Wednesday, April 30, 2008

പൂച്ചക്കുഞ്ഞു വരുന്നേ...

നാവും നീട്ടി നുണഞ്ഞും കൊണ്ടൊരു
പൂച്ചക്കുഞ്ഞു വരുന്നേ,
പാലു കുടിക്കാന്‍, കരിമീന്‍ തിന്നാന്‍
പൂച്ചക്കുഞ്ഞു വരുന്നേ,

ഇടതും വലതും നോക്കിപ്പമ്മി
പൂച്ചക്കുഞ്ഞു വരുന്നേ,
പാലുംപാത്രം തട്ടി മറിക്കാന്‍
പൂച്ചക്കുഞ്ഞു വരുന്നേ,

വഴിയില്‍ കണ്ടതു തട്ടീം മുട്ടീം
പൂച്ചക്കുഞ്ഞു വരുന്നേ,
ശബ്ദം കേട്ട് മുതലാളിച്ചന്‍
അച്ചന്‍കുഞ്ഞു വരുന്നേ,

"ഹമ്പടി പൂച്ചേ, കള്ളിപ്പൂച്ചേ
പാലു കുടിച്ചല്ലേ നീ?"
മുട്ടന്‍ വടിയും വായുവില്‍ വീശി
അച്ചന്‍കുഞ്ഞു വരുന്നേ,

നടുവില്‍ നോക്കീട്ടൊന്നു കൊടുത്തു
പൂച്ചക്കുഞ്ഞോ "മ്യാവൂ"
അയ്യോ പാവം പൂച്ചക്കുഞ്ഞ്
മുതുകു തിരുമ്മിപ്പോണേ!

Thursday, April 17, 2008

സിദ്ധാപുരത്തെ വേശ്യ - 2

ദേവാംഗനങ്ങള്‍ തോല്‍ക്കുന്ന മെയ്യഴകോ, ആലില തോല്‍ക്കുന്ന മിഴിയഴകോ, പനങ്കുല തോല്‍ക്കുന്ന മുടിയഴകോ അവള്‍ക്കില്ല. കറുമ്പിയാണെങ്കിലും കരിവീട്ടിയില്‍ തീര്‍ത്ത ഒരു സുന്ദരശില്പമെന്ന് ആര്‍ക്കും അവളെ വിളിക്കാന്‍ കഴിയില്ല. ഉര്‍വശി, രംഭ, മൃണാളിനി എന്നിങ്ങനെ കേള്‍വിയില്‍ത്തന്നെ ആഢ്യത്തം വിളമ്പുന്ന ഒരു പേരും അവള്‍ക്കില്ല. അവളുടെ പേര് അലമേലു. സിദ്ധാപുരത്തെ ഒരു വേശ്യ.

പത്തു മണിക്കു മുമ്പേ ഗാഢമായ ഉറക്കത്തിലാഴുന്ന ആ നാട്ടില്‍ അര്‍ദ്ധരാത്രികളില്‍ വിളക്കു തെളിയുന്ന അലമേലുവിന്‍റെ കുടില്‍ എന്നെ അദ്ഭുതപ്പെടുത്തി. രാത്രികളില്‍ ഉറക്കമൊഴിച്ച് ആ വീട്ടില്‍ വിളക്കു തെളിയുന്നതു കാണാന്‍ ഞാന്‍ കാത്തിരുന്നു. അരണ്ട വെളിച്ചത്തില്‍ പറ്റിച്ചേരുന്ന നിഴലുകള്‍ ഏതെങ്കിലും ജനാലയിലൂടെ കാണാനാവുമോ എന്നും ഞാന്‍ തിരഞ്ഞു കൊണ്ടേയിരുന്നു.

പകലുകളില്‍ സ്വാഭാവിക സ്ത്രീ ശരീരത്തില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ അലമേലുവില്‍ കാണാനാവുന്നുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു. മുഷിഞ്ഞ സാരിയും വിയര്‍പ്പു പുരണ്ട ബ്ലൌസും ധരിച്ച് അലമേലു എന്നും മനോഹരമായി കോലം വരച്ചു കൊണ്ടിരുന്നു. അവള്‍ വരച്ച കോലങ്ങള്‍ മറ്റുള്ളവര്‍ വരക്കുന്നതില്‍ നിന്നും വ്യത്യസ്തമല്ലെന്നും അവളുടെ ശരീരം ഞാന്‍ കണ്ട മറ്റു സ്ത്രീകളെക്കാള്‍ മികച്ചതോ മോശമോ അല്ലെന്നും എനിക്കു മനസ്സിലായി.

പലപ്പോഴും ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. നോട്ടത്തിലൂടെയോ ചേഷ്ടകളിലൂടെയോ അവളില്‍ നിന്ന് ഒരു ക്ഷണം ഞാന്‍ പ്രതീക്ഷിച്ചു. അസ്വാഭാവികമായി അവള്‍ എന്നെ ഒന്നു നോക്കിയതു പോലുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അലമേലുവിനോട് ആരും സംസാരിക്കാത്തതെന്തെന്ന് ഞാന്‍ അദ്ഭുതം കൂറി.

ഞങ്ങള്‍ക്കിടയിലെ മഞ്ഞുകട്ട ഉരുക്കിയെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു ദിവസം ഉച്ചക്ക് ഒരു കുഞ്ഞു അലുമിനിയം ചെമ്പുമായി ഞാന്‍ അലമേലുവിന്‍റെ വീട്ടുപടിക്കല്‍ ചെന്നു കയറി.

"കുറച്ചു വെള്ളം തരാമോ? എടുത്തു വച്ചിരുന്ന കുടിവെള്ളം തീര്‍ന്നു പോയി."

അലമേലു അദ്ഭുതത്തോടെ എന്നെ നോക്കി. ഉള്‍ഭയം വായിലിറ്റിച്ച ഉമിനീരിറക്കുന്നതിനിടയില്‍ ഞാന്‍ വീണ്ടും ചോദിച്ചു.

"ഇത്തിരി വെള്ളം..."

"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ, ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ, ഭീതി വേണ്ടാ, തരികതെനിക്കു നീ" എന്നു പാടിയ ഭിക്ഷുവിനെ നോക്കിയ ചണ്ഡാലബാലികയെപ്പോലെ അവള്‍ എന്‍റെ മുഖത്തേക്കു നോക്കി നിന്നു. ഞാന്‍ നീട്ടിയ അലുമിനിയം പാത്രത്തിലേക്ക് അവള്‍ തെളിഞ്ഞ വെള്ളം പാര്‍ന്നു. ഞാന്‍ പുഞ്ചിരിച്ചു. അവളും.

പതിയെ അലമേലു എന്നെ കാണുമ്പോഴൊക്കെ പുഞ്ചിരിക്കാന്‍ തുടങ്ങി. അവളുടെ വീട്ടുപടിക്കലോ, വഴിയരികിലോ നിന്ന് അവളോട് കൊച്ചുവര്‍ത്തമാനം പറയുന്നത് ഞാന്‍ ശീലമാക്കി. പരിസരവാസികള്‍ എന്നെ അവജ്ഞയോ പരിഹാസമോ കലര്‍ന്ന നോട്ടം കൊണ്ടളക്കാന്‍ തുടങ്ങി.

"എടാ, നമുക്കതു ശരിയാവൂല്ല"

അത്താഴം കഴിഞ്ഞ് മുറിയിലിരിക്കുമ്പോള്‍ കുഞ്ഞച്ചന്‍ എന്നോടു പറഞ്ഞു.

"ഏത്?"

"അത്... ആ... ആ അലമേലുവിനോടുള്ള കൂട്ട്..."

"നീ കൂടണ്ട." ഞാനത് ഗൌരവമായെടുത്തില്ല. പറയുന്നത് കുഞ്ഞച്ചനല്ലേ!

"ഞാന്‍ നിന്‍റെ കാര്യമാ പറഞ്ഞത്. നാട്ടുകാര് എന്നേക്കൂടി ചേര്‍ത്ത് പറയാന്‍ തുടങ്ങിയിരിക്കുന്നു."

"ഉവ്വുവ്വ്. നാട്ടിലുണ്ടായിരുന്നപ്പോ തെക്കുമ്പാട്ടെ സാവിത്രീടെ പിന്‍മതിലു ചാടിയ അനോണിയാരെന്ന് വേറാരറിഞ്ഞു?"

കുഞ്ഞച്ചനൊന്നു മുഖം താഴ്‍ത്തി. പിന്നെ തുടര്‍ന്നു.

"തര്‍ക്കിക്കുന്നില്ല. എന്നാലും... ഞാനിവിടെ സ്ഥിരമായി താമസിക്കുന്ന ആളല്ലേടാ!"

ആ സംഭാഷണത്തിന് അവിടെ അടിവര വീണു.

ഒരു ദിവസം പതിവു കുശലങ്ങള്‍ക്കിടയില്‍ ഞാന്‍ അലമേലുവിനോടു ചോദിച്ചു.

"നീയെന്തേ, ഈ വഴി തിരഞ്ഞെടുത്തത്?"

ഒരു നിമിഷം അവളെന്‍റെ മുഖത്തേക്കു നോക്കി.

"തിരഞ്ഞെടുപ്പ്...!"

അവള്‍ പുച്ഛത്തോടെ ചിരിച്ചു.

"പപ്പൂസിന്‍റെ കുലത്തൊഴിലെന്താ?"

"അതിപ്പോ..."

ഞാനൊന്നു പരുങ്ങി.

"താവഴിക്കോ അതോ...."

"ഏതു വഴിക്കായാലും." അവള്‍ വിടാനുള്ള ഭാവമില്ല.

"രണ്ടു വഴിക്കും അപ്പൂപ്പന്മാര് വെപ്പുകാരായിരുന്നു. സദ്യക്കും മറ്റുമൊക്കെ പാചകം..."

"പപ്പൂസിപ്പോ വിദേശകമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു, ല്ലേ?"

"ങും..."

അലമേലു ഒന്നു നിശ്വസിച്ചു.

"വീട്ടുജോലി ചെയ്തിരുന്ന പുട്ടമ്മയുടെ മോളാ കൌസല്യ. അവള്‍ക്ക് കമ്പ്യൂട്ടറ് പഠിക്കാം, താല്പര്യമില്ലെങ്കില് ചന്തയില് പച്ചക്കറി കച്ചോടത്തിനു പോവാം.

പൂക്കാരി പൂവമ്മയുടെ മോള്‍ക്ക് തുണിക്കടേല് പൊതിഞ്ഞു കൊടുക്കാന്‍ പോവാം, അല്ലെങ്കില് കാപ്പിത്തോട്ടത്തില് കുരു നുള്ളാന്‍ പോവാം... ആരും... ആരും തടയില്ല."

അലമേലുവിന്‍റെ തൊണ്ടയിടറി.

"സിദ്ധാപുരത്തെ വേശ്യയായിരുന്നു എന്‍റെ... എന്‍റെ അമ്മ... തലമുറകളായി ഞങ്ങള്‍ക്കാര്‍ക്കും അച്ഛനില്ല..."

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

"എനിക്കൊരു മകളുണ്ടാവരുതേ നന്‍ ദേവരേ.... ഈ ജന്മത്തോടെ ഒടുങ്ങട്ടെ... എല്ലാം."

കഴുത്തില്‍ പിടി മുറുകിയ ഒരു പിടക്കോഴിയുടെ കൊക്കല്‍ എന്‍റെ ഉള്ളില്‍ മുഴങ്ങി.

അവളുടെ കവിളില്‍ തെളിഞ്ഞൊഴുകിയ ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ വിരലുകള്‍ കൊണ്ട് ഒപ്പിയെടുത്തു. കൈ പൊള്ളുന്നതു പോലെ എനിക്കു തോന്നി. നിറമിഴികളോടെ എന്നെ ഒന്നു നോക്കിയ ശേഷം അലമേലു തിരിഞ്ഞ് അകത്തേക്കു നടന്നു.

പതിവു പോലെ അന്നു രാത്രിയിലും അലമേലുവിന്‍റെ വീട്ടില്‍ വിളക്ക് തെളിയുകയും അണയുകയും ചെയ്തു. വിളക്കണഞ്ഞപ്പോള്‍ ഞാന്‍ വെറുതെ പാടി.

"രാത്രിയാണാരെക്കാണാന്‍ പോകുന്നൂ, നിറകണ്ണില്‍
നീറുമിച്ചുടുകണ്ണീര്‍ തുവര്‍ത്തി, പ്രിയങ്കരീ?
മുല്ലപ്പൂ ചൂടി, നീലപ്പുടവ വാരിച്ചുറ്റി
മെല്ലെ നീ നടക്കുന്നതാരുടെ ദാഹം തീര്‍ക്കാന്‍?"

വിളക്ക് ഒരു സംശയത്തോടെ വീണ്ടും അരണ്ടു തെളിഞ്ഞു. ജനല്‍പ്പാളി ഞരങ്ങി, കൊളുത്തു വീഴുന്ന ശബ്ദം ഞാന്‍ കേട്ടു. വിളക്ക് വീണ്ടും അണഞ്ഞു.

ഭയന്ന് കുതറി ചിറകുകള്‍ വിടര്‍ത്തിയോടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വേട്ടക്കാരന്‍റെ കയ്യിലകപ്പെട്ട പിടക്കോഴിയുടെ കണ്ണുകളിലെ പിടച്ചില്‍... ജനല്‍പ്പാളിയുടെ ഞരക്കത്തോടൊപ്പം എന്‍റെ നെഞ്ചിന്‍കൂടിനകത്തേക്ക് ചിറകടിച്ചു കേറിയത് ആ ദൃശ്യമായിരുന്നു.

ഒരു വൈകുന്നേരം സിദ്ധാപുരത്തെ പാറക്കുന്നിനു മുകളില്‍ അലമേലുവിനോടൊന്നിച്ചിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

"നിന്‍റെ കഥ എന്നോടു പറഞ്ഞൂടെ? ജനനം, നിന്‍റെ ജീവിതം, വേദനകള്‍... എല്ലാം."

"നിനക്കെന്തു ചെയ്യാന്‍ കഴിയും?"

ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ ചൂട് അവളില്‍ നിന്നും എന്നിലേക്ക് പടര്‍ന്നു. അതില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നു.

"നീ ബാംഗ്ലൂരല്ലേ പപ്പൂസ്, വല്ല സീരിയലിലും ഒരു കുഞ്ഞു വേഷം എനിക്കു വാങ്ങിത്തരാമോ?"

"ഹ ഹ ഹ! അഭിനയമോഹമാണോ?" ഞാന്‍ പൊട്ടിച്ചിരിച്ചു.

"അല്ല..."

അവളെന്‍റെ കണ്ണുകളിലേക്കു നോക്കി.

"സീരിയല്‍ നടിയെന്ന പേരു വന്നാല്‍ ഒരിരുന്നൂറു രൂപയെങ്കിലും ആളുമായി വരുന്ന ഏജന്‍റിന് അധികം കിട്ടും. അതില്‍... അതിലൊരു അമ്പതെങ്കിലും എനിക്കും. അതു കിട്ടിയാല്‍...."

ഒന്നു നിര്‍ത്തിയ ശേഷം അവള്‍ തുടര്‍ന്നു.

"ആഴ്ചയിലൊരു ദിവസമെങ്കിലും ഈ ഉടുപ്പോടു കൂടി എനിക്കു കിടന്നുറങ്ങാമല്ലോ!"

ഞാന്‍ അവളുടെ കവിളില്‍ തലോടി. അലമേലുവിന്‍റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പു പൊടിഞ്ഞു. ആദ്യമായി പുരുഷസ്പര്‍ശമേല്‍ക്കുന്ന അനുഭൂതിയിലെന്ന പോലെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അവളുടെ ചെവിക്കടുത്തേക്ക് ചുണ്ടുകളടുപ്പിച്ച്, കാതില്‍ ഉച്ഛ്വാസത്തിന്‍റെ ഇക്കിളിച്ചൂടു പടര്‍ത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.

"നിന്‍റെ കഥ പറഞ്ഞൂടേ, എന്നോട്?"

"എന്തിനാ?" കണ്ണുകള്‍ തുറക്കാതെ അവള്‍ ചോദിച്ചു.

"എഴുതാന്‍"

ഞാന്‍ മന്ത്രിച്ചു. അലമേലു കണ്ണുകള്‍ തുറന്നു. ഞാന്‍ തുടര്‍ന്നു.

"നിന്‍റെ ജീവിതം ഞാന്‍ എഴുതും. നിന്‍റെ അനുഭവങ്ങളുടെ ചൂടിന് നിന്‍റെ ശരീരത്തേക്കാള്‍ തീക്ഷ്ണതയുണ്ടെന്ന് ഞാന്‍ ജനങ്ങളെ അറിയിക്കും."

അലമേലു എന്‍റെ കൈകള്‍ കവിളില്‍ നിന്നും പറിച്ചു മാറ്റി. ഞാന്‍ എഴുന്നേറ്റു നിന്ന് ആവേശത്തോടെ തുടര്‍ന്നു.

"പത്രങ്ങളിലും മാസികകളിലും തുടര്‍ക്കഥകളിലൂടെ ആളുകള്‍ സിദ്ധാപുരത്തെ വേശ്യയെ അറിയും. ഓരോ ലക്കത്തിനും ആയിരങ്ങള്‍ ഞാന്‍ പ്രതിഫലം വാങ്ങും."

എന്‍റെ ശബ്ദം ഉയര്‍ന്നു. കൈകള്‍ വായുവിലേക്കുയര്‍ത്തി ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു.

"ആ കഥകള്‍ ഞാന്‍ പുസ്തകമാക്കും. ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോലെ ജനം ഒരു കോപ്പിക്കു വേണ്ടി ആര്‍ത്തലക്കും....

നിനക്കും തരാം ഞാന്‍... കിട്ടുന്നതില്‍ പാതി..."

ഓരോ വാക്കുകള്‍ക്കൊപ്പവും അലമേലുവിന്‍റെ മുഖം ചുവന്നു ചുവന്നു വന്നു. അവളുടെ കണ്ണുകളില്‍ വേദന ഉഴറിപ്പുളഞ്ഞു. അവ എന്തിനോ വേണ്ടി ചുറ്റുപാടും പരതാന്‍ തുടങ്ങി...

ഒരു നിമിഷം...

പാറക്കെട്ടിനു മുകളില്‍ നിന്നും അലമേലു താഴേക്കെടുത്തു ചാടി.

ഹാഡുവക്കിഗെ ബേക്കു ഏനു സമ്മാനാ...
യതി തുമ്പി ഹാഡിദനു..... ഹന്ത നാനു....

കഴുത്തറ്റു വീണ ഒരു പിടക്കോഴിയുടെ പിടച്ചിലിന്‍റെ സ്വരം ആ വരികള്‍ക്കിടയിലൂടെ കടന്നു വന്ന് എന്‍റെ തൊണ്ടയില്‍ തടഞ്ഞു...

(അവസാനിച്ചു)

Tuesday, April 8, 2008

സിദ്ധാപുരത്തെ വേശ്യ - 1

വീണു കിട്ടിയ കുറച്ച് അവധിദിവസങ്ങള്‍ ചെലവിടാന്‍ ഞാന്‍ സിദ്ധാപുരം തിരഞ്ഞെടുത്തത് യാദൃശ്ചികമാണ്. സിദ്ധാപുരം ഒരു ഉള്‍നാടന്‍ പ്രദേശമാണ്. ഉപചാരങ്ങളില്‍ നാട്യം കലര്‍ത്താത്ത ഗ്രാമവാസികളും മാറിനു മീതെ തമ്പുരാട്ടിമാരുടെ തറ്റുടുപ്പു പോലെ സാരി ചുറ്റി സവിശേഷ രീതിയില്‍ മുണ്ടാണി മുന്‍വശത്തേക്കിട്ട് നടക്കുന്ന സിദ്ധാപുരത്തെ പെണ്ണുങ്ങളും എന്നെ ആകര്‍ഷിച്ചു. പച്ചപ്പും ഒറ്റയടിപ്പാതകളും കാട്ടുതേനും മധുരമുള്ള തെങ്ങിന്‍കള്ളും എന്നെ സിദ്ധാപുരവുമായി കൂടുതല്‍ അടുപ്പിച്ചു.

സിദ്ധാപുരത്ത് കുഞ്ഞച്ചന്‍ നാലേക്കര്‍ കാപ്പിത്തോട്ടം വാങ്ങിയിട്ടിട്ടുണ്ട്. തോട്ടത്തില്‍ നിന്നും ഏറെയകലെയല്ലാതെ ഒരു കൊച്ചു വാടക വീട്ടില്‍ കുഞ്ഞച്ചന്‍ ഒറ്റക്കു താമസിക്കുന്നു.

"നമുക്കു കുറച്ചു കാലം അടിച്ചു പൊളിക്കണം" കുഞ്ഞച്ചന്‍ എന്നോട്‍ പറഞ്ഞു.

"ഉവ്വുവ്വ്... ഓസീയാറു കിട്ടാത്ത നാട്ടിലല്ലേ? അടിയും നടക്കൂല പൊളിയും നടക്കൂല."

"ചെന്തെങ്ങിന്‍റെ കള്ളു കുടിച്ചിട്ടുണ്ടോ നീ?"

എന്‍റെ വായില്‍ ഊറിയ ജലസ്രോതസ്സ് തൊണ്ടയിലേക്കിറങ്ങും വഴി പുറപ്പെടുവിച്ച ചെറിയ ഊര്‍ജ്ജം നാവിലൊരു വൈദ്യുതോദ്പാദനം നടത്തി. നാവൊന്നു തരിച്ചു, ഞാന്‍ പ്രതികരിച്ചു.

"വെറുതേ മോഹിക്കാം..."

"ഞാനെത്തിക്കും..." കുഞ്ഞച്ചന്‍ സ്വയം വിശ്വസിപ്പിക്കുന്ന കൂട്ടത്തില്‍ എന്നെക്കൂടെ വിശ്വസിപ്പിക്കാന്‍ ഒരു ശ്രമം.

"നാട്ടിലെ ചെത്തുകാരന്‍ വാസ്വേട്ടനെ നിനക്കറിയൂലേ?"

എന്‍റെ ചോദ്യം കേട്ട് കുഞ്ഞച്ചന്‍ അമ്പരന്നു.

"എന്തു പറ്റി? പിന്നേം വീണോ തെങ്ങിന്‍റെ മണ്ടേന്ന്?"

"കരിനാക്കു വളക്കാതെടാ മാക്രീ."

"നാട്ടുകാര് പിന്നേം മേഞ്ഞോ?"

"അതല്ല സംഗതി. കുമാരേട്ടന്‍റെ ഷാപ്പില് മൂപ്പര് മാത്രേ കള്ളു കൊടുക്കുന്നുള്ളൂ."

"അതിന്?"

"മൂപ്പര് ദിവസം ചെത്തുന്നത് പന്ത്രണ്ട് കൊടം കള്ള്. കുമാരേട്ടന്‍ ദിവസം വിക്കണത് അറുപത്-എഴുപത് കൊടം."

"അതെന്തു കണക്ക്?"

"തീര്‍ന്നില്ല, വാസ്വേട്ടനും കുമാരേട്ടനും ഷാപ്പിലെ പിള്ളാരും ചേര്‍ന്ന് ദിവസവും പത്തുപന്ത്രണ്ട് കൊടം കുടിക്കും."

"മറിമായം. പാഞ്ചാലീടെ അക്ഷയപാത്രം അടിച്ചു മാറ്റിയോ? മുല്ലപ്പെണ്ണിന്‍റെ വീട്ടീന്ന് വിക്കാന്‍ വച്ച കൊടം അടിച്ചു മാറ്റിയതിന് നാട്ടുകാര് ചീനച്ചട്ടിത്തലയില് കൊടം പോലെ മൊഴയുണ്ടാക്കീത് ഓര്‍മ്മ വരുന്നു."

"മറിയല്ല, വെറും മായം."

കുഞ്ഞച്ചന്‍റെ സംശയം ദൂരീകരിച്ച ശേഷം ഞാന്‍ എന്‍റെ സംശയം പുറത്തിട്ടു.

"അത്തരം മറി’മായം’ കള്ളാണോഡേ, ഇവിടത്തെ ചെന്തെങ്ങ് ചുരത്തുന്നത്?"

"ഹേയ്, ഇത് പക്കാ ഒറിജിനല്‍. പൊന്നപ്പ തെങ്ങീന്ന് നേരെ ചെത്തിയിറക്കിത്തരും. രണ്ട് നിയമം, കാശ് അഡ്വാന്‍സ് കൊടുക്കണം, പിന്നെ തോട്ടത്തീ വച്ചു തന്നെ സംഗതി ഫിനിഷ് ചെയ്യണം."

"എന്നാ ബാ, ഇറങ്ങാം"

"ഈ നട്ടുച്ചക്കോ?"

"കള്ളുണ്ടോ അറിയുന്നു, ഇതുച്ചയാണെന്ന്?"

"കുടിച്ചു ചെല്ലുമ്പോ പള്ളക്കറിയാം കേറീത് കള്ളാണെന്ന്..." കുഞ്ഞച്ചന്‍ ഷര്‍ട്ടെടുത്തിട്ടു.

ഞങ്ങള്‍ പുറത്തേക്കിറങ്ങി. പുറകിലെ വീട്ടുമുറ്റത്ത് കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ ഓല തെറുക്കുന്നു.

"ഇവിടെ കൊള്ളാവുന്ന പെണ്‍പിള്ളാരില്ലേഡേയ്?" എന്‍റെ സംശയം കേട്ട് കുഞ്ഞച്ചന്‍ ചിരിച്ചു.

"ഉണ്ട്, കുറച്ചു ദൂരെയാ"

"നീ വന്നപ്പം താമസം മാറ്റീതായിരിക്കും..."

"നിനക്ക് കള്ളു വേണ്ടാന്നുണ്ടോ?"

"തെങ്ങിന്‍കള്ളു ചെത്താന്‍ പാര വേണ്ട, കൊടുവാളു മതി." ഞാനടങ്ങി.

ചെന്തെങ്ങിന്‍റെ കള്ളു കുടിച്ച് നേരം വൈകുന്നേരമായത് അറിഞ്ഞില്ല. പറമ്പിലെവിടെയോ ഒരു കോഴി കൊക്കി.

"കൊ....കൊക്കൊ....ക്കോയ്...."

ബോധാവസ്ഥക്കും അബോധാവസ്ഥക്കുമിടയിലെ നൂല്‍പ്പാലത്തില്‍ ആടിയാടി മയങ്ങിപ്പോയ കുഞ്ഞച്ചന്‍ കണ്ണു തിരുമ്മി.

"നേരം വെളുത്തോ?"

"ഡിന്നറിന് കോഴിക്കറിയായാലോടാ?"

കുഞ്ഞച്ചന്‍ ഉത്സാഹവാനായി. നാവില്‍ നിന്നും തെങ്ങിന്‍കള്ളു കലര്‍ന്ന ഉമിനീര് ചുണ്ടിന്‍റെ വശം വഴി ഒലിച്ചിറങ്ങി.

"ബാ, പിടിക്കാം..."

കുഞ്ഞച്ചന്‍ ഇടതു വശത്തു കൂടെ നീങ്ങി. ഞാന്‍ വലതു വശത്തു കൂടെയും. കോഴിയെത്തിരഞ്ഞ് കുറച്ചു ദൂരം നടന്നപ്പോഴേക്കും എന്‍റെ കാലു വേദനിക്കുന്നതായി തോന്നി. ഞാനിരുന്നു. പൊടുന്നനെ കോഴിയുടെ കൊക്കല്‍ വീണ്ടും കേട്ടു.

"കൊക്കോ....യ്..... കൊക്കോ......യ്....."

ആദ്യം കേട്ടതു പോലല്ല, പിടിക്കപ്പെട്ട സ്വരം. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് കിതപ്പൂതിയാറ്റുന്നു. കോഴി കയ്യിലില്ല. പിന്നതെവിടെപ്പോയി?

"അണ്ണാ, നല്ല കോളി. നാന്‍ എടുക്കട്ടെ?"

കന്നഡ കലര്‍ന്ന മലയാളം. ഞാന്‍ നോക്കിയപ്പോള്‍ പൊന്നപ്പ കോഴിയെ കൈ കൊണ്ട് തൂക്കി നോക്കുകയാണ്. പിടഞ്ഞെണീറ്റ് വന്ന കുഞ്ഞച്ചന്‍ കോഴിയെക്കിട്ടാത്ത നിരാശയും പിടിച്ച പൊന്നപ്പയോടുള്ള ദേഷ്യവും ഒരുമിച്ച് കൂടി അലറി.

"ഇവിടെത്താടാ!"

പൊന്നപ്പ വേഗം കോഴിയെ കുഞ്ഞച്ചനു കൈമാറി.

"നീ കോഴിയെ കൊന്നിട്ടുണ്ടോ?"

കുഞ്ഞച്ചന്‍ എന്നോട്. ഞാന്‍ ഉവ്വെന്നു തലയാട്ടി. ഇല്ലെന്ന സത്യം പറഞ്ഞാല്‍ മാനം പോവും. സത്യത്തില്‍ ജീവിതത്തിലിന്നു വരെ കൊന്നിട്ടുള്ള ഏറ്റവും വലിയ ജീവി എലിയാണ്. അതും കെണിയില്‍ക്കുരുങ്ങി പുറത്തു ചാടാനാകാതെ ശ്വാസം മുട്ടുന്ന എലിയെ കെണിയടക്കം വെള്ളത്തില്‍ മുക്കി വീണ്ടും ശ്വാസം മുട്ടിച്ച്...

"തീര്‍ക്ക്"

കുഞ്ഞച്ചന്‍ ഇരയെ എന്‍റെ നേരെ നീട്ടി. എന്‍റെ കൈ വിറച്ചു, കണ്ണു പുളഞ്ഞു. കോഴിയെ കാലില്‍ തൂക്കിയെടുത്ത് കൈ വീശി കഴുത്തിനടിച്ച് വക വരുത്തുന്ന ഇളയച്ഛനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ കോഴിയുടെ കാലില്‍ പിടിച്ചു.

"നീയെന്നതാ, കൊല്ലുന്നതിനു മുമ്പ് ക്ഷമാപണം നടത്തുന്നോ?"

കൊല്ലാനേല്പിച്ചിട്ടും ദ്രോഹി വിടുന്നില്ല.

"ട്രിക്കാണെടാ" എന്ന് ഞാന്‍.

ഒരു സെക്കന്‍റ് നിശ്ചലനായി നിന്ന കോഴി ചിറകു വീശി പിടഞ്ഞു. എന്‍റെ കണ്‍ട്രോളു പോയി. വഴുതിയ എന്‍റെ കയ്യില്‍ നിന്നും ഒരു കാല്‍ സ്വതന്ത്രമാക്കിയ കോഴി വീണ്ടും പിടഞ്ഞു. വാശിയോടെ ഞാന്‍ കാലുകളും ചിറകും കൂട്ടിപ്പിടിച്ചു. കോഴി ഒന്നമറി. "ക്വായ്...." പിന്നെ നിശബ്ദനായി.

ഞാന്‍ ഇടതു കൈ കൊണ്ട് കോഴിയെ കാലില്‍ തൂക്കി മലര്‍ത്തി പിടിച്ചു. മുടിഞ്ഞ ഭാരം. റിസ്റ്റ് ട്വിസ്റ്റായ വേദന പുറത്തു കാണിക്കാതെ ഞാന്‍ വലതു കൈ കൊണ്ട് കോഴിയുടെ കഴുത്തിനു നേരെ ഉന്നം പിടിച്ചു. ഒരു കണ്ണു ചിമ്മി നോക്കി. കോഴിയുടെ കണ്ണില്‍ മരണഭയം. അതു പുറകോട്ടു മറിഞ്ഞും ഇടം വലം തിരിഞ്ഞും നോക്കി. ഇടക്കെന്‍റെ കണ്ണുമായി കൊരുത്തു. ആ കണ്ണുകളിലെ ദയനീയഭാവം ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
കൈ വീശി, കണ്ണും ചിമ്മി ഒറ്റ കണങ്കൈ കൊണ്ട് ഒറ്റ വെട്ട്!

കോഴി ഒന്നു പിടഞ്ഞു. അതിന്‍റെ കഴുത്ത് കുഴഞ്ഞു. കൊക്കിത്തുടങ്ങിയ ശബ്ദം തൊണ്ടയിലെവിടെയോ അടഞ്ഞു കിടന്നു. മരണം സ്ഥീരീകരിക്കാന്‍ വേണ്ടി വേദനയോടെ (ഒറ്റയടിക്കു തന്നെ കൈ തരുത്തിരുന്നു) ഞാന്‍ വീണ്ടും വെട്ടി. കോഴി നിശ്ചലനായി. എന്‍റെ നെറ്റിയില്‍ നിന്നും വിയര്‍പ്പു പൊടിഞ്ഞു.

"ഇത്രേയുള്ളു..."

ഞാനതിനെ നിലത്തേക്കിട്ടു. കോഴി പൊടുന്നനെ കണ്ണു തുറന്നു. ഇടംകണ്ണിട്ട് കുഞ്ഞച്ചനേയും വലംകണ്ണിട്ട് എന്നേയും നോക്കി കോഴി ഒന്നു പിടഞ്ഞു.

"ചത്തിട്ടില്ലെടാ..."

കുഞ്ഞച്ചന്‍ ചാടി വീണു. എഴുന്നേറ്റോടാനൊരുങ്ങിയ കോഴിയുടെ വാലില്‍ അവനു പിടി കിട്ടി. കുഞ്ഞച്ചന്‍ കമിഴ്‍ന്നു കിടന്ന് ഒന്നൂടി വിയര്‍പ്പൂതിയാറ്റി. കോഴി അസ്വാഭാവികമായ ഒരു രാഗം പാടി.

"ഒരു കോഴിയെ കൊല്ലാന്‍ പോലും അറീല്ല, മണുങ്ങന്‍."

കിട്ടിയ ചാന്‍സിന് എനിക്കിട്ടൊന്നു കൂടി കൊട്ടിയ ശേഷം കുഞ്ഞച്ചന്‍ കോഴിയെ കയ്യിലെടുത്തു. പതിയെ അതിന്‍റെ കഴുത്തില്‍ തടവി. തല പിടിച്ച് നൂറ്റെണ്‍പതു ഡിഗ്രിയില്‍ കറക്കി. മതി വരാഞ്ഞ് ഒരു നൂറ്റെണ്‍പതു കൂടി കറക്കി. കോഴിയുടെ കണ്ണുകള്‍ വീണ്ടും തുറിച്ചു. വലത്തേ കൈ കൊണ്ട് കണ്ണടക്കം മറച്ചു പിടിച്ച് കുഞ്ഞച്ചന്‍ ആഞ്ഞു വലിച്ചു.

"ക്‍ടാക്ക്"

എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. കവിളിലെ വിയര്‍പ്പ് തോളു പൊക്കി തുടച്ച് കുഞ്ഞച്ചന്‍ നിസ്സാരഭാവത്തില്‍ ചിരിച്ചു.

"ഇത്രേയുള്ളു"

ഒരു നിമിഷം. കുഞ്ഞച്ചന്‍റെ കയ്യില്‍ നിന്നും സര്‍വ്വശക്തിയും സംഭരിച്ച് കോഴി പറന്നു. ആറു മീറ്റര്‍ അപ്പുറം പോയി വീണ കോഴി പിടഞ്ഞെണീറ്റ് ഓടി. കുഞ്ഞച്ചന്‍ ഷോക്കടിച്ച പോലെ നില്‍ക്കുകയാണ്. എന്‍റെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നത് ഞാന്‍ വിരലുകള്‍ കൊണ്ട് തുടച്ചെടുത്തു.

കുഞ്ഞച്ചന്‍ മുമ്പോട്ടു കുതിച്ചു. അണച്ചു കൊണ്ട് പിറകേ ഞാനും. ഇടക്കെവിടെയോ ഇല്ലാതായ കോഴിയുടെ കരച്ചില്‍ വീണ്ടും മുഴങ്ങിക്കേട്ടു. അതേ പിടിക്കപ്പെട്ട സ്വരം. മരണം കാത്തിരിക്കുന്നവന്‍റെ പിടച്ചില്‍ തൊണ്ടയിലൂടെ...

ഓടിയെത്തിയ ഞങ്ങള്‍ക്കു മുമ്പില്‍ മുഷിഞ്ഞ തോര്‍ത്തുമുണ്ടുടുത്ത്, ഒരു കയ്യില്‍ കോഴിയും മറുകയ്യില്‍ കള്ളു ചെത്താനുള്ള വലിയ കത്തിയുമായി പൊന്നപ്പ. മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ വെളിയില്‍ കാട്ടി അയാള്‍ ചിരിച്ചു. അണപ്പോടെ ഞങ്ങള്‍ നിന്നു.

"കോളീനെ കൊല്ലാന്‍ ഇത്തറ തൊന്തര വേണോ?"

അവന്‍റെ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചു പോയി. ചെത്തുകത്തി കയ്യിലിരിക്കുന്നതിന്‍റെ അഹങ്കാരം. അല്ലെങ്കില്‍ ഞങ്ങള്‍ രണ്ട് ആരോഗ്യശ്രീമാന്‍മാര്‍ ശ്രമിച്ചിട്ട് തീരാത്ത കോഴിയെ എലുമ്പിച്ചിരിക്കുന്ന പൊന്നപ്പക്കെന്തു ചെയ്യാന്‍ കഴിയും.

"അതിനെ ഒന്നു തീര്‍ത്തേടാ."

അണപ്പോടെ കുഞ്ഞച്ചന്‍ പൊന്നപ്പയോടായി പറഞ്ഞു. പൊന്നപ്പ കത്തി അരയിലിരുന്ന മരത്തിന്‍റെ ഉറയിലിട്ടു. എനിക്കു ചിരി പൊട്ടി. കുഞ്ഞച്ചന്‍ അദ്ഭുതത്തോടെ നോക്കി. കോഴിയെ കാലില്‍ തൂക്കിയെടുത്ത് പൊന്നപ്പ കൈ വീശി ഒരൊറ്റ അടി. ചോര ചീറ്റി. കോഴിയുടെ കഴുത്തറ്റു നിലത്തു കിടന്നു!

കഴുത്തിലൂടെ ചോര പുറത്തേക്കൊഴുകിക്കൊണ്ടേയിരുന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. പത്തു മിനിറ്റു മുമ്പേ പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് മണ്ണിരകളെ കൊത്തിത്തിന്ന് നടന്നിരുന്ന കോഴിപ്പൂവന്‍. മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെ നേരം നോക്കാതെ വേദിയിലേക്കു കയറ്റി വിടുന്ന സംവിധായകനാണ് മനുഷ്യന്‍.

പൊന്നപ്പ കഴുത്തറ്റ ഉടല്‍ നിലത്തേക്കിട്ടു. ഒരു നാലു പിടച്ചിലില്‍ എല്ലാം അവസാനിച്ചു.

ഉണങ്ങലരിപ്പുട്ട് കോഴിക്കറിയും കൂട്ടി കഴിക്കുമ്പോഴും എന്‍റെ മനസ്സില്‍ കഴുത്തറ്റു വീണ ഒരു ഉടലിന്‍റെ പിടച്ചിലായിരുന്നു. ഓരോ പിടി വായിലേക്കു പോകുമ്പോഴും കറി ചുവന്നു ചുവന്നു വരുന്നതായി എനിക്കു തോന്നി. നാലു കഷ്ണത്തിലധികം തിന്നാനാവാതെ ഞാന്‍ കൈ കഴുകി. കുടത്തില്‍ ശേഷിച്ചിരുന്ന കള്ളില്‍ ഒരല്പമെടുത്ത് മനസ്സും കഴുകി.

രാത്രി. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു. ഞാന്‍ കുഞ്ഞച്ചനെ വിളിച്ചു.

"ഡാ.... വേണ്ടായിരുന്നു.... ല്ലേ?"

"ങും..." അവന്‍ മൂളി. അവനും വിഷമത്തിലായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. കുഞ്ഞച്ചന്‍ തുടര്‍ന്നു.

"ഇച്ചിരി ബാക്കി വച്ചിരുന്നേല്‍ രാവിലെ പഴഞ്ചോറിനു കൂട്ടാനായേനെ. കുക്കറ് വടിച്ചു വച്ചില്ലേ? ഉണ്ടായിരുന്ന പച്ചമുളകും തീര്‍ന്നു."

"ശനിയന്‍" ഞാന്‍ പിറുപിറുത്തു.

പുറത്തു നിന്നും സ്ത്രീശബ്ദത്തില്‍ ഒരു പാട്ട് കാറ്റിന്‍റെ നെഞ്ചിലേറി ഒഴുകി വന്നു.

"ഹാഡുവക്കിഗെ ബേക്കു, ഏനു സമ്മാനാ....
യതി തുമ്പി ഹാഡിദനു... ഹന്ത നാനു....
യാരു കിവി മുച്ചിദരൂ നനഗില്ല ചിന്തെ...
യതി തുമ്പി ഹാഡിദനു... ഹന്ത നാനു..."

(പാടുന്ന പക്ഷിക്ക് എന്തിനൊരംഗീകാരം...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...
ആരു ചെവി പൊത്തിയാലും എനിക്കു വിഷമമില്ല...
മനസ്സു നിറഞ്ഞു ഞാന്‍ പാടി...)

കാറ്റ് ആ വരികള്‍ എന്‍റെ നെഞ്ചിലേക്ക് വലിച്ചെറിഞ്ഞു. ചെറിയൊരു പിടപ്പോടെ ഞാന്‍ എഴുന്നേറ്റു. ജനാലയിലൂടെ നോക്കിയാല്‍ അപ്പുറത്ത് പാട്ട് വരുന്ന വീട് കാണാം. അരണ്ട വിളക്കു വെട്ടത്തില്‍ ഒരു നിഴലു പോലും കാണുന്നില്ല. ഞാന്‍ കുഞ്ഞച്ചനെ ചോദ്യഭാവത്തില്‍ നോക്കി. ഉറക്കച്ചടവോടെ കുഞ്ഞച്ചന്‍ പറഞ്ഞു.

"അത് അലമേലുവാണ്.... സിദ്ധാപുരത്തെ വേശ്യ!"

(തുടരും...)