആപ് ലോഗ് ലോ കോളേജ് മേ പഠ്തേ ഹെ?"

മറ്റവള്‍ ഞങ്ങളോട്. ഹിന്ദിയോ! കുഞ്ഞച്ചനും അബുവും ഞെട്ടി, ഞങ്ങളീ നാടിലേയുള്ളതല്ല എന്ന ഭാവത്തില്‍ താഴോട്ടു നോക്കിയിരുന്നു. രാഷ്ട്രഭാഷ അല്പസ്വല്പം പഠിച്ചതിന്‍റെ പ്രയോജനമോര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു.

"ഹാം... ബോലിയേ."

"നഹി, ഐസേ ഹി, ഹം ഇധര്‍ ബൈഠേ ഥേ, തോ കുഛ് ലോഗ് ഡിസ്റ്റര്‍ബ് കര്‍നേ ആയേ."

"കര്‍ത്താവേ. ഞാന്‍ നെഞ്ചത്ത് കൈ വച്ചു. ഇത് അനിയത്തിപ്രാവ് കേസ് തന്നെ.

"ക്യാ ഹുവാ?"

അപ്പോഴേക്കും മറ്റേ കുട്ടി ഫോണ്‍ സംഭാഷണം നിര്‍ത്തി.

"തും നേ ബതായി ഉന്‍സേ?"

"ഹാം..." അവള്‍ തല കുലുക്കി.

ഫോണ്‍ വിളി കഴിഞ്ഞു വന്നവള്‍ ഞങ്ങളെ ഒന്നു സൂക്ഷിച്ചു നോക്കി.

"മലയാളിയാണോ?"

കൊഞ്ചുന്ന മലയാളം, ഞങ്ങളുടെ പ്രിയപ്പെട്ട ഭാഷ. അത്രയും നേരം താഴോട്ടു നോക്കിയിരുന്ന കുഞ്ഞച്ചനും അബുവും പെട്ടെന്ന് മുഖമുയര്‍ത്തി. ജീവിതത്തിലാദ്യമായി മലയാളം പറയുന്ന മറ്റൊരാളെ കണ്ടതു പോലെ അതിശയത്തോടെ അവര്‍ മുഖമുയര്‍ത്തി.

"അതേ........"

ഇത്രക്ക് ഒത്തൊരുമയോടെ ഒരു വാക്ക് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു പറയുന്നത് അന്നാദ്യമായിട്ടായിരിക്കും. അത്രയും നേരം സാഹോദര്യത്തോടെ കഴിഞ്ഞ ഞങ്ങള്‍ ജന്മശത്രുക്കളെ പോലെ പരസ്പരം തുറിച്ചു നോക്കാന്‍ തുടങ്ങി.

"ഞാന്‍ രേഖ. ലോ കോളേജില്‍ ഫൈനല്‍ ഇയറിനു പഠിക്കുന്നു. ഇതെന്‍റെ റൂം മേറ്റ് മീനല്‍."

ഞങ്ങള്‍ ചിരിച്ചു.

പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ഇരമ്പിക്കൊണ്ട് പാര്‍ക്കിന്‍റെ ഒരു വശത്തു വന്നു നിന്നു. ഇതു കണ്ടതും രേഖ എഴുന്നേറ്റ് ഒറ്റ ഓട്ടം. ഞങ്ങള്‍ ശരിക്കും വിരണ്ടു. ഇവള്‍ വല്ല നക്സലൈറ്റോ തീവ്രവാദിയോ ആണോ എന്നു വരെ സംശയം ഉണര്‍ന്നു. കൈകള്‍ നിലത്തു കുത്തി, ഏതു നിമിഷവും എഴുന്നേറ്റോടാന്‍ പാകത്തില്‍ മുള്ളിന്മേല്‍ ചന്തി മുട്ടിച്ചെന്ന പോലെ ഇരിക്കുകയാണ് ഞങ്ങള്‍. അഞ്ചു മിനിറ്റുനുള്ളില്‍ പാര്‍ക്കില്‍ നിന്ന് ഏഴു ചെക്കന്മാരെയും പൊക്കി ജീപ്പു പറന്നു.

രേഖ ചിരിച്ചു കൊണ്ട് കൈകള്‍ താളത്തില്‍ വീശിക്കൊട്ടിക്കൊണ്ട് നടന്നു വന്നു.

"ഡണ്‍...!"

മറ്റവളും ചിരിച്ചു. പതിയെ ഞങ്ങളോട് കുശലപ്രശ്നങ്ങള്‍ തുടങ്ങി.

"എവിടെയാ നാട്?"

"കോ... കോ... കോഴിക്കോട്..."

"വാ... വാ... വയനാട്..."

"മ... മ... മലപ്പുറം..."

എല്ലാവരുടെയും സ്വരം വിറക്കുന്നു. ആര്‍ക്കും വലിയ ധൈര്യമൊന്നുമില്ലെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലായി. കഷ്ടിച്ച് ചിരി വരുത്തി ഇരിക്കുമ്പോളും നെഞ്ചിന്‍കൂടിനകത്ത് ഉലക്കയിട്ടിടിക്കുന്നതു പോലൊരു മേളമാണ്.

അല്പനേരത്തെ സല്ലാപത്തിനു ശേഷം അവര്‍ പിരിഞ്ഞു പോയി.

"ഹൊ! അവളുടെയൊരു ഗട്‍സ്...!"

കുഞ്ഞച്ചന്‍ പിടിച്ചു വച്ചിരുന്ന ദീര്‍ഘനിശ്വാസം അഴിച്ചുവിട്ടു.

***************

ആ രേഖയെയാണ്, വാലന്‍റൈന്‍സ് ഡേയില്‍, അതും ഈ തടിമാടന്‍!

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്ങനെ വിശ്വസിക്കും!

അന്ന് നേരം ഇഴഞ്ഞിഴഞ്ഞാണ് പോയത്. കന്നഡക്കാരന്‍ കുക്ക് ശ്രീനിവാസിനോട് ചായ പിന്നെയും പിന്നെയും വാങ്ങിക്കുടിച്ച് ഒരു വിധം വൈകുന്നേരമാക്കി, പെഗ്ഗിലേക്കു കടന്നു.

എത്ര പെഗ്ഗടിച്ചിട്ടും ഓഫാവുന്നില്ല. കിടന്നിട്ട് ഉറക്കം പോലും വരുന്നില്ല. നാളെ, വാലന്‍റൈന്‍സ് ഡേയാണ്. മറ്റൊരാളും വാലന്‍റൈന്‍സ് ഡേയുടെ തലേന്ന് മറ്റൊരുത്തന്‍റെ പ്രണയത്തെക്കുറിച്ചോര്‍ത്ത് ഇത്ര വേവലാതിപ്പെട്ടിട്ടുണ്ടാവില്ല.

കുഞ്ഞച്ചന്‍ ഒരു തുള്ളി കഴിച്ചിട്ടില്ല. രാവിലെ കണ്ണ് തടിച്ചിരിക്കും, അടിച്ചാല്‍. രേഖക്ക് മനസ്സിലായാല്‍ മോശമല്ലേ, ദ്രോഹി! അവന്‍ കട്ടിലില്‍ കിടന്ന് കാലാട്ടി സ്വപ്നം കാണുകയാണ്.

ഏതാണ്ട് പന്ത്രണ്ട് ദുസ്വപ്നങ്ങളെങ്കിലും കണ്ടു കാണണം, അന്നു രാത്രി.

"എവിടെടാ എന്‍റെ ട്രൌസര്‍ര്‍ര്‍??????"

രാവിലെ കുഞ്ഞച്ചന്‍റെ ആക്രോശം കേട്ടാണ് ഞാനുണര്‍ന്നത്. നേരം ആറരയായതേയുള്ളു. ബാഗും അലമാരിയും തുണിയും ബെഡ്‍ഷീറ്റുമെല്ലാം അവിടവിടെ കിടക്കുന്നു. എന്‍റെ ലുങ്കി വരെ വാതിലിന്‍റെ മൂലക്കല്‍ കിടക്കുന്നു. ഞാന്‍ ഓടിച്ചെന്ന് അതെടുത്ത് വാരിച്ചുറ്റി. അബു വാതില്‍ക്കല്‍ അന്തം വിട്ട് നില്‍ക്കുന്നു.

"എന്താടാ?"

ചോദ്യം കേട്ട് കുഞ്ഞച്ചന്‍ കലിപ്പോടെ എന്‍റടുത്തു വന്നു.

"സത്യം പറയെടാ, നീയല്ലേ എന്‍റെ ട്രൌസറെടുത്തത്?"

"എനിക്കതല്ലേ പണി, അവിടെവിടെങ്കിലും കാണും. തപ്പിയെടുക്ക്."

ഞാന്‍ ശ്രീനിവാസ് കൊണ്ടുത്തന്ന ചായ ഒരു കവിള്‍ മൊത്തി. കുഞ്ഞച്ചന്‍ അരിശത്തോടെ വീണ്ടും വലിച്ചു വാരിയിടാന്‍ തുടങ്ങി. അബു നിസ്സഹായതയോടെ കുഞ്ഞച്ചനെ ഒന്നു നോക്കിയ ശേഷം പത്രമെടുത്തു നിവര്‍ത്തി.

"ട്രൌസര്‍ കളഞ്ഞു പോയി. യുവാവ് ജട്ടിയിട്ടു തിരയുന്നു."

അബു പത്രത്തിലെന്ന പോലെ. കുഞ്ഞച്ചന്‍ കൃദ്ധനായി അബുവിനെ ഒന്നു നോക്കിയ ശേഷം തിരച്ചില്‍ തുടര്‍ന്നു.

"എടാ പപ്പൂസേ, ഈ ബര്‍മുഡ ട്രയാംഗിള്‍ എന്നു പറയുന്നത് ഏതാണ്ടെല്ലാം കാണാതെ പോകുന്ന സ്ഥലമല്ലേ?"

ഇതോടെ കുഞ്ഞച്ചന്‍റെ നിയന്ത്രണം വിട്ടു. അവന്‍ പാഞ്ഞു വന്ന് പത്രം തട്ടിപ്പറിച്ച് പന്ത്രണ്ടു കഷണമാക്കി കീറിയെറിഞ്ഞു. ശബ്ദം കേട്ട് അടുക്കളയില്‍ നിന്ന് ശ്രീനിവാസ് ഓടിക്കിതച്ചു വന്നു.

"ഏനില്ല, നീവു ഹോഗി."

ഞാന്‍ ശ്രീനിവാസിനെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു. തിരിഞ്ഞു നടക്കുന്ന ശ്രീനിവാസിന്‍റെ മടക്കിക്കുത്തിയ ലുങ്കിക്കടിയിലെ നീല്ലക്കളര്‍ ഞാനപ്പോളാണ് ശ്രദ്ധിച്ചത്. ഞാന്‍ മെല്ലെ അടുക്കളവാതില്‍ക്കല്‍ ചെന്ന് എത്തി നോക്കി.

ഉപ്പുമാവിന് കുനിഞ്ഞ് നിന്ന് എണ്ണ ചൂടാക്കുന്ന ശ്രീനിവാസിന്‍റെ ലുങ്കിക്കടിയിലെ അണ്ടര്‍വെയറിന്‍റെ, ഡ്രോയറിന്‍റെ തുമ്പ്, നീല നിറമുള്ള, വശങ്ങളില്‍ വെള്ള വരയുള്ള അഡിഡാസ്...!!

എനിക്കു ചിരിയടക്കാനായില്ല. ഞാന്‍ അബുവിനെ വിളിച്ചു. കാഴ്ച കണ്ട് അബുവിനും ചിരിയടക്കാനായില്ല. ഞങ്ങളുടെ ചിരി കണ്ട് സംശയം തോന്നിയ കുഞ്ഞച്ചന്‍ അങ്ങോട്ട് പാഞ്ഞു വന്നു. സ്തബ്ധനായി! വ്രണിതഹൃദയനായി!! പരവേശനായി!!!

ശ്രീനിവാസ് ചൂടായ എണ്ണയിലേക്ക് അരിഞ്ഞു വച്ച സവാള ചൊരിഞ്ഞു.

ശ്..ശ്...ശ്ശ്...ശ്ശ്....ശ്...ശ്ശ്...

ചീനച്ചട്ടിയില്‍ നിന്നും പുകഞ്ഞു പൊങ്ങുന്ന ശബ്ദത്തിനും മീതെ ഒരു ആര്‍ത്തനാദം കേട്ട് ശ്രീനിവാസ് ഞെട്ടിത്തിരിഞ്ഞു.

"ശ്രീനിവാ.....സ്...സ്....സ്സ്....സ്..സ്സ്...!!!! നീവു യാക്കെ നമ്മ ട്രൌസര്‍ ഹാക്കിദ്ദൂ....??!!"

കുഞ്ഞച്ചന്‍റെ അലര്‍ച്ച കേട്ട് ശ്രീനിവാസ് നിന്നു വിറച്ചു.

"അദു... നാനു... നനഗെ... കിച്ചണല്ലി.... സീക്... സീക്‍തു...."

"ബിച്ചൂ..." (ഊര്...)

ശ്രീനിവാസ് നൊടിയിടക്കുള്ളില്‍ ട്രൌസര്‍ ഊരി കുഞ്ഞച്ചന്‍റെ കയ്യില്‍ കൊടുത്തു.

കുഞ്ഞച്ചന്‍ തിരിഞ്ഞു നടന്നു. സംശയത്തോടെ ഒരു നിമിഷം നിന്നു. ട്രൌസറിലേക്കും ശ്രീനിവാസിന്‍റെ ലുങ്കിയിലേക്കും മാറിമാറി നോക്കി.

പെട്ടെന്ന് ഓടിച്ചെന്ന് ശ്രീനിവാസിന്‍റെ ലുങ്കി പിടിച്ച് പൊക്കി നോക്കി.

"ഇയ്യാള് വേറൊന്നും ഇട്ടിട്ടില്ലെടാ..."

കരച്ചിലിന്‍റെ വക്കത്തെത്തിയ കുഞ്ഞച്ചന്‍ ട്രൌസര്‍ ശ്രീനിവാസിന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് നേരെ റൂമില്‍ ചെന്ന് കട്ടിലില്‍ കമിഴ്‍ന്നു വീണ് ഏങ്ങാന്‍ തുടങ്ങി.

അടുക്കളയില്‍ നിന്നും ശ്രീനിവാസിനെ സമാധാനിപ്പിച്ചു വന്ന ഞങ്ങള്‍ കണ്ടത് റൂമിന്‍റെ വാതില്‍ക്കല്‍ കണ്ണു തള്ളി നില്‍ക്കുന്ന രേഖയെയാണ്.

"കുഞ്ഞച്ചന്‍?"

അവള്‍ സംശയത്തോടെ ചോദിച്ചു. ഞങ്ങള്‍ കട്ടിലിലേക്ക് വിരല്‍ ചൂണ്ടി. അവളുടെ കണ്ണ് വീണ്ടും തള്ളി. ഞങ്ങള്‍ അകത്തേക്ക് ഏന്തി നോക്കി.

കട്ടിലിനു മുകളില്‍ വെറും ജട്ടിയില്‍ കമിഴ്‍ന്നു കിടക്കുന്ന കുഞ്ഞച്ചന്‍റെ ജട്ടിയുടെ പിറകില്‍ ആറു തുളകള്‍!

രേഖ പുറത്തേക്കു നടന്നു. ഞാന്‍ പിന്നാലെ ചെന്നു. ഒരു കെട്ടു പുസ്തകങ്ങള്‍ എന്‍റെ കയ്യില്‍ തന്നിട്ട് അവള്‍ പറഞ്ഞു.

"തേഡ് ഇയറിന് ഇപ്പഴേ പ്രിപ്പയര്‍ ചെയ്യാന്‍ പുസ്തകങ്ങള്‍ വേണംന്ന് കുഞ്ഞച്ചന്‍ പറഞ്ഞിരുന്നു. അമ്പലത്തില്‍ വരുന്ന വഴി ഇവിടെ കാണാമെന്നു പറഞ്ഞു. ഇതു കൊടുത്താല്‍ മതി."

നടക്കുന്നതിനിടയില്‍ അവള്‍ ഒന്നു തിരിഞ്ഞു നിന്നു ചിരിച്ചു.

"ഹാപ്പി വാലന്‍റൈന്‍സ് ഡേ റ്റു യൂ ഓള്‍. അവനോടും പറഞ്ഞേക്ക്, എണീക്കുമ്പോ."

സംഗതിയുടെ കിടപ്പുവശം അപ്പോളാണ് ഞങ്ങള്‍ക്കു പിടി കിട്ടിയത്.

ഞാന്‍ അകത്തു ചെന്നു. അബുവും. പുസ്തകങ്ങള്‍ ഞാന്‍ അവന്‍റെ ദേഹത്തേക്ക് കുടഞ്ഞിട്ടു. ചാടിയെണീറ്റ കുഞ്ഞച്ചന്‍ തുളകള്‍ മറച്ചു പിടിച്ച് ഞങ്ങളെ നോക്കി.

"അവളെവിടെ? വന്നോ?"

ഞാന്‍ അബുവിനെ കണ്ണിറുക്കി കാണിച്ചു.

രണ്ടു കൈകളും മുകളിലേക്കു ചേര്‍ത്തു പിടിച്ച്, കുഞ്ഞച്ചന്‍റെ നടുമ്പുറത്തിട്ടു പെരുക്കി ഉറക്കെ ചിരിച്ചുകൊണ്ട് ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു.

"അ....ടി....ദാ....സ്....!!!!!!"

ജാള്യത്തില്‍ നിന്നും മെല്ലെ പടി കയറി വന്ന കുഞ്ഞച്ചനും ഞങ്ങളുടെ പൊട്ടിച്ചിരിയില്‍ പങ്കു ചേര്‍ന്നു.

***************

ദിവസങ്ങള്‍ക്കു ശേഷം അബു എന്നോടു പറഞ്ഞത്:
കുഞ്ഞച്ചന്‍റെ പുതിയ അഡിഡാസ് ഷോര്‍ട്‍സ് കണ്ട് അസൂയ മൂത്ത അബു പാതിരാക്ക് ബാഗില്‍ നിന്നും തപ്പിയെടുത്ത് രാത്രി മുഴുവന്‍ അതു പന്താക്കി ഫുട്‍ബോള്‍ കളിച്ച്, അടുക്കള വാതിലിലൂടെ ഒരു ഗോളും അടിച്ചാണത്രേ കിടന്നത്. ആ മൂലയില്‍ നിന്നും കിട്ടിയ ശ്രീനിവാസ് പഴയതാണെന്നു കരുതിയിട്ടാവും എടുത്തിട്ട് നോക്കിയത്! ഈ വിവരം ഇതു വായിക്കും വരെ കുഞ്ഞച്ചനറിയില്ല. അബു ഭാഗ്യവശാല്‍ ദുബായിലാണ് എന്നതു കൊണ്ടും ഇനി രണ്ടു വര്‍ഷമെങ്കിലും കഴിയാതെ മടങ്ങി വരില്ല എന്നതു കൊണ്ടും ഈ രഹസ്യം ഞാന്‍ ഇപ്പോള്‍ വെളിച്ചത്താക്കുന്നു.

18 comments:

പകല്‍കിനാവന്‍ | daYdreaMer said...

അടിപൊളി.. പപൂസ്... മാലപ്പടക്കം...!!

പാമരന്‍ said...

ഹ ഹ ഹ! അടിദാസ്‌!

simy nazareth said...

:) kidilam

sreeni sreedharan said...

കുഞ്ഞച്ചന്‍ സീറോ സീറൊ സിക്സ് ;)

krish | കൃഷ് said...

ha ha..
aTi daas.
:)

Babu Kalyanam said...

:-))

Thaikaden said...

Enthayalum A/c. pidippicha jetty kaananulla yogam Rekhaykku kittiyallo. Adi, das.

Sherlock said...

ട്രൌസര്‍ കളഞ്ഞു പോയി. യുവാവ് ജട്ടിയിട്ടു തിരയുന്നു."

ha ha.. nice one pappoos :)

Happy valentines day

വെളിച്ചപ്പാട് said...

ചിരിച്ചു ചിരിച്ചു മണ്ണു കപ്പിയത് പോലെ ആയി.

nandakumar said...

a........d.......i......d.....a....s

Thakarthishtaaa......thakarthu...

HAhaHahaHa
engine saadhikkunnishtaa engineyokke ezhuthipidippikkan....?? Namoooonamaha....

ശ്രീ said...

ശരിയ്ക്കു ചിരിച്ചു, പപ്പൂസേ... പാവം കുഞ്ഞച്ഛന്‍!

G.MANU said...

haha kasari

ജഗ്ഗുദാദ said...

KIDU KIDU ANNNA... :)

ഞാന്‍ ആചാര്യന്‍ said...

ബുഹഹഹ..

പറഞ്ഞാലും പറഞ്ഞാലും തീരാത്ത ജട്ടി-അണ്ടര്‍ വേറ് കഥകള്‍

വിന്‍സ് said...

hahaha....pappoose annan is back!!!

Anonymous said...

ha ha ha kollam

കുറുമാന്‍ said...

അടിദാസ് കസറി....ബൂ ഹ ഹ....കുറേ നാളായിട്ട്റ്റൊന്ന് ചിരിച്ചു. പ്രത്യേകിച്ചും ആ ഉള്ളി ചീനചട്ടിയിലിടുന്ന ശബ്ദത്തിന്റെ ഭാഗം വന്നപ്പോള്‍ കണ്ട്രോള്‍ പോയിസ്റ്റാ.

hi said...

hahaa.. ithu kalakki :)