Wednesday, April 14, 2010

ഐ പി എല്‍ കൊച്ചിക്കൊരു പേര്?

അങ്ങനെ ശ്രീമാന്‍ ശശി തരൂരിന്‍റെ അശ്രാന്തപരിശ്രമഫലമായി കൊച്ചിയിലും ഐ പി എല്‍ ടീമെത്തി. കടപ്പുറത്തു മീറ്റിംഗു കൂടി ടീമിനു പേരിടാന്‍ ആലോചിക്കെയാണ് പുതിയ വിവാദം! കസേരയില്‍ കയറിയ ദിവസം മുതല്‍ വിടാതെ ദിവസവും മൂന്നു നേരം വ്യത്യസ്ത പുലിവാലുകളില്‍ തൂങ്ങി എക്സര്‍സൈസ് ചെയ്യുന്ന തരൂരിന് ഈ വിവാദമൊക്കെ റമ്മിനു വച്ച അച്ചാറു പോലെ നിസ്സാരമായി വടിച്ചു കളയാവുന്നതേ ഉള്ളൂ.

അല്ലെങ്കിലും ഇന്ത്യയില്‍ മന്ത്രിയായ ശേഷം ഹൈക്കമാന്‍ഡിനോടു ചോദിക്കാതെ ട്വീറ്റ് ചെയ്യുന്നതും ക്രിക്കറ്റുകാരെ ഫോണില്‍ വിളിക്കുന്നതുമൊക്കെ സൗദി അറേബ്യയില്‍ പബ്ലിക്കായി മുണ്ടുരിയുന്നതു പോലത്തെ കുറ്റമാണെന്ന് ആര്‍ക്കാണറിയാത്തത്? ഇന്ത്യയിലെ മന്ത്രിമാരുടെ ജോലി നേരം വെളുക്കുമ്പം കോട്ടുവായിട്ട് എഴുന്നേല്‍ക്കലും ഹൈക്കമാന്‍ഡ് എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ അന്നന്നത്തെ വേദികളില്‍ തെറ്റു കൂടാതെ (ഇതിനു പ്രത്യേക ശ്രദ്ധ വേണം) വായിക്കലുമാണ്. ഇടക്കെപ്പോഴെങ്കിലും ഒരു വെടിവെപ്പോ ബോംബ് സ്ഫോടനമോ നടന്നാല്‍ ഒരു വ്യത്യസ്തതക്ക് ഒന്നു രാജി വക്കുക കൂടെ ചെയ്താല്‍ ഏറ്റവും നല്ല മന്ത്രിയായി.

തരൂരിനിതൊക്കെ അറിയാഞ്ഞിട്ടൊന്നുമല്ല, പുള്ളിക്ക് പണ്ടു മുതലേ പുലിവാല്‍ ഒരു വീക്ക്നെസ്സാണ്. കാണുമ്പോഴേക്കും അറിയാതങ്ങു കേറി പിടിച്ചു പോകും. നമ്മുടെ സ്ഥിരം മന്ത്രിമാരെപ്പോലെ മന്ത്രിപദവി ഉപയോഗിച്ച് നാലഞ്ച് അഴിമതിയൊക്കെ നടത്തി രണ്ടു പത്രത്തില്‍ ന്യൂസായാല്‍ത്തന്നെ അതൊന്നും ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ലെന്ന് പുള്ളിക്കറിയാം. പണമല്ല, അതു വേണ്ടുവോളമുണ്ട്, നമുക്ക് വേണ്ടത് പൊതുജന ശ്രദ്ധയാണ്.

ഗാന്ധിജയന്തിക്കു പണിയെടുക്കാന്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഓരോ പൗരനും ’ശശി തരൂര്‍’ എന്ന പേരിനു മുമ്പും പിമ്പും അവനവന്‍റെ മാതൃഭാഷയിലെ ഏറ്റവും പ്രചാരത്തിലുള്ള പദങ്ങള്‍ ചേര്‍ത്ത് ഉരുവിട്ടു കൊണ്ടേയിരിക്കും. അതുപോലെ, ലോകം നിറഞ്ഞാടുന്ന ഐ പി എല്ലും ദുബായിലെ ഒരു ചെറുപ്പക്കാരി ബ്യൂട്ടീഷ്യനും ചേര്‍ന്നാല്‍ മീഡിയക്ക് ഡബിള്‍ ഇംപാക്ട് പാക്കേജായി.

ഞാന്‍ പറയാന്‍ വന്നതെന്തോ, പറയുന്നതെന്തോ! മൂന്നാലു പെഗ്ഗായതു കൊണ്ട് ഡയറക്ഷന്‍ മാറിപ്പോയി!

പറഞ്ഞു വന്നത്, കൊച്ചി ഐ പി എല്‍ ടീമിന്‍റെ പേരിനെപ്പറ്റിയാണ്. ഒരു മലയാളി എന്ന നിലയില്‍ എന്‍റെ നാടിനെയും ഇവിടത്തെ വ്യത്യസ്ത കലാ-സാംസ്കാരിക രൂപങ്ങളെയും ഉള്‍ക്കൊള്ളുന്ന നാലഞ്ചു കോംപ്രെഹെന്‍സിവ് പേരുകള്‍ ഞാനൂ സജസ്റ്റ് ചെയ്യുന്നു. എന്‍റെ പാതി ഞാനും റോണ്‍ഡീവൂവിന്‍റെ പാതി റോണ്‍ഡീവൂവും എന്നാണല്ലോ.

1. BevCo Brothers Cochin
2. Quarter-Quotations Quochin
3. Crooks Eleven Cochin
4. Coastal Coconuts Cochin
5. Toddy Traders Cochin

ഇനിയും നല്ല നല്ല പേരുകള്‍ മനസ്സില്‍ കടിപിടി കൂടുന്നുണ്ട്. ആര്‍ക്കെങ്കിലും സജഷന്‍സ് ഉണ്ടെങ്കില്‍ അതും ചേര്‍ത്ത് മോഡിയുടെയോ തരൂരിന്‍റെയോ പണി പോകുന്നതിനു മുമ്പ് നമുക്കൊന്നു നിവേദിച്ചു നോക്കാം. ഒത്തു പിടിച്ചാല്‍ ഐ പി എല്ലു മാത്രമല്ല, പേരും പോരും.