Monday, May 26, 2008

കൊതുകിനെ തല്ലിക്കൊല്ലരുത്!

ഗുല്‍ബര്‍ട്ട് ബുള്ളറ്റില്‍ കയറി ഇരുന്നു. ഇടതുകാല്‍ നിലത്തു കുത്തി ബാലന്‍സ് ചെയ്ത ശേഷം നെഞ്ചില്‍ കെട്ടി വച്ച തുണിസഞ്ചി പോലെ ഞാന്നു കിടക്കുന്ന കുടവയര്‍ അയാള്‍ ടാങ്കിനു മുകളില്‍ കയറ്റി വച്ചു. ’ടാങ്കറിനു മുകളിലെ ടാങ്ക്’ എന്ന് ബുള്ളറ്റിലിരിക്കുന്ന ഗുല്‍ബര്‍ട്ടിനെ പരാമര്‍ശിച്ച് കാര്‍ത്തിക് പറഞ്ഞതോര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു.

"തനിക്ക് ഞാന്‍ പറഞ്ഞതൊന്നും വിശ്വാസം വരുന്നില്ല അല്ലേ?"

ഗുല്‍ബര്‍ട്ടിന്‍റെ മുഴക്കമുള്ള ശബ്ദം ചെവിയില്‍ പതിച്ചപ്പോള്‍ ഞാന്‍ ഉണര്‍ന്നു.

"കയറ്..."

പിന്‍സീറ്റിലേക്ക് തലചെരിച്ചാട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. അനുസരണയോടെ ഞാന്‍ കയറിയിരുന്നു. വണ്ടി മുന്നോട്ടു കുതിക്കും തോറും മേഘപടലം പോലെ പിന്നില്‍ കുമിഞ്ഞു കൂടിയ പുക എന്‍റെ കാഴ്ചാസ്വാതന്ത്ര്യത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ബുള്ളറ്റ് നാടു വിട്ടു കാടു കയറിയതും, ഉള്‍ക്കാട്ടിലെങ്ങോ വിജനമായ ഒരു ബംഗ്ലാവിന്‍റെ മുന്‍ഭാഗത്തു ചെന്നു നിന്നതുമൊക്കെ പുകപടലങ്ങള്‍ക്കിടയിലൂടെ ഒരു സ്വപ്നത്തിലെന്നവണ്ണം ഞാന്‍ അറിഞ്ഞു.

ഗുല്‍ബര്‍ട്ട് സഞ്ചിയില്‍ വച്ചിരുന്ന വലിയ താക്കോലെടുത്ത് വാതില്‍ തുറന്നു. കൊടിയ ശബ്ദത്തോടെ വാവലുകള്‍ പുറത്തേക്കിരമ്പിപ്പാഞ്ഞു. ഞാന്‍ പേടിയോടെ ചെവികള്‍ പൊത്തി.

"കടന്നു വരൂ."

ഗുല്‍ബര്‍ട്ട് ആവശ്യപ്പെട്ടു. വളരെ യാന്ത്രികമായി ഞാന്‍ അയാളെ പിന്തുടര്‍ന്നു.

"ഇതാണ്, എന്‍റെ ലോകം."

അയാള്‍ കുപ്പായം അഴിച്ച് അയയില്‍ തൂക്കി.

"ചീവീടുകളും വാവലുകളും പുഴുക്കളും എലികളും കൊതുകും ഈച്ചയും എല്ലാമടങ്ങിയ ഒരിടം തേടി നടക്കുകയായിരുന്നു ഞാന്‍, കഴിഞ്ഞ ആണ്ടു വരെ."

ഞാന്‍ അദ്ഭുതത്തോടെ അയാളെ നോക്കി. ഗുല്‍ബര്‍ട്ടിന്‍റെ ബംഗ്ലാവില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് മൈക്രോസ്കോപ്പും ടെസ്റ്റ്യൂബുകളും കെമിക്കല്‍സും ആധുനിക ഉപകരണങ്ങളുമടങ്ങിയ ഒരു ലബോറട്ടറിയായിരുന്നു. ഇത്...

എന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം ഗുല്‍ബര്‍ട്ടിനു മനസ്സിലായെന്നു തോന്നുന്നു. ഒരു ചിരിയോടെ അയാള്‍ ഒരു ബീഡിക്കു തീ കൊടുത്തു.

"മനുഷ്യന് ഭീഷണിയായ എല്ലാ ക്ഷുദ്രജീവികളും ഇവിടെയുണ്ട്. ഇവരെക്കൊല്ലാനുള്ള പുതിയ വിദ്യകളല്ലേ ഞാന്‍ പരീക്ഷിക്കുന്നത്? ആയിരക്കണക്കിനു ജീവികളെ ഞാന്‍ കൊന്നും കൊല്ലാതെയും പരീക്ഷണം നടത്തി. പക്ഷേ, എന്നെത്തോല്‍പ്പിച്ചു കൊണ്ട് അവര്‍ വീണ്ടും വീണ്ടും പെറ്റു പെരുകി...

വിട്ടു കൊടുത്തില്ലാ ഞാന്‍...."

ഉന്മാദനായി അയാള്‍ അലറി. പേടി കൊണ്ട് എന്‍റെ നെഞ്ച് ക്ഷുദ്രജീവികള്‍ വന്ന് കാര്‍ന്നു തിന്നുന്നതു പോലെ എനിക്കു തോന്നി.

"യെസ്... ഒടുക്കം.... ഒടുക്കം ഞാനതു കണ്ടെത്തിയിരിക്കുന്നു പപ്പൂസ്..."

മേശപ്പുറത്ത് ചെത്തിയുണ്ടാക്കിയ ചെറിയ ഓട്ടയില്‍ ഇറക്കി വച്ചിരുന്ന ഒരു മുളങ്കുറ്റി അയാള്‍ കയ്യിലെടുത്തു.
"ഇതാണ് ഗുല്‍ബര്‍ട്ട്സ് ലിക്വിഡ്. പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയോ തീയോ വേണ്ട. ഇത്തിരി സോഡിയം ബയോ കാര്‍ബണേറ്റ് മാത്രം മതി."

"ഹ! അതെവിടെക്കിട്ടും മാഷേ? കെമിക്കല്‍സിനൊക്കെ ഒടുക്കത്തെ വിലയല്ലേ?"

ബംഗ്ലാവിലെയും ചുറ്റുവട്ടത്തെയും സെറ്റപ്പ് ഒക്കെക്കണ്ട് ബ്ലഡ് പ്രെഷര്‍ ഇരുന്നൂറ്റമ്പതില്‍ എത്തി നില്‍ക്കുമ്പോള്‍പ്പോലും കൌതുകം മറച്ചു വക്കാന്‍ എനിക്കായില്ല.

ഗുല്‍ബര്‍ട്ട് നിര്‍ന്നിമേഷനായി എന്നെ നോക്കി. ആ മുഖത്തെ ഉത്സാഹം ഒട്ടൊന്നു ചോര്‍ന്നു പോയെന്ന് എനിക്കു തോന്നി.

"അപ്പക്കാരമാണെടോ"

അല്പം ഒന്നിളിഭ്യനായെങ്കിലും ഗുല്‍ബര്‍ട്ട് മനുഷ്യന്മാരെപ്പോലെ നല്ല മലയാളം സംസാരിച്ചതില്‍ എനിക്കു സന്തോഷം തോന്നി.

ഗുല്‍ബര്‍ട്ട് തുടര്‍ന്നു.

"ഒരു ചെറിയ കുപ്പിയില്‍ ഈ ലായനിയെടുത്ത് ഒരു നുള്ള് അപ്പക്കാരം, ഐ മീന്‍ ബേക്കിംഗ് സോഡ, ഇടുക. ദാ ഇതു പോലെ."

അടുത്ത് ഒരു കുപ്പിയിലിരുന്ന വെളുത്ത പൊടിയെടുത്ത് അയാള്‍ മുളങ്കുറ്റിയിലിട്ടു. നനുനനുത്ത ആവി പോലെ ഒരു പുക മുകളിലേക്കുയര്‍ന്നു പൊങ്ങി. ഗുല്‍ബര്‍ട്ട് അതിലേക്കു നോക്കിക്കൊണ്ടു തുടര്‍ന്നു.

"ഒരു സവിശേഷ ഇന്ധനമാണ് ഈ ലായനിയിലെ മുഖ്യ ഘടകം. ഈ രാസപ്പുക ശ്വസിക്കുന്ന ആണ്‍കൊതുകിന്‍റെ പ്രത്യുല്പാദനശേഷി ക്രമേണ നഷ്ടപ്പെടും. പെണ്‍കൊതുകിന് മുട്ടയിടാന്‍ കഴിയാതെയാവും. ഇതിന്‍റെ ഉപയോഗം ലോകത്തങ്ങോളമിങ്ങോളമെത്തുന്നതോടെ കൊതുകെന്ന വര്‍ഗ്ഗം തന്നെ ഇല്ലാതാവും!"

"ഹമ്പമ്പോ, എന്തൊരു കണ്ടുപിടുത്തം!" ഞാന്‍ കണ്ണൂ മിഴിച്ചു.

"ഒന്നു മണത്തു നോക്കൂ" ഗുല്‍ബര്‍ട്ട് എന്നെ ക്ഷണിച്ചു.

"വേണ്ട, കല്യാണം തീരുമാനിച്ച സമയമാണ്..." ഞാന്‍ ഒഴിഞ്ഞു മാറി.

"മനുഷ്യര്‍ക്ക് ഒരു കുഴപ്പവുമുണ്ടാവില്ല... ധൈര്യമായി വരൂ"

ഞാന്‍ ധൈര്യം സംഭരിച്ച് അടുത്തു ചെന്നു. മുഖം കുനിച്ച് മുളങ്കുറ്റിയിലേക്ക് അടുപ്പിച്ചു വച്ചു ഞാന്‍ ശ്വസിച്ചു. രാസപ്പുക നാസാരന്ധ്രങ്ങളിലേക്കടിച്ചു കേറുമ്പോള്‍ അറിയാതെ എന്‍റെ അടിവയറ്റില്‍ ഒരു കാളല്‍ അനുഭവപ്പെട്ടു. ഞാന്‍ ഞെട്ടി പുറകോട്ടു മാറി. എന്‍റെ മോളേ! എന്നെങ്കിലും പിറന്നേക്കാവുന്ന ആ ആത്മാവിനു വേണ്ടി ഒരു നിമിഷം നെഞ്ചില്‍ കൈ വച്ചു കൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കി.

ആ കാഴ്ച എനിക്കു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.... ഹൃദയമിടിപ്പു നിന്നു പോകുന്നതു പോലെ!

ഗുല്‍ബര്‍ട്ടിനു മുമ്പില്‍ നിന്ന ഒരു കൊതുക് പതിയെപ്പതിയെ വലുതായി വരുന്നു....

മുട്ടുകാലും കസേരയും മേശയും കടന്ന് അതു വലുതായിക്കൊണ്ടിരുന്നു. കുഞ്ഞുകണ്ണുകള്‍ ഒരു കടലോളം വെള്ളം പേറുന്ന ജലാശയമായി. നേര്‍ത്ത കാലുകള്‍ വളഞ്ഞുകുത്തിയ മുളങ്കോലുകളായി. ഒറ്റക്കൊമ്പ് ഇരുമ്പുലക്കയായി...

വിമാനച്ചിറകുകളെ തോല്പിച്ച് വളര്‍ന്ന ആ ചിറകുകളിലൊന്നിന്‍റെ ചെറുസ്പര്‍ശനമേറ്റ് നാലടിപ്പൊക്കമുള്ള മേശ മറിഞ്ഞു വീണു. ഗുല്‍ബര്‍ട്ടിന്‍റെ ലായനി നിലത്തു കിടന്ന് പുകഞ്ഞൊഴുകി...

ഗുല്‍ബര്‍ട്ടിന്‍റെ മുഖത്ത് പേടി നിറഞ്ഞു ചിന്തി. ഇടറുന്ന കാലുകളോടെ അയാള്‍ പുറകോട്ട് നടന്നു. ഞാന്‍ കതകിനു പുറകില്‍ മറഞ്ഞിരുന്നു.

"നിനക്കു ഞങ്ങടെ കുലം മുടിക്കണം അല്ലേടാ?"

കൊതുകിന്‍റെ ശബ്ദം കാട്ടിലാകെ അലയടിച്ച് തിരിച്ചു വന്നു! ഗുല്‍ബര്‍ട്ട് ഭയന്നു നിലവിളിച്ചു. കൊതുക് തന്‍റെ കൂര്‍ത്ത കൊമ്പ് ഗുല്‍ബര്‍ട്ടിന്‍റെ നെഞ്ചില്‍ കുത്തിയിറക്കി!!!

ഹാ! ശ്വാസമടക്കിപ്പിടിച്ച് അതു കണ്ടുകൊണ്ടു നിന്ന എന്‍റെ കണ്ണുകള്‍ അറിയാതെ കൂമ്പിപ്പോയി.

ബോധം വന്നപ്പോള്‍ ഞാന്‍ നിലത്തു വെറും പുല്ലില്‍ കിടക്കുകയാണ്. കണ്ടതൊക്കെ ഒരു സ്വപ്നമായിരിക്കണേ എന്ന ആഗ്രഹത്തോടെ ഞാന്‍ ചുറ്റുപാടും നോക്കി. എന്‍റെ ഭയം ഇരട്ടിയായി. ആയിരക്കണക്കിന് കൊതുകുകള്‍ ചുറ്റുപാടും ഇരമ്പിപ്പറക്കുന്നു. ചിലര്‍ എന്‍റെ കാലിലും വയറ്റിലുമൊക്കെയിരുന്ന് ആഞ്ഞു വലിച്ചു കുടിക്കുന്നു.

കൂട്ടത്തില്‍ അല്പം വലിപ്പം കൂടുതല്‍ തോന്നിച്ച ഒരു കൊതുക് എന്‍റെ മൂക്കിന്മേല്‍ കയറിയിരുന്നു. ഭയം കാരണം ഞാന്‍ അനങ്ങിയില്ല. കൊതുകു സംസാരിച്ചു തുടങ്ങി.

"ഞാനാണ് നേരത്തേ ഗുല്‍ബര്‍ട്ടിനെ തട്ടിയത്!"

ഞാന്‍ ഞെട്ടിത്തരിച്ചു. എന്‍റെ ഹൃദയമിടിപ്പ് പരിധി വിട്ടപ്പോള്‍ നെഞ്ഞിനു മുകളിലിരുന്ന് അര്‍മ്മാദിച്ച് ചോര കുടിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞു കൊതുക് ഭയന്നെണീറ്റു പറന്നു.

"ചോര കുടിച്ച് ജീവിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ് പപ്പൂസേ. അതിലിടപെടാന്‍ താനടക്കം ഒരുത്തനും വരരുത്. കുറേയൊക്കെ സഹിച്ചു, പക്ഷേ ഞങ്ങളെ വന്ധ്യരാക്കുമെന്ന് വരെ കേട്ടപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല."

ഭയം എന്‍റെ തൊണ്ടയില്‍ക്കിടന്ന് മുറവിളി കൂട്ടുന്നുണ്ടായിരുന്നു. പക്ഷേ ശബ്ദമൊന്നും പുറത്തു വന്നില്ല.
കൊതുകിന്‍റെ ഒച്ചയുയര്‍ന്നു.

"തിരി, ലിക്വിഡേറ്ററ്, ബാറ്റ്, ബാറ്ററി, നിര്‍മാര്‍ജനം.... കലിച്ചു വരുന്നുണ്ടെനിക്ക്...."

കൊതുക് അല്പാല്പം വലുതാവാന്‍ തുടങ്ങി. ആ കണ്ണുകളും കൊമ്പും ഞാന്‍ വീണ്ടും കണ്ടു. ഗുല്‍ബര്‍ട്ടിന്‍റെ നെഞ്ച്! ഒരു കൊതുക് വന്ന് വലിയ കൊതുകിന്‍റെ പുറത്തു തലോടി, എന്നെ നോക്കി പറഞ്ഞു.

"പുള്ളിക്കാരന് ദേഷ്യം വന്നാലിങ്ങനെയാ. വലുതാവും. പേടിക്കേണ്ട, ഒന്നും ചെയ്യില്ല."

എനിക്കാശ്വാസമായി.

"ഒന്നുമില്ലേലും ഞങ്ങള് കാരണം നിങ്ങളെത്ര പേര് ജീവിക്കുന്നുണ്ടെടോ?"

അങ്ങേര്‍ വിടുന്നില്ല.

"തിരിയുണ്ടാക്കുന്ന കമ്പനി മുതലാളി, അവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്, അതിന് കാര്‍ഡ്ബോര്‍ഡ് പാക്കറ്റുണ്ടാക്കുന്നവര്....

ലിക്വിഡുണ്ടാക്കുന്നവര്, മാറ്റുണ്ടാക്കുന്നവര്, അതു കത്തിക്കാന്‍ കറന്‍റുണ്ടാക്കുന്നവര്, അവിടത്തെയൊക്കെ തൊഴിലാളികള്...

ബാറ്റ് ഉണ്ടാക്കുന്ന കമ്പനി, അതിലെ കമ്പിയുണ്ടാക്കുന്ന മറ്റൊരു കമ്പനി, പ്ലാസ്റ്റിക്ക് ബോഡിയുണ്ടാക്കുന്ന വേറൊരു കമ്പനി, ബാറ്ററിയുണ്ടാക്കുന്നവര്, ഇവിടത്തെയൊക്കെ ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികള്, ഇതൊക്കെ വിറ്റു ജീവിക്കുന്ന കച്ചവടക്കാര്, അവരുടെ ഏജന്‍റുമാര്....

ഇതിന്‍റെയൊക്കെ പരസ്യം കാണിക്കുന്ന ചാനലുകള്, പത്രങ്ങള്, ഇന്‍റര്‍നെറ്റ് മാധ്യമങ്ങള്, അവിടത്തെ തൊഴിലാളികള്....

മലേറിയേം ചിക്കന്‍ഗുണിയേമൊക്കെ കൊണ്ട് ഞങ്ങള് വരുമ്പോള്‍ അതു ചികിത്സിക്കുന്ന ഡോക്ടര്‍മാര്, ആശുപത്രികള്, അവിടത്തെ മറ്റു സ്റ്റാഫ്....

അങ്ങ് മസാചുസിറ്റ്‍സില് കൊതുകുനിയന്ത്രണ ബോര്‍ഡെന്നൊരു ബോര്‍ഡു തന്നെയുണ്ട്....

എന്തിന്, നിങ്ങള് ഐടിക്കാരു വരെ മൊസ്ക്വിറ്റോ റിപ്പല്‍ എന്നൊരു സോഫ്‍റ്റ്വെയറുണ്ടാക്കി കഞ്ഞി കുടിക്കുന്നില്ലേടോ...

നാട്ടിലും കാട്ടിലുമൊക്കെ ഉണ്ടായിരുന്ന കുറ്റിക്കാടും പുല്ലും മൊത്തം വെട്ടി നിരത്തി, ഞങ്ങള് താമസിച്ചു കൊണ്ടിരുന്നിടമൊക്കെ തീകൂട്ടി കത്തിച്ചും മരുന്നു തളിച്ചും നശിപ്പിച്ച്....

ജന്മം കൊണ്ട് പഴവും പച്ചക്കറിയും കഴിച്ചു ജീവിക്കേണ്ട നീയൊക്കെ കണ്ട ആടിനേം മാടിനേം കോഴിയേമൊക്കെ കൊന്നു കറി വച്ച് തിന്നുന്നു....

ചോര മാത്രം കുടിച്ച് ജീവിക്കേണ്ട ഞങ്ങള്‍ക്കൊന്നും അതിനൊട്ടു സ്വാതന്ത്ര്യവുമില്ലാതായോ?

എന്നിട്ടും ഞങ്ങളൊരക്ഷരം മിണ്ടിയോ?

പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ ഞങ്ങള്‍ക്കുമുണ്ടാവുമെടോ എവിടെയെങ്കിലുമൊക്കെ ഒരു പങ്ക്. അന്വേഷിച്ചു കണ്ടു പിടിച്ച് ഞങ്ങളില്ലാതാവുമ്പോ നിനക്കൊക്കെ കുത്തിയിരുന്ന് സ്മരിച്ച് കവിതയെഴുതാം.... ഒരു കൊതുകുണ്ടായിരുന്നെങ്കില്‍...ന്ന്!

ഫുല്ലന്‍മാര്‍..... എന്നിട്ടിപ്പോ വന്ധ്യംകരണവുമായി വന്നിരിക്കുന്നു..."

കൊതുകു വീണ്ടും വലുതായിക്കൊണ്ടിരുന്നു. അതിന്‍റെ കണ്ണിലെ നീലപ്പരപ്പ് ചുകന്നു തുടങ്ങി. മെല്ലെ മെല്ലെ അതെന്‍റെയടുത്തേക്ക് വന്നു. ഞാന്‍ വിറച്ചു...

എന്‍റെ തൊട്ടു മുന്നിലെത്തിയ കൊതുക് ഉഗ്രാവേശത്തോടെ അതിന്‍റെ കൊമ്പ് മുകളിലേക്കുയര്‍ത്തി. ഗുല്‍ബര്‍ട്ടിന്‍റെ ചോര ഇനിയും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നു...

"ഹെന്‍റമ്മോ......"

കരച്ചിലോടെ, വെപ്രാളത്തോടെ ഞാന്‍ പിടഞ്ഞെണീറ്റു. കുഞ്ഞച്ചന്‍ എന്‍റെ കയ്യില്‍ കയറി പിടിച്ചു. കട്ടിലില്‍ നിന്നും താഴെ വീഴാതിരിക്കാന്‍ ഞാന്‍ വിഷമിച്ചു.

കിടക്കപ്പായിലാണെന്ന ബോധം വന്നപ്പോളും ഭീതി എന്നെ എന്നിട്ടും വിട്ടുമാറിയില്ല. യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വരാന്‍ ഞാന്‍ വീണ്ടും സമയമെടുത്തു...

എന്‍റെ കൈത്തണ്ടയില്‍ ഒരു കൊതുകു വന്നിരുന്നു. ഞാന്‍ ഭയത്തോടെ അതിനെ നോക്കി. കുഞ്ഞച്ചന്‍ എന്‍റെ മുഖത്തേക്ക് നോക്കി. ആദ്യമായി എന്‍റെ മനസ്സിലുള്ളതെല്ലാം അവനു മനസ്സിലായതു പോലെ. മുഖം കുനിച്ച്, എന്‍റെ കൈത്തണ്ട കടിച്ചു വേദനിപ്പിച്ച ആ കൊതുകിനെ അവന്‍ ഊതിയകറ്റി.

ഞങ്ങള്‍ വീണ്ടും കിടക്കയിലേക്കു മറിഞ്ഞു.

കണ്ണടച്ച് പലതും ഓര്‍ത്തെടുക്കുന്നതിനിടെ പതിഞ്ഞ ശബ്ദത്തില്‍ കുഞ്ഞച്ചനെന്നോട് പറഞ്ഞു.

"ബ്രാന്‍ഡ് മാറിയടിക്കണ്ടാന്ന് ഞാന്‍ പലവട്ടം പറഞ്ഞതല്ലേടാ, രാത്രി?"

17 comments:

പപ്പൂസ് said...

ഒരു സംഭവകഥ: മിനിഞ്ഞാന്ന് സംഭവിച്ചത്. ബ്രാന്‍ഡ് മാറിയടിച്ചാലും ഇനി കൊതുകിനെ തല്ലൊക്കൊല്ലാന്‍ ഞാനില്ലേ. മാറ്റോ ബാറ്റോ ലിക്വിഡോ എന്തരോ വാങ്ങാം. ഇല്ലേല്‍ എത്ര പേരുടെ കഞ്ഞീലാ കൊതുകു വീഴുക!

ഫസല്‍ ബിനാലി.. said...

വളരെ നീണ്ടതാണെങ്കിലും രസകരമായിട്ടുണ്ട് അവതരണം അതുകൊണ്ട് തെന്ന് വായന കഴിഞ്ഞത് അറൊഞ്ഞില്ല. അവസാഅനം ബ്രാന്‍റെ തെറ്റിയ ഒരു കുപ്പിയുടെ പിടലിക്ക് കൊണ്ടുപോയി വെച്ചു ല്ലെ?
തുടരുക, ആശംസകളോടെ

കൊച്ചുത്രേസ്യ said...

എല്ലാം മനസിലായി. ഇനി കൊതുകു വരട്ടെ..ഒരു ഉമ്മേം കൂടി കൊടുത്തേ വിടുന്നുള്ളൂ. മാറ്റും ബാറ്റുമൊക്കെ കൊണ്ട്‌ കൊതുകിനെ അകറ്റിനിര്‍ത്തീട്ട്‌ അവസാനം അതു വല്ലതും പട്ടിണി കിടന്നു മരിച്ചാലോ..അതു വേണ്ട.. പാവങ്ങള്‍ വന്നോട്ടെ..വയറു നിറയുന്നതു വരെ ചോര കുടിച്ചോട്ടെ. പക്ഷെ ആ കുത്തിയ സ്ഥലത്തെ ചൊറിച്ചിലും അപ്പം പോലെ വീര്‍ക്കലും ഒഴിവാക്കണം. അടുത്ത പ്രാവശ്യം സ്വപ്നത്തില്‍ വരുമ്പോള്‍ ഇക്കാര്യം ഒന്നു പരിഗണിക്കാന്‍ കൊതുകിനോടു പറയണേ.പിന്നെ ചോരകുടി ഒന്നിനും ഒരു പരിഹാരമല്ലാന്നും കൂടി ഉപദേശിച്ചു നോക്ക്‌. ചിലപ്പോ ഏറ്റാലോ..

വിന്‍സ് said...

രക്തം മാത്രം കുടിക്കുന്ന കൊതുകു എന്തിനു ഓസിയാര്‍ മാത്രം അടിക്കുന്ന പപ്പൂസിന്റെ ശരീരത്തില്‍ വന്നിരുന്നു എന്നതു ആദ്യം വിശദീകരിക്കണം.

ഇതു ബ്രാന്‍ഡ് മാറി അടിച്ചതല്ല എന്നു തോന്നുന്നു. നല്ല കഞ്ചാവു ഓവറായി വലിച്ചാ ഹലുസിനേഷന്‍സ് തോന്നും :)

പാമരന്‍ said...

കര്‍ത്താവേ.. ആ പുല്ലില്‍ കെടക്കുമ്പൊ കടിച്ച കൊതുകളൊക്കെ വാളു വച്ചോണ്ടു നടക്കണുണ്ടാവും അല്ലേ?

ചിരിച്ചു...:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വേണ്ട, തല്ലിക്കൊല്ലണ്ട ഒരു വടക്കന്‍ പാട്ട് പാടിക്കൊടുത്താ മതി ട്ടാ

"വേണ്ട, കല്യാണം തീരുമാനിച്ച സമയമാണ്..." ഞാന്‍ ഒഴിഞ്ഞു മാറി.“

ഒരൂ കല്ല്യണമണം അടിക്കുന്നല്ലോ പപ്പൂസേ, ഒള്ളത് തന്നെ?

ശ്രീ said...

ഹ ഹ. പപ്പൂസേട്ടാ.
ബ്രാന്‍‌ഡ് മാറിയടിച്ചാല്‍ അതുമൊരു പോസ്റ്റിനു വകുപ്പാകുമെങ്കില്‍ നല്ലതു തന്നെ. ;)

എന്നാലും പാവം കൊതുകുകള്‍!

സുല്‍ |Sul said...

കൊതുകു പാക്കേജ് കൊള്ളാം.
-സുല്‍

പൊറാടത്ത് said...

എന്നാലും പപ്പൂസേ, താങ്കളോട് ഈ രഹസ്യം പറയണ്ടിവരുംന്ന് കരുത്യേര്‍ന്നില്ല്യാ. എന്നാലും പറയാം..

എന്നും രാത്രി അടിയ്ക്കുന്ന ആളല്ലേ.. രണ്ടെണ്ണം കൂടുതല്‍ അടിയ്ക്കുക.. പിന്നെ കടിയ്ക്കാന്‍ വരുന്ന കൊതുകുകളെല്ലാം ആദ്യകടിയില്‍ തന്നെ പൂസായി കിടന്നുറങ്ങും. നമ്മളും പൂസായകാരണം, ആദ്യകടിയുടെ വേദനകൂടി അറിയുകയുമില്ല...യേത്..?? (അനുഭവം കൊണ്ട് പറയുന്നതാ.. ഇനി ‘റിപ്പല്ലന്റ്‘കാര് ഇത് കണ്ട് എന്നെ തല്ലാന്‍ വരുമോന്നാ സംശയം..)

siva // ശിവ said...

ദൈവമേ,

പപ്പൂസിന്റെ മൊട്ടത്തലയില്‍ ഇന്നു രാത്രി ഒരു വലിയ കൊതുകിനെ വിട്ട് കടിപ്പിക്കേണമേ!

Sherlock said...

ആ കുടിക്കണ ഒ സീ ആറീന്ന് ഒരു അവുണ്‍സ് ആ കൊതുകുകള്‍ക്കു കൂടി കൊടുത്താപ്പോരേ. അവറ്റകള് കിറുങ്ങി പരസ്പരം കുത്തി ചാവട്ടേന്ന്..:)

Sunith Somasekharan said...

um...kollaam

krish | കൃഷ് said...

ഓസീയാർ വിട്ട് ഇപ്പോ ഏതു തറ ബ്രാന്റ്റാ അടിക്കുന്നത് പപ്പൂസേ. ഓസിന് കിട്ടിയാൽ കണ്ണ് ഫ്യൂസ്സാകണ സാധനവും അടിക്കണതായോണ്ട ചോയിച്ചതാ.

:)

G.MANU said...

ലിക്വിഡുണ്ടാക്കുന്നവര്, മാറ്റുണ്ടാക്കുന്നവര്, അതു കത്തിക്കാന്‍ കറന്‍റുണ്ടാക്കുന്നവര്, അവിടത്തെയൊക്കെ തൊഴിലാളികള്...





ഛേ.എന്റെ പപ്പൂസേ കമ്പ്ലീറ്റ് ത്രില്‍ ലാസ്റ്റ് വാചകത്തില്‍ കളഞ്ഞു.
ഒരൊന്നര അത്യാധുനികന്‍ വായിച സുഖം വന്നപ്പോള്‍ അത് സ്വപ്നത്തില്‍ ഒതുക്കേണ്ടാരുന്നു..

എതിരന്‍ കതിരവന്‍ said...

ഒരു അത്യന്താധുനിക കൊതുകിന്റെ ആത്മകഥ:
ഹരിദ്വാരില്‍ മുഴങ്ങിയ മണിയൊച്ചകള്‍ കേട്ടില്ല. ദെല്‍ഹി കാല്‍ക്കീഴില്‍ അരഞ്ഞപ്പോള്‍ എത്ര ഫാരന്‍ഹീറ്റ് ചൂടാണെന്നറിഞ്ഞില്ല.

കവിയുടെ ധ്യാനകേന്ദ്രത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നത് ഇന്നലെയോ? ഇന്നോ? “ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും....” കേട്ട് മുജ്ജന്മപാപങ്ങള്‍ കഴുകാന്‍ ഇതാ സമയമായി... ചോര കുടി നിറുത്തി ആ ചോരയില്‍ നിന്നും ഊറിക്കൂടിയ പാല്‍ കുടിയ്ക്കാന്‍ ഉദ്ബോധനം... മദ്യത്തിന്റെ അളവു കൂടുന്ന മലയാളി രക്തം ഇനിയും എന്നില്‍ ലഹരി നിറയ്ക്കേണ്ട..പപ്പൂസ്..ഓസീയാര്‍... ജനിമൃതികളുടെ ശൃംഖല ഇവിടെ ഞാന്‍ പൊട്ടിച്ചു കളയട്ടെ.

മില്‍മ വണ്ടി വരാന്‍ കൊതുക് കാത്തു കിടന്നു....

പപ്പൂസ് said...

താങ്ക്‍സ് എവരിബഡി.... :-)

ഹ ഹ! എതിരാ, അതു കലക്കി. എന്നു വച്ചാ, ക്ലാസ്സ്.... :-D

Anonymous said...

ethirante comment thakarppan


Sunil