Thursday, October 29, 2009

ബൂലോഗരേ, ഹെല്‍പ്പ് പ്ലീസ്...!

ഒരു കുഴപ്പം. വില്ലന്‍ വീഡിയോ (ഒരു കല്യാണം) ഡി വി ഡി ആണ്. അറിയുന്നവര്‍ സഹായിച്ച് സഹായിക്കണം. :-)

ഈ ഡി വി ഡി സാധാരണ ടിവിയില്‍ കണക്ട് ചെയ്ത ഡി വി ഡി പ്ലെയറില്‍ നന്നായി ഓടുന്നുണ്ട്. പക്ഷേ എന്‍റെ കമ്പ്യൂട്ടറില്‍ ഓടുന്നില്ല.

ഡിസ്ക് ഇട്ട് ഓട്ടോപ്ലേ കൊടുത്താല്‍ പ്ലെയര്‍ പ്രോഗ്രാം ഉടന്‍ തുറന്നു വരുന്നുണ്ട്. പക്ഷേ, ഫയല്‍ പ്ലേ ചെയ്യില്ല. വേറെ എറര്‍ സന്ദേശങ്ങള്‍ ഒന്നും കാണിക്കുന്നുമില്ല.

ഇനി, ഡിസ്ക് ഫോള്‍ഡര്‍ തുറന്നു നോക്കിയാല്‍ AUDIO_TS, VIDEO_TS എന്നീ രണ്ടു ഫോള്‍ഡറുകള്‍ കാണുന്നുണ്ട്. പക്ഷേ, കര്‍സര്‍ അവിടെ വച്ചു നോക്കിയാല്‍ Folder is Empty എന്നാണു കാണുന്നത്. ഇതാ, ഇങ്ങനെ.




AUDIO_TS, VIDEO_TS എന്നീ ഫോള്‍ഡറുകള്‍ക്കുള്ളില്‍ ഒരു ഫയലുമില്ല. രണ്ടിന്‍റെയും Folder Properties നോക്കിയാല്‍ ഇങ്ങനെ.




Size: 0 bytes
Size on disk: 0 bytes
Contains: 0 Files, 0 Folders

Samsung WriteMaster DVD Writer  ആണ് ഞാന്‍ ഉപയോഗിക്കുന്നത്. ഒ. എസ് = വിന്‍ഡോസ് എക്സ് പി + സര്‍വീസ് പാക്ക് 2, ഒറിജിനല്‍ പൈറേറ്റഡ്!

എന്താണ് കാരണമെന്ന് വല്ല ധാരണയുമുണ്ടെങ്കില്‍ പറഞ്ഞു തരണം. കാരണമില്ലെങ്കില്‍ ഒരു പ്രതിവിധിയെങ്കിലും. എന്‍റെ ആവശ്യം വളരെ സിമ്പിളാണ്, ഈ ഡിസ്കിന്‍റെ കമ്പ്യൂട്ടറില്‍ ഓടുന്ന ഒരു കോപ്പി ഉണ്ടാക്കണം. സാദാ പ്ലെയറിലോടുന്ന ഇവനെന്താ കമ്പ്യൂട്ടറിലോടാന്‍ മടി? നീറോ ഉപയോഗിച്ച് Copy DVD നടക്കുമോ എന്നു നോക്കി. നോ രക്ഷ!

എന്‍റെ കുഞ്ഞുബുദ്ധിക്കു തോന്നിയ എല്ല ഇംഗ്ലീഷ് കീവേഡുകളും ഉപയോഗിച്ച് ഞാന്‍ സെര്‍ച്ച് ചെയ്തു നോക്കി. പ്രശ്നം പലേടത്തും കണ്ടു, ഇതു പോലെ. പക്ഷേ, സൊല്യൂഷന്‍ ഇല്ല. :-(

തക്കതായ പ്രതിവിധി നല്കുന്നവര്‍ക്ക് ചൂടുള്ള പരിപ്പുവടയും കട്ടന്‍ ചായയും. വെള്ളമടിക്കുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ഓസീയാര്‍ വിത് അച്ചാര്‍! ഹായ്, എന്തു നല്ല ഓഫര്‍, അല്ലേ? ഹെല്‍പ്പ് പ്ലീസ്!!! :-)

Monday, October 26, 2009

കല്ലുകള്‍ കഥ പറയുമ്പോള്‍! - 2

"ഓഹോ, അപ്പോ നമ്മുടെ ബാലിയണ്ണനും രാക്ഷസന്‍ മായാവിയണ്ണനും കൂടി ഒരു കൊല്ലം മുഴുവന്‍ മല്ലു പിടിച്ച സ്ഥലം ഇവിടാണല്ലേ? ചുമ്മാതല്ല ഒരു പുല്ലു പോലും മുളക്കാതെ വെറും പാറ കൂടിക്കിടക്കണത്!"

പുരാണം കേട്ടപ്പോള്‍ വണ്ടിയില്‍ വച്ചു തന്നെ കുഞ്ഞച്ചന്‍റെ സംശയങ്ങളുണര്‍ന്നു. ജിജ്ഞാസ സട കുടഞ്ഞു.

"എന്നിട്ട്. ബാക്കി ചരിത്രം പറ."

"ചരിത്രമല്ലെടാ, ഇതു വരെ പറഞ്ഞതൊക്കെ പുരാണം. ചരിത്രം വേറൊരു വഴിക്കാണ്."

"നീ അധികം പുരാണം വിളമ്പണ്ട, സംഗതി പറ."

"ഓക്കേ, ക്രിസ്തുവിനു ശേഷം ഏതാണ്ട് ആയിരത്തൊന്നാമാണ്ടിലാണ് ഇപ്പഴത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും മിസ്റ്റര്‍ സുല്‍ത്താന്‍ മഹ്‍മൂദ് ഗസ്‍നിയും കുറേ പയ്യന്മാരും കൂടെ നിയന്ത്രണമില്ലാതിരുന്ന രേഖകളൊക്കെ വെട്ടി വെട്ടി നിരത്തി ഇന്ത്യയിലെത്തിയത്. പിന്നീടങ്ങോട്ട് വാരാണസിയും ഉജ്ജയിനിയും മഥുരയും ദ്വാരകയുമൊക്കെ പുള്ളി പത്തിരുപതു വര്‍ഷം കൊണ്ട് തൂത്തുവാരിയെടുത്തു. അങ്ങേരുടെ പുറകെ വന്ന കൊച്ചുസുല്‍ത്താന്മാരെല്ലാം പുള്ളി കൊള്ളയടിച്ചു മടുത്ത ഓരോ സ്ഥലത്ത് സ്ഥിരതാമസമാക്കി."

"ഗഡി കൊള്ളാമല്ലോ! നല്ല ആംപിയറു തന്നെ!"

"ങാ, 1030ല്‍ മഹ്‍മൂദ് വടിയായി. പക്ഷേ, പുറകേ വന്നവരൊക്കെ യുദ്ധം തുടര്‍ന്നു. മുന്നൂറാണ്ട് യുദ്ധത്തോടു യുദ്ധം. വടക്കേ ഇന്ത്യയിലെ സ്ഥിതി ഏതാണ്ട് ഇന്നത്തെ പാക്കിസ്ഥാനിലും കഷ്ടമായി. ടെന്‍ഷനൊഴിഞ്ഞ നേരമില്ല. തലങ്ങും വിലങ്ങും വാളുവെപ്പ്!"

"ങേ!!!!"

കുഞ്ഞച്ചന്‍ ഞെട്ടി.

"ഓസീയാറൊക്കെ പന്ത്രണ്ടാം നൂറ്റാണ്ടിലേ ഉണ്ടായിരുന്നോ അളിയാ?"

"ആ വാളുവെപ്പല്ലെടാ സാമ്രാജ്യദ്രോഹീ. ഉടവാളെടുത്ത് കഴുത്തിനു വെപ്പ്! തുടര്‍ന്ന് അലാവുദ്ദിന്‍ ഖില്‍ജി, മാലിക് ഖഫുര്‍, മുബാറക് തുടങ്ങിയവര്‍ നമ്മുടെ തെക്കന്‍ പ്രദേശത്തേക്ക് മാര്‍ച്ചു തുടങ്ങി. തുരുതുരാ യുദ്ധം. തെക്കിലെ ചിന്ന സാമ്രാജ്യമായിരുന്ന ദേവഗിരിയിലെ കുമാരന്‍ ഹരിപാലദേവനെ മുബാറക് ജീവനോടെ തൊലിയുരിച്ചതോടെ എന്‍ട്രി ഏതാണ്ട് തീരുമാനമായി. വാറംഗല്‍ തകര്‍ന്നു. മുഹമ്മദ് തുഗ്ലക്ക് ഡെല്‍ഹിയിലിരുന്നു വീശിയ വാളൊച്ച കേട്ട് തെക്കേ ഇന്ത്യയിലെ കിലോമീറ്ററുകളോളം വേരുപരന്ന പേരാലുകള്‍ വരെ കിലുകിലാ വിറച്ചു."

"ഹൊ! ഭയങ്കരന്മാര്‍! എന്നിട്ട്?"

"പൊടുന്നനെ, 1334ആം ആണ്ടില്‍ ഒറ്റയടിക്ക് എല്ലാം നിലച്ചു. പിന്നീടങ്ങോട്ട് ഒരു ഇരുന്നൂറ്റമ്പത് കൊല്ലത്തേക്ക് സുല്‍ത്താന്മാര്‍ക്ക് അവരുടെ വെന്നിക്കൊടി ഒരടി മുമ്പോട്ടു കടത്തി നാട്ടാന്‍ കഴിഞ്ഞില്ല!"

"സത്യം?!?! അതെങ്ങനെ? വാളൊച്ച കേട്ട് പേരാലു വരെ നിലം പൊത്തിയെന്നു പറഞ്ഞിട്ട്?"

"ആനേഗുണ്ടി!"

"കുടുംബം കൂടെയുള്ളപ്പോ വൃത്തികേടു പറയുന്നോടാ കഴുവേറീ?"

കുഞ്ഞച്ചന്‍ വയലന്‍റായി.

"അല്ലെഡേ. അതാ സാമ്രാജ്യത്തിന്‍റെ പേരാ. ആനെഗുണ്ടി. ദോ ഈ പുഴക്കപ്പുറം, ആ മലക്കിപ്പുറം കിടക്കുന്ന അന്നത്തെ ഗ്രേറ്റ് വാള് ഓഫ് സൗത്ത് ഇന്‍ഡ്യ."




"ഹൊ! ഈ രാജാക്കന്മാരെ സമ്മതിക്കണം. ഇമ്മാതിരി വൃത്തികെട്ട പേരൊക്കെയുള്ള സമ്രാജ്യത്ത് പ്രധാനമന്ത്രിസ്ഥാനം കിട്ടിയാലും ഞാനൊക്കെ വേണ്ടെന്നു വക്കത്തേയുള്ളൂ!"

ഞങ്ങള്‍ പുറത്തിറങ്ങി. ’വെള്ളത്തിലൊക്കെ ഇറങ്ങിക്കളിച്ച് എനിക്ക് മെനക്കേടുണ്ടാക്കരുത്, കേട്ടോടാ’ എന്ന ഭാവത്തിലൊരു നോട്ടമെറിഞ്ഞ് ഷൗക്കത്ത് അടുത്തു കണ്ട ചായക്കടയിലേക്കു നടന്നു.

"അങ്ങനെ കുഞ്ഞച്ചാ, ആ ആനെഗുണ്ടിയാണ് പിന്നീട് തെക്കേ ഇന്ത്യ മുഴുവന്‍ ഒരിക്കല്‍ കരം കൊടുത്തിരുന്ന വിജയനഗരമായി മാറിയത്."

ഞങ്ങള്‍ ഇറങ്ങി നടന്നു. തുംഗഭദ്ര പുഴയാണിത്. പൊരിവെയിലാണ്. നല്ല ചൂടും. ഒട്ടും വിയര്‍ക്കുന്നുമില്ല. നല്ല തണുത്ത വെള്ളം കണ്ടപ്പോള്‍ എനിക്ക് ആവേശമായി. ഓടിച്ചെന്ന് കയ്യും കാലും മുഖവുമൊക്കെ വെള്ളത്തിലിട്ടെടുത്തപ്പോളാണ് സമാധാനമായത്.

പണ്ട്, ആനെഗുണ്ടിയെയും ഇപ്പുറത്തുള്ള കൊച്ചുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഗ്റേറ്റ് ഗതാഗതേഷ് കൊട്ടത്തോണി (coracle) ഇപ്പഴും ഇവിടെയുണ്ട്. ചിലരൊക്കെ കൊട്ടത്തോണിയില്‍ ജലസഞ്ചാരം നടത്തുന്നു, മറ്റു ചിലര്‍ പാറപ്പുറത്തിരുന്ന് ഉച്ചവെയിലു കൊള്ളുന്നു. ഞാന്‍ കാമറയെടുത്ത് ഒന്നുന്നം പിടിച്ചു.

ക്ലിക്ക്!!!!




രണ്ടാമതൊന്നു കൂടി എടുക്കാന്‍ ഫുള്‍ സൂം ചെയ്തു.

"ക്‍ടക്... ക്‍ടക്... ക്‍ടക്... ക്‍ടക്..."

ചിത്രം പതിയും മുമ്പേ Canon S2IS കാമറ ബ്ലാങ്ക്, ബ്ലാക്ക് സ്ക്രീന്‍!! അതിനടിയിലൊരു ചെറിയ കുറിപ്പും. E18! (പിന്നങ്ങോട്ട് ഫുള്‍ സൂം ചെയ്യാന്‍ നോക്കുമ്പോളൊക്കെ ഇതേ പ്രശ്നം. പാതി സൂം ചെയ്താല്‍ ചില ഭാഗത്ത് ഫോക്കസ് കിട്ടുന്നുമില്ല! അതു കൊണ്ട് ചിത്രങ്ങള്‍ മോശമായതിനൊക്കെ കാമറയെ പറഞ്ഞാല്‍ മതിയല്ലോ! തിരിച്ച് നാട്ടിലെത്തി ഗൂഗിള്‍ ചെയ്തു നോക്കിയപ്പോളാണ് സംഗതി ലെന്‍സിന് ഇരിപ്പുറക്കാത്തതിന്‍റെ കുഴപ്പമാണെന്ന് മനസ്സിലായത്. ലെന്‍സിന്‍റെ ചെവിക്ക് ഒന്നമര്‍ത്തിപ്പിടിച്ച് ഇരുത്തിയപ്പോ സംഗതി ശരിയായി! ഈ എററിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിത്ത് ഫിക്സ് ഇവിടെ.

 മനസ്സും ശരീരവുമൊക്കെ കുളിര്‍പ്പിച്ച് ഞങ്ങള്‍ തിരിച്ചു നടന്നു.

"അല്ല കുള്ളാ, ഈ ആനെഗുണ്ടി എങ്ങനെയാ പിന്നെ വിജയനഗരമായത്?"

കുഞ്ഞച്ചന് വീണ്ടും സംശയമുണര്‍ന്നു.

"നീ മിസ്റ്റര്‍ ഹക്കരായനെയും അദ്ദേഹത്തിന്‍റെ ബ്രദര്‍ ബുക്കരായനെയും പറ്റി കേട്ടിട്ടുണ്ടോ?"

"ജമ്പനും തുമ്പനും പോലെ ഹക്കനും ബുക്കനും എന്നോ മറ്റോ ചിത്രകഥയില്‍ വായിച്ച ഓര്‍മ്മ!"

"യെസ്, അന്ത ഹക്കരായരാണ് ഈ വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്."

"ഓഹോ, അവര് കേരളത്തീന്നു വന്ന നായന്മാരായിരുന്നോ?"

"നായരല്ലെടാ കൂപമണ്ഡൂകമേ, രായര്‍! ഹക്കരായര്‍ ആനെഗുണ്ടിയുമായി ചേര്‍ന്ന് സ്ഥാപിച്ച വിജയനഗരം എന്ന കൊച്ചു പട്ടണം ബുക്കരായരും കൂടെ ചേര്‍ന്ന് വലിയ ഒരു സാമ്രാജ്യമാക്കി മാറ്റി. സുല്‍ത്താന്മാരോടുള്ള ഇവരുടെ ചെറുത്തുനില്പു കണ്ട് തമ്മിലടിച്ചു കഴിഞ്ഞിരുന്ന സൗത്തിലെ മിക്ക കുഞ്ഞുരാജാക്കന്മാരും രക്ഷക്കു വേണ്ടി ഇവരുടെ കാല്‍ക്കല്‍ കൊടുവാളു വച്ചു കീഴടങ്ങിയെന്നാണ് കേള്‍വി!"

"വാള് അവന്മാര്‍ക്കും ഒരു വീക്ക് നെസ്സായിരുന്നല്ലേ? ചുമ്മാതല്ല നമ്മളു സൗത്തന്മാര്‍ സ്ഥിരം വാളു വപ്പുകാരായി മാറിയത്!"

കുഞ്ഞച്ചന്‍റെ ആത്മഗതം കേട്ട് എനിക്കു ചിരി വന്നു. ഷൗക്കത്ത് വണ്ടി ചവിട്ടി. ഞാന്‍ ഇടത്തോട്ടു തിരിഞ്ഞു നോക്കി. ശ്രീമതിയും കുഞ്ഞച്ചനും വലത്തോട്ടും.

"വോവ്!!! വിജയനഗരം ബസാര്‍!"

ഞാന്‍ ഉത്സാഹവാനായി.

"ബസാറല്ലെടാ, ഇതേതോ അമ്പലമാ?" കുഞ്ഞച്ചന്‍റെ പ്രതികരണം.

"കരണം നോക്കിയൊന്നു തരും, ഇടിഞ്ഞു പൊളിഞ്ഞ ഈ സ്ഥലമാണോടാ അമ്പലം?"

ഇടിഞ്ഞു പൊളിഞ്ഞോ! കുഞ്ഞച്ചന്‍ എന്‍റെ നേരെ തിരിഞ്ഞു. അപ്പോളാണ് ഇടത്തേ ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പഴയ ചന്ത അവന്‍റെ കണ്ണില്‍പ്പെട്ടത്. വായില്‍ വന്ന തെറി അടക്കിപ്പിടിച്ച് തിരിഞ്ഞപ്പോളാണ് എതിര്‍വശത്ത് ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം എന്‍റെ കണ്ണില്‍പ്പെട്ടത്. ശ്രീമതിമാര്‍ രംഗം പിടി കിട്ടാതെ അന്തം വിട്ടു നോക്കുകയാണ്. ചെറുചിരിയോടെ ഞങ്ങള്‍ പുറത്തിറങ്ങി. ആദ്യം ബസാറിലേക്കു തന്നെ വച്ചു പിടിച്ചു.




റോഡ് ബസാറിനും കുറേയടി മുകളിലാണ്. പടികളിറങ്ങി ഞങ്ങള്‍ നടന്നു. കല്‍ത്തൂണുകളും കല്‍ച്ചീളുകളും വച്ച് നീളത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഒന്നാന്തരം ചന്ത. മേല്‍ക്കൂരയായി പരത്തിയ കല്‍ച്ചീളുകളിലൊക്കെ മണ്ണുനിറഞ്ഞ് പുല്ലും ചെടിയുമൊക്കെ വളരുന്നുണ്ട്. ചിത്രത്തില്‍ കാണുന്നതു പോലെ, കുറച്ചപ്പുറത്ത് കുറേക്കൂടെ വിശാലമായി കെട്ടിപ്പൊക്കിയത് ഇറങ്ങുമ്പോള്‍ത്തന്നെ കാണാം. ഞങ്ങള്‍ ആ കല്ലുകള്‍ക്കുള്ളിലേക്ക് നടന്നു കയറി.

രണ്ടു പേര്‍ക്ക് കൈ കോര്‍ത്ത് പിടിച്ച് നടന്നു പോകാന്‍ മാത്രം വീതിയുള്ള ഒരു ഇടനാഴിക പോലെയാണ് പഴയ ബസാര്‍. നടക്കുന്ന വഴിയേ ഇടതുവശത്ത് കല്ലുകൊണ്ട് ചതുരത്തില്‍ കെട്ടിത്തിരിച്ചിരിക്കുന്നു. ഞങ്ങള്‍ ആ ഇടനാഴിയിലൂടെ നടന്നു.




മരതകവും മാണിക്യവും പവിഴവും മറ്റമൂല്യരത്നങ്ങളും കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് തലപ്പാവു കെട്ടിയ പുരുഷന്മാര്‍ എന്നെ മാടിവിളിക്കുന്നു. ഇടതുവശത്തെ കല്ലുപാകിയ നിലത്ത്, വില്‍ക്കാന്‍ വച്ച കുതിരക്കും പശുവിനും പുല്ലു വാരിയിട്ടു കൊടുക്കുന്ന കൊമ്പന്‍ മീശക്കാരന്‍ എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിക്കുന്നു. മുന്തിരിയും പേരക്കയും പഴുത്ത വാഴക്കുലകളും ഒരു വശത്ത് കുന്നു കൂട്ടിയിരുന്ന് മറ്റൊരാള്‍ ’വരൂ വരൂ’ എന്ന് കൈ കാണിച്ചു വിളിക്കുന്നു. ചിത്രപ്പണി നെയ്ത വസ്ത്രങ്ങള്‍ വിടര്‍ത്തി മാറോടു ചേര്‍ത്തു പിടിച്ച് രണ്ടു സുന്ദരികള്‍ എന്നെ നോക്കി നാണം പുരണ്ട ചിരിയോടെ തല കുമ്പിടുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഈ സ്ഥലം സന്ദര്‍ശിച്ച ഡോമിന്‍ഗോ പയസ് എന്ന പോര്‍ച്ചുഗീസ് സഞ്ചാരി വിവരിച്ചു തന്ന വിജയനഗരം ബസാര്‍ എന്‍റെ മുന്നില്‍ പുനര്‍ജ്ജനി കൊള്ളുന്നതു പോലെ... വാഹ്....! മനോഹരം. എന്‍റെ ജീവിതത്തെ ഒരു അഞ്ഞൂറു വര്‍ഷം പുറകോട്ടു നടത്താനായിരുന്നെങ്കില്‍ ഞാനീ കല്ലിന്‍ചുവട്ടിലൊരു മദ്യക്കുപ്പിയുമായി ഇരുന്ന് കഥകളെഴുതിയേനെ!

മൊത്തത്തിലെടുത്താല്‍ ഏതാണ്ട്  Z  എന്നെഴുതിയതു പോലെയാണ് ബസാറിന്‍റെ കിടപ്പ്. നടുക്ക് ഒരു കുളമുണ്ട്, ദാ ഇത്.




വെയിലു വീണ്ടും വീണ്ടും മുത്തിക്കറുപ്പിച്ച് വാടിയ ശരീരത്തിന് ഞങ്ങള്‍ അല്പം വെള്ളം മുക്കിത്തളിച്ച് ജീവന്‍ പകര്‍ന്നു. തണുപ്പ് ഇടക്ക് ആശ്വാസമാവാറുണ്ട്, ഇടക്ക് അനുഭൂതിയും. ആശ്വാസം പകരുന്ന അനുഭൂതിയായി തണുപ്പിനെ അനുഭവിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമാണ്.

ഡോമിന്‍ഗോ പയസ് വിജയനഗരത്തെക്കുറിച്ചെഴുതിയ ചില അതിശയോക്തികള്‍ താഴെക്കുറിക്കുന്നു:

"നടന്നെത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന മലമ്പ്രദേശത്തു ഞാന്‍ കയറി നിന്നു നോക്കി. പല മലനിരകള്‍ക്കുമിടയിലായതിനാല്‍ നഗരം പൂര്‍ണ്ണമായി ഒരിടത്തു നിന്നും കാണാന്‍ കഴിയില്ല. എങ്കിലും റോമിനോളം വലുതും അത്ര തന്നെ മനോഹരവുമായ നഗരം എനിക്കു കാണാം. വീടുകളോടു ചേര്‍ന്ന ഉദ്യാനങ്ങളില്‍ നിറയെ വലിയ വൃക്ഷങ്ങള്‍. എല്ലായിടത്തേക്കും വെള്ളമെത്തിക്കുവാന്‍ വലിയ കനാലുകളുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട തടാകങ്ങള്‍. രാജാവിന്‍റെ കൊട്ടാരവളപ്പില്‍ നിറയെ പന പോലുള്ള ഒറ്റത്തടി വൃക്ഷങ്ങളും ഫലസസ്യങ്ങളുമാണ്. ലോകത്തിലെ ഏറ്റവും സംഭരണശേഷിയുള്ള നഗരമാണിത്. അരിയും ഗോതമ്പും ചോളവും പയറും മുതിരയും മറ്റു ധാന്യങ്ങളുമെല്ലാം ഇവര്‍ വിളയിച്ച് വലിയ സംഭരണികളില്‍ ഭക്ഷണത്തിനായി ശേഖരിച്ചു വക്കുന്നു."

ഈ ഉദ്ധരണികള്‍ മനസ്സിലോര്‍ത്തു കൊണ്ട് ഞാന്‍ എതിര്‍വശത്തു കണ്ട പൊട്ടിപ്പൊളിഞ്ഞ ദേവാലയച്ചുമരുകളിലേക്കു നോക്കി.

"നടക്കാം?"

(തുടരും)

Saturday, October 24, 2009

പഴശ്ശിരാജ: മികവിന്‍റെ മലയാളത്തനിമ

പഴശ്ശിരാജ എന്ന സിനിമ നിരാശ തോന്നിക്കാത്ത ഒരു സാധാരണ മലയാള ചിത്രം മാത്രമാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളെ വിളിച്ചു കൊണ്ടു പോയി കയ്യില്‍ രണ്ടു പോപ്‍കോണ്‍ പാക്കറ്റും പത്തുമുപ്പത് നിരാശ തോന്നിക്കാത്ത സാധാരണ മലയാള ചിത്രങ്ങളുടെ സിഡികളും കൊടുത്ത് ’ഒന്നൊന്നായി കണ്ടു തീര്‍ക്കൂ ചേട്ടാ’ എന്നു പറയാന്‍ ഒരു സാധാരണ സിനിമാസ്വാദകനെന്ന നിലയിലുള്ള എന്‍റെ അവകാശം ഞാനിന്ന്, ഇവിടെ വിനിയോഗിക്കുന്നു. ഒരു നിരൂപകന്‍റെ റോളില്‍ മസിലു പിടിച്ചിരുന്ന് സിനിമ കാണാന്‍ ഞാനിതു വരെ ശ്രമിച്ചിട്ടില്ല. ഒരു ആസ്വാദകനെന്ന നിലയില്‍ ചിലവഴിച്ച മൂന്നു മണിക്കൂറിനും ഇരുന്നൂറു രൂപക്കും ഇരട്ടി പ്രതിഫലം കിട്ടിയ സംതൃപ്തിയോടെ തിയേറ്റര്‍ വിട്ടിറങ്ങി വന്ന്, ദാ ഇവിടെ ഇരിക്കുമ്പോള്‍ ഇത്രയെങ്കിലും എഴുതിയിട്ടില്ലെങ്കില്‍ എനിക്ക് ഒരു മനസ്സമാധാനവും കിട്ടില്ല.




പഴശ്ശിരാജ മലയാള സിനിമാചരിത്രത്തിലേക്ക് ചേര്‍ക്കപ്പെടേണ്ട ഒരു ഏട് തന്നെയാണ്. സിനിമാസ്വാദകര്‍ക്ക് വ്യത്യസ്ത അഭിരുചികളുണ്ടാവും. പക്ഷേ, പഴശ്ശിരാജ ഒരു ആവറേജ് സിനിമ മാത്രമാണ് എന്ന് ഏതെങ്കിലും ആസ്വാദകന്‍ വിലയിരുത്തുകയാണെങ്കില്‍ അത് അഭിരുചിയുടെ മാത്രം പ്രശ്നമല്ല, വൈകല്യം ബാധിച്ച വീക്ഷണത്തിന്‍റെ കൂടി പ്രശ്നമാണ്. ഇത്ര മികച്ച ദൃശ്യവിരുന്നൊരുക്കിയ പടത്തിന്‍റെ പിന്നണിപ്പടയാളികള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഐ എന്‍ജോയ്‍ഡ് എവരി മൊമെന്‍റ്.

ചരിത്രത്തിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇത്ര മികച്ച ഒരു തിരക്കഥ തയ്യാറാക്കിയതിന് എം ടി വാസുദേവന്‍ നായര്‍ക്ക് ഒരു പ്രത്യേക അഭിനന്ദനം. നാടകീയമായ വികാരപ്രകടനങ്ങള്‍ വിപുലീകരിക്കാന്‍ പല സാധ്യതകള്‍ കഥാതന്തുവിലുണ്ടെങ്കില്‍പ്പോലും മികച്ച നിയന്ത്രണത്തോടെ ആറ്റിക്കുറുക്കിയെടുത്ത സംഭാഷണങ്ങളാണ് സിനിമയിലുടനീളം.

ആദ്യത്തെ പത്തുപതിനഞ്ചു മിനിറ്റ് അല്പം വലിയുന്നതായി തോന്നി. പ്രധാനകാരണം മോണോട്ടോണസ് ഡയലോഗ് ഡെലിവറി. അല്പം ശബ്ദ-ഭാവ വ്യതിയാനങ്ങള്‍ വരുത്തി കുറച്ചു കൂടി ഭംഗിയാക്കാമായിരുന്നു എന്നു തോന്നി. പക്ഷേ, പിന്നീടങ്ങോട്ട് പ്രതീക്ഷിക്കാത്ത തരത്തിലുള്ള രംഗങ്ങളുടെ പ്രളയമായിരുന്നു.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇടക്കിടെ മെല്‍ ഗിബ്സന്‍റെ അപ്പോക്കാലിപ്‍റ്റോ ഇടക്കിടെ ഓര്‍മ്മ വന്നു. പച്ചപ്പും കുതിരയും ഓട്ടവുമൊക്കെ ഒരുമിച്ചു വന്നതുകൊണ്ടാവാം. കാട്ടില്‍ വച്ചുള്ള ചില സീന്‍സ് ഞാനിന്നു വരെ ഒരു ഇന്ത്യന്‍ സിനിമയിലും കണ്ടിട്ടില്ലാത്തത്ര മനോഹരമാണ്. ഫൈറ്റ് സീനുകളിലെ പറക്കല്‍ കുറച്ചൂടെ മികച്ചതാക്കാമായിരുന്നു. അതിനു കഴിയാഞ്ഞ സ്ഥിതിക്ക് ഒഴിവാക്കുകയെങ്കിലും ചെയ്യാമായിരുന്നു.

മമ്മൂട്ടി എന്ന നടന്‍റെ കാലം കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍. കഴിഞ്ഞ കുറേ കൊല്ലമായി ആകെക്കൂടെ ഒരു ഒരേ കടലില്‍ മാത്രമാണ് അങ്ങേര്‍ ഒരു കഥാപാത്രമായി മാറിയത്. സീരിയസ് റോളുകളില്‍ ഏതാണ്ട് കോച്ചുവാതം വന്ന മനുഷ്യനെപ്പോലെ ചുണ്ടു പകുതി മാത്രം പൊക്കി സംസാരിച്ചും പട്ടണത്തില്‍ ഭൂതം പോലുള്ള ഭീകര കോമഡികളില്‍ സുരാജ് വെഞ്ഞാറയെപ്പോലെ കോമാളി കളിച്ചും നടന്ന മമ്മൂട്ടിയെ കണ്ട് മൂക്കത്ത് വിരലു വക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ഇങ്ങോര്‍ ഇതെല്ലാം പോക്കറ്റിലിട്ടോണ്ടു നടന്നത് ഈ ഫിലിമിനു വേണ്ടിയാണെന്നു തന്നെ തോന്നുന്നു. വളരെ നിയന്ത്രിതമായ അഭിനയം. പഴശ്ശിയെ ആദ്യമായി കയറ്റി വിടുന്നിടത്തു തൊട്ട് അവസാനം വരെ വളരെ നാച്വറലായ അഭിനയത്തിലൂടെ മമ്മൂട്ടി തന്‍റെ താരശോഭയുടെ പകിട്ടു തിരിച്ചു പിടിക്കുകയാണ്. ഒറ്റക്കുള്ള ആ ഫൈറ്റ് കിടിലനായിരുന്നു, ഇടക്കുള്ള ഹൈജമ്പ് ഒഴിച്ചാല്‍.




എടച്ചേന കുങ്കനായി വന്ന ശരത് കുമാറും വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പ്രേക്ഷകരുടെ കയ്യടി നോക്കി അഭിനയത്തിനു മാര്‍ക്കിട്ട ചിലര്‍ മമ്മൂട്ടിയെക്കാള്‍ ശരത് കുമാര്‍ നന്നായി എന്നു പറയും, ഞാന്‍ സമ്മതിച്ചു തരില്ല. പക്ഷേ, ശരത് കുമാറിനു വേണ്ടി ശബ്ദം കൊടുത്തതാരായാലും (അങ്ങേര്‍ തന്നെയാണോ?) കിടിലന്‍. കഥാപാത്രത്തിന്‍റെ ആത്മാവറിഞ്ഞ ഡബ്ബിംഗ്. മനോജ് കെ ജയന്‍ നന്നായി, പക്ഷേ, തന്‍റെ തന്നെ സ്ഥിരം ഭാവങ്ങളിലൊതുങ്ങിപ്പോയി.




പത്മപ്രിയ ഇനി മുതല്‍ എന്‍റെ ഫേവറിറ്റ് മലയാള നടിയായിരിക്കും. ആദ്യമായാണ് ഒരു സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അതിലെ ഒരു നടിയോട് പ്രേമം തോന്നുന്നത്. തോന്നി, സത്യം. ഈ സിനിമയില്‍ നിന്ന് എന്തെങ്കിലും ഒഴിവാക്കാന്‍ എനിക്കൊരവസരം തന്നിരുന്നെങ്കില്‍ കനിഹയെയും ആ ബ്രിട്ടീഷുകാരി പെണ്ണിനെയും ഞാന്‍ നിര്‍ദ്ദാക്ഷിണ്യം തട്ടിയേനെ. ആ റോളുകള്‍ തന്നെ അനാവശ്യമാണെന്ന തോന്നലുകള്‍ അടിവരയിട്ടുറപ്പിച്ച കരയിക്കുന്ന പ്രകടനം. ആ ചുണ്ടൊക്കെ വിതുമ്പുന്നതു കണ്ടാല്‍, എന്റമ്മോ.

യുദ്ധരംഗങ്ങളും മല്ലയുദ്ധങ്ങളുമൊക്കെ കിടിലന്‍ സ്റ്റൈലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍റെ കയ്യടക്കം ഗംഭീരം. സുരേഷ് കൃഷ്ണയുടെ അഭിനയം പോലും ഇത്രക്ക് കണ്‍ട്രോളില്‍ വരാന്‍ കാരണം ഹരിഹരന്‍റെ മിടുക്കാണെന്നേ ഞാന്‍ പറയൂ. അനാവശ്യരംഗങ്ങള്‍ ചേര്‍ത്ത് ഒരുപാടു കൊഴുപ്പിക്കാമായിരുന്ന ഒരു കഥ വേണ്ടിടത്തു വേണ്ട രംഗങ്ങള്‍ മാത്രം നിലനിര്‍ത്തി കര്‍ശന നിയന്ത്രണത്തോടെ ചിത്രീകരിച്ചതിന്‍റെ ക്രെഡിറ്റ് സംവിധായകന് സ്വന്തം.

ഞാന്‍ ഇംഗ്ലീഷ് സിനിമകള്‍ ധാരാളം കാണാറുണ്ട്. ബെന്‍ഹര്‍ എന്ന പടത്തെപ്പറ്റി ആദ്യമായി കേള്‍ക്കുന്നത് പിജിക്കു പഠിക്കുമ്പോ ഫിലിം ജേര്‍ണലിസം പേപ്പറിലാണ്. ഉടനെ സീഡിയെടുത്തു കണ്ടു. ഇടക്കൊക്കെ അല്പം ബോറടിച്ചെങ്കിലും കണ്ടു തീര്‍ത്തു. രഥയോട്ടങ്ങളൊക്കെ ഗംഭീരമായിരുന്നു. ആ പടമിറങ്ങിയ വര്‍ഷം 1959. ഞാന്‍ കാണുന്ന വര്‍ഷം 2004. അതിനിടെ അതിലും മികച്ച കുറേ കിടിലന്‍ വേള്‍ഡ് സിനിമകള്‍ കണ്ടു കഴിഞ്ഞിരുന്നതു കൊണ്ട് എനിക്ക് വലിയ സംഭവമായി തോന്നിയില്ല. ഇറങ്ങിയ കാലത്ത് പക്ഷേ അതൊരു സംഭവം തന്നെയായിരുന്നു. എനിക്ക് പഴശ്ശിരാജ ബെന്‍ഹറിനെക്കാളും ഇഷ്ടപ്പെട്ടു.

വില്യം വാലസിന്‍റെ വാള്‍ ഭൂമിയില്‍ കുത്തിനിര്‍ത്തി വാലസ് വാലസ് വിളികളോടെ യുദ്ധം തുടര്‍ന്ന ഗിബ്സന്റെ തന്നെ ബ്രേവ് ഹാര്‍ട്ട് തരിച്ചിരുന്നു കൊണ്ടാണ് കണ്ടത്. അഞ്ചടിപ്പൊക്കമുള്ള റസ്സല്‍ക്രോ മാക്സിമസ് ആയി വന്ന് മാക്സിമം പെര്‍ഫോമന്‍സ് നടത്തിയ ഗ്ലാഡിയേറ്ററിലെ ഡയലോഗുകള്‍ വരെ ഇന്നും മനസ്സിലുണ്ട്. അതുപോലെ ഗിബ്സണ്‍ ലീഡ് റോള്‍ ചെയ്ത പേട്രിയറ്റ്. അങ്ങനെ ഒരുപാടു പടങ്ങള്‍. അത്രക്കൊന്നും പറയാനില്ലെങ്കിലും ഏതാണ്ട് അതിനോടു ചേരുന്ന ഒരേയൊരു മലയാള അനുഭവമാണ് എനിക്ക് കേരളവര്‍മ്മ പഴശ്ശിരാജ.

പറയാന്‍ വിട്ടു പോയ ഒരു കാര്യം കൂടെ. ഞാന്‍ ചരിത്രം അറിയാന്‍ പുസ്തകം വായിക്കാറാണ് പതിവ്. സിനിമ കാണാറില്ല. സിനിമ കണ്ട് താല്പര്യം തോന്നി ചില ചരിത്രങ്ങള്‍ വായിച്ചറിഞ്ഞിട്ടുണ്ടെന്നതും സത്യം.

മലയാളത്തില്‍ ഇനിയും ഇതുപോലെ വലിയ തുക മുടക്കിയുള്ള നല്ല സിനിമകളുണ്ടാവാന്‍, അതിനു വേണ്ടിയെങ്കിലും, എല്ലാ മലയാളികളും കേരളവര്‍മ്മ പഴശ്ശിരാജ തിയേറ്ററുകളില്‍ പോയിത്തന്നെ കാണണം. പ്ലീസ്!

Tuesday, October 20, 2009

കല്ലുകള്‍ കഥ പറയുമ്പോള്‍! - 1

വിജയനഗര സാമ്രാജ്യം...

1512ആമാണ്ടിലെ ഒരു പുലരി. മാതംഗപര്‍വ്വതനിരകളില്‍ ഉദയസൂര്യന്‍ തലകാണിച്ചു തുടങ്ങിയതേയുള്ളു. വിഷണ്ണനായി കൊട്ടാരമുറ്റത്ത് ഉലാത്തുന്ന കൃഷ്ണദേവരായര്‍. യുദ്ധഭീതിയില്‍ കരിങ്കല്ലില്‍ പണിത കൊട്ടാരഭിത്തികള്‍ വരെ വിറകൊള്ളുന്നു. മുഖ്യകവാടം കടന്ന് പടത്തലവന്‍ പപ്പൂസ് കടന്നു വരുന്നു.

"പ്രഭോ!"

കൃഷ്ണദേവരായര്‍ തലയുയര്‍ത്തി.

"പടത്തലവന്‍ പപ്പൂസ്!! താങ്കള്‍ ജീവനോടെ തിരിച്ചെത്തിയിരിക്കുന്നോ? പരാജയത്തിന്‍റെ കയ്പു പുരണ്ട കഥകളാനല്ലോ വടക്കു നിന്നു വരുന്ന കാറ്റിനു പോലും പറയാനുള്ളത്!"

"ഹ! ഹ! ഹ! പടത്തലവന്‍ പപ്പൂസ് ജീവനോടെയിരിക്കുമ്പോള്‍ കൃഷ്ണദേവരായര്‍ക്ക് പരാജയമോ? കാവേരീതീരങ്ങളില്‍ വച്ചു തന്നെ നാം ഗംഗാരാജനെ കീഴടക്കിയിരിക്കുന്നു രാജന്‍."

"സത്യമോ?"

അദ്ഭുതപരതന്ത്രനായ കൃഷ്ണദേവരായര്‍ പപ്പൂസിനെ കെട്ടിപ്പുണര്‍ന്നു.

"ആരവിടെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തെക്കുകിഴക്കന്‍ മേഖലയിലെ നൂറ്റിമുപ്പത്തിനാലു ഗ്രാമങ്ങളും ഇരുന്നൂറ്റിപ്പന്ത്രണ്ട് കന്യകമാരെയും പടത്തലവന്‍ പപ്പൂസിനു നല്കാന്‍ നാം ഉത്തരവിടുന്നു!"

"വേണ്ട പ്രഭോ! പടത്തലവന്‍ പപ്പൂസിന് ആഡംബരങ്ങള്‍ ആവശ്യമില്ല!"

കൃഷ്ണദേവരായര്‍ വീണ്ടും അദ്ഭുതപ്പെട്ടു. പപ്പൂസിനെ തനിക്കഭിമുഖമായി നിര്‍ത്തില്‍ തോളില്‍ കൈ വച്ച് അദ്ദേഹം ഗദ്ഗദത്തോടെ ചോദിച്ചു.

"പടത്തലവന്‍, മറ്റെന്താണ്.... മറ്റെന്താണ് ഈ ദരിദ്രരാജന്‍ താങ്കള്‍ക്കു ചെയ്തു തരേണ്ടത്? ഈ സാമ്രാജ്യം മുഴുവന്‍ അവിടുത്തെ ധീരതയുടെയും പ്രയത്നത്തിന്‍റെയും മുന്നില്‍ തലകുനിക്കുകയാണ്. പറയൂ, താങ്കള്‍ക്ക് ഈ സാമ്രാജ്യം തന്നെ വേണമോ?"

"വേണ്ട രാജന്‍.... അടിയനൊരു....."

പപ്പൂസ് വിനയാന്വിതനായി.

"ഒരു....? പറയൂ പപ്പൂസ്...."

"അടിയനൊരു കുപ്പി ഓസീയാര്‍ മാത്രം മതി...!!!"

"ഹ! ഹ! ഹ!"

രാജന്‍ പൊട്ടിച്ചിരിച്ചു.

"ആരവിടെ, പടത്തലവന്‍ പപ്പൂസിനു വേണ്ടി കൊട്ടാരത്തിലെ കല്പടവുകളിറങ്ങിച്ചെല്ലുന്ന കുളം വറ്റിച്ച് അതില്‍ മദ്യം നിറക്കുവിന്‍..."

"അവിടുത്തേക്ക് തൃപ്തിയായില്ലേ, പ്രിയ പടത്തലവാ?"

പപ്പൂസ് സന്തോഷത്തോടെ തലകുലുക്കി. പെട്ടെന്ന് പുറകില്‍ നിന്നും ഒരു കൈ പപ്പൂസിന്‍റെ മുതുകില്‍ വന്നു പതിച്ചു. ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് പപ്പൂസ് ഗര്‍ജ്ജിച്ചു....

"ആരവിടേ????"

"ഞാനാണെടേ. ഡേയ്.... ഡേയ്.... എണീരെടേ, സ്ഥലമെത്തി."

ഞാന്‍ കണ്ണു മിഴിച്ചു. സ്ഥലം വിജയനഗരമല്ല, ട്രെയിനാണ്, മുമ്പില്‍ കൃഷ്ണദേവരായരല്ല, കുഞ്ഞച്ചനാണ്, ഉടവാളെന്നു കരുതി വലിച്ചൂരിയത് ഉടുതുണിയാണ്...

"ശ്ശെ, നല്ല സ്വപ്നമായിരുന്നു, നശിപ്പിച്ചു."

"അതേ, ഇനീം കിടന്ന് സ്വപ്നം കണ്ടാല്‍ ട്രെയിനങ്ങ് ഹൊസ്‍പേട്ട വിട്ടു പോവും. പിന്നെ ഹമ്പി പോയിട്ടൊരു തുമ്പിയെപ്പോലും കാണാന്‍ കിട്ടത്തില്ല."

നാലു വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് വിജയനഗരസാമ്രാജ്യത്തിന്‍റെ കീര്‍ത്തി വിളിച്ചോതുന്ന ഹമ്പി പട്ടണം കാണണമെന്നത്. ഞാന്‍ എഴുന്നേറ്റു. ശ്രീമതി ബാഗും മടിയില്‍ വച്ച് സീറ്റില്‍ കുത്തിയിരിക്കുന്നുണ്ട്.

"ഇന്നത്തെ യുദ്ധം കഴിഞ്ഞോ?"

"നീയെഴുന്നേറ്റു വാടീ, മാനം കെടുത്താതെ."

"പിന്നേ, കുഞ്ഞച്ചനല്ലേ നിങ്ങടെ ഉറക്കത്തിലെ യുദ്ധം കാണാത്തത്!"

വണ്ടി ഞരക്കത്തോടെ സ്റ്റേഷനില്‍ നിന്നു. ഞങ്ങള്‍ പുറത്തിറങ്ങി. നേരം ഏഴര കഴിഞ്ഞതേയുള്ളു, പക്ഷേ, വെയിലിനു നല്ല ചൂടുണ്ട്. ഹോട്ടല്‍ സായിനക്ഷത്രയില്‍ രാജു മുറി ബുക്കു ചെയ്തിട്ടുണ്ട്. അവനവിടെക്കാണും.

റെയില്‍വേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകള്‍ നിരന്നു കിടക്കുന്നു. പോകേണ്ട സ്ഥലം പറഞ്ഞു.

"ഹൊബ്ബര്ഗെ ഹത്തു റുപ്പായ് കൊടു ബേക്കു."

ഒരാള്‍ക്ക് പത്തു രൂപയോ!!!

കുഞ്ഞച്ചന്‍റെ രക്തം തിളച്ചു മറിയുന്ന ഒച്ച പുറത്തു കേള്‍ക്കാം. പല്ലിറുമ്മിക്കൊണ്ട് ഒന്നുമുരിയാടാതെ കുഞ്ഞച്ചന്‍ ഭാര്യയുടെ കൈ പിടിച്ച് അകത്തു കയറിയിരുന്നു. പണ്ട് ശ്രീരംഗപട്ടണത്തു വച്ച് പാര്‍ക്കിംഗ് ഫീ കൊടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു തടിമാടന്‍ ഷര്‍ട്ട് പൊക്കിക്കാണിച്ചതിനു ശേഷമാണ് കുഞ്ഞച്ചന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിശ്ശബ്ദനായി കാണപ്പെട്ടു തുടങ്ങിയത്. കുശുമ്പന്മാര്‍ പറയുന്നത് പൊക്കിപ്പിടിച്ച ഷര്‍ട്ടിനടിയില്‍ തടിമാടന്‍ എളിയില്‍ത്തിരുകി വച്ചിരുന്ന കത്തിയുടെ പിടി കാണാമായിരുന്നു എന്നാണ്.

ഹോട്ടല്‍ മുറിയിലേക്ക് ബ്രേക്ക്‍ഫാസ്റ്റ് വരുത്തിക്കഴിച്ച ശേഷം പുറത്തിറങ്ങി. രാജു പുറത്തു കാത്തു നില്‍ക്കുന്നുണ്ട്. കൂടെയൊരു ടാറ്റ ഇന്‍ഡിക്കയും. അതെ, വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായിരുന്ന ഹമ്പിയിലേക്ക് വെറും പന്ത്രണ്ട് കിലോമീറ്റര്‍ കൂടി മാത്രം.



പശ്ചിമഘട്ടം പൂര്‍വ്വഘട്ടം എന്നി നീണ്ട കരങ്ങള്‍ക്കിടയില്‍ ഒരു വലിയ ഹൃദയം പോലെ നിറഞ്ഞു മിടിക്കുന്ന ഡെക്കാന്‍ പീഢഭൂമി. വണ്ടി റോഡിലൂടെ നീങ്ങുമ്പോള്‍ ഇരു വശത്തും പാറക്കെട്ടുകളും പാറക്കുന്നുകളും മാത്രം കാണാം. മരങ്ങള്‍ അപൂര്‍വ്വം. കത്തിത്തിളക്കുന്ന വെയിലില്‍ വലിയ കരിങ്കല്‍പ്പാറകള്‍ തിളങ്ങുന്നു.
പെട്ടെന്നാണ് ഇടതുഭാഗത്ത് ഒരു കല്ലുമാളിക എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അറുനൂറു വര്‍ഷം പഴക്കമുള്ള സാമ്രാജ്യത്തിലെ കരിങ്കല്‍പ്പാളയം കണ്ടെത്തിയ ആഹ്ളാദത്തില്‍ ഞാനലറി.

"സ്റ്റോ....പ്പ്...!!!"

ഡ്രൈവര്‍ ഷൗക്കത്ത് ഞെട്ടലോടെ ആഞ്ഞു ചവിട്ടി. ശ്രീമതിയുടെ കയ്യിലിരുന്ന പോപ്‍കോണ്‍ പാക്കറ്റ് തെറിച്ച് ഗിയര്‍ബോക്സിനു മുകളില്‍. എനിക്കെന്തെങ്കിലും സംഭവിച്ചോ എന്ന വേവലാതിയോടെ കുഞ്ഞച്ചന്‍ തിരിഞ്ഞു നോക്കി.

"നോക്കെടാ, അവിടെ...."

ഞാന്‍ ആ കെട്ടിടം ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പുച്ഛഭാവത്തില്‍ ചിറി കോട്ടി.

"ഇനു ദൊഡ്ഡദു മുന്ദേ ഇദ്ദെ ഗുരോ!"

"ദൊഡ്ഡദു കാണണോ ചിക്കുദു വേണോ എന്ന് ഞങ്ങളു തീരുമാനിച്ചോളാം. താന്‍ മിണ്ടാതെ ഇവിടെയിരി."




ഇതൊരു മുഹമ്മദന്‍ ശവക്കല്ലറയാണ്. ഹൊസ്‍പേട്ട പട്ടണത്തില്‍ നിന്നും നാലോ അഞ്ചോ കിലോമീറ്റര്‍ മാത്രമേ ഞങ്ങള്‍ കടന്നു വന്നിട്ടുള്ളു. കല്ലറ ആരുടേതെന്നോ ആര്‍ക്കു വേണ്ടി പണിതുവെന്നോ ഒന്നും വ്യക്തമാക്കുന്ന അടയാളങ്ങളൊന്നും കണ്ടില്ല. പുരാവസ്തു സംരക്ഷണനിയമപ്രകാരം നിലനിര്‍ത്തിയവയാണെന്നും തൊട്ടുകളിക്കുന്നവന് മൂന്നു മാസം ജയിലില്‍ കിടക്കാമെന്നുമുള്ള ഒരു മുന്നറിയിപ്പ് കയറിച്ചെല്ലുന്നിടത്തു തന്നെ തൂക്കിയിട്ടുണ്ട്.

നല്ല വലിപ്പത്തില്‍ കെട്ടിപ്പൊക്കിയ ശവക്കല്ലറക്ക് പ്രധാനകവാടത്തിനു പുറമെ നാലു വശത്തും കവാടങ്ങളുണ്ട്. വാതിലുകളെല്ലാം വലിയ കമാനങ്ങളോടു കൂടിയതാണ്. പുറമെ എല്ലാ വശത്തും അടഞ്ഞ കമാനങ്ങള്‍ വേറെയും കാണാം. 1300ആം ആണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും വന്ന് ഡെക്കാന്‍ പ്രദേശത്ത് സ്ഥിരമാക്കിയ ’ബാഹമനി’ സുല്‍ത്താന്മാരുടെ നിര്‍മ്മാണശൈലിയുമായി കല്ലറക്ക് വളരെ സാമ്യമുള്ളതായി പറയുന്നു. ബാഹമനി കല്ലറയുടെ ഒരു സാമ്പിള്‍ ഇവിടെ കാണാം.

സാമാന്യം വെയിലു കൊണ്ടു മതിയായപ്പോള്‍ ഞങ്ങള്‍ വണ്ടിയിലേക്കു തിരിച്ചു. ഷൗക്കത്ത് വണ്ടിയുടെ മൂലക്ക് ചാരി നില്‍ക്കുന്നുണ്ട്, ’ഇവനൊക്കെ എവിടുന്നു വന്നെടാ’ എന്ന ഭാവത്തില്‍.

വണ്ടി പിന്നെ നേരെ ചെന്നു നിന്നത് ഹമ്പിയില്‍ വിരുപാക്ഷ ദേവസ്ഥാനത്തിനു മുമ്പിലാണ്. കല്ലില്‍ കൊത്തിമിനുക്കിയെടുത്ത ഒരു കവിത തന്നെയാണ് വിരുപാക്ഷ ദേവാലയം. ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കൊച്ചുവിഗ്രഹം ഈ നിലയിലായതിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. വിജയനഗരസാമ്രാജ്യത്തിന്‍റെയും ഹൊയ്‍സാല സാമ്രാജ്യത്തിന്‍റെയും ഉള്‍പ്പെടെ ഒരു സഹസ്രാബ്ദത്തിന്‍റെ ആരാധനാപുഷ്പങ്ങളേറ്റുവാങ്ങിയ, വാങ്ങിക്കൊണ്ടിരിക്കുന്ന ദേവാലയമാണിത്.



ചുറ്റും കൊത്തിയെടുത്ത കരിങ്കല്ലു മാത്രം. നടവഴിയില്‍ ഇടതുവശത്തു കാണുന്ന മണ്ഡപത്തില്‍ നിറയെ കൊത്തുപണികളുള്ള സ്തൂപങ്ങളാണ്. സ്തൂപങ്ങള്‍ നിര്‍ത്തിയ തറ പോലും വൃത്തിയില്‍ ചീന്തിയെടുത്ത കരിങ്കല്‍പ്പാളികളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുതിരയുടെ ശരീരവും സിംഹത്തിന്‍റെ തലയും ആനയുടെ തുമ്പിക്കയ്യുമുള്ള വിചിത്രരൂപങ്ങളിലാണ് അന്നത്തെ ശില്പികളുടെ ഭാവനകള്‍ പ്രധാനമായും വിഹരിച്ചിരുന്നതെന്നു തോന്നുന്നു. മയിലിനെ കയ്യിലേന്തി അലറി വിളിക്കുന്ന വ്യാളീരൂപത്തിലുള്ള ജീവികള്‍, നര്‍ത്തകിമാര്‍, ശാന്തഭാവത്തിലിരിക്കുന്ന സിംഹക്കുട്ടികള്‍ തുടങ്ങി ശില്പവിഭവങ്ങള്‍ പലതാണ്.



മണ്ഡപത്തിന്‍റെ വലതുവശത്ത് കയ്യെത്തും ദൂരത്തില്‍ വലിയ രണ്ടു മണികള്‍ സ്ഥാപിച്ചിരിക്കുന്നു.
ദേവാലയത്തിനുള്ളില്‍ വലതുവശത്ത് താഴേക്കിറങ്ങിപ്പോകാവുന്ന ഒരു ഭൂഗര്‍ഭ അറയുണ്ട്. കരിങ്കല്‍പ്പടവുകളിറങ്ങുന്ന വഴിയിലൂടെ ഒരാള്‍ക്കു കഷ്ടി നടക്കാം. അകത്തേക്കു കയറുന്തോറും കുറ്റാക്കൂരിരുട്ട്. തട്ടിത്തടഞ്ഞ് വീണേക്കുമോ എന്നു തോന്നി. തണുപ്പ് ശരീരത്തെ വന്നു പൊതിയുന്നു. പുറത്തെ പൊള്ളുന്ന വെയിലിലും ഈ കല്‍ഗുഹകള്‍ സമ്മാനിക്കുന്ന തണുപ്പോര്‍ത്ത് ശരീരത്തോടൊപ്പം എന്‍റെ മനസ്സും കുളിര്‍ത്തു തുടങ്ങി.

ഞങ്ങള്‍ പുറത്തേക്കു നടന്നു. വഴിയില്‍, അമ്പലത്തിന്‍റെ കവാടത്തിനുള്ളില്‍ത്തന്നെ ഒരു ആനച്ചാര്‍ ഭക്തര്‍ക്ക് ആശീര്‍വാദം കൊടുക്കുന്നുണ്ട്. പെണ്ണുങ്ങള്‍ വരുന്ന മുറക്ക് തുമ്പിക്കൈ നീട്ടി തലയില്‍ ഒരു തലോടലാണ്, പകരം ദക്ഷിണയും.



അന്വേഷിച്ചപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമുള്ള ആശീര്‍വാദമാണെന്നു മനസ്സിലായി.

വണ്ടി വീണ്ടും മുരണ്ടു. മറ്റു കല്ലുകൊട്ടാരങ്ങളിലേക്ക് യാത്ര തുടരുകയാണ്. പോകുന്ന വഴിക്കിരുവശവും നേരത്തെ കണ്ടതിലും കൂടുതല്‍ പാറക്കുന്നുകള്‍. ഒരു ചെറിയ പുരാതന കെട്ടിടത്തിനു മുമ്പില്‍ വണ്ടി ചെന്നു നിന്നു. ചെറിയ തോതില്‍ കൊത്തുപണികളുള്ള തൂണുകള്‍. ഭീകരജീവികളില്ലെങ്കിലും മനുഷ്യരുടേതിനൊപ്പം തന്നെ വാലും പൊക്കി നില്‍ക്കുന്ന കുരങ്ങന്മാരുണ്ട് ഇത്തവണ തൂണുകളില്‍ ചെറുശില്പങ്ങളുടെ രൂപത്തില്‍.


കുരങ്ങന്മാരെ കണ്ടപ്പോളാണ് ഹമ്പി യാത്രയെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്ന നാളുകളില്‍ വായിച്ച ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. നമ്മുടെ ബാലിയും സുഗ്രീവനും കളിച്ചു നടന്നിരുന്ന കിഷ്കിന്ധാ രാജ്യം ഇവിടെയടുത്തെങ്ങാണ്ടായിരുന്നെന്നാണ് വര്‍ത്തമാനം. നേരത്തെ പറഞ്ഞ സ്വപ്നത്തില്‍ ഞാന്‍ കണ്ട മാതംഗ പര്‍വതമായിരുന്നത്രേ ബാലിയെപ്പേടിച്ച് സുഗ്രീവന്‍ കേറിയൊളിച്ചെന്ന് ചെറുപ്പം തൊട്ടേ കേട്ടുകൊണ്ടിരിക്കുന്ന ബാലികേറാമല. തുംഗഭദ്ര നദിക്കരയില്‍ നിന്നും കിഴക്കുഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഒരു പര്‍വ്വതമാണ് മാതംഗ. സുഗ്രീവനെ സഹായിക്കാന്‍ രാമന്‍ ബാലിയെ ഷൂട്ടു ചെയ്തു വീഴ്‍ത്തിയതുമൊക്കെ ഇവിടടുത്താണെന്നാണ് കേള്‍വി. ലങ്ക കത്തിക്കാന്‍ പോയ ഹനുമാന്‍ ശുഭവാര്‍ത്തയും കൊണ്ടു വരുന്നതും കാത്ത് രാമന്‍ കാത്തു കിടന്നത് ഹമ്പിക്കടുത്ത് മാല്യവന്ത മലയിലായിരുന്നെന്നും ആളുകള്‍ വിശ്വസിക്കുന്നു. ബാംഗ്ലൂരില്‍ വച്ചുള്ള ചില ട്രെക്കിംഗുകളില്‍ കണ്ടതു പോലെ കുരങ്ങന്മാരുടെ അതിപ്രസരമൊന്നും പക്ഷേ ഇവിടെ അനുഭവപ്പെട്ടില്ല, ശില്പങ്ങളിലല്ലാതെ.



ബാലികേറാമല എന്നു പറയപ്പെടുന്ന മാതംഗമല.

കൈ കഴച്ചു, അതുകൊണ്ട് ബാക്കി അടുത്ത പോസ്റ്റില്‍.

(തുടരും)

Thursday, October 8, 2009

എന്തുകൊണ്ട് നിങ്ങള്‍ ഇരുട്ടിനെപ്പറ്റി മാത്രം സംസാരിക്കുന്നു?

"എന്തുകൊണ്ട് നിങ്ങള്‍ ഇരുട്ടിനെപ്പറ്റി മാത്രം സംസാരിക്കുന്നു?"

നേരില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം കിട്ടിയാല്‍ പലരോടും വിളിച്ചു ചോദിക്കണമെന്ന് തോന്നിയ ഒരു ചോദ്യമാണ് മുകളില്‍ കുറിച്ചിട്ടിരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2009 ഒക്ടോബര്‍ 11-17, ലക്കം 31) ബി എസ് ബിനിമിത് എഴുതിയ ’ഒന്നും സ്വകാര്യമല്ലാത്ത ലോകം’ എന്ന ലേഖനം വായിച്ചപ്പോളും മനസ്സില്‍ തോന്നിയത് ഇതേ ചോദ്യമാണ്.

"വെളിച്ചത്തെക്കുറിച്ച് നിങ്ങള്‍ക്കറിവുള്ളതല്ലേ?" എന്ന മറുചോദ്യത്തോടെ മുകളിലെ ചോദ്യത്തെ നേരിടാം. ഇരുട്ടിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അവതരിപ്പിക്കപ്പെടുന്നത് വെളിച്ചത്തെക്കുറിച്ച് അറിവില്ലാത്ത ഒരു സമൂഹത്തിനു മുന്നിലാവുമ്പോള്‍ മറുചോദ്യം അപ്രസക്തമാവുകയാണ്.

സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളുടെയും മറ്റും മേന്മകള്‍ ഒന്നൊന്നായി അക്കമിട്ടു നിരത്തി പ്രസ്തുതലേഖനത്തിലെ വിലയിരുത്തലുകളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ചില താരതമ്യങ്ങളിലൂടെ ബോദ്ധ്യപ്പെടാവുന്ന കാര്യങ്ങള്‍ക്കപ്പുറം പ്രസ്തുത ലേഖനം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും തോന്നുന്നില്ല. സമകാലികര്‍ക്ക് കാര്യമത്രപ്രസക്തമായ നിരവധി അറിവുകള്‍ ഭൂരിപക്ഷത്തിനും പകര്‍ന്നു നല്കുന്ന ഒരു മികച്ച ലേഖനം തന്നെയാണത്. ഈ സംരംഭത്തിന് ലേഖകനെ മനസ്സറിഞ്ഞ് അഭിനന്ദിക്കുമ്പോള്‍ത്തന്നെ ലേഖനത്തിലുടനീളം സ്വീകരിച്ചിരിക്കുന്ന വിമര്‍ശനാത്മക സമീപനം (Critical Approach) ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു.

മാധ്യമസ്വാതന്ത്ര്യവും ബ്ലോഗും തമ്മിലെന്താണ്?

പ്രാഥമികവിദ്യാഭാസകാലം മുതല്‍ക്കിങ്ങോട്ട് വര്‍ഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നതും അവസരത്തിലും അനവസരത്തിലുമെല്ലാം മാധ്യമങ്ങളും നേതാക്കളുമെല്ലാം പലവുരു എടുത്തു പയറ്റി വിലയിട്ടതുമായ ഒരു വാക്കാണ് മാധ്യമസ്വാതന്ത്ര്യം എന്നത്. എന്താണ് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം എന്നു ചോദിച്ചാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (a) (Right to freedom of speech and expression) യും ഇന്ത്യന്‍ വിവരാവകാശനിയമവും (Right to Information Act, 2005) ഏതൊരു ഇന്ത്യന്‍ പൗരനും പതിച്ചു നല്കിയിട്ടുള്ള അവകാശങ്ങളില്‍ കവിഞ്ഞ് ഒന്നും തന്നെയല്ല എന്നു പറയാം. എന്നു വച്ചാല്‍ എനിക്കും നിങ്ങള്‍ക്കും ഉള്ളതില്‍പ്പരം ഒരു ആവിഷ്കാര-വിവരാവകാശ സ്വാതന്ത്ര്യവും ഒരു മാധ്യമത്തിനും ഒരു മാധ്യമപ്രവര്‍ത്തകനും പ്രത്യേകമായി അവകാശപ്പെടാനില്ല എന്നു തന്നെയാണര്‍ത്ഥം. വിശദീകരണമാഗ്രഹിക്കുന്നവര്‍ക്ക് ഭരണഘടനയെടുത്ത് മറിച്ചു നോക്കുകയോ നിയമവിദഗ്ദരുമായി ബന്ധപ്പെടുകയോ ചെയ്യാം.

ആ അര്‍ത്ഥത്തില്‍ ബ്ലോഗ് ഉപയോഗിക്കുന്നവനും ട്വിറ്റര്‍ ഉപയോഗിക്കുന്നവനും ഓര്‍കുട്ടോ സ്പേസ്‍ബുക്കോ മൈസ്പേസോ ഉപയോഗിക്കുന്നവനുമെല്ലാം ’മാധ്യമപ്രവര്‍ത്തകര്‍’ തന്നെയാണ്. വിവരാവകാശനിയമത്തിലൂടെയും അല്ലാതെയും തനിക്കു കിട്ടിയ വിവരങ്ങള്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ (media) പങ്കുവക്കുന്നവര്‍. (എന്നു വച്ച് പിണറായി മാധ്യമപ്രവര്‍ത്തകരെ കുറ്റം പറയുമ്പോള്‍ നമ്മള്‍ കല്ലെറിയാന്‍ പോവേണ്ട കാര്യമില്ല ;-). ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മേല്‍ ആരോപിക്കാവുന്ന ഒരു പ്രധാന വ്യത്യസ്ത സ്വഭാവം ഒരു പക്ഷേ വ്യക്തമായ geographical boundaries ഇല്ല എന്നതായിരിക്കും.

അപകീര്‍ത്തി കേസുകളെക്കുറിച്ച്...

മൂന്നു പേര്‍ കൂടുന്നിടത്ത് ഒരാള്‍ മറ്റൊരാളോട് പറയുന്ന ഒരു കാര്യം അയാളുടെ സാമൂഹ്യപരിവേഷത്തിന് കോട്ടം തട്ടിക്കുന്നതാണ് എന്ന് മൂന്നാമന് തോന്നുകയാണെങ്കില്‍ അപകീര്‍ത്തിക്കേസിന് വകുപ്പുണ്ട് എന്നു ലളിതമായി പറയാം. ഈ യുക്തി മനുഷ്യര്‍ക്കും മുഖ്യധാരാമാധ്യമങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും മറ്റു സൈറ്റുകള്‍ക്കുമെല്ലാം ഒരു പോലെ ബാധകം തന്നെ. പ്രധാന പ്രതിവാദം പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുകയാണ്. ഉണ്ടെന്ന് കോടതിക്ക് ബോധ്യമായാല്‍ തടി കേടാകാതെ ഇറങ്ങിപ്പോരാം. ഇതും ഇപ്പറഞ്ഞ എല്ലാ ഗ്രൂപ്പുകള്‍ക്കും ഒരുപോലെ ബാധകമാണ്.

മാധ്യമങ്ങളും കലകാരന്മാരും സമുന്നതജനകീയനേതാക്കന്മാരും സാമാന്യജനങ്ങളുമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്കും തന്താങ്ങള്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ പുലിവാലും ശേഷം വക്കീലിന്‍റെ ഗൗണ്‍വാലുമെല്ലാം പിടിക്കേണ്ടി വന്നിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങള്‍ ഇടപെടുന്ന ഓണ്‍ലൈന്‍ സമൂഹത്തില്‍ സ്വഭാവികമായും ഇത്തരം പ്രവണതകള്‍ ഉണ്ടാവേണ്ടതു തന്നെയാണ്. അതിനെ അപവാദമായി പൊക്കിപ്പിടിച്ചു പറയുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ പിശക്. അത് അപവാദമല്ല, മറിച്ച് സാമാന്യമാണ്.

ബ്ലോഗ് എങ്ങനെയാണ് സ്വതന്ത്രമാധ്യമമാവുന്നത്?

സ്വതന്ത്രമാധ്യമമെന്നും സിറ്റിസണ്‍ ജേണലിസമെന്നും ബ്ലോഗിനു കല്പിച്ചു നല്കിയ പദവിക്കെതിരെ ചില കോടതിവിധികള്‍ ചോദ്യം ഉയര്‍ത്തുന്നു എന്നു ലേഖകന്‍ പറയുന്നു. പലതവണ പലരും പറഞ്ഞു പഴകിയ കാര്യമാണെങ്കിലും വീണ്ടും വിളിച്ചു പറയേണ്ടി വരുന്നതില്‍ ഖേദം. ബ്ലോഗ് സ്വതന്ത്രമാധ്യമമാവുന്നത് എന്തും അതിലൂടെ വിളിച്ചു പറയാം എന്നതു കൊണ്ടല്ല. സ്വന്തം യുക്തിക്കു ബോധ്യമാവുന കാര്യങ്ങള്‍ മറ്റുള്ളവരുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാവാതെ പൊതുജനസമക്ഷം ഉയര്‍ത്താം എന്നതുകൊണ്ടാണ്. അതായത്, എന്‍റെ ലേഖനം എത്രതന്നെ മഹത്തരമെങ്കിലും മാതൃഭൂമിയുടെ ലിഖിതവും അലിഖിതവുമായ നയങ്ങളോടു ചേര്‍ന്നു പോകുന്നില്ലെങ്കില്‍ അത് എനിക്ക് മറ്റൊരിടത്ത് പ്രസിദ്ധീകരിക്കേണ്ടി വരും. എല്ലാവരും കയ്യൊഴിഞ്ഞ് സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങാന്‍ തുട്ടില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍, എനിക്കാവശ്യമുള്ള മറ്റൊരിടമായി മാറുകയാണ് ബ്ലോഗ്. ഇങ്ങനെയുള്ള ചില കാര്യങ്ങളാണ് സ്വാതന്ത്ര്യം എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അല്ലാതെ എന്തും എഴുതുവാനുള്ള ലൈസന്‍സ് അല്ല.

മലയാളം ബ്ലോഗുകള്‍ ഇനിയുമൊരുപാട് വളരാനുണ്ടെന്ന ലേഖകന്‍റെ വാദം തീര്‍ത്തും അംഗീകരിക്കുന്നു. സമയം ആവശ്യമുള്ള ഒരു പ്രതിഭാസമാണ് വളര്‍ച്ച, നെറ്റിലും ജീവിതത്തിലുമെല്ലാം. അതേ സമയം നിത്യജീവിതത്തിലെന്ന പോലെ അനൗപചാരികമായ ഒരു ഇടപെടല്‍ ബ്ലോഗില്‍ കാണുമ്പോള്‍ അതിനെ ’ഗൗരവമില്ലായ്മ’ എന്നു വിളിക്കുന്നത് അബദ്ധമാണെന്ന് തോന്നുന്നു. മുഖ്യധാരാമാധ്യമങ്ങളില്‍ നിന്ന് വേര്‍പെട്ട് ഒരു കമ്യൂണിറ്റി സ്പേസ് കൂടിയാണ് ബ്ലോഗ്. അതിന്‍റെ ഒരു സ്വാഭാവിക പ്രതിഫലനം മാത്രമാണ് ഈ അനൗപചാരികത, അല്ലെങ്കില്‍, ലേഖകന്‍ പറയുന്ന ഗൗരവമില്ലായ്മ. അതു തന്നെയാനിതിന്‍റെ പ്രത്യേകതയും.

നൂറു ശതമാനം ഗൗരവമേറിയ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന എത്ര മാധ്യമങ്ങളുണ്ടിവിടെ? ദൃശ്യമാധ്യമങ്ങളില്‍ കൂടിയ പങ്കും എന്‍റര്‍ടെയ്‍ന്‍മെന്‍റ് ചാനലുകളാണ്. വാര്‍ത്താചാനലുകളും മറ്റു ഗൗരവവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചാനലുകളും പലപ്പോഴും സരസമായ ഉല്ലാസപ്പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. കാരണം ഉല്ലാസം മനുഷ്യന്‍റെ അത്യാവശ്യങ്ങളില്‍ ഒന്നാണ്. കച്ചവടങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ഉല്ലാസത്തിനും തമാശക്കും എന്തിന്, ലൈംഗികതക്കും വരെ എക്സ്‍ക്ലൂസിവ് മാസികകളും വാരികകളുമുണ്ട്. ഇതുപോലെ വിവിധമേഖലകളെ പ്രതിപാദിക്കുന്ന സൈറ്റുകളിലൂം ബ്ലോഗുകളിലും ’ഹ്യൂമന്‍ ഇന്‍ററസ്റ്റ്’ വിഷയങ്ങള്‍ അധികമായതിന് മറ്റൊരു ന്യായം തേടേണ്ട കാര്യമില്ല. ചിന്തയുള്‍പ്പെടെയുള്ള അഗ്രിഗേറ്ററുകള്‍ ബ്ലോഗുകളെ കാറ്റഗറൈസ് ചെയ്ത് കാണിക്കുന്നുമുണ്ട്. കൂടാതെ, ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള മുഖ്യധാരാ പത്രങ്ങള്‍ ഒന്നാംപേജില്‍ വിഡ്ഢിത്തങ്ങള്‍ വിളമ്പിയതിന് പല ഉദാഹരണങ്ങളും നമ്മുടെ കയ്യിലുണ്ട്. ബ്ലോഗിലെന്താ, ഇതെല്ലാം സംഭവിച്ചു കൂടേ?

ലേഖനത്തിന്‍റെ ടൈറ്റില്‍ മാറ്ററായ സ്വകാര്യതയുടെ കാര്യത്തിലേക്ക് വരാം. സാമ്പത്തിക ഇടപാടുകള്‍ ഒഴിച്ചുള്ള കാര്യങ്ങളില്‍ നിങ്ങള്‍ പുറത്തു വിടുന്ന സ്വകാര്യവിവരങ്ങള്‍ സത്യസന്ധമായിരിക്കണമെന്ന് ഒരു സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റും ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഒരു പക്ഷേ, എ മെയില്‍ ഐഡി വെരിഫിക്കേഷന്‍ ആവശ്യപ്പെടാം. നെറ്റ് എന്ന ലോകത്ത് നിങ്ങളുടെ പ്രധാന ഐഡെന്‍റിറ്റി ഒരു പക്ഷേ ഇ മെയില്‍ ഐഡി ആയിരിക്കും. മറ്റു വിവരങ്ങള്‍ ശരിയാണോ എന്ന് അന്വേഷിക്കാനോ സ്ഥീരീകരിക്കാനോ നിലവില്‍ സംവിധാനങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല എന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളില്‍ ഇടപെടുന്ന ഭൂരിപക്ഷം പേരും ഈ തിരിച്ചറിവോടു കൂടിത്തന്നെയാണ് ഇവിടങ്ങളില്‍ വിഹരിക്കുന്നത് എന്നു തന്നെയാണ് എന്‍റെ വിശ്വാസം. ’ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന തലക്കെട്ടിലെ ’ഒന്നും’ എന്ന വാക്കിനെ ന്യായീകരിക്കുന്ന ഒന്നും എനിക്കു ലേഖനത്തില്‍ വായിച്ചെടുക്കാനുമായില്ല.

സാമാന്യസാമൂഹ്യജീവിതത്തിലെന്ന പോലെ, കോടിക്കണക്കിന് ആളുകള്‍ ഇടപെടുന്ന സൈബര്‍സ്പേസില്‍ തട്ടിപ്പും വിഡ്ഢിത്തവും കുറ്റകൃത്യങ്ങളും കേസും ഉണ്ടാവുന്നത് സ്വാഭാവികം. പല കമ്യൂണിക്കേഷന്‍ കണ്‍സെപ്‍റ്റുകളെയും നൊടിയിടക്കുള്ളില്‍ വിപ്ലവാത്മകമായി മാറ്റിമറിച്ച ഒരു പ്രതിഭാസത്തിന്‍റെ ചില്ലറ പാര്‍ശ്വഫലങ്ങളെന്നതിലുപരി ഈ കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ പ്രാധാന്യം കല്പിക്കുന്നില്ല. എല്ലാം കുറ്റമറ്റതാവണമെങ്കില്‍ ആദ്യം സമൂഹം കുറ്റമറ്റതാവണം.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ വായനക്കാരില്‍ ഭൂരിഭാഗം പേരും ബ്ലോഗ്-സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് മേഖലകളില്‍ ഇടപെടുന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനുള്‍പ്പെടെയുള്ള അവരുടെ മക്കള്‍ തീര്‍ച്ചയായും അങ്ങനെയുള്ളവരാണെങ്കില്‍പ്പോലും. അതുകൊണ്ടു തന്നെ വളരെ മികച്ച റിസര്‍ച്ചുകള്‍ക്കു ശേഷം പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിച്ച സന്തോഷത്തോടെയും ഉടനീളം സ്വീകരിച്ച വിമര്‍ശനാത്മകസമീപനത്തോട് ഒട്ടൊരു പരിഭവത്തോടു കൂടെയും ഇതിവിടെ കുറിച്ചിടേണ്ടി വരുന്നു.